"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

അയ്യന്‍കാളിയുടെ നേട്ടങ്ങള്‍ - ദലിത്ബന്ധു എന്‍ കെ ജോസ്


എന്നാല്‍ അയ്യന്‍കാളിയുടെ നേട്ടങ്ങള്‍ ഇതൊന്നുമായിരുന്നില്ല എന്നതാണ് സത്യം. 1941 നു ശേഷവും 1947 ലെ രാഷ്ട്രീയ സ്വാതന്ത്ര്യ ലബ്ധിക്കുശേഷവും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസരംഗ ങ്ങളിലെല്ലാം ദലിതരില്‍ ഒരു വലിയ പരിവര്‍ത്തനമുണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ആടും കോഴിയും താറാവും കിട്ടും. ഐ.ആര്‍.ഡി. പി.യും ലക്ഷംവീടും ഹരിജന്‍കോള നിയും അംബേദ്ക്കര്‍ ഗ്രാമവുമുണ്ട്. എന്നാല്‍ അതിനുമുമ്പ് ആ സമുദായത്തിന് അയ്യന്‍കാളി നേടിക്കൊടുത്തത് അതിന്റെ പ്രാക്‌രൂപമോ പ്രാദേശികഭാവമോ ആയിരുന്നില്ല. അത് അടിസ്ഥാനപരമായ ദര്‍ശനമായിരുന്നു, പരിവര്‍ത്തനത്തിനാ വശ്യമായ ദര്‍ശനം.

എല്ലാ മാറ്റങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും അടിസ്ഥാനം ദര്‍ശനമാണല്ലോ. ഹിറ്റ്‌ലര്‍ ലോകം പിടിച്ചടക്കാന്‍ നാസിപ്പടയെ തയ്യാറാ ക്കുന്നതിനു മുമ്പ് ഒരു ദര്‍ശനം അവര്‍ക്കു നല്‍കി. ആധുനിക ആര്യന്‍ നാസിസം. ഇന്ത്യയില്‍ അതാവര്‍ത്തിക്കുവാന്‍ ശ്രമിക്കുകയാണല്ലോ. റൂസോയുടെയും വാള്‍ട്ടെയറുടെയും ദര്‍ശനമാണ് ഫ്രഞ്ചു വിപ്ലവത്തിന് പ്രേരകമായത്. അങ്ങനെ ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടികാണിക്കാന്‍ സാധിക്കും. 

അയ്യന്‍കാളിയുടെ ജനനകാലത്ത് 1860 കളില്‍ പുലയ-പറയ-കുറവ-പല്ലവ ആദി സമുദായങ്ങളിലെ ജനസാമാന്യത്തിന് എന്തെങ്കിലും ദര്‍ശനമുണ്ടായിരുന്നുവോ? ഇന്ന് നമ്മുടെ തൊഴുത്തില്‍ നില്‍ക്കുന്ന മൃഗങ്ങള്‍ക്ക് എന്തെങ്കിലും ദര്‍ശനമുണ്ടോ. 1855 ല്‍ അടിമത്തം നിരോധി ച്ചുവെങ്കിലും അന്നും അടിമകളാരും ഫലത്തില്‍ സ്വതന്ത്രരായിരുന്നില്ല. സ്വതന്ത്രരാകണമെന്ന ആഗ്രഹം പോലും അവരിലുണ്ടായിരുന്നില്ല. തമ്പുരാന്‍ തരുന്ന കൂരയും രാത്രിയിലെ ഒരു കൂലിയാന്‍ നെല്ലും നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു അവര്‍. ഒരടിമയും തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവിതാംകൂറില്‍ ഒരിക്കലും ഒരു പ്രക്ഷോഭണവും നടത്തിയിരുന്നില്ല. അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിക്കുകപോലും ചെയ്തിട്ടില്ല. അതെല്ലാം നടന്നത് അമേരിക്കയിലെ കറമ്പരുടെ കാര്യത്തിലാണ്.1 മൃഗങ്ങളെക്കാള്‍ ഒരുതരത്തിലും മെച്ചമായ ഒരു ജീവിതം കേരളത്തിലെ ദലിതരിലാര്‍ക്കും അന്നുണ്ടായിരുന്നില്ല.

