"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 16, വ്യാഴാഴ്‌ച

ആധാര്‍ നിയമമാക്കാന്‍ മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി


പ്രതിപക്ഷത്തിരുന്നപ്പോള്‍ ആധാര്‍ തിരിച്ചറിയല്‍ രേഖക്കെതിരെ നഖശിഖാന്തം എതിര്‍പ്പുകളുയര്‍ത്തിയ പാര്‍ട്ടിയാണ് ബിജെപി. യുപിഎ സര്‍ക്കാര്‍ നവഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ പരിഷ്‌കാരത്തിനെതിരെ ഉയര്‍ന്നു വന്ന പൊതുജനാഭിപ്രായത്തെ ഫലപ്രദമായി അതു മുതലെടുക്കുക യുണ്ടായി. പിന്നീട് സുപ്രീം കോടതി തന്നെ ഇതിന്റെ ഭരണഘടനാ സാധുതയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. വ്യക്തികളുടെ മൗലികാവകാശത്തിന്മേലും സ്വകാര്യതയിലും കടന്നുകയറാനുള്ള ഭരണകൂടത്തിന്റെ അതിക്രമം എന്ന നിലയ്ക്കാണ് തുടക്കത്തില്‍ ആധാറിനെതിരെ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്.

എന്നാല്‍ അധികാരത്തിലേറിയതുമുതല്‍ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും കാര്യത്തിലെന്നപോലെ ആധാറിന്റെ കാര്യത്തിലും ബിജെപിയുടെ കപടമുഖം തുറന്നുകാട്ടപ്പെട്ടുതുടങ്ങി. കോണ്‍ഗ്രസ്സിനെക്കാള്‍ തീവ്രതയോടെ കോര്‍പ്പറേറ്റ് വല്‍ക്കരണം ശക്തിപ്പെടുത്തിയ ബിജെപി ഭരണത്തിന് ആധാര്‍ ഏറ്റവും ഫലപ്രദമായ ഒരു നവ ഉദാര ആയുധമാണെന്ന് തിരിച്ചറിയാന്‍ ഒട്ടും അമാന്തമുണ്ടായില്ല. സബ്‌സിഡികളും സാമൂഹ്യച്ചെലവു കളും ലക്ഷ്യാധിഷ്ഠിതമാക്കി ബഹുഭൂരിപക്ഷത്തെയും സാമൂഹ്യ സുരക്ഷാവലയില്‍ നിന്നും ഒഴിവാക്കി പൊതുഖജനാവിലെ പണം കോര്‍പ്പറേറ്റുകളിലേക്ക് തിരിച്ചു വിടുന്നതിന് ആധാറിനെ ഉപയോഗപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ തുനിഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. വാസ്തവത്തില്‍ കേവലമൊരു തിരിച്ചറിയല്‍ രേഖ എന്നതില്‍ നിന്നും ആധാറിനെ ഒരു നവഉദാര ആയുധമാക്കിയുള്ള വിപുലീകരണമാണ് ഇതുവഴി ലക്ഷ്യമിട്ടത്. അതിന്‍പ്രകാരം 2016 - 17 ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് സര്‍ക്കാരിന്റെ സബ്‌സിഡികളും ധനസേവനങ്ങളുമെല്ലാം ആധാറുമായി ബന്ധിപ്പിക്കുക എന്നതായിരുന്നു.

ഇതിനാവശ്യമായ വിധം ആധാറിനു നിയമ പിന്‍ബലം നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം പാരലമെന്ററി കീവ്വഴക്കങ്ങളെ അപ്പാടെ മറികടന്നുള്ള ഫാസിസ്റ്റ് രൂപമാണ് കൈവരിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ബിജെപിക്കും കൂട്ടാളികള്‍ക്കും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ലോകസഭ പാസ്സാക്കിയാലും ആധാര്‍ ബില്‍ നിയമമാക്കിയില്ലെന്നിരിക്കെ ആധാര്‍ നിയമനിര്‍മ്മാണം മണിബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. മണിബില്ലിന്റെ പരിധിയില്‍ ഒരു നിയമനിര്‍മ്മാണത്തെ പെടുത്തിയാല്‍ രാജ്യസഭയുടെ അംഗീകാരമില്ലാതെ തന്നെ ലോകസഭക്ക് അതു പാസാക്കിയെടുക്കാന്‍ കഴിയും. രാജ്യസഭക്ക് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാമെങ്കിലും ലോകസഭ അതംഗീകരിക്കണമെന്നില്ല. സാധാരണ നിയമനിര്‍മ്മാണപ്രക്രിയയുടെ ഭാഗമായ സംയുക്ത സമിതിക്ക് വിടുകയെന്ന പതിവും മണിബില്ലിനു ബാധകമല്ല. ഒരു ബില്‍ മണിബില്‍ ആണോ എന്നു തീരുമാനിക്കാനുള്ള അവകാശം ലോകസഭാ സ്പീക്കറുടേതാണ്. 


എന്നാല്‍ ആദാര്‍ ബില്‍ മണിബില്‍ ആയി പരിഗണിക്കണമെന്ന സ്പീക്കറുടെ നിര്‍ദ്ദേശം ഭരണഘടനാ വ്യവസ്ഥക്കു നിരക്കുന്ന തല്ലെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നു വന്നിട്ടുണ്ട്. രാജ്യത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പണമെടുക്കുകയെ ന്നതേക്കാള്‍ ജനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ വെട്ടിക്കുറക്കാനുദ്ദേശിച്ചുള്ള നിയമനിര്‍മ്മാണം എപ്രകാരമാണ് മണിബില്ലില്‍ പെടുന്നതെന്ന ചോദ്യം നിയമവൃത്തങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. അപ്രകാരം രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത മോദി സര്‍ക്കാര്‍ ഭരണഘടനാ വ്യവസ്ഥ കള്‍ക്കും പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും വിരുദ്ധമായി സ്പീക്കറുടെ പദവി ഉപയോഗപ്പെടുത്തി പാര്‍ലമെന്റിനെ തന്നെ മറികടന്നിരിക്കുകയാണിവിടെ. എല്ലാ സബ്‌സിഡികള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം പാസ്സാക്കിയത് ഒരു ചര്‍ച്ചപോലും നടക്കാതെയാണെ ന്നതും തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യുപിഎ ഭരണം ആദാറിനായി ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി സ്ഥാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത ബിജെപി അധികാരത്തിലെത്തിയപ്പോള്‍ സബ്‌സിഡികളിലെ ചോര്‍ച്ച തടയാനെന്ന പേരിലാണ് ഇപ്പോള്‍ ആധാര്‍ നിയമമാക്കിയിരി ക്കുന്നത്. ആധാര്‍ നിയമമാക്കുന്നതോടെ, ആധാര്‍ രജിസ്‌ട്രേഷനി ല്ലാത്ത രാജ്യത്തെ ദരിദ്ര ജനകോടികള്‍ സബ്‌സിഡികളില്‍ നിന്നും ഒവിവാക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന്റെ പരിഗണനയിലുള്ള വിഷയത്തില്‍ തിരക്കു പിടിച്ച് നിയമനിര്‍മ്മാണം നടത്താന്‍ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം അതിന്റെ സീമകളില്ലാത്ത കോര്‍പ്പറേറ്റ് ആഭിമുഖ്യവും ദരിദ്രരോടുള്ള തികഞ്ഞ വെറുപ്പുമാണെന്ന് എടുത്തു പറയേണ്ടതില്ല.

*സഖാവ് മാസിക 2016 ഏപ്രില്‍ ലക്കം