"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

ശ്രീനിവാസനു കിട്ടിയ കരണത്തടിയും സിപിഐ(എം)ന്റെ പ്രതിച്ഛായ നഷ്ടവും


2016 ജനുവരി 29 ന് കോവളത്ത് ടി. പി ശ്രീനിവാസന്‍ എന്ന ബ്യൂറോക്രറ്റിനെ ശരത് എന്ന വിദ്യാര്‍ത്ഥി മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് നിയമം അതിന്റെ വഴിക്കുപോകട്ടെ. രാജ്യത്തെ ക്രിമിനല്‍ നടപടി പ്രകാരമുള്ള കേസ്സെടുക്കലും വിചാരണയു മൊക്കെ നടക്കട്ടെ. 

എന്നാല്‍ പ്രസ്തുത വിദ്യാര്‍ത്ഥി, അസാധാരണവും കേട്ടുകേള്‍വി യില്ലാത്തതുമായ ഒരു മഹാ അപരാധം ചെയ്തു എന്ന മട്ടിലാണ് കോര്‍പ്പറേറ്റ് മീഡിയയും ആസ്ഥാന ചാനല്‍ ചര്‍ച്ചക്കാരും വിഷയം ഏറ്റെടുത്തത്. അടികൊടുത്തും കൊണ്ടുമാണ് കേരളത്തിലെ വിദ്യാര്‍ത്ഥിസംഘടനകളെല്ലാം വളര്‍ന്നിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്കിടയിലും ഉപരി മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയിലും വികസന പ്രതിച്ഛായ ഉണ്ടാക്കി അധികാരാരോഹണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സിപിഐ(എം)നാകട്ടെ പഠന കോണ്‍ഗ്ര സ്സിലൂടെയും നവകേരളമാര്‍ച്ചിലൂടെയും ഒപ്പിച്ചെടുത്തുകൊണ്ടി രിക്കുന്ന ഇമേജ് ഒറ്റയടിക്ക് നഷ്ടമാകുകയും ചെയ്തു. പ്രസ്തുത വിദ്യാര്‍ത്ഥിയെ തള്ളിപ്പറയുകയും സംഘടനയില്‍ നിന്ന് പുറത്താക്കുകയും സംഭവത്തില്‍ ഖേദപ്രകടനം പലയാവര്‍ത്തി നടത്തുകയും ചെയ്തിട്ടും നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ കഴിഞ്ഞതുമില്ല. കെട്ടുനാറിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനും ബിജെപിക്കും വലതുപക്ഷ ബുദ്ധിജീവികള്‍ക്കും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്കും സിപിഐ(എം)നെ ഒതുക്കാനുള്ള സുവര്‍ണാവസരമായി ഇതെന്നു പറയാതെ വയ്യ. 

ഉള്ളതുപറഞ്ഞാല്‍, സോളാര്‍, ബാര്‍ കോഴയിടപാടുകള്‍ പോലെ വിദ്യാഭ്യാസ കച്ചവടരംഗത്തെ ഒരു കൂട്ടിക്കൊടുപ്പു പരിപാടി യാണ് കോവളത്തു നടന്നത്. വിദേശത്തെ നാലാംകിട സര്‍വകലാ ശാലകളും ബന്ധപ്പെട്ട തരികിടകളുമാണ് ഈ കൂട്ടിക്കൊടുപ്പു പരിപാടിയില്‍ ഇവിടുത്തെ സമാനമനസ്‌കരുമായി കോവളത്തു കൂടിച്ചേര്‍ന്നത്. വിദ്യാഭ്യാസരംഗത്തേയ്ക്ക് കടന്നു വന്നുകൊണ്ടി രിക്കുന്ന കോര്‍പ്പറേറ്റ് മാഫിയ മൂലധനത്തിന് കേരളത്തിലെ ഉള്ളുപൊള്ളയായ പുത്തന്‍ പണക്കാര്‍ക്ക് വിദേശ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി കോടികള്‍ എങ്ങനെ അടിച്ചുമാറ്റാ മെന്നതായിരുന്നു അവിടുത്തെ ചര്‍ച്ചാവിഷയം. വിദ്യാഭ്യാസ ത്തിന്റെ അടിസ്ഥാന സമീപനമോ മഹനീയ ആശയങ്ങളോ ആയി പുലബന്ധം പോലും ഇല്ലാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളെ ഷോപ്പിംങ് മാളുകളായി കാണുന്ന ഈ കച്ചവട ഇടപാടിന്റെ ബ്രോക്കറാണ് ശ്രീനിവാസന്‍. ഔദ്യോഗിക ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും പങ്കെടുത്തിട്ടില്ലാത്ത ഈ ബ്യൂറോക്രറ്റിനെ കേരളത്തിലെ ക്രിമിനനല്‍ മാഫിയ ഭരണത്തിനു നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനാക്കിയത് കോര്‍പ്പറേറ്റ് നവ ഉദാര നയങ്ങളോടുള്ള ഇദ്ദേഹത്തിന്റെ തീവ്രാഭിമുഖ്യം കൊണ്ടാണ്. ഈ സ്ഥാനത്തിരിക്കാന്‍ ഈ മാന്യന് ഒരു യോഗ്യതയുമില്ലെന്ന് തീവ്രവലതുവല്‍ക്കരണ വാദികള്‍ നിയന്ത്രിക്കുന്ന കേന്ദ്രമാനവശേഷി മന്ത്രാലയം പോലും അഭിപ്രായപ്പെട്ടിട്ടുള്ളതുമാണ്. 

