"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 23, വ്യാഴാഴ്‌ച

തെയ്യം തിറയുടെ ജനവിരുദ്ധത - ഭാസ്‌ക്കരന്‍ പിള്ളേരിക്കണ്ടിഉത്തരകേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കെട്ടി ആടപ്പെടുന്ന ഒരു അനുഷ്ഠാനകലയാണ് തെയ്യംതിറ. ദേവീദേവന്മാര്‍, ഗന്ധര്‍വാദികള്‍, ഇതിഹാസപുരാണകഥാപാത്രങ്ങള്‍, പൂര്‍വികര്‍, വീരപുരുഷന്മാര്‍, തമ്പുരാട്ടിമാര്‍ എന്നിവരുടെ കോലങ്ങളാണ് തെയ്യംതിറയില്‍ കെട്ടി ആടാറുള്ളത്. കോലം കെട്ടി ആടുന്ന മനുഷ്യരിലൂടെ ദൈവം ജനങ്ങളോട് നേരിട്ട് സംവദിക്കുകയും, ആജ്ഞാപിക്കുകയും അരുളിച്ചെയ്യുകയും ചെയ്യുന്നതായിട്ടുള്ള വിശ്വാസമാണ് തെയ്യംതിറയുടെ സവിശേഷത. ഫ്യൂഡല്‍ ബന്ധങ്ങളുടെ കാലഘട്ടത്തില്‍ ജന്മിക്കുവേണ്ടി അടിയാളരേയും കുടിയാന്മാരേയും ജന്മിയുടെയും ജന്മിത്ത രീതികളുടെയും വിശ്വസ്ത ദാസന്മാരാക്കാനുള്ള അനുഷ്ഠാനപരമായ തന്ത്രമാണ് തെയ്യംതിറയിലുള്ളത്. 'തിറ'യുടെ ആവിഷ്‌ക്കാരങ്ങളും മറ്റും പരിശോധിക്കുന്ന ആര്‍ക്കും ഇത് മനസിലാകും. 

നവോത്ഥാനകാലഘട്ടത്തിലെ പുരോഗമനപരമായ സാമൂഹ്യ പ്രവര്‍ത്തനത്തോടുകൂടി ഇടക്കാലത്ത് 'തെയ്യംതിറ'കള്‍ നിര്‍ത്തിവെക്കപ്പെടുകയും അമ്പലങ്ങളും സ്ഥാനങ്ങളും ജീര്‍ണ്ണിച്ച് തകരുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എഴുപതുകള്‍ക്ക്‌ശേഷം സി.പി.എം 'തെയ്യംതിറകള്‍ക്ക്' പുരോഗമനമുഖം നല്‍കുകയും, തെയ്യംതിറ - സാധാരണക്കാരന്റെ ഒരു ദിവസത്തെ ഉയര്‍ത്തെ ഴുന്നേല്‍പ്പായി വിശേഷിപ്പിക്കപ്പെടുകയും ഉണ്ടായി. ഇതോടുകൂടി ഇഎംഎസ്സിന്റെ നിര്‍ദ്ദേശമനുസരിച്ച് അനുഭാവികള്‍ 'തിറ' ഉത്സവങ്ങളുടെ നടത്തിപ്പുകാരും പരിപോഷകരും വിശ്വാസി കളുമായി മാറ്റപ്പെട്ടു. തകര്‍ന്നടിഞ്ഞ കാവുകളും അമ്പലങ്ങളും പുനരുദ്ധീകരിക്കപ്പെടുകയും തെയ്യംതിറകള്‍ വളരെ സജീവമാ കുകയും പുതിയവ നിര്‍മ്മിക്കപ്പെടുകയുമുണ്ടായി. സിപിഎം ആകട്ടെ ഇന്ന് സകലമാന അനുഷ്ഠാനങ്ങളെയും കൂടുതല്‍ കൂടുതല്‍ പരിപോഷിപ്പിച്ചുകൊണ്ടിരിക്കയാണ്. നവരാത്രി ഉത്സവങ്ങളും കൃഷ്ണജയന്തിയും ആഘോഷിക്കുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നു. പണ്ട് ഇഎംഎസ്സ തന്നെ ദ്രാവിഡരുടെ മുകളില്‍ ആര്യവംശം ആധിപത്യം ഉറപ്പിച്ചതിന്റെ അനുഷ്ഠാനമായ വിജയദശമി നാളില്‍ ഹിന്ദുദൈവങ്ങളുടെ പേരും വിധേയത്വവും ഉറപ്പാക്കുന്ന 'ഹരിശ്രീ' കുട്ടികളുടെ നാവില്‍ എഴുതിക്കൊടുത്ത ചരിത്രമുണ്ട്. 


