"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ പ്രവണതകള്‍ - കെ എന്‍ രാമചന്ദ്രന്‍
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക്, പ്രത്യേകിച്ചും പോണ്ടിച്ചേരി ഒഴിച്ചുള്ളനാലു നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളില്‍ സിപിഎം നയിക്കുന്ന ഇടതുമുന്നണിക്ക് കേരളത്തിലൊഴിച്ച് സംഭവിച്ചത് വന്‍ തിരിച്ചടിയാണ്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിനെ നേരിടാനെന്ന പേരില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സീറ്റ് നീക്കുപോക്കുകള്‍ ഫലത്തിലെത്തിച്ചത് 2011ലെ നിയമസഭാതെരഞ്ഞെടുപ്പിലും 2014 ലെ ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും സംഭവിച്ചതിനേ ക്കാള്‍ അതീവ ഗുരുതരമായ തകര്‍ച്ചയിലേക്കാണ്. മാത്രമല്ല തൃണമൂല്‍ കോണ്‍ഗ്രസ്സ് വന്‍വിജയം നേടിയപ്പോള്‍ ബി. ജെ. പിയും 10.5% വോട്ടു നേടി ശക്തിയാര്‍ജിച്ചു. ഈ സീറ്റ് നീക്ക് പോക്കുകള്‍കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായത് കോണ്‍ഗ്ര സിനാണ്. അത് പ്രധാന പ്രതിപക്ഷമായി മാറുകയും ചെയ്തു. 

കോണ്‍ഗ്രസ്സുമായി ഐക്യമുണ്ടാക്കുന്നതിനെക്കുറിച്ച് സിപിഎമ്മി നുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അവസാനം സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനും കേന്ദ്രക്കമ്മിറ്റി വഴങ്ങുകയായിരുന്നു. പക്ഷെ മേയ് പതിനഞ്ചിന്റെ പീപ്പിള്‍സ് ഡമോക്രസിയിലെ അരുണ്‍ കുമാറിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തന്നെ (''മാര്‍ക്‌സും രാഷ്ട്രീയപ്രയോഗവവും) തെരഞ്ഞെടുപ്പുകളെ വര്‍ഗ്ഗസമരത്തെ വികസിപ്പിക്കുന്നതിന്റെ മാത്രം ഭാഗമായി കാണേണ്ടതിനെക്കുറിച്ചും ബൂര്‍ഷ്വാ പാര്‍ട്ടികളുമായി ഐക്യമുണ്ടാക്കാതിരിക്കേണ്ടതിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നതില്‍ നിന്ന് വ്യക്തമാകുന്നത് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സ് എടുത്ത തീരുമാനത്തിന് വിരുദ്ധമായിരുന്നു ബംഗാളില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ധാരണയെന്നാണ്. പക്ഷെ 1967 മുതല്‍തന്നെ, മാര്‍ക്‌സും, എംഗല്‍സും, ലെനിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ കുറിച്ച് പറഞ്ഞതിന് നേര്‍ വിരുദ്ധമായിരുന്നു സിപിഐയെപോലെ സിപിഎമ്മിന്റെയും രാഷ്ട്രീയ പ്രയോഗമെന്നത് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ട് പ്രകാശ് കാരാട്ടും കൂട്ടരും ഇപ്പോള്‍ ബംഗാളില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ധാരണയെ ചുറ്റിപറ്റി നടത്തുന്ന ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ക്ക് അടിസ്ഥാനപരമായ പ്രാധാന്യമൊന്നു മില്ലെങ്കിലും അവ സിപിഎമ്മിനെ വരും നാളുകളില്‍ സംഘടനാപരമായി കൂടുതല്‍ ദുര്‍ബലപ്പെടുത്തും എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പു സമയത്തു തന്നെ ബംഗാളില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്നിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയെ തുടര്‍ന്ന് കൂടുതല്‍ നൈരാശ്യവും നിഷ്‌ക്രിയത്വവും വ്യാപകമാകുക തന്നെ ചെയ്യും. 

