"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

കേരള വികസന മാതൃകയും കീഴാള സമൂഹങ്ങളുടെ അപരത്വവും - രഘു ഇരവിപേരൂര്‍


പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി ജിഷയുടെ ക്രൂരമായ കൊല്ലപ്പെടലും അതിനെത്തുടര്‍ന്ന് ഭരണകൂടം നടത്തിക്കൊണ്ടി രിക്കുന്ന അനാസ്ഥയും നീതിനിഷേധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ജാതിവിവേചനവും അന്താരാഷ്ട്രതലത്തില്‍ തന്നെ വാര്‍ത്തയാകുകയുണ്ടായി. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആശങ്കകളും ചര്‍ച്ചകളും നിലപാടുകളും അഭ്യൂഹങ്ങളും വിവിധ സാമൂഹ്യ-രാഷ്ട്രീയ-സാമുദായിക കേന്ദ്രങ്ങളില്‍നിന്നും വന്നുകൊണ്ടിരിക്കുന്നു. അതുപോലെതന്നെ വ്യത്യസ്ത സമുദായങ്ങളുടെയും സിവില്‍ സമൂഹത്തിലെ വ്യത്യസ്ഥ സംഘടനകളുടെയും നേതൃത്വത്തില്‍ വലുതും ചെറുതുമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും സംസ്ഥാനത്തെമ്പാടും നടന്നുവരുന്നുണ്ട്. ജിഷയുടെ കുടുംബത്തിന്റെ അടച്ചുകെട്ടില്ലാത്ത ഒറ്റമുറി വീടും കനാല്‍ പുറമ്പോക്കു ജീവിതവും അതിശയത്തോടെ കേള്‍ക്കുന്നവരുടെയും ജിഷയുടെ വീടും ജീവിതവും ദുരൂഹവും അപരിചിതവും സംശയകരവുമാണെന്ന് ഉല്‍ക്കണ്ഠപ്പെടുന്നവരുടെയും ഹിപ്പോക്രസി നിറഞ്ഞ വര്‍ത്തമാനങ്ങള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇത് കേരളനാട്ടില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി സംഭവിക്കാറുള്ള ഒരു കാര്യം മാത്രമാണെന്ന് കേരളസമൂഹം മേനിപറഞ്ഞു. ജിഷയെയും കുടുംബത്തെയും കേന്ദ്രമാക്കി ലൈംഗിക അരാജകത്വത്തിന്റെ ദുസൂചനയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളും ഭരണകൂടങ്ങളും 'നാട്ടുകാരും' ചേര്‍ന്ന് ചികഞ്ഞെടുത്ത് പ്രചരിപ്പിക്കുന്നു. പാവപ്പെട്ടവരെ സഹായിക്കുകയെന്ന കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലര്‍ സെക്യുലര്‍ ആക്ഷന്‍ കൗണ്‍സിലുകളില്‍ അംഗമായി അവരുടെ സാമൂഹ്യപ്രതിബദ്ധത വെളിപ്പെടുത്തുന്നു. നടപടിക്രമങ്ങളില്‍ ഗൗരവപ്പെട്ട വീഴ്ച വരുത്തിയിട്ടും തെളിവുകള്‍ നശിപ്പിക്കുവാന്‍ അവസരം ഒരുക്കിയിട്ടും കുറ്റമറ്റ രീതിയിലാണ് പോലീസ് ഈ കേസ്സ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് പോലീസ്‌മേധാവികളും പോലീസ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും ചാനലുകളില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. കേരള സമൂഹത്തിന്റെ മുഖ്യധാര, ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഭിപ്രായങ്ങളും നിലപാടുകളും ഭരണകൂട നടപടികളും ഇഴപിരിച്ച് പരിശോധിച്ചാല്‍ കേരളവികസന മാതൃകയുടെ വംശീയ-ജാതി ഉള്ളടക്കങ്ങളും പരിമിതികളും അസാദ്ധ്യതകളും ഒരു തുറന്ന പുസ്തകത്തിലെന്നപോലെ വായിച്ചെടുക്കാന്‍ പറ്റും. അഥവാ കേരളവികസന മാതൃകയുടെ മറ്റൊരു ഫലമാണ് ജിഷയുടെ മരണം.

