"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 15, ബുധനാഴ്‌ച

കോര്‍പ്പറേറ്റ് കാവി ഭീകരതയ്‌ക്കെതിരെ ജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍ ആഹ്വാനം2016 ജനുവരു 15 ന് ഡെല്‍ഹിയിലെ ഗാഡ്‌വാള്‍ ഭവനില്‍ ചേര്‍ന്ന DPF ന്റെ അഖിലേന്ത്യ കണ്‍വെന്‍ഷനില്‍ സിപിഐ (എംഎല്‍) റെഡ്സ്റ്റാര്‍, എംസിപിഐ(യു). ന്യൂ സോഷ്യലിസ്റ്റ് മൂവ്‌മെന്റ്, ഗുജറാത്ത് നവജനവാദി ലോകമഞ്ച് എന്‍ഡിപിഐ, സര്‍വോദയപ്രഭാത് പാര്‍ട്ടി, ജനജാഗ്രതിക് അഭിയാന്‍ എന്നീ സംഘടനകളില്‍ നിന്നുള്ള 325 പ്രതിനിധികള്‍ പങ്കെടുക്കുക യുണ്ടായി. 2012 നവംബറില്‍ അഹമ്മദാബാദ് ജനകീയ മാര്‍ച്ചിനും 2013 മാര്‍ച്ചിലെ ജന്തര്‍മന്ദറിലെ ജനകീയ പാര്‍ലമെന്റിനും ശേഷം ബിജെപി ഭരണത്തിനെതിരെ ഒരു ജനകീയ ബദലിന് ആഹ്വാനം ചെയ്തുകൊണ്ടു നടത്തിയ ഈ കണ്‍വെന്‍ഷന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഊര്‍ജ്ജിതമായി ക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും കാവി ഭീകരതയ്ക്കുമെതിരെ ദേശവ്യാപകമായ ഒരു ജനകീയ ബദല്‍ കെട്ടിപ്പടുക്കാന്‍ വിപ്ലവ ജനാധിപത്യ ശക്തികള്‍ക്ക് ആവേശം പകരുന്നതായി കണ്‍വെന്‍ഷന്‍. 

DPF ന്റെ ഏഴു ഘടകസംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് സഖാക്കള്‍ കെ. എന്‍ രാമചന്ദ്രന്‍ - സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍, കുല്‍ദിപ് സിംഗ് - എംസിപിഐ(യു), നിര്‍ജ്ഞരി - എന്‍എസ്എം, ആര്‍. കെ സിങ്ങ് - എല്‍ജെഎല്‍എം, അരുണ്‍ മാജി - എന്‍ഡിപിഐ, രാഘവ - സര്‍വോദയപ്രഭാത പാര്‍ട്ടി, ഒ. പി സിന്‍ഹ - ജെജെഎ തുടങ്ങിയവര്‍ അടങ്ങുന്ന പ്രസിഡീയ മാണ് ഉല്‍ഘാടന സമ്മേളനം നിയന്ത്രിച്ചത്. സഖാവ് ഉമാകാന്ത് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സ്വാഗതമാശംസിച്ചു. കൂടുതല്‍ വിപ്ലവ ജനാധിപത്യസംഘടനകളെ ഉള്‍പ്പെടുത്തി DPF ന്റെ പ്രക്ഷോഭവേദി വിപുലീകരിക്കാനും 12 ഇന പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ജനകീയ ബദല്‍ കൂടുതല്‍ മൂര്‍ത്തമായി മുന്നോട്ടുവെക്കാനും സമ്മേളനത്തില്‍ പ്രസംഗിച്ച വരെല്ലാം ആഹ്വാനം ചെയ്തു. 


