"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 15, ബുധനാഴ്‌ച

ബംഗാളിലെ സിപിഐ (എം) കോണ്‍ഗ്രസ് സഖ്യം - കെ എന്‍ രാമചന്ദ്രന്‍


കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി വെല്ലുവിളികളെ നേരിടുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ അതിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്‍ട്ടിയും എടുക്കുന്ന വലതുപക്ഷ അവസരവാദ നിലപാടുകള്‍ പ്രസ്ഥാനത്തെ കൂടുതല്‍ ബലഹീനമാക്കും. കേരളത്തില്‍ അഞ്ചു വര്‍ഷം മാറിമാറി യുഡിഎഫിന്റെ തുടര്‍ച്ച എന്ന പോലെ പ്രവര്‍ത്തിക്കുന്ന, സിപിഎം നയിക്കുന്ന എല്‍ഡിഎഫ് ഭരണത്തിന്റെ അനുഭവങ്ങളും ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ചശേഷം 2011 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം നയിക്കുന്ന ഇടതുമുന്നണി ഭരണത്തിന്റെ അനുഭവങ്ങളും തെളിയിക്കുന്നതിതാണ്. 2004 മുതല്‍ അഞ്ചുവര്‍ഷം കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ്ങിനെ ഇടതുമുന്നണി താങ്ങിനിന്നതിന്റെ പേരിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് ഒരുപാട് ദുഷ്‌പേരുണ്ടായി. സിപിഎമ്മും അതു നയിക്കുന്ന ഇടതുമുന്നണിയും കാട്ടികൂട്ടുന്ന അവസരവാദ പരിപാടികള്‍ കോണ്‍ഗ്രസ്സും മറ്റു ഭരണവര്‍ഗ്ഗപാര്‍ട്ടികളും പിന്തുടരുന്ന പിന്തിരിപ്പന്‍, മതപ്രീണന നയങ്ങള്‍ക്കൊപ്പം തീവ്രവലതുപക്ഷ പാര്‍ട്ടിയായ ബിജെപിയെ അധികാരത്തില്‍ കൊണ്ടുവന്നതില്‍ വഹിച്ച പങ്ക് ഇന്നു വ്യക്തമാണ്. അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് ജീര്‍ണ്ണിച്ച് നാമാവശേഷമാകുകയാണ്. എന്നിട്ടും സ്വന്തം സാമ്പത്തിക നയമോ, മത - ജാതി പ്രീണന നയങ്ങളോ, അധികാരപ്രവണതയോ പരിത്യജിക്കാന്‍ അതു തയാറില്ല. അതുകൊണ്ട് കൂടുതല്‍ കൂടുതല്‍ അത് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നു. ഭരണവര്‍ഗ്ഗ നയങ്ങള്‍ പിന്തുടരുന്ന പ്രാദേശിക പാര്‍ട്ടികളുടെയും സ്ഥിതി ഇതുതന്നെ. ഈ സാഹചര്യത്തില്‍ പത്തു വര്‍ഷത്തെ പിന്തിരിപ്പന്‍ യുപിഎ ഭരണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു ബദല്‍ സര്‍ക്കാരിനു വേണ്ടിയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. സിപിഎം നയിക്കുന്ന ഇടതു മുന്നണിക്ക് ഇത്തരമൊരു ബദല്‍ സങ്കല്‍പം മുന്നോട്ടുവയ്ക്കാ നാവില്ലെന്നു മാത്രമല്ല ഫലത്തില്‍ കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാടായിരുന്നു അത് എടുത്തത്. ഈ സാഹചര്യത്തിലാണ് കോര്‍പ്പറേറ്റുകളുടെ കുത്തകമാധ്യമങ്ങളുടെ പിന്തുണയോടെ പലവിധ വാഗ്ദാനങ്ങള്‍ നല്‍കി പ്രചാരണം നടത്തി ബിജെപി ലോകസഭയില്‍ ഭൂരിപക്ഷം നേടുന്നത്. കോണ്‍ഗ്രസ്സ് തറപറ്റുകയും ചെയ്തു. കോണ്‍ഗ്രസ്സില്‍ നിന്ന് വ്യത്യസ്തമായ ഒരു ബദല്‍ സമീപനം അഖിലേന്ത്യാ ടിസ്ഥാനത്തില്‍ മുന്നോട്ടു വയ്ക്കാനില്ലാ തിരുന്നതുകൊണ്ട് സിപിഎം മുന്നണിക്കും ഇതിനുമുമ്പൊരിക്കലും ഉണ്ടാകാത്തത്ര ദയനീയ പരാജയം സംഭവിക്കുകയും ചെയ്തു. 

