"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 12, ഞായറാഴ്‌ച

അയ്യന്‍കാളി: ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് - ദലിത്ബന്ധു എന്‍ കെ ജോസ്


''തലമുറതലമുറയായി ലോകത്തിന്റെ നാനാഭാഗത്തും നടന്ന സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഫലമായി വളര്‍ന്ന് വന്ന സാമൂഹ്യമായ ബുദ്ധിശക്തിയുടെ ഉടമാവകാശം വഹിച്ചു കൊണ്ടാണ് മഹാന്മാര്‍ ജന്മമെടുക്കുന്നത്. നെഹ്‌റുവും ഗാന്ധിജിയും ടാഗോറും സി.വി.രാമനും രാധാകൃഷ്ണനും വള്ളത്തോളുമെല്ലാം അവരവര്‍ എത്തപ്പെട്ട സ്ഥാനംവരെ വളര്‍ന്നത് ചരിത്രാതീതകാലം മുതല്‍ക്കെ മനുഷ്യന്‍ സംഭരിക്കാന്‍ തുടങ്ങിയ അനര്‍ഘ സമ്പത്ത് അവരിലോരോരുത്തര്‍ക്കും എടുത്തുപയോഗിക്കാന്‍ കഴിയുന്നതിനാലാണ്''എന്ന് ഇ.എം.എസ് പറഞ്ഞത് ഒരു പൊതുസ്വഭാവമാണ്. അതിനപവാദങ്ങള്‍ വളരെ വളരെ ചുരുക്കം. പക്ഷെ ആ ചുരുക്കത്തില്‍ ഒന്നാണ് അയ്യന്‍കാളി. 

മാനവരാശി നേടിയ അനര്‍ഘ സമ്പത്തുകളിലൊന്നും അയ്യന്‍കാളിക്ക് എടുത്തുപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അവയെല്ലാം അദ്ദേഹത്തിന് കൈ എത്താവുന്ന ദൂരത്തിനും അപ്പുറത്തായിരുന്നു. അങ്ങനെ ചിലതുണ്ടെന്നുള്ള വിവരംപോലും അദ്ദേഹത്തിനുണ്ടാ യിരുന്നില്ല. ബൈബിളോ ഖുറാനോ ഗീതയോ അദ്ദേഹം വായിച്ചിട്ടില്ല. ലോകത്തിലെ ഒരു ഭാഷയിലെയും അക്ഷരം അദ്ദേഹത്തിനറിഞ്ഞു കൂടായിരുന്നു. തന്റെ ജീവിത ത്തിന്റെ അവസാന കാലമായപ്പോള്‍ പടം വരയ്ക്കുന്നതുപോലെ സ്വന്തം പേര് വരച്ച് ഒപ്പു വയ്ക്കാന്‍ അദ്ദേഹം പഠിച്ചു. ഒരു മതപ്രസംഗവും അദ്ദേഹം കേട്ടിട്ടില്ല. താന്‍ ജീവിച്ചിരുന്ന കാലത്തെ ലോകത്തെപ്പറ്റിപോലും അദ്ദേഹം അറിഞ്ഞിരുന്നില്ല. സ്വന്തം തട്ടകവും അതിലെ ജനങ്ങളും പ്രവര്‍ത്തനമേഖല വികസിച്ചപ്പോള്‍ അവിടെ കണ്ട ജനങ്ങളും മാത്രമാണ് അദ്ദേഹത്തിന്റെ ചിന്തയെ സ്വാധീനപ്പെടുത്തിയത്.

