"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 17, വെള്ളിയാഴ്‌ച

മഹാനായ അയ്യന്‍കാളി: കമ്യൂണിസ്റ്റ് പാര്‍ട്ടിയോ? - ദലിത്ബന്ധു എന്‍ കെ ജോസ്


ഇതെല്ലാം നടന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അതിനുമുമ്പുമായിട്ടായിരുന്നു. അന്ന് കമ്മ്യൂണിസം പോലുള്ള പുരോഗമനം അവകാശപ്പെടുന്ന പ്രസ്ഥാനങ്ങളൊന്നും കേരളത്തില്‍ എത്തി നോക്കുകപോലും ചെയ്തിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലെ അവര്‍ണസമുദായത്തിന്റെ നവോത്ഥാന ത്തിനു വേണ്ടി ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നത് സത്യമാണ്. ഗാന്ധിയും കോണ്‍ഗ്രസ്സും മറ്റും ആ രംഗത്ത് ചെയ്തതുമായി താരതമ്യപ്പെടുത്തു മ്പോള്‍ അത് എടുത്തു പറയേണ്ടതാണ്. പക്ഷെ ആ രംഗത്തെ ആദ്യകാലപ്രവര്‍ത്തകരും അടിസ്ഥാനപ്രവര്‍ത്തകരും അവരായിരുന്നില്ല എന്ന വസ്തുത അതുകൊണ്ട് മറക്കാനാവില്ല. 

