"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 11, ശനിയാഴ്‌ച

അയ്യന്‍കാളി; ജന്മദിനം (രണ്ടാംഭാഗം) - ദലിത്ബന്ധു എന്‍ കെ ജോസ്


നിയമസഭയില്‍ അദ്ദേഹം തന്റെ സമുദായത്തിനുവേണ്ടി ഉന്നയിച്ച ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശിച്ച് പഠനം നടത്തുവാനുള്ള അനുവാദമാണ്. ആ അനുവാദം ലഭിച്ചിട്ടും അത് നടപ്പാക്കുന്നതില്‍ തടസം നിന്ന സവര്‍ണരെ ഒരു പാഠം പഠിപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഐതിഹാസി കമായ കാര്‍ഷിക പണിമുടക്ക് സമരം ഇന്ത്യയില്‍ ആദ്യമായി വിജയപൂര്‍വം നടത്തിയത്. നാരായണഗുരുവിന്റെയും പ്രധാന ലക്ഷ്യം തന്റെ അനുയായികള്‍ 'വിദ്യകൊണ്ട് ശക്തരാകുക''എന്നതാണ്. ഒരവസരത്തില്‍ അദ്ദേഹം ക്ഷേത്രപ്രതിഷ്ഠകള്‍ നിര്‍ത്തിയിട്ട് ഇനി വിദ്യാലയ പ്രതിഷ്ഠകളാണ് ആവശ്യമെന്നു പറഞ്ഞു. വൈക്കത്ത്‌സത്യാഗ്രഹം നടന്നു കൊണ്ടിരുന്നപ്പോള്‍ അത് സന്ദര്‍ശിച്ച ശേഷം നാരായണഗുരു പറഞ്ഞത് വൈക്കത്തെ റോഡുകളില്‍ കുത്തിയിരുന്ന് വെയിലും മഴയും മഞ്ഞും കൊള്ളാതെ വേലിപൊളിച്ച് അകത്തുകയറി ക്ഷേത്രത്തില്‍ പ്രവേശിക്കണം, ശ്രീകോവിലില്‍ കയറണം, തങ്ങള്‍ എവിടെ കയറിയാല്‍ അശുദ്ധമാകുമോ അവിടെയെല്ലാം കയറി അശുദ്ധമാക്കണം, പാല്‍പായസം വച്ചിട്ടുണ്ടെങ്കില്‍ അതെടുത്ത് കുടിക്കണം, തല്ലിയാല്‍ തിരിച്ചുതല്ലരുത്, അഹിംസകൊണ്ടല്ല, തിരിച്ചു തല്ലാന്‍ നിന്നാല്‍ ലക്ഷ്യം നേടുകയില്ലാ എന്നതു കൊണ്ടാണ് എന്നെല്ലാ മാണ്. അവിടെ നാരായണഗുരുവിന്റെ മറ്റൊരുമുഖമാണ് കാണുന്നത്. അത് അയ്യന്‍കാളിയുടേതുമായി വളരെയേറെ സാദൃശ്യമുള്ളതാണ്.

അങ്ങനെ ആശയപരമായും പ്രവര്‍ത്തനരംഗത്തും വളരെയേറെ അടുപ്പമുണ്ടായിരുന്ന രണ്ട് മഹാത്മാക്കളില്‍ ജ്യേഷ്ഠസ്ഥാനീയനായ നാരായണഗുരു (അദ്ദേഹം ജനിച്ചത് 1856 ലാണ്. അയ്യന്‍കാളിക്ക് ഏഴ് വര്‍ഷം മുമ്പ്) 1888 ല്‍ അരുവിപ്പുറത്ത് ഒരു ശിവലിംഗ പ്രതിഷ്ഠ നടത്തി കൊണ്ടാണ് തന്റെ പൊതു പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് അയ്യന്‍ കാളിക്ക് 25 വയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വിവാഹം നടന്ന കാലമായിരുന്നു അത്. (1883 ലാണ് അദ്ദേഹം ചെല്ലമ്മയെ വിവാഹം ചെയ്തത്) അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം അനേകം പ്രതിഷ്ഠകള്‍ കേരളത്തിന്റെ നാനാഭാഗത്തും ഗുരു നടത്തി. അതെല്ലാം കണ്ടു വളര്‍ന്ന അയ്യന്‍കാളി ഒരു ക്ഷേത്ര പ്രതിഷ്ഠപോലും നടത്തിയില്ല എന്നത് യാദൃശ്ചികമല്ല, മനഃപൂര്‍വ്വമായിരുന്നു എന്നു വ്യക്തമാണല്ലോ. മറ്റ് എല്ലാ കാര്യത്തിലും തന്നെ അദ്ദേഹം നാരായണഗുരുവിനെ അനുകരിച്ചു.

1893 ല്‍, അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് അഞ്ചു വര്‍ഷത്തിനുശേഷം സ്വന്തമായി ഒരു വില്ലുവണ്ടി വാങ്ങി അതില്‍ കയറി ബാലരാമപുരത്തും മറ്റും അന്നത്തെ ജാതിമര്യാദ ലംഘിച്ച് ബലമായി സഞ്ചരിച്ച അയ്യന്‍കാളിക്ക് താല്പര്യ മുണ്ടായിരുന്നു വെങ്കില്‍ ഒരു ക്ഷേത്രപ്രതിഷ്ഠ അസാധ്യമായ കാര്യമൊന്നു മായിരുന്നില്ല. അതിനുള്ള സാമ്പത്തിക സൗകര്യവും അനുയായി വൃന്ദവും അയ്യന്‍കാളിക്കുണ്ടായിരുന്നു. ആ വില്ലുവണ്ടിക്കു മുടക്കിയ പണം ആവശ്യമില്ല ഒരു ക്ഷേത്രം അന്നു നിര്‍മ്മിക്കാന്‍. കെട്ടിടമല്ല ക്ഷേത്രത്തിന്റെ പ്രധാനഭാഗം ആരാധനാ മൂര്‍ത്തിയാണ്. അരുവിപ്പുറത്ത് പ്രതിഷ്ഠനടന്നപ്പോള്‍ അവിടെ ഒരു കെട്ടിടവു മുണ്ടായിരുന്നില്ല. നാരായണഗുരു തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി യാണ്. അയ്യന്‍കാളി തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത് വില്ലു വണ്ടി സമരത്തോടുകൂടിയാണ്. നാരായണഗുരു ശ്രീനാരായണ ധര്‍മ്മപരിപാലന സംഘത്തിന് 1903 ല്‍ രൂപംകൊടുത്തു. അയ്യന്‍കാളി 1907 ല്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചു.

