"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 10, വെള്ളിയാഴ്‌ച

അയ്യന്‍കാളി: ജന്മദിനം - ദലിത്ബന്ധു എന്‍ കെ ജോസ്


അയ്യന്‍കാളി 1863 ആഗസ്റ്റ് 28-ാം തീയതി (കൊല്ലവര്‍ഷം 1039 ചിങ്ങം 14) ജനിച്ചു. അദ്ദേഹം ജനിച്ചത് തിരുവനന്തപുര ത്തിനിന്നും 13 കിലോമീറ്റര്‍ തെക്ക് വിഴിഞ്ഞം കടലോര പ്രദേശത്തിനടുത്ത് വെങ്ങാനൂരിലാണ്. പുലയ സമുദായത്തില്‍പ്പെട്ട ഒരു കുടുംബത്തിലാണ് അദ്ദേഹം ഭൂജാതനായത്. അദ്ദേഹത്തിന്റെ കുടുംബനാമം പെരുങ്കാറ്റുവിള യില്‍ പ്ലാവറയില്‍ എന്നാണ്. അദ്ദേഹത്തിന്റെ പേര് കാളി എന്നായിരുന്നു. അന്നവിടെ അദ്ദേഹത്തിന്റെ പ്രായത്തില്‍ കാളി എന്ന പേരോടുകൂടി വേറെ പലരും ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ വേഗം തിരിച്ചറിയു വാന്‍ വേണ്ടി മറ്റുള്ളവരാണ് അച്ഛന്റെ പേരുംകൂടി ചേര്‍ത്ത് അയ്യന്‍കാളി എന്നു വിളിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ പേര് മാല എന്നായിരുന്നു. ആ ദമ്പതികളുടെ പത്തുമക്കളില്‍ മൂന്നാമത്തെ സന്താനമായിരുന്നു അയ്യന്‍കാളി. മൂത്തവര്‍ രണ്ടുപേരും ശിശുക്കളായിരിക്കവേ തന്നെ മരിച്ചുപോയി. അതിന്റെ ഫലമായി അവശേഷിച്ച ആദ്യപുത്രന്‍ എന്ന നിലയില്‍ മാതാപിതാക്കളില്‍ നിന്നും പ്രത്യേകമായ ഓമനത്തവും അയ്യന്‍കാളിക്കു ലഭിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ നെയ്യാറ്റിന്‍കര കോട്ടുകാല്‍ മഞ്ചാംകുഴി എന്ന കുടുംബത്തിലെ ചെല്ലമ്മയായിരുന്നു. 20-ാമത്തെ വയസ്സിലാണ് അദ്ദേഹം വിവാഹിതനായത്. 1883 ല്‍ വിവാഹശേഷം അദ്ദേഹം ആ കുന്നില്‍തന്നെ മറ്റൊരു വീടുപണിത് മാറിത്താമസിച്ചു. അതിന്റെ പേര് പ്ലാവറത്തലയില്‍ എന്നാണ്. അവര്‍ക്ക് 4 പുത്രന്മാരും ഒരു പുത്രിയുമുണ്ടാ യിരുന്നു. തിരുവിതാംകൂര്‍ നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്ന ടി.ടി. കേശവന്‍ശാസ്ത്രിയായിരുന്നു പുത്രി തങ്കമ്മയെ വിവാഹം കഴിച്ചത്. 1911 ഡിസംബര്‍ 4-ാം തീയതി അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലെ മെമ്പറായി സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. അയ്യന്‍കാളി 78-ാമത്തെ വയസ്സില്‍ 1941 ജൂണ്‍ 18-ാം തീയതി (കൊല്ലവര്‍ഷം 1116 മിഥുനമാസം 4) നിര്യാതനായി. ഇത്രയുമാണ് അയ്യന്‍കാളിയെപ്പറ്റി ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ഇതുതന്നെ പലരുടെയും പലനാളത്തെ പരിശ്രമഫലമായി ലഭിച്ചതാണ്.

തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാടിന്റെ ഒരു ഭാഗമാണ് അദ്ദേഹം ജനിച്ച വെങ്ങാനൂര്‍. നെല്ലുവിളയുന്നിടത്ത് പുലയര്‍ ഉണ്ടായിരിക്കും. അവരാണ് നെല്ലു വിളയിക്കുന്നത്. അതിനാല്‍ നാഞ്ചിനാട് പുലയരുടെ കേന്ദ്രമായിരുന്നു. പുലയര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത അന്നു പാടില്ലായിരുന്നു. അതിനാല്‍ നഞ്ചിനാട്ടെ നെല്‍വയലുകള്‍ അവരുടേതാ യിരുന്നില്ല. അതിന്റെ ഉടമകള്‍ തിരുവനന്തപുരത്തെ നായന്മാരായിരുന്നു. കൊട്ടാരം നായന്‍മാര്‍ എന്നറിയപ്പെടുന്ന അവര്‍ ആഢ്യത്വത്തിന്റെ മൂര്‍ത്തീഭാവങ്ങളായിരുന്നു. കാലാകാലങ്ങളിലെ രാജാക്കന്മാരു ടെയും ദിവാന്‍ജിമാരുടെയും വെപ്പാട്ടികള്‍ അവരുടെ കുടുംബ ങ്ങളില്‍ നിന്നായിരുന്നതിനാല്‍ അധികാരത്തിന്റെ സ്വാധീനതയും അവര്‍ക്കുണ്ടാ യിരുന്നു. എട്ടുവീട്ടില്‍പിള്ളമാരില്‍ ഒരാള്‍ വെങ്ങാനൂര്‍പിള്ളയായിരുന്നു വല്ലൊ. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് അവരെ നിര്‍മ്മര്‍ജനം ചെയ്തുവെങ്കിലും പകരം മറ്റു നായന്‍മാരാണ് ഭൂവുടമകളായത്. അത്തരം പ്രഭുത്വത്തി ന്റെയും ആഢ്യത്വത്തിന്റെയും പഴംകഥകളുടെ എല്ലാ സമ്മര്‍ദ്ദവും ചെന്നുവീണത് അടിസ്ഥാനജനവര്‍ഗങ്ങളുടെ മേലാണ്. അതിനാല്‍ അയ്യന്‍കാളി ജനിച്ച വെങ്ങാനൂരും നാഞ്ചിനാടും പുലയരുടെ കേന്ദ്രം മാത്രമായിരുന്നില്ല, അവരുടെ ദുരിതത്തിന്റെ വിളനിലവും അമര്‍ഷത്തിന്റെ കര്‍മ്മഭൂമിയും കൂടിയായിരുന്നു.

വിവാഹത്തിനുമുമ്പുതന്നെ അയ്യന്‍കാളി പൊതുപ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നു. 20-ാമത്തെ വയസില്‍ അദ്ദേഹത്തെ ക്കൊണ്ട് വിവാഹം കഴിപ്പിച്ചതുതന്നെ അദ്ദേഹത്തെ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തിരിച്ചുവിടാന്‍ പിതാവ് നടത്തിയ പരിശ്രമത്തിന്റെ ഒരു ഭാഗമാണ് എന്നു പറയുന്നു. അരനൂറ്റാ ണ്ടിലേറെക്കാലം അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം നീണ്ടു നിന്നു. 74-ാമത്തെ വയസില്‍ അദ്ദേഹം എല്ലാ പൊതുപ്രവര്‍ത്ത നങ്ങളില്‍ നിന്നും വിരമിച്ചു. തന്റെ സമുദായം ഉള്‍പ്പെടെയുള്ള കേരളത്തിലെ പിന്നോക്ക ദലിത് വിഭാഗങ്ങളുടെ ദുരിതങ്ങളെ കഴിയുന്നത്ര ദൂരീകരിക്കുക എന്നതായിരുന്നില്ല അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനലക്ഷ്യം. കേരളത്തിലെ യഥാര്‍ത്ഥ അടിസ്ഥാന ജനവിഭാഗങ്ങളായ സാധുജനങ്ങള്‍ ഇവിടെ പണ്ട് അവര്‍ക്കു ണ്ടായിരുന്ന അധികാരാവകാശങ്ങളും മേധാശക്തിയും വീണ്ടെടുത്തു മനുഷ്യരാവുകഎന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതദ്ദേഹം പ്രസംഗിച്ചു നടന്നില്ല. പ്രവര്‍ത്തനങ്ങള്‍ നീക്കിയത് ആ വഴിക്കാണ്. അതിനുവേണ്ടി അദ്ദേഹം പലതും ചെയ്തു. ആ പ്രവര്‍ത്തനങ്ങളെ മൊത്തം മൂന്നായി തിരിക്കാം. സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടിയുള്ള സമരത്തിന്റെ മേഖല, സാമൂഹ്യ വിപ്ലവത്തിനു വേണ്ടിയുള്ള യജ്ഞത്തിന്റെ മേഖല, വിദ്യാ ഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭണ ത്തിന്റെ മേഖല. 