ശ്രീനാരായണഗുരുവിന് തന്റെ പ്രസിദ്ധമായ സൂക്തം 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്''ലഭിച്ചത് തൈക്കാട്ട് അയ്യാവ് സ്വാമികളില്‍ നിന്നാണ് എന്ന് പറയപ്പെടുന്നു. 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താന്‍, ഒരേ ഒരു മതം താന്‍, ഒരേ ഒരു കടവുള്‍താന്‍....'1 അതു അയ്യാവുസ്വാമിക്ക് ലഭിച്ചത് വജ്ര സൂചികോ പനിഷത്തില്‍ നിന്നാണത്രേ. എന്നാല്‍ ദലിത് സംസ്‌കാരത്തിന്റെ ദക്ഷിണേന്ത്യയിലെ ബൈബിളായ തിരുക്കുറള്‍ ഈവക ആശയങ്ങളുടെ പ്രഭവസ്ഥാനമാണ്. ഉപനിഷത്തുക്കളെല്ലാം ദലിത് സംഭാവനയാണ്. സൈന്ധവമാണ്.2 പിന്നീട് ഖുറാനിലും
പ്രസ്തുത ആശയം ചേര്‍ക്കപ്പെട്ടു.3 തിരുവള്ളുവരില്‍നിന്നും പ്രചോദനം ലഭിച്ചവരാണ് ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും മറ്റും എന്നു പറഞ്ഞാല്‍ അതു ആ മഹാന്മാരെ താഴ്ത്തിക്കെട്ടുകയല്ല, ചരിത്രം മനുഷ്യരാശിയുടെ കഥ ഉദീരണം ചെയ്തതിന്റെ ഉദാഹരണത്തിലേയ്ക്ക് കൈചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. ചരിത്രം ഇല്ലായിരുന്നുവെങ്കില്‍, ഇന്നലയെപ്പറ്റിയുള്ള അറിവ് ഇന്നില്ലായിരുന്നുവെങ്കില്‍ ലോകം വളരുകയില്ലായിരുന്നു. ജന്തുക്കളില്‍ നിന്നും മനുഷ്യനെ വേര്‍തിരി ക്കുന്നത് ചരിത്രമാണ്. ഇന്നലകളുടെ വെളിച്ചത്തില്‍ ഇന്നും ഇന്നിന്റെ വെളിച്ചത്തില്‍ നാളെയും മാറ്റമുള്ളതാക്കാം. ചട്ടമ്പിസ്വാമികളു ടെയും ശ്രീനാരായണ ഗുരുവിന്റെയും ഗുരുവായ തൈക്കാട്ടു അയ്യാവ്‌ സ്വാമിയുടെ ശിഷ്യഗണത്തില്‍ അയ്യന്‍കാളിയേയും ഉള്‍പ്പെടുത്താന്‍ ഇന്ന് ചിലര്‍ ശ്രമം നടത്തുന്നുണ്ട്.4 അയ്യന്‍കാളി ആരുടെയും ശിഷ്യത്വമോ സന്യാസമോ സ്വീകരിച്ചിട്ടില്ല; സ്വീകരിച്ചതിനെ സംബന്ധിച്ച് ഒരു തെളിവും ഇന്നുവരെ ലഭിച്ചിട്ടില്ല. അതിനുള്ള സമയമോ സൗകര്യമോ പശ്ചാത്തലമോ അയ്യന്‍കാളി ക്കുണ്ടാ യിരുന്നില്ല. അങ്ങനെ എന്തെങ്കിലും ലഭിച്ചതിന്റെ പ്രതിഫലന മൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ഒരു പുലയനെ ഏതു സന്യാസിയാണ് ശിഷ്യനായി സ്വീകരുക്കുന്നത്? ഒരു