"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

കേന്ദ്രബജറ്റ്: ജനപ്രിയതയുടെ പുറംമോടിയില്‍ അനുസ്യൂതം തുടരുന്ന കോര്‍പ്പറേറ്റ് സേവ


കാവിവല്‍ക്കരണവും ഹിന്ദുത്വ അജണ്ടയും നടപ്പാക്കി രാജ്യത്തെ ശിഥിലീകരിച്ചായാലും സാമ്രാജ്യത്വ മൂലധന താല്പര്യങ്ങളും ഒരു ന്യൂനപക്ഷം വരുന്ന സമ്പന്ന - സവര്‍ണ്ണ വിഭാഗത്തിന്റെ രാഷ്ട്രീയ സാമ്പത്തികാധിപത്യവും സ്ഥാപിച്ചെടുക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ നീങ്ങുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ നിന്നും രാജ്യത്തെ ജനകോടികള്‍ക്ക് ഗുണപ്രദമായ നടപടികള്‍ ഉണ്ടായാ ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 'ദീപസ്തംഭം മഹാശ്ചര്യം' എന്ന മട്ടില്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളും അക്കാദമിക് ബുദ്ധിജീവികളും സംഘപരിവാര്‍ വക്കാലത്തുകാരും ശ്ലാഘിക്കുന്ന 2016 - 17 ലേക്കുള്ള കേന്ദ്ര ബജറ്റ് മോദി സര്‍ക്കാരിന്റെ അവതാരോദ്ദേശം അടിവരയിടുന്നതുപോലെ തീവ്ര വലതുഗണത്തില്‍ പെടുന്നതും നിര്‍ലജ്ജമായ കോര്‍പ്പറേറ്റ് സേവയില്‍ ഊന്നുന്നതുമാണ്. 'പുരയ്ക്കു തീപിടിക്കുമ്പോള്‍ വാഴവെട്ടുന്നതു' പോലെ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെയും രാജ്യത്തിന്റെ ഉല്പാദന മേഖലകള്‍ മാന്ദ്യത്തിലകപ്പെട്ടിരിക്കുന്നതിന്റെയും പേരില്‍ ഗ്രാമീണ - കര്‍ഷക ജനതക്ക് കാര്യമായി എന്തൊക്കെയോ വാരിക്കോരി കൊടുത്തു എന്ന പ്രതീതി സൃഷ്ടിച്ച്, 2014 ലെയും 2015 ലെയും ബജറ്റുകളില്‍ ജെയ്റ്റ്‌ലി ഊന്നിയ കോര്‍പ്പറേറ്റ് വല്‍ക്കരണം ആഴത്തിലാക്കുന്നതും കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതുമാണ് ഈ ബജറ്റ്. 

ഒന്നാമതായി കാര്‍ഷിക മേഖലയ്ക്ക് പരമപ്രാധാന്യം നല്‍കുന്നു വെന്ന അവകാശവാദം പരിശോധിക്കുക. അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകവരുമാനം ഇരട്ടി ആക്കുമെന്ന ബജറ്റു പ്രഖ്യാപനം അധികാരത്തിലെത്തി 100 ദിവസങ്ങള്‍ക്കുള്ളില്‍ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇടുമെന്ന മോദിയുടെ തെരഞ്ഞെടുപ്പു പ്രസംഗം പോലെ ഗീര്‍വാണം മാത്രമാണ്. ഇപ്പോള്‍ കാര്‍ഷിക വളര്‍ച്ചാ നിരക്ക് പൂജ്യത്തിനു താഴെ നെഗറ്റീവായിരിക്കുമ്പോള്‍, മോദി - ജെയ്റ്റ്‌ലി ദ്വയം അവകാശപ്പെടുന്നതുപോലെ 5 വര്‍ഷം കൊണ്ട് ഇരട്ടിയാകണമെങ്കില്‍ പ്രതിവര്‍ഷം കുറഞ്ഞത് 15 ശതമാനത്തി ലധികം കണ്ടു വളരണം. വ്യവസായവും സേവന മേഖലയും ഊഹമേഖലയും വളരുന്ന നിരക്കില്‍ കൃഷിക്ക് വളരാന്‍ കഴിയില്ലെന്ന പ്രാഥമിക പരിജ്ഞാനമോ സാമ്പത്തിക ശാസ്ത്രബോ ധമോ ഇല്ലാത്ത സംഘികള്‍ക്കു മാത്രമേ ഇത്തരം നെടുങ്കന്‍ പ്രസ്താവനകള്‍ നടത്താന്‍ കഴിയൂ. കൃഷിയുടെ ചിവല് കുറക്കുകയും വരുമാനം ഉയര്‍ത്തുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രം രാജ്യത്ത് എങ്ങനെ നടപ്പാക്കുമെന്ന് പൊതുവായെങ്കിലും വിശദീകരിക്കാതെ, ഇതു പറയുകയും 9 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ ബജറ്റ് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ജെയ്റ്റ്‌ലി ലക്ഷ്യമിടുന്നത് കാര്‍ഷിക ഉല്പാദന - സംസ്‌കരണ - വിപണന മേഖലകളിലേക്ക് വിഭാവനം ചെയ്തിരിക്കുന്ന വിദേശ - കോര്‍പ്പറേറ്റ് മൂലധന നിക്ഷേപത്തെ തന്നെയാണ്. വാങ്ങിയ ബാങ്കു വായ്പകളുടെ പേരില്‍ ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ രാജ്യത്തെ മഹാഭുരിപക്ഷം കര്‍ഷകര്‍ക്കല്ല, സമ്പന്ന - കോര്‍പ്പറേറ്റ് കാര്‍ഷിക കുത്തകകള്‍ക്കാണ് ഇതിന്റെ നേട്ടമെന്ന് വ്യക്തമാണ്. ദരിദ്രരെ കര്‍ഷകരെക്കാള്‍ ഗ്രാമീണ ജനതയിലെ വലിയ വിഭാഗം ഭൂരഹിത കര്‍ഷക തൊഴിലാളികളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയും നാം തിരിച്ചറിയണം. കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കായി പ്രഖ്യാപിച്ചിട്ടുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങ്, ഇ - പ്ലാറ്റ്‌ഫോം തുടങ്ങിയ ഡിജിറ്റലൈസേഷന്‍ പരിപാടികള്‍ ലക്ഷ്യമിടുന്നത് കോര്‍പ്പറേറ്റ് കൃഷിയാണ്. അതേസമയം കൃഷിക്കും മുന്‍ഗണന നല്‍കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് ഗ്രാമീണ വോട്ടുകള്‍ ഉറപ്പിക്കുക എന്ന ഹീനതന്ത്രം ഇതിന്റെ പിന്നിലുണ്ട്. 

രണ്ടാമത്തേത്, അടിസ്ഥാന സൗകര്യ നിര്‍മ്മാണ രംഗത്തു നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി പിപിപി പദ്ധതികള്‍ എന്ന പേരില്‍ അവയുടെ ഉടമസ്ഥതയും നടത്തിപ്പും ലാഭം കൊയ്യലും സ്വകാര്യ കോര്‍പ്പറേറ്റുകളില്‍ നിക്ഷിപ്തമാക്കുന്ന ഏര്‍പ്പാട് ഈ ബജറ്റ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നുവെന്നതാണ്. കോര്‍പ്പറേറ്റ് സമ്പത്തു സമാഹരമത്തിന്റെ നവ ഉദാര കാലത്തെ സവിശേഷ രൂപം കൂടിയാണിത്. സര്‍ക്കാര്‍ ഖജനാവിലെ ജനങ്ങളുടെ പണം പൊതുമേഖലാ ബാങ്കുകളിലെ ജനങ്ങളുടെ നിക്ഷേപം രാജ്യത്തെ ഭൂമിയും വിഭവങ്ങളും തുടങ്ങിയവയെല്ലാം വികസനത്തിന്റെ പേരില്‍ അടിച്ചുമാറ്റാന്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് സൗകര്യമൊ രുക്കുന്ന റോഡു നിര്‍മ്മാണരംഗത്തെ പിപിപി പദ്ധതികള്‍ക്കായി 97000 കോടി രൂപയാണ് ബജറ്റ് നീക്കി വെച്ചിരിക്കുന്നത്. അതുപോലെ ഓരോന്നിനും 100 കോടി വരെ ചെലവു വരുന്ന 160 ചെറു വിമാനത്താവളങ്ങളും എയര്‍സ്ട്രി പ്പുകളും ബജറ്റ് വിഭാവനം ചെയ്യുന്നു. ഇവയടക്കം മുന്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ചതുമാതിരി ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പിപിപി കമ്പോളമാക്കാനാണ് നീക്കം. ഇന്ത്യയുടെ പൊതു മേഖലാ ബാങ്കുകളില്‍ നിന്നും ഇപ്രകാരമുള്ള പിപിപി പദ്ധതികളുടെ പേരിലാണ് അദാനിയും അംബാനിയും മുതല്‍ വിജയ് മല്യ വരെയുള്ളവര്‍ 5 ലക്ഷം കോടി രൂപയോളം അടിച്ചുമാറ്റിയതും കിട്ടാക്കടമെന്ന പേരില്‍ അവ എഴുതിത്തള്ളി ക്കൊണ്ടിരിക്കുന്നതും. കാര്‍ഷിക - വിദ്യാഭ്യാസ വായ്പകളെടു ത്തതിന്റെ പേരില്‍ ദരിദ്രരെ ജയിലില്‍ പിടിച്ചിടുകയും അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കട്ടുകെട്ടുകയും