തമിഴിനാട്ടില്‍ സിപിഐക്കും സിപിഎമ്മിനും നല്ല ജനസ്വാധീന മുള്ള കുറെ ഏറെ മേഖലകളുണ്ടായിരുന്നു. പക്ഷെ ഈ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ഏറ്റവും ഹീനമായ തെരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമായി 2011 ല്‍ ജയലളിതയുമായുണ്ടാക്കിയ ഐക്യത്തെ തുടര്‍ന്ന് ലഭിച്ച 17 സീറ്റുകളും രണ്ടു പാര്‍ട്ടികള്‍ക്ക് നഷ്ടമാകുകയാണുണ്ടായത്. 

ആസാമില്‍ വിശാല ഇടതുമുന്നണി പ്രയോഗം നടത്തിയതുതന്നെ കൂട്ടുപിടിക്കാന്‍ മറ്റു പാര്‍ട്ടികളെ കിട്ടാത്ത സാഹചര്യത്തിലാ യിരുന്നു. പക്ഷെ ഇവിടെയും കോണ്‍ഗ്രസ്സും ബിജെപിയും പിന്‍തുടരുന്ന നവഉദാരനയങ്ങള്‍ക്ക് വിരുദ്ധമായി ഒരു ഇടതുപക്ഷബദല്‍ കാഴ്ചപ്പാട് മുന്നോട്ടു വച്ച് പ്രവര്‍ത്തിക്കാതി രുന്നതുകൊണ്ട് മുമ്പുണ്ടായിരുന്ന ജനസ്വാധീനവും സീറ്റുകളും ഇത്തവണ നഷ്ടമായി. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വത്തിന് എടുത്തുകാട്ടാനുള്ളത് കേരളത്തിലുണ്ടായ വിജയം മാത്രമാണ്. പക്ഷെ ഈ വിജയവും നേടിയത് വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ പറയുന്നതുപോലെ ഒരു ഇടതുപക്ഷ ബദല്‍ കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ടല്ല. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രിക ഫലത്തില്‍ മറ്റു രണ്ടു മുന്നണികളില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. യുഡിഎഫിന്റെ നയങ്ങളെ തിരസ്‌കരിക്കുന്നതിനു പകരം അവ കൂടുതല്‍ ഫലപ്രദമായി അഴിമതിരഹിതമായി മുന്നോട്ടു കൊണ്ടുപോകു മെന്ന് മാത്രമാണ് അതിന്റെ ഉള്ളടക്കം. 

ഈ അവസ്ഥയില്‍ ഇപ്പോള്‍ ബംഗാളില്‍ സംഭവിച്ചുകൊണ്ടി രിക്കുന്നതുപോലെ സിപിഎമ്മിന്റെ നേതൃതലപ്രവര്‍ത്തകരടക്കം നിരാശബാധിതരായി ഭരണവര്‍ഗ്ഗപാര്‍ട്ടികളിലേക്കും പ്രാദേശിക പാര്‍ട്ടികളിലേക്കും ചേക്കേറുന്നതിന് വേഗം വര്‍ദ്ധിക്കും. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ വര്‍ഗ്ഗസമരത്തില്‍ നിന്നും അന്യമായി കാണുകയും 2004 ല്‍ യുപിഎ സര്‍ക്കാരിനെ പിന്‍താങ്ങിയതുള്‍പ്പെടെ ബൂര്‍ഷ്വാ പാര്‍ട്ടികളുമായുണ്ടാക്കിയ ധാരണകളും സോവിയറ്റ് തിരുത്തല്‍വാദ ലൈനില്‍പെട്ട സിപിഎമ്മിനെയും സിപിഐയെയും ഇപ്പോള്‍ എത്തിക്കുന്നത് വാക്കില്‍ മാത്രം സോഷ്യലിസവും പ്രയോഗത്തില്‍ മുതലാളിത്ത പാതയും പിന്‍തുടര്‍ന്ന് രാഷ്ട്രീയമായി കാലഹരണപ്പെടുന്ന അവസ്ഥയിലേക്കാണ്.