"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 22, ബുധനാഴ്‌ച

ഇന്ത്യാസ് ഡോട്ടറും പശുവിറച്ചിയുടെ രാഷ്ട്രീയവും - ശശിക്കുട്ടന്‍ വാകത്താനം


ഇന്ത്യാമഹാരാജ്യത്തിന്റെ തലസ്ഥാനത്ത് ഒരു പെണ്‍കുട്ടി ബലാല്‍സംഘത്തിനു വിധേയമായി കൊലചെയ്യപ്പെടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയായ ലെസ്‌ലി ഉദ്‌വിന്‍ സംവിധാനം ചെയ്ത ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍)എന്ന ഡോക്കുമെന്ററിബി ബി സി സംപ്രേക്ഷണം ചെയ്തു. ഇതു പിന്നീട് നിരോധിച്ചു. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീക്കു സംഭവിക്കാവുന്ന ഏറ്റവും പൈശാചികമായ അവസ്ഥയാണ് ആ പെണ്‍കുട്ടിക്കു സംഭവിച്ചത്. ഇതിനു മുന്‍പ് 'സ്ലം ഡോഗ് മില്യനെയര്‍'എന്ന മറ്റൊരു ഡോക്കുമെന്ററി ചര്‍ച്ചയ്ക്കു വിധേയമാകുകയുണ്ടായി. ഇന്ത്യയിലെ കോടാനുകോടിവരുന്ന ദരിദ്ര ജനവിഭാഗങ്ങളുടെ നേര്‍ക്കാഴ്ച അവതരിപ്പിക്കുകവഴി ഇതും ചര്‍ച്ചചെയ്യപ്പെടു കയുണ്ടായി. സ്ത്രീകള്‍ക്ക് ഹിന്ദുത്വം സംഭാവനചെയ്യുന്ന അടിമത്തം ദളിതര്‍ക്കൊപ്പമാണ്. അവരെ എപ്പോള്‍ വേണമെ ങ്കിലും ഉപയോഗിക്കാനും കൊല്ലാനും വരെ സവര്‍ണര്‍ക്ക് അവകാശവും അധികാരവും ഉണ്ടായിരുന്നു. സവര്‍ണ്ണന്റെ ആധിപത്യത്തിനുവേണ്ടി ആരെയും ഇരയാക്കാമെന്നും അവര്‍ണ്ണനു സ്വത്തു സമ്പാദിക്കാന്‍ പാടില്ലെന്നുമുള്ള മനുസ്മൃതിയാണ് ഇവരുടെ സംരക്ഷണ കവചം.

പശു ഇറച്ചിയുടെ രാഷ്ട്രീയം
ബ്രാഹ്മണനു പശു ഇറച്ചി നിഷിദ്ധമായതുകൊണ്ട് ഇന്ത്യയില്‍ ആരും പശു ഇറച്ചി കഴിക്കാന്‍ പാടില്ല എന്ന തിട്ടൂരം ഇറക്കിക്കൊണ്ട് ദളിതനെ വേട്ടയാടുകയാണ് ആര്‍എസ്സ് എസ്സുകാരും ബി ജെ പി സര്‍ക്കാരും. പശു ബ്രാഹ്മണന്റെ ആരാധനാ മൂര്‍ത്തിയാണ്. അതുകൊണ്ട് അതിനെ കൊല്ലാന്‍ പാടില്ല എന്നു പറയുമ്പോള്‍ എന്നുമുതലാണ് ബ്രാഹ്മണന് പശു ഇറച്ചി നിഷിദ്ധമായതെന്നുകൂടി പറയേണ്ടേ. അതൊന്നും പറയാതെ യു പി യില്‍ ദാദ്രിയില്‍ ആട്ടിറച്ചി സൂക്ഷിച്ച മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊല്ലുകയാണുണ്ടായത്. പശുവിന്റെയോ കാളയുടെയോ ഇറച്ചി കൈവശം വെക്കുകയോ വില്‍ക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമുള്ള കുറ്റമാക്കുന്ന മഹാരാഷ്ട്ര മൃഗസംരക്ഷണ (ഭേദഗതി)ബില്ലിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിരക്കുപിടിച്ച് അംഗീകാരം നല്‍കിയിരിക്കുന്നു. 1996മുതല്‍ കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകഴിയുന്ന ഈ ബില്ലിന് അംഗീകാരം ലഭിച്ചത് മോദിയുടെ അധികാര കയ്യേറ്റത്തിലൂടെയും മോദിയുടെ ശിഷ്യനായ ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായതോടെയുമാണ്.

മാട്ടിറച്ചി ഉപയോഗത്തിന്റെ കാര്യത്തില്‍ ഒരു വര്‍ഗ്ഗപ്രശ്‌നവും ജാതിപ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ദളിത് പിന്നോക്ക ആദിവാസി ക്രിസ്ത്യന്‍ വിഭാഗങ്ങളും മാട്ടിറച്ചി കഴിക്കുന്നവരാണ്. ഹിന്ദുക്കള്‍ മാട്ടിറച്ചി കഴിക്കുമെന്ന് അടുത്തകാലത്ത് ലാലുപ്രസാദ് ജാദവ് പറയുകയുണ്ടായി. ഇറച്ചിയുടെ വിഷയം മാത്രമല്ലിത്. ഇന്ത്യയില്‍ നടക്കുന്ന തുകല്‍ വ്യസായത്തെയും ഇത് ബാധിക്കും. പ്രതിവര്‍ഷം 7.5 മില്യന്‍ ഡോളറിന്റെ തുകല്‍കയറ്റുമതിയാണ് ഇന്ത്യയില്‍ നടക്കുന്നത്. 2011 ല്‍ 5.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. തുകല്‍ വ്യവസായത്തില്‍ 2 മുതല്‍ 5 മില്യന്‍ പേര്‍ പണിയെടുക്കുന്നു. അവരില്‍ മുഴുവന്‍ പേരും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണ്. ചത്ത കന്നുകാലികളില്‍നിന്നും തോലെടുക്കുന്നവര്‍ 8 ലക്ഷംപേര്‍ വരും. അവരുടെ തൊഴില്‍ പോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിധം പ്രതിസന്ധി സൃഷ്ടിക്കുക യാണ് ബീഫ് നിരോധനത്തിലൂടെ.