ചെയ്യുന്ന ഈ ജനവിരുദ്ധ ഭരണകൂടം ഇപ്രകാരം ലക്ഷക്കണക്കിനു കോടി രൂപ പണമായും ഭൂമിയും വിഭവങ്ങളുമായും കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറു മ്പോള്‍ ഉല്പാദന പരവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും പരിസ്ഥിതി സൗഹൃദവുമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു പകരം ലാഭം വര്‍ദ്ധിപ്പിക്കുന്ന ഊഹപ്രവര്‍ത്തനങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കുമാണ് ഈ പണമത്രയും വിന്യസിക്ക പ്പെടുന്നത്. അളവറ്റ ഈ നിക്ഷേപങ്ങള്‍ പൊതുമേഖലയില്‍ നടപ്പാക്കിയാല്‍ ദശലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാ ക്കുകയും രാജ്യത്തെ ജനങ്ങളുടെ നിയന്ത്രണത്തില്‍ വിഭവങ്ങള്‍ നിലനിര്‍ത്തുയും ആകാം. ഇപ്പോള്‍ ഒരു കണക്കനുസരിച്ച് 22 ലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും വേണ്ടിടത്ത് അതിന്റെ പകുതി മാത്രം ആളുകളെ ഉപയോഗിച്ചുകൊണ്ടാണ് റെയില്‍വേ പ്രവര്‍ത്തിക്കുന്നത്. മോദി സര്‍ക്കാരിന്റെ പിപിപി പദ്ധതി റെയില്‍വേയിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ച തിലൂടെ സ്ഥിതി ഇനിയും വഷളാകും. ആകെ മൊത്തം 221246 കോടി രൂപ പിപിപി പദ്ധതികള്‍ക്ക് വകകൊള്ളിച്ചിരിക്കുന്നത് അര്‍ത്ഥമാക്കുന്നത് അത്രയും പണം കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലേക്കു പോകുന്നു എന്നതു മാത്രമാണ്. 

ഇതോടൊപ്പം മുന്‍ബജറ്റുകളുടെ തുടര്‍ച്ചയായി എല്ലാ രംഗത്തേ ക്കും വിദേശ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് പ്രവേശനം അനുവദി ച്ചിരിക്കുന്നു. കാര്‍ഷിക - ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വിദേശമൂലധനത്തെ കടത്തിവിടുന്നതിനൊപ്പം ഓഹരി വിപണി, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകള്‍ തുടങ്ങിയ മേഖലകളിലും 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായും വന്‍ തോതിലുള്ള സാമ്രാജ്യത്വ കടന്നുകയറ്റത്തിനാണു ബജറ്റില്‍ ശ്രമം നടത്തിയിരി ക്കുന്നത്. ബാങ്കുകളിലെ നിക്ഷേപത്തോടൊപ്പം പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളിലെ ജനങ്ങളുടെ നിക്ഷേപവും കൈകാര്യം ചെയ്യാനും കടത്തിക്കൊ ണ്ടുപോകാനും മുന്‍കാലത്തേക്കാള്‍ ഊര്‍ജ്ജിതമായി ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിദേശ ചൂതാട്ടകുത്തകകള്‍ക്ക് സൗകര്യം നല്‍കിയിരിക്കുന്നു. ലോകമാന്ദ്യം നിമിത്തം നിക്ഷേപ സാധ്യതകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഫിനാന്‍സ് കുത്തകകളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. വാതക പര്യവേഷണത്തിന്റെ പേരില്‍ അംബാനി, എസ്സാര്‍ പോലുള്ള കുത്തകകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയി രിക്കുന്നതോടൊപ്പം 'നിക്ഷേപ പ്രോത്സാഹന' മെന്ന പേരില്‍ നല്‍കപ്പെടുന്ന കോര്‍പ്പറേറ്റ് നികുതിയിളവുകളും സബ്‌സിഡികളും വിദേശ കമ്പനികളും കൈവശപ്പെടുത്തുന്നതിനുള്ള അവസരവും