"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

'മറുനാടന്‍ പ്രധാനമന്ത്രി' വിശ്വാസ്യത നഷ്ടപ്പെടുന്ന കേന്ദ്ര ഭരണം, തീവ്രമാകുന്ന കോര്‍പ്പറേറ്റ് അജണ്ടഅധികാരത്തിലേറി 500 ദിവസത്തിനുള്ളില്‍ വിവിധ ഭൂഖണ്ഡങ്ങളിലൂടെ 60000 കിലോമീറ്റര്‍ യാത്ര ചെയ്ത റെക്കോഡിന് ഉടമയായിരിക്കുകയാണ് പ്രധാനമന്ത്രി മോദി. അധികാരം കിട്ടിയാല്‍ 100 ദിവസത്തിനകം വിദേശ നികുതി വെട്ടിപ്പു കേന്ദ്രങ്ങളിലെ കള്ളപ്പണം തിരിച്ചുപിടിച്ച് ഓരോ ഇന്ത്യാക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഈ ദിശയില്‍ ഒന്നും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ്, ''കള്ളപ്പണമൊന്നും തിരിച്ചുകൊണ്ടുവന്നില്ലെങ്കിലും പ്രധാനമന്ത്രിയെങ്കിലും നാട്ടിലെത്തിക്കിട്ടിയാല്‍ മതി''യെന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നത്. ആഗോള നികുതി വെട്ടിപ്പുകേന്ദ്രങ്ങളില്‍ രാജ്യദ്രോഹികള്‍ നിക്ഷേപി ച്ചിട്ടുള്ള 120 ലക്ഷം കോടി രൂപയോളം വരുന്ന പണം (ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കണക്കാക്കിയതാണിത്) തിരിച്ചു കൊണ്ടുവരാന്‍ ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, ഈയിടെ ഇതേസംബന്ധിച്ച വിവരങ്ങള്‍ കൈമാറാമെന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ അനുകൂല നിലപാടിനോട് പുറം തിരിഞ്ഞു നിന്നതടക്കം കാര്യങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, കള്ളപ്പണ ക്കാരെ സംരക്ഷിക്കുന്ന അപമാനകരമായ സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ബിജെപി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ അറസ്റ്റ് ചെയ്ത് കുറ്റവിചാരണ നടത്തിയാല്‍ മാത്രമേ കള്ളപ്പണം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്ന് ഈയിടെ പറഞ്ഞത് മുന്‍ ബിജെപി മന്ത്രികൂടിയായ റാം ജത്മലാനിയാണ്. 

മോദിയുടെ വിദേശ പര്യടനങ്ങള്‍
ഇവിടുത്തെ പ്രതിപാദ്യവിഷയം മറ്റൊന്നാണ്. പ്രധാനമന്ത്രിയായ തിനുശേഷം സുപ്രദാന പാര്‍ലമെന്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ, കൂടുതല്‍ സമയം വിദേശത്തു ചെലവഴിച്ച മോദിയുടെ വിദേശ പര്യടനങ്ങള്‍ മുന്‍ പ്രധാനമന്ത്രിമാരുടേതില്‍ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലാണ് സംഘടിപ്പിക്കപ്പെടു ന്നതെന്ന് അധികമൊന്നും ചര്‍ച്ചചെയ്യപ്പെടാറില്ല. ഏറ്റവും പ്രധാനപ്പെട്ടത്, മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ രാജ്യത്തിന്റെ ഭരണത്തലവനെന്ന നിലയിലുള്ള ഔദ്യേഗിക പരിപാടികള്‍ എന്നതെക്കാള്‍ സ്വകാര്യ, കോര്‍പ്പറേറ്റ്, ഗവണ്‍മെന്റേതര സംഘങ്ങള്‍ സംഘടിപ്പിക്കുന്ന 'ഇവന്റ് മാനേജ്‌മെന്റ്' ഏര്‍പ്പാടുകളാണെന്നതാണ്. രാഷ്ട്രത്തലവന്മാര്‍ തമ്മിലുള്ള ചര്‍ച്ചകളും അന്താരാഷ്ട്ര സ്ഥാപനങ്ങളും