പുലയന് സന്യസിക്കണമെന്ന ചിന്ത എങ്ങനെ ഉണ്ടാകും? അങ്ങനെ എന്തെങ്കിലും ചെയ്യുവാനുള്ള ഒരു മാനസികഘടന അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ വിളിച്ചോതുന്നത്. മലയാളം പോലും വശമില്ലാത്ത അദ്ദേഹത്തിന് തമിഴിലും പ്രാവീണ്യ മൊന്നുമുണ്ടാ യിരുന്നില്ല. അയ്യന്‍കാളിയെ അവഗണിക്കാനാ വാതെവരുമ്പോള്‍ അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ഉറവിടം മറ്റൊരിടത്ത് ചാരുവാനുള്ള ശ്രമത്തിന്റെ പിന്നിലെ ഗൂഢോദ്ദേശം വ്യക്തമാണല്ലോ. അതല്ലേ പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തിന്റെ പിന്നിലുമുള്ളത്. ആ പന്ത്രണ്ടുപേരും പ്രഗല്‍ഭരായത് പെറ്റത് പറയിയാണെങ്കിലും ബീജം നമ്പൂതിരി യുടേതായതിനാലാണു പോലും. പ്രഗല്‍ഭര്‍ എവിടെ ഉണ്ടായാലും അതിന്റെയെല്ലാം ഉല്‍ഭവം ബ്രാഹ്മണമാണ് എന്ന അവകാശവാദം കൃത്രിമമായി നിലനിര്‍ത്തുന്നുണ്ട്. ആ ചതിയില്‍ ദലിത് സഹോദരരും പെട്ടുപോകുന്നതില്‍ ദുഃഖമുണ്ട്. വലിയ വലിയ മഹാന്മാരുടെ ശിഷ്യനാണ് തങ്ങളുടെ നേതാവ് എന്ന് ആരെങ്കിലും പറയുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി ആര്യന്‍ചിന്തയുടെ ഫലമാണ്. ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ശങ്കരാചാര്യ രുടെയും ഗാന്ധിയുടെയും മറ്റും പടത്തിന്റെ കൂടെ അയ്യന്‍കാളി യുടെ പടവും തൂക്കിക്കാണുമ്പോള്‍ ഉണ്ടാകുന്ന ആത്മ സംതൃപ്തിയാണ് യഥാര്‍ത്ഥ ആര്യനിസം. അതു യഥാര്‍ത്ഥത്തില്‍ അയ്യന്‍കാളിയെ പരിഹസിക്കുക യാണ്. അവയ്‌ക്കെല്ലാം എതിരേ, അവരുടെയെല്ലാം ആശയങ്ങള്‍ക്കെ തിരേ പോരാടിയ അയ്യന്‍കാളിയെ അവരുടെ തലത്തിലേയ്ക്ക് താഴ്ത്തിക്കെട്ടു കയാണ് അതുമൂലം ചെയ്യന്നത്. അയ്യന്‍കാളിയുടെ ചെറുപ്പ കാലത്ത് അയ്യാവുസ്വാമിയുടെ ആസ്ഥാനം തിരുവനന്തപുരത്തെ തൈക്കാട്ടായിരുന്നു. അയ്യന്‍കാളിയെ പോലുള്ള പുലയര്‍ക്ക് അന്ന് ആ പ്രദേശത്തെങ്ങും പ്രവേശനമില്ലായിരുന്നു. അദ്ദേഹം അവിടെ യെല്ലാം നടന്നു ചെല്ലാനുള്ള അവകാശം സ്ഥാപിച്ചെടുത്തപ്പോള്‍ അയ്യാവുസ്വാമിയുടെ കാലം കഴിയുകയും ചെയ്തു.

