"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

ബാഗ്ദാദിന്റെ ജനനം ലോകസംസ്‌ക്കാരത്തിന്റെ ഒരു നാഴികക്കല്ല്പറഞ്ഞറിയിക്കാനാവാത്ത വിധത്തിലുള്ള ആന്തരികച്ഛിദ്ര ത്തിന്റെയും ഹിംസയുടെയും മറുവാക്കായി ഇന്ന് മാറിയെ ങ്കിലും, ആയിരത്തി ഇരുന്നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്ഥാപിക്കപ്പെടുമ്പോള്‍ നാഗരിക രൂപകല്‍പ്പനയുടെ മഹത്തായ നാഴികക്കല്ലായിരുന്നു ബാഗ്ദാദ്. അതിനേക്കാളുപരി, സംസ്‌ക്കാ രത്തിന്റെ മുഖമുദ്രയെന്ന നിലയില്‍, ലോകത്തിന്റെ വഴികാട്ടി നക്ഷത്രമായി മാറുകയായിരുന്ന ഒരു നഗരമായിരുന്നു അത്.

പൊതുവായി വിശ്വസിക്കപ്പെടുന്നതിനു വിരുദ്ധമായി, പഴയതാ ണെങ്കിലും ബാഗ്ദാദ് അത്രയ്ക്കും പ്രാചീനമായിരുന്നില്ല. വിജയശ്രീലാളിതനായ അബ്ബാസിദ് ഖലീഫ അല്‍ മന്‍സൂറിന്റെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ പുതിയ ആസ്ഥാനമായി ക്രി.പി. 762-ല്‍ സ്ഥാപിക്കപ്പെട്ട നഗരം, മെസ്സോപ്പൊട്ടേമിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കുലീനയെന്നതിനേക്കാള്‍ പൊങ്ങച്ചക്കാരിയാ യിരുന്നു എന്നു പറയാം. നിനവേ, ഉര്‍, ബാബിലോണ്‍ തുടങ്ങിയ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു പുതുക്കക്കാരി.

80000-ത്തിനടുത്ത് ജനസംഖ്യയും 3200 വര്‍ഷം മുന്‍പ് സ്ഥാപി തവും, ലോകത്തിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളില്‍ ഒന്നെന്ന് അവകാശപ്പെടുന്നതുമായ ഉറുക്ക് (ഇറാഖ് എന്ന വാക്ക് ഇതില്‍നിന്ന് വന്നതാണെന്ന് ചിലര്‍ കരുതുന്നു) എന്ന പ്രാചീനമായ മെസോപ്പൊട്ടേമിയന്‍ നാഗരിക അധിവാസ കേന്ദ്രവുമായി താരതമ്യം ചെയ്താലും, ബാഗ്ദാദ് ഒരു ശിശുവാണെന്നു പറയാം.

അതീവസൂക്ഷ്മവും ആസൂത്രണവൈദഗ്ദ്ധ്യവും ഒത്തുചേര്‍ന്ന ഈ നഗരനിര്‍മ്മാണത്തെക്കുറിച്ച് ഇന്ന് നമ്മള്‍ അറിയുന്നതിന് അതിന്റെ നിര്‍മ്മാണത്തെക്കുറിച്ച് ലഭ്യമായ രേഖകളോട് നന്ദി പറയണം. പുതിയൊരു തലസ്ഥാനത്തിനനുയോജ്യമായ സ്ഥലം അന്വേഷിച്ച് ടൈഗ്രിസിലൂടെ മുകളിലേക്കും താഴേക്കും സഞ്ചരിച്ച മന്‍സൂറിനോട്, ഈ സ്ഥലത്തിന്റെയും അവിടുത്തെ കാലാവസ്ഥ യുടെയും ഗുണമേന്മയെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്, മുസ്ലിങ്ങള്‍ വരുന്നതിനും ഏറെക്കാലം മുന്‍പ് ആ പ്രദേശത്ത് താമസിച്ചിരുന്ന നെസ്റ്റോറിയന്‍ പുരോഹിതന്മാരായിരുന്നുവെന്ന് ഇന്ന് നമുക്കറി യാം.

