"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 13, തിങ്കളാഴ്‌ച

അയ്യന്‍കാളിയുടെ വ്യക്തിത്വം - ദലിത്ബന്ധു എന്‍ കെ ജോസ്


അയ്യന്‍കാളിക്ക് ഒരു ദര്‍ശനമുണ്ടാ യിരുന്നുവോ? അക്ഷരാഭ്യാസ മില്ലാത്ത അയ്യന്‍കാളി ഒരു പ്രത്യേക ദര്‍ശനത്തിന്റെ ഉടമയായി രുന്നുവോ? അദ്ദേഹത്തിന്റേതായ കൃതികളൊന്നും ഇല്ലാത്ത പരിതസ്ഥിതിയില്‍ അതെപ്പറ്റി അന്വേഷിക്കേണ്ടത് എവിടെയാണ്? 

അയ്യന്‍കാളി എന്ന മനുഷ്യന്‍ 1863 ല്‍ ജനിച്ച് 1941 ല്‍ നിര്യാത നായി. അതിനിടയ്ക്കുള്ള 78 വര്‍ഷം അദ്ദേഹം ഇവിടെ ജീവിച്ചു. വെറുതെ ജീവിക്കുക യായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌കാരിക- മത- വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അദ്ദേഹം ജീവിച്ചത്. അദ്ദേഹം ജനിച്ചതു പെരിയകാറ്റു വിളയുന്ന പെരുങ്കാറ്റുവിള യിലാണെങ്കില്‍ അദ്ദേഹം സൃഷ്ടിച്ചത് കൊടുങ്കാറ്റാണ്. തിരുവിതാം കൂറി ലുടനീളവും കൊച്ചിയിലും ജനം അദ്ദേഹത്തെ അനുകൂലി ച്ചും പ്രതികൂലിച്ചും അറിഞ്ഞിരുന്നു. ചേര്‍ത്തലയില്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്ന പുലയരും ചേരാത്ത പുലയരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ സവര്‍ണരാണ് വെങ്ങാനൂര്‍ ചെന്ന് അയ്യന്‍കാളിയെ കണ്ട് ചേര്‍ത്തലയ്ക്കു ക്ഷണിച്ചത് എന്നു പറഞ്ഞുവല്ലോ. കൊല്ലത്തു നായന്മാരും പുലയരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ അന്വേഷിച്ചുപോയത് അയ്യന്‍കാളിയെ യാണ്. തിരുവല്ലാ ചോതി ക്രൈസ്തവ സഭയില്‍ നിന്നും പിരിഞ്ഞപ്പോള്‍ വെങ്ങാനൂര്‍ ചെന്ന് അയ്യന്‍കാളിയെ കണ്ടു. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അന്നദ്ദേഹം കേരളത്തില്‍ നിറഞ്ഞുനിന്നിരുന്നു. അതിനാലദ്ദേഹത്തിന്റെ ജീവിതമാണ് അദ്ദേഹത്തിന്റെ ദര്‍ശനം. ഈ 78 വര്‍ഷക്കാലം കേരളത്തില്‍ ആ രംഗങ്ങളിലെല്ലാം നിലനിന്നിരുന്ന വ്യവസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേരളീയര്‍ക്ക് ലഭിച്ച സന്ദേശമാണ് അദ്ദേഹത്തിന്റെ ദര്‍ശനം. അക്കാലത്ത് തനിക്കു ശരിയെന്നു തോന്നിയ തത്വശാസ്ത്ര മനുസരിച്ചു ജീവിക്കാന്‍ ധൈര്യം കാണിച്ച പ്രതിഭാസമ്പന്ന നായിരുന്നു അദ്ദേഹം. അദ്ദേഹം ജനിച്ചുവളര്‍ന്ന അന്നത്തെ പരിതസ്ഥിതിയില്‍ നിന്നും തികച്ചും വ്യത്യസ്തനായിത്തന്നെ അദ്ദേഹം ജീവിച്ചു. അദ്ദേഹം ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താ വായിരുന്നില്ല; വിപ്ലവകാരിയായിരുന്നു. വിപ്ലവകാരി എന്ന പദത്തിന് ഇന്നു ലഭിച്ചിട്ടുള്ള അര്‍ത്ഥത്തിലല്ലാ എന്നു മാത്രം. നിലവിലിരുന്ന സാമൂഹ്യപരിത സ്ഥിതികളുടെ മാറ്റത്തിനു വേണ്ടിയല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. അതിനെ ചുട്ടു ചാമ്പലാക്കി യെടുത്ത ചാരത്തില്‍ നിന്നും മുളച്ചുപൊന്തുന്ന ഒരു പുതിയ ഫീനിക്‌സ് പക്ഷിയുടെ ജനനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