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭം കുറിച്ചത് 1937 ലാണ്. അതിന്റെ മുന്നോടിയായ കമ്മ്യൂണിസ്റ്റ് ലീഗ് പോലും 1931 ലാണ് രൂപംകൊണ്ടത്. അതിന്റെ ആചാര്യനായ ഈ.എം.എസ്. 'കമ്മ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍' എന്ന ഗ്രന്ഥം ഒന്നാം ഭാഗം 7-ാം പേജില്‍ പറയുന്നത് അങ്ങനെയാണ്.11 ഇവിടത്തെ സാമൂഹ്യ നവോത്ഥാനത്തിന്റെ അടിസ്ഥാനശില പാകിയത് അതിനും ദശാബ്ദങ്ങള്‍ ക്കുമുമ്പാണ്. 1808 ല്‍ വൈകുണ്ഠസ്വാമികളുടെ ജനനവും 1822 ലെ ചാന്നാര്‍ലഹളയും, 1855 ലെ അടിമത്തനിരോധന വിളംബരവും, 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയും, 1893 ലെ വില്ലുവണ്ടി സമരവും, 1913-14 ലെ കാര്‍ഷിക സമരവും, 1918 ലെ പൗരസമത്വ പ്രക്ഷോഭണവും, 1921 ലെ മാപ്പിളലഹളയും ഇങ്ങേയറ്റം 1924 ലെ വൈക്കംസത്യാഗ്രഹവും, 1933 ലെ നിവര്‍ത്തന പ്രക്ഷോഭണവും പോലും നടന്നു കഴിഞ്ഞതിനു ശേഷമാണ് കമ്മ്യൂണിസം ഇവിടെ രംഗത്ത് എത്തിയത്. കാറല്‍ മാര്‍ക്‌സിനെ പ്പറ്റിയുള്ള മലയാളത്തിലെ ആദ്യഗ്രന്ഥം സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയത് പിന്നെയും രണ്ട് ദശാബ്ദങ്ങള്‍ക്കു ശേഷമാണ്. (വര്‍ഗീയ വാദിയും ജാതിചിന്തകനുമായ കെ. രാമകൃഷ്ണപിള്ളയാണ് മലയാളത്തില്‍ കമ്മ്യൂണിസ്സത്തിന്റെ ഹരിശ്രീ കുറിച്ചത്. അതിന്റെ ഫലം ഇന്നും നിലനില്ക്കുന്നു. ഏറ്റവുമൊടുവില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഫാറത്തില്‍ പോലും അത് എത്തിച്ചേര്‍ന്നു). രാമകൃഷ്ണപിള്ളയെ ത്തുടര്‍ന്ന് കമ്മ്യൂണിസവും ഇവിടെ സവര്‍ണരുടെയും ബ്രാഹ്മണരുടെയും കുത്തകയായിമാറി. ദലിതരെ അവര്‍ കണ്ടില്ല. ബ്രാഹ്മണരെയും കണ്ടില്ല. കണ്ടത് ദരിദ്ര നാരായണന്‍മാരെയും തൊഴിലാളികളെയും മുതലാളികളെയും മാത്രമാണ്. ഇന്നും പ്രശ്‌നം അവിടെ തന്നെയാണ് നില്‍ക്കുന്നത്. ഈ അടുത്തകാലത്ത് 2008 ല്‍ പട്ടികജാതിക്കാരെ പ്രത്യേകം കണ്ടു തുടങ്ങിയിട്ടുണ്ട്. അവരുടെ ഒരു പ്രത്യേക സമ്മേളനം മാര്‍ക്‌സിസ്‌ററു കമ്യൂണിസ്റ്റു പാര്‍ട്ടി വിളിച്ചു കൂട്ടിയിട്ടുണ്ട്. നാട് ഓടുമ്പോള്‍ നടുവേ ഓടാതെ പുറകേ ഇഴയുന്ന ഒരു ക്ഷുദ്രജീവിമാത്രമാണത്. അയ്യന്‍കാളി നാട് ഓടിയപ്പോള്‍ അതിന് മുന്നേ ഓടി അതിന് പൈലറ്റായി. പട്ടികജാതിക്കാര്‍ എന്ന ഒരു പ്രത്യേകവിഭാഗമുണ്ടെന്നും അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുംവിധം സവിശേഷപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ക്കു മനസ്സിലായത് 2008 ല്‍ മാത്രമാണ്. (അത് 2007 ഡിസംബര്‍ 31 ന് ഒരു ലക്ഷത്തില്‍പ്പരം ദലിതരെ വിളിച്ചുകൂട്ടി മായാവതി തിരുവനന്തപുരത്ത് ഒരു റാലി സംഘടിപ്പിച്ചതിനെ ത്തുടര്‍ന്നാ യിരുന്നു.) കമ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ സ്ഥാപിച്ച് ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ആ പാര്‍ട്ടിക്ക് ഇങ്ങനെ ഒരു ബോധം ഉണ്ടായത്. അതുതന്നെയാണ് അതിന്റെ അധഃപതന കാരണവും. കേരളത്തിലും ഇന്ത്യയിലും ഏറ്റവും ദുരിതം അനുഭവിക്കുന്ന ദലിതരെയും അവരുടെ ദുരിതകാരണമായ ജാതിയെയും കാണാതെ തൊഴിലാളിവര്‍ഗ്ഗത്തെയും മുതലാളി വര്‍ഗ്ഗത്തെയും കാണാന്‍ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കമ്യൂണിസത്തിന്റെ ഇന്നത്തെ തകര്‍ച്ച. പരിതസ്ഥിതിയുടെ ആനുകൂല്യം മൂലം ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പ്രസ്ഥാനമായി വളരേണ്ട ഇന്ത്യന്‍ കമ്യൂണിസം പശ്ചിമ ബംഗാളിലും കേരളത്തിലും മാത്രമായി ചുരുങ്ങിയത് ബ്രാഹ്മണിസം കമ്യൂണിസത്തെയും തങ്ങളുടെ ചൂഷണോപാധി യായി സ്വീകരിച്ചതു കൊണ്ടുമാത്രമാണ്. അതിനുവഴങ്ങിക്കൊ ടുക്കാനേ ഇവിടുത്തെ ആദ്യകാല ബ്രാഹ്മണേതര കമ്യൂണിസ്റ്റു നേതാക്കള്‍ക്കു കഴിഞ്ഞുള്ളൂ. അവര്‍ ബ്രാഹ്മണിസത്തിന്റെ ചെരുപ്പുനക്കികളായി മാറി. അതുകൊണ്ടാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യകാലനേതാക്കള്‍ രാജഭരണത്തിന്റെ ചെരുപ്പുനക്കികളാണെന്ന് ഇ.എം.എസ്സിനെപ്പോലുള്ളവര്‍ വിളിച്ചുകൂവിയത് അതിനെ മറികടക്കുവാനാണ്.

തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം സൃഷ്ടിക്കുന്നതു വരെ തിരുവിതാംകൂറിന്റെ അന്നത്തെ നെല്ലറയായിരുന്ന നാഞ്ചിനാട്ടിലെ വയലുകളില്‍ മുട്ടിപ്പുല്ല് മുളപ്പിക്കും എന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് ഇന്ത്യയിലെ ആദ്യത്തെ കാര്‍ഷികസമരത്തിന് നേതൃത്വം നല്‍കി വിജയിപ്പിക്കുകയും ചെയ്തത് കേരളത്തിലെ എക്കാലത്തെയും മഹാനായ നേതാവ് അയ്യന്‍കാളി യായിരുന്നു. അതിനും കാല്‍നൂറ്റാണ്ടിനു ശേഷമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ സ്ഥാപിക്കപ്പെട്ടത്. എങ്കിലും അവരുടെ സ്ഥാപനകാലത്തിന് പതിനഞ്ചുവര്‍ഷം മുന്‍പ് നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ ചൈതന്യത്തിന്റെ പിന്‍തുടര്‍ച്ചക്കാര്‍ തങ്ങളാണ് എന്ന അവകാശവാദം ഉന്നയിക്കാന്‍ തയ്യാറായി. പക്ഷെ അവര്‍ ഇന്നുവരെ കാര്‍ഷികസമരത്തിന്റെ ചൈതന്യം പില്‍ക്കാലത്ത് കാത്തുസൂക്ഷിച്ചത് തങ്ങളാണ് എന്നു പ്രഖ്യാപിക്കാന്‍ തയ്യാറായിട്ടില്ല. വൈക്കം സത്യാഗ്രഹം ആപാദചൂഢം ഒരു വഞ്ചനയായിരുന്നു.12 കാര്‍ഷിക പണിമുടക്ക് ആത്മാര്‍ത്ഥത മുറ്റിയ, വിജയം വരിച്ച ഒരു സമരമായിരുന്നു. അതാണ് അതിന്റെ കാരണം.

അയ്യന്‍കാളി ജനറല്‍ സെക്രട്ടറിയായിരുന്ന സാധുജനപരി പാലനസംഘം അതിനെല്ലാം മുമ്പേതന്നെ ഇവിടെ അടിത്തട്ടു കാരുടെ സാമൂഹ്യ നവോത്ഥാനത്തിന്റെ രംഗവേദിയായി കഴിഞ്ഞിരുന്നു. 1907 ല്‍ സ്ഥാപിതമായ സംഘത്തിനു ഒരവസരത്തില്‍ തിരുവിതാംകൂറില്‍ ആയിരത്തിലധികം ശാഖകളുണ്ടായിരുന്നു. വെങ്ങാനൂരില്‍ സ്വന്തമായ സ്ഥലവും കെട്ടിടവും യോഗം ചേരാനുള്ള ഹാളും ഉണ്ടായിരുന്നു. അവിടെ സ്‌കൂളും ഗ്രന്ഥശാലയും പന്ത്രണ്ടു തറികളുള്ള നെയ്ത്തു ശാലയും ആരംഭിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറു ഭാഗം വില്ലേജില്‍ റോഡുസൈഡില്‍ രണ്ടര ഏക്കര്‍ സ്ഥലവും സാധുജനപരിപാലന സംഘത്തിനുണ്ടായിരുന്നു. സ്വന്തമായ ഒരു പത്രമുണ്ടായിരുന്നു. ഇന്ത്യയില്‍ ആദ്യത്തെ ദലിത്പത്രം അതായിരുന്നു. 'സാധുജന പരിപാലിനി'. തൃക്കൊടിത്താനം ചെമ്പുതറ കാളി ചോതിക്കുറുപ്പനാ യിരുന്നു അതിന്റെ പത്രാധിപര്‍. ചങ്ങനാശ്ശേരി സുദര്‍ശനാപ്രസ്സില്‍ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെ ആദ്യത്തെ ദലിത് പത്രം സോമവംശീയമിത്ര 1910ലാണ് പുറത്തിറങ്ങിയത്.

നാഞ്ചിനാടിനൊപ്പം തിരുവിതാംകൂറിന്റെ മറ്റൊരു നെല്ലറയാ യിരുന്ന കുട്ടനാട്ടില്‍ 1910 മുതല്‍ അയ്യന്‍കാളിയുടെ അനുയാ യികള്‍ കുപ്പപ്പുറം ശീതങ്കന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. അന്ന് ആലപ്പുഴയിലെ ചേര്‍ത്തല പ്രദേശത്ത് സാധുജനപരിപാലന സംഘത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരുന്നത് തെക്കന്‍ ആര്യട്ടെ മോയിക്കാട്ടു അപ്പിയുംമറ്റുമായിരുന്നു. അപ്പിയുടെ ഉറ്റസഹ പ്രവര്‍ത്തകനായിരുന്നു പത്തു കണ്ടത്തില്‍ തേവന്‍. 

