"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

ജാതീയതയും ഭരണഘടനയും - നാമൂസ് പെരുവള്ളൂര്‍

                                                                           Courtesyഇന്ത്യയില്‍ 'പൊളിറ്റിക്കല്‍ ഇസ്ലാം' എന്നത് അങ്ങനെ ഒരു ഗ്രൂപ്പ് നിലനില്‍ക്കുമ്പോള്‍ മാത്രം സജീവമാകുന്നതാണെങ്കില്‍ 'അധികാര ഹിന്ദു' അങ്ങനെ ഒരു പൊളിറ്റിക്കല്‍ ഗ്രൂപ്പ് ഇല്ലെങ്കിലും ഇന്ത്യയില്‍ സജീവമായിരിക്കും എന്നതാണ് ചരിത്രാനുഭവം. 

കാരണം ഇന്ത്യന്‍ സാമൂഹ്യ വിഭജനത്തില്‍ ഒരു 'വിഭജനയന്ത്ര' മായി പ്രവര്‍ത്തിക്കുന്ന 'ശ്രേണീകൃത അസമത്വ'ത്തിന്റെ ഉള്ളടക്കം തന്നെ ഈ അധികാര ഹിന്ദുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. മനുഷ്യന്‍ എന്നതിന് മനുഷ്യന്‍ എന്ന ഒരു ഒറ്റ മൂല്യം കണക്കാക്ക പ്പെടുന്നതിന് പകരം ജാതികേന്ദ്രീകൃത മാനദണ്ഡങ്ങളിലൂടെ അനേകം മൂല്യങ്ങള്‍ കല്പിക്കപ്പെടുന്ന വിധത്തില്‍ അത് അതിഹീനമാം വിധം മനുഷ്യത്വവിരുദ്ധമാണ്. ഈ മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രമാണ് ഇന്ത്യയിലെ അധികാര ഹിന്ദുവിന്റെ പ്രയോഗമാതൃക നിശ്ചയിക്കുന്നത്. 

നിലവില്‍ അത് ജാതിയില്‍ ജനിക്കുക എന്ന നിഷ്‌കര്‍ഷക്കപ്പുറം സവര്‍ണ്ണജാതീബോധത്തെ ഉള്ളില്‍ വഹിക്കുക എന്ന തലത്തിലേക്ക് അദൃശ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് 'ഗ്രാംഷീയന്‍ വിശകലനം' പ്രസക്തമാകുന്നത്. 

പറഞ്ഞുവരുന്നത്, ഇന്ത്യയില്‍ അധികാര ഹിന്ദു എന്നത് ചരിത്രപരമായി തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെ അല്പമെങ്കിലും പ്രതിരോധിക്കുന്നത് ഭരണഘടനയിലെ 'മതേതരത്വം' ആണ്. അതെടുത്ത് കളയാമെന്നാണ് ഇപ്പോഴത്തെ സംഘാവശ്യം. ഈ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ അദൃശ്യത പൊഴിഞ്ഞ് പടം അഴിച്ച പാമ്പിന്റെ വേഗം ആര്‍ജ്ജിക്കുന്നത് കാണാം. 

ഭരണഘടനയിലെ സെക്കുലറിസത്തെ ആക്രമിക്കുന്ന സംഘപരി വാര രാഷ്ട്രീയം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് വര്‍ണ്ണശബ്ദങ്ങളുടെ സംസ്ഥാപനമാണ്. സൂക്ഷ്മതലത്തില്‍ അത് ഇന്ത്യന്‍ ജനാധി പത്യത്തെ തന്നെ ഇല്ലാതാക്കി കളയുന്ന ഒരു നീക്കമാണ്. 

എല്ലാവര്‍ക്കും ബാധകമായ ഒരു നിയമനിര്‍മ്മാണമെന്ന ആശയം പ്രത്യക്ഷത്തില്‍ തന്നെ ശ്രേണികൃതജാതിഹിന്ദുവിനെതിരാണ്. ജനാധിപത്യ ഇന്ത്യയില്‍ കേവലം 'ജാതിശരീര'ങ്ങളായ മനുഷ്യരെ പൗരര്‍ എന്ന കര്‍തൃത്വത്തിലേക്കുയര്‍ത്തി 'സമന്മാരില്‍ കൂടുതല്‍ സമന്മാര്‍' എന്ന ജാതി സൗകര്യത്തെയാണ് ഇല്ലാതാക്കിയത്. വര്‍ണ്ണാശ്രമത്തില്‍ അധികമായാല്‍ ജാതി ഭ്രഷ്ടിനപ്പുറം ശിക്ഷയില്ലാത്ത ബ്രാഹ്മണ്‍സിനെയടക്കം ഒരേ നിയമത്തിന് കീഴെ കൊണ്ടുവന്നു എന്നതാണ് 'മനുഷ്യന് ഒരു മൂല്യം' എന്ന ഭരണഘടനയിലെ മുഖ്യമായ ഒരുകാര്യം. ഇത് വര്‍ണ്ണാശ്രമ ഹിന്ദുവിനസഹ്യമായ കാര്യമാണ്. 

