"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

മഹാനായ അയ്യന്‍കാളി: സഞ്ചാര സ്വാതന്ത്ര്യസമരം - ദലിത്ബന്ധു എന്‍ കെ ജോസ്കുട്ടിപ്രായത്തില്‍ സ്വന്തം വീട്ടില്‍ ആരുടെയും നിയന്ത്രണമില്ലാതെ ഓടിക്കളിച്ചുനടന്ന അയ്യന്‍കാളി യുവാവായി പുറത്തേയ്ക്കിറങ്ങി യപ്പോഴാണ് തന്നെ കാത്തുനില്‍ക്കുന്ന നിരോധനങ്ങളുടെ നീണ്ട പട്ടികയെപ്പറ്റി അറിയുന്നത്. അയ്യന്‍കാളി ജനിച്ചതും വളര്‍ന്നതും അദ്ദേഹത്തിന്റെ പിതാവിന്റെ സ്വന്തം സ്ഥലത്തായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അയ്യന് ജന്മിയായിരുന്ന പുത്തലത്തു പരമേശ്വരന്‍പിള്ള എട്ട് ഏക്കര്‍വരുന്ന പെരുങ്കാറ്റുവിള എന്ന കുന്ന് തന്റെ വേലയ്ക്ക് പ്രതിഫലമായി നല്‍കിയിരുന്നു. അനേകം ഏക്കര്‍ കാട് ജന്മിക്കുവേണ്ടി വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കിക്കൊടുത്തു എന്നതാണ് അയ്യന്‍ ചെയ്ത വേല. അതിന്റെ പ്രതിഫലമായി ഒരു കുന്ന് ചൂണ്ടിക്കാണിച്ച് അത് നീയും വെട്ടിത്തെളിച്ച് എടുത്തുകൊള്ളുക എന്ന അനുവാദം നല്‍കിയതിനെ യാണ് എട്ട് ഏക്കര്‍ ഭൂമി കൊടുത്തു എന്നുപറയുന്നത്. കാട് ഔദ്യോഗികമായി സര്‍ക്കാരിന്റേതാ ണെങ്കിലും നായര്‍ കയറി വെട്ടിത്തെളിച്ചാല്‍ ഒരു സര്‍ക്കാരും ചോദിക്കുകയില്ല. നായര്‍ സവര്‍ണ്ണനാണ്. എന്നാല്‍ ഈഴവനോ പുലയനോ പറയനോ അങ്ങനെ വെട്ടിത്തെളിച്ച് എടുക്കാന്‍ അവകാശമില്ല. അടുത്തുള്ള നായര്‍ അതു ചോദിക്കും. അങ്ങനെ ചോദിക്കാതിരിക്കാന്‍ ഒരു ഇടനിലക്കാരനായി അയ്യന്റെ ജന്മി നിന്നു എന്നുമാത്രം. എന്നാല്‍ പുലയരെ സംബന്ധിച്ച് അത് ഒരു ആദ്യാനുഭവമായിരുന്നു.