തുറക്കപ്പെട്ടിട്ടുണ്ട്. വിവിധ കേന്ദ്ര നികുതി ഇളവുകളിലൂടെ കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ഈ വര്‍ഷം കിട്ടുന്നത് 611128 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 554349 കോടി രൂപയായിരുന്നു. അതായത് ഉല്പാദന മേഖലകള്‍ മുരടിക്കുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും സാമൂഹ്യ ചെലവുകള്‍ പണമില്ലെന്ന് പറഞ്ഞ് വെട്ടിച്ചുരുക്കുകയും ചെയ്യുമ്പോള്‍ കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുന്നു. മുന്‍ ഗവണ്‍മെന്റുകള്‍ ഇപ്രകാരമുള്ള കോര്‍പ്പറേറ്റ് ഇളവുകളെ സംബന്ധിക്കുന്ന ഒരു പ്രത്യേക രേഖ ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവരെക്കാള്‍ ഭാരതമാതാവിനോടു സ്‌നേഹകൂടുതലുള്ള ബിജെപി സര്‍ക്കാര്‍ ദേശവിരുദ്ധന്മാര്‍ക്കു നല്‍കുന്ന ഇത്തരം ഇളവുകള്‍ ജനങ്ങള്‍ അറിയാതിരിക്കാന്‍ ആ രേഖ തന്നെ വേണ്ടന്നു വച്ചിരിക്കുന്നു. ഇപ്രകാരം വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാര്‍ക്ക് ബജറ്റില്‍ 611128 കോടി രൂപ ഇളവു നല്‍കുമ്പോള്‍ വിവിധ മേഖലകളി ലായി കൊട്ടിഘോഷത്തോടെ മാറ്റിവെച്ചിരിക്കുന്ന സബ്‌സിഡികള്‍ ആകെ മൊത്തം 250432 കോടി രൂപമാത്രമാണ്. ദേശീയ തൊഴില്‍ ദാന പദ്ധതിക്ക് മാറ്റി വെച്ചിരിക്കുന്നതാകട്ടെ 38000 കോടി രൂപയോളം. 5 ശതമാനം ഉപഭോക്തൃവില സൂചിക കണക്കിലെടു ത്താല്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. കഴിഞ്ഞ വര്‍ഷം അഖിലേന്ത്യാടിസ്ഥാനത്തില്‍ കൊടുക്കാന്‍ കഴിഞ്ഞത് ശരാശരി 28 തൊഴില്‍ ദിനങ്ങള്‍ മാത്രമാണ്. 

2016 - 17 വര്‍ഷത്തേക്കുള്ള പ്രതിരോധ ചെലവുകള്‍ വിദഗ്ധ പൂര്‍വ്വം പ്രസംഗത്തില്‍ നിന്നൊഴിവാക്കിയെങ്കിലും ബജറ്റു രേഖ പ്രകാരം നടപ്പുവര്‍ഷത്തെ 2.24 ലക്ഷം കോടി രൂപയില്‍ നിന്നും 2.49 ലക്ഷം കോടി രൂപയാക്കി അത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി ബ്രിക്‌സ് രാജ്യങ്ങളില്‍ റഷ്യ കഴിഞ്ഞാല്‍ ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ ഏറ്റവുമധികം സൈനിക ചെലവുള്ള രാജ്യം ഇന്ത്യയായിരിക്കുന്നു. മോദി ഭരണത്തില്‍ ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. എന്നാല്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ ഏറ്റവും കുറച്ചു ചെലവു ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. കപട ദേശീയ വാദികളായ സംഘികളുടെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി 3.9 ശതമാനം ചെലവഴിക്കുമ്പോള്‍ ബ്രസീല്‍ 6.3 ശതമാനവും ദക്ഷിണാഫ്രിക്ക 6.4 ശതമാനവും ചെലവഴിക്കുന്നു. ആരോഗ്യമേഖലയില്‍ ബ്രസീല്‍ 9.7 ശതമാനവും ദക്ഷിണാഫ്രിക്ക 8.9 ശതമാനവും ചെലവഴിക്കുമ്പോള്‍ ഇന്ത്യ കഷ്ടിച്ച് ദേശീയവരുമാനത്തിന്റെ 4 ശതമാനം മാത്രമാണ് ചെലവഴിക്കുന്നത്. ഇന്ത്യ ലോകത്തില്‍ കുതിച്ചുയരുന്ന രാജ്യമാ ണെന്ന് വിമ്പിളക്കുന്നവര്‍ ഈ കുതിപ്പിന്റെ ജനവിരുദ്ധ ഉള്ളടക്കം ബജറ്റില്‍ വിദഗ്ധമായി മൂടിവെച്ചിരിക്കുകയാണ്. 