മറ്റൊരു സംഗതിയുള്ളത്, പതിനേഴാം വകുപ്പില്‍ പറയുന്ന 'അയിത്ത വിരുദ്ധ' നിലപാടാണ്. അന്നുവരെയും തുടര്‍ന്ന് പോന്ന അയിത്തം നിയമപരമായി നിരോധിക്കുകയും തുടരുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് നിര്‍ണ്ണയിക്കുകയും ചെയ്തു. ഇതും ജാതിഹിന്ദുവിനംഗീകരിക്കാനാകുന്ന ഒന്നല്ല. 

ന്യൂനപക്ഷാവകാശം / ജാതി സംവരണം തുടങ്ങിയവക്കക്കൊപ്പം രാജ്യവിഭവങ്ങള്‍ക്ക് മേല്‍ കീഴാളരും സ്വാഭാവിക അടിമകളു മായ അയിത്തജാതിക്കാര്‍ക്ക് ഭരണഘനാപരമായ അവകാശമു ണ്ടാകുന്നു. വിഭവങ്ങളില്‍ പങ്ക്കാരാകുന്നു. ഇത് സാമൂഹിക ബലങ്ങളിലെ ശ്രേണീവ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നാണ്. ചുരുക്കത്തില്‍ ഇന്ത്യന്‍ ഭരണഘടന ഈ 'സവര്‍ണ്ണ ഹൈന്ദവ മേല്‍ക്കോയ്മ'യെ പ്രതിരോധിക്കുന്നതാണ്. 

കീഴ്ത്തട്ടിലും മേല്‍ത്തട്ട് ബോധം 

കേവലാര്‍ത്ഥത്തിലുള്ള അനുകരണത്തില്‍ നിന്നും മേല്‍കീഴുബോധം പൈതൃകസംസ്‌കാരികതയുടെ തലത്തിലേക്ക് വികസിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന അംബേദ്ക്കറുടെ ബുദ്ധാശ്ലേഷണ സാഹചര്യത്തിലല്ല വര്‍ത്തമാന ദളിത്‌ബോധം. അത് കേവലമായ സവര്‍ണാനുകരണത്താല്‍ ഉപകരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇടത് - മതേതര - പുരോഗമന ചേരി പോലും അന്തംവിട്ടു നില്‍ക്കുന്ന അത്ര ആഴത്തിലും വേഗത്തിലും ഇത് പടര്‍ന്നുകൊ ണ്ടിരിക്കുന്നു എന്നതാണ് വസ്തുത. 

മറ്റെല്ലാ അസ്പൃശ്യതകളും നിലനില്‍ക്കുമ്പോഴും 'വിശാല ഹിന്ദു' എന്ന പരിവാര മുദ്രാവാക്യത്തില്‍ കഥ അറിയാതെ ആടിക്കൊ ണ്ടിരിക്കുകയാണ് ഈ കീഴ്ത്തട്ട് ജീവിതവും. 

ഇത് സൂചിപ്പിക്കുന്നത്, മേല്‍ത്തട്ടിന്റെ സാംസ്‌കാരിക മേല്‍ക്കോ യ്മ എത്രകണ്ട് ശക്തമാണ് എന്നാണ്. നാം ഇവിടെ ചര്‍ച്ച ചെയ്യുന്ന അധികാര ഹിന്ദുവിന്റെ മുഖ്യചാലകമായ ജാതി പ്രവര്‍ത്തിക്കുന്നതും സജേതനമാകുന്നതും ഈ സാംസ്‌കാരികത ക്കുള്ളിലാണ്. 