സ്വന്തം കൂരയും അതിന്റെ സാമൂഹ്യപരിതസ്ഥിതികളുമായി തൃപ്തിപ്പെട്ടിരുന്നവരില്‍, തങ്ങളുടേത് ഇതൊന്നുമല്ല, ഇതിലെല്ലാം ഉന്നതമായതാണ്, അത് കയ്യടക്കണം അതിനുവേണ്ടി ശ്രമിക്കണം എന്ന അടങ്ങാത്ത ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് അയ്യന്‍കാളി യുടെ നേട്ടം; അഥവാ സംഭാവന. അതാണ് അയ്യന്‍കാളിയുടെ ദര്‍ശനം. പരിവര്‍ത്തനത്തിനും പുരോഗതിക്കും വേണ്ടിയുള്ള അഭിവാഞ്ച. മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹം അവരില്‍ സൃഷ്ടിച്ചത് അദ്ദേഹ മാണ്. ആയിരത്താണ്ടുകള്‍ നിശ്ചലം നിന്നു ദുഷിച്ച വെള്ളത്തിനാണ് അദ്ദേഹം ചാലുകീറി യത്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ കല്ലായി കിടന്ന അഹല്യയെ സ്പര്‍ശിച്ച കൈകളാണ് അദ്ദേഹത്തിന്റേത്. 

പെരിനാട് പ്രദേശത്ത് ഏതാനും ദലിത് യുവാക്കള്‍ക്ക് രാത്രികാലങ്ങളില്‍ ഒരുമിച്ച് ചേരാനും തങ്ങളുടെ ദയനീയ അവസ്ഥയുടെ കാഠിന്യം പരസ്പരം കൈമാറാനും പ്രചോദനം ലഭിച്ചത് എവിടെ നിന്നാണ്? ഒരു വിഷമഘട്ടം വന്നപ്പോള്‍ അവര്‍ അയ്യന്‍കാളിയെ കാണാന്‍ കാരണമായത് എങ്ങനെയാണ്? വെള്ളിക്കരചോതിക്കു തന്റെ നാട്ടില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ അയ്യന്‍കാളിയെ പോയികാണണമെന്ന് തോന്നിയത് എങ്ങനെയാണ്? 

വഴി തങ്ങളുടേതാണെന്നു മനസ്സിലാക്കി അതിലൂടെ നടക്കാനുള്ള അവകാശം സ്ഥാപിച്ചെടുത്തപ്പോള്‍ ഇത്രയുംനാള്‍ അതു തടഞ്ഞുവച്ചവ രോടുള്ള അമര്‍ഷം നുരഞ്ഞുപൊങ്ങി. അക്ഷരം പഠിക്കാനുള്ള അവകാശം സര്‍ക്കാര്‍ നല്‍കിയിട്ടും അതനുവദി ക്കാതിരുന്നവരോടുള്ള അമര്‍ഷം, രൂക്ഷമാകുക വഴിനടക്കാനുള്ള അവകാശം പ്രകൃതി നല്‍കിയിട്ടും അതിനെതടഞ്ഞവരോടുള്ള അമര്‍ഷം ചിറപൊട്ടിയൊഴുകി. മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവകാശത്തെപ്പറ്റി യുള്ള അവബോധം അതു നിഷേധിച്ചവരോടുള്ള അമര്‍ഷമായി മാറി. ആ അമര്‍ഷമാണ് യഥാര്‍ത്ഥത്തില്‍ ഒരുവനെ ദലിതനാക്കുന്നത്. ഹൃദയത്തില്‍ തിങ്ങിവിങ്ങുന്ന അമര്‍ഷമില്ലാത്തവരാരും ദലിതരല്ല. അത് ദലിതരില്‍ കുത്തിവെച്ചത് അദ്ദേഹമാണ്. ആധുനിക ദലിതരുടെ പിതാവ് അയ്യന്‍കാളിയാകുന്നത് അങ്ങനെയാണ്.

