"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

ജനകീയ അധികാരത്തിന്റെ പ്രസക്തി - ശശിക്കുട്ടന്‍ വാകത്താനം


വര്‍ഗ്ഗ സമരത്തെ കയ്യൊഴിഞ്ഞ ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് കമ്മൂണിസ്റ്റു പാര്‍ട്ടി എന്നു പറയാന്‍ കഴിയുക. എന്നിട്ടും സി പി ഐ യും സി പി ഐ(എം)ഉും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാ ണെന്നാണ് കമ്മ്യൂണിസ്റ്റു വിരുദ്ധന്മാരും കോര്‍പ്പറേറ്റ് മാധ്യമ ങ്ങളും വിശേഷിപ്പിക്കുന്നത്. ഇവരെ വിമര്‍ശിക്കുക വഴി കമ്മ്യൂണിസത്തെ ആക്രമിക്കുകയാണ് ചെയ്യുന്നത്. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നപ്പോള്‍ ആഘോഷിച്ചവര്‍ക്കുമുന്നില്‍ ചൈന സോഷ്യലിസ്റ്റു രാഷ്ട്രമായി അവതരിപ്പിക്കുകവഴി സ്വയം പരിഹാസ്യരാകുകയാണെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. സോഷ്യലിസത്തിന് ഒരു മാതൃക ചൂണ്ടിക്കാട്ടാന്‍ എന്തെങ്കിലും വേണംഎന്നതുകൊണ്ടാണ് ചൈനയെ ഇങ്ങനെ വിശേഷിപ്പി ക്കുന്നത്. 

34 വര്‍ഷം ബംഗാളില്‍ തുടര്‍ച്ചയായും കേരളത്തിലും ത്രിപുരയിലും മാറി മാറിയും അധികാരത്തില്‍ വരാന്‍ കഴിഞ്ഞപ്പോഴും ഒരു ബദല്‍ വികസന നയം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഗോളീകരണത്തിന്റെ തുടക്കത്തില്‍ നടപ്പിലാക്കിയ ഡി പി ഇ പി യും ജനകീയാസൂത്രണവും കേരളത്തിലെ സി പി എം ബുദ്ധിജീവികളുടെ തലയില്‍ ഉദിച്ചതാണെന്നു പ്രചരിപ്പിക്കുകയും അതിന്റെ മുന്‍പന്തിയില്‍ ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്ഥാപിക്കുകയും ചെയ്തു. (ഇതിന്റെയൊക്കെത്തന്നെ പേരില്‍ ഇന്ന് പരിഷത്ത് പ്രസക്ത മല്ലാത്തൊരു സംഘടനയല്ലാതായി മാറി) ഡി പി ഇ പിക്കു വേണ്ടി വാദിച്ചവരുടെ സഖാക്കളുടെയും അതിനുവേണ്ടി വിയര്‍പ്പൊഴുക്കിയവരുടെയും കുട്ടികളെ സി ബി എസ് ഇ, ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളുകളില്‍ അയച്ചു പഠിപ്പിക്കുകയും ചെയ്തു. അതിനു നിവര്‍ത്തിയില്ലാത്തവരുടെ കുട്ടികളെ 'അക്കുത്തിക്കുത്താനവരമ്പെ' കളിപ്പിച്ച് ശമ്പളം വാങ്ങി കൃത്യമായി സ്വകാര്യ മാനേജ്‌മെന്റുകളില്‍ ഏല്‍പ്പിച്ച് സായൂജ്യമടഞ്ഞു. നേതാക്കന്മാരും മന്ത്രിമാരും പള്ളി പ്രമാണി മാരില്‍നിന്നും സമുദാചാര്യന്മാരില്‍നിന്നും ലക്ഷങ്ങള്‍ തട്ടി. ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍വഴിയാണ് സമുദായങ്ങള്‍ ശക്തിപ്പെട്ടത്. ഈ ശക്തിപ്പെടലാണ് രാഷ്ട്രീയക്കാരെ വെല്ലുവിളിക്കാന്‍ മതങ്ങളെ പ്രേരിപ്പിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ ചോരപ്പുഴ ഒഴുകും എന്നു പറയാന്‍ ഇടുക്കി ബിഷപ്പിനുശക്തികൊടുത്തതും ഇന്നിപ്പോള്‍ സവര്‍ണനുവേണ്ടി പിന്നോക്കക്കാരെ കൂട്ടിക്കൊടുക്കാന്‍ വെള്ളാപ്പള്ളിയെ ശക്തിപ്പെടുത്തിയതും അവിഹിതമായ കൂട്ടുകെട്ടായിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍തന്നെയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുന്നണികളെ വെല്ലുവിളിച്ചുകൊണ്ട് സമത്വമുന്നണിയും ഹൈറേഞ്ച് സമിതിയും തുണി- അലൂമിനിയം പാത്രക്കച്ചവടക്കാരനും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പി ക്കാന്‍കഴിയുംവിധം തെരഞ്ഞെടുപ്പു രാഷ്ട്രീയം അധഃപ്പതിച്ചു കഴിഞ്ഞിരിക്കുന്നു.

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭരണസാരധ്യത്തെ സ്വപ്നംകണ്ട് രക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു രക്തസാക്ഷികളുടെമേല്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടിക്ക് തൊഴിലാളിവര്‍ഗ്ഗ സംസ്‌ക്കാരമെന്നാല്‍ റിയല്‍ എസ്റ്റേറ്റ് തൊഴിലാളികളും മാഫിയാകളും മദ്യക്കച്ചവട ക്കാരനും എന്‍ ജി ഒ യും കെ ജി ഒ എ യും അടങ്ങുന്ന വിഭാഗമാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുന്നതും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നതു മായ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന പദ്ധതി നിലവില്‍ വന്നതോടെ കര്‍ഷക തൊഴിലാളി എന്ന വിഭാഗം ഇല്ലാതാകു കയും മാഫിയാ സംസ്‌ക്കാരത്തിലേക്ക് കേരളത്തെ മാറ്റുകയും ചെയ്തു. കര്‍ഷക തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കര്‍ഷക തൊഴിലാളി പെന്‍ഷന്‍കൊണ്ടു തൃപ്തിപ്പെടുത്തുകയും ചെയ്തു.

1957 ല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കുമേല്‍ പൊട്ടിയ മുളകള്‍ക്ക് അധികമൊന്നും ആകാശത്തെ തൊടാന്‍ കഴിഞ്ഞില്ല. വികസന ത്തിന്റെ അടിസ്ഥാന മാത്രയായ ഭൂമിയെ വേണ്ടവിധത്തില്‍ വിതരണം നടത്താന്‍ കഴിയാതിരുന്നതുമൂലം മണ്ണില്‍ പണിയെടു ത്തവര്‍ക്ക് ഭൂമി ലഭിച്ചില്ല. അവര്‍ കോളനികളിലേക്കും പുറംപോക്കുകളിലേക്കും ആട്ടിപ്പായിച്ചു. പാട്ടക്കുടിയാന്‍ ഭൂമിയുടെ ഉടമകളായി. കേരളത്തിന്റെ ഭൂമിയുടെ മൂന്നിലൊന്നു വരുന്ന തോട്ടംമേഖലകളെ ഒഴിവാക്കിയിരുന്നു. അവിടെ ലയങ്ങളില്‍ പുഴുസമാനം ജീവിക്കുന്നവര്‍ക്കുവേണ്ടി ഒരു ചെറുവിരല്‍പോലും അനക്കിയില്ല. അന്നുമുതലുള്ള അസഹി ഷ്ണുതയാണ് പൊട്ടിപ്പുറപ്പെട്ടതായിരുന്നു മൂന്നാറിലെ സ്ത്രീസമരവും അതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ തോട്ടംമേഖലകളില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന സമരങ്ങളും.