ഈ മൂന്ന് മേഖലകളിലെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്പറ്റിയുള്ള പഠനം കൊണ്ട് അയ്യന്‍കാളിയെ പൂര്‍ണ്ണമായി അറിയുവാന്‍ കഴിയും. ഈ മൂന്ന് മേഖലകളും പരസ്പരം ബന്ധിതങ്ങളാണ്. സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണമായി നേടിയെടുത്ത ശേഷമല്ല, സാമൂഹ്യ പരിഷ്‌ക്കരണത്തിനു വേണ്ടിയുള്ള യജ്ഞം ആരംഭിച്ചത്. സഞ്ചാരസ്വാത ന്ത്ര്യത്തിനു വേണ്ടിയുള്ള സമര ങ്ങളിലൂടെ സാമൂഹ്യ പരിഷ്‌ക്കരണ യത്‌നവും സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് അത് പ്രേരകമായി ഭവിച്ചു. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള സമരത്തിലൂടെ സാമൂഹ്യ പരിഷ്‌ക്കരണവും നടന്നിട്ടുണ്ട്. അതിനാല്‍ വേര്‍തിരിച്ച് പ്രത്യേക ഖണ്ഡങ്ങളായി പഠിക്കാവുന്നവയല്ല ഈ മേഖല കള്‍. അയ്യന്‍കാളിയെപ്പറ്റി അറിയുന്നതിന് അദ്ദേഹത്തിന്റെ ജീവിതവും ജീവിതത്തിലെ പ്രധാന സംഭവങ്ങളും അറിഞ്ഞാല്‍ പോരാ. ആ പ്രധാന സംഭവങ്ങളുടെയും സംഭവവികാസങ്ങളുടെയും കാരണങ്ങളും വ്യക്തമായാല്‍ മാത്രം മതിയാവുകയില്ല. അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹം ഇടപെട്ട രംഗങ്ങളും ഇടപെടേണ്ടിയിരുന്ന രംഗങ്ങളും ഇടപെ ടാതെ പോയ രംഗങ്ങളും എല്ലാം മനസ്സിലാക്കണം. താരതമ്യ പഠനം വളരെ അത്യാവശ്യമാണ്. മറ്റു പ്രഗത്ഭവ്യക്തികളുമായി അദ്ദേഹത്തെ താരതമ്യപ്പെടുത്തണം.

അതിലേയ്ക്ക് കടക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ വ്യക്തിപര മായ ജീവിതത്തോട് ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.


ജന്മദിനം

ഇന്ന് അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിക്കുന്നത് ചിങ്ങമാസത്തിലെ അവിട്ടം നാളിലാണ്. അയ്യന്‍കാളി ജനിച്ചത് 1863 ആഗസ്റ്റ് 28-ാം തീയതി വെള്ളിയാഴ്ചയാണ്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് ആഗസ്റ്റ് 28-ാംതീയതിയാണ്. 1863 ആഗസ്റ്റ് 28-ാം തീയതി അവിട്ടം നാളായിരുന്നു. തിരുവോണത്തിന്റെ പിറ്റേ ദിവസമായിരുന്നു. അതിന്റെ അടിസ്ഥാനത്തി ലാണ് അയ്യന്‍കാളിയുടെ ജന്മദിനം തിരുവിതാംകൂറിലെ ദലിതര്‍ ആണ്ടുതോറും ചിങ്ങമാസത്തിലെ അവിട്ടംനാളില്‍ ആഘോഷിക്കുന്നത്. മലബാറിലെ ദലിതര്‍ ആഗസ്റ്റ് 28-ാം തീയതിതന്നെയാണ് ജന്മദിനാഘോഷം നടത്തുന്നത്. മലബാര്‍ അന്ന് ഇംഗ്ലീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നതിനാല്‍ ഇംഗ്ലീഷു കലണ്ടറിനായിരുന്നു പ്രാധാന്യം. 2009 ലെ അവിട്ടം സെപ്റ്റംബര്‍ 3-ാം തീയതിയായിരുന്നു. ആഗസ്റ്റ് 28 മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങം 12 ആണ്.

ജന്മദിനം നാളിന്റെ അടിസ്ഥാനത്തില്‍ കണക്കുക്കൂട്ടി ആഘോഷി ക്കുന്നത് പൊതുവേ ഹിന്ദുക്കളാണ്, സവര്‍ണരാണ്. അയ്യന്‍കാളി ഒരു ഹിന്ദുവായിരുന്നുവോ? സവര്‍ണ്ണനായിരുന്നില്ല. സവര്‍ ണ്ണനല്ലാത്ത ഒരാള്‍ ഹിന്ദുവാകുമോ? അയ്യന്‍കാളിയെപ്പറ്റി പഠിക്കുന്ന ആര്‍ക്കും അദ്ദേഹം ഒരു ഹിന്ദുവായിരുന്നില്ല എന്നു വ്യക്തമാകും. അദ്ദേഹം തന്റെ ജീവിതകാലത്തു ഒരിക്കലും ഒരു ഹിന്ദുക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്ര കാരന്‍ എന്നു പറയാവുന്ന ശ്രീ.റ്റി. എച്ച്.പി. ചെന്താരശ്ശേരി രണ്ടായിരാമാ ണ്ടില്‍ എഴുതിയ അയ്യന്‍കാളിയുടെ ജീവചരിത്രത്തില്‍ പോലും വളരെ വ്യക്തമായി പറയുന്നുണ്ട്.24 ക്ഷേത്രദര്‍ശനം ഹിന്ദുമതവിശ്വാസത്തിന്റെ ഒരു പ്രത്യക്ഷ തെളിവായിട്ടാണല്ലോ ഇന്നും കണക്കാക്കപ്പെടുന്നത്. ശ്രീ.പി.കെ.വാസുദേവന്‍ നായരേയും ഇ.കെ.നയനാരെയും മറ്റും ഹിന്ദുക്കളായി കണക്കാക്കാതെ ഇ.എം. ശങ്കരന്‍ നമ്പൂതിരി പ്പാടിനെ ഹിന്ദുവായി കണക്കാക്കുന്നത് അതുകൊണ്ടാണ്.23