പ്രസ്തുത അമര്‍ഷവും അഭിവാഞ്ചയും ആവേശവും പിന്നീടവര്‍ക്ക് പലതും നേടികൊടുത്തു. ആ നേടിയെടുക്കലിന്റെ പാതയിലെ ചെറിയ തടസ്സം നീക്കുകയല്ല, ആ പാതയിലേക്ക് അവരെ തള്ളിവിടുകയാണ് അദ്ദേഹം ചെയ്തത്. ആ പാതയിലൂടെ പിന്നീടവര്‍ വളരെയേറെ സഞ്ചരിച്ചു. ആറ്റം വിഭജിക്കാമെന്നു കണ്ടുപിടിച്ച മഹാനെ ആറ്റം വിഭജനത്തില്‍ നിന്നും മനുഷ്യരെ ലക്ഷക്കണക്കിന് ഒരുമിച്ചു കൊല്ലാനുള്ള ബോംബുണ്ടാക്കിയവരുമായോ, ആറ്റംശക്തികൊണ്ട് മനുഷ്യര്‍ക്കു പ്രയോജനകരമായ പലതും നേടിയെടിക്കാമെന്നു കാണിച്ച വരുമായോ താരതമ്യപ്പെടുത്താവുന്നതല്ല. അതാണ് അയ്യന്‍കാളി.

രക്ഷപ്പെടണം എന്നാഗ്രഹമുള്ളവരെ മാത്രമേ മറ്റൊരാള്‍ക്കു രക്ഷപ്പെടുത്താനാകൂ. ആ ആഗ്രഹം കേരളത്തില്‍ ദലിതര്‍ക്ക് നേടി ക്കൊടുത്തത് അയ്യന്‍കാളിയാണ്.