സംഘടനകളുമായി ബന്ധപ്പെട്ട യോഗങ്ങളും മോദി പര്യടനത്തിന്റെ വളരെ ചെറിയ അപ്രധാനഘടകങ്ങളാണ്. എന്നു മാത്രമല്ല, ഗുജറാത്ത് നരഹത്യയുമായിബന്ധപ്പെട്ട് അമേരിക്ക മോദിക്ക് വിസ നിഷേധിച്ചിരുന്ന ചരിത്രം നിമിത്തം അടുത്ത കാലത്തെ ഇന്ത്യാ ചരിത്രമറിയുന്ന പല രാഷ്ട്രത്തലവന്മാര്‍ക്കും മോദി അത്ര അഭിമതനുമല്ല. വാസ്തവത്തില്‍, ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഹിന്ദുത്വ മീഡിയ ഇന്ത്യയുടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗത്വത്തിനുവേണ്ടി വാദിച്ചു എന്നും മറ്റും പറയുന്നതി ലൊന്നും വലിയ കഴമ്പൊന്നുമില്ല. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ബഹുഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, രോഗചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയുടെ വന്‍ശക്തി മോഹങ്ങള്‍ അപമാനകര മാണെന്ന് ഈയിടെ അഭിപ്രായപ്പെട്ടത് നൊബേല്‍ സമ്മാനജേതാ വായ അമര്‍ത്യസെന്നാണ്. ഒരു ഭാഗത്ത് വിദേശമൂലധന നിക്ഷേപത്തിനായി ലോക രാജ്യങ്ങളുടെയും ബഹുരാഷ്ട്ര കുത്തകകളുടെയും മുമ്പില്‍ യാചിക്കുകയും മറുഭാഗത്ത് വന്‍ശക്തിയാണെന്ന് മേനിനടിക്കുകയും ചെയ്യുന്നതിന്റെ അപഹാസ്യതയാണ് സെന്‍ ചൂണ്ടിക്കാട്ടിയത്. ഈ കോര്‍പ്പറേറ്റ് സേവക്ക് മറയിടുക എന്നതാണ് വര്‍ഗീയ വിഷം വമിപ്പിക്കുന്ന കാവി വല്‍ക്കരണത്തിന്റെ ലക്ഷ്യം. 

'ഓവസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി' യുടെയും ഇതര പരിവാര്‍ സംഘങ്ങളുടെയും ബിനാമി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ഒരു ഗവണ്‍മെന്റേതര ഇവന്റ് മാനേജ്‌മെന്റ് ആയി മോദിയുടെ വിദേശപര്യടനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും ഈ കോര്‍പ്പറേറ്റ് സേവയുടെ ഭാഗമാണ്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍, ജപ്പാനിലെ ടോക്യോ, ആസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഒളിമ്പിക് പാര്‍ക്ക്, ദുബായിലെ സ്‌പോര്‍ട്ട് സിറ്റി ക്രിക്കറ്റ് സ്റ്റേഡിയം, കാനഡയിലെ ടോറന്റോ, ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം, കോലാലംപൂര്‍, സിംഗപ്പൂര്‍ തുടങ്ങിയ മഹാനഗരങ്ങ ളില്‍ മോദിക്കുവേണ്ടി തയ്യാറാക്കപ്പെടുന്ന അരാഷ്ട്രീയ വല്‍ക്കരി ക്കപ്പെട്ട ബിസിനസ്സ് പ്രൊഫഷണലുകളായ മറുനാടന്‍ ഇന്ത്യാ ക്കാരുടെ വന്‍സദസ്സുകള്‍ സ്വാത്മ പ്രചോദിതമായി സംഘടിപ്പി ക്കപ്പെടുന്നതല്ല. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഈ സദസ്സുകള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അത്യദ്ധ്വാനത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ്. വെബ്‌സൈറ്റുകളിലും അച്ചടിമാധ്യമങ്ങളിലും കോടിക്കണക്കിനു രൂപയൊഴുക്കി നടത്തുന്ന വന്‍ പ്രചരണങ്ങള്‍ക്കൊപ്പം പണം മുടക്കാതെ പ്രേക്ഷകരെ കൊണ്ടെത്തിക്കാന്‍ വിപുലമായ വാഹന സംവിധാനങ്ങളും ഏര്‍പ്പാടു ചെയ്യുന്നുണ്ട്. മോദിയുടെ വിദേശ പര്യടനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പേ നിര്‍ണയിക്കുന്നവയാണ്. ആര്‍ എസ് എസ് പ്രതിനിധിയായി അവരോധിക്കപ്പെട്ടിട്ടുള്ള രാം മാധവിനാണ് ഇത്തരം പരിപാടികളുടെ സംഘടനാ ചുമതല. വിദേശത്തെ മോദിയുടെ ഓരോ പരിപാടിയുടെയും മുന്നോടി യായി രാം മാധവ് പ്രസ്തുത രാജ്യത്തെത്തി സംഘാടക സമിതി രൂപീകരിക്കുകയും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവലോ കനം ചെയ്യുന്നതിന് സ്ഥിരമായി സന്ദര്‍ശനം നടത്തുകയും ചെയ്യുന്നു. റാലി ദിവസം ''മോദി എക്‌സ്പ്രസ്'' എന്നു നാമകരണം ചെയ്യപ്പെട്ട ബസ്സുകളില്‍ പ്രവാസികളെ സ്ഥലത്ത് എത്തിക്കുന്നതുവരെ ഈ സംഘാടകത്വം നീണ്ടുനില്‍ക്കുന്നു. 

അതുകൂടാതെ, ഇന്ത്യയില്‍ നിക്ഷേപിക്കു വാനാവശ്യപ്പെട്ടു കൊണ്ടുള്ള അഭ്യര്‍ത്ഥനയടക്കം വിപുലമായ ക്ഷണക്കത്തുകള്‍ കോര്‍പ്പറേറ്റുകള്‍ക്കയക്കുന്നതും ഇതിന്റെ ഭാഗമാണ്. മോദിയുടെ പ്രസംഗത്തിന്റെ മുന്നോടിയായിട്ടുള്ള സാംസ്‌കാരിക പരിപാടി കളെ സംബന്ധിച്ച സൂചനകള്‍ക്കൊപ്പം പ്രവാസി ഇന്ത്യക്കാരുടെ സമ്പാദ്യത്തെയും ഇന്ത്യയില്‍ അവര്‍ നടത്തുന്ന നിക്ഷേപത്തെയും സംബന്ധിച്ച ലോകബാങ്കിന്റെ അടുത്തകാലത്തെ റിപ്പോര്‍ട്ടിനെ സംബന്ധിച്ച കണക്കുകളും ഇത്തരം കത്തുകളില്‍ ഉള്‍പ്പെടുത്തി വരുന്നു. ഉദാഹരണത്തിന് പ്രവാസികള്‍ 70 ബില്യണ്‍ ഡോളര്‍ (ഏകദേശം 455000 കോടി രൂപ) പ്രതിവര്‍ഷം ഇന്ത്യയിലേക്ക് അയക്കുകയും 44 ബില്യണ്‍ ഡോളര്‍ (222000 കോടി രൂപ) സമ്പാദിക്കുകയും ചെയ്യുന്നുവെന്ന് ലോകബാങ്കു പറയുന്നു. ഇത്തരം കണക്കുകള്‍ നിരത്തി പ്രവാസികള്‍ക്ക് 'മാതൃരാജ്യ' ത്തെപ്പറ്റിയുള്ള അഭിമാനം സൃഷ്ടിക്കുകയും അത് ബിജെപിക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങേയറ്റം അരാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ട പ്രൊഫഷണലുകളും കച്ചവടവിഭാഗങ്ങളുമാണ് മോദിയുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഹിന്ദുത്വ യാഥാസ്ഥിതിക മൂല്യങ്ങളും കച്ചവട താല്പര്യങ്ങളും വിദഗ്ദധമായി കൂട്ടിയിണക്കാന്‍ കഴിയുന്ന ആര്‍എസ്എസ് ചിന്താ സംഭരണികളാണ് ഇപ്രകാരമുള്ള പ്രോഗ്രാമുകളുടെ ബുദ്ധികേന്ദ്രം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മറുനാടന്‍ ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള തീരുമാനം മോദി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ആര്‍എസ്എസ് ബുദ്ധിജീവികള്‍ അവകാശപ്പെടുന്നത് പ്രകാരം ഈദൃശ പ്രവര്‍ത്തനങ്ങളിലൂടെ മുന്‍കാലത്തുണ്ടായ ''മസ്തിഷ്‌ക ചോര്‍ച്ച'' (brain drain) ക്കുപകരം മോദി ഭരണത്തില്‍ ''മസ്തിഷ്‌ക നേട്ടം'' (brain gain) രാജ്യത്തിനുണ്ടായിക്കൊണ്ടിരിക്കുന്നു. 

