"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 23, വ്യാഴാഴ്‌ച

പെരിനാട്ടു ലഹള - ദലിത്ബന്ധു എന്‍ കെ ജോസ്


കൊല്ലത്തിനടുത്തുള്ള പെരിനാട്ടില്‍ 1915-ല്‍ പുലയരും നായന്മാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ് പെരിനാട്ടു ലഹള എന്ന പേരിലറി യപ്പെടുന്നത്. അവിടെ പുലയരുടെ മേലുള്ള സവര്‍ണ്ണരുടെ മര്‍ദ്ദനം അതിന്റെ പാരമ്യത്തിലെത്തി. അയ്യന്‍കാളിയുടെ സ്വരം പെരിനാട്ടു പുലയര്‍ ശ്രവിക്കുകയും ചിലരെങ്കിലും അതേപ്പറ്റി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അതേപ്പറ്റി കാലേകൂട്ടി സവര്‍ണ്ണര്‍ അറിഞ്ഞു. പുലയരുടെമേലുള്ള പിടി ഒന്നുകൂടി മുറുക്കുവാന്‍ അവര്‍ തീരുമാനിച്ചു. അതിന്റെ ഫലമായി കൂലി കുറയ്ക്കുകയും ജോലിഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പകല്‍ മുഴുവന്‍ ജോലി ചെയ്താലും രാത്രി വിശ്രമത്തിനുള്ള അവസരം ലഭിക്കാതെയായി. തന്മൂലം യുവാക്കളില്‍ പിറുപിറുപ്പ് ദൃശ്യമായി. അവര്‍ അമര്‍ഷംകൊണ്ടു. ഗോപാലദാസന്‍, വിശാഖം തേവന്‍ തുടങ്ങിയവര്‍ അതിന് നേതൃത്വം കൊടുത്തു. കൂലിയായി കിട്ടുന്ന നെല്ല് ഭക്ഷണയോഗ്യമാക്കി മാറ്റി, ഭക്ഷണം കഴിഞ്ഞു രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ പലയിടത്തും ഒരുമി ച്ചുകൂടി തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനാരം ഭിച്ചു. അത് ചെറിയ യോഗങ്ങളായി പെരിനാട്ടും സമീപപ്രദേ ശങ്ങളിലും അത്തരം അനേകം യോഗങ്ങള്‍ ചേര്‍ന്നു. അവസാനം എല്ലാ യോഗങ്ങളും കൂടിചേര്‍ന്ന ഒരു പൊതുയോഗം നടത്തു ന്നതിന് നിശ്ചയിച്ച സ്ഥലമാണ് പെരിനാട്

പണിചെയ്താലും പട്ടിണിമാത്രം മിച്ചമെന്നു കണ്ട പലരും പണിക്കു പോകാതെയായി. പലരും 'പണിദിവസങ്ങള്‍ ജന്മിക്കു കാലേ കൂട്ടി വിറ്റു'കിട്ടുന്ന നെല്ലും പണവും വാങ്ങി' ദിവസങ്ങള്‍ കഴിച്ചുകൂട്ടി. അങ്ങനെ പുലയരില്‍ പൊതുവേകണ്ട മാറ്റം ജന്മിമാരെ ബോധവാന്മാ രാക്കി. നേതൃത്വം കൊടുക്കുന്നവരെ ഇല്ലായ്മ ചെയ്തില്ലെങ്കില്‍ പുലയര്‍ കൈവിട്ടുപോകുമെന്നു അവര്‍ കണക്കുകൂട്ടി. പ്രധാന നേതാവായ ഗോപാലദാസനെ വകവരുത്തുവാന്‍ അവര്‍ തീരുമാനിച്ചു. അതിനായിഒരു ചട്ടമ്പിയെ അവര്‍ ഏര്‍പ്പാടു ചെയ്തു; കൊല്ലേരി കൂരിനായര്‍. അയാളുടെയും കുടുംബത്തിന്റെയും പരിപൂര്‍ണ്ണ സംരക്ഷണം ജന്മിമാര്‍ ഏറ്റെടുത്തതോടെ അയാള്‍ പുലയക്കുടിലുകളില്‍ വിഹാരമാരംഭിച്ചു. വഴക്കു മന:പൂര്‍വ്വം ഉണ്ടാക്കുവാന്‍ അയാള്‍ ഓടിനടന്നു. തിരിച്ചടിക്കാതെ ജീവിതം മുന്നോട്ടു നീക്കുവാന്‍ നിര്‍വാഹമില്ലാത്ത അന്തരീക്ഷം പുലയര്‍ക്ക് സംജാതമായി. ആ പശ്ചാത്തലത്തിലാണ് പെരിനാട്ടു ഒരു വലിയ യോഗം ചേര്‍ന്നത്.

പുലയര്‍ യോഗം ചേരുന്നുവെന്നറിഞ്ഞ് അതു കലക്കാന്‍ കാലേകൂട്ടിത്തന്നെ ജന്മിഗുണ്ടകള്‍ അവിടെ എത്തി. യോഗസ്ഥല ത്തുവച്ചു തന്നെ പരസ്പരം ഏറ്റുമുട്ടി. ഇരുഭാഗത്തും വളരെപ്പേര്‍ക്ക് പരുക്കുപറ്റി. ജന്മിമാര്‍ കണക്കു കൂട്ടിയതിലേറെ പുലയര്‍ യോഗത്തില്‍ പങ്കെടുത്തു. അവര്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്തു. അതിനാല്‍ വിജയം പുലയരുടെ ഭാഗത്തായിരുന്നു. പ്രതികാരത്തിനുവേണ്ടി ജന്മികള്‍ വീണ്ടും തയ്യാറെടുത്തു. കൂടൂതല്‍ ആളെക്കൂട്ടിക്കൊണ്ടു നായര്‍ ഗുണ്ടകള്‍ പുലയരുടെ കുടിലുകള്‍ക്കു തീവെച്ചു. അന്നത്തെ ജന്മിതാല്‍പര്യ ങ്ങള്‍ സംരക്ഷിക്കുന്ന പത്രങ്ങള്‍ തന്നെ പറയുന്നതു 300 കുടിലുകള്‍ കത്തിനശിച്ചു എന്നാണ്. യഥാര്‍ത്ഥത്തില്‍ നടന്നത് അതിലും വളരെ കൂടുതലാണ് എന്നു അതുകൊണ്ടു തന്നെ വ്യക്തമാണ്. ഒരാഴ്ചയില ധികം കലാപം നീണ്ടുനിന്നു. പുലയര്‍ ഛിന്നഭിന്നമായി ആത്മരക്ഷാര്‍ത്ഥം പല വഴിക്കും ഓടി രക്ഷപ്പെട്ടു. തോല്‍വി പുലയരുടെ ഭാഗത്താണ് എന്നു കണ്ടതിനാല്‍ നിയമപാലകരും കണ്ണടച്ചു. അവസാനം പുലയരുടെ ഏതാനും പ്രതിനിധികള്‍ അയ്യന്‍കാളിയെ പോയി കണ്ടു. അദ്ദേഹം അന്ന് ഊരുട്ടമ്പലത്തു നടന്ന ലഹള ശമിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു.

അയ്യന്‍കാളി ഉടനെ പെരിനാട്ടെത്തി. അവിടെ അന്നു ക്രൈസ്തവ മിഷനറിയായി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എഡ്മണ്ട് എന്ന യൂറോപ്യന്‍ പാതിരിയെ ചെന്നുകണ്ടു. അദ്ദേഹവുമായി ചേര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ സൗകര്യം ഉണ്ടാക്കിക്കൊടുത്തു. എഡ്മണ്ടിന്റെ കീഴിലുണ്ടാ യിരുന്ന മിഷന്‍സ്‌കൂളുകള്‍ ഏതാനും നാളത്തേക്ക് അദ്ദേഹം പുലയരുടെ താമസത്തിനായി വിട്ടുകൊടുത്തു. അവര്‍ക്ക് തല്‍ക്കാലത്തേക്ക് ആഹാരവും വസ്ത്രവും കൊടുക്കുന്നതി നുള്ള ചുമതലയും അദ്ദേഹം ഏറ്റെടുത്തു.

