"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

ആരാണു ഹിന്ദു: മതാധിപത്യത്തിന്റെ രാഷ്ട്രീയ വിവക്ഷ - ശശിക്കുട്ടന്‍ വാകത്താനംഓരോരുത്തരും താന്‍ പൊതുസമൂഹത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുന്നതിനു പകരം താന്‍ ഇന്ന ജാതിയുടെ, മതത്തിന്റെ വക്താവാണ് എന്ന അപകടകരമായ ചിന്തയിലേക്കാണ് ഇന്നു പലരും മാറിക്കൊണ്ടിരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും ആചാരവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ട് അടിമത്ത്വത്തെ സ്വയം സ്വീകരിക്കുന്ന അവസ്ഥയിലേക്കും എത്തിയിരിക്കുന്നു. ഇവരൊന്നും പൊതുസമൂഹത്തിന്റെ ഭാഗമല്ലെന്ന വികലമായ കാഴ്ചപ്പാടിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കുന്നത് സംഘര്‍ഷങ്ങ ളാണ്. താന്‍ എന്തു കഴിക്കണം, തന്റെ കുട്ടികള്‍ക്ക് എന്തു ഭക്ഷണം പാകംചെയ്തു കൊടുക്കണം എന്തുതരം വസ്ത്രം ധരിക്കണം, എന്നു തീരുമാനിക്കുന്നത് വരെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. എങ്ങനെ ചിന്തിക്കണം, എങ്ങനെ ശ്വസിക്കണം ആനന്ദമുണ്ടാകാന്‍ / ടെന്‍ഷന്‍ മാറ്റാന്‍ എന്തു ചെയ്യണം എന്നു വരെ പഠിപ്പിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ സാമൂഹ്യ വിരുദ്ധ നിലപാടുകളെ സ്വീകരിക്കുക വഴി യഥാര്‍ത്ഥ ജീവിതത്തില്‍നിന്നും ഉള്‍വലിയുക യാണ് ചെയ്യുന്നത്. ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവിതത്തെ പുനരുല്‍പാദിപ്പിക്കാനും സമൂഹത്തിനു വേണ്ടി മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കാനും കഴിയാതാവുന്നു. ഇതിലൂടെ പഴയ ചാതുര്‍വര്‍ണ്ണ്യത്തിന്റെ പുതിയ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ 'ലഷ്മണരേഖകള്‍' വരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.മതം എല്ലാക്കാലത്തും അധികാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ഭരണത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്നതില്‍ മതത്തിന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല. മതേതരത്വം ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കുകയും മതേതരത്വമെന്നാല്‍ എല്ലാമതത്തിനും തുല്യ പ്രാധാന്യം എന്നു തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്തു. (മതത്തെ ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കാതിരിക്കുകയാണ് മതേതരത്വം).ഇന്ത്യയില്‍ എല്ലാക്കാലത്തും ഭരണത്തില്‍ മതം ഇടപെട്ടുകൊണ്ടിരുന്നു. മതത്തിനു അനധികൃതമായി സ്വത്തു സമ്പാദിക്കാന്‍ കഴിഞ്ഞത് ഭരണത്തില്‍ ഇടപെടുന്നതുവഴിയാണ്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ആധിപത്യം നിലവില്‍ വന്നതോടെ മതത്തിനും ജാതിക്കും കഴിഞ്ഞ കാലങ്ങളില്‍നിന്നും വ്യത്യസ്ത മായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ കഴിഞ്ഞു. അതുവഴി മതവും ജാതിയും രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാനും തുടങ്ങി. 