സങ്കുചിതവാദപരമായ (chauvinistic) അന്തര്‍ഗതങ്ങളുള്ള ഇത്തരത്തില്‍ സംഘടിപ്പിക്കപ്പെടുന്ന മോദി റാലികള്‍ ശക്തി പ്രകടനത്തിന്റെ രൂപം കൈവരിക്കുന്നത് പല രാജ്യങ്ങള്‍ക്കും അപ്രിയമാണെന്നതിന്റെ സൂചനകളുമുണ്ട്. വംശീയ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മോദി നടത്തുന്ന ഹിന്ദുത്വ ചുവയുള്ള പ്രസംഗങ്ങള്‍ അനഭലഷണീയമായ പ്രവണതകള്‍ ഉണ്ടാക്കുമെന്ന അഭിപ്രായക്കാരുണ്ട്. ഉദാഹരണ ത്തിന് സിംഗപ്പൂര്‍ ഗവണ്‍മെന്റ് ഇറക്കിയ ഉത്തരവു പ്രകാരം നവംബര്‍ 24 ലെ മോദി മാമാങ്കത്തില്‍ സിംഗപ്പൂര്‍ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മോദിയുടെ വരവ് പ്രമാണിച്ച് ആരംഭിച്ച ''നമോ ഇന്‍ സിംഗപ്പൂര്‍'' (Namo in Singapore) എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശം അവിടെ നല്‍കിയിരുന്നു. ദുബായില്‍ മോദി പരിപാടിക്ക് ശേഷം ചില സംഘര്‍ഷ പ്രവണതകള്‍ പ്രകടമായി രുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് സിംഗപ്പൂര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ രാം മാധവ് ഇതൊക്കെ നിഷേധിക്കുകയാണുണ്ടായത്. 

അതേ സമയം മര്‍ദ്ദിത ജനതകള്‍ക്കും മതന്യൂനപക്ഷ ങ്ങള്‍ക്കു മെതിരെ ഹിന്ദുത്വ ഭ്രാന്തന്മാര്‍ ഇന്ത്യയില്‍ കാട്ടിക്കൂട്ടുന്ന നൃശംസതകള്‍ക്കെതിരെ രാഷ്ട്രീയ പ്രബുദ്ധരായ മറുനാടന്‍ ഇന്ത്യാക്കാര്‍ ശക്തമായി പ്രതികരിക്കുന്ന വാര്‍ത്തകള്‍ കോര്‍പ്പറേറ്റ് മീഡിയ മൂടിവെക്കുകയാണ്. അമേരിക്കയിലും ബ്രിട്ടനിലും ഇതുപ്രകടമായിരുന്നു. ഉദാഹരണത്തിന് 10 ഡൗണിങ്ങ് സ്ട്രീറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ മോദി സന്ദര്‍ശിച്ച സമയത്ത് അതിനു പുറത്ത് ആയിരത്തോളം മറുനാടന്‍ ഇന്ത്യാ ക്കാര്‍ പ്രകടനം നടത്തിയതായാണ് അറിയുന്നത്. മുന്‍കാലത്തെ ഖലിസ്ഥാന്‍ പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്ഥമായി ''മോദി തിരിച്ചു പോകുക'' എന്ന മുദ്രാവാക്യവുമായി പ്രകടനം നടത്തിയവര്‍ ദേശസ്‌നേഹികളായ ഇന്ത്യന്‍ വംശജര്‍ തന്നെയാ യിരുന്നു. മോദി ഭരണത്തില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റി ശരിക്കും ബോധ്യമുള്ളവരാ യിരുന്നു അവര്‍. 