തെയ്യംതിറകളുടെ ഭാഗമായ തോറ്റം പാട്ടുകള്‍ കേരളത്തിലെ മിക്കജില്ലകളിലും നടക്കാറുണ്ട്. തിരുവതാംകൂര്‍ പ്രദേശങ്ങളിലെ 'മുടിപ്പുരപ്പാട്ടും' പാലക്കാട് തൃശൂര്‍ ജില്ലകളിലെ 'പാന'യും ദക്ഷിണകേരളത്തിലെ 'മണിമങ്കത്തോറ്റവും' കൊച്ചി മുതലായ സ്ഥലങ്ങളില്‍ നടക്കുന്ന 'ഭഗവതിപ്പാട്ടും' ഇതിന് ഉദാഹരണമാണ്. കുറുപ്പന്മാരും തിയ്യാട്ടുണ്ണികളും തിയ്യാടി നമ്പ്യാന്മാരും തെയ്യം പാടികളും പുള്ളുവരും തുടങ്ങി ഒട്ടനവധി വിഭാഗക്കാര്‍ കേരളത്തില്‍ പല സ്ഥലങ്ങളിലായി തേറ്റം പാട്ടുകള്‍ പാടാറുണ്ട്. പള്ളി അറകളിലും കോട്ടകളിലും സ്ഥാനങ്ങളിലും ആണ്ടുതോറും നിശ്ചിത ദിവസം നടത്തുന്ന അനുഷ്ഠാനത്തെ കളിയാട്ടം എന്നു പറയുന്നു. ആചാരങ്ങള്‍ - വ്രതാനുഷ്ഠാനം, കര്‍മ്മാനുഷ്ഠാനം, മന്ത്രാനുഷ്ഠാനം, തന്ത്രാനുഷ്ഠാനം എന്നിങ്ങനെയാണുള്ളത്. ഇതൊക്കെ തെയ്യംതിറകളില്‍ സമ്മേളിച്ച് കാണുന്നുണ്ട്. തെയ്യം തിറകള്‍ക്ക് മന്ത്രവാദകര്‍മ്മങ്ങളുമായി അടുത്ത ബന്ധമുണ്ട്. വണ്ണാന്‍, മലയന്‍, പാണന്‍, മാവിലാന്‍, ചെറവന്‍, ചിങ്കത്താന്‍, തുളുവേലന്‍, മുന്നൂറ്റന്‍, അഞ്ഞൂറ്റാന്‍, കേപ്പാളന്‍, പുലയര്‍, പറയര്‍, കളനാടി, പെരുവണ്ണാന്‍, പമ്പത്തര്, പരവര് എന്നീ സമുദായക്കാരാണ് തെയ്യം കെട്ടി ആടാറുള്ളത്. എന്നാല്‍ സവര്‍ണ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തെയ്യംതിറകളുടെ രംഗത്തുള്ള ദേവതകളെ സ്വന്തം ധര്‍മ്മദൈവങ്ങളായി ആരാധിച്ചുകാണുന്നില്ല. തെയ്യംതിറാനുഷ്ഠാനങ്ങളില്‍ ജാതിസമ്പ്രദായത്തിന് വളരെ നിര്‍ണ്ണായകമായ പങ്കാണുള്ളത്. അനുഷ്ഠാനങ്ങളിലെ വ്യത്യസത അനുഷ്ഠാനങ്ങള്‍ വ്യത്യസ്ത ജാതിക്കാര്‍ക്കായി നീക്കിവെക്കു കയും അവ താവഴി ക്രമത്തില്‍ ചിട്ടപ്പെടുത്തുകയും ഓരോ ജാതിക്കാര്‍ക്കും പ്രത്യേക അധികാര അവകാശങ്ങള്‍ നല്‍കുകയുമാണ് തിറ ഉത്സവത്തില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ജാതി ചിന്ത നിലനിര്‍ത്തുന്നതില്‍ തെയ്യം തിറകള്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. 