ആധുനിക ജീവിതം നഗരകേന്ദ്രീകൃതമായതോടെ നഗരവും ഗ്രാമവും തമ്മിലുള്ള വേര്‍തിരിവ് കൃത്യമായിക്കഴിഞ്ഞിരിക്കുന്നു. ''ഇത് മൂലധനവും ഭൂസ്വത്തും തമ്മിലുള്ള വേര്‍തിരിവായി വീക്ഷിക്കാന്‍ കഴിയും. മൂലധനം ഭൂസ്വത്തിനെ ആശ്രയിക്കാതെ നിലനില്‍ക്കുകയും വികസിക്കുകയും ചെയ്യുന്നതിന്റെ ആരം ഭമായി, അദ്ധ്വാനത്തിലും വിനിമയത്തിലും മാത്രം അധിഷ്ഠി തമായ സ്വത്തിന്റെ ആരംഭമായി അതിനെ വീക്ഷിക്കാന്‍ കഴിയും''(മാര്‍ക്‌സ് എംഗല്‍സ്-തെരഞ്ഞെടുത്ത കൃതികള്‍-1) ഇത്തരത്തിലുള്ള നഗരങ്ങള്‍സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് ബി ജെ പിക്കു നഗരങ്ങളില്‍ വോട്ടു കൂടുതല്‍ നേടാന്‍ കഴിയുന്നത്. വിവിധ കോണുകളില്‍ ഉയര്‍ന്നു വരുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനെ പരാജയപ്പെടുത്താന്‍ മോദിയുടെയും ബിജെ പി യുടെയും വര്‍ഗ്ഗീയതയെ മാത്രം എതിര്‍ത്താല്‍ പോര. മോദി അധികാരത്തിലിരുന്നു നടപ്പിലാക്കുന്നത് മന്‍മോഹന്‍സിങ്ങ് നടപ്പിലാക്കിയ നയങ്ങള്‍ തന്നെയാണ്. ഇതില്‍നിന്നും വ്യത്യസ്ഥമായ നയങ്ങളൊന്നും മുന്നോട്ടുവയ്ക്കാന്‍ ഇവിടുത്തെ ഇടതുപക്ഷം എന്നു പറയുന്നവര്‍ക്കു കഴിയുന്നുമില്ല.

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ ജനവിരുദ്ധതയുടെ പേരിലാണ് ഇപ്പോള്‍ ഇടതുപക്ഷത്തിനു കുറെ സീറ്റു കിട്ടിയത്. ഇത് അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു സഹായം ചെയ്യും എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസിലുണ്ടായ പടലപ്പിണക്കമാണ് ഇത്രയും സീറ്റുകിട്ടിയ തെന്നു കാണാതെയും, ഇടതുപക്ഷത്തിലെ വലിയ വോട്ടുചോര്‍ച്ച യാണ് ബി ജെ പി യെ ശക്തിപ്പെടുത്തിയതിന്റെ ഒരു ഘടകം എന്നറിയാതെയും പോയാല്‍ 'മനുഷ്യന്‍ കുരങ്ങിലേക്കു' തന്നെയാവും തിരിച്ചുപോകുക. വര്‍ഗ്ഗീയത കേരളത്തില്‍ വിലപ്പോവുകയില്ലെന്ന് ആഗ്രഹംകൊണ്ടുപറയാമെങ്കിലും വര്‍ഗ്ഗീയതക്കെതിരെ ഡി വൈ എഫ് ഐ നടത്തുന്നതുപോലെ ബാലഗോകുലംകൊണ്ടാവില്ല. അതിന് യഥാര്‍ത്ഥ ഇടതുപക്ഷ ത്തിന്റെ ചങ്കുറപ്പും ആത്മാര്‍ത്ഥതയുംവേണം. ജാതിയെ ഇല്ലാതാക്കാന്‍ ഭൂമി ദേശസാല്‍ക്കരിക്കുകയും ജാതി ഉന്മൂലനത്തെ കെട്ടഴിച്ചുവിടുകയുംവേണം.

ഇടതുപക്ഷമെന്നു പറയുന്ന സി പി ഐ, സി പി എം, കോണ്‍ഗ്രസ്, ബി ജെ പി, ഇവര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ഒന്നുതന്നെയായിരിക്കുന്ന സാഹചര്യത്തില്‍ ഇവിടെ പ്രതിപക്ഷം ജനങ്ങളായിമാറിയിരിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന ഭരണവ്യവസ്ഥക്കെതിരെ പൊരുതാന്‍ ജനങ്ങളെ ശക്തമാക്കുന്ന രാഷ്ട്രീയത്തിനാണ് ഇനിയും ഇവിടെ പ്രസക്തി. ജനപക്ഷ വികസനത്തെ കാണാതെ കൊള്ള ക്കാരെ സംരക്ഷിക്കാനാണ് ജനപ്രതിനിധികള്‍ ശ്രമിക്കുന്നതെങ്കില്‍ അവരെ തിരിച്ചുവിളിക്കാന്‍ കഴിയുന്ന തെരഞ്ഞെടുപ്പു രാഷ്ട്രീയം നിലവില്‍ വരേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ ജനാധിപത്യം എന്ന വാക്കിന് അര്‍ത്ഥവും വ്യാപ്തിയും ഉണ്ടാകൂ.