സ്വന്തം ഭൂമിയില്‍ ജനിച്ച് അവിടെ കളിച്ചുവളര്‍ന്ന അദ്ദേഹത്തിന് പുറത്തിറങ്ങിയപ്പോള്‍ പല വിലക്കുകളെയും നേരിടേണ്ടിവന്നു. ആ വിലക്കുകളെയും അതിന്റെ കാരണങ്ങളെപ്പറ്റിയും അതിന്റെ സാധുതകളെപ്പറ്റിയുമെല്ലാം അദ്ദേഹം ചുഴിഞ്ഞ് ആലോചിച്ചു. അതില്‍ പലതിനും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ നിലനില്‍പ്പി ല്ലായിരുന്നു. അങ്ങനെ കണ്ടതിനെയെല്ലാം അദ്ദേഹം നിഷ്‌കരുണം ലംഘിച്ചു. അദ്ദേഹം വെങ്ങാനൂരിലെ ഭൂമിയില്‍നിന്നും പൊട്ടി മുളച്ച ഒരു പച്ചമനുഷ്യനായിരുന്നു. യാതൊരു കൃത്രിമത്വ വുമില്ലാതെ മറ്റുള്ളവരുടെ കൃത്രിമങ്ങളെപ്പറ്റി അറിയാതെ യാണദ്ദേഹം വളര്‍ന്നത്. കാട്ടില്‍ വളര്‍ന്ന ആദിവാസിക്ക് ആരെയും സംബോധനചെയ്യാന്‍ മൂന്നു പദമേയുള്ളൂ. ഞാന്‍, നീ, അവന്‍. മന്നാംകണ്ടത്തിലെ രാജാവ് പ്രസംഗിക്കുമ്പോള്‍ പ്രധാന മന്ത്രിയേയും ഇന്ത്യന്‍ പ്രസിഡണ്ടിനേയും എല്ലാം അവന്‍ എന്നു മാത്രമേ സംബോധന ചെയ്യുമായിരുന്നുള്ളു. ഞാനും അതു കേട്ടതാണ്. അവനും തന്നെപ്പോലെ ഒരു മനുഷ്യന്‍. അതായിരുന്നു അയ്യന്‍കാളിയും. ഇംഗ്ലീഷില്‍ ആരെ പരാമര്‍ശിക്കുവാനും ഒല എന്ന ഒരു പദം മാത്രമാണുള്ളത്. സംസ്‌ക്കാരവും ഭാഷയും തമ്മിലുള്ള ബന്ധമാണ് അതു സൂചിപ്പിക്കുന്നത്.

പുറത്തിറങ്ങിയപ്പോള്‍ വഴിനടക്കാന്‍ അനുവാദമില്ലായെന്നറിഞ്ഞു. അനുവദിക്കേണ്ടവരെക്കണ്ട് അനുവാദം ചോദിക്കുകയോ അവരെ ഭീഷണിപ്പെടുത്തി അനുവദിപ്പിക്കുകയോ ഒന്നും ചെയ്തില്ല. അനുവദിച്ചില്ലെങ്കില്‍ മതം മാറും എന്നും പറഞ്ഞില്ല. നടക്കാനുള്ള താണു വഴി. അതിനാല്‍ അതിലൂടെ നടന്നു. പ്രത്യാഘാതം എന്തായാലും നേരിടാന്‍ തീരുമാനിച്ചു. അക്കാര്യത്തില്‍ ആശങ്ക യോ തയ്യാറെടുപ്പോ ഒന്നുമുണ്ടായില്ല. അതിനു മറ്റൊരു മാര്‍ഗ്ഗവും അദ്ദേഹത്തിനറിഞ്ഞു കൂടായിരുന്നു. അതിന്റെ പ്രത്യാഘാതവും അറിയാന്‍ പാടില്ലായിരുന്നു.

ആഴ്ചയില്‍ ഏഴുദിവസം ജോലിചെയ്തിരുന്ന സ്വന്തം സമുദായ ത്തില്‍പ്പെട്ടവരോട് ഒരു ദിവസംഞായറാഴ്ച എല്ലാവരും പതിവായി സമാജത്തിനു വരണം, ആ ദിവസം അതിനായി ഉപയോഗി ക്കണം, മറ്റൊന്നിനും പോകണ്ടാ എന്നാജ്ഞാപിച്ചു. അതിനുവേണ്ടി അവരുടെ തൊഴില്‍ദായകരെ കാണുകയോ ഞായറാഴ്ച അവധി കൊടുക്കണമെന്ന് അവരോട് ആവശ്യപ്പെടു കയോ ഒന്നും ചെയ്തില്ല. അതുകഴിഞ്ഞുള്ള ജോലി മതി എന്നു നിശ്ചയിക്കാനുള്ള അവകാശം അവരുടെ പ്രതിനിധി എന്ന നിലയില്‍ തനിക്കുണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. അത് മനുഷ്യന് ആവശ്യമുള്ള അവകാശങ്ങളില്‍ ഒന്നാണ് എന്ന് അദ്ദേഹത്തിന്റെ അന്തഃകരണം ഓതി.

സൂര്യന്‍ ഉദിച്ചാല്‍ അസ്തമിക്കുന്നതുവരെ ജോലിചെയ്തുകൊണ്ടി രുന്ന അടിസ്ഥാനവര്‍ഗക്കാരോട് അതുവേണ്ട മുപ്പതു നാഴികയില്‍ ഇരുപതു ഇരുപത്തിരണ്ടു നാഴിക (ഏകദേശം എട്ടുമണിക്കൂര്‍) പണിചെയ്താല്‍ മതി എന്നദ്ദേഹം കല്പിച്ചു. അദ്ദേഹം ചിക്കാ ഗോയും ചിക്കാഗോയിലെ നരഹത്യയും ഒന്നും അറിഞ്ഞിരുന്നില്ല. എങ്കിലും തന്റെ തീരുമാനം അതനുസരിച്ചുള്ളതായിരുന്നു. തന്റെ ജനങ്ങളെല്ലാം അത് അംഗീകരിച്ചു. തൊഴില്‍ദായകര്‍ക്ക് മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. 