ഈ സംഭവ വികാസത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തിയ ശേഷം കഴിഞ്ഞവര്‍ഷം വിശാഖപട്ടണത്തു ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സ് ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരായ ഇടതുപക്ഷ ജനാധിപത്യ ബദല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കാന്‍ തീരുമാനമെടുത്തു. ഇത് തെരഞ്ഞെടുപ്പുമാത്ര മുന്നണി ആയിരിക്കില്ലെന്നും തെരഞ്ഞെടുപ്പേതര സമരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന മുന്നണി ആയിരിക്കുമെന്നും പ്രഖ്യാപി ക്കുകയും ചെയ്തു. പക്ഷേ പ്രയോഗത്തില്‍ വരുത്തിയതോ? ഒരു പൊതു മിനിമം പരിപാടി അഖിലേന്ത്യാടിസ്ഥാനത്തില്‍ മുന്നോട്ടു വയ്ക്കാനോ, അതിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റു വല്‍ക്കരണവും വര്‍ഗ്ഗീയ വല്‍ക്കരണവും അതിവേഗം നടപ്പാ ക്കുന്ന മോഡി ഭരണത്തിനെതിരെ ഒരു പ്രക്ഷോഭ പരിപാടി അവതരിപ്പിക്കാനോ അവയോടു യോജിക്കുന്ന ഇടതുപക്ഷ ജനാധിപത്യശക്തികളെ ഐക്യപ്പെടുത്തി ജനകീയ ബദല്‍ സങ്കല്‍പ്പം മുന്നോട്ടു വയ്ക്കാനോ അതു തയ്യാറായില്ല. പേരിന് സിപിഐ (എംഎല്‍) ലിബറേഷന്‍ എസ്സ് യു സി ഐ എന്നിവരെ ചേര്‍ത്ത് അഖിലേന്ത്യാ മുന്നണിയും സംസ്ഥാനങ്ങളില്‍ കേരളത്തിലെ ഉണ്ണിചെക്കന്‍ ഗ്രൂപ്പിനെപോലുള്ള നാമമാത്രമായ സംഘടനകളെ ചേര്‍ത്തുള്ള മുന്നണികളും നവീകരിച്ചെന്ന് അവകാശപ്പെടുന്നു ണ്ടെങ്കിലും ബീഹാറിലേയും ഇപ്പോള്‍ ആസ്സാമിലേയും തെരഞ്ഞെടുപ്പു മുന്നണികള്‍ ഒരുമിച്ച് ഒരു വിശാല ഇടതു മുന്നണി പ്രവര്‍ത്തനവും ഒരിടത്തും നടക്കത്തില്ല. അതേസമയം ബംഗാളിലെ തെരഞ്ഞെടുപ്പു വന്നതോടെ മേല്‍പ്പറഞ്ഞ പ്രഖ്യാപന ങ്ങളൊക്കെ വിഴുങ്ങി നിലനില്‍പ്പിനുവേണ്ടി കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പു ധാരണയില്‍ എത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗ വുമില്ലെന്ന സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തെ കേന്ദ്ര കമ്മറ്റിയും അംഗീകരിക്കുന്നതുവരെ തെരഞ്ഞെടുപ്പു വ്യാമോഹ ങ്ങള്‍ സിപിഎമ്മിനെ എത്തിച്ചിരിക്കുന്നു. 