ഇന്ത്യയുടെ സമ്പത്തിന്റെ 25 ശതമാനം നിയന്ത്രിക്കുന്നത് 100 ശതകോടീശ്വരന്മാരാണ്. പകുതി സമ്പത്ത് കയ്യടക്കിയിരിക്കുന്നത് ഏറ്റവും മുകള്‍ തട്ടിലുള്ള 10 ശതമാനമാണ്. ഈ വിഭാഗത്തെ നികുതിക്കു വിധേയമാക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും വര്‍ഗ്ഗപരമായ കാരണങ്ങളാല്‍ മോദി ഭരണത്തിനു കഴിയില്ല. മുതലാളിത്ത സമ്പന്ന രാജ്യങ്ങളില്‍പോലും ദേശീയ വരുമാന ത്തിന്റെ 40 ശതമാനം വരെ നികുതി പിരിക്കുമ്പോള്‍ ഇന്ത്യയിലിത് 10 ശതമാനത്തില്‍ താഴെയാണ്. ഈ ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക്, മുമ്പ് സൂചിപ്പിച്ചതുപോലെ, 611128 കോടി രൂപ നികുതി ഇളവുകള്‍ നല്‍കുമ്പോള്‍ അവരില്‍ നിന്നു പിരിച്ചെടുക്കുന്ന പ്രത്യക്ഷ നികുതി 493923 കോടി രൂപ മാത്രമാണ്. അതേസമയം പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനമുള്ള 80 ശതമാനത്തോളം ജനങ്ങളടക്കമുള്ള ബഹുഭൂരി പക്ഷത്തില്‍ നിന്നും പിരിച്ചെടുക്കുന്ന പരോക്ഷ നികുതികള്‍ 783791 കോടി രൂപയാണ്. നികുതി ഭാരം പൂര്‍ണ്ണമായും പേറേണ്ടി വരുന്നത് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരാണെന്നു ചുരുക്കം. ഇതിനു പുറമെ ഈ ബജറ്റിലൂടെയും സര്‍ക്കാര്‍ കടം വാങ്ങുന്നത് 520709 കോടി രൂപയാണ്. ഇതിന്റെ ഭാരവും തിരിച്ചടവിന്റെയും പലിശയു ടെയും രൂപത്തില്‍ വഹിക്കുന്നത് സാധാരണക്കാരാണ്. പ്രത്യക്ഷനികുതികളായ കോര്‍പ്പറേറ്റ് നികുതിയും ആദായ നികുതിയും ഒരു വര്‍ധനവും വരുത്താതെ 2016 - 17 ബജറ്റിലും അധിക വിഭവ സമാഹരണത്തിനായി ആശ്രയിക്കുന്നത് പരോക്ഷ നികുതികളെയാണ്. ഏകദേശം 20000 കോടിരൂപയോളം. അതായത്, പ്രത്യക്ഷനികുതികള്‍ വിശേഷിച്ചും കോര്‍പ്പറേറ്റ് നികുതികള്‍ വര്‍ദ്ധിപ്പിച്ച് മുതലാളിത്ത രാജ്യങ്ങളിലെ നികുതി അനുപാതത്തിന് അടുത്തെത്താനായാല്‍ ഇന്നു സമാഹരിക്കു ന്നതിന്റെ പലമടങ്ങു കോര്‍പ്പറേറ്റ് - ചൂഷക വര്‍ഗ്ഗങ്ങളില്‍ നിന്നു നികുതി പിരിക്കാനാകും. അതു പൊതുമേഖലയില്‍ ചെലവഴി ക്കാനായാല്‍ ദശലക്ഷക്കണക്കിനു പേര്‍ക്ക്‌തൊഴില്‍ ലഭിക്കും വിധം ഉല്പാദന മേഖലകള്‍ സജീവമാക്കാനാകും. എന്നാല്‍ കോര്‍പ്പറേറ്റ് പാദസേവ മുഖ്യദൗത്യമായിട്ടുള്ള സര്‍ക്കാരില്‍ നിന്നും അതു പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, 2016 ജനുവരി വരെ രാജ്യത്തെ കോര്‍പ്പറേറ്റുകളില്‍ നിന്നു പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശിക 4 ലക്ഷം കോടി രൂപ കവിഞ്ഞുവെന്ന് രാജ്യസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു. 