വേലചെയ്യുന്നതിന്റെ കൂലി പണമായിട്ടു മാത്രമേ വാങ്ങാവൂ. നെല്ലായിട്ടു വേണ്ട. ആവശ്യമുള്ള നെല്ല് വാങ്ങാന്‍ തങ്ങള്‍ക്ക റിയാം. അതിനു തമ്പുരാന്റെ സഹായവും വേണ്ടാ തമ്പുരാന്റെ പതിരും വേണ്ടാ എന്ന് തീരുമാനിച്ചതും അയ്യന്‍കാളിയാണ്. അന്തിവരെ പണിചെയ്തുകഴിയുമ്പോള്‍ അന്തിക്ക് കൂലികിട്ടുന്ന നെല്ലുകൊണ്ട് അന്നുരാത്രിതന്നെ വറുത്തുകുത്തി ഭക്ഷണം തയ്യറാക്കി പാതിരായ്ക്ക് കഴിക്കുന്ന രീതി അയ്യന്‍കാളി അവസാ നിപ്പിച്ചു. രാത്രി ഉറങ്ങാനുള്ളതാണ് എന്ന് അദ്ദേഹം തീരുമാ നിച്ചു. സ്വന്തം ഭക്ഷണം പാകം ചെയ്യലും ഉറക്കവും തമ്പ്രാന്റെ പാടത്തെ പണിയും കഴിഞ്ഞാല്‍ അടിയാളന്‍ മറ്റൊന്നിനും പോകരുത് അതിന് സമയം ലഭിക്കരുത് അതായിരുന്നു തമ്പ്രാന്റെ ലക്ഷ്യം. ഇതെല്ലാം അയ്യന്‍കാളി നേടിയെടുത്തത് കാര്‍ഷിക സമരത്തിലൂടെയാണ് എന്ന് ഇന്നുചിലരെല്ലാം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്.അവര്‍ക്ക് അയ്യന്‍കാളിയെയും അയ്യന്‍കാളിയുടെ പ്രവര്‍ത്തനശൈലിയെയും കാര്‍ഷിക സമരത്തെയും പറ്റി ഒന്നും അറിഞ്ഞുകൂട. ഇന്നും കമ്യൂണിസ്റ്റു പാര്‍ട്ടികളും മറ്റും നടത്തുന്ന സമരങ്ങളെപ്പറ്റിയും പണിമുടക്കു കളെപ്പറ്റിയും കേട്ടുമാത്രം പരിചയമുള്ളവര്‍ കാര്‍ഷികസമരം എന്നുകേട്ടപ്പോള്‍ അതു മറ്റൊരു പണിമുടക്കായിരുന്നു എന്നു ധരിച്ചുപോയി എന്നുമാത്രം. അവര്‍ അയ്യന്‍കാളിയെപ്പറ്റി പഠിച്ചില്ല. മഹത്തായ ആ വ്യക്തിത്വത്തെ കാണാന്‍ ശ്രമിച്ചില്ല.

കാര്‍ഷികപണിമുടക്കിന്റെ ലക്ഷ്യം കൂലിക്കൂടുതലോ അദ്ധ്വാന ഭാരം ലഘൂകരിക്കലോ ഒന്നുമായിരുന്നില്ല. അത് മഹത്തായ മറ്റൊരു ലക്ഷ്യത്തിനുവേണ്ടിയുള്ളതായിരുന്നു. ഇന്നുവരെ അങ്ങിനെ ഒരു ലക്ഷ്യത്തിനുവേണ്ടി ആരും പണിമുടക്കിയിട്ടില്ല. ശൂദ്രന്‍ അക്ഷരസംയുക്തം ദുരതഃ പരിവര്‍ജ്ജയേത് എന്ന ചാതുര്‍വര്‍ണ്ണ്യത്തിന്റെ ക്രൂര നീതിസംഹിതയ്‌ക്കെതിരായ സമരമായിരുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ദലിതരെ മുച്ചൂടും ചൂഷണം ചെയ്തുകൊണ്ടിരുന്ന ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ കെടുനീതികള്‍ക്കെതിരെയുള്ള സമരമായിരുന്നു. ദലിത്കുഞ്ഞുങ്ങള്‍ അക്ഷരം പഠിച്ചാല്‍ അവര്‍ കണക്കും പഠിക്കും. കൂലികൊടുക്കുമ്പോള്‍ കുറഞ്ഞാല്‍ ചോദിക്കും. ആ ചോദ്യത്തില്‍ നിന്നും പുതിയ പുതിയ ചോദ്യങ്ങള്‍ ഉയരും. തങ്ങള്‍ മൂടിവച്ചു സ്വന്തമാക്കിയ ചൂഷണവിദ്യയുടെ താക്കോല്‍ അവര്‍ കൈവശപ്പെടുത്തും. അന്ന് അയ്യന്‍കാളി ആരംഭിച്ച ആ സമരത്തിന്റെ ബാക്കിയാണ് ഇന്നും നടക്കുന്ന സ്വാശ്രയ വിദ്യാലയ സമരം. പണമുള്ളവര്‍മാത്രം പഠിച്ചാല്‍മതി എന്ന ഇന്നത്തെ കാട്ടുനീതി അന്നത്തെ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ബാക്കിയാണ്. അയ്യന്‍കാളി അന്നു തുടങ്ങിവച്ച ആ സമരം പൂര്‍ത്തിയാകണമെങ്കില്‍ ഇന്ത്യയില്‍ ജനിക്കുന്ന എല്ലാ ശിശുക്കള്‍ക്കും അവരുടെ ബുദ്ധിപരമായ കഴിവനുസരിച്ചുള്ള വിദ്യാഭ്യാസം അവര്‍ പഠിക്കാനാഗ്രഹി ക്കുന്നിടംവരെ ലഭിക്കാനുതകുന്ന പരിതസ്ഥിതി ഇവിടെ സംജാതമാകണം. അതിലേയ്ക്കുവേണ്ടിയുള്ള നീണ്ട സമരത്തിന്റെ ആദ്യഘട്ടമാണ് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ നാഞ്ചിനാട്ടില്‍ അദ്ദേഹം തുടങ്ങിവച്ചത്. 

സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ സര്‍ക്കാരിന്റേതാണ്. അവിടെ പുലയക്കുട്ടികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുവാദം വേണം. അത് നാട്ടുന്യായം; നാട്ടുനീതി. അതില്‍ അയ്യന്‍കാളിക്ക് എതിര്‍പ്പില്ല. പക്ഷെ അതു ലഭിച്ചുകഴിഞ്ഞിട്ടും പുലയക്കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത അദ്ധ്യാപകരോടും അതിനവരെ നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത നാട്ടുകാരായ സവര്‍ണരോടും അനുവാദം ചോദിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. സര്‍ക്കാരിന്റെ കല്‍പ്പനയനുസരിച്ച് പ്രവര്‍ത്തി ക്കുക എന്നത് അവരുടെ ധര്‍മ്മമാണ്. തങ്ങളുടെ കുട്ടികള്‍ക്കു പ്രവേശനം നല്‍കുക എന്ന അവരുടെ കര്‍ത്തവ്യം അവര്‍ നിര്‍വഹിക്കാതിരിക്കുന്നിടത്തോളംകാലം, തങ്ങളുടെ കര്‍ത്തവ്യം-പാടത്തുപണി ചെയ്തു നാടിന് ആവശ്യമുള്ള ആഹാരം ഉല്പാദിക്കുക എന്നത്-തങ്ങളും നിര്‍വഹിക്കുകയില്ലാ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതിനു അദ്ദേഹത്തിന് ആരുടെയും മുഖം നോക്കുകയോ അനുവാദം വാങ്ങിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മുന്‍കൂര്‍ നോട്ടീസ് കൊടുക്കുകയോ യോഗംകൂടി പ്രചരണം നടത്തുകയോ ഒന്നും അദ്ദേഹം ചെയ്തില്ല. ഓരോരു ത്തരും അവരവരുടെ ധര്‍മ്മം നിര്‍വഹിക്കണമെന്നു മനുസ്മൃതി പറഞ്ഞിട്ടുണ്ട്.5

1855 ല്‍ അടിമത്തം നിരോധിച്ചുവെങ്കിലും സവര്‍ണ്ണരെ പുലയരും പറയരും മറ്റുമുള്‍കൊള്ളുന്ന മുന്‍കാല അടിമകളുടെ വംശം ഉടമയ്ക്ക് പകരം യജമാനനായിട്ടാണ് കണ്ടുവന്നിരുന്നത്; അങ്ങനെയാണ് സംബോധന ചെയ്തിരുന്നതും. അത് ആ യജമാനന്മാരുടെ ആവശ്യവും നിര്‍ബന്ധവുമായിരുന്നു. അദ്ദേഹം അത് വിലക്കുകയല്ലാ ചെയ്തത്. അവര്‍ക്കു മറ്റൊരു യജമാനനെ കൊടുത്തുകൊണ്ട് അത് ഒഴിവാക്കുകയാണ് ചെയ്തത്. അയ്യന്‍കാളി യജമാനന്‍ എന്ന് അവര്‍ അദ്ദേഹത്തെ വിളിച്ചു. അപ്പോള്‍ പല പഴയ യജമാനന്‍മാരും തങ്ങളെ യജമാനന്‍ എന്ന് വിളിക്കേണ്ടാ എന്ന് ഇങ്ങോട്ടു ആവശ്യപ്പെട്ടു. അയ്യന്‍കാളി യജമാനനും ഗോപാലപിള്ളയജമാനനും. അതു വേണ്ടാ. അങ്ങനെ അവര്‍ക്ക് ഒരു യജമാനന്‍ മാത്രമായി, അയ്യന്‍കാളി യജമാനന്‍. ഇന്ന് അതിന്റെയെല്ലാം മൂലം സദാനന്ദസ്വാമിയുടെയും മറ്റും തലയില്‍ ചാരാന്‍ ശ്രമിക്കുന്ന ഗ്രന്ഥങ്ങള്‍ ഇറങ്ങിയിട്ടുണ്ട്.6

തിരുവിതാംകൂറില്‍ മഹാരാജാവ് കഴിഞ്ഞാല്‍ ഏറ്റവും വലിയ അധികാരി ദിവാനാണ്. തമിഴ്‌നാട്ടില്‍ നിന്നോ ആന്ധ്രായില്‍നിന്നോ മഹാരാഷ്ട്രയില്‍നിന്നോ വരുന്ന ഇംഗ്ലീഷ് അറിയാവുന്ന പരദേശി ബ്രാഹ്മണനായിരിക്കും മിക്കവാറും തിരുവിതാംകൂറിലെ ദിവാന്‍മാര്‍. അയ്യന്‍കാളിയുടെ കാലത്ത് 1863 മുതല്‍ 1941 വരെ 78 വര്‍ഷത്തിനുള്ളില്‍ ഇവിടെ 17 ദിവാന്‍മാരുണ്ടായിരുന്നു. അതില്‍ 12 പേരും ആചാരിമാരും റാവുമാരുമായിരുന്നു. അവരുടെ വേഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അവരുടെ നീണ്ടകോട്ടും തലക്കെട്ടുമാണ്. അതുതന്നെയാണ് അയ്യന്‍കാളിയും സ്വീകരിച്ചത്. താനും അവര്‍ക്ക് സമശീര്‍ഷനാണ്. തിരുവിതാംകൂറിലെ ഏറ്റവും വലിയ അധികാരിക്കൊപ്പമുള്ള മനുഷ്യന്‍. കാല്‍മുട്ടുവരെ നിണ്ടു നില്‍ക്കുന്ന ലോംഗ് കോട്ടും വെളുത്ത കരയന്‍ മുണ്ടും തലപ്പാവും കുങ്കുമപൊട്ടും ആറടിക്കുമേല്‍ ഉയരവും ഒത്ത വണ്ണവുമുള്ള ആ മനുഷ്യന്‍ വി.ജെ.ടി ഹാളിലേയ്ക്ക് നിയമസഭാ സമ്മേളനത്തിനായി കയറി വരുമ്പോള്‍ ഇതാണോ ദിവാന്‍ എന്ന് ആരും ശങ്കിച്ചു പോകും എന്ന് മന്നത്ത് പത്മനാഭപിള്ള അക്കാലത്ത് പറഞ്ഞത് സ്മരണീയമാണ്.7 പണ്ഡിറ്റ് കെ.പി. കറുപ്പനാണ് തത്തുല്യമായ വേഷം ധരിച്ച അക്കാലത്തെ മറ്റൊരു കേരളീയന്‍. ഡോ.അം ബേദ്ക്കറും വേഷത്തിന്റെ കാര്യത്തില്‍ സഹപ്രവര്‍ത്തകര്‍ക്കു മുന്നിലായിരുന്നു. അവരാരും അക്കാര്യത്തില്‍ ഗാന്ധിയെ അനുകരിച്ചിരുന്നില്ല. ഗാന്ധിയു ടേത് നാട്യമായിരുന്നു. കപടനാട്യമായിരുന്നു. അയ്യന്‍കാളിയുടെയും ഡോ.അംബേദ്ക്ക റുടെയും കെ.പി. കറുപ്പന്റെയും മറ്റും ആഗ്രഹമായി രുന്നു തന്റെ വംശജരും മാന്യമായി വസ്ത്രം ധരിക്കണം എന്ന ആഗ്രഹം. അതിന് അവര്‍ക്ക് കാണിച്ചു കൊടുത്ത മാതൃകയാ യിരുന്നു തങ്ങളുടെ സ്വന്തം ജീവിതം.