അതിന്റെയെല്ലാം അര്‍ത്ഥം കേരളത്തിന്റെ അടിസ്ഥാന ജനസമൂഹത്തിന്റെ താഴെത്തട്ടിലേയ്ക്ക് ആഴ്ന്നിറങ്ങി വേരുകള്‍ ഉറപ്പിക്കാന്‍ അയ്യന്‍കാളി പ്രസ്ഥാനത്തിന് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തെ ദശകത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തി ലുമായി കഴിഞ്ഞു എന്നുമാത്രമല്ല അക്കാലത്ത് ആ രംഗത്ത് മറ്റാരും തന്നെ ഉണ്ടായിരുന്നില്ല എന്നുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഇവിടെ വ്യാപിക്കുവാന്‍ കഴിഞ്ഞത് അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവും മറ്റും ഈ മണ്ണ് ഉഴുതുമറിച്ചിട്ടതുകൊണ്ടാണ്. പക്ഷെ ആ മണ്ണിനോടും ഉഴുതുമറിച്ചിട്ടവരോടും അവര്‍ നീതികാട്ടിയില്ല എന്നത് മറ്റൊരു ദുഃഖകരമായ സത്യമാണ്. നെല്‍വിത്ത് വിതയ്ക്കാന്‍ വേണ്ടി അവര്‍ ഉഴുതുമറിച്ചിട്ട മണ്ണില്‍ കളകള്‍ വിതയ്ക്കുകയാണ് കമ്മ്യൂണി സ്റ്റുകാര്‍ ചെയ്തത്. വെയില്‍ കൊണ്ടപ്പോള്‍ ആ കളകള്‍ വാടിക്കരിഞ്ഞു. ഇന്ന് ആ നെല്‍പ്പാടം തരിശ്ശായി. വാടിയ ഏതാനും കളകള്‍ മാത്രം അവശേഷിച്ചു.

ഇന്ന് കേരളത്തിലെ പ്രബല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും സി.പി.ഐയും വൈക്കം സത്യാഗ്രഹ ത്തിന്റെ പ്ലാറ്റിനം ജൂബിലി മറ്റുപല ബൂര്‍ഷ്വാ പ്രസ്ഥാനങ്ങ ളെയുംപോലെ ഗംഭീരമായി ആഘോഷിച്ചു. 1924-25 കാലഘട്ട ത്തില്‍ നടന്ന സത്യാഗ്രഹത്തിന്റെ ജൂബിലി 1937 ല്‍ മാത്രം ജന്മമെടുത്ത കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങള്‍ ആഘോ ഷിച്ചതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും വ്യക്തമാകുന്നില്ല. വൈക്കം സത്യാഗ്രഹത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടു കൊണ്ട് പിന്നീടു പ്രവര്‍ത്തിച്ചത് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളാണ് എന്നതാണ് അതിന്റെ കാരണം എന്ന വിശദീകരണവും കാണുകയുണ്ടായി. എന്താണ് വൈക്കം സത്യാഗ്രഹത്തിന്റെ ചൈതന്യം? അയ്യന്‍ കാളിയും ശ്രീനാരായണഗുരുവും മറ്റും നിഷേധിച്ചതാണ് വൈക്കം സത്യാഗ്രഹം എന്ന സത്യം അവര്‍ വിസ്മരിക്കുകയാണ്. അല്ലെങ്കില്‍ അജ്ഞത നടിക്കുകയാണ്. അതിലൂടെ അവര്‍ സ്വീകരിച്ചത് അയ്യന്‍കാളിയും ശ്രീനാരായണഗുരുവും മറ്റും വെറുത്തതിന്റെ ചൈതന്യമാണ്. അയ്യന്‍കാളിയും അയ്യന്‍കാളി പ്രസ്ഥാനവും സത്യാഗ്രഹത്തിന്റെ അയല്‍പക്കത്തിനടുത്തുപോലും എത്തിനോക്കി യില്ല. അയ്യന്‍കാളിപ്രസ്ഥാനത്തെ വഞ്ചിച്ചതിന്റെ ബാക്കിയാണ് സത്യാഗ്രഹം തന്നെ. (വൈക്കം സത്യാഗ്രഹത്തിന്റെ ചൈതന്യമെന്നത് വഞ്ചനയുടെ ചൈതന്യമാണ്. അത് തുടര്‍ന്നു കൊണ്ട് പോന്നത്കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്ന അവരുടെ അവകാശവാദം അംഗീകരിക്കാവുന്നതാണ്). അതെല്ലാം വൈക്കം സത്യാഗ്രഹത്തിലെ പുലയ പങ്കാളിത്തം, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക'തുടങ്ങിയ ഗ്രന്ഥങ്ങളില്‍ ഞാന്‍ വിശദീകരി ച്ചിട്ടുണ്ട്.13