വയലിലേക്കുള്ള ഉപകരണങ്ങളില്‍ ഒന്നായിമാത്രം പുലയരെ സവര്‍ണര്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹം അവരില്‍ ഒരാളായി ജനിച്ചത്. അന്നു സവര്‍ണ്ണരെന്നു പറയപ്പെടുന്നവര്‍ അയ്യന്‍കാളിയുടെ സഹോദരങ്ങളോടു കാണിച്ച നിഷ്ഠൂരമായ പെരുമാറ്റത്തില്‍ മനമുരുകി അവരെ അതില്‍നിന്നും രക്ഷിക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായി അക്രമങ്ങളെ എതിര്‍ക്കു വാനും അനീതികളെ ചെറുക്കുവാനും അവകാശ ങ്ങള്‍ക്കു വേണ്ടി മല്ലടിക്കാനും ഇടയായതാണ് അദ്ദേഹത്തിന്റെ ജീവിതം. അക്കാര്യത്തില്‍ അദ്ദേഹത്തെ താരതമ്യപ്പെടു ത്താവുന്നത് ബൈബിളിലെ മോസസ്സിനോടാണ്. ഈജിപ്തിലെ രാജാവായിരുന്ന ഫറവോന്റെ അടിമത്വത്തില്‍ ഈജിപ്തുകാരുടെ മര്‍ദ്ദനങ്ങളെ സഹിച്ച ഇസ്രായേല്‍ ജനതയുടെ ആ വീരനേതാവ് അറിയപ്പെടുന്ന ഒരു വിമോചകനാണ്. അദ്ദേഹത്തിന്റെ ജീവിതം എത്രമാത്രം ചരിത്രപരമാണ് എന്നത് മറ്റൊരു കാര്യം. അയ്യന്‍കാളി തന്റെ ജനതയെ കനാന്‍ ദേശത്തിന്റെ അതിര്‍ത്തിയിലെത്തിച്ചു. ഇന്ന് ആ ജനത കനാന്‍ദേശത്തു കുടിയേറിയോ? പറുദീസാ കെട്ടിപ്പടുത്തു വോ? എന്നതെല്ലാം വേറെ പ്രശ്‌നങ്ങളാണ്. ഫറവോനേക്കാള്‍ ബുദ്ധിശാല ികളും തന്ത്രജ്ഞരുമാണ് കേരളത്തിലെ സവര്‍ണ്ണ മേധാ വിത്വം എന്ന കാര്യത്തില്‍ സംശയമില്ല.

അയ്യന്‍കാളിക്ക് വിദേശ ക്രൈസ്തവ മിഷനറിമാരുടെയും ശ്രീനാരായണ ഗുരുവിന്റെയും മറ്റും മാതൃകകളും ഉപദേശങ്ങളു മുണ്ടാ യിരുന്നു. അവരുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും മറ്റും പ്രചോദനജന കങ്ങളായിരിക്കാം. പക്ഷെ അതെല്ലാം രണഭൂമിയില്‍വച്ചു ലഭിച്ച ഗുണ പാഠങ്ങള്‍മാത്രം. അതോടൊപ്പം നിഷ്ഠൂരമായ പീഡനങ്ങളുടെ ദൃശ്യങ്ങളാണ് നീതിക്കുവേണ്ടി പോരാടുവാനുള്ള സമ്മര്‍ദ്ദം അദ്ദേഹ ത്തില്‍ ചെലുത്തിയത്. കേരളത്തിലെ ഒരു വലിയവിഭാഗം ജനങ്ങളിലെ ഉറങ്ങിക്കിടന്ന സര്‍ഗ്ഗശക്തിയെ അദ്ദേഹം തൊട്ടുണര്‍ത്തി. അദ്ദേഹ ത്തിന്റെ പ്രവര്‍ത്തനം പുലയരില്‍ മാത്രമല്ല അയിത്തജനങ്ങളിലൊട്ടാ കെയും, പുലയരാദി ദലിതരില്‍ പ്രത്യേകിച്ചും, ആവേശമുള വാക്കി. ആ മനുഷ്യരില്‍ മതിപ്പു സൃഷ്ടിച്ചു. അവരില്‍ ആത്മാഭിമാനത്തിനു ജന്മംകൊടുത്തു. സവര്‍ണ്ണരിലും കേരളത്തിലെ മുഴുവന്‍ ജനതയിലും അതിന്റെ അലയടികള്‍ ചെന്നുപതിച്ചു. അക്കാരണത്താല്‍ ആധുനിക കേരളത്തിന്റെ സൃഷ്ടാക്കളില്‍ അയ്യന്‍കാളിക്ക് പ്രഥമവും പ്രധാനവുമായ സ്ഥാനമുണ്ട്.