അയ്യന്‍കാളിയുടെ മുന്നില്‍ വേഷത്തില്‍ മാത്രമല്ല ഒന്നിലും ഉച്ചനീചത്വം ഉണ്ടായിരുന്നില്ല. മറ്റൊരാള്‍ ആഗതനാകുമ്പോള്‍ ജാതിയുടെ പേരില്‍ അയ്യാളെ ബഹുമാനിക്കാനായി സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്ന രീതി അയ്യന്‍കാളിക്കു ണ്ടായിരുന്നില്ല. ജാതി അടിസ്ഥാനത്തിലുള്ള ബഹുമാനം അദ്ദേഹം വെറുത്തിരുന്നു. അതിനു വേണ്ടി അയ്യന്‍കാളി വീടിനു പുറത്തിറങ്ങിയാല്‍ ഒരിടത്തും ഇരിക്കുമായിരുന്നില്ല എന്ന് എം.എം. വര്‍ക്കി തന്റെ ആത്മകഥയായ 'ഓര്‍മ്മകളിലൂടെ''എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.8 ഇരുന്നാലല്ലേ എഴുന്നേല്‍ക്കേണ്ടി വരികയുള്ളൂ? മനുഷ്യരെ എല്ലാവരെയും അദ്ദേഹം ഒന്നു പോലെ കണ്ടു, മനുഷ്യരായി കണ്ടു. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അവരാരും വാനരനോ അസുരനോ കാട്ടാളനോ രാക്ഷസനോ ആയിരുന്നില്ല. ദേവന്‍മാരുമായിരുന്നില്ല. മനുഷ്യരായിരുന്നു. ഉച്ചനീചത്വ ത്തിന്റെ ഉറവിടമായ ചാതുര്‍വര്‍ണ്യത്തെ അദ്ദേഹം നിഷേധിച്ചത് ആ വിധത്തിലായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ ഉറവിടമായ ഹിന്ദുമത ത്തേയും. അദ്ദേഹം മഹാബലി ചക്രവര്‍ത്തിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായിരുന്നു. മഹാബലി ഐതിഹ്യമാണെങ്കില്‍ അയ്യന്‍കാളി ചരിത്രപുരുഷനാണ്. 

ദലിതര്‍ക്ക് ചില ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ നിന്നും സമ്പാദിക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ല അദ്ദേഹം ചെയ്തത്. നൂറ്റാണ്ടുകള്‍ക്കു മുമ്പേ അന്യായമായി മറ്റുള്ളവര്‍ തങ്ങളില്‍ നിന്നു പിടിച്ചെടുത്ത് കയ്യടക്കി വച്ചിരിക്കുന്ന അവകാശങ്ങളെ, ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ചതിനാല്‍ മനുഷ്യനായി ജീവിക്കാനുള്ള അവകാശങ്ങളെ, തിരികെ പിടിച്ചെടുക്കുവാനുള്ള നടപടി സ്വീകരിക്കു വാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന് ചരിത്രം അറിഞ്ഞുകൂടാ യിരുന്നു എന്നത് ഒരു വസ്തുതയാണ്. ഈ അവകാശങ്ങളെല്ലാം ഒരു കാലത്ത് ദലിതര്‍ക്ക് ഉണ്ടായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പക്കല്‍ തെളിവുകളൊന്നുമില്ല. അവരും മനുഷ്യരാണ് അതിനാല്‍ അവര്‍ക്ക് അതിനെല്ലാം അവകാശമുണ്ട്. ആ അവകാശം നടപ്പായ ഒരു കാലമുണ്ടായിരു ന്നിരിക്കണം എന്ന യുക്തിചിന്ത മാത്രമേ അദ്ദേഹത്തിനു കൈമുതലായി ഉണ്ടായിരുന്നുള്ളു. സവര്‍ണ്ണരും മനുഷ്യരാണ്, ദേവന്മാ രല്ല. അവര്‍ക്ക് ഈ അവകാശങ്ങളെല്ലാമുണ്ട്. അതിനാല്‍ ഇവര്‍ക്കും ഈ അവകാശങ്ങളുണ്ടായിരിക്കണം. പ്രസ്തുത അവകാശങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ മനുഷ്യരല്ലാതായി തീര്‍ന്നു. മനുഷികങ്ങളായ അവകാശങ്ങളാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. അവയെ തിരികെ നേടുക വഴി കേരളത്തിലെ ദലിതരെ മനുഷ്യരാക്കാനാണ് അയ്യന്‍കാളി ശ്രമിച്ചത്.