നാരായണഗുരു സത്യാഗ്രഹക്യാമ്പു സന്ദര്‍ശിച്ചശേഷം പറഞ്ഞത്: ഈ പാവപ്പെട്ടവരെ സത്യാഗ്രഹമെന്നപേരില്‍ ഇക്കണ്ട ദിവസ ങ്ങളി ലെല്ലാം ഇരുത്തി വെയിലും മഴയും മഞ്ഞും ഏല്‍പ്പിക്കു ന്നതിനുപകരം സത്യാഗ്രഹംകൊണ്ട് കാര്യം നേടുമെങ്കില്‍ ഗാന്ധി ഒരുദിവസം സത്യാഗ്രഹമിരുന്നാല്‍ മതിയല്ലോ എന്നാണ്. മറ്റൊര വസരത്തില്‍ അദ്ദേഹം പറഞ്ഞത് റോഡില്‍ കെട്ടിയിരിക്കുന്ന വേലിപൊളിച്ചു അകത്തുകയറി ശ്രീകോവിലില്‍ചെന്ന് പാല്‍പായസം എടുത്തു കുടിക്കണം എന്നാണ്. വൈക്കത്തെ തെരുവില്‍ സഞ്ചാരസ്വാതന്ത്ര്യ ത്തിനുവേണ്ടി കുത്തിയിരുന്നാല്‍ അതിനര്‍ത്ഥം ആ തെരുവിലൂടെ സഞ്ചാരസ്വാതന്ത്ര്യം നല്‍കാന്‍ അവകാശമുള്ളത് ബ്രാഹ്മണര്‍ക്കാണ് എന്ന് അംഗീകരിക്കുകയാണ്. പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍നിന്നും പൊക്കിയെടുത്തു ബ്രാഹ്മണര്‍ക്കു കൊടുത്തതാണ് കേരളം എന്ന ഐതിഹ്യത്തെ യാണ് അതിലൂടെ അംഗീകരിക്കുന്നത്. അതാണ് 603 ദിവസം വൈക്കം സത്യാഗ്രഹത്തില്‍ നടന്നത്. ഗാന്ധി വൈക്കത്ത് വന്നശേഷം ആദ്യംകണ്ടത് ബ്രാഹ്മണരെയാണ്. അതിലൂടെ ആ തെരുവിന്റെ ഉടമ ബ്രാഹ്മണരാണ് എന്ന് അംഗീകരിക്കുക യായിരുന്നു. 

ഇന്ന് കേരളത്തിലെ ദലിതരില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചി ട്ടുണ്ടെങ്കില്‍ അതിന്റെ ഉത്ഭവം അയ്യന്‍കാളിക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അന്ന് അയ്യന്‍കാളി സൃഷ്ടിച്ച മാറ്റത്തിന്റെ തരംഗത്തിനപ്പുറം ഇന്നുവരെ ഈ സമൂഹത്തില്‍ മറ്റൊരു തരംഗവും ഉണ്ടായിട്ടില്ല.