അതു കഴിഞ്ഞു അയ്യന്‍കാളി കൊല്ലത്ത് എത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ കണ്ടു സംഭവത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്തി. പുലയരുടെ ഒരു പൊതുസമ്മേളനം വിളിച്ചുകൂട്ടി അവര്‍ക്കു നഷ്ടപ്പെട്ട ആത്മധൈര്യം വിണ്ടെടുക്കു വാന്‍ ഒരു ശ്രമം നടത്താന്‍ അയ്യന്‍കാളി ആലോചിച്ചു. പൊതുസമ്മേളനം തുടര്‍ന്നും സംഘട്ടനത്തിന് കാരണമായിത്തീ രുമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ഭയപ്പെട്ടു, അതിനാല്‍ അവര്‍ സമ്മേളനത്തിനുള്ള അനുവാദം നിഷേധിച്ചു, അന്നു ദിവാനായിരുന്ന കൃഷ്ണന്‍നായരെ അയ്യന്‍കാളി നേരില്‍ കണ്ടു. കൊല്ലത്തെ പേഷ്‌ക്കാരേയും അദ്ദേഹം കണ്ടു. അദ്ദേഹം അന്നു നിയമസഭാ മെമ്പറായിരുന്നു. ആ സ്വാധീനം ഉപയോഗിച്ച് സംഘട്ടനം ഉണ്ടാകുകയില്ല എന്നുറപ്പുണ്ടെങ്കില്‍ പൊതുയോഗം ചേരുവാനുള്ള അനുവാദം കൊടുക്കാമെന്ന് അവര്‍ സമ്മതിച്ചു. ഗോപാലസ്വാമി എന്ന പോലീസ് ഇന്‍സ്‌പെക്ടറുടെ സഹായത്തോടുകൂടി കൂടൂതല്‍ സംഘട്ടനമുണ്ടാകയില്ല എന്ന് അയ്യന്‍കാളി സര്‍ക്കാരിലേയ്ക്ക് ഉറപ്പുകൊടുത്ത് യോഗം ചേരുവാനുള്ള അനുവാദം വാങ്ങി.

പക്ഷെ അപ്പോള്‍ മറ്റൊരു പ്രശ്‌നം. കൊല്ലം നഗരത്തില്‍ ഒരു യോഗം ചേരുവാന്‍ അയ്യന്‍കാളിക്കു സ്ഥലം ലഭിച്ചില്ല. പുലയന് കൊല്ലം പട്ടണത്തില്‍ സ്ഥലമുണ്ടായിരുന്നില്ല. ഈഴവര്‍ക്കും നായര്‍ക്കും ക്രിസ്ത്യാനിക്കും മുസ്ലീമിനും സര്‍ക്കാരിനും കൊല്ലത്തു സ്ഥലമുണ്ടായിരുന്നു. പക്ഷെ അവരാരും അയ്യന്‍കാളിയോടു സഹകരിക്കാന്‍ തയ്യാറായില്ല. അന്ന് കൊല്ലത്ത് റയില്‍വേസ്റ്റേഷനു സമീപമുള്ള മൈതാനത്ത് സര്‍ക്കസ് നടത്തിക്കൊണ്ടിരുന്ന ഒരു കമ്പനി അവരുടെ കാമ്പൗണ്ട് യോഗം ചേരുവാന്‍ അനുവദിച്ചുകൊടുത്തു. പ്രസ്തുത സര്‍ക്കസ് കമ്പനിയുടെ ഉടമസ്ഥ മലബാര്‍ സ്വദേശിനി രത്‌നാഭായി എന്ന ഒരു തീയ്യവനിതയായിരുന്നു എന്നത് ഇത്തരുണത്തില്‍ പ്രത്യേകം സ്മരണീയമാണ്. സ്ഥലം അവര്‍ക്ക് വാടകയ്ക്ക് ലഭിച്ചതു മായിരുന്നു. പുലയരുടെ തിരുവിതാംകൂറിലെ ആദ്യത്തെ വിപുലമായ സമ്മേളനം അങ്ങനെ കൊല്ലത്ത് വച്ച് 1915-ല്‍ ചേര്‍ന്നു. (കൊച്ചിയിലെ പുലയരുടെ ആദ്യത്തെ സമ്മേളനം എറണാകുളത്ത് അവര്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതിനാല്‍ എറണാകുളം കായലില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതിന്മേല്‍ 1912 ല്‍ കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ നടന്നു. തിരുവിതാം കൂറിലായാലും കൊച്ചിയിലായാലും പുലയരോടുള്ള മനേഭാവത്തില്‍ ഭേദമില്ലായിരുന്നു) കൊല്ലത്ത് ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എന്ന നായര്‍ നേതാവായിരുന്നു അദ്ധ്യക്ഷന്‍. അദ്ദേഹം അന്ന് നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കകത്ത് മന്നത്തുപത്മനാഭ പിള്ളയുടെ പ്രതിയോഗിയായിരുന്നു.5 നാലായിരത്തിലേറെ പുലയര്‍ പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചു എന്ന് മലയാളി ദിനപ്പത്രം അക്കാലത്ത് റിപ്പോര്‍ട്ടു ചെയ്തു.