മോദിഭരണം നേരിടുന്ന ആഭ്യന്തര തിരിച്ചടികള്‍

മുകളില്‍ പ്രതിപാദിച്ചതാണ് മോദിയുടെ ലണ്ടന്‍ പര്യടനവേളയി ലെ സ്ഥിതിയെങ്കില്‍ ആ ദിവസങ്ങളില്‍ ബീഹാറില്‍ ബിജെപി ഭരണത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ഇന്ത്യയിലെയും ലോകത്തെയും മാധ്യമവിഷയം. ഒരു പക്ഷേ, അധികാരത്തിലേറി ഒന്നരവര്‍ഷത്തിനുള്ളില്‍ ബിജെപി നേരിട്ട ഇത്രമാത്രം കനത്ത തിരിച്ചടി സമാന്തരങ്ങളില്ലാത്തതാണ്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ മൃഗീയ ഭൂരിപക്ഷം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 'പ്രതിപക്ഷ പാര്‍ട്ടികള്‍' നേടിയത് 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയതിനു സമാനമാണെന്നു കാണാം. ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിമാരാരും ചെയ്യാത്ത തരത്തില്‍ മോദിയും ശിങ്കിടിയായ അമിത്ഷായും നേരിട്ടാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെ നയിച്ചത്. തികച്ചും അസാധാരണമെന്നു വിശേഷിപ്പിക്കാനാവും വിധം പൊതുഖജനാ വിലെ പണമുപയോഗിച്ച് 30 തെരഞ്ഞെടുപ്പു റാലികളിലാണ് മോദി പ്രസംഗിച്ചത്. അതില്‍ മോദി പ്രസംഗിച്ച 26 സ്ഥലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തായിപ്പോയി. എന്നുമാത്രമല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു താനെന്ന കാര്യം അവഗണിച്ച് ഒരു തനി ആര്‍ എസ് എസ് കാരന്‍ മാത്രമായി തരം താഴ്ന്ന് ഏറ്റവും ഹീനമായ രീതിയില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി അങ്ങേയറ്റം ധ്രുവീകരിച്ച് ഹിന്ദുത്വ വോട്ടുകള്‍ ഉറപ്പിക്കുകയെന്ന ഹിന്ദുത്വ പരിപാടിയാണ് മോദിയും അമിത്ഷായും നടപ്പാക്കിയത്. ബിജെപിക്ക് വോട്ട് ചെയ്യാത്തവര്‍ പാക്കിസ്ഥാന്‍ അനുകൂലികളാണെന്ന ധ്വനിയില്‍ അമിത്ഷാ പ്രസംഗിച്ചപ്പോള്‍ ബിജെപി പരാജയപ്പെട്ടാല്‍ പിന്നോക്കക്കാരുടെ സംവരണം മുസ്ലീങ്ങള്‍ തട്ടിയെടുക്കുന്ന സ്ഥിതി സംജാതമാകുമെന്ന അര്‍ത്ഥത്തില്‍ മോദി പ്രചരണം നടത്തി. ബീഹാറിലെ ബിജെപി നേതാക്കന്മാരെ മാറ്റി നിര്‍ത്തി, ലോകസഭാ തെരഞ്ഞെടുപ്പു വേളയില്‍ പോലും പ്രകടമാകത്തതരത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റിയും ആയിരക്കണക്കിനു കോടി രൂപ വാരിയെറിഞ്ഞും മോദി നയിച്ച ഹിന്ദുത്വ കാമ്പയിന്‍ അമ്പേ തകര്‍ന്നടിയുക യായിരുന്നു. 