അക്കാലത്ത് വളരെയധികം ദലിതര്‍ വിവിധ ക്രൈസ്തവവിഭാഗ ങ്ങളിലേക്ക് ചേര്‍ന്നുകൊണ്ടിരുന്നു. അതിലൂടെ അവര്‍ ഒരു പരിധിവരെ അയിത്തത്തില്‍നിന്നും ജാതിയില്‍ നിന്നും മോചനം നേടി എന്നു പറയാം. വഴി നടക്കാനും അക്ഷരം പഠിക്കാനും തുണിയുടുക്കാനും മറ്റും അനുവാദം ലഭിച്ചു. അന്നിവിടെ ബ്രിട്ടീഷ് മേധാവിത്വമുണ്ടായിരുന്നു. ഇംഗ്ലീഷ് മിഷനറിമാരാണ് അവരെ ക്രിസ്തുമതത്തില്‍ ചേര്‍ത്തത്. അതിനാല്‍ മറ്റു ക്രൈസ്തവരെപോലെ അവര്‍ പെരുമാറിയതില്‍ സവര്‍ണര്‍ അസന്തുഷ്ടരാണെങ്കിലും സഹിച്ചു. ക്രിസ്തുമത വിശ്വാസത്തേ ക്കാളേറെ അതെല്ലാമാണ് അന്നു ദലിതരെ ക്രിസ്തുമതത്തി ലേയ്ക്ക് ആകര്‍ഷിച്ചത്. ക്രിസ്തുമത പ്രവേശനം അന്നു ക്രിസ്തുവിലുള്ള വിശ്വാസമായിരുന്നില്ല, സാമൂഹ്യ മോചന മായിരുന്നു. വിദ്യാഭ്യാസത്തിലും സാമൂഹ്യ ബോധവല്‍ക്കരണ ത്തിലും ജീവിതരീതിയിലും ഇതര ദലിതരേക്കാള്‍ അവര്‍ മെച്ചപ്പെട്ടു. അതിന്റെ ഒരു പ്രധാന കാരണം അവരുടെ സാമൂഹ്യ ആരാധനാലയങ്ങളും അതിനോടനുബന്ധിച്ചുള്ള പാഠശാലകളുമാണെന്ന് അയ്യന്‍കാളി നേരില്‍കണ്ടു ബോധ്യപ്പെട്ടതാണ്. അതില്‍നിന്നും അയ്യന്‍കാളി പാഠശാല അനുകരിച്ചു; ആരാധനാലയം ഉപേക്ഷിച്ചു. അതാണ് അയ്യന്‍കാളിയുടെ വ്യക്തിത്വം

അതോടൊപ്പം തന്നെ ദലിത് സമൂഹത്തില്‍ നിന്നും ക്രിസ്തുമത ത്തിലേയ്ക്കുള്ള ഒഴുക്കിനെ അയ്യന്‍കാളി തടയുകയും ചെയ്തു. മേലില്‍ ദലിതരാരും ക്രിസ്തുമതത്തില്‍ ചേരണ്ടാ എന്ന് അയ്യന്‍കാളി പ്രഖ്യാപിച്ചു. ചേര്‍ത്തലയില്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്ന ദലിതരും അല്ലാത്ത ദലിതരും തമ്മില്‍ ഏറ്റുമുട്ടലു ണ്ടായപ്പോള്‍ അദ്ദേഹം ചേര്‍ത്തല ചെന്നു. ചെങ്ങണ്ടയില്‍ വച്ച് അദ്ദേഹത്തിന് ഗംഭീരമായ ഒരു സ്വീകരണം നല്‍കി. കട്ടിയാട്ടു ശിവരാമപ്പണിക്കരെപ്പോലുള്ള സവര്‍ണ്ണ നേതാക്കന്മാരാണ് അതിനു മുന്‍പന്തിയില്‍ നിന്നത്. ഇനിയാരും ക്രിസ്തുമതത്തി ലേയ്ക്ക് പോകരുത് എന്ന നിര്‍ദ്ദേശം അയ്യന്‍കാളി നല്‍കിയതു ആ യോഗത്തില്‍വച്ചാണ്. പിന്നെ ചേര്‍ത്തലയില്‍ നിന്നും ദലിതരാരുംതന്നെ ക്രിസ്തുമതത്തിലേയ്ക്കു പോയില്ല. അത് 1917 ലാണ് സംഭവിച്ചത്.

ദലിതരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്ന മിഷനറിമാരുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മഹാരാജാവിന് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. അന്ന് ഇന്ത്യഭരിച്ചുകൊണ്ടിരുന്നത് ക്രിസ്ത്യാനികളായ ഇംഗ്ലീഷു കാരായിരുന്നു. തിരുവിതാംകൂര്‍ ഇംഗ്ലീഷുകാര്‍ക്ക് കപ്പംകൊടുത്തു കൊണ്ടിരുന്ന ഒരു സാമന്തരാജ്യം മാത്രമായിരുന്നു. ഇംഗ്ലീഷു കാരുടെ ക്രിസ്തുമതത്തി ലേയ്ക്ക് ഇംഗ്ലീഷുകാരായ മിഷനറിമാര്‍ ദലിതരെ ചേര്‍ക്കുന്ന പ്രക്രിയ അവസാനിപ്പിക്കണമെന്നാണ് അയ്യന്‍കാളി ആവശ്യപ്പെട്ടത്. അന്നത്തെ നിലയ്ക്ക് ധീരമായ ഒരു നടപടിയായിരുന്നു അത്. അറസ്റ്റുചെയ്തു ജയിലിലടയ്ക്കാവുന്ന പ്രവൃത്തി.

ഇന്ന് ദലിതരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്നതിനെതിരെ വമ്പിച്ച പ്രക്ഷോഭണം നടക്കുകയാണ്. അതു ചെയ്യുന്നത് സവര്‍ണ്ണരും അവരുടെ സംഘടനകളുമാണ്. ഹിന്ദുമതമൗലിക വാദക്കാരും രാഷ്ട്രീയ സ്വയം സേവകക്കാരും മാത്രമല്ല മഹത്തായ ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ കാവല്‍നായ്ക്കളെന്ന വകാശപ്പെടുന്ന വരും അതു ചെയ്യുന്നുണ്ട്. അവരെല്ലാം ബ്രിട്ടീഷു ഭരണകാലത്തു തികഞ്ഞ മൗനം പാലിച്ചു. ബ്രിട്ടീഷുകാര്‍ ഇവിടെനിന്നും പോയിക്കഴിഞ്ഞു ഇന്ത്യ സവര്‍ണ്ണ ഭരണത്തിന്‍ കീഴിലായപ്പോള്‍ മാത്രമാണ് അവര്‍ ഗര്‍ജിക്കാന്‍ തുടങ്ങിയത്. അവിടെയാണ് അയ്യന്‍കാളിയുടെ ധീരത പ്രസ്പഷ്ടമാകു ന്നത്. സ്വന്തം യജമാനന്റെ ചാരത്ത് വേലിക്കകത്ത് നിന്നുകൊണ്ട് ഏതുപട്ടിക്കും 'ധീരമായി''കുരയ്ക്കാന്‍ കഴിയും? അയ്യന്‍കാളി അതായിരുന്നില്ല. പറയേണ്ടത് എവിടെയാണെങ്കിലും പറയും. പ്രവര്‍ത്തിക്കേണ്ടത് എന്താണെങ്കിലും പ്രവര്‍ത്തിക്കും. അവിടെ അത് ശരിയോ സത്യമോ എന്നു മാത്രമേ നോക്കുകയുള്ളൂ.