കോണ്‍ഗ്രസ്സിന്റെ പിന്തിരിപ്പന്‍ സ്വേച്ഛാധിപത്യ (അര്‍ദ്ധ - ഫാസിസ്റ്റ് എന്നു സിപിഎം തന്നെ വിശേഷിപ്പിച്ച) ഭരണത്തില്‍ പൊറുതിമുട്ടിയിട്ടാണ് 1977 ലെ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ജനങ്ങല്‍ സിപിഎം മുന്നണിക്ക് വന്‍ഭൂരിപക്ഷം നല്‍കി അധികാരത്തില്‍ ഏറ്റിയത്. തുടര്‍ന്നുള്ള ഏതു തെരഞ്ഞെടുപ്പു കളില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് അധികാരത്തില്‍ എത്തിയിട്ടും തമിഴ്‌നാട്ടില്‍ ഡിഎംകെ - എഡിഎംകെ ഭരണങ്ങളില്‍ നടക്കുന്ന ജനപ്രിയ പരിപാടികള്‍ പോലും നടത്താനാകാതെ അഴിമതിക്കാരായിട്ട് അവസാനം സിംഗൂരിലും നന്ദിഗ്രമിലും സ്വന്തം അനുയായികളെ തന്നെ മര്‍ദ്ദിച്ചൊതുക്കു ന്നതില്‍ എത്തിയതുകൊണ്ടാണ് സിപിഎം മുന്നണി 2011 ല്‍ വന്‍ പതനത്തെ നേരിട്ടത്. കോണ്‍ഗ്രസ്സില്‍ നിന്ന് പിളര്‍ന്നുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്, കോണ്‍ഗ്രസ്സിന്റെയും സിപിഎം മുന്നണിയുടെയും ഭരണപരാജയങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയാണ് വിജയിച്ചത്. അഴിമതിയുള്‍പ്പെടെ ഒരുപാട് ആരോപണങ്ങള്‍ മമത സര്‍ക്കാരിനെതിരെ ഉയര്‍ന്നു വരികയും ചെയ്തിട്ടുണ്ട്. എന്നിട്ടും മമതയെ നേരിടാന്‍ സിപിഎം അതിന്റെ വിശാഖപട്ടണം തീരുമാനത്തിനു നേര്‍ വിപരീതമായി കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പു ധാരണ ഉണ്ടാക്കുകയും തങ്ങളുടെ കൊടികള്‍ കൂട്ടികെട്ടി ഒന്നിച്ചു പ്രചാരണം നടത്തുകയുമാണ്. അതായത്, തെരഞ്ഞെടുപ്പു വന്നപ്പോള്‍ വിശാല ഇടതുപക്ഷ ജനാധിപത്യമുന്നണിയൊന്നുമില്ല, ബംഗാളില്‍ കോണ്‍ഗ്രസ്സുമായും, തമിഴ്‌നാട്ടില്‍ സങ്കുചിത ദേശിയവാദിയായ സെക്കോയുടെ ങഉങഞ യോടും 2014 ല്‍ ബിജെപി മുന്നണിയിലായിരുന്ന വിനയകാന്തിന്റെ ഉഉങഞ യുമായും ഐക്യപ്പെടും. എങ്ങിനെയും തെരഞ്ഞെടുപ്പില്‍ നയികയെന്ന പാര്‍ലമെന്ററി വ്യാമോഹത്തിന് തീര്‍ത്തും കീഴ്‌പ്പെട്ടിരിക്കുകയാണ് സി പി എം. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ബംഗാളില്‍ ജയിച്ചാലും 34 വര്‍ഷം സ്വന്തം മുന്നണി ഭരിച്ചപ്പോള്‍ കാഴ്ചവെച്ചതിനേക്കാള്‍ കൂടുതല്‍ പുരോഗമനപരമായ ഭരണം നടത്താന്‍ കഴിയുമോ? അതോ പരാജയപ്പെട്ടാല്‍ കനത്ത തകര്‍ച്ച സംഘടനയെ നേരിടില്ലേ? പാര്‍ലമെന്ററി വ്യാമോഹത്തിന് കീഴ്‌പ്പെട്ടാല്‍ ഇതൊക്കെ ആലോചിക്കാന്‍ തയ്യാറാവില്ല. 

കേരളത്തിലെ സ്ഥിതിയോ? കോണ്‍ഗ്രസ്സിന്റെ യുഡിഎഫ് ഭരണം പുഴുത്തു നാറി ആഭ്യന്തര കലഹം വരെ നേരിടുമ്പോള്‍ പോലും അതിനെ പരാജയപ്പെടുത്താന്‍, ഒരു ബദല്‍ ഭരണം കാഴ്ചവ യ്ക്കാ നോ ഒരു ജനകീയ പരിപാടി മുന്നോട്ടു വയ്ക്കാനോ അതിന്റെ അടിസ്ഥാനത്തില്‍ യോജിക്കാവുന്ന ശക്തികളെ ചേര്‍ത്ത് മുന്നണി ഉണ്ടാക്കാനോ അല്ല ശ്രമം. പിന്തിരിപ്പന്‍ കോണ്‍ഗ്രസ്സും വര്‍ഗ്ഗീയ പാര്‍ട്ടികളായ മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസ്സും മറ്റും ചേര്‍ന്നുള്ള യുഡിഎഫിനെ നേരിടാന്‍ സിപിഎം ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്സില്‍ നിന്ന് പിളര്‍ന്നുണ്ടായ പിന്തിരിപ്പന്‍ ഗ്രൂപ്പുകളും വര്‍ഗ്ഗീയ പാര്‍ട്ടികളായ ഐ എന്‍ എല്ലും കേരള കോണ്‍ഗ്രസ്സ് വിമതനും മറ്റും ചേര്‍ന്നുള്ള മുന്നണിയാണ്. യുഡിഎഫിന്റെ തന്നെ വിഴിഞ്ഞം പോലുള്ള പരിപാടികള്‍ പിന്തുടരാന്‍ ഇതിലും മെച്ചപ്പെട്ട ഒരു മുന്നണിയുടെ ആവശ്യ മെന്ത്? അങ്ങിനെ ബംഗാളില്‍ മുഖ്യ ശത്രുവായ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ കോണ്‍ഗ്രസ്സുമായി സഖ്യം കേരളത്തില്‍ എങ്ങിനെയും അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസ്സിനെതിരെ പൊരിഞ്ഞ പോരാട്ടം ഇതാണ് സിപിഎം ന്റെ വൈരുദ്ധ്യാ ധിഷ്ഠിത സമീപനം. 