മറ്റു പുലയര്‍ക്ക് ആര്‍ക്കും ആ സൗകര്യം ലഭിച്ചിരുന്നില്ല. അയ്യന്‍കാളിക്ക് ആ എട്ട് ഏക്കറില്‍ സര്‍വതന്ത്രസ്വതന്ത്രനായി വിഹരി ക്കാമായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങിയ പ്പോഴാണ് അദ്ദേഹത്തിന് നൂറുകൂട്ടം വിലക്കുകളെ അഭിമുഖീകരി ക്കേണ്ടി വന്നത്. ആ വിലക്കുകളാണ് യഥാര്‍ത്ഥത്തില്‍ അയ്യന്‍കാളിയെ 'അയ്യന്‍കാളി'യാ ക്കിയത്. അതില്‍ ആദ്യം അഭിമുഖീകരിക്കേണ്ടി വന്നത് സഞ്ചാര സ്വാതന്ത്ര്യനിരോധനമാണ്. പൊതുവഴി അയ്യന്‍കാളിയുടെ വംശക്കാര്‍ക്കു നിരോധിച്ചിരുന്നു. അവരാരും ആ വഴിയിലൂടെ നടന്നിരുന്നില്ല. അയ്യന്‍കാളി ആ വഴികളിലൂടെ ആദ്യമായി നടന്നപ്പോള്‍ സവര്‍ണരില്‍ പലരും അദ്ദേഹത്തെ രൂക്ഷമായി തുറിച്ചുനോക്കി. ചിലര്‍ കൈ ഉയര്‍ത്തി. എന്നാല്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തിരിച്ചുള്ള നോട്ടത്തേയും കണ്ടപ്പോള്‍ ഉയര്‍ന്ന കൈകള്‍ താനേ താണു. അതിനുമുമ്പ് പുലയരാരും അങ്ങനെ തിരിഞ്ഞുനോക്കിയിട്ടില്ല. ഓടിയിട്ടേയുള്ളു. ആജാനബാഹുവായ ഈ യുവാവ് തിരിഞ്ഞു നില്ക്കുന്നതില്‍ അവര്‍ അപകടം ദര്‍ശിച്ചു. ആനക്കൂട്ടത്തിലെ ഒറ്റയാനെപ്പോലെ അതവരെ ഭയപ്പെടുത്തി.

അദ്ദേഹത്തിനു 30 വയസ്സു പ്രായമുണ്ടായിരുന്ന കാലത്ത് മുമ്പുപറഞ്ഞതുപോലെ 1893 ല്‍ അദ്ദേഹം ഒരു വില്ലുവണ്ടി വിലയ്ക്കു വാങ്ങി. അന്നദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് കേവലം 10 വര്‍ഷം മാത്രമേ ആയിരുന്നുള്ളു. മണികെട്ടിയ രണ്ടുകാളകള്‍ വലിച്ചിരുന്ന ആ വണ്ടിയില്‍ അദ്ദേഹം കയറിയിരുന്ന് കാളകളെ തെളിച്ചു മുന്നോട്ടുപോയി. ദലിത് സമുദായത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരാള്‍ അതു ചെയ്യുന്നത്. അന്നുവരെ ഒരു ദലിതനും വില്ലുവണ്ടിയില്‍ യാത്രചെയ്തിട്ടില്ല. അയ്യന്‍കാളി യാത്രചെയ്തത് സ്വന്തം വില്ലുവണ്ടിയിലാണ്. അതന്ന് ഒരു ദലിതന് സ്വപ്നം കാണാന്‍കൂടി കഴിയുന്നതല്ല. സത്താറയില്‍ വച്ചു ബാലനായ അംബേദ്ക്കറും ജ്യേഷ്ഠസഹോ ദരനും കൂടി കയറിയ ഒരു കാളവണ്ടിയില്‍വച്ച് അവര്‍ മഹര്‍വംശജരാണെന്നു മനസ്സിലാക്കിയ വണ്ടിക്കാരന്‍ ആ കുട്ടികളെ നിഷ്‌ക്കരുണം വഴിമധ്യേ ഇറക്കിവിട്ടത് 1901 ലാണ്. അന്ന് അംബേദ്ക്കര്‍ക്ക് പത്തു വയസ്സു പ്രായമേ ഉണ്ടായിരു ന്നുള്ളു. അയിത്തവും അതുപോലുള്ള കാര്യങ്ങളും അറിഞ്ഞുകൂടായി രുന്നു. അറിയാമായിരുന്നുവെങ്കില്‍ തന്റെ സ്വന്തം ജാതി ആ കുട്ടികള്‍വെളിപ്പെടുത്തുകയില്ലായിരുന്നു. അയ്യന്‍കാളിയുടെ വില്ലുവണ്ടി തെക്കന്‍തിരുവിതാംകൂറിലെ സവര്‍ണരുടെ മധ്യേകൂടി കടന്നു പോയത് അതിനും എട്ടു വര്‍ഷം മുമ്പാണ്. അയ്യന്‍കാളി തന്റെ അരയില്‍നിന്നും കഠാരി വലിച്ചൂരി കാണിച്ചു. അവര്‍ക്ക് അടുക്കാന്‍ ഭയം. അവസാനം അവര്‍ ഭീഷണി മുഴക്കി പിരിഞ്ഞു. 'നിന്നെ പിന്നെ കണ്ടോളാം.'