''രാജ്യങ്ങളുടെ പുസ്തകം'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവും, ഒമ്പതാം നൂറ്റാണ്ടിലെ അറബ് ഭൂമിശാസ്ത്രജ്ഞനും ചരിത്രകാരനു മായിരുന്നു യാക്കൂബിയുടെ അഭിപ്രായത്തില്‍, യൂഫ്രറ്റീസിന്റെ വളരെ അടുത്തായി, ടൈഗ്രിസിലുള്ള ഈ വ്യാപാര-സഹൃദ പ്രദേശം, 'പ്രപഞ്ചത്തിന്റെ നാല്‍ക്കവല'യാകാന്‍തക്ക ശേഷിയുള്ള തായിരുന്നു. ഇത്, പൂര്‍വ്വകാല പ്രാബല്യമുള്ള ഒരു വിലയിരുത്ത ലാണെന്നു കാണാം. കാരണം, യാക്കൂബി ഇത് എഴുതുമ്പോള്‍ ത്തന്നെ,, ബാഗ്ദാദ് എന്ന ശാന്തിയുടെ നഗരം, ദാര്‍ അല്‍ ഇസ്ലാമിന്റെ ഒരു പ്രമുഖ തലസ്ഥാനവും, ഗംഭീരന്മാരായ ശാസ്ത്രജ്ഞരുടെയും, ജ്യോതിശ്ശാസ്ത്രജ്ഞരുടെയും, കവികളുടെ യും ഗണിതശാസ്ത്രജ്ഞരുടെയും, സംഗീതജ്ഞരുടെയും ചരിത്രകാ രന്മാരുടെയും, നിയമവിദഗ്ദ്ധരുടെയും, തത്ത്വചിന്തകരുടെയു മൊക്കെ നാടെന്ന നിലയില്‍ ലോകത്തിന്റെ കേന്ദ്രമായിക്കഴി ഞ്ഞിരുന്നു. 


സ്ഥലം മന്‍സൂര്‍ അംഗീകരിച്ചതോടെ, അതിന്റെ രൂപത്തെക്കുറി ച്ചുള്ള ആലോചന തുടങ്ങി. വീണ്ടും, ഇത് പൂര്‍ണ്ണമായും ഖലീഫയുടെ പ്രവര്‍ത്തനഫലമായിരുന്നു എന്നാണ് ഇന്ന് നമ്മള്‍ അറിയുന്നത്. കര്‍ശനമായ മേല്‍നോട്ടത്തിന്‍ കീഴില്‍, തന്റെ വര്‍ത്തുള നഗരത്തിന്റെ ബാഹ്യരേഖ നിര്‍മ്മിക്കാന്‍ അദ്ദേഹം തൊഴിലാളികളെ ഏര്‍പ്പാടാക്കി. താന്‍ പഠിക്കുകയും ആദരി ക്കുകയും ചെയ്ത യൂക്ലിഡിന്റെ ജ്യാമിതീയ പാഠങ്ങള്‍ക്കുള്ള മന്‍സൂറിന്റെ കടപ്പാടായിരുന്നു ആ വര്‍ത്തുള നഗരം. മണ്ണില്‍ അടയാളപ്പെടുത്തിയ നഗരത്തിന്റെ രൂപരേഖയിലൂടെ നടന്ന് അദ്ദേഹം ആ പദ്ധതിക്ക് അംഗീകാരം നല്‍കുകയും, ബലമുള്ള ഇരട്ടമതിലിന്റെ സ്ഥാനങ്ങള്‍, ശിലാതൈലത്തില്‍ (നാഫ്ത) മുക്കിയ പരുത്തിഗോളങ്ങള്‍കൊണ്ട് അടയാളപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുക യും ചെയ്തു.


762, ജൂലയ് 30 ആയിരുന്നു ആസ്ഥാന ജ്യോതിഷികള്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങാന്‍ കണ്ടെത്തിയ ശുഭദിവസം. അള്ളാഹുവിനെ പ്രാര്‍ത്ഥിച്ച് മന്‍സൂര്‍ ആദ്യത്തെ ഇഷ്ടിക പാകി, പണി തുടങ്ങാ നുള്ള കല്‍പ്പന പുറപ്പെടുവിച്ചു.


