"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 24, വെള്ളിയാഴ്‌ച

എണ്ണവില യിലെ ക്രി മിനല്‍ ഗൂഢാലോ ചനയും കോര്‍പ്പ റേറ്റ് രാഷ്ട്രീയ വും - പി. ജെ ജെയിംസ്പെട്രോളിയം വില നിര്‍ണ്ണയിക്കുന്നത് ലോകത്തെ നിയന്ത്രിക്കുന്ന ഏതാനും ധനപ്രഭുക്കന്മാരുടെ ''ക്രിമിനല്‍ ഗൂഢാേലോചന'' യാണെന്ന് ചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയത് 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലെനിനാണ്. അന്ന് ലോക എണ്ണ സ്രോതസ്സുകളെയും വിപണിയെയും നിയന്ത്രിച്ചുകൊണ്ട് ഏറ്റവും വലിയ അന്താരാഷ്ട്ര കുത്തകയായി മാറിയ സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ സ്ഥാപകനായ ജോണ്‍ റോക്‌ഫെല്ലറെ ഒരു ''അന്താരാഷ്ട്ര ചിലന്തി'' യായി ചിത്രീകരിച്ചുകൊണ്ടാണ് ലെനിന്‍ ഇക്കാര്യം വിശദമാ ക്കിയത്. ഇന്ന്, ഒരു നൂറ്റാണ്ടിനുശേഷവും ജനങ്ങള്‍ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനയാണ് എണ്ണവില നിര്‍ണയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യയിലെ എണ്ണവില നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും. റിലയന്‍സും എസ്സാറും മറ്റും പോലുള്ള ഒരു പിടി കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി, അവര്‍ക്കു തീവെട്ടിക്കൊള്ള നടത്താന്‍ കോര്‍പ്പറേറ്റ് ദാസ്യവേല ചെയ്യുന്ന മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നെറികെട്ട ജനവഞ്ചനയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോള്‍ - ഡീസല്‍ വിലകളിലൂടെ പ്രകടമാകുന്നത്. ഇപ്പോള്‍ കൃത്രിമമായ ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്ന എണ്ണ വിലയിലൂടെ മോദി സര്‍ക്കാര്‍ 2ലക്ഷം കോടിയിലേറെ രൂപയാണ് ജനങ്ങളില്‍ നിന്നും അധികമായി കവര്‍ന്നെടുക്കുന്നതെങ്കില്‍, റിലയന്‍സ് (അംബാനി) പോലുള്ള എണ്ണക്കമ്പനികള്‍ ജനങ്ങളില്‍ നിന്നും അടിച്ചെടുക്കു ന്നതിന് കൃത്യമായ കണക്കുകളില്ല.

നെഹ്രുവിയന്‍ നയങ്ങളിലൂടെ 1970 കളുടെ അവസാനമാകുമ്പോള്‍ എണ്ണ പ്രകൃതി വാതക കമ്മീഷന്റെയും മറ്റും നേതൃത്വത്തില്‍ രാജ്യത്തിനാവശ്യമായ പെട്രോളിയത്തിന്റെ 70 ശതമാനവും ആഭ്യന്തരമായി കണ്ടെത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ മന്‍മോഹന്റെ നേതൃത്വത്തില്‍ നവഉദാരനയങ്ങള്‍ ആവിഷ്‌ക്കരിക്കപ്പെട്ടതോടെ രാജ്യത്തിനാവശ്യമുള്ള എണ്ണയുടെ 70 ശതമാനത്തിലേറെ പുറം വിപണിയെ ആശ്രയിച്ചുകൊണ്ടു കഴിയേണ്ട സ്ഥിതിയിലേക്കു മാറി. ഇതിനിടെ നവഉദാരീകരണ നയങ്ങള്‍ കെട്ടഴിച്ചു വിട്ട ഊഹപ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകയായ അംബാനി ലോകത്തെ തന്നെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ കൃഷ്ണ - ഗോദാവരി തടം കൈപ്പിടിയിലൊതു ക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രൂഡോയില്‍ വില നിരന്തരമായി ഉയര്‍ന്നുകൊണ്ടിരുന്ന ഘട്ടത്തിലായിരുന്നു, പ്രത്യേകിച്ചും വാജ്‌പേയ്, മന്‍മോഹന്‍ ഭരണകാലത്ത് റിലയന്‍സും എസ്സാറുമെല്ലാം ഇപ്രകാരം ഇന്ത്യന്‍ എണ്ണ വിഭവങ്ങള്‍ പിടിയിലൊതുക്കിയത്. ഇന്ത്യയിലാണെങ്കില്‍ എണ്ണ ശുദ്ധീകരണച്ചെലവ് രാജ്യാന്തര ചെലവുകളെക്കാള്‍ വളരെ കുറവാണുതാനും. തന്നിമിത്തം അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയുടെ അടിസ്ഥാനത്തിലായിരിക്കണം, മറിച്ച് ആഭ്യന്തര എണ്ണ സംസ്‌കരണത്തിന്റെ അടിസ്ഥാനനത്തിലായിരിക്കരുത്, ഇന്ത്യയിലെ പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിര്‍ണ്ണയിക്കേണ്ടത് എന്ന ആവശ്യവും കുത്തകകള്‍ മുന്നോട്ട് വച്ചു. ഇതിന്‍ പ്രകാരമാണ് നെഹ്രുവിയന്‍ കാലം മുതല്‍ ഇന്ത്യയില്‍ നില നിന്നു പോന്ന എണ്ണ വില നിയന്ത്രണ സംവിധാനം (Administered Price Mechanism - APM) എടുത്തു കളയുന്ന ദിശയില്‍ വാജ്‌പേയ് - മന്‍മോഹന്‍ സര്‍ക്കാരുകളുടെ കാലത്ത് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. അന്താരാഷ്ട്ര എണ്ണ വില വര്‍ദ്ധിക്കുന്നതിന് ആനുപാതികമായും അതില്‍ കൂടുതലും ഇന്ത്യയിലെ പെട്രോള്‍ വിലകള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. എന്നാല്‍, ആ മന്‍മോഹന്‍സിങ്ങിനെ പോലും കടത്തിവെട്ടി ഡീസല്‍ വില നിര്‍ണ്ണയത്തിലേക്കുകൂടി വില നിയന്ത്രണ സംവിധാനം റദ്ദാക്കല്‍ നയം വ്യാപിപ്പിക്കുകയും അന്താരാഷ്ട്ര ക്രൂഡോയില്‍ വില കുത്തനെ ഇടിയുന്ന സന്ദര്‍ഭ ത്തില്‍ അതിന്റെ ഗുണമൊന്നും ജനങ്ങള്‍ക്കു കൈമാറാതെ തന്നെ അധികാരത്തിലെത്തിച്ച കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഇന്ത്യയിലെ പെട്രോളിയം ഉല്പ ന്നങ്ങളുടെ വിലകള്‍ കൃത്രിമമായി ഉയര്‍ത്തിനിര്‍ത്തുകയും ചെയ്യുന്ന ജനദ്രോഹ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. 

കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരും ഇപ്പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരും കോര്‍പ്പറേറ്റുകളെ സേവിക്കാന്‍ മത്സരിച്ചതില്‍ ഹിന്ദുത്വം കൂടി ഫലപ്രദമായി ഉപയോഗിച്ച് ബിജെപി നേട്ടമുണ്ടാക്കിയതിന്റെ പരിണതിയാ ണല്ലോ മോദി ഭരണം. ഇതുമായി ബന്ധപ്പെട്ട കൊടിയ ജനവഞ്ചനയില്‍, കൊളോണിയല്‍ വിരുദ്ധ സമരകാലത്തുപോലും സാമ്രാജ്യത്വത്തിനു പാദസേവ ചെയ്ത നെറികെട്ട പാരമ്പര്യം പേറുന്ന ആര്‍എസ്എസ് നയിക്കുന്ന ഇന്ത്യന്‍ ഭരണം, ഒന്നര വര്‍ഷംകൊണ്ട് അരനൂറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനെ പോലും കടത്തിവെട്ടിയിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ഇന്നിപ്പോള്‍ ഇന്ത്യയിലെ എണ്ണവിലയുടെ കാര്യത്തില്‍ കോര്‍പ്പറേറ്റുകളുമായി മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ക്രിമിനല്‍ ഗൂഢാലോചന. അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വിലയുടെ ഏറ്റിറക്കങ്ങള്‍ക്ക് ആനുപാതികമായി ഇന്ത്യയിലെയും എണ്ണ വില കൂടിയും കുറഞ്ഞും ഇരിക്കുമെന്നും കോട്ടത്തോടൊപ്പം നേട്ടവും ജനങ്ങള്‍ക്കുണ്ടാകുമെന്നും കോര്‍പ്പറേറ്റ് വക്താക്കളും നവഉദാര ബുദ്ധിജീവികളും സര്‍വോപരി സര്‍ക്കാരും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയായി രുന്നു. അപ്രകാരം വിലനിയന്ത്രണ സംവിധാനം എടുത്തുകളയു കയും അന്താരാഷ്ട്ര ക്രൂഡോയില്‍ വില ഉയര്‍ന്നുകൊണ്ടിരുന്ന കാലമത്രയും ഇറക്കുമതി ചെയ്യുന്ന എണ്ണക്കുമാത്രമല്ല, ആഭ്യന്തരമായി കുറഞ്ഞചെലവില്‍ ഉല്പാദിപ്പിക്കുന്ന എണ്ണക്കും അമിത വിലചുമത്തി കോര്‍പ്പറേറ്റുകളും കുത്തകകമ്പനികളും കൊള്ള നടത്തി. ഒട്ടുമിക്കപ്പോഴും റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും സമ്മര്‍ദ്ദഫലമായിട്ടായിരുന്നു പൊതുമേഖലാ എണ്ണക്കമ്പനികളും വില വര്‍ദ്ധിപ്പിച്ചുകൊ ണ്ടിരുന്നത്. അന്നൊക്കെ, ഈ ജനവിരുദ്ധ നീക്കത്തെ എതിര്‍ത്തവരോട് മന്‍മോഹന്‍ സര്‍ക്കാരും തുടര്‍ന്നു വന്ന മോദി സര്‍ക്കാരും പറഞ്ഞത് ആഗോള എണ്ണ വില കുറയുമ്പോള്‍ നേട്ടം ഉപഭോക്താക്കള്‍ക്കു കൈമാറുമെന്നായിരുന്നു. 

മോദി അധികാരമേറ്റെടുത്ത 2014 മധ്യത്തില്‍ അന്താരാഷ്ട്ര ക്രൂഡോയില്‍ വില ബാരലിന് (വീപ്പക്ക്) 115 ഡോളറായിരുന്നു. 