"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 15, ബുധനാഴ്‌ച

അയ്യന്‍കാളി ഒരു ഗവേഷണ വിഷയം - ദലിത്ബന്ധു എന്‍ കെ ജോസ്


ആരാണ് അയ്യന്‍കാളി? ഇന്നും അതിനുത്തരം നല്‍കുവാന്‍ കേരളത്തിലെ ജനതയ്ക്ക് കഴിയുന്നില്ല. 1863 ല്‍ ജനിച്ച് 1941 ല്‍ മരിച്ച തെക്കന്‍തിരുവിതാംകൂറിലെ ഒരു പുലയനാണ് അയ്യന്‍കാളി. അദ്ദേഹം പുലയരുടെ നേതാവാണ് എന്നതിനപ്പുറ മൊന്നും അയ്യന്‍കാളിയെപ്പറ്റി ഇവിടത്തെ പ്രഗത്ഭ ചരിത്ര കാരന്മാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ഒന്നും അറിഞ്ഞുകൂടാ എന്ന് ആദ്യം ഉദ്ധരിച്ച രേഖകളില്‍ നിന്നും വ്യക്തമാണല്ലോ.

അയ്യന്‍കാളി കേരളത്തില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങളേക്കാള്‍ തുഛമായ മാറ്റങ്ങള്‍ക്കു നാന്ദികുറിച്ച വ്യക്തികളും പ്രസ്ഥാന ങ്ങളും സംഭവങ്ങളും ഇവിടെ ഗവേഷണത്തിന് വിധേയമായി ട്ടുണ്ട്. അതുപയോഗിച്ച് ഡോക്ടറേറ്റ് നേടിയവരുണ്ട്. എന്നാല്‍ അടിസ്ഥാനപരമായ വിപ്ലവത്തിന്റെ ശംഖനാദം മുഴക്കിയ അയ്യന്‍കാളിയെപ്പറ്റി അത്തരത്തി ലൊന്നും ഇന്നുവരെ സംഭവി ച്ചിട്ടില്ല. അതിനായിട്ടാരും ശ്രമിച്ചിട്ടുമില്ല. ഇപ്പോള്‍ കേരളാ സര്‍വ്വകലാശാല 2009 ല്‍ ആദ്യമായി അയ്യന്‍കാളി ചെയര്‍ സ്ഥാപിച്ചു. അയ്യന്‍കാളിയില്‍ ഇനിയും ജനശ്രദ്ധ പതിഞ്ഞിട്ടില്ലെ ന്നും ജനശ്രദ്ധ പതിയേണ്ട സവിശേഷതയോടുകൂടിയ വ്യക്തിത്വ ത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് ബുദ്ധിജീവികള്‍ പോലും അറിഞ്ഞിട്ടില്ല എന്നുള്ളതുമാണ് അതിന്റെ അര്‍ത്ഥം. അയ്യന്‍കാളി ജനിച്ചത് ദലിത് സമുദായത്തിലാണ് എന്നതാണ് അതിന്റെ കാരണം.