പിന്നെയാണ് അദ്ദേഹം ദലിതരുടെ സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടി ശ്രമം തുടങ്ങിയത്. താന്‍ മാത്രം വഴിയിലൂടെ നടന്നാല്‍ പോരാ, തന്റെ സമുദായത്തില്‍പ്പെട്ട എല്ലാവര്‍ക്കും പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയണം. അദ്ദേഹം കുറച്ചു ദലിത്‌യുവാക്കളെ വിളിച്ചുകൂട്ടി അവര്‍ക്കു കായിക പരിശീലനം നല്‍കി. സവര്‍ണര്‍ തിരിച്ചടിക്കാന്‍ ശ്രമിക്കും എന്നദ്ദേഹത്തിനറി യാമായിരുന്നു. പുറത്തു നിന്നും കളരിയാശാന്മാരെ കൊണ്ടുവന്ന് അവരെ പഠിപ്പിച്ചു തയ്യാറാക്കി. 1898 ല്‍ അവര്‍ എല്ലാവരും ചേര്‍ന്ന് ആറാലുംമൂട് ചന്തയിലേയ്ക്ക് ഒരു യാത്ര നടത്തി. ചന്തയിലേയ്ക്കുള്ള പൊതുവഴിയിലൂടെത്തന്നെയാണവര്‍ നടന്നത്. അന്ന് പുലയര്‍ ഒരുസ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടത് കാട്ടിലും പള്ളയിലും മറ്റും കൂടിയാണ്. പൊതുവഴി ഉണ്ടെങ്കിലും അതുപയോഗിക്കാന്‍ അവര്‍ക്ക് അവകാശമില്ല. ബാലരാമപുരം ചാലിയത്തെരുവിലെത്തിയപ്പോള്‍ സവര്‍ണര്‍ അവരെ തടഞ്ഞു. ഏറ്റുമുട്ടലുണ്ടായി. ഒരു വലിയ ലഹള നടന്നു. രണ്ടു കൂട്ടര്‍ക്കും ധാരാളം മര്‍ദ്ദനമേറ്റു. ചോരചിന്തി. അയ്യന്‍കാളി ഒരടിയും പിന്നോട്ടു പോയില്ല. 

ചാലിയത്തെരുവ് ലഹള അയിത്തജാതിക്കാരില്‍ ആവേശമുണര്‍ ത്തി. എല്ലാ മുക്കിലും മൂലയിലും സഞ്ചാരസ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള പ്രക്ഷോഭണം ആരംഭിച്ചു. മണക്കാട്, കഴക്കൂട്ടം, കണിയാപുരം, പള്ളിച്ചല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ദലിത്‌യു വാക്കള്‍ എന്തിനും തയ്യറായി മുന്നോട്ടിറങ്ങി തെരുവുകളിലൂടെ നടന്നു. സവര്‍ണരും പോലീസുകാരും അവരെ തടയാനും ശ്രമിച്ചു. അയ്യന്‍കാളി തന്നെ നാട്ടിലുടനീളം സഞ്ചരിച്ച് കഴിയുന്നിടത്തോളം സ്ഥലങ്ങളില്‍ നേരിട്ട് പോയി പ്രക്ഷോഭണത്തിന് നേതൃത്വം കൊടുത്തു. പണ്ട് സവര്‍ണരെ കാണുമ്പോള്‍ ഓടിരക്ഷപ്പെട്ടു കൊണ്ടിരുന്ന ദലിതര്‍ തിരിഞ്ഞു നില്‍ക്കുമെന്നായപ്പോള്‍ സവര്‍ണര്‍ സ്വയംപിന്‍മാറി. ശരീരത്തിന് കേടുപറ്റുകയും ശരീരം അയിത്തമാകുകയും ചെയ്യും. അങ്ങനെ നാഞ്ചിനാട് പ്രദേശത്ത് മൊത്തം അയിത്തജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം 19-ാം നൂറ്റാണ്ട് അവസാനിക്കുന്നതിന് മുമ്പായി അയ്യന്‍കാളി നേടിയെടുത്തു.