1936 നവംബര്‍ 12-ാം തീയതി തിരുവിതാംകൂറില്‍ അയിത്തജാതി ക്കാര്‍ക്ക് ഹിന്ദുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുവാനുള്ള അനുവാദമുണ്ടായി. ക്ഷേത്രപ്രവേശനവിളംബരം. അതുവരെ അദ്ദേഹം ക്ഷേത്രദര്‍ ശനം നടത്താതിരുന്നത് ഒരു അവര്‍ണനെന്ന നിലയില്‍ സവര്‍ണ്ണക്ഷേത്ര ങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദ മില്ലാതിരുന്നതി നാലാണ് എന്ന് വാദത്തിനുവേണ്ടി സമ്മതിക്കാം. എന്നാല്‍ത്തന്നെ 1936 നവംബര്‍ 12-ാം തീയതിക്കുശേഷവും അദ്ദേഹം ഒരു ക്ഷേത്രത്തിലും സന്ദര്‍ശിക്കാതിരുന്നത് എന്തു കൊണ്ട്? ക്ഷേത്രങ്ങളെല്ലാം തന്നെ സവര്‍ണരുടേതാണ്. അവര്‍ണ രുടെ ഈശ്വരാരാധനാലയങ്ങള്‍ക്ക് മറ്റു പേരുകളാണ് ഉപയോ ഗിക്കാറുള്ളത്. അന്നും 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലും അയ്യന്‍കാളിയുടെ ജാതിക്കാരായ ദലിതര്‍ക്ക് ചില പ്രത്യേക വച്ചുപൂജകളും ആരാധനകളും മറ്റുമുണ്ടായിരുന്നു. അതിലൊ ന്നില്‍പോലും അയ്യന്‍കാളി പങ്കെടുത്തിരുന്നില്ല.

ദലിതര്‍ സവര്‍ണരോടൊപ്പം ആത്മാഭിമാനമുള്ള ഒരു സമൂഹ മായി വളരുന്നതിനുവേണ്ടി അയ്യന്‍കാളി പലതും ചെയ്തു. ദലിത്കുട്ടികളെ സവര്‍ണ്ണക്കുട്ടികള്‍ക്ക് ഒപ്പമിരുത്തി പഠിപ്പിക്കുക, വിദ്യാലയങ്ങളില്‍ ചേരുമ്പോള്‍ അവര്‍ക്കു നല്ല കേരളീയനാമങ്ങള്‍ നല്‍കുക തുടങ്ങി പലതും. പക്ഷെ അവരെ സവര്‍ണ്ണക്കൊപ്പം സവര്‍ണ ക്ഷേത്രങ്ങളില്‍ അയയ്ക്കാന്‍ അയ്യന്‍കാളി ഒരിക്കലും ശ്രമിച്ചിട്ടില്ല.

ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷം അഞ്ചു വര്‍ഷം കൂടി അയ്യന്‍കാളി ജീവിച്ചിരുന്നു. 1675 ദിവസം കൂടി അദ്ദേഹം ജീവിച്ചിരുന്നു. അദ്ദേഹം മരിച്ചത് 1941 ജൂണ്‍ 18-ാം തീയതിയാണ്. ആ അഞ്ചുവര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പോലും അദ്ദേഹം കേരളത്തിലെ ഒരു ഹിന്ദുക്ഷേത്രത്തിലും ദര്‍ശനം നടത്തിയിട്ടില്ല. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രം അദ്ദേഹത്തിന്റെ വാസസ്ഥലത്തിന് വളരെ അടുത്താണ്. നടന്നുപോകാവുന്നത്ര അകലമേ ഉണ്ടായിരുന്നുള്ളു. ദിവസവും രാവിലെ അദ്ദേഹം വെങ്ങാനൂരില്‍ നിന്നും നടന്ന് തിരുവനന്തപുരം പട്ടണത്തില്‍ വന്നാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തി യിരുന്നത്. തിരുവി താംകൂര്‍ രാജാക്കന്മാര്‍ ദര്‍ശനം നടത്തുന്നതായിരുന്നു ആ ക്ഷേത്രം. ഇന്ന് ക്ഷേത്രപ്രവേശനവിളംബരത്തിന്റെ വാര്‍ഷികം ആഘോഷി ക്കുമ്പോള്‍ ശ്രീ.കെ.കരുണാകരനാണ് മുഖ്യമന്ത്രിയെങ്കില്‍ ഏതാനും ദലിതരോടുകൂടി രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശി ക്കുന്നതാണ് മുഖ്യചടങ്ങുകളില്‍ ഒന്ന്. എന്നാല്‍ ഒരിക്കലും അയ്യന്‍കാളി അവിടേക്ക് എത്തിനോക്കിയിട്ടില്ല. 1941 മെയ്മാസ ത്തോടു കൂടി മാത്രമാണ് അദ്ദേഹം രോഗശയ്യാവലംബ നായത്. എന്നുപറഞ്ഞാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷവും കുറഞ്ഞതു നാലര കൊല്ലക്കാലം അദ്ദേഹം ആരോഗ്യവാനാ യിരുന്നു. വേണമെങ്കില്‍ അതില്‍ ഒരു ദിവസമെങ്കിലും ക്ഷേത്രദര്‍ശനം നടത്താമായിരുന്നു. പക്ഷെ അദ്ദേഹം നടത്തിയില്ല. തന്റെ അനുയായികളില്‍ ആരോടും ക്ഷേത്ര ദര്‍ശനം നടത്താന്‍ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല, അങ്ങനെ യൊരു ആഹ്വാനവും നടത്തിയിട്ടില്ല. അതദ്ദേഹം ഹിന്ദുമതവിശ്വാസി അല്ലാത്തതുകൊണ്ടാണ് എന്നു വ്യക്തമാണല്ലൊ. പിന്നെ അദ്ദേഹം താന്‍ ഹിന്ദു അല്ലെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് നടന്നില്ല എന്നത് ശരിയാണ്. പക്ഷെ താനൊരു ഹിന്ദുവാണ് എന്ന് അദ്ദേഹം പറഞ്ഞില്ല. അങ്ങനെ യുള്ള അയ്യന്‍കാളിയുടെ ജന്മദിനാഘോഷം ഹിന്ദുമതവിശ്വാസപ്രകാരം നടത്തുന്നത് ഉചിതമല്ല.