ഗാന്ധി ഇന്ത്യയിലെ അടിസ്ഥാനജനവിഭാഗങ്ങളെ 1933 കളില്‍ ഹരിജനങ്ങളാക്കി. പുലയര്‍, പറയര്‍, ചമാര്‍, കുറവര്‍, സമതര്‍, മഹര്‍, മാല, മഡിഗ എന്നും മറ്റുമുള്ളത് അവരെ ഹീനജാതി കളായി പരിഗണിക്കുന്നതിനുതകുന്ന പേരുകളാണ് പോലും. ആ വാക്കുകള്‍ക്ക് ഒന്നിനും ഹീനജാതി എന്ന അര്‍ത്ഥമില്ല. അത് ഉപയോഗിച്ചവരാണ് അതിനെ എല്ലാം അങ്ങനെ ആക്കി ത്തീര്‍ത്തത്. പുലയന്‍ പുലത്തിന്റെ ഉടമസ്ഥന്‍, പറയന്‍ പറ ഉപയോഗിക്കുന്നവന്‍. അങ്ങനെ അവയ്‌ക്കെല്ലാം സ്വന്തമായ അര്‍ത്ഥ തലങ്ങളുണ്ട്. അതറിയാന്‍ പാടില്ലാത്ത ഗാന്ധി അഥവാ അറിഞ്ഞിട്ടും അജ്ഞത നടിച്ച ഗാന്ധിയാണ്, അതു മാറ്റി പകരം ഹരിജന്‍ എന്ന പേരു നല്‍കിയത്. അതും നിഷിദ്ധജാതിയു ടേതാണ് എന്ന അര്‍ത്ഥം ലഭിക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ഇന്ന് ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ നിഘണ്ടുവില്‍ ഹരിജന്‍ എന്നവാക്കിന് കൊടുത്തിരിക്കുന്ന അര്‍ത്ഥം താണജാതിക്കാരന്‍ എന്നാണ്. പുലയന്‍ മാറി ഹരിജനായതു കൊണ്ട് ഇന്നുണ്ടായ നേട്ടം അതാണ്. പുലയന്‍ ഇന്നലത്തെ താണജാതിക്കാരന്‍. ഹരിജന്‍ ഇന്നത്തെ താണജാതിക്കാരന്‍. പുലയന്‍ എന്ന വാക്കിന്റെ ഒരുകാലത്തെ അര്‍ത്ഥം പുലം അഥവാ നിലം ഉള്ളവന്‍ എന്നായിരുന്നു. ആ അര്‍ത്ഥം എന്നും നിലനിന്നാല്‍ അതപകടമാണ്. കേരളം പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍നിന്നും പൊക്കി ബ്രാഹ്മണരെ കൊണ്ടുവന്നു താമസിപ്പിച്ച് അവര്‍ക്ക് ഈ ഭൂമി ദാനമായി കൊടുത്തു. അന്നുമുതല്‍ കേരളത്തിലെ മുഴുവന്‍ ഭൂമിയും തങ്ങളുടേതാണെ ന്നവകാശപ്പെട്ട് രാജഭോഗംപോലും കൊടുക്കാതെ കഴിഞ്ഞിരുന്ന വര്‍ കെട്ടിപ്പൊക്കിയ ആ ഐതീഹ്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുലയന്‍ എന്ന പദം. അത് ഇല്ലായ്മ ചെയ്യേണ്ട താവശ്യമാണ്. അതിനാണവര്‍ അശുദ്ധിക്ക് പെല എന്നര്‍ത്ഥം കൊടുത്തത്. പുലയന്‍ = പെലയന്‍. പെലേന്‍ = പെലയുള്ളവന്‍, അശുദ്ധി യുള്ളവന്‍ എന്നര്‍ത്ഥം കൊടുത്തത്. അല്ലെങ്കില്‍ ഏത് വ്യാകരണ പ്രകാരമാണ് പെലയ്ക്ക് അശുദ്ധി എന്ന അര്‍ത്ഥം ഉണ്ടാകുന്നത്? ആ വാക്കിന്റെ ഉത്ഭവം ഒന്നു പറഞ്ഞുതരാമോ? തമ്പുരാക്കന്മാര്‍ കാലാകാല ങ്ങളില്‍ നിശ്ചയിക്കുന്ന അര്‍ത്ഥമാണോ ഓരോ വാക്കിനും ഉള്ളത്. മലയാള ഭാഷ ഒരു തമ്പുരാന്റെയും സൃഷ്ടിയല്ല. എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവ് എന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പറയും എഴുത്തച്ഛന്റെ പിതാവും ഒരു നമ്പൂതിരിയാ ണെന്നും മാതാവ് ഒരു നായര്‍ സ്ത്രീയാണെന്നും. എഴുത്തച്ഛന്റെ കാലം വരെ ഇവിടെ ജനങ്ങള്‍ ആംഗ്യഭാഷയാണോ ഉപയോഗി ച്ചിരുന്നത്? (പിന്നോക്കജാതിയായ എഴുത്തച്ഛനെ സവര്‍ണ്ണനാ ക്കാനുള്ള ശ്രമത്തിനെതിരെ എഴുത്തച്ഛന്‍സമാജവും പ്രബുദ്ധരായ എഴുത്തച്ഛന്‍ സമൂഹവും വലിയ പ്രതിഷേധ സമരങ്ങള്‍ 2009 ജൂണില്‍ നടത്തുകയുണ്ടായി) മലയാളവും തമിഴും തെലുങ്കും കന്നടയും തുളുവുമെല്ലാം ഇവിടത്തെ ആദിവാസി-ദ്രാവിഡ സങ്കരസന്തതികളുടെ പൊതു സ്വത്താണ്. അതില്‍ തമ്പുരാക്കന്മാ രുടെ സംഭാവന നാമമാത്രമാണ്. പെലേന്‍ നിര്‍മ്മിച്ച വീടിനു തമ്പുരാന്‍ ചായം തേച്ചാല്‍ അതിന്റെ നിര്‍മ്മാതാവ് തമ്പുരാനാ കുമോ?