ഇന്ന് ഈ സമൂഹത്തില്‍ കെ.പി.എം.എസുകളുണ്ട്, ദലിത് ഫെഡറേഷനുകളുണ്ട്, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുണ്ട്. അന്ന് വിപ്ലവത്തിന്റെ ബീജം അയ്യന്‍കാളി ഈ സമൂഹത്തില്‍ കത്തിവച്ചില്ലായി രുന്നുവെങ്കില്‍ ഇന്നവ ഒന്നുംതന്നെ ഉണ്ടാകു മായിരുന്നില്ല. ബീഹാറിലെയും മധ്യപ്രദേശത്തെയും ഒറീസയിലെയും രാജസ്ഥാനി ലേയും മറ്റും ദലിതരുടെ ഇടയില്‍ ഇനിയും അവയൊന്നും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല അങ്ങനെ യുള്ള ചിന്തപോലും ഇന്നുവരെ അവരെ അലട്ടിയിട്ടില്ല. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ദലിതരുടെ ഇടയില്‍ അതുണ്ടാകാന്‍ തുടങ്ങിയിട്ടേയുള്ളു. അവിടെയെങ്ങും ഒരുഅയ്യന്‍ കാളി ജനിച്ചില്ല എന്നതാണ് കാരണം. മഹാരാഷ്ട്രായില്‍ പകരം അംബേദ്ക്കര്‍ ജനിച്ചു. കേരളത്തിലെ ദലിതരോളം നവോത്ഥാന പാരമ്പര്യമുള്ള മറ്റൊരു ദലിത് ജനതയും ഇന്ന് ഇന്ത്യയിലില്ല. ഡോ. അംബേദ്ക്കര്‍ ബഹിഷ്‌കൃതഹിതകാരിണി സഭ സ്ഥാപിച്ചത് 1924 ജൂലൈ 20-ാം തീയതിയാണ്. അതിന്റെ ഫലമായി മഹാരാ ഷ്ട്രയിലെ ദലിതര്‍ താരതമ്യേന മെച്ചപ്പെട്ട ബോധവത്ക്കരണം നേടി. കേരളത്തിലെ ജനസമൂഹത്തിലെ ഏറ്റവും താഴെ തട്ടില്‍ ആയിരം വര്‍ഷമായി കുംഭകര്‍ണസേവ നടത്തിയിരുന്ന ഒരു സമുദായത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് സമരസന്നദ്ധമാക്കുക എന്ന ഭഗീരഥപ്രയത്‌നം നടത്തിയത് അയ്യന്‍കാളിയാണ്. അദ്ദേഹത്തിനു മാത്രമേ അത് കഴിയുമായിരു ന്നുള്ളൂ.

കുറിപ്പുകള്‍

1 ഗംഗാധരന്‍ തിക്കുറിശ്ശി ഡോ, മാതൃഭൂമി വാരിക, പുസ്തകം 66, ലക്കം 20, പേജ് 5.
2 ദലിത്ബന്ധു, ദലിത് സംസ്‌ക്കാര സ്രോതസ്സ്, കാണുക.
3 ജാതിവ്യവസ്ഥ നിലവില്‍ വന്നതിനുശേഷമാണോ വജ്രസൂചികോപനിഷത്ത് രചിക്കപ്പെട്ടത്? തിരുക്കുറള്‍ രചനയുടെ കാലത്തിനുമുമ്പേ ആര്യന്മാര്‍ ദക്ഷിണേന്ത്യയില്‍ എത്തിച്ചേര്‍ന്നുവോ? 
4 ചെന്താരശ്ശേരി റ്റി.എച്ച്.പി, അയ്യന്‍കാളി, (രണ്ടാംപതിപ്പ്) പേജ് 34.
5 പണിമുടക്കിനെപ്പറ്റിയുള്ള അധ്യായം കാണുക
6 മാത്യൂസ് ടി.എ, ആചാര്യ അയ്യന്‍കാളി, പി.പരമേശ്വരന്റെ അവതാരികയോടെ
7 പദ്മനാഭന്‍, മന്നത്ത്, സമ്പൂര്‍ണ്ണകൃതികള്‍, കാണുക
8 വര്‍ക്കി എം, എം, ഓര്‍മ്മകളിലൂടെ, കാണുക
9 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക
10 ദലിത്ബന്ധു, അംബേദ്ക്കര്‍, കാണുക
11 നമ്പൂതിരിപ്പാട് ഈ.എം,, കമ്യൂണിസ്റ്റ് പാര്‍ട്ടി-കേരളത്തില്‍, പേജ് 7.
12 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹം ഒരു പ്രഹേളിക, കാണുക.
13 ദലിത്ബന്ധു, വൈക്കം സത്യാഗ്രഹത്തിലെ പുലയ പങ്കാളിത്തം, കാണുക.