1911 മുതല്‍ 1933-34 വരെയുള്ള നീണ്ട 22 വര്‍ഷം അദ്ദേഹംഎം. എല്‍.സി.യായിരുന്നു. മെമ്പര്‍ ഓഫ് ദി ലെജിസ്ലേറ്റീവ് കൗണ്‍സില്‍. അയ്യന്‍കാളിയുടെ ചെറുമകനായ ശ്രീ. ശശിധരന്‍ ഐ.പി.എസ്സ് പഴയ പ്രജാസഭാ രേഖകള്‍ പരിശോധിച്ചശേഷം അറിയിച്ചത് 1933 നുശേഷം അയ്യന്‍കാളിയെ സംബന്ധിച്ച വിവരങ്ങള്‍ പ്രജാസഭാ രേഖകളില്‍ കാണുന്നില്ലെന്നാണ്. എന്നാല്‍ 1939 വരെ 28 വര്‍ഷം അയ്യന്‍കാളി പ്രജാസഭാ മെമ്പറായി സേവനമനുഷ്ഠിച്ചിരു ന്നുവെന്നും ഒരഭിപ്രായമുണ്ട്. 1911 ഡിസംബര്‍ 5-ാം തീയതിയിലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റിലൂടെ യാണ് അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭാമെമ്പറായി നിയമിച്ചതെങ്കിലും പിന്നീട് ആദ്യം നിയമസഭായോഗം ചേര്‍ന്ന 1912 ഫെബ്രുവരി മാസത്തിലാണ് അദ്ദേഹം ആദ്യമായി നിയമസഭയില്‍ എത്തിയത്. (1912 ഫെബ്രുവരി 26-ാം തീയതിയാണ് അദ്ദേഹം നിയമസഭയിലെ കന്നിപ്രസംഗം നടത്തിയത്.) ആ ഇരുപത്തിരണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും തന്റെ ജനത്തിനു ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശിച്ച് ആരാധന നടത്തുവാനുള്ള അനുവാദം തരണമെന്ന് അദ്ദേഹം അവിടെ ആവശ്യപ്പെട്ടിട്ടില്ല. തന്റെ സമുദായത്തില്‍ പ്പെട്ടവര്‍ക്ക് പുറംപോക്ക് സ്ഥലം പതിച്ചു കൊടുക്കണമെന്നും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നു പഠിക്കാന്‍ അനുവാദം വേണമെന്നും അങ്ങനെ പലതും അദ്ദേഹം ആ കൗണ്‍സി ലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്; നേടിയെടുത്തിട്ടുമുണ്ട്. അദ്ദേഹംകൂടി സന്നിഹിതനായിരുന്ന കൗണ്‍സിലില്‍തന്നെ ഈഴവസമുദായ ത്തില്‍പ്പെട്ട പലരും അവരുടെ ജനത്തിനു ക്ഷേത്രപ്രവേശ നാനുവാദം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം അവതരിപ്പി ച്ചിട്ടുണ്ട്. (അന്നെല്ലാം ഓരോരുത്തരും നിയമസഭാംഗമാകുന്നത് അവരവരുടെ സമുദായത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടു ക്കപ്പെട്ടോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടോ ആണ്. കൗണ്‍സി ലില്‍ ഉന്നയിക്കുന്ന പ്രമേയങ്ങള്‍ സ്വന്തം സമുദായത്തിനു വേണ്ടിയുള്ള തുമായിരിക്കും.)