പണ്ട് ഭൂമി സ്വന്തമായി ഉണ്ടായിരുന്നവനാണിവന്‍ എന്നു ഗവേഷകര്‍ക്കെങ്കിലും കണ്ടെത്താമായിരുന്ന ആ പദം നിലനില്ക്കുന്നതു തന്നെ അപകടകരമാണ് എന്നു കണ്ടവരാണ് ആ വാക്കിന്റെ സ്മരണകൂടി ഒഴിവാക്കാന്‍ ശ്രമിച്ചത്. പകരം നിരുപദ്രവകരമായ പദം എന്ന അവകാശപ്പെടുന്ന വിഷ്ണു വിന്റെ മക്കള്‍ എന്ന പദം നല്‍കി. ഒരു ജനതയെ ഉന്മൂലനം ചെയ്യുന്നതിന്റെ ആദ്യപടി ആ ജനതയുടെ പേരും നാടും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുക എന്നതാണ്. അതാണ് ഗാന്ധി ഹരിജനിലൂടെ ഉല്‍ഘാടനം ചെയ്തത്. അതിലൂടെ കേരളത്തിലെ പുലയനെ മാത്രമല്ല ഗാന്ധി നശിപ്പിച്ചത് ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലുമുള്ള തത്തുല്യമായ പേരുകളോടുകൂടിയ അടിസ്ഥാന ജനവര്‍ഗ്ഗങ്ങളെ മുഴുവനായിട്ടാണ് നശിപ്പിക്കാന്‍ ഗാന്ധി ശ്രമിച്ചത്. മഹാരാഷ്ട്രം മഹര്‍ജാതിക്കാരുടെ രാഷ്ട്രമാണ്. അതിനാല്‍ മഹര്‍ എന്നപേര് അപകടകരമാണ്. ഈഴവര്‍ ഇവിടെ എണ്ണത്തില്‍ കൂടുതലായപ്പോള്‍ അവര്‍ക്ക് കൊടുത്ത സംഭാവന യാണ് നിങ്ങള്‍ ഈഴത്തുനാട്ടില്‍ നിന്നും വന്നവരാണ്, വരത്തരാണ് എന്നത്. വെള്ളക്കാര്‍ അമേരിക്കയില്‍ ചെന്ന് അവിടുത്തെ ആദിവാസികളോട് ചെയ്തത് അതാണ്. അവരെ റെഡ് ഇന്ത്യക്കാരെന്നു വിളിച്ചു. അവരുടെ നാടിന് അമേരിക്ക എന്ന പേര് കൊടുത്തു നാടും നാട്ടുകാരും തമ്മിലുള്ള ബന്ധം വിച്ഛേദിച്ചു. ഇന്ത്യയി ലേക്കുള്ള മാര്‍ഗ്ഗം അന്വേഷിച്ചു പുറപ്പെട്ട കൊളംബസ് ചെന്നെത്തിയത് ഇന്ത്യയാണ് എന്നു ധരിച്ചു. അവിടുത്തെ ജനങ്ങള്‍ ഇന്ത്യാക്കാരില്‍നിന്നും വ്യത്യസ്തമായ നിറത്തോടു കൂടിയവരായതുകൊണ്ട് റെഡ്ഇന്ത്യാക്കാര്‍ എന്നുവിളിച്ചു. ആ വിളി നിരുപദ്രവകരം എന്നുതോന്നാം. പക്ഷെ റെഡ്ഇന്ത്യാക്കാര്‍ താമസിക്കുന്ന സ്ഥലത്തിന് എന്തുകൊണ്ട് റെഡ് ഇന്ത്യാ എന്ന പേര് കൊടുത്തില്ല? അമേരിക്കന്‍ വന്‍കര കണ്ടെത്തിയവര്‍ ആ പേര് ആ നാടിനു കൊടുത്തപ്പോള്‍ ന്യായമായി ആ ജനത്തിനും ആ പേര് കൊടുക്കാമായിരുന്നു. അത് ചെയ്യാതിരുന്നത് ബോധപൂര്‍വമായി രുന്നു എന്നു വ്യക്തമാണല്ലോ.