സവര്‍ണ്ണരുടെ വേദഗ്രന്ഥങ്ങളെന്ന് അവര്‍ പറയുന്നതിലൊന്നും ഗോവധനിരോധനത്തെക്കുറിച്ചു പറയുന്നില്ലെന്നു മാത്രമല്ല, യാഗത്തിന് പശുവിനെ കൊല്ലുന്നതിനെക്കുറിച്ചും അതിന്റെ മാംസം ഭക്ഷിക്കുന്നതിനെക്കുറിച്ചും പറയുന്നുമുണ്ട്. വിവേകാ നന്ദനും രാജാറാം മോഹന്‍ റോയിയും ഗാന്ധിജിയും മാംസഭക്ഷണത്തിനെതിരായിരുന്നില്ല. ബീഫ് കഴിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വിവേകാന്ദന്‍ പറയുകയും ചെയ്തി ട്ടുണ്ട്. 

രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 90 ശതമാനവും ഹിന്ദുക്കളാ ണെന്ന ്‌ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ പറഞ്ഞിരുന്നു. പോത്തിറച്ചി കയറ്റുമതിചെയ്യുന്ന കമ്പനിയില്‍നിന്ന് ബി ജെ പി ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍(2014) കിട്ടിയത് രണ്ടരക്കോടി രൂപയാണ്. ഫ്രിഗോറി ഫിക്കോ അല്ലാനാ ലിമിറ്റഡ്, ഫ്രിഗോറിയോ കോണ്‍വേര്‍വ് അല്ലാനാ ലിമിറ്റഡ്, ഇന്‍ഡോര്‍ ഗോ ഫുഡ്‌സ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പണം കൊടുത്തത്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ബി ജെ പി കൊടുത്ത കണക്കില്‍ അവര്‍ക്ക് 437.35 കോടി സംഭാവന ലഭിച്ചു എന്നാണ റിയിച്ചത്. ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ സംഘപരിവാറും ആര്‍എസ്സ് എസ്സും ശിവസേനയും രംഗത്തെത്തിയപ്പോള്‍ കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഫ് കയറ്റുമതിയെ 'പിങ്ക് റവലൂഷന്‍' എന്നാണു വിശേഷിപ്പിച്ചത്.

ക്ഷേത്രപ്രവേശനവും ദളിത് വേട്ടയും 

സവര്‍ണ്ണാധിപത്യത്തിനെതിരെ ഇന്ത്യയിലെമ്പാടും നടന്ന ദളിതു മുന്നേറ്റം പൊതു ഇടങ്ങളില്‍ സഞ്ചരിക്കുന്നതിനും പൊതു കുളങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള വിലക്കുകളായിരുന്നു. പൊതു ടാപ്പില്‍നിന്നും കുടിവെള്ളം എടുക്കുന്നതിനുപോലും അവകാശം ഉണ്ടായിരുന്നില്ല. അക്ഷരം നിഷേധിച്ച ഭൂരിപക്ഷ ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ അവകാശം ഉണ്ടായിരുന്നില്ല. മനുഷ്യനെന്ന പരിഗണനപോലും കൊടുത്തിരുന്നില്ല. അവരെയാണിപ്പോള്‍ ഹിന്ദുക്കളെന്നപേരില്‍ അഭിസംബോധന ചെയ്തുകൊണ്ട് വോട്ടുരാഷ്ട്രീയത്തിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഇത് സവര്‍ണ്ണാധികാരത്തെസ്ഥാപിച്ചെടുക്കാനുള്ള ചെപ്പടിവിദ്യയാ ണന്ന് അധികമാര്‍ക്കും ബോധ്യംവരുന്നില്ലെന്നതാണ് അതിലെ പ്രധാന ദുരന്തവും. 

ഉത്തര്‍പ്രദേശില്‍ 90 വയസുള്ള ചിമ്മയെന്ന വൃദ്ധനെ ക്ഷേത്ര ത്തില്‍ കയറി എന്നതിന്റെ പേരില്‍ കോടാലികൊണ്ടു വെട്ടി ജീവനോടെ തീയിട്ടുകൊന്ന വാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരി ച്ചിരുന്നു. പൊതുടാപ്പില്‍നിന്നും വെള്ളമെടുക്കുമ്പോള്‍ സവര്‍ണ്ണ ന്റെ മേല്‍ ദളിതന്റെ നിഴല്‍വീണു എന്നതിന്റെ പേരില്‍ മധ്യപ്രദേശില്‍ ദളിതു വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. മിശ്രവിവാഹിതരെ ഹരിയാനയിലും ബംഗാളിലും കൊലപ്പെ ടുത്തിയ വാര്‍ത്തകള്‍ക്ക് അധികം പഴക്കമില്ല.


ഗുരുവായൂരില്‍ കൈമണിക്കാരനായ ബാബു ഹിന്ദുവായിരു ന്നെങ്കിലും പട്ടികജാതിക്കാരനായിരുന്നതിന്റെ പേരില്‍ അമ്പലത്തില്‍നിന്നും പുറത്താക്കുകയുണ്ടായി എന്ന വാര്‍ത്ത കേരളത്തില്‍ കുറേക്കാലം ചര്‍ച്ചചെയ്യുകയുണ്ടായി.