ആ കൗണ്‍സില്‍ യോഗങ്ങളുടെയെല്ലാം പ്രൊസീഡിംഗ്‌സ് അസംബ്‌ളി ഗ്രന്ഥശാലയില്‍ ഇപ്പോഴും കാണാം. ടി.കെ. മാധവന്‍ അവിടെ ക്ഷേത്രപ്രവേശന പ്രമേയം കൊണ്ടുവന്നപ്പോള്‍ അയ്യന്‍കാളി അതിനെ എതിര്‍ത്തില്ല. എന്നു മാത്രമല്ല അവര്‍ക്ക് ആവശ്യമെങ്കില്‍ അവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ആരാധിക്കുകയും ചെയ്തു കൊള്ളട്ടെ എന്ന മനോഭാവം സ്വീകരിക്കുകയും കൂടി ചെയ്തു.

ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ആ നടപടിയെ തിരുവി താംകൂറിലെ പല സംഘടനകളും നേതാക്കന്മാരും മതാചാര്യ ന്മാരും മറ്റും പരസ്യമായി അഭിനന്ദിച്ചു. അഭിനന്ദനങ്ങളുടെ ഒരു ഗംഗാപ്രവാഹം തന്നെയുണ്ടായി. തിരുവിതാംകൂറിനുപുറത്ത് ഇന്ത്യയില്‍ഗാന്ധിയും രാജേന്ദ്രപ്രസാദും രാജഗോപാലാചാരിയും ഉള്‍പ്പെടെ അനേകംപേര്‍ വിളംബരം പിറപ്പെടുവിച്ച രാജാവി നെയും ആ രാജാവിന്റെ മന്ത്രിയേയും അതിന് പ്രേരണനല്‍കിയ അമ്മറാണിയെയും അഭിനന്ദിച്ചു. എസ്.എന്‍.ഡി.പി. യോഗം ചേര്‍ത്തല വച്ച് 108 ശാഖക്കാര്‍ ചേര്‍ന്നു വിളംബരത്തിനു കാരണക്കാരനായ സര്‍ സി.പി.രാമസ്വാമി അയ്യരെ 1937 ജനുവരി 18-ാം തീയതി ഗംഭീരമായി സ്വീകരിച്ച് അനുമോദിച്ചു. എസ്.എന്‍. ഡി.പി. യോഗത്തിന്റെ അന്നത്തെ ജനറല്‍സെക്രട്ടറി സി. കേശവന്‍ അപ്പോഴും ആ ദിവാന്റെ കല്‍ത്തുറുങ്കിനുള്ളി ലായിരുന്നു. അദ്ദേഹത്തെ അറസ്റ്റുചെയ്തത് നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തോടു ബന്ധപ്പെട്ടാണ്. ഈഴവര്‍ക്കും ക്രിസ്ത്യാനി കള്‍ക്കും മുസ്ലീങ്ങള്‍ക്കും ജനസംഖ്യാനു പാതികമായി നിയമ സഭാസീറ്റുകള്‍ ലഭിക്കുന്നതിനു തക്കവിധത്തില്‍ ഭരണ പരിഷ്‌ ക്കാരം കൊണ്ടുവരുന്നതിന് വേണ്ടിയാണ് നിവര്‍ത്തന പ്രക്ഷോ ഭണം നടത്തിയത്. അതാവശ്യപ്പെട്ടു കൊണ്ടദ്ദേഹം കോഴഞ്ചേ രിയില്‍ ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതും ശിക്ഷിച്ചതും. അതൊന്നും പരിഗണിക്കാ തെയാണ് ശാഖക്കാര്‍ ദിവാനെ സ്വീകരിച്ചത്. അവര്‍ക്കന്ന് ജനറല്‍സെക്രട്ടറിയേ ക്കാള്‍ പ്രധാനം ക്ഷേത്രപ്രവേശ നമായിരുന്നു. എന്നിട്ടും അയ്യന്‍കാളിയോ ദലിതരുടെ അന്നത്തെ സംഘടനയാ യിരുന്ന സാധുജനപരിപാലന സംഘമോ ക്ഷേത്രപ്ര വേശന വിളംബരത്തെ പ്രകീര്‍ത്തിച്ചോ അതു പുറപ്പെടുവിച്ചവരെ അഭിനന്ദിച്ചോ ഒരു വാക്കുപോലും പറഞ്ഞില്ല. രാജ്യംമുഴുവന്‍ ഹിരണ്യായ നമഃ എന്നുപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അതിനെ ധീരമായി ചെറുത്തുനിന്ന പ്രഹ്ലാദനായിരുന്നു അദ്ദേഹം.