അവരും മനുഷ്യരാണെന്ന് മാത്രമല്ല കേരളത്തിന്റെയും ഇന്ത്യയുടെയും യഥാര്‍ത്ഥ ഉടമാവകാശികള്‍ അവരാണ്, അവര്‍ മാത്രമാ ണെന്ന ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നു. അവര്‍ എങ്ങുനിന്നും കുടിയേറി പാര്‍ത്തവരല്ല. ഇവിടെ തന്നെ ജനിച്ചു വളര്‍ന്നവരായിരിക്കണം അവര്‍. അതിനാല്‍ സവര്‍ണ്ണര്‍ മറ്റ് എവിടെ നിന്നോ വന്നവരായിരിക്കണം. ഒരു നാട്ടില്‍ ഒന്നിലധികം ആദിവാസി വംശം ഉണ്ടാവുകയില്ലല്ലോ. പിന്നെ എന്നെങ്കിലും അവര്‍ ഭിന്നിച്ചു പലതായാലും അവരുടെ മൂലം ഒന്നുതന്നെ. ഏതായാലും ദലിതര്‍ വനവാസികളല്ല. കാടും നാടും ഒരുപോലെ അവര്‍ക്കു നാടായിരുന്നു. ഇന്നവരെ വനവാസികളാക്കുകയാണ്. ആദിവാസി എന്ന മാറാപേരായി അവര്‍ക്കു ലഭിച്ചിരിക്കുന്നതു മാറ്റി വനവാസി എന്നാക്കുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണ്. കാടും നാടും അവരുടെതായിരുന്നതില്‍ നിന്നും നാടൊഴിവാക്കി അവരെ കാട്ടിലെ മാത്രം വാസികളാക്കുകയാണ് വനവാസി നാമകരണം കൊണ്ട് ചെയ്യുന്നത്. എന്നിട്ട് ആ കാടിന്റെ വിസ്തീര്‍ണ്ണം ദിവസവും കുറച്ചുകൊണ്ടുവരികയും ചെയ്യുക. അവരല്ല ആദിവാസികള്‍ പോലും! അതിന്റെപിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയ കാപട്യം അധികമാരും അറിയുന്നില്ല.

ഈ ഭൂമിയിലെ ആദ്യ അവകാശം ദലിതര്‍ക്കാണ് എന്ന അവകാശം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ അയ്യന്‍കാ ളിക്ക് സാമ-ദാന-ഭേദ-ദണ്ഡ മാര്‍ഗങ്ങളും ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ചാണെങ്കില്‍ പോലും ഈ മണ്ണില്‍ മറ്റുള്ളവരെപോലെ ജീവിക്കുക, അതു പോലെ ജീവിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക, അതിനായി അവരെ സഹായിക്കുക. അതായിരുന്നു അയ്യന്‍കാളിയുടെ ജീവിത ദര്‍ശനം.

ആരുടെ മുമ്പിലും ഒന്നിനുവേണ്ടിയും തന്റെ ജീവിതകാലത്ത് ഒരിക്കലും അദ്ദേഹം കൈനീട്ടിയിട്ടില്ല. പലതും അദ്ദേഹം പിടിച്ചു വാങ്ങിയിട്ടുണ്ട്. അതുതന്നെയാണ് അയ്യന്‍കാളിയുടെ പ്രത്യേകത യും. അയ്യന്‍കാളി സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്തു. വിദ്യാഭ്യാസ അവകാശം സമ്പാദിച്ചു. അടിസ്ഥാനജന വര്‍ഗങ്ങളെ ഒരു സമൂഹമാക്കി. അതിനെല്ലാം അയ്യന്‍കാളിയുടേതായ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒരു അയ്യന്‍കാളി സ്പര്‍ശനം. (Ayyankali Touch) ആ പ്രത്യേകതയാണ് അയ്യന്‍കാളിയുടെ ദര്‍ശനത്തെ വ്യക്തമാക്കുന്നത്. 

മനുഷ്യത്വം, മനുഷ്യര്‍ തമ്മിലുള്ള തുല്യത, അതാണ് അയ്യന്‍കാളി ഏറെ മാനിച്ചിരുന്നത്. അദ്ദേഹം അധികാരത്തെ ബഹുമാനിച്ചി രുന്നു. ദിവാന്‍ജിമാരെ അംഗീകരിച്ചിരുന്നു. അവരാരും ദിവാന്‍ജിമാരായി ജനിച്ചവരല്ല. നാട്ടുനടപ്പിനുവേണ്ടി, ഭരണത്തിനു വേണ്ടി ദിവാന്‍ജിമാരായി നിയമിക്കപ്പെടുന്നതാണ്. അവര്‍ക്കതി നുള്ള കഴിവുണ്ടായതുകൊണ്ടാണ് അതിലേയ്ക്ക് നിയമിക്കപ്പെട്ടത്. അതിനാല്‍ അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിനും നല്ലനടപ്പിനും ആവശ്യമാണ്. 