കേരള വികസന മാതൃകയെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും എഴുത്തുകളും ആരംഭിക്കുന്നത് 1975-ഓടുകൂടിയാണ് (Centre For Development Studies, TVM). താരതമ്യേന താഴ്ന്ന വരുമാന നിരക്കുകള്‍ നിലനില്‍ക്കുമ്പോഴും ജീവിതഗുണസൂചകങ്ങളുടെ കാര്യത്തില്‍ അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്നതാണല്ലോ കേരളവികസന മാതൃകയുടെ കാതല്‍ (കേരളം എങ്ങനെ ജീവിക്കുന്നു, കേരളം എങ്ങനെ ചിന്തിക്കുന്നു- കേരളപഠനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്). ഏതാണ്ട് നാലു പാതിറ്റാണ്ടുകള്‍ക്കു ശേഷം കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക നിര്‍മ്മിച്ചെടുത്ത സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ അധികാരവും പദവിയും വിഭവങ്ങളിന്മേലുള്ള അവകാശവും മേല്‍ജീ സാമൂഹ്യ വിഭാഗങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് കാണാന്‍ കഴിയുന്നത്. അട്ടപ്പാടിയിലെ നൂറുകണക്കിന് ആദിവാസിക്കുട്ടികള്‍ മരിക്കുന്നതടക്കം ദലിത് വിഭാഗത്തില്‍പെട്ട പോലീസ് ഓഫീസര്‍ സി.റ്റി. സുകുമാരന്റേതു മുതല്‍ ജിഷ വരെയുള്ളവരുടെ തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളും ആദിവാസി മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ദലിതുകളുടെ ഭൂരാഹിത്യവും ഈ മാതൃകാ വികസനത്തിന്റെ ബാക്കിപത്രങ്ങളാണ്. 

''പുകഴ്‌പ്പെറ്റ കേരളമോഡല്‍ വികസനം കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളിസമൂഹം സൃഷ്ടിച്ചെടുത്ത ഒരു കെട്ടുകഥയാണ്. തങ്ങളൊരു മാതൃകാസമൂഹമാണെന്നും ഇന്ത്യക്കെന്നല്ല ലോകത്തിനുതന്നെ കേരളം ഒരു മാതൃകയാണെന്നും മേനിനടിച്ച മലയാളി, തന്റെ കണ്‍മുമ്പില്‍ ഉയര്‍ന്നുവന്ന ഒരു യാഥാര്‍ത്ഥ്യത്തെയും തിരിച്ചറിയാനാവാതെ ഇല്ലാത്തതിനെ ആഘോഷിച്ചു ജീവിക്കുകയായിരുന്നു..... കേരളത്തില്‍ എവിടെയെങ്കിലും ദലിത് പീഡനം നടന്നാല്‍ അതൊരു നുണയാണെന്ന് വിശ്വസിക്കാനാണ് മലയാളികള്‍ക്ക് താല്പര്യം. സ്വന്തം ജീവിതത്തില്‍ ജാതിനിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യക്തികളാണ് കേരളത്തില്‍ ജാതിപീഡനം അസാദ്ധ്യമാണെന്ന് വാശിപിടിക്കുന്നത്'' (സണ്ണി എം. കപിക്കാട്- വികസനത്തിന്റെ വിവേചനപാഠങ്ങള്‍- RIGHTS TVM. പേജ് 13). ഇങ്ങനെ യാഥാര്‍ത്ഥ്യവല്‍കരിക്കപ്പെടാത്ത ഭാവനകളില്‍ നിലനില്‍ക്കുന്ന വികസന മാതൃകയുടെ മൂടിവയ്ക്കപ്പെട്ട പരാജയത്തിന്റെ അനേക മുഖങ്ങളില്‍ ഒന്നാണ് ജിഷയുടെ കൊല്ലപ്പെടലിലും അനന്തര സംഭവങ്ങളിലൂടെയും വെളിപ്പെടുന്നത്. റോഡ്-തോട്-കനാല്‍ -റെയില്‍വേ പുറമ്പോക്കുകളില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടുകളില്‍ കഴിയുന്നവരും മൂന്ന്-നാല് സെന്റ് ലക്ഷംവീട് കോളനികളില്‍