വിളംബരം പുറപ്പെടുവിച്ച ചിത്തിരതിരുനാള്‍ രാജാവിനെയും വിളംബരത്തിന് കാരണക്കാരനായ ദിവാനെയും അതിന് പ്രേരണ നല്‍കിയ അമ്മറാണിയെയും അനുമോദിക്കാന്‍ സാക്ഷാല്‍ ഗാന്ധി തന്നെ തിരുവനന്തപുരത്തുവന്നു. അക്കൂട്ടത്തില്‍ അദ്ദേഹം 1937 ജനുവരി 14-ാം തീയതി വെങ്ങാനൂര്‍ചെന്ന് അയ്യന്‍കാളിയെയും അനുമോദിച്ചു. അയ്യന്‍കാളി ഗാന്ധിയെ അവിടേയ്ക്ക് ക്ഷണിച്ചി രുന്നില്ല. ക്ഷേത്രപ്രവേ ശനവിളംബരമുണ്ടായതിന്റെ പേരില്‍ അയ്യന്‍കാളി പ്രത്യേകം അനുമോ ദനാര്‍ഹനായിരു ന്നുമില്ല. ക്ഷേത്രപ്രവേശനാനുവാദം അയ്യന്‍കാളി ആവശ്യപ്പെട്ടി രുന്നില്ല. ലഭിച്ചത് അയ്യന്‍കാളിക്കായിരുന്നില്ല. ആ വിളംബരത്തില്‍ അയ്യന്‍കാളിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല. എങ്കിലും ഗാന്ധി അവിടെച്ചെന്ന് അയ്യന്‍കാളിയെ ബഹുമാനിച്ച് ആദരിച്ചു; 'പുലയ രാജാവേ''എന്നു സംബോധന ചെയ്തു. അപ്പോള്‍ അവിടെ കൂടിയിരുന്നദലിതരോട് നിത്യവും ക്ഷേത്രദര്‍ശനം നടത്തണമെന്നും കുളിച്ചു ശുചിയായി വസ്ത്രം ധരിക്കണമെന്നും ഈശ്വരനെ ഭജിക്കണമെന്നും മറ്റും പ്രസംഗിച്ചു. അതിനു മറുപടിയായി അയ്യന്‍കാളി നടത്തിയ പ്രസംഗത്തില്‍ ക്ഷേത്രപ്രവേശന വിളംബ രത്തെപ്പറ്റി ഒരു വാക്കുപോലും പറഞ്ഞില്ല. എല്ലാവരും നിത്യവും ക്ഷേത്രത്തില്‍ പോയി ആരാധന നടത്തണമെന്ന് ആഹ്വാനം ചെയ്തില്ല. തന്റെ സമുദായത്തില്‍ പത്തു ബി.ഏ. ക്കാരെ കണ്ടു മരിക്കണമെന്നതാണ് തന്റെ ആഗ്രഹം എന്നാണ് തദവസരത്തില്‍ അദ്ദേഹം പറഞ്ഞത്. ഗാന്ധിയുടെ ആഹ്വാനം തെറ്റാണ് എന്ന് അദ്ദേഹം എടുത്തു പറഞ്ഞില്ല എന്നു മാത്രം. അതു ഒരുപക്ഷെ അദ്ദേഹത്തിന്റെ ആതിഥ്യമര്യാദകൊണ്ടാ യിരിക്കാം. വീട്ടില്‍ കയറിവരുന്ന ആളിനെ അനാവശ്യം പറഞ്ഞ് ഓടിക്കരുത്. അയാള്‍ പറഞ്ഞതിനെ പരിഗണിക്കാതിരുന്നാല്‍ മതി. അത് ഓടിക്കുന്നതി നേക്കാള്‍ രൂക്ഷവും മാന്യവുമായിരിക്കും. അതാണ് ദലിത് മര്യാദ. മറ്റേത് ആര്യന്‍ മര്യാദ. ഗാന്ധി ഒരു ക്ഷേത്രാരാധകനായിരുന്നില്ല. അദ്ദേഹത്തിന് ക്ഷേത്രങ്ങളില്‍ ആരാധനയ്ക്കു പോകുന്ന പതിവ് ഇല്ലായിരുന്നു. ആ ഗാന്ധി യാണ് ദലിതര്‍ ക്ഷേത്രങ്ങളില്‍ പോയി ആരാധിക്കണമെന്ന് ആവശ്യപ്പെട്ടത്. താന്‍ചെയ്യാത്തത് അനുയായികള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന തനി രാഷ്ട്രീയക്കാരനായി ഗാന്ധി അവിടെ മാറി അയ്യന്‍കാളി അത് അനുകരിച്ചില്ല. അദ്ദേഹത്തിന് വാക്കും പ്രവര്‍ത്തിയും ഒന്നു തന്നെ യായിരുന്നു. ഏതാനും ദലിതരുമൊ ത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയശേഷമാണ് ഗാന്ധി അതു പറഞ്ഞിരുന്നുവെങ്കില്‍ അതില്‍ യുക്തി ഉണ്ടായിരുന്നു. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അയിത്തജാതിക്കാരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരു ന്നതുകൊണ്ടാണ് ഗാന്ധി ക്ഷേത്രദര്‍ശനം നടത്താതിരുന്നതെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഇന്ന് ന്യായീകരിച്ചു പറയുന്നത് അര്‍ത്ഥവത്താകുമായിരുന്നു.