തിറ ഉത്സവങ്ങളുടെ ആദ്യപടി വണ്ണാന്‍ വരവ് തണ്ടാന്‍ വരവ് വാള്‍ എഴുന്നള്ളത്ത് കുരുത്തോല വരവ് എന്നിങ്ങനെയാണ്. ഇതും ജാതി അടിസ്ഥാനത്തിലാണ് നടന്നു വരുന്നത്. തെയ്യം തിറയുടെ ആദ്യ ദിവസം നടക്കുന്ന അനുഷ്ഠാന കര്‍മ്മങ്ങളെ വെള്ളാട്ടം എന്നാണ് പറയുന്നത്. വെള്ളാട്ടിനെ 'A SOLOMAN DANCE' എന്നാണ് ഗുണ്ടര്‍ട്ട് വിശേഷിപ്പിച്ചിട്ടുള്ളത്. തലക്ക് കെട്ടുവാനുള്ള ഒരു മുണ്ട് സ്ഥാനത്തു നിന്നുകൊടുക്കുകയും അമ്പലമുന്നില്‍ വെച്ച് ഈ വെള്ളമുണ്ട് തലക്ക് കെട്ടുന്നതി നെയാണ് വെള്ളകെട്ട് - വെള്ളാട്ട് എന്നും പറഞ്ഞു വരുന്നു. നൃത്തങ്ങളും അരുളപ്പാടുകളും തിറയിലെതുപോലെ ആണെങ്കിലും വെള്ളാട്ടിന് വേഷവിധാനങ്ങള്‍ കുറവാണ്. മൂര്‍ത്തികളുടെ ഉല്പത്തിയും വീരപരാക്രമങ്ങളും സഞ്ചാരഗതികളും വര്‍ണ്ണിക്കുന്ന പാട്ടുകള്‍ (തോറ്റം) പാടി ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്ത് ജനങ്ങളെ ഭയപ്പെടുത്തി വിധേയരാക്കുകയാണ് കോലം ചെയ്യുന്നത്. വറുത്തുപൊടിച്ച ഉണക്കലരി, പൂവന്‍പഴം, ശര്‍ക്കര, കര്‍പ്പൂരം, രാമച്ചം, പനിനീര്‍, ഇളനീര്‍ മുതലായവ കൊണ്ടാണ് ചാന്തുണ്ടാക്കുന്നത്. മഞ്ഞള്‍, അരിച്ചാന്ത്, മനയോല, കടുംചുവപ്പ് ചായില്യം, മഷി ചെങ്കല്ല് എന്നിവയാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്. മുരിക്കുമരത്തിന്റെ പല മഞ്ഞളില്‍ പുഴുങ്ങി എടുത്താണ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം ആശയം തികച്ചും ജന്മിയുടെതായിരിക്കാം. മുഖത്തെഴുത്തിലെ സവിശേഷത കോലങ്ങളിലെ പണികള്‍ ഒന്നും ലളിതമല്ല. എന്നാല്‍ കേരള ത്തിലെ ക്ഷേത്രനിര്‍മ്മിതികളും ബിംബപ്രതിഷ്ഠകളും ബ്രാഹ്മാണാ ധിനിവേശത്തോടെയാണ് ആരംഭിച്ചത് എന്ന് ചരിത്രപണ്ഡിതന്മാര്‍ പറഞ്ഞു കാണുന്നു. കേരളോല്‍പത്തിയില്‍ - പരശുരാമന്‍ നൂറ്റിഎട്ട് ഈശ്വരപ്രതിഷ്ഠകളും നൂറ്റിഎട്ട് ദുര്‍ഘാപ്രതിഷ്ഠകളും നടത്തിയിട്ടുള്ളതായി പറഞ്ഞുകാണുന്നു. ബ്രഹ്മാണാധിനി വേശ ത്തോടുകൂടി ജന്മിത്തരീതി ഉറപ്പിച്ചു നിര്‍ത്താന്‍ കാവുകളും സ്ഥാനങ്ങളും ഉണ്ടാക്കപ്പെടുകയും അവിടങ്ങളില്‍ മനുഷ്യരിലൂടെ ദൈവം വെളിപ്പെട്ട് അരുളിച്ചെയ്യുന്നതായുള്ള സമ്പ്രദായം കൊണ്ടുവന്നതാകാം.