അയ്യന്‍കാളിയുടെ 147-ാമത് ജന്‍മദിനം ഇന്ന് കേരളമൊട്ടാകെ ആഘോഷിച്ചു കഴിഞ്ഞു. പക്ഷെ അയ്യന്‍കാളിയുടെ ചരിത്രം ഇന്നും ഒരു കടങ്കഥയാണ്. ഒപ്പം കേരളത്തില്‍ നടന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ കഥയും ഒരു പ്രശ്‌നമാണ്. കേരളത്തിലെ സഞ്ചാരസ്വാതന്ത്ര്യ സമരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഇന്ന് പരിഗണിക്കുന്നത് വൈക്കം സത്യാഗ്രഹമാണ്. അതിന്റെ ജൂബിലികളും വാര്‍ഷികങ്ങളും ഇപ്പോഴും നിര്‍ത്താതെ ഓരോ ജാതിക്കാരും മാറി മാറി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യത്തെ സഞ്ചാരസ്വതന്ത്ര്യ സമരത്തിന്റെ ശതാബ്ദി കഴിഞ്ഞത് ഇവിടെ ആരും അറിഞ്ഞ തേയില്ല. വൈക്കം സത്യാഗ്രഹം വൈക്കത്തെ ക്ഷേത്രസാമീപ്യമുള്ള വഴികളിലൂടെ അയിത്തജാതിക്കാര്‍ക്ക് സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ക്ഷേത്രസാമീപ്യ മില്ലാത്ത വഴികളിലൂടെ അന്ന് അയിത്തജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവകാശമുണ്ടായിരുന്നു എന്നാണ്. ആ അവകാശം എന്നാണ് ഇവിടത്തെ അയിത്ത ജാതിക്കാര്‍ക്ക് ലഭിച്ചത്. അങ്ങനെ ഒരു നിരോധനം ഇല്ലാതിരുന്ന കാലം ഇവിടെ ഒരിക്കലും ഉണ്ടായിരുന്നില്ലേ?

1893 ല്‍ അയ്യന്‍കാളി വില്ലുവണ്ടിയിലൂടെ സഞ്ചരിച്ചപ്പോള്‍ സവര്‍ണര്‍ തടഞ്ഞു. 1898 ല്‍ അയ്യന്‍കാളിയും കൂട്ടരും പൊതുവഴിയി ലൂടെ ക്ഷേത്രസാമീപ്യമില്ലാത്ത പൊതുവഴിയിലൂടെ ആറാലുംമൂട് ചന്തയിലേയ്ക്ക് നടന്നപ്പോള്‍ സവര്‍ണര്‍ തടഞ്ഞു. തടയുക മാത്രമല്ല രൂക്ഷമായ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. അതിനര്‍ത്ഥം പൊതുവഴി അന്ന് അയിത്തജാതിക്കാര്‍ക്ക്-അടിമവര്‍ഗത്തിനെങ്കിലും 1898 വരെ നിരോധിച്ചിരുന്നു എന്നതാണ്. ആ നിരോധനം അന്ന് അയിത്ത ജാതിക്കാരിലെ തന്നെ ഒരു വിഭാഗമായ ഈഴവര്‍ക്കുണ്ടായിരുന്നുവോ? പൊതുവഴിയി ലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ഈഴവര്‍ എന്നെങ്കിലും സമരം നടത്തിയതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിനു സമീപത്തുള്ള വഴികളിലൂ ടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു.