ഏറെ കൗതുകകരമായിട്ടുള്ളത് പിഴയടക്കം 45 ശതമാനം നികുതിയടച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ കള്ളപ്പണക്കാര്‍ക്ക് മോദി സര്‍ക്കാര്‍ വെച്ചു നീട്ടുന്ന സൗമനസ്യമാണ്. ഇപ്രകാരം നികുതിയടച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ആരും മുന്നോട്ടു വരില്ലെന്ന വസ്തുത നിലനില്‍ക്കെ, തെരഞ്ഞെടുപ്പു കാലത്ത് കള്ളപ്പണക്കാര്‍ക്കെതിരെ ഗീര്‍വാണപ്രസംഗം നടത്തിയതിനുശേഷം ഇപ്പോള്‍ അവരുമായി സന്ധി ചെയ്യുന്ന ബിജെപി നേതൃത്വത്തി ന്റെ ഇരട്ടത്താപ്പും അവസരവാദവുമാണ് ഇവിടെ തുറന്നുകാട്ട പ്പെടുന്നത്. സ്വിസ്സ് ബാങ്കുകളടക്കം വിദേശകള്ളപ്പണ കേന്ദ്രങ്ങളി ലുള്ള അളവറ്റ പണം തിരിച്ചുകൊണ്ടു വരുന്നതെപ്പറ്റി മുണ്ടുന്നുപോലുമില്ല. 

സാധാരണക്കാര്‍ക്കുള്ള എല്ലാ സബ്‌സിഡികളും 'ടാര്‍ജറ്റ്' ചെയ്ത് അതിന്റെ ഗുണഭോക്താക്കളെ ചുരുക്കുക എന്ന ലക്ഷ്യത്തോടെ ആദാര്‍ കാര്‍ഡുമായി അവയെ ബന്ധിപ്പിക്കാനുള്ള നീക്കം ബജറ്റിന്റെ നവയാഥാസ്ഥിതിക - നവഉദാരദര്‍ശനത്തെ ശരിക്കും പ്രതിഫലിപ്പിക്കുന്നു. രാജ്യത്തെ ജനകോടികള്‍ അഭിമുഖീകരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച, പരമ്പരാഗത വ്യവസായങ്ങളുടെ അടച്ചുപൂട്ടല്‍, പരിസ്ഥിതി വിനാശം, ആദിവാസികളും ദളിതരും അടക്കം മര്‍ദ്ദിത ജനതകള്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊന്നും തന്നെ ബജറ്റിന്റെ അജണ്ടയിലില്ല. ഉള്ള പൊതുമേഖല പോലും തകര്‍ത്തും സമസ്ത മേഖലകളും കോര്‍പ്പറേറ്റ് വല്‍ക്കരിച്ചും പ്രതിസന്ധിയിലാണ്ട ലോക സമ്പദ്ഘടനയുമായി ഇന്ത്യയെ വീണ്ടും ഉദ്ഗ്രഥിച്ചും അതിനായി വിദേശ മൂലധനത്തിന് ഇളവുകളും ആനുകൂല്യങ്ങളും വാരിക്കോരി നല്‍കിയും മുന്നേറുന്ന മോദി ഭരണം രാജ്യത്തെ കൊടിയ വിനാശത്തി ലേക്കാണു നയിക്കുന്നത്. ജനങ്ങളുടെ ജീവിതവുമായി ബന്ധമി ല്ലാത്ത സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ടുള്ള ചെപ്പടിവിദ്യ ക്കപ്പുറം കേന്ദ്രവിഷയങ്ങളെയെല്ലാം പാടേ അവഗണിക്കുന്നതാണ് പതിവുപോലെ ഈ ബജറ്റും.