തിറ ഉത്സവത്തിന്റെ രണ്ട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അനുഷ്ഠാനങ്ങളെയാണ് 'തിറ' എന്നു പറയുന്നത്. തിറ ദിവസം ആദ്യം നടക്കുന്ന ചടങ്ങിനെ 'അടയറ'വരവ് എന്ന് പറയുന്നു. ജന്മിയുടെ കീഴിലുള്ള തിയ്യ സമുദായത്തില്‍പ്പെട്ട അടിയാളാര്‍ - ഞങ്ങള്‍ ഈ കരപ്രമാണിയുടെയും കരകാക്കുന്ന മൂര്‍ത്തി യുടെയും വിശ്വസ്ത അടിമകളാണ് എന്ന് സ്വയം ഘോഷിക്കുന്ന ചടങ്ങാണിത്. ജന്മിക്കും സില്‍ബന്ധികള്‍ക്കും കുടിക്കാന്‍ ചുമലില്‍ ഇളനീര്‍ കാവടിയുമായി ആര്‍പ്പുവിളിച്ച് വാദ്യമേളങ്ങളോടെ ആണ് ഇത് നടക്കാറ്. തെയ്യംതിറയില്‍ ഉപയോഗിക്കുന്ന രൂപങ്ങളും മുഖത്തെഴുത്തും താളവും നൃത്തവും സാധാരണ ജനങ്ങളെ ഭയപ്പെടുത്തി നിര്‍ത്താന്‍ പോരുന്നവയാണ്. വലിയ ഭീകരങ്ങളായ മുടിയും തീഷ്ണ വര്‍ണ്ണങ്ങളിലുള്ള ബീഭത്സമായ മുഖത്തെഴുത്തും തീക്കോലുകള്‍ ശരീരത്തില്‍ കെട്ടിയും തീയില്‍ ചാടിയും ഉറഞ്ഞാടുമ്പോള്‍ ഭയപ്പെടാത്തവര്‍ കുറയും. കൈതച്ചാമുണ്ടി കോഴിയെ ജീവനോടെ കടിച്ചുപറിച്ചുകൊണ്ട് ചോരകുടിച്ച് കയ്യില്‍ ഉള്ള കൈതത്ത ണ്ടുകൊണ്ട് കാണികളെ വിരട്ടിയും അടിച്ചും അലറിവിളിച്ചു മാണ് ഉറഞ്ഞാടുക. കണ്ഠാകര്‍ണന്റെ ശരീരത്തില്‍ അരിപ്പൊ ടിയും ഇളനീരും കലക്കിതേച്ച് അതില്‍ പൊരി ഒട്ടിച്ച് വൃണം പോലെ വരുത്തി ചുറ്റും തീപ്പന്തം കെട്ടി തുറിച്ച കോര്‍മ്പല്ലുള്ള മുഖാവരണം വെച്ച് ഉയര്‍ന്ന മുടി വെച്ച് അട്ടഹസിച്ചുകൊണ്ടാണ് ഉറഞ്ഞാടുക. തെയ്യക്കോലങ്ങള്‍ എല്ലാം ബീഭത്സങ്ങളാണ്. അസുരതാളവും ബീഭത്സമായ മുഖവും തീഷ്ണ വര്‍ണങ്ങളും അട്ടഹാസങ്ങളും താണ്ഡവനൃത്തങ്ങളും ഒക്കെതന്നെയാണ് കോലങ്ങളുടെ പൊതുവായ രീതി. ഒരിക്കലും ഒരുകോലവും ശാന്തസ്വരത്തില്‍ ഭക്തരോട് അരുളിച്ചെയ്യുകയോ അനുകമ്പ കാട്ടുകയോ ചെയ്യില്ല. അട്ടഹസിച്ചുകൊണ്ട് എന്നെയും എന്റെ കര്‍ത്താവിനെയും ഭയഭക്തിയോടെ ആരാധിച്ചില്ലെങ്കില്‍ സര്‍വനാശം വിതക്കും