പതിനാറാം നൂറ്റാണ്ടു മുതല്‍ ലോകത്തെവിടെയും മതങ്ങളുടെ ആധിപത്യം ശക്തമായിരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ മതങ്ങളായിരുന്നു ഭരണത്തെ നിയന്ത്രിച്ചിരുന്നത്. പള്ളികളായി രുന്നു സ്വത്തു സമ്പാദന കേന്ദ്രങ്ങള്‍(ഇന്ത്യയില്‍ ഇതിന്റെ സ്ഥാനം ക്ഷേത്രങ്ങളായിരുന്നു). മുതലാളിത്തത്തിന്റെ വികാസത്തിന് മതം വിഘാതമാണെന്നു തിരിച്ചറിഞ്ഞതിലൂടെയാണ് ഫ്രഞ്ചു വിപ്ലവത്തില്‍ പുരോഹിതന്‍മാരുടെ തല അറുക്കുന്നത്. ഇന്നും മുതലാളിത്ത രാജ്യങ്ങളില്‍ ഭരണത്തില്‍ മതത്തിനു സ്ഥാനമില്ല. പാശ്ചാത്യ നാടുകളില്‍ പള്ളി വില്‍പനയ്ക്കു വയ്ക്കുകയും വരുമാനം ഇല്ലാത്തതിനാല്‍ പുരോഹിതന്മാര്‍ ആ ജോലി ഉപേക്ഷിക്കുവാനും നിര്‍ബന്ധിതരാവുന്നു. ബഹുവംശങ്ങളുടേയും ബഹുഭാഷകളുടെയും ബഹുദേശീയതയുടെയും നാടാണു ഭാരതമെങ്കിലും ഹിന്ദുമതത്തിന് കൊടുക്കുന്ന പ്രാധാന്യം ചെറുതല്ല. ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശക തത്ത്വങ്ങളില്‍ ഹിന്ദുമത വിശ്വാസികളുടെ മാത്രം ആവശ്യമായ ഗോവധ നിരോധനം ഉള്‍പ്പെടുത്തിയത് ഇതിനുദാഹരണമാണ്. 

മതേതരത്വം എന്നാല്‍

ആധുനിക ലോകവ്യവസ്ഥയുടെ ഭാഗമായി രൂപംകൊണ്ടതായി രുന്നു മതേതരത്വം. ജന്മി നാടുവാഴിത്തത്തിനും മതഭരണത്തിനും കീഴില്‍ നൂറ്റാണ്ടുകളായി അടിമത്വം അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ഈ ആധുനികത. ക്ഷേത്രങ്ങളുടെ അധികാരികള്‍ പുരോഹിതന്മാരും സവര്‍ണ്ണന്മാരും ഹൈന്ദവ രാജാക്കന്മാരുമായിരുന്നു. ഈ ഫ്യൂഡല്‍ വ്യവസ്ഥയിലൂടെ വളര്‍ന്നുവന്ന മുതലാളിത്ത ക്രമം വ്യവസായവല്‍ക്കരണത്തിലെത്തിയതോടെ തൊഴിലാളികള്‍ സംഘടിത ശക്തിയായി മാറി. വ്യവസായ മൂലധനത്തിലേക്ക് ഫ്യൂഡല്‍ സമ്പത്തും മൂല്യ വ്യവസ്ഥയും മാറി. തൊഴിലാളികള്‍ സംഘടിതരായി മാറിയതോടെ ജീവിത ക്രമങ്ങള്‍ മാറുകയും അവരുടെ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്തു. ഇതാണ് ആധുനികതയ്ക്കു കാരണമായി തീര്‍ന്നത്. ജാതി- മത- വംശ- വര്‍ണ്ണ വ്യവസ്ഥകള്‍ക്ക് മാറ്റമുണ്ടാകാന്‍ ഇതുമൂലം നിര്‍ബന്ധി തമായി. അതിലൂടെ മതേതരത്വം എന്ന സങ്കല്‍പ്പം രൂപംകൊ ള്ളുകയും ചെയ്തു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നസമയത്തുതന്നെ (1885)മതേതരത്വം എന്ന ആശയം ഉയര്‍ന്നു വന്നിരുന്നു. മതനിരപേക്ഷത എന്ന പാശ്ചാത്യ സങ്കല്‍പ്പം തന്നെയാണ് കോണ്‍ഗ്രസ് അംഗീകരിച്ചത്. മതനിരപേക്ഷതയിലൂടെ പാശ്ചാത്യ നാടുകളില്‍ പൗരോഹിത്യം ശിഥിലീകരിക്കപ്പെട്ടിരുന്നതിനാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ ശക്തിയായി വളര്‍ന്നുവന്നുകൊണ്ടിരുന്ന ആര്‍ എസ്സ് എസ്സിന് ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂടുതലും ഹിന്ദുക്കള്‍ ആയിരുന്നതിനാല്‍ ആര്‍ സ്സ് എസ്സിനോട് ഒരു മൃദു നിലപാടാണ് കോണ്‍ഗ്രസ് പുലര്‍ത്തിയത്. മതേതരത്വം എന്ന ആശയത്തിനു പ്രസക്തി ഇല്ലെന്നും ഭരണ സംവിധാനം എന്നത് ചാതുര്‍വര്‍ണ്ണ്യം തന്നെയാണ് എന്നു ഗോള്‍വല്‍ക്കര്‍ പ്രസ്താവിക്കുന്നു. (വിചാരധാര)