1855 ല്‍ ജൂണ്‍ 24-ാം തീയതിയാണ് തിരുവിതാംകൂറില്‍ അടിമത്തം നിരോധിച്ചത്. അന്നാണ് ദലിതര്‍ സ്വതന്ത്രരായത്. അതിനുശേഷം മാത്രമേ സഞ്ചാരസ്വാതന്ത്ര്യം അവര്‍ക്കു ഒരു പ്രശ്‌നമായി അനുഭവപ്പെ ട്ടുള്ളു. അതിനുമുമ്പ് ഉടമ നിര്‍ദേശി ക്കുന്ന സ്ഥലത്തേയ്ക്കല്ലാതെ മറ്റൊരു സ്ഥലത്തേയ്ക്കും പോകേണ്ട ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. അന്നും അടിമയല്ലാതിരുന്ന അയിത്ത ജാതിക്കാരുണ്ടായിരുന്നു; ഈഴവരെ പോലുള്ളവര്‍. അവര്‍ക്ക്‌സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ? അന്ന് അവര്‍ണരുടെ ലോകവും സവര്‍ണരുടെ ലോകവും ഒരു പരിധിവരെ രണ്ടായിരുന്നു. സവര്‍ണ കേന്ദ്രങ്ങളിലേയ്ക്ക് അവര്‍ണര്‍ കടന്നു ചെല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, മറിച്ചും. അതിനാല്‍ അവര്‍ണരുടെ സഞ്ചാരസ്വാതന്ത്ര്യം ഒരു പ്രശ്‌നമാ യിരുന്നില്ല. അവര്‍ണരില്‍ നിന്നും നികുതി പിരിക്കാന്‍ സവര്‍ണരുടെ ഏജന്റായ അവര്‍ണര്‍ ഉണ്ടായിരുന്നു. അതിനാല്‍ നികുതി പിരിവിനായി പോലും സവര്‍ണര്‍ക്ക് അവര്‍ണകേ ന്ദ്രങ്ങളില്‍ പോകേണ്ട ആവശ്യം വന്നിരുന്നില്ല.

1898 ല്‍ അയ്യന്‍കാളിയും കൂട്ടരും ബാലരാമപുരത്തുവച്ച് സവര്‍ണരുമായി ഏറ്റുമുട്ടി സഞ്ചാരസ്വാതന്ത്ര്യം നേടിയെടു ത്തപ്പോള്‍ അത് തിരുവിതാംകൂറിനെ ആകെ ബാധിച്ചുവോ? വൈക്കം സത്യാഗ്രഹകാലത്ത് ക്ഷേത്രസാമീപ്യമില്ലാതിരുന്ന വഴികളിലൂടെ സഞ്ചാരിക്കാന്‍ നിരോധനമുണ്ടായിരുന്നില്ല. അതിനുമുമ്പ് വടക്കന്‍ തിരുവിതാംകൂറില്‍ സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടി ഒരു സമരവും ഉണ്ടായിട്ടില്ല.