എല്ലാ സമൂഹത്തിനും ഒരു ഭരണവര്‍ഗം ഉണ്ട്. ആ ഭരണവര്‍ഗം നിലനില്‍ക്കുന്നത് മറ്റ് വര്‍ഗങ്ങളുടെ മേലുള്ള ചൂഷണത്തിലൂടെ യാണ്. ആ ചൂഷണത്തെ എതിര്‍ക്കുന്നവര്‍ ഭരണവര്‍ഗത്തിന്റെ ദൃഷ്ടിയില്‍ രാജ്യദ്രോഹികളാണ്. രാജ്യദ്രോഹികളെപ്പറ്റി പഠിക്കാന്‍ ശ്രമിക്കുന്നതു പോലും രാജ്യദ്രോഹമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യന്‍പത്ര ങ്ങളില്‍ ഗാന്ധിയെപ്പറ്റി എഴുതുന്നത് രാജ്യദ്രോഹ മാണ്. സഹസ്രാബ്ദങ്ങ ളായി കേരളത്തിലെയും ഭാരതത്തിലെയും ഭരണവര്‍ഗം ഹിന്ദുക്കളും അവരിലെ ബ്രാഹ്മണരുമായിരുന്നു-ആണ്. അവര്‍ ഇവിടെ നിലനിന്നത് ഭരണീയരായ മറ്റൊരു വര്‍ഗം ഉണ്ടായിരുന്നതു കൊണ്ടാണ്. ഇന്ത്യയില്‍ ഹിന്ദുക്കളെ കൂടാതെ ഉള്ളത് ആദിവാസി-ദ്രാവിഡ സങ്കരവര്‍ഗമാണ്. അവരാണ് ഇവിടത്തെ ഭരണീയര്‍. ഭരണവര്‍ഗത്തിന്റെ വളര്‍ച്ച എന്നത് ഭരണീയരുടെ മേലുള്ള ചൂഷണത്തിന്റെ പുരോഗതിയാണ്. ബ്രാഹ്മണര്‍ ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ വളര്‍ന്നു എന്നതിന്റെ അര്‍ത്ഥം ചണ്ഡാലര്‍ ഇവിടെ കഴിഞ്ഞ കാലങ്ങളില്‍ തളര്‍ന്നു എന്നാണ്. കൂടുതല്‍ ചൂഷണ വിധേയമാക്കപ്പെട്ടു എന്നാണ്. ആ ചൂഷണത്തിനെതിരായി കൈ പൊക്കിയ അയ്യന്‍കാളി അവരുടെ ദൃഷ്ടിയില്‍ രാജ്യദ്രോഹിയാണ്. രാജ്യദ്രോഹിയെപ്പറ്റി പഠിക്കു ന്നതും എഴുതുന്നതും രാജ്യദ്രോഹമാണ്. ഇന്നും അതെല്ലാം അങ്ങനെ തന്നെയാണ്. സ്വാതന്ത്ര്യം ലഭിച്ചതും ആറു പതിറ്റാണ്ട് കഴിഞ്ഞതും ജനത്തിനല്ല. ജനത്തിന്റെ കങ്കാണിമാര്‍ക്കാണ്. അതിനാല്‍ അയ്യന്‍കാളി ഇന്നും ചരിത്രത്തിന് അന്യനാണ്. അദ്ദേഹത്തെപറ്റിയുള്ള ഗവേഷണം ദുസാധ്യമാണ്. 

1863 ല്‍ അദ്ദേഹം ജനിച്ചകാലത്തെ കേരളത്തെപറ്റിയും 1941 ല്‍ അദ്ദേഹം മരിച്ച കാലത്തെ കേരളത്തെ പറ്റിയും അന്നത്തെ ദലിതരുടെ സ്ഥിതിയെ പറ്റിയും നടത്തുന്ന താരതമ്യ പഠനവും അതില്‍ പ്രകടമായി കാണുന്ന മാറ്റത്തിന്റെ ഉത്ഭവത്തെ പറ്റിയുള്ള പഠനവും അയ്യന്‍കാളി ആരാണെന്നും എന്താണെന്നും നമ്മെ ബോധ്യപ്പെടുത്തും. ആ കാലഘട്ടത്തില്‍ കേരളത്തിലെ മറ്റ് ഓരോ സമുദായത്തിനും ഉണ്ടായ മാറ്റവുമായി അതിനെ താരതമ്യ പ്പെടുത്തുന്നതും അയ്യന്‍കാളിയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ഉപകരിക്കും. അന്ന് അയ്യന്‍കാളി സൃഷ്ടിച്ച വിപ്ലവത്തിന്റെ ജ്വാലകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല; പൂര്‍വവല്‍ശോഭ യോടെ ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്. ആ ദിവ്യജ്യോതിക്ക് കാലാകാലങ്ങളില്‍ എണ്ണ പകരേണ്ട ആവശ്യമില്ല. ഒരിക്കലും വറ്റാത്ത ആവേശത്തിന്റെ ഉറവയായ ഈ മണ്ണിന്റെ മക്കളില്‍ നിന്നാണ് ആ ദീപം കൊളുത്തപ്പെട്ടത്. അതിനാല്‍ അയ്യന്‍കാളിയെ പറ്റിയുള്ള പൂര്‍ണ്ണമായ പഠനം ഒരര്‍ത്ഥത്തില്‍ ഇന്നും അസാധ്യ മാണ്. ഇവിടെത്തെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉയര്‍ത്തെഴു ന്നേല്‍പ്പ് പൂര്‍ണ്ണമാകുമ്പോള്‍ മാത്രമേ അയ്യന്‍കാളിയുടെ ജീവിത ത്തിന്റെയും പ്രയത്‌നത്തിന്റെയും പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു വിട്ട തരംഗങ്ങള്‍ ഈ മനുഷ്യ മഹാസമുദ്ര ത്തില്‍ അവസാനിക്കു കയുള്ളൂ. 