അതല്ല ജാതിവ്യവസ്ഥ. നമ്പൂതിരി സ്ത്രീയില്‍ നിന്നും ജനിച്ചതി നാല്‍ ഒരാള്‍ ഉന്നതനാകുന്ന അവസ്ഥ. അവന്റെ ഏതെങ്കിലും പ്രത്യേക കഴിവുകൊണ്ടല്ല നമ്പൂതിരി സ്ത്രിയില്‍ നിന്നും ജനിക്കുന്നത് അതിനു മറുപടി പറയാന്‍ ബുദ്ധിമുട്ടിയപ്പോഴാണ് കഴിഞ്ഞ ജന്മത്തില്‍ ചെയ്ത നന്മയുടെ ഫലമായിട്ടാണ് ഈ ജന്മത്തില്‍ നമ്പൂതിരി സ്ത്രിയില്‍ നിന്നും ജനിക്കുന്നത് എന്ന ബ്രാഹ്മണ മറുപടി അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല. കഴിഞ്ഞ ജന്മത്തിലെ പാപത്തിന്റെ ഫലമാണ് ഇപ്പോഴത്തെ തന്റെ ചണ്ഡാലത്വം എന്ന് അംഗീകരിക്കാന്‍ അയ്യന്‍കാളി തയ്യാറായില്ല. കഴിഞ്ഞജന്മത്തില്‍ താന്‍ പാപിയായിരുന്നു എന്ന് ബോധ്യപ്പെടു ത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. നാരായണഗുരുവിലെ ഈഴവത്വത്തിന്റെ ഉത്ഭവവും അങ്ങനെയായിരിക്കണമല്ലോ. ചെയ്തതെറ്റിനെ ബോധ്യപ്പെടുത്താത്ത ശിക്ഷ അന്യായമാണ്. ഏകപക്ഷീയ മാണ്. ഏകാധിപത്യപരമാണ്. ആദ്യം കുറ്റപത്രം നല്‍കണം. എന്നിട്ടാണ് ശിക്ഷ വിധിക്കേണ്ടത്. മുന്‍ജന്മപാപങ്ങളെ പറ്റി അങ്ങനെയൊരു കുറ്റപത്രവും നല്‍കപ്പെട്ടിട്ടില്ല. അതിനാല്‍ ആ ശിക്ഷ സ്വീകരിക്കുവാനും ബുദ്ധിമുട്ടാണ്. ശിക്ഷ കുറ്റപ ത്രമാവു കയില്ലല്ലോ. സവര്‍ണനായി ജനിച്ചതിനാല്‍ വഴി നടക്കാം, അക്ഷരം പഠിക്കാം, വസ്ത്രം ധരിക്കാം. പുലയസ്ത്രീയില്‍ നിന്നും ജനിച്ചതിനാല്‍ അതൊന്നും പാടില്ല. ആ തത്വശാസ്ത്രം അയ്യന്‍കാളി ക്ക് ദഹിച്ചില്ല. 

ആ ചിന്താഗതിയാണ് അയ്യന്‍കാളിയെ ഓരോ സമരത്തിനും പ്രേരിപ്പിച്ചത്. അക്കാരണങ്ങളാല്‍ തന്നെയാണ് മറ്റുള്ളവര്‍ നയിച്ച സമരങ്ങളില്‍ നിന്നും അത് വ്യത്യസ്തമാകുന്നത് അതുകൊണ്ടാണ്. അയ്യന്‍കാളി വില്ലുവണ്ടി വാങ്ങി അതില്‍ സഞ്ചരിച്ചു. അത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. 1893 ല്‍. കേരള ത്തില്‍ ആദ്യമായി പുലയസ്ത്രീയില്‍ ജനിച്ച ഒരാള്‍ രണ്ടു കാളകളെ കെട്ടിയ യാത്രാവണ്ടി യില്‍ സഞ്ചരിക്കുന്നത് അദ്ദേഹമാണ്. ഇവിടെ ബ്രാഹ്മണര്‍ അങ്ങനെ സഞ്ചരിച്ചിട്ടുണ്ട്. ക്ഷത്രിയനങ്ങനെ സഞ്ചരിച്ചിട്ടുണ്ട്. അപൂര്‍വമായി നായരും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തനിക്ക് സഞ്ചരിക്കാം. താനും അവരെ പോലെ ഒരു മനുഷ്യനാണ്. രണ്ടു കാളയും ഒരു വണ്ടിയും വേണമെന്നു മാത്രം. അത് അദ്ദേഹം ജോലി ചെയ്തു സമ്പാദിച്ചു. അത് അദ്ദേഹം നയിച്ച സഞ്ചാരസ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന് വെങ്ങാനൂര്‍ നിന്നും ബാലരാമപുരത്തേക്ക് വേഗത്തില്‍ പോകാന്‍ വേണ്ടിയല്ല വില്ലുവണ്ടി വാങ്ങിയത്. ആ വണ്ടി അദ്ദേഹം വളരെനാള്‍ ഉപയോഗിച്ചുമില്ല. ഒരു പുലയന് വില്ലുവണ്ടിയില്‍ ആവശ്യമുള്ള പ്പോള്‍ യാത്രചെയ്യാം എന്നു സ്ഥാപിച്ചുകഴിഞ്ഞശേഷം അദ്ദേഹം ആ വണ്ടി വിറ്റു. ആലുംമൂട്ടില്‍ ചാന്നാര്‍ എന്ന അയിത്തക്കാരന്‍ തിരുവിതാംകൂറില്‍ ആദ്യമായി കാര്‍ വാങ്ങി. മാവേലിക്കര ക്ഷേത്രത്തിനു സമീപമുള്ള റോഡില്‍ കാര്‍ ചെല്ലുമ്പോള്‍ ഉടമസ്ഥനായ അയിത്തക്കാരന്‍ കാറില്‍നിന്നിറങ്ങി പാടത്തെ ചെളിയില്‍ക്കൂടി നടന്ന് ക്ഷേത്രത്തിനപ്പുറം ചെല്ലണം. അവിടെവച്ച് ചാന്നാര്‍ വീണ്ടും കാറില്‍കയറും. കാര്‍ ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ നായരായതുകൊണ്ട് അയാള്‍ക്ക് ക്ഷേത്രത്തിന് സമീപമുള്ള ആ തെരുവിലൂടെ കാര്‍ ഓടിക്കാം. അയ്യന്‍കാളി തന്റെ വില്ലുവണ്ടിയില്‍നിന്നും ഇടയ്ക്ക് ഒരിടത്തും ഇറങ്ങിയില്ല. കാളകള്‍ എവിടേയ്ക്ക് വണ്ടി വലിച്ചുകൊണ്ടുപോയോ അവിടേയ്‌ക്കെല്ലാം, ക്ഷേത്രത്തിനു സമീപമായാലും ബ്രാഹ്മണഗൃഹ ത്തിനു സമീപമായാലും, അയ്യന്‍കാളി ആ വണ്ടിയില്‍തന്നെ പോയി. കാളയ്ക്കു പോകാവുന്നിടത്തെല്ലാം മനുഷ്യനും സഞ്ചരിക്കാം അതായിരുന്നു അയ്യന്‍കാളിയുടെ തത്വശാസ്ത്രം. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. ആലുംമൂട്ടില്‍ ചാന്നാരല്ല അയ്യന്‍കാളി. ആണ്ടില്‍ പന്തീരായിരം രൂപായും പതിനായ്യായിര ത്തില്‍പരം പറ നെല്ലും 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പോലും സര്‍ക്കാരിനു നികുതി നല്‍കിയിരുന്ന സമ്പന്നനായിരുന്നു ചാന്നാര്‍. തല്‍സ്ഥാനത്ത് ഒരു പൈസയും സര്‍ക്കാരിനു നല്‍കാനി ല്ലാതിരുന്ന പുലയനായിരുന്നു അയ്യന്‍കാളി. അദ്ദേഹത്തിന് മടിയില്‍ ഘനമില്ലാതിരുന്നതിനാല്‍ വഴിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമായിരുന്നു.