അയ്യന്‍കാളിയുടെ പ്രസ്തുത പെറ്റീഷനോട് താരതമ്യപ്പെടുത്താ വുന്നതായി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ അംബേദ്ക്കര്‍ നടത്തിയ പ്രസംഗം മാത്രമാണ്. പല കാര്യത്തിലും അയ്യന്‍കാളിക്ക് അംബേദ്ക്ക റോട് സാധര്‍മ്മ്യം കാണാം. ഇംഗ്‌ളീഷുകാര്‍ ഇന്ത്യയില്‍ ഒന്നര നൂറ്റാണ്ടുകാലം ഭരണം നടത്തിയിട്ടും ഇന്ത്യയിലെ അയിത്തജാതി ക്കാരുടെ ഉന്നമന ത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് അവരുടെ രാജധാനി യായ ലണ്ടനില്‍വച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അന്ന് അംബേദ്ക്കര്‍ ഗര്‍ജിച്ചു. അതുകേട്ട ഗാന്ധി തലകുമ്പിട്ടു തികഞ്ഞ മൗനം പാലിച്ചു.

ശിപായിലഹളയ്ക്കു ശേഷം 1858 ല്‍ വിക്ടോറിയാ രാജ്ഞി പുറപ്പെടുവിച്ച വിളംബരം തന്നെയാണ് അയ്യന്‍കാളി മുമ്പു സൂചിപ്പിച്ച മതപ്രചരണനിരോധന മെമ്മോറാണ്ടത്തിനു പോല്‍ബലകമായി ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ ജനങ്ങളുടെ പാരമ്പര്യങ്ങളോടും മതസാമൂഹ്യസാംസ്‌കാരികരംഗങ്ങളോടും ബന്ധപ്പെട്ട കാര്യങ്ങളിലൊന്നിലും മേലില്‍ ഇടപെടുകയില്ലെന്ന് ചക്രവര്‍ത്തിനി നല്‍കിയ വാഗ്ദാനമാണ് ഈ മിഷനറിമാര്‍ ലംഘിച്ചിരിക്കുന്നത് എന്ന് രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാന്‍ അയ്യന്‍കാളിക്ക് ഒരു മടിയുമില്ലായിരുന്നു.

എന്നാല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിനു കൊടുത്ത മറുപടി ഒരഴകൊഴമ്പന്‍ പരുവത്തിലായിരുന്നു. ആരെയും നിര്‍ബന്ധിച്ച് ഒരു മതത്തിലും ചേര്‍ക്കാന്‍ പാടില്ല. എന്നാല്‍ ആരെങ്കിലും സ്വയം മതം മാറുന്നുവെങ്കില്‍ അതു തടയാനും പാടില്ല. അക്കാര്യത്തില്‍ അയ്യന്‍കാളി യോളം തന്റേടം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിനുണ്ടായിരുന്നില്ല. ഇന്ത്യയിലെ ഏക ഹൈന്ദവരാഷ്ട്രം എന്നു വീമ്പു പറയുകയും മനുസ്മൃതി പ്രകാരമാണ് ഭരണം നടത്തുന്നത് എന്ന് അവകാശവാദം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരുന്ന സര്‍ക്കാരാണ് അന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ നയിക്കുന്നത് ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ കീഴിലുള്ള ഒരു സാമന്തരാജാവാണ്. അയ്യന്‍കാളി ആ രാജാവിന്റെ കീഴിലുള്ള ഒരു എളിയ പ്രജയും. പക്ഷെ അയ്യന്‍കാളി ഒരു മനുഷ്യനാ യിരുന്നു. ഒരു മനുഷ്യന്റേതായ വ്യക്തിത്വം അദ്ദേഹത്തിനു ണ്ടായിരുന്നു. അത് ഒരിടത്തും കളഞ്ഞുകുളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാജാവിനു തന്റെ രാജത്വവും, അധികാരവും, ശക്തിയും സമ്പത്തും നഷ്ടപ്പെടുത്തരുതെന്ന് ആഗ്രഹമു ണ്ടായി രുന്നു. അതിനുവേണ്ടി ആരുടെ മുമ്പിലും തല കുനിക്കുന്നതിന് ഒരു മടിയുമില്ലായില്ലായിരുന്നു. സ്വാതിതിരുനാള്‍രാജാവ് ബ്രിട്ടീഷുകാ രുടെ നടപടി ഇഷ്ടപ്പെടാതെ ആത്മഹത്യ ചെയ്യുക യായിരുന്നു. അയ്യന്‍കാളിക്ക് നഷ്ടപ്പെടുവാനൊന്നുമുണ്ടാ യിരുന്നില്ല. ഉള്ളത് അദ്ദേഹത്തിന്റെ ജീവനായിരുന്നു, തന്റെ ആഗ്രഹങ്ങള്‍ക്കും ആദര്‍ശ ങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും വേണ്ടി ആ ജീവന്‍ നഷ്ടപ്പെടുത്തു ന്നതില്‍ അദ്ദേഹം ഖിന്നനായിരുന്നില്ല.

