"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

നായര്‍ - പുലയ ലഹള - ദലിത്ബന്ധു എന്‍ കെ ജോസ്


പുലയര്‍ക്കു പ്രത്യേക വിദ്യാലയം എന്ന നയത്തിനുശേഷമാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാനവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. അതിനാല്‍ അത് 1908 നു ശേഷമാണ്. 24.10.1907 ലാണ് പി.രാജഗോപാലാചാരി ദിവാനായി ചാര്‍ജ്ജെടുക്കുന്നത്.10 1904 മുതല്‍ 1906 വരെ ചാര്‍ജ്ജു വഹിച്ചു. യു.പി മാധവറാവുവിനോ 1906-07 വരെ ചാര്‍ജ്ജു വഹിച്ച എസ്. രാജഗോപാലാചാരിക്കോ അതിനുള്ള സമയമോ സാവകാശമോ ഉണ്ടായിരുന്നില്ല. പിന്നീട് ദിവാനായ പി.രാജഗോപാലാചാരിക്ക് അയിത്തക്കാരോട് പ്രത്യേകമായ സഹാനുഭൂതിയുണ്ടായിരുന്നതും അദ്ദേഹത്തിന്റെ കീഴില്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. മിച്ചല്‍ എന്ന ഇംഗ്ലീഷുകാരന്റെ സഹകരണവുമാണ് അത്തരം ഒരു ഉത്തരവിന് കാരണമായത്. അതു സവര്‍ണ്ണരുടെ കഠിനമായ എതിര്‍പ്പിനു പാത്രമായി. പുലയര്‍ക്കു പ്രത്യേക സ്‌കൂള്‍ എന്നത് സവര്‍ണ്ണരെ അത്രയധികം നേരിട്ടു ബാധിക്കുന്നതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സവര്‍ണ്ണ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂളുക ളിലേയ്ക്കാണ് പുലയക്കുട്ടികളെയും പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സവര്‍ണ്ണര്‍ മാത്രമല്ല ഈഴവരാദി അവര്‍ണ്ണരില്‍പ്പെട്ട ഇതരവിഭാഗങ്ങളും എതിര്‍പ്പിന്റെ കാര്യ ത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല.

ഈഴവര്‍ക്കു തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നായരുടെ കുട്ടികള്‍ക്കൊപ്പമിരുത്തി പഠിപ്പിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ അതുപോലെതന്നെ പുലയക്കുട്ടി കളെയും പറയക്കുട്ടികളെയും മറ്റും തങ്ങളുടെ കുട്ടികളുടെ ഒപ്പമിരുത്തി പഠിപ്പിക്കരുത് എന്ന കാര്യത്തിലും അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അവരെ സ്‌കൂളില്‍ കാണുന്നതുപോലും ഈഴവര്‍ക്ക് സഹിക്കാന്‍ കഴിയുന്നതി ലേറെയായിരുന്നു. ചിറയിന്‍കീഴിനു സമീപം ഒരു സര്‍ക്കാര്‍ പള്ളിക്കൂടം സ്ഥാപിച്ചിരുന്നു. എല്ലാകുട്ടികള്‍ക്കം അവിടെ പ്രവേശനം അനുവദിച്ചു. നായര്‍കുട്ടികളെ കൂടാതെ അഞ്ചാറ് ഈഴവക്കുട്ടികളും അവിടെ ചേര്‍ക്കപ്പെട്ടു. അപ്പോള്‍ നേരത്തെ ചേര്‍ന്ന നായര്‍ക്കുട്ടികള്‍ പള്ളിക്കൂടം വിട്ടുപോയി. കുറെക്കഴി ഞ്ഞ് രണ്ടുപുലയകുട്ടികളെ പ്രസ്തുത പള്ളിക്കൂടത്തില്‍ ചേര്‍ത്തു. അപ്പോള്‍ ഈഴവക്കുട്ടികളും പള്ളിക്കൂടം വിട്ടുപോയി. അവസാനം ആ പള്ളിക്കൂടത്തില്‍ രണ്ടു പുലയക്കുട്ടികള്‍ മാത്രം അവശേഷിച്ചു. പിന്നെ ആ പള്ളിക്കൂടം നിറുത്തലാക്കി.11