2008 മധ്യത്തില്‍ അത് 147 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മന്‍മോഹന്റെ എണ്ണ വില നയത്തെ എതിര്‍ത്ത് കയ്യടി വാങ്ങിയിരുന്ന മോദി പ്രധാനമന്ത്രി പദമേറ്റതോടെ ഇക്കാര്യത്തെപ്പറ്റി ഒരക്ഷരം പറയാതെ മുന്‍സര്‍ക്കാരിന്റെ നയം മുറതെറ്റാതെ തുടര്‍ന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയെന്താണ്? ഈ കുറിപ്പെഴുതുമ്പോള്‍ (2015 ഡിസംബര്‍ 23) അന്താരാഷ്ട്ര ക്രൂഡോയില്‍ വില 2014 ജൂണിലെ 115 ഡോളറില്‍ നിന്നും 34 ഡോളറായി കൂപ്പുകുത്തിയിരിക്കുന്നു. ഇനിയും അതിടിയുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. നിരവധി കാരണങ്ങളാണ് ഇതിനു പിന്നില്‍. ഒന്നാമത്തേത് അതീവ ഗുരുതരമായ ലോക സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഉല്പാദ നത്തിലും വിനിമയത്തിലും ഉപഭോഗത്തിലും ഉണ്ടായിട്ടുള്ള തകര്‍ച്ച എണ്ണയുടെ ആവശ്യത്തിലുണ്ടാക്കിയിട്ടുള്ള സമാനതക ളില്ലാത്ത ഇടിവുതന്നെയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടത് ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികളായ അമേരിക്കയുടെയും ചൈനയുടെയും എണ്ണ ഉപഭോഗത്തിലുണ്ടായ ഇടിവുതന്നെയാണ്. രണ്ടാമതായി, പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക പകുതിയിലധികമായി കുറച്ചിരിക്കുന്നു. ഇതിനൊരു കാരണം അമേരിക്ക അതിനാവശ്യമുള്ള എണ്ണയുടെ 60 ശതമാനത്തോളം ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്നു എന്നതാണ്. 2005 - ല്‍ ആവശ്യമുള്ള എണ്ണയുടെ 60 ശതമാനവും അമേരിക്ക ഇറക്കുമതി ചെയ്യുകയായിരുന്നു. മൂന്നാമത്തെ കാരണം പാശ്ചാത്യരാജ്യങ്ങള്‍, വിശേഷിച്ചും യൂറോപ്പ്, ആധുനികസാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ഫലമായി എണ്ണ ഉപഭോഗം കുറഞ്ഞ, ഇന്ധനക്ഷമതയുടെ വാഹനങ്ങളുടെ ഉല്പാദനത്തിലേക്കു തിരിഞ്ഞതാണ്. ജപ്പാനടക്കമുള്ള രാജ്യങ്ങളിലും ഈ പ്രവണത പ്രകടമാണ്. 

എണ്ണ വിലയിടിയുമ്പോള്‍ മുമ്പുണ്ടായിരുന്ന രീതി എണ്ണയുല്പാ ദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ഇടപെട്ട് ഉല്പാദനം കുറക്കുകയെന്നതായിരുന്നു. എന്നാല്‍ വിലയിടിവു തുടരുന്ന സാഹചര്യത്തില്‍ എങ്ങനെയും വരുമാനം പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ ഉല്പാദിപ്പിക്കുക എന്ന തന്ത്രമാണ് രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. എണ്ണയെ മാത്രം ആശ്രയിച്ച് സമ്പദ്ഘടന കെട്ടിപ്പടുത്തിട്ടുള്ള പല രാജ്യങ്ങള്‍ക്കും പ്രത്യേകിച്ച് ഇറാന്‍, ഇറാഖ്, ലിബിയ, അള്‍ജീരിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. എണ്ണ കയറ്റുമതിയിലൂടെ പ്രധാന വരുമാനം കണ്ടെത്തിയിരുന്ന റഷ്യയെ പാഠം പഠിപ്പിക്കുന്നതിന് ഒപെക് രാജ്യങ്ങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദവും എണ്ണയുല്പാദനം കുറക്കാതിരിക്കു ന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണയുല്പാദകനായ സൗദി അറേബ്യ ഇക്കാര്യത്തില്‍ അമേരിക്കയുടെ താളത്തിനു തുള്ളുന്നുവെന്ന ആരോപണവുമുണ്ട്. 