അയ്യന്‍കാളി ജീവിച്ച മുക്കാല്‍ നൂറ്റാണ്ടുകാലത്തെ മാറ്റത്തിന്റെ ഉത്തരവാദികള്‍ അദ്ദേഹത്തിനു പുറമേ അദ്ദേഹം മനുഷ്യരാക്കി യെടുത്ത അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ കൂടിയാണ്. അയ്യന്‍കാളിയിലൂടെ ദലിത്‌വര്‍ഗം നടത്തിയ ഉയര്‍ത്തെഴു ന്നേല്‍പ്പും ഇതര സമുദായങ്ങളിലും കേരളമൊട്ടാകെയും ആ ഉയര്‍ത്തെഴുന്നേല്‍പ്പ് വരുത്തിയ പരിവര്‍ത്ത നവും കൂടി ആ പഠനത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ശ്രീനാരായണഗുരു കാലം കഴിയും തോറും കൂടുതല്‍ കൂടുതല്‍ പ്രസക്തമായി വരുന്നതു പോലെ അയ്യന്‍കാളിയുടെ പ്രസക്തിയുടെ കാലം വരുന്നതേയുള്ളൂ എന്ന് വ്യക്തമാണ്. അയ്യന്‍കാളി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ ദലിത് വര്‍ഗത്തിനുണ്ടായ പുരോഗതിയുംകൂടി പരിഗണിക്കുന്നത് ആ പഠനത്തിന്റെ ഭാഗമാണ്. അയ്യന്‍കാളിക്ക് മുമ്പുണ്ടായിരുന്ന നൂറ്റാണ്ടുകള്‍ കേരളത്തിലെ പുലയരെ സംബന്ധിച്ചിടത്തോളം യാതൊരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയതാണ് എന്നുകൂടി സ്മരിക്കണം. അതായിരുന്നില്ല ഈഴവസമുദായത്തിന്റെ സ്ഥിതി. ശ്രീനാരായണഗുരുവി നുമുമ്പും മാറ്റത്തിനുള്ള അഭിവാഞ്ഛ ആ സമുദായത്തില്‍ സ്ഫുരിച്ചിരുന്നു. നാരായണഗുരുവിനെ കാണു ന്നതിന് മുമ്പുതന്നെ ഡോ: പല്‍പു സമരരംഗത്തു എത്തിയിരുന്നു.

അയ്യന്‍കാളിയുമായി ബന്ധപ്പെട്ട അനേകം മഹാന്മാര്‍ ഈ രാജ്യത്തുണ്ടായിരുന്നു. ഗാന്ധിയും നാരായണഗുരുവും ചട്ടമ്പിസ്വാമി കളും അതുപോലുള്ളവരും അക്കൂട്ടത്തില്‍പ്പെടും. ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയും എം.എം.വര്‍ക്കിയേയും പോലുള്ളവരുടെ ഒരു നീണ്ടപട്ടിക വേറെയുമുണ്ട്. അവരിലെല്ലാം എന്തെന്തു മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ അയ്യന്‍കാളിക്ക് കഴിഞ്ഞി ട്ടുണ്ട്. അയ്യന്‍കാളിയില്‍ അവര്‍ സൃഷ്ടിച്ച മാറ്റങ്ങളെന്തല്ലാം? അയ്യന്‍കാളിയെ പറ്റിയുള്ള പഠനത്തില്‍ ശ്രദ്ധിക്കേണ്ടതാണ് അവയെല്ലാം.