ക്രിസ്തുമതത്തിലേയ്ക്കുള്ള ഒഴുക്കു ശക്തമായപ്പോഴാണ് പാലക്കാട്ടുനിന്നും ഒരു സവര്‍ണ്ണസന്യാസി സദാനന്ദസ്വാമി തിരുവനന്ത പുരത്ത് വന്നത്. അദ്ദേഹം തിരുവനന്തപുരത്തെ സവര്‍ണ്ണരെ കണ്ട് ദലിതരുടെ കൂട്ടംകൂട്ടമായുള്ള മത പരിവര്‍ത്തനം തടയുവാനായി ട്ടെങ്കിലും ജാതിയുടെ അനാചാരങ്ങളില്‍ അയവു വരുത്തണമെന്നും അയിത്തം അവസാനിപ്പിക്കണമെന്നും മറ്റും അഭ്യര്‍ത്ഥിച്ചു. ദലിതര്‍ ക്രിസ്തുമതത്തി ലേയ്ക്ക് യാതൊരു മടിയും കൂടാതെ പോകുന്നതിന്റെ പ്രധാനകാരണം അവരോടുള്ള സവര്‍ണരുടെ പെരുമാറ്റവും സമീപനവുമാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ അധികം താമസിയാതെ തിരുവിതാംകൂര്‍ ക്രൈസ്തവഭൂരിപക്ഷമുള്ള ഒരു രാജ്യമായി മാറും എന്നെല്ലാം അദ്ദേഹംപ്രസ്താവിച്ചു. പക്ഷെ തിരുവനന്തപുരത്തെ സവര്‍ണ്ണരാരും സദാനന്ദ സ്വാമിയെ ചെവിക്കൊണ്ടില്ല. അവര്‍ക്കാവശ്യം തങ്ങളുടെ സവര്‍ണ്ണത്വം അഭംഗുരം നിലനിറുത്തണമെന്ന് മാത്രമായിരുന്നു. മറ്റുള്ളവരെ ഹിന്ദുക്കളായി അംഗീകരിക്കാന്‍ അന്നവര്‍ തയ്യാറല്ലായിരുന്നു. സ്വദേശാഭിമാനി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണ പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, അന്ന് തന്റെ പത്രത്തിലൂടെ നൂറു ചോദ്യങ്ങളാണ് സദാനന്ദസ്വാമിയുടെ അഭിപ്രായത്തിനെതിരെ ഉന്നയിച്ചത്. സനാതനമൂല്യങ്ങള്‍ക്ക് എതിരും ഹൈന്ദവവിരുദ്ധ വുമായ ഒരു സമീപനം ദലിതരോട് സ്വീകരിക്കരുതെന്നും അവരെ ഹിന്ദുക്കളായി പരിഗണിക്കണമെന്നുമുള്ള സദാനന്ദസ്വാമിയുടെ ഉപദേശം നിഷ്‌ക്കരുണം തള്ളിക്കളയണമെന്നാണ് അന്ന് രാമകൃഷ്ണപിള്ള ആവശ്യപ്പെട്ടത്. അദ്ദേഹം ഇന്ന് മലയാളപത്ര പ്രവര്‍ത്തനത്തിന്റെ പിതാവായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന് തിരുവനന്തപുരത്ത് സ്മാരകവും പ്രതിമയും ഉണ്ട്. ആണ്ടുതോറും അദ്ദേഹത്തിന്റെ പേരില്‍ ഇന്നും അവാര്‍ഡുകള്‍ നല്‍കപ്പെടുന്നുണ്ട്. അദ്ദേഹം തിരുവിതാംകൂര്‍ കണ്ടതില്‍ എണ്ണപ്പെട്ട ഒരു വര്‍ഗ്ഗീയ വാദിയായിരുന്നു.24

പാലക്കാട്ടുകാരനായ സദാനന്ദസ്വാമി അന്നു ക്രിസ്തുമതത്തി ലേയ്ക്കുള്ള പരിവര്‍ത്തനം കൂടുതല്‍ കണ്ടത് തിരുവനന്തപുര ത്തും തിരുവിതാംകൂറിലുമായതുകൊണ്ടാണ് ഇവിടേയ്ക്ക് വന്നത്. മലബാര്‍ അന്ന് ക്രിസ്ത്യാനികളായ ഇംഗ്ലീഷുകാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ബാസല്‍മിഷന്‍ എന്ന ക്രിസ്ത്യന്‍ മിഷനറി സംഘം ഇല്ലിക്കുന്നു കേന്ദ്രമാക്കി അവിടെ ക്രിസ്തുമത പ്രചരണം നടത്തുന്നുമുണ്ടായിരുന്നു. എങ്കിലും അവിടെ താരതമ്യേന വളരെക്കുറച്ചു ദലിതര്‍ മാത്രമാണ് ക്രിസ്തുമതം സ്വീകരിച്ചു കൊണ്ടിരുന്നത് അവിടെ സവര്‍ണ്ണയാഥാസ്ഥികത്വം തിരുവിതാം കൂറിലേതുപോലെ ക്രൂരമായിരുന്നില്ല എന്നതാണ് അതിന്റെ കാരണം. അതിനാല്‍ കേരളത്തില്‍ ഇന്ന് ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ക്രിസ്ത്യാനികളെ കാണുന്നതിന്റെ യഥാര്‍ത്ഥ കാരണം മിഷനറിമാരുടെ ക്രിസ്തുമതപ്രചരണമോ സാമ്രാജ്യശക്തി എന്ന നിലയില്‍ ക്രിസ്ത്യാനികളായ ഇംഗ്ലീഷുകാര്‍ അതിനു പിന്‍തുണ നല്‍കിയതോ അല്ല. സവര്‍ണ്ണ ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് മനുസ്മൃതിപ്രകാരമുള്ള ക്രൂരത കാണിച്ചതാണ് എന്നു വ്യക്തമാണ്. അങ്ങനെ ക്രൂരതയ്ക്ക് വിധേയരായവര്‍ക്ക് അതില്‍നിന്നും രക്ഷപ്പെടുവാന്‍ ഇവിടെ ഒരു വാതില്‍ തുറന്നുവച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അങ്ങനെ ഒരു വാതിലും ഉണ്ടായിരുന്നില്ല. ചെറിയമത്സ്യങ്ങളെ വലിയമത്സ്യങ്ങള്‍ വേട്ടയാടുമ്പോള്‍ അതില്‍നിന്നും രക്ഷപ്പെടുവാന്‍ ചെറുമത്സ്യങ്ങള്‍ ഓടി അടുത്തുകാണുന്ന മുക്കുവന്റെ വലയിലേയ്ക്കു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുപോലെയാണ് തിരുവിതാംകൂറില്‍ സംഭവിച്ചത്. അന്ന് രക്ഷപ്പെട്ടു എന്നവകാശപ്പെട്ടവര്‍ ഇന്നും കിടക്കുന്നത് ആ പഴയതുപോലൊരു കാരാഗൃഹത്തില്‍ തന്നെ. അന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കാതിരുന്നവരാണ് ഇന്ന് താരതമ്യേന ഭേദപ്പെട്ട സ്ഥിതിയിലായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആ മിഷനറിമാര്‍ അറിഞ്ഞു കൊണ്ടല്ലങ്കില്‍ തന്നെയും അവരെ വഞ്ചിക്കുകയായിരുന്നു. സവര്‍ണ്ണ ഹിന്ദുക്കളെക്കാള്‍ ഒട്ടും ഭേദമല്ലാ സവര്‍ണക്രിസ്ത്യാനികള്‍ എന്ന നഗ്നസത്യം ഒരു പക്ഷെ അന്ന് ഇംഗ്ലണ്ടില്‍ നിന്നും വന്ന മിഷനറിമാര്‍ക്ക് അറിവില്ലാതിരു ന്നിരിക്കണം. ഇംഗ്ലണ്ടിലെ ക്രൈസ്തവരെ പ്പോലെയായിരിക്കും കേരളക്രൈസ്തവരും എന്നായിരിക്കും അവര്‍ ധരിച്ചത്. ക്രിസ്തുമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ദുഷിപ്പുകള്‍ മാത്രം സ്വീകരിച്ച് രൂപപ്പെട്ടതാണ് കേരള ക്രൈസ്തവര്‍ എന്ന സത്യം ആ മിഷനറിമാര്‍ മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ അക്കാര്യം അയ്യന്‍കാളിക്ക് നന്നായറിയാമായിരുന്നു.