അത് തകര്‍ക്കപ്പെടേണ്ടതുണ്ട്. കൃത്യമായ സാംസ്‌കാരിക പ്രതിരോധത്തിലൂടെ ആണ് അത് സാധ്യമാകുന്നത് എന്ന കരുതുന്നു;

ഒന്ന് വികേന്ദ്രീകൃത പ്രതിരോധം
രണ്ട് കേന്ദ്രീകൃത പ്രതിരോധം

വികേന്ദ്രീകൃതപ്രതിരോധമെന്നാല്‍, രാജ്യത്തെ ബഹു - സ്വര വൈജാത്യ ങ്ങളെ അതിന്റെ സാംസ്‌കാരിക ഉള്ളടക്കത്തോടെ മുഖ്യധാരവല്‍ക്കരിക്കുക. തെളിച്ച് പറഞ്ഞാല്‍, എല്ലാത്തരം ഉപദേശീയതകളെയും ഔദ്യോഗികവല്‍ക്കരിക്കുക. അതുവഴി സവര്‍ണമേല്‍ക്കോയ്മയെയും അതിന്റെ സങ്കുചിത വാദത്തിലൂ ന്നിയ അക്രമാസക്തതയെ ചെറുക്കാനും സാസ്‌കാരിക തലത്തിലെ വിശാലജനാധിപത്യത്തെ മുന്‍പോട്ടുവെക്കാനുമാകുന്നു. 

കേന്ദ്രീകൃത പ്രതിരോധമെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്, ഇത്തരം സവര്‍ണബഹിഷ്‌കരണമോ അവര്‍ണ പുനരുദ്ധാനമോ അല്ലാത്ത തീര്‍ത്തും മതേതര - അതീത സാംസ്‌കാരികതയുടെ സജീവതയെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാധ്യമാക്കുന്ന വിധത്തിലുള്ള ഇടപെടല്‍ ആണ്. ഇതുകൂടുതല്‍ പഠനവും കരുതലും ആവശ്യപ്പെടുന്ന സംഗതിയാണ്. 

ഇത് രണ്ടുമല്ലാത്ത ഒരു വാദമുള്ളത് : സവര്‍ണസാംസ്‌കാരികത മുന്‍പോട്ടു വെക്കുന്ന അടയാളങ്ങളുടെ 'പവിത്രത' ഇല്ലാതാക്കുന്ന വിധം ഇതിനെ സാര്‍വത്രികമാക്കുക വഴി ബഹുജനങ്ങള്‍ എല്ലാവരും കൈകാര്യം ചെയ്ത് അതിന്റെ സ്വഭാവത്തെ നിര്‍വീര്യമാക്കുക എന്നതാണ്. യഥാര്‍ത്ഥത്തില്‍ ആ പവിത്രത അതിന്റെ മര്‍മ്മങ്ങളില്‍ യഥാസ്ഥിതി നിലനില്‍ക്കുകയും അടയാളങ്ങളുടെ സാര്‍വത്രികത ഈ ചിലവില്‍ സാധ്യമാക്കുക യുമാകും. വാസ്തവത്തില്‍, ഇതിന്റെ പ്രത്യാഘാതങ്ങള്‍പലതാണ്.

ഒന്ന് , സവര്‍ണ്ണ ചിഹ്നങ്ങളുടെ വ്യാപനം
രണ്ട് , പവിത്രതാസംരക്ഷണം
മൂന്ന് , ബഹുസ്വരതയുടെ സ്വാഭാവിക നിഷ്‌കാസനം
നാല് , സാംസ്‌കാരിക തലത്തിലെ സമ്പൂര്‍ണാധിപത്യം

നിലവില്‍, പ്രായോഗികവും സര്‍ഗ്ഗാത്മകവുമായ പ്രതിരോധ മെന്നത് 'വികേന്ദ്രീകൃത പ്രതിരോധ'മാണെന്നാണ് ഇന്ത്യന്‍ അനുഭവം. ഈ അര്‍ത്ഥത്തില്‍ സാംസ്‌കാരിക ഇടങ്ങളില്‍ ഇടപെടുക എന്നത് ചരിത്രത്തെ പോലും അതിന്റെ ആധിപത്യയുക്തിക്കനുഗുണമായ രീതിയില്‍ നിര്‍മ്മിച്ചെടുക്കുന്ന ഫാഷിസ്റ്റ് കാലത്ത് ആവശ്യവും ശ്രദ്ധേയവുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. 

*സഖാവ് മാസിക 2016 ജൂണ്‍ ലക്കം.
*ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും