"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 3, വെള്ളിയാഴ്‌ച

മഹാനായ അയ്യന്‍കാളി; ജീവിതവും ദര്‍ശനവും: ഗ്രന്ഥത്തിന് മുഖവുര - ദലിത് ബന്ധു എന്‍ കെ ജോസ്


അങ്ങനെ അമ്പതു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 'മുതലാളിത്തം ഭാരതത്തില്‍''എന്ന ചെറുഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു കൊണ്ട് 1952 ല്‍ ഞാനാരംഭിച്ച ചരിത്ര സാമൂഹിക പഠനം ഇന്ന് മുതലാളിത്തം കേരളത്തില്‍ അതിന്റെ ഭീകരതാണ്ഡവ നൃത്ത മാടുമ്പോള്‍ കേരളത്തിന്റെ വീരപുത്രരില്‍ എന്തുകൊണ്ടും പ്രഥമഗണനീയനായ അയ്യന്‍കാളിയെ പറ്റി വിശദമായ ഒരു പഠനത്തിലെത്തിനില്‍ക്കുകയാണ്.

ഈ അമ്പതു കൊല്ലത്തെ പ്രയത്‌നംകൊണ്ട് എന്തുനേടാന്‍ കഴിഞ്ഞു? തീര്‍ച്ചയായും ഇന്ന് തിരിഞ്ഞുനിന്ന് ചോദിക്കേണ്ട ചോദ്യമാണത്. ഈ അമ്പതുവര്‍ഷം കൈയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചു വെന്ന് എനിക്ക് ശങ്കകൂടാതെ പറയുവാന്‍ കഴിയും. ഈ കാലഘട്ടത്തില്‍ ഞാനെഴുതി പ്രസിദ്ധീകരിച്ച ചെറുതും വലുതുമായ 91 ഗ്രന്ഥങ്ങളുടെ ലിസ്റ്റ് അതിന് തെളിവാണ്. അവയെല്ലാം തന്നെ സാമൂഹ്യ-രാഷ്ട്രീയ-ചരിത്ര-സഭാ രംഗങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. വായനക്കാ രിലെ നല്ലൊരു വിഭാഗത്തിന് അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ പലതിനും അവതാരിക എഴുതിയ നിത്യചൈതന്യയതി, ഡോ. എം.എം.തോമസ്, പ്രൊ. പി.എസ്. വേലായു ധന്‍, സി.ആര്‍. കേശവന്‍ വൈദ്യര്‍, ഡോ: മൈക്കിള്‍ തരകന്‍, മുന്‍മന്ത്രി പി.കെ. രാഘവന്‍ തുടങ്ങിയവര്‍ പോലും എന്റെ വീക്ഷണങ്ങളെ നിശിതമായി വിമര്‍ശിച്ചു എന്നതു തന്നെ അതാണ് വിളിച്ചോതുന്നത്. കുറച്ചുപേരുടെ ഹൃദയത്തില്‍ നിന്നെങ്കിലും വേലുത്തമ്പി ദളവ, പഴശ്ശിരാജ, എം.കെ. ഗാന്ധി, രാജകേശവദാസന്‍, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ആദിശങ്കരാ ചാര്യര്‍, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, ക്‌നാനായി തൊമ്മന്‍, കെ.പി. കേശവമേനോന്‍ തുടങ്ങിയ വിഗ്രഹങ്ങളെ തള്ളി താഴെയിടാന്‍ കഴിഞ്ഞു. ഡോ. അം ബേദ്ക്കര്‍, അയ്യന്‍കാളി, ദിവാന്‍ മണ്‍റോ, കുന്തക്കാരന്‍ പത്രോസ്, മെനേസിസ് മെത്രാപ്പോലീത്ത, ജ്യോതി റാവു ഫൂലെ, നാരായണഗുരു, ഗൗതമബുദ്ധന്‍ തുടങ്ങിയവരെ ആ സ്ഥനത്ത് പ്രതിഷ്ഠിക്കാനും സാധിച്ചു എന്ന് എനിക്ക് ലഭിച്ചുകൊണ്ടി രിക്കുന്ന കത്തുകള്‍ പറയുന്നു. കേരളത്തിലെ ജനങ്ങളില്‍ ഇന്ന് അങ്ങനെയു ള്ളവരുടെ എണ്ണം പരിമിതമാണെങ്കിലും നാളെ അത് വികസിക്കുവാനാണ് ഏറെ സാധ്യത.

എന്നാല്‍ അത് അതില്‍തന്നെ ഒരു ലക്ഷ്യമാണോ? അല്ലാ എന്ന് വ്യക്തം. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമായി ചരിച്ചു കൊണ്ടിരി ക്കുന്ന പാതയില്‍ നിന്നും ഒന്നു മാറി ചരിക്കാന്‍, ഒന്നു മാറിചിന്തിക്കാന്‍ കുറച്ചുപേരെയെങ്കിലും പ്രേരിപ്പിക്കാന്‍ കഴിഞ്ഞുവെങ്കില്‍ അതില്‍ നിന്നും കൂടുതല്‍ സദ്ഫലങ്ങള്‍ പ്രതീക്ഷിക്കാം. മാറ്റം കൂടാതെ നന്മ വരുകയി ല്ലല്ലോ. നിലവിലി രിക്കുന്നത് തിന്മയാണെങ്കില്‍ മാറ്റം അനിവാര്യമാണ്. തിന്മയാണ് എന്ന് വിശ്വസിക്കുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യുന്നവര്‍ക്കെങ്കിലും മാറ്റം കൂടിയേ തീരൂ. ആ മാറ്റം തീവ്രമാക്കാന്‍, അതിനു വേഗത കൂട്ടാന്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തെ പ്രയത്‌നം കൊണ്ട് കുറച്ചെങ്കിലും സാധിക്കുന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.

ആ മാറ്റത്തിന്റെ മാലപ്പടക്കത്തിന് തീ കൊളുത്തിയ മഹാനാണ് ഡോ. അയ്യന്‍കാളി. അദ്ദേഹം തീസ്സിസ്സുകള്‍ ഒന്നും എഴുതിയിട്ടില്ല. ആരും അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുത്തിട്ടില്ല. ഒരു ഭാഷയിലേയും അക്ഷരം അറിഞ്ഞുകൂടായിരുന്നു എന്നത് മാത്രമാണ് ആ രംഗത്തെ അദ്ദേഹത്തിന്റെ സവിശേഷത. പക്ഷേ അദ്ദേഹത്തിന്റെ ജീവിതം ഒരു തീസ്സിസ്സായിരുന്നു. സ്വന്തം ജീവിതം കൊണ്ട് തീസ്സിസ്സുകള്‍ എഴുതി അവതരിപ്പിച്ചു ഡോക്ടറേറ്റ് നേടിയവര്‍ കേരളത്തില്‍ വളരെ അപൂര്‍വ്വമാണ്.

തിരുവിതാംകൂറിലെ ഭരണവര്‍ഗ്ഗമായ സവര്‍ണ്ണര്‍ക്കെതിരെ ഈഴവ-ക്രൈസ്തവ-മുസ്‌ലിം ജനവിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ സമരമാണ് 1933 ലെ നിവര്‍ത്തന പ്രക്ഷോഭണം. അതിനെ പൊളിക്കാന്‍ അന്ന് രാജാവിന്റെ ഉപദേഷ്ടാവായിരുന്ന സര്‍. സി.പി.രാമസ്വാമിഅയ്യര്‍ പലവഴികളും തെരഞ്ഞു, ചില തെല്ലാം പ്രയോഗിച്ചു നോക്കി, ഒന്നും വിജയിച്ചില്ല. അവസാനം അദ്ദേഹം ദിവാനായ ശേഷം കണ്ടെത്തിയ വഴിയാണ് ക്ഷേത്ര പ്രവേശന വിളംമ്പരം. നാലു വര്‍ഷം മുമ്പ് 1932 നവം.10-ാം തീയതിയിലെ ഠശാല െീള കിറശമ ലേഖനം വഴി അദ്ദേഹം തള്ളിപറഞ്ഞതിനെ സ്വീകരിച്ചത് ഗതികേടു മൂലമാണ്. അയിത്ത ജാതിക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കൊടുക്കാമോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വി.എസ്. സുബ്രഹ്മണ്യ അയ്യര്‍ കണ്‍വീനറായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1932 ല്‍ നിയമിച്ച കമ്മിറ്റിക്ക് ഒരു മാര്‍ഗ്ഗനിര്‍ദേശമായിട്ടാണ് അന്ന് ഠശാല െീള കിറശമ യില്‍ സി.പി രാമസ്വാമിഅയ്യര്‍ പ്രസ്തുത ലേഖനം എഴുതിയത്. അന്ന് അദ്ദേഹം തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ രാഷ്ട്രീയോപദേ ഷ്ടാവാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രസ്തുത കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

നിവര്‍ത്തന പ്രക്ഷോഭണം നയിക്കുന്ന സംയുക്ത സമുദായ മുന്നണിയിലെ ശക്തമായ ഒരു ഘടകം ഈഴവരായിരുന്നു. പ്രക്ഷോഭണംനടത്തുന്നത് സവര്‍ണ്ണര്‍ക്കെതിരായിട്ടാണ്. പ്രക്ഷോ ഭണം വിജയിച്ചാല്‍ ഏറ്റവും അധികം നഷ്ടം സംഭവിക്കുന്നത് ബ്രാഹ്മണര്‍ക്കും ബ്രാഹ്മണി സ്റ്റുകള്‍ക്കുമാണ്. അതിനാല്‍ പ്രക്ഷോ ഭണത്തെ പരാജയപ്പെടുത്തു വാന്‍ ഏറ്റവും പര്യാപ്തമായ മാര്‍ഗം ഈഴവരെ ബ്രാഹ്മണര്‍ക്ക് അടിമപ്പെടുത്തുക എന്നതാണ് എന്ന് കുശാഗ്രബുദ്ധിയായ സി.പി. രാമസ്വാമിഅയ്യര്‍ കണ്ടു.

ബ്രാഹ്മണര്‍ ഹിന്ദു മതത്തിലെ പൂജാരികളാണ്. തിരുവിതാംകൂ റില്‍ അവര്‍ ഭരണവര്‍ഗ്ഗം കൂടിയാണ്. ഭരണവര്‍ഗ്ഗം എന്ന നിലയിലുള്ള അവരുടെ അധികാരത്തെയാണ് നിവര്‍ത്തന പ്രക്ഷോഭണത്തിലൂടെ ഈഴവര്‍ ചോദ്യം ചെയ്യുന്നത്. പൂജാരി എന്ന അവരുടെ അവകാശം അപ്പോഴും ചോദ്യം ചെയ്യപ്പെടാതെ നില്‍ക്കുകയാണ്. പൂജാരി പൂജാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുക മാത്രമല്ല ചെയ്യുന്നത് ആ പൂജാദി കര്‍മ്മങ്ങളെ അംഗീകരിക്കുന്ന ജനസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെകൂടി നിയന്ത്രിക്കുന്നത് അവരാണ്. എപ്പോള്‍ ഉത്സവങ്ങള്‍ ആഘോഷിക്കണം, എപ്പോള്‍ വിവാഹം നടത്തണം, എപ്പോള്‍ നോമ്പ് നോക്കണം തുടങ്ങി എല്ലാ കാര്യങ്ങളിലും അന്തിമമായ വിധി അവരുടേതാണ്. 

'ദൈവാധീനം ജഗത്‌സര്‍വം മന്ത്രാധീനം തു ദൈവതം
തന്‍ മന്ത്രം ബ്രാഹ്മണാധീനം ബ്രാഹ്മണോ മമ ദൈവതം''

ദൈവങ്ങളുടെ ഇംഗിതം അറിയാവുന്നത് ബ്രാഹ്മണര്‍ക്ക് മാത്രമാണ്. അതിനാല്‍ അവര്‍ പറയുന്നത് ദൈവവചനങ്ങളാണ്. ആ ദൈവവചന ങ്ങളെ അംഗീകരിക്കുന്നവരായി ഈഴവരെ മാറ്റിയാല്‍ ബ്രാഹ്മണര്‍ക്കും ബ്രാഹ്മണിസ്റ്റുകള്‍ക്കും എതിരേയുള്ള ഈഴവരുടെ സമരം പരാജയപ്പെടും. നാരായണഗുരു ദൈവ വചനത്തിന്റെ ആ കുത്തക ഈഴവരുടെ കാര്യത്തിലെ ങ്കിലും ബ്രാഹ്മണരില്‍ നിന്നെടുത്തു ഈഴവരില്‍തന്നെ സ്ഥാപിച്ച ശേഷമാണ് പോയത്. അത് പൊളിക്കണം. 1888 ല്‍ അരുവിപ്പുറത്ത് സ്ഥാപിച്ച ശിവലിംഗം പിഴുതെറിയണം. അതിന് സി.പി.രാമസ്വാ മിഅയ്യര്‍ കണ്ട കുറുക്കുവഴിയാണ് ക്ഷേത്രപ്രവേശന വിളംബരം. അതിലൂടെ ഈഴവരെ അദ്ദേഹം ഹിന്ദുക്കളാക്കി. ഹിന്ദുക്കളാ ക്കുക എന്നു പറഞ്ഞാല്‍ ഹിന്ദുക്കളിലെ അവര്‍ണ്ണരാക്കുക, അയിത്ത ക്കാരാക്കുക, അടിമകളാക്കുക എന്നാണ്.

അത് നാരായണഗുരുവിന് അറിയാമായിരുന്നതുകൊണ്ടാണ് അദ്ദേഹം ഈഴവരുടെ സവര്‍ണ്ണക്ഷേത്രപ്രവേശന ശ്രമത്തെ അനുകൂലിക്കാതിരുന്നത്. സ്വന്തമായി ക്ഷേത്രങ്ങള്‍ സ്ഥാപിക്കാ നുള്ള അധികാരവും അവകാശവും സ്ഥാപിച്ചെടുത്തത്. എന്നാല്‍ നാരായണഗുരുവിന് ശേഷം അദ്ദേഹം സ്ഥാപിച്ചെടുത്തതിന്റെ അര്‍ത്ഥംഅറിയാവുന്നവരോ അതു തുടര്‍ന്ന് പോകാന്‍ കഴിവുള്ളവരോ ആരുമുണ്ടായില്ല. അതു ബോധ്യപ്പെട്ട സി.പി. രാമസ്വാമിഅയ്യര്‍ പ്രയോഗിച്ച കൗശലമാണ് ക്ഷേത്രപ്രവേശന വിളംബരം. 1888 ലെ ശിവലിംഗ പ്രതിഷ്ഠ ഒരു വിപ്ലവമാണെ ങ്കില്‍ അതിന്റെ നേരെ പ്രതിവിപ്ലവമാണ് 1936 ലെ ക്ഷേത്രപ്രവേ ശന വിളംബരം. ജസ്റ്റീസ് രാമന്‍തമ്പിയുടെ ചരടുവലിയിലൂടെ അതിനുവേണ്ടി ഈഴവര്‍ തന്നെ ഏറെ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ച ശേഷം അതു ഉപേക്ഷിച്ചുകഴിഞ്ഞാണ് ദിവാനെന്ന നിലയില്‍ സര്‍ സി.പി. തന്നെ ആ ഒളിയമ്പു പ്രയോഗിച്ചത്.

ഹിന്ദുക്കളുടെ കാര്യത്തില്‍ അവസാന തീരുമാനമെടുക്കാനുള്ള അവകാശം അതിലെ പുരോഹിതരായ ബ്രാഹ്മണര്‍ക്കുള്ളതാണ്. അത് സ്വീകരിക്കാന്‍ ഹിന്ദുക്കളായ ഈഴവര്‍ക്കും ബാധ്യത വന്നുഭവിച്ചു. അതോടെ ഈഴവ സമുദായത്തിന്റെ സമരവീര്യം തകര്‍ന്നു. ആത്മീയകാര്യങ്ങളില്‍ അനുസരിക്കുകയും ലൗകീക കാര്യങ്ങളില്‍ പ്രതിഷേധിക്കുകയും ഒരേസമയത്ത് ബ്രാഹ്മണരോട് സ്വീകരിക്കുക അപ്രയോഗീകമായി. ഹിന്ദുമതത്തിലെ ആത്മീയത എന്നതില്‍ ഓരോ ഹിന്ദുവിന്റെയും ജീവിതചര്യകൂടി ഉള്‍പ്പെടും. ഒരു ശിശുവിനെ ഗര്‍ഭം ധരിക്കുന്നതിനുമുമ്പു മുതല്‍ അത് ജനിച്ചു വളര്‍ന്നു മരിച്ച് മരണാനന്തര ശേഷക്രിയകളെല്ലാം വരെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാ നഗ്രന്ഥങ്ങളില്‍ ഒന്നായ മനുസ്മൃതി. ക്ഷേത്രപ്രവേശന വിളംബര ത്തിലൂടെ സി.പി. രാമസ്വാമിഅയ്യര്‍ ഈഴവരെ അതിനു വിധേയരാക്കി. ഇന്ന് അത് വിശ്വഹിന്ദുപരിഷത്തിലൂടെയും സംഘപരിവാറിലൂടെയും മറ്റും വളര്‍ന്നു വിശ്വരൂപം കാണിച്ചു കൊണ്ടിരി ക്കുകയാണ്. നാരായണഗുരു നശിപ്പിച്ചുകളഞ്ഞ ഈഴവരുടെ അടിമത്വമനോഭാവം രാമസ്വാമി അയ്യര്‍ പുനഃപ്ര തിഷ്ഠിച്ചു. ഇന്ന് അരുവിപ്പുറത്തിരിക്കുന്നത് 1888 ല്‍ നാരായ ണഗുരു പ്രതിഷ്ഠിച്ച ശിവലിംഗമല്ല, അതിന്റെ അന്തഃസത്ത നശിച്ച വെറും പുറംതോട് മാത്രമാണ് അവിടെ ഇപ്പോള്‍ ഉള്ളത്. സവര്‍ണ്ണക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളുമായി ഇന്ന് അതിന് ഒരു ഭേദവുമില്ല.

'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'

എന്ന ഗുരുദേവന്റെ വാക്കുകളാണ് മറ്റു ശിവപ്രതിഷ്ഠകളില്‍ നിന്നും അരുവിപ്പുറത്തെ വ്യത്യസ്തമാക്കിയത്. ഇന്ന് ഈഴവര്‍ കയറി ആരാധിക്കുന്ന സവര്‍ണ്ണശിവക്ഷേത്രങ്ങളില്‍ ഒരിടത്തു പോലും ആ വാക്കുകള്‍ ആലേഖനം ചെയ്തിട്ടില്ല. ആ വാക്കുകള്‍ ആലേഖനം ചെയ്ത സ്ഥലങ്ങളിലെയും ചെയ്യാത്ത സ്ഥലങ്ങളിലെ യുംശിവലിംഗപ്രതിഷ്ഠകളെ ഒരുപോലെ കണ്ട് ആരാധിക്കുന്നവര്‍ ആ വാക്കുകളെ വിസ്മരിക്കുക യാണ് ചെയ്തിരിക്കുന്നത് എന്നു വ്യക്തമാണ്.

ഈ യാഥാര്‍ത്ഥ്യം കാലേകൂട്ടി കണ്ടെത്തി വേണ്ട നടപടി സ്വീകരിച്ച മഹാനാണ് അയ്യന്‍കാളി. അതുകൊണ്ടാണ് അദ്ദേഹം സവര്‍ണ്ണക്ഷേത്ര ങ്ങളില്‍ മാത്രമല്ല ഒരു ക്ഷേത്രത്തിലും പ്രവേശി ക്കാതിരുന്നത്. ക്ഷേത്രപ്രതിഷ്ഠയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച നാരായണഗുരു അവസാനം അത് തെറ്റായിപ്പോയി എന്നു മനസ്സിലാക്കി ദുഃഖിച്ചു. തുടര്‍ന്ന് ക്ഷേത്രങ്ങളല്ല വിദ്യാ ലയങ്ങളാണ് വേണ്ടത് എന്ന് പ്രസ്താവിച്ചുകൊണ്ട് അയ്യന്‍ കാളിയുടെ പാതയിലേയ്ക്ക് വന്നു. പക്ഷെ അയ്യന്‍കാളിയുടെ ആശയങ്ങളെ സ്വീകരിച്ച് അതനുസരിച്ച് മുന്നോട്ടുപോ കാന്‍ ഒരു അനുയായി വൃന്ദം അദ്ദേഹത്തിനില്ലാതെ പോയി.

ഇന്ത്യയില്‍ ഒരുകാലത്ത് ബുദ്ധമതം സാര്‍വത്രികമായിരുന്നു. പിന്നീടത് നശിച്ചുപോയി. മുസ്ലീം ആക്രമണ കാലത്ത് മുസ്ലീങ്ങളും ഹിന്ദുക്കളും ചേര്‍ന്നു ബുദ്ധിസ്റ്റുകള്‍ക്കെതിരേ നിഷ്ഠൂര ആക്രമണമാണ് നടത്തിയത്. പ്രത്യേകിച്ചും ബീഹാര്‍ പോലുള്ള ഉത്തരേന്ത്യയില്‍. അല്ലാവുദ്ദീന്‍ കില്‍ജിയുടെ കാലത്ത് നടന്ന രൂക്ഷമായ മതമര്‍ദ്ദനത്തിന് സമാനമായി ലോകത്തില്‍ ആധുനിക കാലത്ത് ഗുജറാത്തില്‍ 2002 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്നതു മാത്രമേയുള്ളു.

ഒരു ബുദ്ധഭിക്ഷു വധിക്കപ്പെടുമ്പോള്‍ അതോടെ അയാളുടെ വംശം പിന്തുടര്‍ച്ചയില്ലാതെ അവസാനിക്കുകയാണ്. തല്‍സ്ഥാനത്ത് ഒരു ബ്രാഹ്മണന്‍ വധിക്കപ്പെടുമ്പോള്‍ അയാളുടെ പുത്രന്മാര്‍ പിന്നെയും ബ്രാഹ്മണരായി അവശേഷിക്കുകയാണ്. ഒരു വിഹാ രത്തില്‍ പത്തു ബുദ്ധഭിക്ഷുക്കളുണ്ടെങ്കില്‍ അവര്‍ പത്തുപേരും വധിക്കപ്പെടുമ്പോള്‍ ആ വിഹാരം അവസാനിച്ചു. ഭയപ്പെട്ടു മറ്റാരും ഭിക്ഷുവാകാന്‍ വരികയുമില്ല. അതുതന്നെയാണ് ഇവിടെ സംഭവിച്ചതും. അതല്ല ബ്രാഹ്മണരുടെ സ്ഥിതി. എത്ര ബ്രാഹ്മണര്‍ വധിക്കപ്പെട്ടാലും അവരുടെ കുടുംബത്തിലും ജാതിയിലും അവശേഷിക്കുന്നവര്‍ പിന്നെയും ബ്രാഹ്മണരാണ്. ആ ബ്രാഹ്മണ്യം അവര്‍ക്കു ഉപേക്ഷിക്കുക സാധ്യമല്ല. ഭക്തി പ്രസ്ഥാന കാലത്ത് ശൈവരും വൈഷ്ണവരും അന്യോന്യം നൂറുകണക്കിനും ആയിരക്കണക്കിനും പേരെയാണ് വധിച്ചത്. എന്നിട്ടും ആ രണ്ട് പ്രസ്ഥാനങ്ങളും നിലനില്‍ക്കുന്നതിന്റെ കാരണം അതാണ്.

അയ്യന്‍കാളിയുടെ ആശയങ്ങള്‍ സ്വീകരിച്ചവര്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ ഇല്ലാതെപോയി. അയ്യന്‍കാളിയുടെ പ്രപൗത്രിപോലും 2000 ഡിസംബര്‍ 7 മുതല്‍ തിരുവനന്തപുരത്ത് നടന്ന ഗീതാ വിചാര പരിഷത്തില്‍ ഭഗവത്ഗീതയുടെ പ്രചരണോത്ഘാടനം ഒരു കോപ്പി ദലൈലാമായില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. അയ്യന്‍കാളിയുടെ കൊച്ചുമോള്‍ക്കുപോലും മുത്തച്ഛനെ അറിയി ല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഗീതയെപ്പറ്റി ജീവിതകാലത്ത് ഒരിക്കലും ഒരു വാക്കുപോലും പറഞ്ഞിട്ടില്ലാത്ത നാരായണ ഗുരുവിന്റെ ഒരു അനുയായിക്കുപകരം അയ്യന്‍കാളിയുടെ പ്രപൗത്രിയെ തെരഞ്ഞെടുത്തതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. നാളെ കേരളത്തില്‍ ആരെയാണ് ഗീതക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് അത് വിളിച്ചോതുന്നത്. 

ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പിന്നീട് എത്രമാത്രം വ്യഭിചരി ക്കപ്പെട്ടെങ്കിലും ആ മേല്‍വിലാസം കൊണ്ടു നടക്കാന്‍ ശ്രീനാരായണ ധര്‍മ്മപരിപാലന സംഘവും സന്യാസിമാരുടെ ധര്‍മ്മസംഘവുമുണ്ട്. സാധുജനപരിപാലന സംഘത്തെ അദ്ദേഹ ത്തിന്റെ ജീവിതകാലത്തു തന്നെ എം.കെ. ഗാന്ധിയും സി.പി. രാമസ്വാമി അയ്യരും ചേര്‍ന്ന് അവസാ നിപ്പിച്ചു. പകരം നിലവില്‍ വന്നത് സമസ്ത തിരുവിതാംകൂര്‍ പുലയ മഹാസഭയാണ്. അതിനാല്‍ കഴുതയുടെ പടമാണ് വരച്ചതെങ്കിലും താഴെ കുതിര എന്ന് എഴുതിയതുകൊണ്ട് കുതിര എന്ന പേര് നിലനില്‍ക്കുന്നു. പേരുമാത്രം. 

അങ്ങനെ ചരിത്രപരമായ ഒരു അസ്തിത്വമുള്ള കുതിരയാണ് ശ്രീനാരായണഗുരു. അതുപോലും അയ്യന്‍കാളിക്കുണ്ടായില്ല. അതുകൊണ്ടാണ് അയ്യന്‍കാളി ചരിത്രത്തില്‍ പോലും ഇല്ലാതായത്.

അന്ന് ചരിത്രം ആര്‍ക്കും വേണ്ടാത്ത വിഷയവുമായിരുന്നു. ഇന്ത്യാ ചരിത്രവും ബ്രിട്ടീഷ് ചരിത്രവും ഗ്രീക്ക്-റോമന്‍ ചരിത്ര ങ്ങളും പഠനവിഷയമായി ഞാന്‍ കോളേജില്‍ സ്വീകരിച്ചപ്പോള്‍ അതിലെ മഠയത്തരം ചൂണ്ടിക്കാണിക്കാത്തവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയില്‍ ചരിത്രത്തോളം പ്രാധാന്യമുള്ള മറ്റൊരു വിഷയമില്ല. ഔദ്യോഗികമായിട്ടെങ്കിലും അതിനൊരു കേന്ദ്രമന്ത്രിയും ഡിപ്പാര്‍ട്ടു മെന്റും ഇന്നുണ്ട്; മുരളീമനോഹര്‍ ജോഷിയും മാനവ വിഭവശേഷി വകുപ്പും. മന്ത്രിസഭ എത്ര ഉടച്ചുവാര്‍ത്താലും അവിടെ പ്രശ്‌നമൊന്നുമില്ല. ഇന്ന് എല്ലാം ഇന്നലകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെ ടുന്നത്. ഇന്നിന്റെ ആഴങ്ങളിലേയ്ക്കുള്ള എത്തിനോട്ടം'എന്ന ചരിത്ര ത്തിന്റെ നിര്‍വചനം മാറി. ഇന്നു ചരിത്രം ഇന്നിന്റെ റിമോട്ട് കണ്‍ട്രോളറാണ്. ചരിത്രത്തെ കൈപ്പിടിയിലൊതുക്കുന്നവര്‍ രാജ്യത്തെയാണ് കൈപ്പിടിയി ലൊതുക്കുന്നത്. ഈ നാട് പുരാത നകാലം മുതല്‍ അനാദികാലം മുതല്‍ ഞങ്ങളുടേതായിരുന്നു എന്ന അവകാശവാദത്തെ സാധൂകരിക്കാന്‍ ആവശ്യമായ ചരിത്രരേഖ കള്‍'ഉണ്ടാക്കിയെടുത്താല്‍ എല്ലാമായി. അതും പരാജയപ്പെട്ടാല്‍ ഇതുഞങ്ങളുടെ വിശ്വാസമാണ്'എന്ന് പ്രഖ്യാപിച്ചാല്‍ മതി. വിശ്വാസത്തെ തൊട്ടുകളിക്കാന്‍ ആരും വരില്ല.