ഇന്നു ഹിന്ദുക്കളല്ലാത്തവരെ കൂടി ഹിന്ദുക്കളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സദാനന്ദസ്വാമി അയ്യന്‍കാളിയെ കണ്ടു. സ്വാമിയുടെ ജാതിവിരുദ്ധ സമരങ്ങള്‍ അയ്യന്‍കാളിയെ ആകര്‍ഷിച്ചു. സ്വാമിയുടെ ബ്രഹ്മനിഷ്ഠാമഠം എന്ന സംഘടനയില്‍ അയ്യന്‍കാളി യും അനുയായികളും ചേര്‍ന്നു. രണ്ടുകൊല്ലം ആ സംഘടന പ്രവര്‍ത്തിച്ചു. അതൊരു ദലിത്‌സംഘടനയായിരുന്നില്ല. മഠപ്പുലയരും-ബ്രഹ്മവിദ്യാമഠ ത്തില്‍ചേര്‍ന്ന പുലയരും, മതപ്പുലയരും-ക്രിസ്തുമതത്തില്‍ചേര്‍ന്ന പുലയരും- എന്നിങ്ങനെ രണ്ടുതരം പുലയരുണ്ടാകാനും അവര്‍ തമ്മില്‍ ഏറ്റുമുട്ടാനും മാത്രം അതുപകരിച്ചു. ദലിതരെ ഹിന്ദുമതത്തില്‍ പിടിച്ചു നിറുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. (ഇന്ന് ആ സ്ഥാനത്തു ക്രൈസ്തവദലിതരും ഹൈന്ദവദലിതരുമാണുള്ളത്). അതു വ്യക്തമായപ്പോള്‍ അയ്യന്‍കാളി അതില്‍നിന്നും പിന്തിരിഞ്ഞു. പകരം രൂപംകൊടുത്തതാണ് സാധുജന പരിപാലനസംഘം. 1903 ലാണ് ശ്രീനാരായണഗുരു ശ്രീനാരായണ ധര്‍മ്മപരിപാലനസംഘം രൂപീകരിച്ചത്. സാധുജനപരിപാലന സംഘം 1907 ലും സ്ഥാപിക്കപ്പെട്ടു. അതിന്റെ വെളിച്ചത്തില്‍ അയ്യന്‍കാളി നാരായണഗുരുവിനെ അനുകരിക്കുക യായിരുന്നു എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. സാധുജനപരിപാലനസംഘം സ്ഥാപിതമായതിന്റെ പ്രത്യേക പരിതസ്ഥിതി വ്യക്തമാകുമ്പോള്‍ മാത്രമെ ആ വാദഗതി അവസാനിക്കുകയുള്ളു. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ അതില്‍നിന്നും പിന്തിരിപ്പി ക്കുന്നതിന് മറ്റൊരു സംഘടന കൂടിയേതീരൂ. അതാണ് അയ്യന്‍കാളി നടത്തിയത്. 

അയ്യന്‍കാളി ഒരു ഹിന്ദുവായിരുന്നില്ല. ജാതിവ്യവസ്ഥയിലും ചാതുര്‍വര്‍ണ്ണ്യത്തിലും വിശ്വസിക്കുകയും അവയുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാത്ത ആരും ഹിന്ദുമത വിശ്വാസിയല്ല എന്ന അടിസ്ഥാനത്തില്‍ അയ്യന്‍കാളി ഒരു ഹിന്ദുവായിരുന്നില്ല. അയ്യന്‍കാളി അതിലൊന്നിലും വിശ്വസി ച്ചിരുന്നില്ല. എന്നു മാത്രമല്ല തന്റെ ജീവിതകാലം മുഴുവനും അതിനെതിരായി പോരാടുകയും ചെയ്തു. താന്‍ പുലയ സമുദായത്തില്‍പ്പെട്ട അയ്യന്റെയും മാലയുടെയും മകനായി ജനിച്ചത് കഴിഞ്ഞ ജന്മത്തില്‍ ചെയ്ത അധര്‍മ്മത്തിന്റെ ഫലമാണ് എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുണ്ടായിരുന്നു വെങ്കില്‍ അദ്ദേഹം ജാതിക്കും അയിത്തത്തിനും എതിരായി പോരാടുമായിരുന്നില്ല. ജാതിവ്യവസ്ഥയും അതിന്റെ ധര്‍മ്മവുമനുസരിച്ചു ജീവിച്ച് അടുത്ത ജന്മത്തിലെങ്കിലും ഒരു പുലയനല്ലാതായി ജനിക്കാന്‍ ശ്രമിക്കുമായിരുന്നു. തന്റെ അനുയായികളെ അതു പറഞ്ഞു ബോധ്യപ്പെടുത്തുമായിരുന്നു. പകരം അദ്ദേഹം ഹിന്ദുഅധര്‍മ്മത്തിനെതിരായി പ്രവര്‍ത്തിച്ചു. ജാതിവ്യവസ്ഥയെ നിഷ്‌കാസനം ചെയ്യാന്‍ ശ്രമിച്ചു.