20-ാം നൂറ്റാണ്ടിന്റെ മൂന്നാംദശകത്തില്‍ മറ്റൊരു സഞ്ചാര സ്വാതന്ത്ര്യസമരം തിരുവിതാംകൂറില്‍തന്നെ നടന്നു, വൈക്കം സത്യാഗ്രഹം. അയ്യന്‍കാളി സമരവും വൈക്കം സമരവും തമ്മിലുള്ള വ്യത്യാസം അയ്യന്‍കാളിയുടെ ദര്‍ശനം വ്യക്തമാക്കും. ഞങ്ങളെക്കൂടി വഴിനടക്കാന്‍ അനുവദിക്കണം എന്ന് അയ്യന്‍കാളി ആരോടും ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടാല്‍ അതിനര്‍ത്ഥം അതനുവദിക്കാനുള്ള അവകാശം അവര്‍ക്കാണ് എന്നാണ്. ആ വഴി അവരുടേതാണ് എന്നു താന്‍ സമ്മതിക്കുകയും അംഗീകരിക്കുകയുമാണ്. വഴിയും വഴി ഉള്‍പ്പെടുന്ന ഭൂമിയും അവരുടേതാണ് എന്നതിന് അവര്‍ മെനഞ്ഞെടുത്ത കഥകളും ന്യായങ്ങളുംകൂടി അംഗീകരിക്കുകയാണ്. ചാതുര്‍വര്‍ണ്യവും കര്‍മ്മസിദ്ധാന്തവും ജന്മപുനര്‍ജന്മങ്ങളും എല്ലാംകൂടി അംഗീക രിക്കുക യാണ്. ഈ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുവാന്‍ അതല്ലാതെ മറ്റൊന്നും അവര്‍ക്കില്ലല്ലോ. പിന്നെയുള്ളത് പരശുരാമന്‍ മഴു എറിഞ്ഞ് കേരളത്തെ കടലില്‍നിന്നും പൊക്കിയെടുത്തു ബ്രാഹ്മണന് ദാനംചെയ്തു എന്ന കഥയാണ്. അതു സത്യവിരുദ്ധമാണ്, തന്റെ ബുദ്ധിക്ക് നിരക്കുന്നതല്ല എന്ന് അയ്യന്‍കാളി പ്രവര്‍ത്തിയിലൂടെ കാണിച്ചുകൊടുത്തു. അറിഞ്ഞിട്ടാ യാലും അറിയാതെയായാലും അയ്യന്‍കാളി സ്വീകരിച്ച നിലപാട് ചരിത്രത്തിന് ചേരുന്നതായിരുന്നു. അവിടെയാണ് വൈക്കം സത്യാഗ്രഹത്തിന്റെ ഉപജ്ഞാതാക്കളില്‍ നിന്നും അദ്ദേഹം വ്യത്യസ്തനാകുന്നത്. ഗാന്ധി വൈക്കത്തു വന്ന് നേരെ ഇണ്ടന്‍തുരുത്തി മനയിലേയ്ക്കു ചെന്ന് അയിത്തജാതിക്കാര്‍ക്ക് വൈക്കം ക്ഷേത്രത്തിന്റെ സമീപത്തുകൂടിയുള്ള നിരത്തുകളില്‍ നടക്കുവാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ്?9

വഴി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ആ വഴിയിലൂടെ ഞങ്ങള്‍ നടക്കാന്‍പോകുന്നു, തടയുന്നത് ആരാണെന്നു കാണട്ടെ എന്നുപോലും അയ്യന്‍കാളി പ്രഖ്യാപിച്ചില്ല. അയ്യന്‍കാളി വഴിയെ നടന്നു, ആരും തടഞ്ഞില്ല. വേലികെട്ടിയില്ല. തടയണമെന്ന് പലരും ആഗ്രഹിച്ചു. പക്ഷെ നടന്നില്ല. അയ്യന്‍കാളിയുടെ ദൃഢനിശ്ചയം ആ ആഗ്രഹക്കാരെ പിന്തിരിപ്പിച്ചു. അതാണ് അയ്യന്‍കാളി. വഴിയും വഴി ഉള്‍പ്പെടുന്ന ഭൂമിയും അവരുടേതല്ല തങ്ങളുടേ താണ്, തങ്ങളുടേതും കൂടിയാണ്, പൊതുവാണ് എന്ന് അയ്യന്‍കാളി സ്ഥാപിച്ചെടുത്തു. ആ ദൃഢനിശ്ചയം അത് അയ്യന്‍കാളിക്കുമാത്രമുള്ളതാണ്. ഇന്നത്തെ ദലിതര്‍ക്ക് അതില്ല. അതുള്ള പത്തുപേരെയാണ് അയ്യന്‍കാളി ആഗ്രഹിച്ചത്.

അത് അദ്ദേഹത്തിന്റെ ദര്‍ശനത്തിന്റെ ഒരു വശം. അവിടെയാണ് അദ്ദേഹം പലരില്‍നിന്നും വ്യത്യസ്തനാകുന്നതും അപൂര്‍വ്വം ചിലരുമായി യോജിക്കുന്നതും.