കോര്‍പ്പറേറ്റ് പിന്‍ബലമുള്ളതുകൊണ്ട് ഭരണ തലത്തില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ മോദിയുടെ അപ്രതിരോധ്യസ്ഥാനം ബിജെപി നേതൃത്വനിരയില്‍ തന്നെ മുന്‍കാലത്തെ ഒരു പ്രധാനമന്ത്രിയും നേരിട്ടിട്ടില്ലാത്തതരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതിന് ബീഹാര്‍ പ്രഹരം വഴിവെച്ചു. എന്നിട്ടും രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന അജണ്ടയില്‍ നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ഫലം വന്ന പിറ്റേ ദിവസം രാജ്യത്തിന്റെ തന്ത്രപരമായ 15 മേഖലകളില്‍ വിദേശ ഊഹമൂലധനത്തിന് സര്‍വതന്ത്രസ്വാതന്ത്ര്യം പ്രഖ്യാപിച്ച് ലണ്ടനിലേക്ക് വിമാനം കയറുകയാണ് മോദി ചെയ്തത്. പ്രധാനമന്ത്രി എന്ന നിലയില്‍ താന്‍ അഭിസംബോധന ചെയ്യുന്നത് ഇന്ത്യയിലെ ജനങ്ങളെയാണെന്ന യാഥാര്‍ത്ഥ്യം കാണാതെ ബീഹാറില്‍ ഒരു ഹിന്ദുത്വ പ്രചാരകന്‍ മാത്രമായി വോട്ടിനിറങ്ങിയ മോദിക്കു കീഴില്‍ പ്രധാനമന്ത്രി പദം മാത്രമല്ല, ഭരണ സംവിധാനം തന്നെ തരംതാഴാവുന്നതിന്റെ പരമാവധി യിലെത്തിക്കഴിഞ്ഞു. ആമുഖമായി സൂചിപ്പിച്ചതു പോലെ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഒരു ഇടനിലക്കാരന്‍ മാത്രമായി വിദേശത്തെ മോദിയുടെ വേഷം കെട്ടലിന്റെ ആഭ്യന്തര രൂപമാണ് സംഘപരിവാര്‍ പ്രചാരകന്‍ മാത്രമായുള്ള തരംതാഴല്‍. കൊളോണിയല്‍ വിരുദ്ധ സമരകാലത്ത് അധിനിവേശ ശക്തികള്‍ക്കെതിരെ ഒരക്ഷരം പോലും ഉരിയാടിയിട്ടില്ലാത്ത ആര്‍എസ്എസ് അതിന്റെ തുടര്‍ച്ചയായി ഇന്ന് പുത്തന്‍ അധിനിവേശ ശക്തികള്‍ക്ക് രാജ്യത്തെ തീറെഴുതുന്നതാണ് നാം കാണുന്നത്. ഇന്ത്യയില്‍ നവഉദാരീകരണം ആരംഭിക്കുകയും രാഷ്ട്രീയാധികാരത്തില്‍ നിന്നും ബഹുദൂരം അകലെയായിരി ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍, ബാബ്ബറി മസ്ജിദ് തകര്‍ത്തതി നൊപ്പംജനങ്ങളെ കബളിപ്പിക്കാന്‍ സ്വദേശി ജാഗരണ്‍ മഞ്ചും മറ്റും തല്ലിക്കൂട്ടിയ പരിവാര്‍ കേന്ദ്രങ്ങള്‍ അതെല്ലാം ചുരുട്ടിക്കെട്ടി അട്ടത്തു വെക്കുകയും കോണ്‍ഗ്രസ്സിനെക്കാള്‍ തരംതാണ സാമ്രാജ്യത്വ ദല്ലാളന്മാരാണ് തങ്ങളെന്ന് മോദിയുടെ വരവോടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു. നികൃഷ്ടമായ ഈ രാജ്യദ്രോഹ ഏര്‍പ്പാടിന് കാവി പുതപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂട സംവിധാനം ഉപയോഗിച്ച് സംഘപരിവാര്‍ ബീഹാറില്‍ നടത്തിയ പണിക്ക് ബീഹാര്‍ ജനത നല്‍കിയ കനത്ത പ്രഹരമാണ് അവിടുത്തെ തെരഞ്ഞെടുപ്പു ഫലം. ഫലസൂചനകള്‍ പുറത്തറി വായി രണ്ടു മണിക്കൂര്‍ വരെ ഓഹരി വിപണിയിലെ തകര്‍ച്ച നീട്ടിവെക്കാന്‍ ബീഹാറിലെ ജനവിധി റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കോര്‍പ്പറേറ്റ് മീഡിയക്കും കരണത്തടിയാണ് ജനങ്ങള്‍ നല്‍കിയത്. 