ഇടതുപക്ഷ പ്രസ്ഥാനത്തിനു തന്നെ കളങ്കമുണ്ടാക്കുന്ന ഈ അവസരവാദം ആരെയാണു സഹായിക്കുക? ഒരു ഭാഗത്ത് ഇത് ഇടതുപക്ഷ പ്രസ്ഥാനത്തോടുതന്നെ പുതിയ തലമുറയില്‍ അവജ്ഞ ഉണ്ടാക്കി, അവരെ അതില്‍ നിന്നകറ്റുന്നു. വ്യവസ്ഥാ പരിവര്‍ത്തന ത്തെക്കുറിച്ചോ സോഷ്യലിസ്റ്റ് ഭാവിയെക്കുറിച്ചോ ഉള്ള സങ്കല്‍പ്പങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. മറുഭാഗത്ത്, ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ്സ് സഖ്യത്തിനും തൃണമൂല്‍ കോണ്‍ഗ്രസ്സിനും എതിരെയുള്ള കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ യുഡിഎഫിനും സിപിഎമ്മിന്റെ എല്‍ ഡി എഫിനുമെതിരെയും ഹിന്ദുവോട്ടുകളുടെ ധ്രുവീകരണത്തിന്റെ പേരില്‍ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയെ സഹായിക്കുന്നു. അഹോരാത്രം സംഘപരിവാറിനെതിരെ വിമര്‍ശനം നടത്തുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഫലത്തില്‍ സഹായിക്കുന്നത് വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ വളര്‍ച്ചയെയാണ്. 

മാധ്യമങ്ങള്‍ പതിവുപോലെ തെരഞ്ഞെടുപ്പുവിശേഷങ്ങളെല്ലാം ഈ പ്രമുഖ പാര്‍ട്ടികളിലും കൂട്ടുകെട്ടുകളിലുമായി ചുരുക്കു മ്പോള്‍ ഇക്കൂട്ടര്‍ക്കെല്ലാം പരസ്പരം മത്സരിച്ച് നടപ്പാക്കുന്ന നവഉദാര വികസന നയങ്ങളില്‍ നിന്നു വ്യത്യസ്തമായ ജനകീയ വികസനത്തെക്കുറിച്ചോ മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍തിരിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള മതേതരത്തെക്കു റിച്ചോ ജാതി ഉന്മൂലനത്തെക്കുറിച്ചോ പരിസ്ഥിതി രക്ഷിക്കുന്നതി നെക്കുറിച്ചോ കാര്‍ഷിക - വ്യാവസായിക മേഖലകളിലെ പ്രതിസന്ധിയെക്കുറിച്ചോ ഗള്‍ഫില്‍ നിന്നുള്ള തിരിച്ചൊഴുക്കിനെ കുറിച്ചോ ഗൗരവമുള്ള ചര്‍ച്ചകള്‍ പോലും നടക്കാത്ത സ്ഥിതി സൃഷ്ടിക്കപ്പെടുന്നു. മുസ്ലീം ലീഗും ഐഎന്‍എലും കേരള കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സ് വിമതരും പോലെ ബിജെപിയും ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ശ്രദ്ധ മുഴുവന്‍ മത - ജാതി ധ്രുവീകരണങ്ങള്‍ക്കു വേണ്ടിയാകുന്നു. പ്രകൃതിയുടെ വിനാശം പോലെ ജനതകളുടെ രാഷ്ട്രീയത്തിന്റെ സംസ്‌കാരത്തിന്റെ മലിനീകരണമാണ് ഇതിലൂടെ സംഭവിക്കുന്നത്. വളരെ വളരെ അപകടം നിറഞ്ഞ സാഹചര്യത്തിലേക്കാണ് ഇത് ജനങ്ങളെ നയിക്കുന്നത്. 

ഈ സാഹചര്യത്തിലാണ് ബദല്‍ ജനകീയ വികസന - ജനാധി പത്യ വല്‍ക്കരണ പരിപാടി മുന്നോട്ടു വച്ചുകൊണ്ട് സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍ ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബംഗാളില്‍ വിവിധ മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റു സംഘടനകളെ ഐക്യപ്പെടുത്തി 'ഇടതു സമരവേദി' നവീകരിച്ചാണ് പാര്‍ട്ടി മത്സരിക്കുന്നത്. പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന ബദല്‍ കാഴ്ചപ്പാടുകള്‍ക്കും സോഷ്യലിസ്റ്റ് ഭാവിക്കും വേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയാണ് പുരോഗമന ശക്തികളുടെ കടമ.

* സഖാവ് മാസിക . 2016 ഏപ്രില്‍ ലക്കം.