പല കാര്യത്തിലും അയ്യന്‍കാളിയുടെ പ്രവര്‍ത്തനവും നാരായണ ഗുരുവിന്റെ പ്രവര്‍ത്തനവും തമ്മില്‍ ഏറെ സാധര്‍മ്മ്യമുണ്ട്. രണ്ടുപേരും അയിത്തജാതിയില്‍ ജനിച്ചവരാണെന്നത് മാത്രമല്ല അയിത്തം അവസാനിപ്പിക്കണമെന്നും സവര്‍ണ്ണരും അവര്‍ണ്ണരും ഒരു സമൂഹമാകണമെന്നും ജാതിയടിസ്ഥാനത്തിലുള്ള ഉച്ചനീചത്വം അവസാനിക്കണമെന്നും ആഗ്രഹിക്കുന്നവരും അതിനായി പ്രവര്‍ത്തിക്കു ന്നവരുമായിരുന്നു. അയ്യന്‍കാളി അയിത്തജാതി ക്കാരുടെ വിദ്യാഭ്യാസ കാര്യത്തില്‍ എത്ര ശ്രദ്ധാലുവായിരുന്നു എന്നതിനു അദ്ദേഹം ഗാന്ധിയോടു പറഞ്ഞ വാക്യംതന്നെ ഉത്തമോദാഹരണമാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു അടിസ്ഥാന വര്‍ഗ്ഗക്കാരന്‍ സ്വന്തമായി ഒരു സ്‌കൂള്‍, അതൊരു കുടിപ്പള്ളിക്കൂട മായിരുന്നാല്‍തന്നെയും സ്ഥാപിക്കു ന്നത് 1905 ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകം സ്‌കൂളാണ്. അതു സ്ഥാപിച്ച അയ്യന്‍കാളിക്ക് അക്ഷരം അറിഞ്ഞുകൂടായിരുന്നു എന്നുകൂടി സ്മരിക്കണം. എന്‍.എസ്.എസും എസ്.എന്‍.ഡി.പി യും മറ്റും ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചത് അതിനും ദശാബ്ദങ്ങള്‍ക്കു ശേഷം മാത്രമാണ്. അതിനുമുന്‍പ് അയിത്തജാതിക്കാര്‍ക്കുവേണ്ടി ഇന്ത്യയില്‍ സ്‌കൂള്‍ സ്ഥാപിച്ചത് മഹാത്മാ ജ്യോതിറാവു ഫൂലെയാണ്. പക്ഷെ അദ്ദേഹം അടിസ്ഥാനവര്‍ഗ്ഗക്കാരനായിരുന്നില്ല. അയ്യന്‍കാളിയുടെ സ്‌കൂളിലേക്ക് ഒരു അദ്ധ്യാപകനെ ലഭിക്കാതെ വളരെ ക്ലേശിച്ചു. അക്ഷരം അറിയാവുന്നവര്‍ ഒരാള്‍ പോലും അടിസ്ഥാനവര്‍ഗ ങ്ങളില്‍ അന്നുണ്ടാ യിരുന്നില്ല. തോമസ് വാധ്യാരെയും ഹാരിസ് വാധ്യാരെയും പോലെ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത അപൂര്‍വ്വം ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് അതിനേക്കാള്‍ ഉത്തരവാദിത്വമേറിയ ജോലി ഉണ്ടായിരുന്നു. അയ്യന്‍കാളിയുടെ ഒരു ബന്ധു കൂടിയായ തോമസ് വാധ്യാര്‍ ഒരു പ്രൈവറ്റ് സെക്രട്ടറിയെപ്പോലെ അയ്യന്‍കാളിയെ എല്ലാകാര്യ ത്തിലും സഹായിച്ചുകൊണ്ടിരുന്നു. അവസാനം തിരുവനന്ത പുരത്ത് കൈതമുക്കില്‍ നിന്നു പരമേശ്വരന്‍പിള്ള എന്ന ഒരു നായര്‍ പുലയ കുട്ടികളെ അക്ഷരം പഠിപ്പിക്കാമെന്നു സമ്മതിച്ച പ്പോള്‍ നായര്‍ സമുദായത്തില്‍നിന്നു അയാള്‍ക്കു ഭീഷണിയു ണ്ടായി. അതിനാല്‍ അദ്ധ്യാപകനെ ദിവസവും രാവിലെയും വൈകിട്ടും അംഗരക്ഷകരുടെ അകമ്പടിയോടുകൂടിയാണ് സ്‌കൂളില്‍ എത്തിച്ചു കൊണ്ടിരുന്നതും തിരികെ കൊണ്ടുപോയതും. ആ സ്‌കൂള്‍ ഒന്നിലധികം തവണ സവര്‍ ണ്ണര്‍ അഗ്നിക്കിരയാക്കി. ഒരോ പ്രാവശ്യവും കത്തിച്ചു നശിപ്പിച്ചതിന്റെ പിറ്റേദിവസം പുതുതായി ഒരു ഷെഡ് കെട്ടിപ്പടുത്തുകൊണ്ടിരുന്നു.