ഇപ്രകാരമുള്ള നിരവധി ഘടകങ്ങള്‍ നിമിത്തം ആഗോള ക്രൂഡോയില്‍ വില വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആ എണ്ണ വിലക്കുറവിന്റെ ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നത് അത്ഭുതകരമാണ്. അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നു നിന്നപ്പോള്‍ മന്‍മോഹന്‍ സര്‍ക്കാരിനെക്കാള്‍ ചുമതലാബോധത്തോടെ ഒട്ടും അമാന്തിച്ചു നില്‍ക്കാതെ ആഭ്യന്തര പെട്രോള്‍ - ഡീസല്‍വിലകള്‍ വര്‍ദ്ധിപ്പിച്ച് ഭാരം ജനങ്ങള്‍ക്കു മേല്‍ കയറ്റിവെച്ച് കോര്‍പ്പ റേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിച്ചുകൊടുത്ത മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര ക്രൂഡോയില്‍ വില സര്‍വകാല റെക്കോഡു ഭേദിച്ച് 34 രൂപയിലേക്ക് കൂപ്പു കുത്തുമ്പോള്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍ - ഡീസല്‍ വിലകള്‍ കുറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും കുത്തകകളെ സേവിക്കുകയുമാണ്. എണ്ണയുടെ ആഭ്യന്തര വിപണിയില്‍ നിന്നും എക്‌സൈസ് നികുതിയിലൂടെ മാത്രം അടുത്തവര്‍ഷം രണ്ടു ലക്ഷം കോടി രൂപ പ്രതിവര്‍ഷം സമാഹരിക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതായത് അന്താരാഷ്ട്ര എണ്ണ വിലക്കുറവ് മുതലാക്കി ആഭ്യന്തര നികുതികള്‍ വര്‍ദ്ധിപ്പിച്ച് മുമ്പു പറഞ്ഞിരുന്ന ഗീര്‍വാണ പ്രഖ്യാപനങ്ങള്‍ മറന്ന മട്ടിലാണ് ഇപ്പോള്‍ മോദി പ്രവര്‍ത്തി ക്കുന്നത്. ചെറിയൊരു താരതമ്യം മാത്രം നോക്കിയാല്‍ ഇപ്പോഴത്തെ പെട്രോള്‍ വിലയുടെ ഭീകരത മനസ്സിലാകും. മുമ്പു സൂചിപ്പിച്ചതുപോലെ 2008 മദ്ധ്യത്തില്‍ (ജൂണ്‍, ജൂലൈ) ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വില വീപ്പക്ക് 147 ഡോളറായി രുന്നു. ഇന്നത് 34 ഡോളര്‍. 2008 - ല്‍ പെട്രോള്‍ ലിറ്ററിന് 50.62 രൂപയും ഡീസലിന് 34.60 രൂപയുമായിരുന്നു ഇന്ത്യയിലെ ആഭ്യന്തരവിലകള്‍. ഇന്നാകട്ടെ പെട്രോളിന്റെ വില 61.06 രൂപയും ഡീസലിന്റെത് 46.80 രൂപയുമാണ്. അതായത് അന്താരാഷ്ട്രക്രൂഡോയില്‍ വില നാലിലൊന്നായി ഇടിഞ്ഞപ്പോള്‍ ആഭ്യന്തര എണ്ണ വില വര്‍ദ്ധിച്ചിരിക്കുന്ന ഭീതിജനകമായ സ്ഥിതി ആണ് ഉണ്ടായിരിക്കുന്നത്. എണ്ണ കമ്പനികളും ഭരിക്കുന്നവരുമാണ് ഇതിന്റെ നേട്ടം കൊയ്യുന്നത്. എന്നുവെച്ചാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നികുതികള്‍ ഒഴിവാക്കിയാല്‍ എണ്ണ കുത്തകകള്‍ നിലവില്‍ എടുത്തുപോകുന്ന ലാഭം നിലനിര്‍ത്തി യാല്‍ പോലും പെട്രോള്‍ ലിറ്റിന് 20 രൂപക്കും ഡീസല്‍ 15 രൂപക്കും ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കാവുന്ന സന്ദര്‍ഭമാണ് ഇപ്പോഴത്തേത്.