നാരായണഗുരുവിനെയോ പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയെ പോലുള്ള ഒരു ആധ്യാത്മികാചാര്യനായിരുന്നില്ല അയ്യന്‍കാളി. അദ്ദേഹം തികച്ചും ഒരു ഭൗതിക നേതാവായിരുന്നു എന്ന് വ്യക്തമാണല്ലോ. ഇന്നദ്ദേഹത്തെ ആചാര്യനാക്കാന്‍ ശ്രമിക്കുന്നുണ്ട്. 'ആചാര്യ അയ്യന്‍കാളി'.25 കാറല്‍മാര്‍ക്‌സിന്റെ ജന്മദിനം നാളും പക്കവുംനോക്കി ഹൈന്ദവ വിധിപ്രകാരം ആഘോഷിക്കുന്നതിലെ അപാകത അയ്യന്‍കാളിയുടെ ജന്മദിനം അവിട്ടംനാളില്‍ ആഘോഷിക്കു ന്നതിലുമുണ്ട്. മാര്‍ക്‌സിനുവേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും അവിടെ മാര്‍ക്‌സിന്റെ പ്രതിമയോ പടമോ വച്ചു പൂജനടത്തുവാനും തയ്യാറുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇക്കാലത്ത് ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. ഗാന്ധിയേയും എം.ജി. ആറിനെയും അങ്ങനെ ഉപയോഗിക്കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് കാറല്‍മാര്‍ക്‌സിനെയും ആയിക്കൂടാ. നാളെ അതു സംഭവിക്കുകയും ചെയ്യും. ഇന്ന് ക്ഷേത്രാരാധനയും വിഗ്രഹാരാ ധനയും നടത്താത്ത എത്ര കമ്യൂണിസ്റ്റുകാരുണ്ട്? പാര്‍ട്ടി അംഗത്വം ലഭിച്ചവരില്‍ത്തന്നെ ഭൂരിപക്ഷംപേരും ക്ഷേത്രാരാധനയെ അംഗീകരിക്കുന്നവരല്ലേ? 

തിരുവിതാംകൂറിലെ അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാ ലാചാരി മുതല്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍വരെയുള്ളവര്‍ നല്‍കിക്കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും ക്രിസ്തുമതത്തി ലേയ്ക്ക് പരിവര്‍ത്തനം ചെയ്യാത്ത ദലിതര്‍ക്കായി പരിമിത പ്പെടുത്തിയിരുന്നു. അന്ന് ഉദ്യോഗങ്ങളും സ്ഥലങ്ങളുമെല്ലാം ലഭിച്ചിരുന്നത് അങ്ങനെയായിരുന്നു. ക്രിസ്തുമതത്തിലേയ്ക്കുള്ള ദലിതരുടെ ഒഴുക്കു തടയുവാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു പ്രസ്തുത ആനുകൂല്യങ്ങള്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നിട്ടും ആ ഒഴുക്കിന് വലിയ കുറവുണ്ടായില്ല. സര്‍ക്കാരിന്റെ ആനുകൂല്യത്തേക്കാള്‍ സാമൂഹ്യസ്വാതന്ത്ര്യമാണ് അന്നത്തെ ദലിതരെ ഏറെ ആകര്‍ഷിച്ചത് എന്നാണ് അതിന്റെ അര്‍ത്ഥം. സര്‍ക്കാരിനെ പ്രീതിപ്പെടുത്തി കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയെങ്കിലും തങ്ങളുടെ ഹിന്ദുപക്ഷപാതം കൂടുതല്‍ വ്യക്തമാക്കാന്‍ ആവശ്യമായ പ്രകടനങ്ങളും പ്രവര്‍ത്തന ങ്ങളും നടത്തുവാന്‍ അയ്യന്‍കാളി തയ്യാറായില്ല. ആകെക്കൂടി ചെയ്തത് അദ്ദേഹം ക്രിസ്ത്യാനി ആകാതിരിക്കുകയും അനുയായികളെ ക്രിസ്ത്യാനികളാകാതിരിക്കാന്‍ പ്രേരിപ്പിക്കുകയും മാത്രമാണ്.

ആ പശ്ചാത്തലത്തില്‍ അയ്യന്‍കാളി ഒരു ഹിന്ദുവാണ് എന്നു പറയുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണ്; പ്രത്യേ കിച്ചും അദ്ദേഹത്തിന്റെ സ്വന്തം ജനങ്ങള്‍ അതു ചെയ്തുകൂടാ ത്തതാണ്. ഇന്നു ഹിന്ദുക്കള്‍ അയ്യന്‍കാളിയെ ഒരു ഹിന്ദുമതപരിഷ്‌കര ണവാദിയാക്കി ശങ്കരാചാര്യരോടൊപ്പം പടംവയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒരു അവര്‍ണ്ണനായ അയ്യന്‍കാളി ക്കോ ശ്രീനാരായണഗുരുവിനുതന്നെയോ എങ്ങനെ സവര്‍ണ്ണ ഹിന്ദുമതത്തെ പരിഷ്‌ക്കരിക്കാനാവും? ഒരു ഇന്ത്യാക്കാരന് എങ്ങനെ അമേരിക്കന്‍ ഭരണഘടന ഭേദഗതി ചെയ്യാ നാവും? അയ്യന്‍കാളിയും നാരായണഗുരുവും മറ്റും ഹിന്ദുമത വ്യവസ്ഥയ്ക്കും ചാതുര്‍വര്‍ണ്യത്തിനും പുറത്താണ്. 