എന്നാണ് അരുളിച്ചെയ്യുക. തെയ്യമാകട്ടെ കഴകപ്പുരയില്‍ ഇരിക്കുന്ന തറവാട്ടുകാരണവത്തിയെ വണങ്ങി അനുഗ്രഹം വാങ്ങിയാണ് നര്‍ത്തനമാടുക. ഇവിടെയും വലിയവന്‍ തറവാട്ടുകാരണവരും കാരണവത്തിയും തന്നെ. തിറയോടനു ബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകളാണ് താലപ്പൊലി. പൂക്കലശം, കോഴി, ആട് എന്നിവയെ അറുത്തുള്ള ബലി. അണിഞ്ഞൊരുങ്ങിയ സ്ത്രീകള്‍ താലത്തില്‍ തേങ്ങയും തിരിയും കുങ്കുമപ്പൊടിയുമേന്തി വരിവരിയായി നില്‍ക്കുന്ന താണിത്. ഇതിന് നടുവിലൂടെയാണ് കോലം ആദ്യം സഞ്ചരിക്കുക. താലപ്പൊലിയുടെ ഉത്ഭവം കേരളത്തിലെ ബുദ്ധവിഹാരങ്ങള്‍ കയ്യടക്കിയ ബ്രാഹ്മണര്‍ ബുദ്ധഭിക്ഷുക്ക ളെകൊന്ന് തലയറു ത്തെടുത്ത് ബുദ്ധസ്ത്രീകളെ ബലമായി അണിനിരത്തി അവരുടെ കയ്യില്‍ ബലമായി ബുദ്ധഭിക്ഷുക്കളുടെ തലവെച്ച താലം പിടിപ്പിച്ച് അതിനു നടുവിലൂടെ കാവു തീണ്ടുന്ന ചടങ്ങിന്റെ അനുസ്മരണമാണ് എന്ന് ഇടമറുകിനെപ്പോലുള്ളവര്‍ പ്രസ്താ വിച്ചു കാണുന്നുണ്ട്. 

പൂക്കലശമാകട്ടെ കുരുത്തോലയും ചെമ്പരത്തി തുടങ്ങിയ പൂവുകളും തീപ്പന്തങ്ങളും കൊണ്ടലങ്കരിച്ച കുടപോലെ നീളമുള്ള കമ്പില്‍ തൂക്കി നിര്‍ത്തിയ ഒന്നാണ്. മാസ്മരിക താളലയത്തോ ടെയും മദ്യസേവയോടുകൂടി രാത്രി 12 മണിക്കുശേഷം സ്ഥാനത്തേക്ക് പുറപ്പെടുന്ന ചടങ്ങാണിത്. ഒരുതരം ഹിപ്പ്‌നോട്ടിക്ക് രീതിയാണിതില്‍ അവലംബിച്ചിരിക്കുന്നത്. പൂക്കലശത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മൂര്‍ത്തിക്കുവേണ്ടി എന്തും ചെയ്യാന്‍ പറ്റുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടവരാ യിരിക്കും. അതിനുതകുന്ന താളനൃത്തസംവിധാനങ്ങളാണ് ഇതിനുള്ളത്. പണ്ട് ഇതോടനുബന്ധിച്ച് നരബലി നടന്നതായി പറഞ്ഞു കേള്‍ക്കുന്നു. 