സാമ്രാജ്യത്വ ആഗോളീകരണ - ഉദാരീകരണ - സ്വകാര്യവല്‍ക്കരണ നയങ്ങളെ പരാജയപ്പെടുത്തുക, ഐഎംഎഫ്, ലോകബാങ്ക്, ലോകവ്യാപാരസംഘടന, ബഹുരാഷ്ട്രകുത്തകകള്‍ എന്നിവയുടെ ആധിപത്യത്തെ ചെറുക്കുക; എല്ലാത്തരം വര്‍ഗീയതയെയും, വിശേഷിച്ച് ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ നിലകൊള്ളുക. കര്‍ഷക വിരുദ്ധ ഭൂമിയേറ്റെടുക്കല്‍ നിയമങ്ങളെ എതിര്‍ക്കുക കോര്‍പ്പറേറ്റ് ഭൂപ്രഭുശക്തികളില്‍ നിന്നും ഗ്രാമീണ ദരിദ്രരെയും ദരിദ്ര - പാര്‍ശ്വവല്‍കൃത കര്‍ഷകരെയും സംരക്ഷിക്കുക കൃഷിഭൂമി മണ്ണില്‍ പണയെടുക്കുന്നവര്‍ക്ക് എന്നതിന്റെ അടിസ്ഥാനത്തില്‍ പുരോഗമന ഭൂപരിഷ്‌കരണത്തിനായി പോരാടുക, സാര്‍വത്രികമായ പൊതുവിതരണ സംവിധാനം, ഭക്ഷ്യസുരക്ഷ, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, തൊഴില്‍ എന്നിവക്കായി പോരാടുക, തൊഴില്‍ രഹിതരായാ വര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം ഉറപ്പാക്കുക, തൊഴില്‍ മൗലീകാവകാശമാക്കുക, സമ്പദ്ഘടനയുടെ തന്ത്രപ്രധാന മേഖലകളും പ്രകൃതിവിഭവങ്ങളും പൊതുനിയന്ത്രണത്തിലാക്കുക, ഭരണഘടനയുടെ ആറാം പട്ടിക പ്രകാരം ആദിവാസി മേഖലകളില്‍ സ്വയം ഭരണ കൗണ്‍സിലുകള്‍ സ്ഥാപിക്കുക, ജാതി, മതം, ലിംഗം, ദേശീയത തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങളും മര്‍ദ്ദനങ്ങളും അവസാനിപ്പിക്കുക, എല്ലാ തലങ്ങളിലും സമത്വം ഉറപ്പാക്കുക, ജാതിരഹിത മതേതര സമൂഹത്തിനായി പോരാടുക, കരാര്‍ - ഭാഗിക തൊഴില്‍ വ്യവസ്ഥക്കെതിരെ പോരാടുക ആവശ്യാധിഷ്ഠിത മിനിമം കൂലിക്കായി പോരാടുക, തുല്യതൊഴിലിന് തുല്യകൂലി നടപ്പാക്കുക, തൊഴിലാളി വര്‍ഗ്ഗത്തിന് തൊഴില്‍ സുരക്ഷയും ജനാധിപത്യട്രേഡ് യൂണിയന്‍ അവകാശങ്ങളും നടപ്പാക്കുക, വിദേശ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലെ കള്ളപ്പണം പിടിച്ചെടു ക്കുക, സമ്പത്തിന് പരിധി ഏര്‍പ്പെടുത്തുക, സായുധസേന പ്രത്യേക അധികാര നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം തുടങ്ങിയ കരിനിയമങ്ങള്‍ റദ്ദു ചെയ്യുക, ജനകീയ പ്രശ്‌നങ്ങളിലെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക അയല്‍രാജ്യങ്ങളോടുള്ള വല്യേട്ടന്‍ മനോഭാവം അവസാനിപ്പിച്ച് അയല്‍ രാജ്യങ്ങളുമായി സൗഹൃദബന്ധം സ്ഥാപിക്കുക, സൈനിക ചെലവുകള്‍ വെട്ടിക്കു റക്കുക, ജനങ്ങളുടെ ആവാസവ്യവസ്ഥക്കും ഉപജീവനത്തിനും ഭീഷണിയായിട്ടുള്ള പരിസ്ഥിതി വിനാശത്തിനും കാരണമായ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പ്പറേറ്റ് വികസന നയങ്ങള്‍ രദ്ദു ചെയ്യുക എന്നിവ അടങ്ങുന്നതാണ് DPF ന്റെ പൊതുമിനിമം പരിപാടി. കണ്‍വെന്‍ഷനില്‍ ഉയര്‍ന്ന നിര്‍ദ്ദേശ ങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഇതു സമ്പുഷ്ടമാക്കാനും തീരുമാനിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസീഡിയം മുന്നോട്ടു വെച്ച ഭാവി പരിപാടിയെ അടിസ്ഥാനപ്പെടുത്തി യോജിക്കാവുന്ന മുഴുവന്‍ പ്രസ്ഥാനങ്ങളും ശക്തികളുമായും ഐക്യപ്പെട്ട് DPF ന്റെ ബാനറില്‍ സംസ്ഥാന തല കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനമായി. ഇതിന്റെ തുടര്‍ച്ചയായി ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമിടുന്ന നവംബര്‍ 7 ന് ഡെല്‍ഹിയില്‍ DPF ന്റെ ബാനറില്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. വര്‍ത്തമാന ദേശീയ - സാര്‍വദേശീയ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് - കാവിഭരണത്തി നെതിരെ ജനകീയ ബദല്‍ കെട്ടിപ്പടുക്കാനും സോഷ്യലിസത്തിലേക്കു മുന്നേറാനും ആഹ്വാനം ചെയ്യുന്നതായിരിക്കും റാലി. പ്രസീഡിയം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളെല്ലാം പ്രതിനിധികള്‍ കരഘോഷ ത്തോടെ പാസ്സാക്കി. 