അതിനാല്‍ അയ്യന്‍കാളിയുടെ ജന്മദിനം അവിട്ടംനാളില്‍ ആഘോഷിക്കുന്നതു ശരിയല്ല. കൊല്ലവര്‍ഷത്തിന്റെ കണക്കനുസരിച്ചാ ണെങ്കില്‍ അദ്ദേഹം ജനിച്ചത് കൊല്ലം 1039 ചിങ്ങം 14നു ആണ്. അന്നിവിടെ ഏറെ പ്രചരിച്ചിരുന്ന കൊല്ലവര്‍ഷത്തിലെ തീയതി അനുസരിച്ചു അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ ഒരു പരിധിവരെ യുക്തി കണ്ടെത്താനാകും. താന്‍ ഒരു സനാതനഹിന്ദുവാണ് എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപറഞ്ഞുകൊണ്ടു നടന്നിരുന്ന എം.കെ.ഗാന്ധിയുടെ ജന്മദിനംപോലും ഒക്ടോബര്‍ 2 എന്ന ഇംഗ്ലീഷ് കലണ്ടറിലെ തീയതി പ്രകാരമാണ് ആഘോഷിക്കുന്നത്. അത് ശകവര്‍ഷക്കണക്കനുസരിച്ച് മാറ്റാനും ഇന്നും ആരും തയ്യാറാകുന്നില്ല. ഏതോ സവര്‍ണ്ണ ഹിന്ദു നിര്‍ദ്ദേശിച്ചു കൊടുത്തതായിരിക്കണം അയ്യന്‍കാളിയുടെ ജന്മദിനാഘോഷത്തിന് ഈ തീയതി. അയ്യന്‍കാളിയുടെ നിര്യാണം വരെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുകയോ അതിന് ആരും പ്രധാന്യം കൊടുക്കുകയോ ചെയ്തിരുന്നില്ല. അന്ത്യനാളുകളില്‍ അദ്ദേഹം പട്ടിണി സഹിക്കേണ്ടി വന്നിട്ടുണ്ട്. ഒരു സംഘടനയും അദ്ദേഹത്തെ അന്വേഷിക്കാനുണ്ടായിരുന്നില്ല. അദ്ദേഹം മരിച്ചു വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനത്തെപ്പറ്റി അന്വേഷണമുണ്ടായത്. അതിനകം അദ്ദേഹത്തിന്റെ അനുയായി കള്‍ കൂടുതല്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടിരുന്നു. അങ്ങനെയാണ് അത് നാള്‍ നോക്കി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നു കരുതാം. നാരായണഗുരു ജീവിച്ചിരുന്നകാലത്തും അദ്ദേഹത്തിന്റെ ജന്മദിനാഘോഷം നടത്തിയതായി അറിയാം. കൊല്ലത്ത് വച്ച് അങ്ങനെ കൂടിയ ഒരു യോഗത്തില്‍ ജസ്റ്റീസ് മാധവന്‍ തമ്പി അധ്യക്ഷത വഹിച്ചതും പ്രസംഗിച്ചതും നമുക്കറിയാം. ഏതായാ ലും ഓണക്കാലത്തെ ഈ ആഘോഷം ഓണാഘോഷത്തില്‍ മുങ്ങിപ്പോകുന്ന തുമൂലം അയ്യന്‍കാളി വിസ്മരിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്നുചിലര്‍ അയ്യന്‍കാളിയെ അവതരിപ്പിക്കുന്നത് കേരളത്തെ ക്രൈസ്തവ ഭൂരിപക്ഷത്തില്‍ നിന്നും രക്ഷിച്ച പടനായകനായിട്ടാണ്. തെക്കന്‍തിരുവിതാംകൂറില്‍ കാളിഭക്തി പ്രചരിപ്പിച്ച സന്യാസിവര്യനായിട്ടാണ്.26 അതേസമയം ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ അയ്യന്‍കാളിയെ ഒരു ക്രൈസ്തവവിരുദ്ധനായി ചിത്രീകരിക്കുകയും ദലിത്‌ക്രൈസ്തവ രില്‍നിന്നും അയ്യന്‍കാളി, അംബേദ്ക്കര്‍ തുടങ്ങിയ മഹാരഥന്മാരെ തമസ്‌ക്കരിക്കുകയുമാണ് ചെയ്യുന്നത്.

ആകെക്കൂടി ഒരു ന്യായീകരണം മാത്രമേ ഈ ദിവസത്തെ ആഘോഷത്തിനു പറയാനുള്ളൂ. അയ്യന്‍കാളിയുടെ കാലത്ത് തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ വ്യക്തി തിരുവിതാം കൂര്‍ മഹാരാജാവാണ്. അദ്ദേഹത്തിന്റെ ജന്മദിനം നാളനുസരിച്ച് ആഘോഷി ക്കുന്നു. അയ്യന്‍കാളിയുടെ ജന്മദിനവും നാളനുസരിച്ച് ആഘോഷി ക്കുന്നു. ആ സ്വഭാവം അയ്യന്‍കാളിയുടെ ഒരു പ്രത്യേകതയാണ്. കഴിയുന്നിടത്തോളം എല്ലാകാര്യങ്ങളിലും സവര്‍ണ്ണര്‍ക്ക് തുല്യരായിരി ക്കുക എന്നത്. വേഷത്തിലും മറ്റും അത് അദ്ദേഹം പാലിച്ചു പോന്നു. സവര്‍ണനിലെ ഏറ്റവും ഉന്നതനു തുല്യനാണ് താനും എന്ന ആ മനോഭാവം. തിരുവി താംകൂര്‍ രാജകുടുംബത്തിലെ ആണ്‍ സന്തതികള്‍ക്ക് നല്‍കാറുള്ളത് പൊതുവേ രണ്ടു പേരുകളാണ് രാമവര്‍മ്മ, മാര്‍ത്താണ്ഡ വര്‍മ്മ. ഒന്നില്‍ കൂടുതല്‍ രാമവര്‍മ്മമാരും മാര്‍ത്താണ്ഡവര്‍മ്മ മാരും ഉണ്ടാകുമ്പോള്‍ അവരെ തിരിച്ചറിയാന്‍ അവര്‍ ജനിച്ച നാള്‍കൂടി ചേര്‍ത്ത് പറയാറുണ്ട്. അനിഴം തിരുനാള്‍ മാര്‍ത്തണ്ഡവര്‍മ്മ, കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ, സ്വാതിതിരുന്നാള്‍ രാമവര്‍മ്മ, മൂലം തിരുനാള്‍ രാമവര്‍മ്മ എന്നിങ്ങനെ. കൊച്ചിയിലെ രാജാക്കന്‍മാരെ തിരിച്ചറിയാന്‍ അവര്‍ തീപ്പെട്ട (നിര്യാതനായ) സ്ഥലത്തിന്റെ പേരു കൂടി ചേര്‍ത്തു പയോഗിക്കുന്നു. തൃശൂര്‍ തീപ്പെട്ട രാമവര്‍മ്മ എന്നിങ്ങനെ. തിരുവിതാംകൂര്‍ രാജാക്കന്‍ മാര്‍ക്ക് അങ്ങനെ നാളിന് പ്രാധാന്യം ലഭിച്ചപ്പോള്‍ ജന്മദിനവും ആ നാള്‍ നോക്കി ആചരിച്ചു എന്നുമാത്രം. ആ വിധത്തിലാ ണെങ്കില്‍ അവിട്ടം നാള്‍ അയ്യന്‍കാളി എന്ന് അദ്ദേഹത്തെ സംബോധന ചെയ്യേണ്ടിവരും. കാളി എന്ന പേരുമാത്രമുണ്ടാ യിരുന്ന അദ്ദേഹത്തെ അന്നത്തെ പല കാളിമാരില്‍ നിന്നും തിരിച്ചറിയാനാണ് അയ്യന്റെ മകന്‍ കാളി എന്ന അര്‍ത്ഥത്തില്‍ അയ്യന്‍കാളി എന്ന പേരു നല്കപ്പെട്ടത്. അതിനു പകരം അന്ന് അവിട്ടംനാള്‍ കാളിയെന്നോ അവിട്ടംകാളിയെന്നോ പേരു നല്‍കാമായിരുന്നു. എന്തുകൊണ്ട് അങ്ങിനെ ചെയ്തില്ല?