ഈ വലിയ നഗരപദ്ധതിയുടെ തോത് ബാഗ്ദാദിന്റെ കഥയിലെ ഏറ്റവും സവിശേഷമായ ഘടകമായിരുന്നു. നാലു നാഴിക ചുറ്റളവില്‍ ടൈഗ്രിസിന്റെ തീരത്ത്, ഉയര്‍ന്ന ഭീമാകാരമായ ഭിത്തികള്‍ മന്‍സൂറിന്റെ വര്‍ത്തുളനഗരത്തിന്റെ വേറിട്ട അടയാളമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ പണ്ഡിതനായ അല്‍ ഖത്തീബ് അല്‍ ബാഗ്ദാദി രചിച്ച ബാഗ്ദാദിന്റെ ചരിത്രം എന്ന പുസ്തകം നഗരനിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു വലിയ ഖനിയാണ്. അതില്‍ പറയുന്നതു പ്രകാരം, ചുവരുകളുടെ ഉയരത്തിന്റെ മൂന്നില്‍ ആദ്യത്തെ ഭാഗം നിര്‍മ്മിച്ചത് 162,000 ഇഷ്ടികകള്‍ കൊണ്ടായിരുന്നു. രണ്ടാം ഭാഗത്ത് 150,000-വും, മൂന്നാം ഭാഗത്ത്140,000-വും. ഈറ്റകള്‍കൊണ്ട് ബന്ധിപ്പിച്ച് നിര്‍ത്തിയിരുന്നു ഈ ഇഷ്ടികകളെ. എണ്‍പതടി ഉയരമുള്ള പുറം ചുമരുകള്‍ ദുര്‍ഗ്ഗങ്ങളെക്കൊണ്ട് ശക്തിപ്പെടുത്തിയിരുന്നു. നഗരത്തിന്റെ ചുറ്റളവില്‍ ആഴമുള്ള ഒരു കിടങ്ങും.

തൊഴിലാളികളുടെ എണ്ണവും അതിശയിപ്പിക്കുന്നതായിരുന്നു. ആയിരക്കണക്കിന് ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും, നിയമവിദഗ്ദ്ധരും, സ്ഥലമളപ്പുകാരും, ആശാരിമാരും, കൊല്ല ന്മാരും, കുഴിവെട്ടുകാരും, സാധാരണ തൊഴിലാളികളും അടങ്ങുന്ന വലിയൊരു സംഘത്തെയാണ് അബ്ബാസിദ് സാമ്രാ ജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് അണിനിരത്തിയത്. ആദ്യം സ്ഥലമളന്നു തിട്ടപ്പെടുത്തി. മെസോപ്പൊട്ടേമിയന്‍ സമതലത്ത് പാറമടകള്‍ ഇല്ലാതിരുന്നതുകൊണ്ട്, വെയിലിലും ചൂളയിലും ചുട്ടെടുത്ത ഇഷ്ടികകളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇസ്ലാമിക ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണ പരിപാടിയായിരുന്നു അത്. ഒരു ലക്ഷത്തോളം ആളുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് യാക്കൂബി ഉറപ്പിക്കുന്നുണ്ട്.

വര്‍ത്തുളാകൃതി അമ്പരപ്പിക്കുന്നതായിരുന്നു. ''ലോകത്ത് മറ്റെവിടെയും ഇത്തരത്തിലുള്ള ഒരു വര്‍ത്തുള നഗരം ഇല്ലെന്ന് അവര്‍ പറയുന്നു'' എന്ന് ഖത്തീബ് കുറിച്ചു. പുറംഭിത്തിയില്‍, തുല്യ അകലം പാലിച്ച നാലു വാതിലുകള്‍ ഉണ്ടായിരുന്നു. നഗരത്തിന്റെ കേന്ദ്രത്തിലേക്ക് നീളുന്ന നേര്‍പ്പാതകള്‍. തെക്കു പടിഞ്ഞാറുള്ള കുഫ വാതിലും, തെക്കു-കിഴക്കുള്ള ബസ്ര വാതിലും സരത്ത് തടാകത്തിലേക്ക് യൂഫ്രട്ടീസിലെ ജലത്തെ ടൈഗ്രീസിലേക്കൊഴുക്കുന്ന ജലപാതകളില്‍ പ്രമുഖമായ തടാകം തുറന്നിരുന്നു. വടക്കുപടിഞ്ഞാറുള്ള ഷാം (സിറിയന്‍) വാതില്‍ സിറിയയിലെ മരുഭൂമിയിലൂടെ കടന്ന് അന്‍ബാറിലേക്കുള്ള പ്രധാന പാതയിലേക്കും, വടക്ക് കിഴക്കുള്ള ഖോറസാന്‍ വാതില്‍ ടൈഗ്രീസിനു കുറുകെയുള്ള കടത്തുവഞ്ചി പാലത്തിനടുത്തേക്കും തുറന്നിരുന്നു.