എന്നാല്‍ വൈക്കം സത്യാഗ്രഹകാലത്ത് തിരുവിതാംകൂറില്‍ നിയമപ്രകാരം രണ്ടുതരം തെരുവുകളാണുണ്ടായിരുന്നത്. അസംബ്ലിയിലെ ലാമെമ്പര്‍ സുബ്ബയ്യരുടെ വിശദീകരണത്തില്‍ നിന്നും സര്‍ക്കാരിന്റെ ഉത്തരവുകളില്‍നിന്നും മനസ്സിലാക്കുവാന്‍ കഴിയുന്നത് അതാണ്. രാജവീഥിയും ഗ്രാമവീഥിയും. സവര്‍ണ അവര്‍ണ ഭേദമന്യേ എല്ലാ മനുഷ്യര്‍ക്കും സഞ്ചരിക്കാവുന്നത് രാജവീഥി. ഒരു പ്രത്യേക സമുദായം അവരുടെ ആവശ്യത്തി നുവേണ്ടി മാത്രം സംരക്ഷിക്കുന്നത് ഗ്രാമവീഥി. ഗ്രാമവീഥി എന്ന് വൈക്കത്തെ സവര്‍ണര്‍ അവകാശപ്പെട്ട റോഡുകള്‍ രാജവീഥി ആക്കാന്‍ വേണ്ടിയുള്ളതായിരുന്നു യഥാര്‍ത്ഥ ത്തില്‍ വൈക്കം സത്യാഗ്രഹം. അഥവാ രാജവീഥിയായിരുന്ന വൈക്കത്തെ നിരത്തുകള്‍ ബ്രാഹ്മണര്‍ ഗ്രാമവീഥിയായി സൂക്ഷിച്ചിരുന്നതിനെ തിരെയാണ് വൈക്കം സത്യാഗ്രഹം നടന്നത്. അയ്യന്‍കാളിയുടെ സഞ്ചാരസ്വാതന്ത്ര്യ സമരം രാജവീഥിയിലൂടെ ദലിതര്‍ക്ക് സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു. അയ്യന്‍കാളിയുടെ കാലത്ത് ഈ രാജവീഥി-ഗ്രാമവീഥി വിഭജനം നടന്നിരുന്നില്ല. അന്നുണ്ടായിരുന്നത് ചോകോന്‍ വഴിയും പുലയന്‍ വഴിയും മറ്റുമായിരുന്നു. ചോകോന്‍ വഴിയില്‍ കൂടി പോലും പുലയര്‍ക്ക് അന്ന് സഞ്ചരിക്കാമായിരുന്നില്ല. വൈക്കം സത്യാഗ്രഹ കാലത്ത് വൈക്കത്ത് ചോകാന്‍ വഴിയുണ്ടായിരുന്നു. പടിഞ്ഞാറെ നടയിലെ ഇന്നത്തെ കച്ചേരിക്കവലയില്‍ നിന്നും തെക്കോട്ടും വടക്കോട്ടും നീളുന്ന വഴികള്‍അന്നത്തെ ചോകോന് പോകാനുള്ള വഴികളായിരുന്നു.

വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ ഉത്ഭവം അയ്യന്‍കാളി യില്‍ നിന്നാണ്. 1914-15 കാലഘട്ടത്തില്‍ തെക്കന്‍ തിരുവിതാം കൂറി ലൊട്ടാകെ ഒരു ദലിത് മുന്നേറ്റമുണ്ടായി. അവിടത്തെ സവര്‍ണര്‍ അതിനെ ശക്തമായി നേരിട്ടു. കേരളത്തിലെ സവര്‍ണ ചരിത്രകാരന്‍മാര്‍ അതിനെ 'പുലയ ലഹള' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഊരൂട്ടമ്പലം ലഹള', 'തൊണ്ണൂറാമാണ്ട് ലഹള' തുടങ്ങിയവയെല്ലാം അതില്‍ പ്രധാനപ്പെട്ട വയാണ്. ടി.കെ. വേലുപ്പിള്ളയുടെ സ്‌റ്റേറ്റ് മാനുവല്‍ രണ്ടാം ഭാഗം 707-ാം പേജില്‍ പ്രസ്തുത പുലയലഹള നെയ്യാറ്റിന്‍കര താലൂക്കിലും സമീപപ്ര ദേശങ്ങളിലും കന്യാകുമാരിയിലും വൈക്കത്ത് തലയോല പ്പറമ്പിലും നടന്നതായി പ്രസ്താവിക്കുന്നുണ്ട്. അയ്യന്‍കാളി യുടെ അനുയായികളും ആശയഗതിക്കാരും 1914-15 കാലഘട്ടത്തില്‍ വൈക്കത്തും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്നു എന്നതിന് അത് വ്യക്തമായ തെളിവാണ്. ചങ്ങനാശ്ശേരിക്കടുത്ത് വാഴപ്പള്ളിയില്‍ സാധുജനപരിപാലന സംഘത്തിന് ഓഫീസും സാധുജനപരിപാലിനി എന്ന പത്രവും എല്ലാം ഉണ്ടായിട്ടും പുലയലഹള നടന്നത് തെക്കന്‍ തിരുവിതാംകൂര്‍ കഴിഞ്ഞാല്‍ പിന്നെ വൈക്കത്തും സമീപപ്രദേശങ്ങളി ലുമാണ്. എന്നു പറഞ്ഞാല്‍ വൈക്കത്തെ പുലയരാണ് അയ്യന്‍കാളി യുടെ ആശയങ്ങളോടും സമരമാര്‍ഗങ്ങളോടും തിരുവിതാം കൂറില്‍ ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്നവര്‍ എന്നാണ് അനുമാനിക്കേണ്ടത്.