'ഗുരുസി' എന്നറിയപ്പെടുന്ന ബലികര്‍മ്മ ങ്ങള്‍ പാതിരാത്രിയിലോ ഉച്ചസമയത്തോ ആണ് നടത്തപ്പെടാറ്. കോഴിയെ ജീവനോടെ തൂവലുകള്‍ പറിച്ചെടുത്ത് കഠിനമായി പീഡിപ്പിച്ചതിനുശേഷം കടിച്ചു പറിക്കുകയും തുടര്‍ന്ന് കഴുത്തറുത്ത് ചോര സ്ഥാനത്തിനു മുന്‍പില്‍ വെച്ച താലത്തിലെ മഞ്ഞള്‍ കലക്കിയ വെള്ളത്തിലേക്ക് പകര്‍ന്ന് തേവുന്നതിനെയാണ് ഗുരുസി എന്നു പറയുന്നത്. ഇത് അടിയാളര്‍ക്കുള്ള മുന്നറിയി പ്പാണ്. ജന്മിയേയും മൂര്‍ത്തിയേയും ആരാധിച്ചില്ലെങ്കില്‍ ഈ ഫലമായിരിക്കും അവര്‍ക്കു എന്ന ഭീഷണി. ഒരു അടിയാളന് മറ്റൊരു അടിയാളനെ ജന്മിക്കുവേണ്ടി ദ്രോഹിക്കാനുള്ള മാനസികാവസ്ഥ ലഭിക്കുന്ന ഒരു ഘടകം ഇതാണ്. 

തിറകള്‍ കരകള്‍ കേന്ദ്രീകരിച്ചാണ്. കരാധികാരിയായ ജന്മിക്കുവേണ്ടി നടത്തുന്ന തെയ്യം തിറയോട് അനുബന്ധിച്ച് മദ്യസേവ, ചൂതാട്ടം, കരകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ എന്നിവ അടുത്തകാലംവരെ നിലനിന്നിരുന്നു. കരകള്‍ തമ്മിലുള്ള പരസ്പര അടിപിടികള്‍കൊണ്ട് ഒരു കരയിലെ നിവാസികള്‍ക്ക് മറ്റൊരു കരയിലേക്ക് പോകാനോ വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെടാനോ കഴിയുമായിരുന്നില്ല. ഇതോടെ ഒരേ കരപ്രമാണി മാര്‍ക്കും അവരവരുടെ കരകളിലെ അടിയാന്മാരെ നഷ്ടപ്പെടുന്നില്ല. ജന്മിക്കുവേണ്ടി ജന്മിത്വത്തിനുവേണ്ടി കലയെ, അടിയാളരെ ഒതുക്കിനിര്‍ത്താന്‍ വേണ്ടി ചിട്ടപ്പെടുത്തിയ അനുഷ്ഠാനമാണ് തെയ്യം തിറ. കെട്ടി ആടുന്നവര്‍ തീണ്ടപ്പാടകലെ നില്‍ക്കേണ്ടവരാ യതുകൊണ്ടും മന്ത്രവാദ കഴിവുകള്‍ ഉള്ളവരെന്ന് വിശ്വസിക്കു ന്നതിനാലും തിറയാട്ടത്തിന്റെ രഹസ്യങ്ങള്‍ രഹസ്യമായി തന്നെ നില്‍ക്കും. ഭീകരത, ഹിപ്പ്‌നോട്ടിസം, ബലികര്‍മ്മങ്ങള്‍, ചൂതാട്ടങ്ങള്‍, സംഘട്ടനങ്ങള്‍, മദ്യസേവ എന്നിവ ഒത്തിണങ്ങിയ തെയ്യം തിറകളെ സാധാരണക്കാരന്റെ ഒരു ദിവസത്തെ ഉയര്‍ത്തെഴുന്നേല്‍പ്പായി ചിത്രീകരിക്കുന്നവര്‍ ഏതു പാര്‍ട്ടിക്കാ രായാലും അവര്‍ ശാസ്ത്രബോധത്തിനും മനുഷ്യത്വ ത്തിനും പുരോഗതിക്കും എതിരു നില്‍ക്കുന്നവരാണ്.

*സഖാവ് മാസിക 2016 ജനുവരി ലക്കം.