ബാഗ്ദാദിന്റെ നഗരജീവിതത്തിന്റെ പ്രധാനപെട്ട ഭാഗമായ, കരകളിലേക്കു കെട്ടിയിട്ട, പരസ്പരം കൂട്ടിക്കെട്ടിയ ഈ കടത്തു വഞ്ചിപ്പാലങ്ങള്‍ ഈ നഗരത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു. ടൈഗ്രീസിനു കുറുകെ ബ്രിട്ടീഷുകാര്‍ ഇരുപതാം നൂറ്റാണ്ടില്‍ ഇരുമ്പുപാലം സ്ഥാപിക്കുന്നതുവരെ മറ്റൊരു സ്ഥിരമായ സംവിധാനവും അവിടെ ഉണ്ടായിരുന്നില്ല.

ഈ നാലു പുറം വാതിലുകളുടെ മുകളിലും ഓരോ പ്രവേശന ഗോപുരങ്ങളുണ്ടായിരുന്നു. നഗരത്തിലേക്കും, അതിനപ്പുറം നീണ്ടുകിടക്കുന്ന ഈന്തപ്പനത്തോപ്പുകളിലേക്കും ടൈഗ്രിസിന്റെ തീരത്തുള്ള മരതകപ്പച്ചനിറമുള്ള പാടങ്ങളിലേക്കുമുള്ള വിഹഗ വീക്ഷണം സാധ്യമാക്കുന്നവയായിരുന്നു, ഉയരം കൂടിയ പ്രധാനഭിത്തിയുടെ മുകളിലുള്ള ഈ പ്രവേശനഗോപുരങ്ങള്‍. ഉച്ചച്ചൂടില്‍നിന്ന് അഭയം നല്‍കിയിരുന്ന ഖോറസാന്‍ വാതി ലിന്റെ മുകളിലുള്ള പ്രവേശനഗോപുരത്തില്‍ വെച്ചായിരുന്നു മന്‍സൂര്‍ ജനങ്ങളെ സ്വീകരിച്ചിരുന്നത്.

പുറംമതിലിലെ വാതിലുകളില്‍നിന്ന് നഗരമദ്ധ്യത്തിലേക്ക് നീളുന്ന നാലു പ്രധാനപാതകള്‍ക്കിരുവശവും കമാനാകൃതിയില്‍ സ്ഥാപിക്കപ്പെട്ട മരങ്ങള്‍ക്കുകീഴെ, വ്യാപാരികളുടെ കടകളും ചന്തകളുമുണ്ടായിരുന്നു. നാലു പ്രധാനപാതകളില്‍നിന്ന് കൈവഴിയായി നീളുന്ന ചെറിയ തെരുവുകളില്‍ ചത്വരങ്ങളും വീടുകളും; നഗരകേന്ദ്രത്തെ രാജാവിന്റെ സ്വന്തം സൂക്ഷിപ്പായി മാറ്റാനുള്ള മന്‍സൂറിന്റെ ആഗ്രഹത്തിന്റെ ഫലമായിരുന്നു പ്രധാന ഭിത്തിയുടെയും അകംഭിത്തിയുടെയും ഇടയിലുള്ള പരിമിതമായ സ്ഥലം.