പലസ്ഥലത്തും പുലയക്കുട്ടികളെ സ്‌കൂളില്‍പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് ഏറ്റുമുട്ടലുകളുണ്ടായി. സവര്‍ണ്ണരുടെ അടികൊണ്ടു മടങ്ങിപ്പോകുന്ന പഴയ പാരമ്പര്യം ഇതിനകം പുലയരില്‍ നിന്നും വിട്ടുമാറിയിരുന്നു. പ്രത്യേകിച്ചും തെക്കന്‍ തിരുവിതാംകൂറില്‍. അയ്യന്‍കാളിയെ കണ്ടും കേട്ടും അനുഭവിച്ചവരില്‍ അത് ഏറിയുമിരുന്നു. അതിനാല്‍ തിരിച്ചടിക്കുന്നതില്‍ പുലയര്‍ ഒട്ടും പിന്നിലായിരുന്നില്ല. സര്‍ക്കാര്‍ ഉത്തരവുമായി അയ്യന്‍കാളി ഏതാനും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുനടന്നു. പക്ഷെ സ്‌കൂള്‍ വരാന്തയില്‍ എത്തിയപ്പോള്‍ തന്നെ സവര്‍ണ്ണരായിരുന്ന സ്‌കൂള്‍ ഭാരവാഹികള്‍ പുറത്തുവന്ന് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. ചിലനാട്ടു പ്രമാണികള്‍ ചുറ്റുംകൂടി നേതാക്കന്മാരെ കൈയേറ്റം ചെയ്തു. എന്തും സഹിക്കാന്‍ കച്ചകെട്ടിയിറങ്ങിയ അയ്യന്‍കാളിയുടെ അനുയായികള്‍ക്ക് അന്നുണ്ടായ ആക്രമണം ഒരു പുതിയ ഉന്മേഷം പകരുകയാണു ചെയ്തത്. എന്തായാലും പുലയക്കുട്ടികളെ വിദ്യാലയത്തില്‍ പ്രവേശിപ്പിച്ചേ മതിയാവൂ എന്നു അയ്യന്‍കാ ളിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 

സമചിത്തത പാലിച്ചുകൊണ്ട് കഴിയുന്നിടത്തോളം സംഘട്ടനം ഒഴിവാക്കുകയും അതേസമയം ലക്ഷ്യത്തില്‍ നിന്നും ഒട്ടും പിന്നോക്കം പോകാതെ കാര്യം നേടിയെടുക്കുകയും ചെയ്യുക എന്ന നയമാണ് അക്കാര്യത്തില്‍ അയ്യന്‍കാളി സ്വീകരിച്ചത്. ഒരു യഥാര്‍ത്ഥ നേതാവിനുണ്ടായിരിക്കേണ്ട അത്തരം ഗുണങ്ങള്‍ അയ്യന്‍കാളിയില്‍ നിര്‍ലോഭമായി വിളങ്ങിയിരുന്നു.

തിരുവല്ലാ പുല്ലാട്ടു മിഡില്‍ സ്‌കൂളില്‍ വെള്ളിക്കര ചോതി ഏതാനും കുട്ടികളെ കൊണ്ടുചെന്നു. ഒരു വലിയ ജനാവലിയോടെ സ്‌കൂളില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ച അദ്ദേഹത്തെ തടഞ്ഞുനിറു ത്തുന്ന തില്‍ യാഥാസ്ഥിതികര്‍ പരാജയപ്പെട്ടു. പക്ഷെ സവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടുപോയി. അന്നു രാത്രി പുല്ലാട്ടു സ്‌കൂള്‍ തീവയ്ക്കപ്പെടുകയും ചെയ്തു. സ്‌കൂളിന് തീവെച്ചത് സാധുജനപരിപാലനസംഘം പ്രവര്‍ത്തകരാണ് എന്നായിരുന്നു പിറ്റേദിവസത്തെ കേസ്. അന്നു പുല്ലാട്ടു സ്‌കൂളില്‍ പ്രവേശിപ്പിച്ച നാലു പുലയബാലന്മാരില്‍ ഒരാള്‍ പിന്നീട് കേരള നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായ ടി.ടി. കേശവന്‍ ശാസ്ത്രിയായിരുന്നു.12