ശ്വാസംമുട്ടി ജീവിക്കുന്നവരുമായ ദലിത്-ആദിവാസി സമൂഹങ്ങളിലെ അനേകായിരം കുടുംബങ്ങളുടെ ദുരിതജീവിതങ്ങളെ കൗശലപൂര്‍വ്വം മറച്ചുപിടിച്ചുകൊണ്ടാണ് മാതൃകാപരമായ ഒരു സമൂഹമെന്ന വ്യാജനിര്‍മ്മിതി കേരളസമൂഹം രൂപപ്പെടുത്തിയത്. ജിഷയെപ്പോലുള്ളവരുടെ കുടുംബങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തിന് ദുരൂഹതയും അപരിചിതത്വവും നിറഞ്ഞ ഇരുണ്ട സ്ഥലികളായി അനുഭവപ്പെടുന്നത് ഈ മറച്ചുപിടിക്കലിന്റെ സൂക്ഷ്മഫലമാണ്. വികസനത്തിന്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കാത്ത അപരിഷ്‌കൃതരായ തോറ്റ സമൂഹങ്ങളായാണ് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ കേരളത്തിലെ മുഖ്യധാര പരിഗണിച്ചിരിക്കുന്നത്.

അപരത്വം കല്പിക്കപ്പെട്ടിരിക്കുന്ന ഈ തോറ്റ സമൂഹങ്ങളിലെ കുടുംബങ്ങള്‍ നേരിടുന്ന ദുരന്തങ്ങള്‍ സ്വഭാവികമായി സംഭവിക്കുന്ന ഒരു കാര്യമായിട്ടാണ് കേരളം കരുതുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍ വരെയുള്ളവരുടെ സമീപനം ജാത്യാധിഷ്ഠിതമായ സവര്‍ണ അവബോധത്തില്‍ പണിതുയര്‍ത്തിയിട്ടുള്ളതാണ്. ജിഷയും അമ്മയും പോലീസിന് നല്‍കിയ മുപ്പത്തിയെട്ടോളം പരാതികളിന്മേല്‍ കേസ്സെടുക്കാതിരുന്നതും തുടര്‍ന്ന് ജിഷയുടെ കൊലപാതകംപോലും ഗൗരവമായെടുക്കാതിരുന്നതും ഈ അവബോധത്തിന്റെ പരിണിതഫലമാണ്. ജിഷയുടെ കൊലപാതകം പോലീസ് അര്‍ഹിക്കുന്ന ഗൗരവത്തിലെടു ത്തില്ലെങ്കിലും അവര്‍ എല്ലാ നടപടികളും വീഴിച കൂടാതെ നടത്തിയെന്നും ഗൗരവമായി എടുക്കാത്തത് ശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റമല്ലെന്നും രമേശ് ചെന്നിത്തല അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ 'ഗൗരവമില്ലായ്മ'യാണ് ജാതി. റോഡും പാലവും കല്ലും കോണ്‍ക്രീറ്റും കേന്ദ്രമാക്കിക്കൊണ്ടുള്ള വികസനപ്രക്രിയകൊണ്ടു മാത്രം ജാതിവ്യവസ്ഥയെ മറികടക്കാന്‍ കഴിയില്ലെന്നാണ് കേരളവികസനത്തിന്റെ പ്രയോക്താക്കള്‍ തിരിച്ചറിയേണ്ടത്.