ഇന്ത്യയിലെ അടിസ്ഥാന ജനവര്‍ഗങ്ങളിലെ ആധുനിക യുഗത്തിന്റെ താത്വികാചാര്യന്‍ തീര്‍ച്ചയായും ഡോ:ബി.ആര്‍. അംബേദ്ക്കര്‍ തന്നെയാണ്. 1891 ല്‍ ജനിച്ച അദ്ദേഹം ബോം ബെയിലെ വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലും ലണ്ടനിലും ജര്‍മ്മനിയിലും പോയി വിദ്യാഭ്യാസം നടത്തി. അന്ന് ഇന്ത്യയില്‍ ജീവിച്ചിരുന്ന എല്ലാവരെയുംകാള്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യത നേടി. അടിസ്ഥാന ജനവര്‍ഗങ്ങളുടെ പ്രശ്‌നങ്ങളെ അപഗ്രഥിച്ച് പഠിച്ചെഴുതി. മഹാരാഷ്ട്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആയിരക്കണക്കിനു പേജുകളിലായി അവ പ്രസിദ്ധീ കരിച്ചു. ആ രംഗത്തെ ഏറ്റവും വലിയ ധിക്ഷണശാലി അദ്ദേഹം തന്നെയാണ് എന്നതിനു സംശയമില്ല.10 അദ്ദേഹത്തിന്റെ ജനനത്തിനു കാല്‍നൂറ്റാണ്ടുമുമ്പ് ജനിച്ച അയ്യന്‍കാളി നിരക്ഷര നായി രുന്നു. സ്വന്തം പേര് എഴുതി ഒപ്പിടാന്‍ പോലും അറിഞ്ഞു കൂടാത്തവനാ യിരുന്നു എന്ന് പറഞ്ഞുവല്ലോ. അന്നുവരെ ലോകത്തില്‍ രചിക്കപ്പെട്ട മതഗ്രന്ഥങ്ങളില്‍ ഒന്നുപോലും വായിക്കുകയോ വായിച്ച് കേള്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ജാതിയുടെയും ജാതിജന്യമായ ഉച്ചനീചത്വത്തി ന്റെയും അതിന്റെ നിര്‍മാര്‍ജനത്തിന്റെയും അടിസ്ഥാന ജനവര്‍ഗത്തിന്റെ ഉല്‍ക്കര്‍ഷത്തിന്റെയും പോലുള്ള പ്രശ്‌നങ്ങളുടെ സമീപനത്തില്‍ രണ്ടുപേരും ഒരേ നിലപാടാണ് സ്വീകരിച്ചത്. അടിസ്ഥാന ജനവര്‍ഗങ്ങള്‍ മതത്തോട് സ്വീകരിക്കേണ്ട സമീപനം, സര്‍ക്കാരി നോട് അനുവര്‍ ത്തിക്കേണ്ട നയം, ബ്രാഹ്മണരോട് കൈക്കൊ ള്ളേണ്ട നിലപാട് തുടങ്ങിയുള്ള കാര്യങ്ങളില്‍ അവര്‍ ഒരേ മനോഭാവമുള്ളവരായിരുന്നു. അത് അംബേദ്ക്കര്‍ അയ്യന്‍കാ ളിയില്‍ നിന്നോ അയ്യന്‍കാളി അംബേദ്ക്കറില്‍ നിന്നോ സ്വീകരി ച്ചതായിരുന്നില്ല. അവര്‍ രണ്ടുപേരും മൗലിക പ്രതിഭയുള്ള ദലിത് നേതാക്കന്‍മാരായിരുന്നു. അവരുടെയും അവരുടെ സമുദായ ത്തിന്റെ പ്രശ്‌നങ്ങള്‍ ഒന്നായിരുന്നു. അതിന്റെ പശ്ചാത്തലം ഒന്നായിരുന്നു. അതിനാല്‍ അതിന്റെ പ്രതിവിധിയും ഒന്നായി രുന്നു. അങ്ങനെ നോക്കുമ്പോള്‍ അംബേദ്ക്കര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഒരു അംശം അയ്യന്‍കാളിക്ക് ലഭിച്ചിരുന്നൂ വെങ്കില്‍ അദ്ദേഹം ഇവിടെ എന്തെല്ലാം അത്ഭുതങ്ങള്‍ പ്രവര്‍ത്തി ക്കുമായിരുന്നു? അദ്ദേഹം എത്ര വലിയ താത്വികാചാര്യനാകു മായിരുന്നു? അംബേദ്ക്കര്‍ക്കു അയ്യന്‍കാളിക്കും കണ്ടുമുട്ടാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യമുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗക്കാരുടെ പുരോഗതിയുടെ ചിത്രം.