ഈ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പും അതിനുവേണ്ടിയുള്ള പഠനവും നടന്നുകൊണ്ടിരുന്ന എണ്‍പതുകളില്‍ ഇതായിരുന്നില്ലാ സ്ഥിതി. അയ്യന്‍കാളിയെപ്പറ്റി ഒരു പുന:പഠനം ഇന്ന് ആവശ്യമായി രിക്കുന്നത് അതുകൊണ്ടാണ്. അയ്യന്‍കാളിയേയും അയ്യന്‍കാളി യുടെ പ്രത്യയ ശാസ്ത്രത്തെയും കൊണ്ട് 30 വര്‍ഷം മുമ്പുള്ള ഉപയോഗമല്ല ഇന്നുള്ളത്. അയ്യന്‍കാളിയുടെ ദര്‍ശനത്തെ അന്ന് കണ്ടതുപോലെയല്ല ഇന്ന് കാണേണ്ടത്. ഇന്ന് സംഘടിതമല്ലാത്ത ഒരു സമുദായം ദലിതരുടേത് മാത്രമാണ്. മതത്തിന്റെ അടിസ്ഥാ നത്തിലുള്ള സംഘടിത ശക്തികളായി ക്രിസ്ത്യന്‍-മുസ്‌ലിം സമുദായങ്ങള്‍ വളര്‍ച്ച പ്രാപിച്ചപ്പോള്‍ നാരായണഗുരുവിനേയും മന്നത്ത് പത്മനാഭനേയും മുന്‍നിര്‍ത്തി ഈഴവ-നായര്‍ സമുദായങ്ങള്‍ ശക്തി കൈക്കൊണ്ടു. തത്സമയം അയ്യന്‍കാളിയെ മുന്‍നിര്‍ത്തി ഒരു സമുദായശക്തിയെ രൂപീകരിക്കാന്‍ ദലിതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇന്നും ദലിത് സമുദായത്തിന് പ്രസക്ത മായത് ശക്തി നേടാനുള്ള ഐക്യവും സംഘടനാ രൂപീകരണ വുമാണ്. അയ്യന്‍കാളിയെ ഇന്നു കാണേണ്ടത് കാര്‍ഷിക പണി മുടക്കിന്റെ ഉപജ്ഞാതാവെന്ന നിലയിലോ, വില്ലുവണ്ടി സമരത്തിന്റെ നായകനെന്ന നിലയിലോ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞ വിപ്ലവകാരി എന്ന നിലയിലോ അല്ല; സാധു ജനപരി പാലനസംഘത്തിന്റെ സംഘാടകനെന്ന നിലയിലാണ്. വിശക്കുന്നവന് ദൈവം അപ്പത്തിന്റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടേണ്ടത്; അസംഘടിത ജനതയ്ക്ക് അയ്യന്‍കാളി മികച്ച സംഘാടകനെന്ന നിലയിലും.

ഈ പുതിയ പരിതസ്ഥിതിയില്‍ അയ്യന്‍കാളിയെ കണ്ടെത്താന്‍ ഞാന്‍ നടത്തിയ ഈ പരിശ്രമത്തിന്റെ നാലാം പതിപ്പ് കേരള ത്തിലെ ബഹുജനസമക്ഷം പ്രത്യേകിച്ച് ഇവിടത്തെ ദലിത്ജനത യുടെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്. അതിനുവേണ്ടി പരിശ്രമിച്ചവരില്‍ യു.പി. അനില്‍കുമാര്‍, മുരളീനാഗ, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രത്യേകം അഭിനന്ദനാര്‍ഹരാണ്.

എന്ന്
അംബികാമാര്‍ക്കറ്റ് ദലിത്ബന്ധു
22.2.2013