ഒരു മഹാന്റെ ജന്മദിനം നാം ആഘോഷിക്കുന്നത് അദ്ദേഹത്തെ അനുസ്മരിക്കാനും അദ്ദേഹം നല്‍കിയിട്ടുള്ള ആശയങ്ങളും ആദര്‍ശങ്ങളും ജീവിതത്തില്‍ എത്രമാത്രം പ്രായോഗികമാക്കുന്നുണ്ട് എന്ന് ഒരു ആത്മപരിശോധന നടത്തുവാനും അതിന്റെ വെളിച്ചത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കാനും വേണ്ടിയാണ്. ആ പശ്ചാത്തലത്തില്‍ ആഘോഷ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ സ്വല്പം മറിയതുകൊണ്ട് വിശേഷിച്ചൊന്നും സംഭവിക്കുകയില്ല. എങ്കിലും അത് അദ്ദേഹ ത്തിന്റെ ആദര്‍ശങ്ങളോട് ഏറ്റവും അടുത്തിരിക്കുന്നതാണ് നല്ലത്. ക്രിസ്തുവിന്റെ ജന്മദിനം-ക്രിസ്മസ്-ആഘോഷിക്കുന്നത് ക്രിസ്തുജനിച്ച ദിവസം നോക്കിയല്ല. അത് ഇപ്പോഴും അജ്ഞാ തമാണ്. പിന്നെ ഒരു ദിവസം സങ്കല്‍പ്പിച്ചു. അത് ഡിസംബര്‍ 25 ആകാന്‍ കാരണം അന്ന് ഉത്തരായനം ആരംഭിക്കുന്ന ദിവസമാ ണെന്നതാണ്. സൂര്യന്‍ വടക്കോട്ടുള്ള അയനം ആരംഭിക്കുന്നു. ക്രിസ്തുവിനെ സൂര്യനോട് ഉപമിച്ചു. അതിന്റെ തലേന്നു രണ്ടു മൂന്നു ദിവസങ്ങളില്‍ ഉത്തരയൂറോപ്പില്‍ സൂര്യനെ കാണുവാന്‍ കഴിയില്ല. പിന്നെ ഡിസംബര്‍ 25 ന് കാണുവാന്‍ തുടങ്ങും. അതിനാല്‍ അവര്‍ സൂര്യന്‍ 22-ാം തീയതി മരിച്ചു 25-ാം തീയതി വീണ്ടും ജനിക്കുന്നു എന്നു സങ്കല്‍പ്പിച്ച് അതുപ്രകാരം ക്രിസ്തു വിന്റെ ജന്മദിനം ആഘോഷിക്കുന്നു.


കുറിപ്പുകള്‍

1 ക്രിസ്തു പറഞ്ഞത് കാണാന്‍ കണ്ണുള്ളവന്‍ കാണട്ടെ, കേള്‍ക്കാന്‍ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. എന്നായിരുന്നു എന്ന ഒരു ഭാഷ്യമുണ്ട്.
2 സുകുമാര്‍ അഴീക്കോട്, ഗുരുവിന്റെ ദുഃഖം, കാണുക
3 നാരായണഗുരുവിന്റെ ജീവചരിത്രത്തെക്കാള്‍ ഇന്ന് ഏറെ വായിക്കപ്പെടുന്നത് ഗുരു എന്ന നോവലാണ്. 
4 ദലിത്ബന്ധു, അരുവിപ്പുറം പ്രതിഷ്ഠ, കാണുക.
5 ചെന്താരശ്ശേരി റ്റി.എച്ച്.പി, അയ്യന്‍കാളി, (ഒന്നാം പതിപ്പ് 1979ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു)
6 1990 ല്‍
7 മാത്യൂസ് ടി.എ, ആചാര്യ അയ്യന്‍കാളി, പേജ് 10. (പരമേശ്വരന്‍ പി, എഴുതിയ അവതാരിക കാണുക)
8 ദലിത്ബന്ധു, വേലുത്തമ്പി, പഴശ്ശിരാജ കേരള മിര്‍ജാഫര്‍, കാണുക.
9 ദലിത്ബന്ധു, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, കാണുക.
10 സ്‌കറിയ സക്കറിയ പ്രൊഫ, ഉദയംപേരൂര്‍ സുനഹദോസിന്റെ കാനോനകള്‍, പേജ് 232
11 ബാലകൃഷ്ണന്‍ പി.കെ, ജാതിവ്യവസ്ഥയും കേരളചരിത്രവും, കാണുക
12 ദലിത്ബന്ധു, പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി, കാണുക.
13 സുകുമാര്‍ അഴിക്കോട്, തത്വമസി, കാണുക
14 ദലിത്ബന്ധു, ഭാരത സംസ്‌കാരം ചില വിചിന്തനങ്ങള്‍, ദലിത് സംസ്‌കാര സ്രോതസ്, കാണുക.
15 ദലിത്ബന്ധു, ആരാണ് വിദേശികള്‍, കാണുക.
16 ദലിത്ബന്ധു, ശിപായിലഹള-ഒരു ദലിത് മുന്നേറ്റം, കാണുക.
17 ദലിത്ബന്ധു, ഗാന്ധിവധം ഒരു പുനര്‍വായന, കാണുക.
18 ദലിത്ബന്ധു, വൈക്കംസത്യാഗ്രഹം ഒരു പ്രഹേളിക, കാണുക, വൈക്കംസത്യാഗ്രഹ സ്മാരക ഗ്രന്ഥം, കാണുക
19 പിന്നീട് അദ്ദേഹത്തിന് മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലും മൈസൂര്‍ ഗവണ്‍മെന്റിന്റെ കീഴിലും 1500 രൂപ വരെ പ്രതിമാസ ശമ്പളം 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ലഭിക്കുന്ന ഉദ്യോഗം ആരോഗ്യ വകുപ്പില്‍ തന്നെ ലഭിച്ചു. 
20 ദലിത്ബന്ധു, ഈഴവ മെമ്മോറിയല്‍, കാണുക.
21 ജെഫ്രി റോബിന്‍ ഡോ, നായര്‍ മേധാവിത്വത്തിന്റെ പതനം, കാണുക
22 ചെന്താരശ്ശേരി റ്റി.എച്ച്.പി, അയ്യന്‍കാളി, പേജ് 79.
23 ഈ.എം.എസ്. ഭാര്യയുടെ സംരക്ഷകനായി ക്ഷേത്രസന്ദര്‍ശനം നടത്തുമായിരുന്നുവല്ലോ.
24 ദലിത്ബന്ധു, കെ.രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയോ?, കാണുക
25 മാത്യൂസ് ടി.എ, ആചാര്യ അയ്യന്‍കാളി. കാണുക
26 അതേ പുസ്തകം, പേജ് 236.