കേരളത്തിലെ ദലിത്‌വര്‍ഗത്തിന് ഇന്നുവരെ ഒരു ചരിത്രം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞകാല സംഭവങ്ങളെപ്പറ്റി ദലിതര്‍ ആരും ഒന്നും രേഖപ്പെടുത്തിയിട്ടില്ല. സവര്‍ണര്‍ രചിച്ച രേഖകളില്‍ ദലിതരെപ്പറ്റി പരാമര്‍ശിച്ചിട്ടുമില്ല. പിന്നെ വായ്‌മൊഴിയായി പകര്‍ന്നു പോന്നിട്ടുള്ള കഥകളാണ് ദലിതര്‍ക്കുള്ളത്. അതില്‍ പൊടിപ്പും തൊങ്ങലും ഏറെയുണ്ട് എന്നത് പരമാര്‍ത്ഥമാണ്. അതും പഴയ തലമുറയ്ക്കല്ലാതെ ഇന്നത്തെ തലമുറയ്ക്കറിയില്ല. പഴയ തലമുറ പൂര്‍ണമായി കടന്നുപോകുന്നതിനുമുമ്പ് അവയെല്ലാം ശേഖരിച്ച് രേഖപ്പെടുത്തി വയ്ക്കാന്‍ ഇന്നും ആരും തയ്യാറല്ല. അതിനിടയ്ക്കാണ് സവര്‍ണര്‍ അവരുടെ ആവശ്യത്തിനായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തില്‍ യാദൃശ്ചികമായി ടി.കെ. വേലുപിള്ളയുടെ സ്‌റ്റേറ്റ് മാനുവലില്‍ മുമ്പ് സൂചിപ്പിച്ചതു പോലുള്ള ചില പരാമര്‍ശനങ്ങള്‍ നമുക്ക് ലഭിക്കുന്നത്. അതെല്ലാം പരമാവധി ഉപയോഗിച്ച് ദലിതര്‍ അവരുടെതായ ഒരു ചരിത്രം മെനഞ്ഞെടുക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്.