വിഷ്ണു ഇന്ത്യയില്‍ ആര്യന്മാരോടുകൂടി വന്നതല്ല. വേദകാലത്ത് വിഷ്ണു ഉണ്ടായിരുന്നില്ല. ഋക്‌വേദത്തില്‍ ആ പദം ഇല്ല. ഏ.ഡി. ആദ്യനൂറ്റാണ്ടുകളില്‍ ബുദ്ധമതത്തിനെതിരേ ഹിന്ദുമതത്തെ ഉദ്ധരിക്കാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് വിഷ്ണുവിനു ജന്മംകൊടുത്തത്. ആ വിഷ്ണുവിന്റെ മക്കള്‍ക്ക് ഏതായാലും വിഷ്ണുവിനേക്കാള്‍ പ്രായക്കൂടുതലുണ്ടാകില്ലല്ലോ. ഹരിജന്‍ എന്ന പദത്തിലൂടെ ഇന്ത്യയിലെ ആദിവാസികള്‍ ഇടക്കാലത്ത് ഇവിടെ വന്നെത്തിയവരാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. വിഷ്ണുവിനെക്കാള്‍ പാരമ്പര്യം ഇവിടെ ശിവനുണ്ട്. ശിവന്‍ സിന്ധൂനദീതട വാസികളുടെ ആരാധനാമൂര്‍ത്തിയാ യിരുന്നു. ഇന്ത്യയിലെ ദലിതരുടെ ആരാധനാമൂര്‍ത്തിയായിരുന്നു. ആ ശിവന്റെ മക്കള്‍ എന്ന പേര് കൊടുക്കാതിരുന്നത് ബോധപൂര്‍വ്വമല്ലേ? ഗാന്ധി ശിവഭക്തനല്ല, വിഷ്ണുഭക്തനായ തിനാല്‍ ഇന്ത്യയിലെ മുഴുവന്‍ ദലിതരും വിഷ്ണുഭക്തനായി ക്കൊള്ളണമോ?

എറുമ്പിനെ കബളിപ്പിക്കാന്‍ പഞ്ചസാരഭരണിയുടെ പുറത്ത് തേയില എന്ന് ഗാന്ധി എഴുതിവച്ചു. ആ എറുമ്പുകളെ ഇല്ലായ്മചെയ്യാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അത് സനാതന എറുമ്പുകളാണ്. ആ എറുമ്പുകള്‍ ആ പഞ്ചസാര ചൂഷണം ചെയ്യണം എന്നും അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. പക്ഷെ താന്‍ അതിനനുകൂലമാണ് എന്ന് ലോകം അറിയരുത്. ചൂഷണത്തിനെതിരായി തന്നെക്കൊണ്ടു കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട് എന്നുംകൂടി ലോകം അറിയണം. അതിനാണ് തേയില എന്നെഴുതിവച്ചത്.

അയ്യന്‍കാളി ഈ വര്‍ഗ്ഗത്തിനു കൊടുത്ത പേര് 'സാധുജന ങ്ങള്‍''എന്നാണ്. ഇന്ന് അവര്‍ സ്വയം സ്വീകരിച്ച പേര് ദലിതര്‍ എന്നാണ്. ദലിതര്‍ എന്ന പദം എന്തിനെയെല്ലാം സൂചിപ്പിക്കു ന്നുവോ അതെല്ലാമാണ് മിതമായ തോതില്‍ സാധുജനങ്ങള്‍ എന്ന പദവും സൂചിപ്പിക്കുന്നത്. അയ്യന്‍കാളി നല്‍കിയ പേര് ഇന്ന് അന്വര്‍ത്ഥമായിരിക്കുകയാണ്; ഒപ്പം അദ്ദേഹം സ്വീകരിച്ച മറ്റു നയപരിപാടികളും. അതിന്റെ പരിഷ്‌കരിച്ച രൂപത്തിനപ്പുറം ഇന്ത്യയിലെ അടിസ്ഥാനജനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാനപരമായ മാറ്റത്തിന് ആരംഭംകുറിച്ച മഹാനായ ഇന്ത്യാ ക്കാരന്‍, അതാണ് അയ്യന്‍കാളി. സാധുജന ങ്ങള്‍ എന്ന പദംകൊണ്ട് പുലയനെയും പറയനെയും മറ്റും ഇല്ലായ്മ ചെയ്യുകയല്ല ചെയ്തത്, അവരെ ഏകോപി പ്പിക്കു കയാണ് ചെയ്തത്.