മതേതര രാഷ്ട്രമെന്നാല്‍ മതം രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാന്‍ പാടില്ല എന്നു തന്നെയാണ് അര്‍ത്ഥം. ഇവിടെ മതവും രാഷ്ട്രീയവും ഒന്നായി കാണുന്നവര്‍ അധികാരത്തിലിരിക്കുകയും അവരുടെ മതവും വിശ്വാസവും ആചാരവും സംരക്ഷിക്കുകയും മറ്റു മതങ്ങള്‍ ഇവിടെ പാടില്ല എന്നു പ്രത്യക്ഷമായിത്തന്നെ പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യസമര കാലം മുതല്‍ ഉയര്‍ത്തിയ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ കാപട്യമായിരുന്നെന്ന് ഇന്നു തിരിച്ചറിയുന്നു. ഹിന്ദുത്വ ശക്തികളുടെ അധികാരകയ്യേറ്റ ശ്രമം ഒരു ദിവസം കൊണ്ട് ഫലപ്രാപ്തിയില്‍ എത്തിയതല്ല. മതനിരപേക്ഷതയുടെ പേരില്‍ മതാധിപത്യത്തെ കൊണ്ടുവരാനാണ് മാറിമാറി ഭരിച്ച ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. സംഘടിത വോട്ടെന്ന നിലയില്‍ മതത്തെ ഉപയോഗപ്പെടുത്തുകയും അതിലൂടെ മതാധികാരികള്‍ ഭരണത്തില്‍ എത്തുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനാ പ്രകാരം ഇന്ത്യയിലെ ഏതു പൗരനും ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും മതം പ്രചരിപ്പിക്കുന്ന തിനും മതം ആചരിക്കുന്നതിനും അവകാശമുണ്ട്. ഈ അവകാശത്തെ മുന്‍നിര്‍ത്തിയാണ് മതതീവ്രവാദം മുന്നോട്ടു വയ്ക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും. ആര്‍. എസ്സ്. എസ്സ്, ബജറംഗ്ദള്‍, ശിവസേന, ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക് സ്റ്റേറ്റ്, സിക്ക് തീവ്രവാദി ഗ്രൂപ്പുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി ഗ്രൂപ്പുകള്‍ വളര്‍ന്നു വരുന്നു. ഇതിനു വേണ്ട ഫണ്ടുകളും പരിശീലനം സിദ്ധിച്ചവരും യഥേഷ്ടം ഇറക്കുമതി ചെയ്യുകയോ ഇവിടെതന്നെ സൃഷ്ടിക്കപ്പെടുകയോ ചെയ്യുന്നു.