സഖാക്കള്‍ അര്‍ജ്ജുന്‍ പ്രസാദ് (പിഡിഎഫ്‌ഐ), ഓംകാര്‍ മിത്തല്‍ (ഭാരതീയ ന്യായമഞ്ച്), രജീന്ദര്‍സിങ്ങ് (ആന്റിന്യൂക്ലിയര്‍ ഫോറം), ഭാസകര്‍ റാവു (ഒപിഡിആര്‍), ബ്രിജ് ബിഹാരി (ജാതി ഉന്മൂലന പ്രസ്ഥാനം), പി. ജെ ജയിംസ് (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി), ശിവറാം (ചേരി നിവാസി പ്രസ്ഥാനം), ഉര്‍മ്മിള (വിപ്ലവ വനിത സംഘടന), സിബി സിങ്ങ് (ജനജാഗ്രതിക് അഭിയാന്‍) തുടങ്ങിയവര്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജെഎന്‍യു അടക്കം വിവിധ സര്‍വ കലാശാല കളില്‍ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ജാതിമര്‍ദ്ദനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ രോഹിത് വെമൂലക്കും പോരാടുന്ന തൊഴിലാളികള്‍ക്കും കര്‍ഷക ജനതക്കും സ്ത്രീകള്‍ക്കുമെല്ലാം കണ്‍വെന്‍ഷന്‍ അഭിവാദ്യവും ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു. സിപിഐ(എംഎല്‍) റെഡ് സ്റ്റാര്‍ ഡെല്‍ഹി സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി വിമല്‍ കണ്‍വെന്‍ഷന് നന്ദി പ്രകാശിപ്പിച്ചു. മുന്‍ വര്‍ഷങ്ങളിലെ കൂടിച്ചേരലുകളുടെ തുടര്‍ച്ചയെന്നോണം വ്യക്തമായ രാഷ്ട്രീയ ദിശാബോധവും ആവേശവും കണ്‍വെന്‍ഷനില്‍ പ്രകടമായി.

*സഖാവ് മാസിക 2016 ഏപ്രില്‍ ലക്കം