ഇവിടെ ഒരു കാര്യം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ബീഹാറില്‍ ബിജെപിക്കുണ്ടായ പരാജയം സംഘടനാപരമായ പിഴവുകള്‍ നിമിത്തമാണെന്ന ബിജെപിയിലെ തന്നെ മോദി വിരുദ്ധ ക്യാമ്പിന്റെ വാദഗതി ഏറ്റുപിടിക്കുന്ന ഒരു പ്രവണത മുഖ്യധാരയില്‍ പ്രകടമാണ്. ബിജെപിയുടെ ഹിന്ദുത്വത്തില്‍ പൊതിഞ്ഞ കോര്‍പ്പറേറ്റ് അജണ്ടക്ക് ജനങ്ങള്‍ നല്‍കിയ പ്രഹരത്തെ ലഘൂകരിച്ച് കാണുന്ന സമീപനമാണിത്. മോദി - ഷാ കൂട്ടുകെട്ടിന് പകരം മറ്റൊരു ടീമായിരുന്നു ബീഹാറിലെ ബിജെപി കാമ്പയിനു നേതൃത്വം കൊടുത്തിരുന്നതെങ്കിലും വിധി മറിച്ചാകുമായിരുന്നില്ലെന്ന് തെരഞ്ഞെടുപ്പുഫലം അസന്നിഗ്ധമായി തെളിയിക്കുന്നു. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി ഇതു തന്നെയായിരുന്നു. അന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട 31 ശതമാനത്തിന്റെ പിന്‍ബലം മാത്രമായിരുന്നു ബിജെപിക്ക് സമാഹരിക്കാനായത്. 69 ശതമാനവും സംഘപരിവാര്‍ ഭരണത്തിന് എതിരായിരുന്നു. അന്നു ഭിന്നിച്ചു നിന്നവര്‍ ഇന്ന് ഒന്നിച്ചതിന്റെ ഫലമാണ് ബീഹാറിലേത്. 

എന്നാല്‍, അടിസ്ഥാന സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ബീഹാറില്‍ ഭൂരിപക്ഷം നേടിയ 'മഹാസഖ്യ' ത്തിനും മോദി നടപ്പാക്കുന്ന നവഉദാരീകരണത്തില്‍ നിന്നും വ്യത്യസ്തമായ നിലപാടൊന്നുമില്ലെന്ന് വ്യക്തമാണ്. യുപിഎ ഭരണത്തിന്റെ ജനവിരുദ്ധ - കോര്‍പ്പറേറ്റ് ആഭിമുഖ്യ നയങ്ങള്‍ക്കെതിരായ ജനരോഷത്തെ വിദഗ്ധമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണല്ലോ കോര്‍പ്പറേറ്റുകള്‍ മോദിയെ അധികാരത്തിലെത്തിച്ചത്. ഒരു കോര്‍പ്പറേറ്റ് വിരുദ്ധ ജനകീയ ബദല്‍ ഉയര്‍ന്നു വരാത്തിടത്തോളം കാലം ഈ സാധ്യത നിലനില്‍ക്കുന്നുണ്ട്. വര്‍ഗീയതയും കാവിവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലുള്ള മറയാണ്. ഭരണവ്യവസ്ഥക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായ ജനകീയ രോഷത്തെ വര്‍ഗീയ ചാലുകളിലൂടെ തിരിച്ചുവിട്ട് അധികാരം ഉറപ്പിച്ച് ഭരണവര്‍ഗ്ഗങ്ങള്‍സമ്പന്ന വര്‍ഗ്ഗ സേവ തുടരാനുള്ള സാധ്യത നിലനില്‍ക്കുന്നു. 

ആമുഖമായി സൂചിപ്പിച്ചതുപോലെ, ബീഹാറില്‍ തോറ്റമ്പിയിട്ടും ബഹുരാഷ്ട്രകോര്‍പ്പറേറ്റുകളോടുള്ള മോദിയുടെ വിധേയത്വം കൂടുതല്‍ തീവ്രമായിരിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു തുടങ്ങിയ ഓഹരി സൂചിക പിടിച്ചു നിര്‍ത്തുന്നതിനും ബീഹാറിലെ പരാജയം നവഉദാരീകരണപ്രക്രിയയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദേശ യജമാനന്‍മാരെ ബോധ്യപ്പെടുത്തുന്നതിനും അഭുത പൂര്‍വ്വമായ ഒരു നവഉദാര പാക്കേജാണ് വിദേശ മൂലധനത്തിനും അതിന്റെ ഇന്ത്യന്‍ പങ്കാളികള്‍ക്കുമായി മോദി പ്രഖ്യാപിച്ചിരി ക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ കൊള്ള ചെയ്തു തടിച്ചു കൊഴുക്കാന്‍ അവശേഷിക്കുന്ന തടസ്സങ്ങള്‍ കൂടി ഇപ്രകാരം നീക്കം ചെയ്തതിലൂടെ തൊഴിലാളികളും കര്‍ഷകരും അദ്ധ്വാനി ക്കുന്നവരുമായ ഇന്ത്യയിലെ ജനകോടികള്‍ പൂര്‍വ്വാധികം വിനാശകരമായ ഒരു ഘട്ടത്തിലേക്കു കടക്കുകയാണ്. വികസനത്തിന്റെ പേരില്‍ തൊഴില്‍ രംഗത്തും പരിസ്ഥിതി മേഖലയിലും നികുതി ഘടനയിലും വമ്പിച്ച ഇളവുകള്‍ തേടി ഇപ്രകാരം കടന്നുവരുന്ന കോര്‍പ്പറേറ്റ് മൂലധനം ഉള്ള തൊഴില്‍ അവസരങ്ങള്‍ക്കൂടി ഇല്ലാതാക്കുകയും വമ്പിച്ച പരിസ്ഥിതി വിനാശം വരുത്തി വെക്കുകയും സര്‍ക്കാരിന്റെ വിഭവ സമാഹരണ സാധ്യതകള്‍ ഇല്ലാതാക്കുകയും അവശേഷിക്കുന്ന സാമൂഹ്യ ചെലവുകള്‍ കൂടി അവസാനിപ്പിക്കുകയും ചെയ്യും. ഒരു നിമിഷം കാത്തിരിക്കാതെ ഈ ജനവിരുദ്ധ വ്യവസ്ഥയെ തകിടം മറിക്കാനും ഒരു ജനപക്ഷ ബദല്‍ മുന്നോട്ടു വെക്കാനും എല്ലാ ജനാധിപത്യ - മതേതര - ദേശാഭിമാന ശക്തികളും രംഗത്തിറങ്ങേണ്ട സമയമാണിത്. 

*സഖാവ് മാസിക 2015 ഡിസംബര്‍ ലക്കം