പരിപാടി നടക്കുന്ന കോവളത്തെ ലീലാ ഹോട്ടലിനു മുന്നില്‍ തലേദിവസം മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധമേര്‍പ്പെടുത്തി യതിന്റെ പശ്ചാത്തലത്തില്‍, പ്രതിഷേധം ഭയന്ന് ഉമ്മനും റബ്ബും പരിപാടിയില്‍ നിന്ന് വിട്ടു നിന്നപ്പോള്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തെ പറ്റിയോ, സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റിയോ യാതൊരു യാഥാര്‍ത്ഥ്യ ബോധമോ പക്വതയോ ഇല്ലാത്ത ചാരുകസേര ബുദ്ധിജീവിയായ ശ്രീനിവാസന്‍ ഒരു ബ്യൂറോക്രറ്റിനു യോജിച്ച ധാര്‍ഷ്ട്യത്തോടെ ഉറക്കമൊഴിച്ചും ഭക്ഷണം കഴിക്കാതെയും സംഘടിച്ചു നിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ലീലാഹോട്ടലില്‍ അത്തരമൊരു അടിയന്തര മുണ്ടെങ്കില്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ അവിടേക്കു പോകേണ്ടതിനു പകരം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കയറി പ്രകോപനം സൃഷ്ടിക്കുകയാണ് ഈ മാന്യന്‍ ചെയ്തത്. പ്രകോപനപരമായി ഇദ്ദേഹം സംസാരിച്ചുവെന്നും പറഞ്ഞുകേള്‍ ക്കുന്നു. ആ നിലയ്ക്ക് അടി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. തങ്ങളുടെ മുന്നറിയിപ്പുകള്‍ തള്ളിയ അവിടെനിന്ന പോലീസുകാര്‍ക്ക് പോലും ഈ മാന്യനെ സംരക്ഷിക്കാന്‍ തോന്നിയില്ലെന്നതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. വിദ്യാര്‍ത്ഥികളെ നിഷ്ഠൂരം തല്ലിച്ചതക്കുന്ന കാര്യത്തില്‍ പോലീസാകട്ടെ ഒരു കുറവും വരുത്തിയതുമില്ല. 

വാസ്തവത്തില്‍, വെട്ടിലായത് സിപിഐ(എം) ആണ്. കോര്‍പ്പറേറ്റു കളെയും നവഉദാരവാദികളെയും കച്ചവടശക്തി കളെയും പ്രീണിപ്പിച്ചും തലോടിയും കോര്‍പ്പറേറ്റ് അജണ്ടയുമായി കടന്നുപോന്ന നവകേരള യാത്രയുടെ ശോഭ കെടുത്താന്‍ ഇതില്‍ പരമൊന്നും വേണ്ടിയിരുന്നില്ല. ശ്രീനിവാസനു കിട്ടിയ അടി നിമിത്തമാക്കി രാഷ്ട്രീയ വലതുപക്ഷവും കോര്‍പ്പറേറ്റ് ശക്തികളും ആഞ്ഞടിച്ചപ്പോള്‍ രാഷ്ട്രീയം കൈമോശം വന്ന സിപിഐ(എം) നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായി. ശ്രീനിവാസന്‍ പ്രതിനിധാനം ചെയ്യുന്ന നവ ഉദാര - കോര്‍പ്പറേറ്റ് നയങ്ങള്‍ ഉമ്മന്‍ ചാണ്ടിയെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ പ്രതിരോധത്തിലാകാതെ തരമില്ലല്ലോ.