ബാഗ്ദാദിന്റെ കേന്ദ്രബിന്ദു അടച്ചുറപ്പുള്ള ഒരു വലിയ സ്ഥലമായിരുന്നു. ഒരുപക്ഷേ 6500 അടി ചുറ്റളവുള്ള ഒരു പ്രദേശം. അതിന്റെ മദ്ധ്യത്തിലായിരുന്നു രാജവസതി. അതിന്റെ വെളിയിലായിരുന്നു ഖലീഫയുടെ കുട്ടികള്‍ക്കുള്ള കൊട്ടാരങ്ങളും, രാജാവിന്റെ ഉദ്യോഗസ്ഥര്‍ക്കും സഹായികള്‍ക്കുമുള്ള വീടുകളും, ഖലീഫയുടെ പാചകപ്പുരയും, കുതിരസൂക്ഷിപ്പുകാര്‍ക്കുള്ള നിരക്കെട്ടിടങ്ങളും, രാജഭരണ മന്ദിരങ്ങളും. അതിന്റെ ഒത്ത മദ്ധ്യത്തിലായി രണ്ട് മനോഹരങ്ങളായ കെട്ടിടങ്ങള്‍. ഒന്ന് വലിയ പള്ളിയും, മറ്റൊന്ന്, ഖലീഫയുടെ ലൌകികവും ആത്മീയവുമായ അധികാര സംഗമത്തിന്റെ ആവിഷ്‌ക്കാരമായ ഇസ്ലാമിക ശൈലിയിലുള്ള സുവര്‍ണ്ണ പ്രവേശന കൊട്ടാരവും. ഇതിന്റെ അകത്ത് സഞ്ചരിക്കാന്‍ മന്‍സൂറിനല്ലാതെ മറ്റാര്‍ക്കും അനുവാദ മുണ്ടായിരുന്നില്ല. സന്ധിവാതം വന്ന സ്വന്തം അമ്മാവനുപോലും ഇതിനകത്ത് പ്രവേശനം നിഷേധിക്കപ്പെട്ടതായി ചരിത്രം പറയുന്നു. വേണമെങ്കില്‍ പല്ലക്കില്‍ മാത്രം ഇതിനകത്ത് പ്രവേശിക്കാമെന്ന് ഇളവു കാട്ടിയ മന്‍സൂറിനോട്, ''ആളുകള്‍ എന്നെ കളിയാക്കും'' എന്ന് ഇസ എന്ന ആ അമ്മാവന്‍ പറഞ്ഞതായും, ''ഇനി നിങ്ങളെ കളിയാക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടോ?'' എന്ന് മന്‍സൂര്‍ തിരിച്ചുചോദിച്ചതായും കഥകളുണ്ട്.

മൂന്നുലക്ഷത്തി അറുപതിനായിരം ചതുരശ്ര അടി വലുപ്പമുള്ള തായിരുന്നു മന്‍സൂറിന്റെ കൊട്ടാരം. രാജസഭയുടെ മുകളിലുള്ള 130 അടി ഉയരമുള്ള താഴികക്കുടം നാഴികകള്‍ക്കകലെ നിന്നേ ദൃശ്യമായിരുന്നു. കുന്തമേന്തിയ ഒരു കുതിരക്കാരന്റെ പ്രതിമ യുണ്ടായിരുന്നു ആ താഴികക്കുടത്തിന്റെ മുകളില്‍. മന്‍സൂറിന്റെ ശത്രുക്കള്‍ വരുന്ന ദിശയിലേക്ക് ആ പ്രതിമ തിരിയാറുണ്ടാ യിരുന്നുവെന്ന് ഖത്തീബ് അവകാശപ്പെടുന്നു. ബാഗ്ദാദിലെ ആദ്യത്തെ 90,000 ചതുരശ്ര അടിയുള്ള ആ പള്ളി. അള്ളാഹു വിനു നേര്‍ന്ന ആ പള്ളി, അദ്ദേഹത്തിന്റെ ഏറ്റവും ശക്തരും വിശിഷ്ടരുമായ സേവകര്‍ അബ്ബാസിദുകളാണെന്നുള്ള സന്ദേശവുംപേറിയിരുന്നു.