ഭൂപരിഷ്‌കരണം അടക്കം കേരളം സാദ്ധ്യമാക്കിയെന്നു കരുതുന്ന വികസന പ്രക്രിയയുടെ ഗുണഫലങ്ങളുടെ മുഖ്യപങ്കും കേരളത്തിലെ സവര്‍ണജാതി സമൂഹങ്ങള്‍ക്കാണ് ലഭ്യമായത്. കേരളവികസനവുമായി ബന്ധപ്പെട്ട് അടുത്തകാലത്തിറങ്ങിയ പല പഠനങ്ങളും സര്‍ക്കാരിന്റെതന്നെ പല സര്‍വ്വേറിപ്പോര്‍ട്ടുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അതായത് നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന ജാതി-അധികാരബന്ധത്തെ കാര്യമായി പോറലേല്പിച്ചില്ലെന്നു മാത്രമല്ല അതിനെ ഒരു പരിധിവരെ സംരക്ഷിച്ചുകൊണ്ടാണ് കേരളത്തില്‍ ഒരു വികസനപരിപ്രേക്ഷ്യം ഉയര്‍ന്നുവന്നത്. ദലിത്-ആദിവാസി സമൂഹങ്ങള്‍ക്കല്ലാതെ കേരളത്തിലെ മറ്റൊരു സാമൂഹ്യവിഭാഗ ത്തിനും കോളനികള്‍ക്കുള്ളില്‍ ഞെങ്ങിഞെരുങ്ങി കഴിയേണ്ടി വരുന്നില്ല എന്നതുമാത്രം പരിഗണിച്ചാല്‍തന്നെ കേരളത്തിലെ വികസനവും ജാതിയുമായുള്ള അഭേദ്യബന്ധം വ്യക്തമാകും. സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ ആകെയുള്ള പട്ടികജാതി കുടുംബങ്ങളുടെ 60 ശതമാനവും 25906 കോളനികളിലാണ് താമസിക്കുന്നത്. 4645 പട്ടികവര്‍ഗ കോളനികളിലാണ് 100897 പട്ടികവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്നത്. കേരളത്തിലെ ആകെയുള്ള പട്ടികവര്‍ഗ കുടുംബങ്ങളുടെ ഏതാണ്ട് 90% വരും ഇത്. ഒറ്റപ്പെട്ടു താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളുടെ എണ്ണം 214981 വരും. ഇതിന്റെ മുഖ്യപങ്കും റോഡ്-റെയില്‍വേ-കനാല്‍ പുറമ്പോക്കു കളിലാണ് (KILA സര്‍വ്വേ റിപ്പോര്‍ട്ട്- വിവരാവകാശരേഖ പട്ടികജാതി വികസന ഡയറക്‌ട്രേറ്റ് 12-05-2011). ഇതിലൊന്നാവാം ജിഷയുടെ കുടുംബം. ഭൂപരിഷ്‌കരണത്തില്‍ മിച്ചംവന്ന ദലിതുകളെ കുടിയിരുത്തുകയായിരുന്നല്ലോ ലക്ഷംവീട് കോളനികള്‍. ഇത്തരത്തില്‍ ദൃഷ്ടിയില്‍പെടാത്ത ഇടങ്ങളിലേക്ക് മാറ്റി നിര്‍മ്മിക്കപ്പെട്ട കോളനികളില്‍ വികസനത്തിന്റെ ഗുണഫലങ്ങള്‍ മിച്ചംവന്ന ഔദാര്യങ്ങളായാണ് എത്തിയത്. അടിസ്ഥാനസൗകര്യങ്ങള്‍പോലും പരിമിതപ്പെടുത്തി. (പട്ടികജാതിക്കാര്‍ക്ക് വീട് പണിയുന്നതിന് മൂന്നരലക്ഷം രൂപ എന്ന നിലയില്‍ പരിമിതപ്പെടുത്തിയപ്പോള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍പോലും വെയിറ്റിംഗ് ഷെഡ്ഡുകള്‍ പണിയുന്നതിന് 10-15 ലക്ഷങ്ങളാണ് നീക്കിവച്ചത്). സൂക്ഷ്മമായി പരിശോധിച്ചാല്‍ കേരളവികസനത്തിന്റെ സ്ഥൂലമായ ശരീരത്തില്‍ ഓടിക്കളിക്കുന്ന കൊടിയ ജാതിവിവേചനത്തിന്റെ സൂക്ഷ്മാണുക്കളെ കാണാം. കേരള നവോത്ഥാന കാലഘട്ടത്തില്‍ നടന്ന ഉന്നംതെറ്റിയ ജാതിവിരുദ്ധപോരാട്ടങ്ങളുടെയും തുടര്‍ന്നുണ്ടായ സവര്‍ണ ഉള്ളടക്കങ്ങളുള്ള വികസനപ്രക്രിയകള്‍ ജാതിയുടെ സാന്നിദ്ധ്യത്തെ അവഗണിച്ചതിന്റെയും ഫലമാണ് യഥാര്‍ത്ഥത്തില്‍ പാര്‍ശ്വവല്‍കൃ തസമൂഹങ്ങള്‍ ഇന്നു നേരിടുന്ന ദുരന്തജീവിതങ്ങള്‍ക്ക് മുഖ്യമായ കാരണം.