തലയോലപറമ്പില്‍ നടന്ന പുലയ ലഹളയുടെ പരാജയത്തെതു ടര്‍ന്ന് അന്നു മുതല്‍ മറ്റൊന്നിനു വേണ്ടി നടത്തിയ യജ്ഞമാണ് 1924 ഫെബ്രുവരി 29 ന് വൈക്കത്ത് അരങ്ങേറിയത്. അത് സവര്‍ണര്‍ ഇടപെട്ടു വഞ്ചിച്ചു. അക്കഥയെല്ലാം 'വൈക്കം സത്യാഗ്രഹത്തിലെ പുലയ പങ്കാളിത്തം', 'വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക' 2 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഞാന്‍ വിവരിച്ചിട്ടു ണ്ട്. അതിനാല്‍ അത് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ദലിതര്‍ അവരുടെ സംഘടനയിലൂടെയും സമരത്തിലൂടെയും എന്തെങ്കിലും പിടിച്ചെടുക്കും എന്ന ഘട്ടമാകുമ്പോള്‍ സവര്‍ണസമുദായങ്ങളിലെ ഉല്‍പതിഷ്ണുക്കളെന്ന് സ്വയം അവകാശപ്പെ ടുന്ന ചില നേതൃമന്യന്മാര്‍ രംഗത്തെത്തി അവര്‍ സ്വയം അത് ദലിതര്‍ക്കു നല്‍കുന്നു എന്നു വരുത്തി തീര്‍ക്കുന്ന ഒരു പ്രക്രിയയാണ് ആദ്യന്തം നടന്നത്. അതുതന്നെയാണ് വൈക്കത്ത് അരങ്ങേറിയത്. ഈ നേതൃമന്യരാണ് യഥാര്‍ത്ഥ വഞ്ചകര്‍. യാഥാസ്ഥിതികര്‍ അവരുടെ ആശയങ്ങള്‍ തുറന്നു പറയും. അതനുസരിച്ച് ദലിതരെ തടയുകയും ചെയ്യും. അതിനാല്‍ ദലിതര്‍ക്ക് ശത്രുക്കളാരാണെന്ന് ബോധ്യപ്പെട്ട് അവരെ എതിര്‍ക്കാം. ആ എതിര്‍പ്പിന് മൂര്‍ച്ച കൂടുകയും ചെയ്യും. എന്നാല്‍ പ്രസ്തുത ഉല്‍പതിഷ്ണുക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ മറിച്ചാണ് ചെയ്യുന്നത്. അവര്‍ ദലിതരോട് സഹതാപം പ്രദര്‍ശിപ്പിക്കും. ദലിതര്‍ക്കുവേണ്ടി ദലിതരെക്കാള്‍ ആത്മാര്‍ത്ഥതയുണ്ടെന്ന നിലയില്‍ രംഗത്തിറങ്ങും. ദലിതരെ കൊണ്ട് ഒന്നും ചെയ്യിക്കില്ല. എല്ലാം തങ്ങള്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞ് ഏറ്റെടുക്കും. അത് ദലിതരുടെ സമരങ്ങളെ കടിഞ്ഞാണിടാനാണ്. അവസാനം എന്തെങ്കിലും നക്കാപിച്ച നല്‍കും. അത് തങ്ങളുടെ ദയാദാക്ഷിണ്യത്തിന്റെ അങ്ങേയറ്റമായി ഉത്‌ഘോഷിക്കും. ദലിതരുടെ ഇച്ഛാശക്തിയെയും സമരാസക്തി യെയും തുരങ്കം വയ്ക്കുകയാണ് അവരുടെ ലക്ഷ്യം. അന്ന് 1924 ഫെബ്രുവരി 29-ാം തീയതി കെ.പി. കേശവമേനോനെ പോലുള്ള വഞ്ചകര്‍ എത്താതിരുന്നുവെങ്കില്‍ അന്നോ പിറ്റേ ദിവസമോ സഞ്ചാര സ്വാതന്ത്ര്യം വൈക്കത്ത് ലഭിക്കുമായിരുന്നു. കേശവമേ നോനും മറ്റും ഇടപെട്ടതു കൊണ്ട് അത് ലഭിക്കാന്‍ 603 ദിവസം കഴിയേണ്ടി വന്നു. എന്നു മാത്രമല്ല ഗാന്ധിയെ പോലുള്ളവരുടെ ശ്രമഫലമായിട്ടാണ് അതു ലഭിച്ചതെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. ഇന്നും കോണ്‍ഗ്രസ്സിനെ പോലുള്ള സവര്‍ണ സംഘടനകള്‍ അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് അക്കാരണത്താലാണ്.