766-ഓടെ വര്‍ത്തുള നഗരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അതൊരു വന്‍വിജയമാണെന്നായിരുന്നു പൊതുവായ അഭി പ്രായം. ഒമ്പതാം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയും ഉപന്യാസ കാരനും വാഗ്മിയുമായിരുന്ന അല്‍ ജഹീസ്, ആ നഗരത്തിനെ ക്കുറിച്ചുള്ള തന്റെ പ്രശംസയില്‍ ഒരു പിശുക്കും കാണിച്ചില്ല. ''ഉറപ്പുള്ള നിര്‍മ്മിതികളടങ്ങുന്ന വലിയ നഗരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. സിറിയയിലെ പ്രവിശ്യകളിലും, ബിസാന്റൈന്‍ പ്രദേശങ്ങളിലുമുള്ള നഗരങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും, ഇത്ര ഉന്നതമായ, കൃത്യമായ വര്‍ത്തുളതാകൃതിയുള്ള, വിശാലമായ പ്രവേശനകവാടങ്ങളും പ്രതിരോധങ്ങളുമുള്ള ഇതുപോലൊരു നഗരം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല''. നഗരത്തിന്റെ വര്‍ത്തുളാകൃതിയെയാണ് സവിശേഷമായും അല്‍ ജഹീസ് പ്രശംസിച്ചത്. ''ഒരു അച്ചിലേക്ക് ഒഴിച്ച് വാര്‍ത്തെടുത്തതു പോലെയുണ്ട് അത്'' എന്നായിരുന്നു അദ്ദേഹം എഴുതിയത്.
ആധുനീകരിക്കാനുള്ള ആവേശത്തില്‍, നഗരഭിത്തികള്‍ പൊളിച്ചുമാറ്റിയ ഓട്ടോമാന്‍ ഗവര്‍ണ്ണര്‍ മിഥാദ് പാഷയുടെ 1870-ലെ വരവോടെയാണ് മന്‍സൂറിന്റെ വര്‍ത്തുളനഗരത്തിന്റെ അവസാന അവശിഷ്ടങ്ങളും തകര്‍ക്കപ്പെട്ടത്. എന്നും പൂര്‍വ്വസ്ഥി തിയിലേക്ക് മടങ്ങാറുള്ള തങ്ങളുടെ ആ തലസ്ഥാനത്തുനിന്നും ഒഴിച്ചുനിര്‍ത്തപ്പെടുന്നതിനോട്, അതിനുശേഷം ബാഗ്ദാദുകാര്‍ സമരസപ്പെട്ടു.

അതിനുശേഷം 12 നൂറ്റാണ്ടുകള്‍ക്കിപ്പുറം, സദ്ദാം ഹുസൈന്റെ കാലത്ത് വീണ്ടും ബാഗ്ദാദുകാര്‍ തങ്ങളുടെ നഗരത്തിന്റെ കേന്ദ്രഭാഗത്തുനിന്ന് ഒഴിച്ചുനിര്‍ത്തപ്പെട്ടു. പഴയ വര്‍ത്തുള നഗരത്തിന്റെ അല്‍പ്പം തെക്കുള്ള കരാദത്ത് മറ്യം എന്ന അതിസുരക്ഷാ ജില്ല, ഭരണകൂടത്തിന്റ് തലസ്ഥാനമാവുകയും, സുരക്ഷാ സംവിധാനങ്ങളുപയോഗിച്ച് ആളുകളെ അമര്‍ച്ച ചെയ്യുകയും നിയന്ത്രിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു വലിയ യന്ത്രത്തിന്റെ പ്രധാന ഭാഗമാവുകയും ചെയ്തു. 2003-ലെ അമേരിക്കന്‍ അധിനിവേശത്തിന്റെ കാലത്ത് അത്, ഇറാഖി കള്‍ക്ക് പ്രവേശനമില്ലാത്തതും, ആറു ചതുരശ്ര നാഴിക വലുപ്പവുമുള്ള അയഥാര്‍ത്ഥവും ഭയജനകവുമായ ഗ്രീന്‍ സോണ്‍ എന്നു പേരുള്ള ശക്തിദുര്‍ഗ്ഗമായി മാറി.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം, ഗ്രീന്‍ സോണ്‍ (അതിസുരക്ഷാ മേഖല) വീണ്ടും ബാഗ്ദാദുകാര്‍ക്കായി തുറന്നുകൊടുക്ക പ്പെട്ടിരിക്കുന്നു. പക്ഷേ രാജ്യം തന്നെ ച്ഛിദ്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, അതില്‍ അത്രയധികമൊന്നും സന്തോഷിക്കാനില്ലെന്ന് ഇറാഖികള്‍ക്ക് അറിയാം. ബാഗ്ദാദ് ഇന്നും അതിജീവിക്കുന്നു, എങ്കിലും അതിന്റെ ജനത ഇന്നും ഭീകരമായ അക്രമപരമ്പര കള്‍ക്കകത്ത് വലയപ്പെട്ടിരിക്കുകയാണ്.


Justin Marozzi is the author of Baghdad: City of Peace, City of Blood, winner of the Royal Society of Literature's 2015 Ondaatje Prize. 

പരിഭാഷ: രാജീവ് ചേലനാട്ട്
Courtesy for Image; Internet
* സഖാവ് മാസിക 2016 ഏപ്രില്‍ ലക്കം.