വ്യത്യസ്തമായ ജാതിവിഭാഗങ്ങള്‍ സമുദായങ്ങളായി ക്രോഡീകരി ക്കപ്പെടുകയും അവകാശങ്ങള്‍ക്കായി രാഷ്ട്രീയമണ്ഡലത്തില്‍ ഇടപെടലുകള്‍ നടത്തുന്നതുമാണ് നവോത്ഥാന കാലഘട്ടത്തില്‍ കണ്ട മുഖ്യമായ ഒരു പ്രക്രിയ. ഒട്ടേറെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ ഇക്കാലത്ത് സംഘടിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സാമുദായികമായി പുനഃസംഘടിക്കപ്പെട്ട കേരളസമൂഹത്തിന് ജാതി അവബോധങ്ങളെ അതിനുള്ളില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ കഴിഞ്ഞു. അതായത് കേരളത്തിലെ ഉന്നത ജാതിസമൂഹങ്ങള്‍ സമുദായവല്‍കരിക്കപ്പെടുമ്പോള്‍തന്നെ ജാതി അവബോധം കലര്‍പ്പില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഇക്കാലത്ത് കീഴാളസമൂഹങ്ങള്‍ അടിത്തട്ടില്‍ നടത്തിയ ജാതിവിരുദ്ധപ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയില്ലാതെ അവസാനിക്കുന്നത് കേരളവികസനത്തിന്റെ ആരംഭഘട്ടങ്ങളിലാണ്. ജാതി ഉള്ളടക്കങ്ങള്‍ ഉള്ളില്‍ സൂക്ഷിച്ചിരിക്കുന്ന സമുദായവല്‍കരി ക്കപ്പെട്ട പ്രബല സമുദായങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സമൂഹമായി പരിണമിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. ജാതിനിഷ്ഠമായ ആന്തരിക അവബോധം നിലനിര്‍ത്തിയിരുന്ന സവര്‍ണ്ണ സമുദായങ്ങള്‍ രാഷ്ട്രീയ സമൂഹത്തില്‍ നിര്‍ണ്ണായക സ്ഥാനം നിലനിര്‍ത്തുന്നതുകൊണ്ടുതന്നെ തുടര്‍ന്നുവന്ന വികസന പ്രക്രിയകളുടെ അടിസ്ഥാനം ജാതിഘടനയെ നിലനിര്‍ത്തുന്നതാ യിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഉയര്‍ന്നുവന്ന ദലിത്-ആദിവാസി സമൂഹങ്ങളിലെ ജിഷയെപ്പോലുള്ള ധൈഷണിക പ്രതിനിധാനങ്ങളെ തുടരാന്‍ അനുവദിക്കില്ല. പോലീസ് സ്റ്റേഷന്‍ മുതല്‍ നിയമനിര്‍മ്മാണ സഭവരെ പാര്‍ശ്വല്‍കൃത സമൂഹങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്നത് ഈ അവബോധത്തിന്റെ പ്രതിഫലനമാണ്. ജിഷ പ്രതിനിധീകരിക്കുന്ന അവഗണിത ശരീരങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ ഭരണ സമൂഹത്തിന് ഒട്ടും ഗൗരവമുള്ളതല്ല. അവരുടെ ജീവിതവും മരണവും തിരോധാനവും മാനഹാനിയും കൊല്ലപ്പെടലുമൊന്നും കേരളത്തിലെ സവര്‍ണ്ണ രാഷ്ട്രീയ-സമുദായ കൂട്ടായ്മകള്‍ക്ക് അലോസരമുണ്ടാക്കുന്നതല്ല.

എന്നാല്‍ ജാതിശരീരങ്ങളില്‍ നിന്നും പൗരശരീരത്തിലേക്ക് പ്രവേശിക്കുന്നവരുടെ ചെറുസംഘങ്ങള്‍ കേരളത്തില്‍ അങ്ങിങ്ങായി സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് ഉയര്‍ന്നുവരുന്നുണ്ട് എന്നത് തള്ളിക്കളയാവുന്ന കാര്യമല്ല. ജിഷ സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടുതന്നെ നിരവധി കൂട്ടായ്മകള്‍ ഒന്നിച്ചുവരികയുണ്ടായി. കേരളത്തിലെ കീഴാള സമൂഹങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ജാതിവിരുദ്ധ അവബോധങ്ങളെ പുനര്‍നിര്‍മ്മിച്ചുകൊണ്ട് ജാതിവിരുദ്ധവും വിവേചനരഹിത വുമായ ഒരു രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക-സാസ്‌കാരിക പൊതുമണ്ഡലം കേരളത്തില്‍ സാദ്ധ്യമാക്കുകയെന്നതാണ് ഏറ്റവും പരമപ്രധാനമായ കാര്യം.

*സഖാവ് മാസിക. 2016 ജൂണ്‍ ലക്കം.