വിവിധ നികുതികള്‍ പ്രകാരം 40 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ആഭ്യന്തര വിലയില്‍ കൂടുതലായി ചുമത്ത പ്പെടുന്നത്. ലിറ്ററിന് 20 രൂപക്കു കൊടുക്കാവുന്ന പെട്രോളിന്റെ മേല്‍ 19.36 രൂപ എക്‌സൈസ് ഡ്യൂട്ടി, 12.10 രൂപ വാറ്റ്, വിതരണകമ്പനികള്‍ക്ക് 3.29 രൂപ, മറ്റു പലവക ഡ്യൂട്ടികള്‍ എന്നിവയെല്ലാം ചേര്‍ത്താണ് പൊതുവിപണിയില്‍ ലിറ്ററിന് 60 രൂപയിലധികമാക്കാന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിരി ക്കുന്നത്. പെട്രോളിന്റെ മേല്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് വില കൂട്ടിയ മന്‍മോഹന്‍ സിങ്ങിനെതിരെ പാര്‍ലമെന്റിനകത്ത് മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ നേതൃത്വത്തില്‍ അതിനുപുറത്തും കാമ്പയിനുകള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പ്രധാന മന്ത്രിയാകുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് ഡ്യൂട്ടി കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് 19.36 രൂപയാക്കി മോദി ഉയര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ മോദി അധികാരത്തി ലെത്തുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 3.65 രൂപയായിരുന്നു എക്‌സൈസ്ഡ്യൂട്ടി. ഒന്നര വര്‍ഷം കൊണ്ട് അത് 11.83 രൂപയാക്കി. ഇതിനു കാരണമായി മോദി പറയുന്ന നീതീകരണം വിചിത്രമാണ്. മുന്‍കാലത്ത് സബ്‌സിഡികൊടുത്തതുവഴി ഉണ്ടായ നഷ്ടം നികത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലപോലും. അവശേഷിക്കുന്ന ചോരകൂടി ഊറ്റി എടുക്കുമെന്ന് സാരം. പരമദരിദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും എണ്ണശേഖരങ്ങളി ല്ലാത്തതുമായ ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളും ഇതര ദരിദ്ര രാജ്യങ്ങളും പരിശോധിച്ചാല്‍ ഇന്ധനവില ഏറ്റവും അധികം ഉയര്‍ന്നു നില്‍ക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കാണാം. ഇന്ത്യയിലെ എണ്ണ വില നിയന്ത്രണ സംവിധാനം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര എനര്‍ജി കമ്മീഷന് പരാതിയുമായി പോയ ദേശവിരുദ്ധരായ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ തനിനിറം മനസ്സിലാക്കാന്‍ എണ്ണയുടെ രാഷ്ട്രീയം പഠിക്കുന്നത് വളരെയേറെ സഹായിക്കും. 

അതേസമയം അന്താരാഷ്ട്ര എണ്ണ വിലകള്‍ തകരുന്ന മുറക്ക് ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മ്മാണ മേഖലയടക്കം മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലേക്കു നീങ്ങുന്നതും 25 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ തൊഴില്‍ രാഹിത്യത്തിന്റെ കരിനിഴലില്‍ പെട്ടിരിക്കുന്നതും കേരളം പോലുള്ള പ്രദേശങ്ങളെ എങ്ങനെയാണു ബാധിക്കുകയെ ന്നത് ഗൗരവതരമായ പരിശോധന ആവശ്യപ്പെടുന്ന വിഷയമാണ്. ഒരു ഭാഗത്ത് ആഗോള ക്രൂഡോയില്‍ വിലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവാസികളും അതുവഴി കേരളീയ സമൂഹവും നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ക്കൊപ്പം ഈ വിലയിടി വിനെ വലിയൊരു തീവെട്ടിക്കൊള്ളക്ക് ഉപാധിയാക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ ജനങ്ങള്‍ക്കെതിരായ കടന്നാക്രമണവും വഞ്ചനയും പരസ്പര ബന്ധിതമായ പരിശോധന ആവശ്യപ്പെ ടുന്നുണ്ട്. 

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത (ജനുവരി 1: 2016) പാചകവാതക സിലിണ്ടറിന് 71 രൂപ വര്‍ദ്ധിപ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റ് അംബാനിയോടുള്ള കൂറ് പുതുവല്‍സരാരംഭത്തില്‍ മോദി ആവര്‍ത്തിച്ച് ഉറപ്പിച്ചിരിക്കുന്നു.