'നായരും പുലയരും തമ്മില്‍ സാമുദായികമായി യാതൊരു വിരോധമോ മത്സരമോ ഇല്ലെന്നും ഈ സമുദായക്കാര്‍ രഞ്ജിപ്പായി അന്യോന്യം സ്‌നേഹത്തോടു കൂടി കഴിഞ്ഞു പോവുകയാണെന്നും ഈ സഭ അഭിപ്രായപ്പെടുന്നു' എന്നുള്ള ഒന്നാമത്തെ നിശ്ചയത്തെപ്പറ്റി പ്രസംഗിച്ചത് മിസ്റ്റര്‍ രാമന്‍തമ്പി യായിരുന്നു. അദ്ദേഹമാണ് പിന്നീട് ജസ്റ്റീസ് രാമന്‍തമ്പിയായത്. ഈഴവര്‍ക്കായി സവര്‍ണ്ണ ക്ഷേത്രങ്ങള്‍ തുറന്നുകൊടുക്കണമെന്ന് കൊല്ലത്ത് ശ്രീനാരായണഗുരുവിന്റെ ജന്മദിന സമ്മേളനത്തില്‍ പ്രസംഗിച്ചതും അദ്ദേഹം തന്നെയാണ്. സി.കേശവന്റെ കോഴച്ചേരി പ്രസംഗത്തിന് എതിരേയുള്ള കേസ് കേട്ടതും കേശവനെ തടങ്കല്‍ ശിക്ഷയ്ക്ക് വിധിച്ചതും അദ്ദേഹം തന്നെയാണ്. മി. അയ്യന്‍കാളി തന്റെ സമുദായാംഗങ്ങളോട് പരിഷ്‌കൃതരീതി യിലുള്ള ദേഹാച്ഛാദനം, നായരോട് അനുസരണം എന്നീ ഗുണങ്ങളുള്ളവരായിരിക്കണമെന്ന് ഉപദേശിച്ചു. ആചാരനടപടി കളിലും വേഷത്തിലും നടപ്പിലും മറ്റും മാറ്റം വരുത്തുമ്പോള്‍ നായര്‍ക്കു ചിലപ്പോള്‍ രസമുണ്ടായില്ലെന്നു വരാമെന്നും എന്നാല്‍ തങ്ങള്‍ ക്ഷമയാടുകൂടിയിരിക്കണമെന്നും മി. അയ്യന്‍കാളി പറയുകയുണ്ടായി.

'പുലയസ്ത്രീകള്‍ കല്ലയും മാലയുമാണല്ലോ പണ്ടുപണ്ടേ മുതല്‍ ധരിച്ചുവന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജനപരിപാലന സംഘത്തിന്റെ ശ്രമത്താല്‍ ഈ ആഭരണം ഇപ്പോള്‍ ഒരു പുലയിയും അണിഞ്ഞുവരുന്നില്ലെന്നും അവര്‍ റവുക്കധരിച്ച് അര്‍ദ്ധനഗ്‌നത്വത്തെ ദൂരീകരിച്ചിരിക്കുന്നുവെന്നും പെരിനാട്ടുവച്ച് അങ്ങനെ ചെയ്യുന്നതിനുള്ള വിരോധംകൊണ്ടാണ് ചില നായന്മാര്‍ വഴക്കുണ്ടാക്കിതീര്‍ത്തതെന്നും ഇപ്പോള്‍ ഈ മഹാസഭയില്‍വച്ചു തന്നെ അക്കാര്യം നടത്തുന്നതിന് (കല്ലയും മാലയും അറുത്തു കളയുന്നതിന്) നായര്‍ മഹാന്മാരോട് താന്‍ അനുവാദം ചോദിക്കുന്നുവെന്നും മി. അയ്യന്‍കാളി പ്രസ്താവിച്ചു... മി. അയ്യന്‍കാളി ആവശ്യപ്പെടുന്നതു പോലെ ഈ സദസ്സില്‍വച്ചു തന്നെ പുലയസ്ത്രീകള്‍ കല്ലയും മാലയും അറുത്തുകളഞ്ഞു കൊള്ളുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ്ണസമ്മത മുണ്ടെന്ന് അദ്ധ്യക്ഷന്‍ (കെ. പരമേശ്വരന്‍പിള്ള ബി.ഏ.ബി.എല്‍ അവര്‍കള്‍) ഹസ്തതാഡന മദ്ധ്യേ വാഗ്ധാടിയോടുകൂടി പറഞ്ഞവസാനിപ്പിച്ചു.

'...മി. അയ്യന്‍കാളി പുലയസ്ത്രീകളുടെ ഇടയില്‍ നിന്നും രണ്ടു പുലയയുവതികളെ വിളിച്ചു സദസ്യരുടെ മുമ്പില്‍ വരുത്തി അവരുടെ കഴുത്തിലെ കല്ലയും മാലയും അറുത്തുകളയുവാന്‍ എല്ലാവരും സമ്മതിച്ചിരിക്കുന്നുവെന്നും അവര്‍ അങ്ങനെചെയ്തു കൊള്ളാമെന്നു പറയുകയും ഉടനെ അവര്‍ പിശ്ശാങ്കത്തി കൊണ്ട് മാല അറുത്തുകളയുകയും ചെയ്തു... യോഗത്തില്‍ എത്തിയിരുന്ന എല്ലാ പുലയസ്ത്രീകളും ഉടനെ അവരുടെ മാല അറുത്തു കളയുന്ന ജോലി ധൃതിയില്‍ നടത്തി ആനന്ദഭരിതരായി കാണപ്പെട്ടു.'എന്ന് അയ്യന്‍കാളി സ്മാരക ഗ്രന്ഥത്തില്‍ പറയുന്നു.6

പെരിനാട്ടു ലഹളയുടെ യഥാര്‍ത്ഥഫലം പുലയരുടെ വസ്ത്രധാരണ സ്വതന്ത്ര്യമായിരുന്നു. അതേപ്പറ്റി മന്നത്തു പത്മനാഭ പിള്ള തന്റെ 'ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള: ഒരു ലഘു വിമര്‍ശനം''എന്ന കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത് താഴെ ഉദ്ധരിക്കുന്നു.

'...പുലയരുടെ കഴുത്തില്‍ പളുങ്കുമാല ധരിക്കരുതെന്ന് ഒരു പുലയ സമുദായ പ്രവര്‍ത്തകന്‍ (മന്നത്തു പദ്മനാഭന് അയ്യന്‍കാളിയെ അറിയില്ലപോലും) പ്രസംഗിച്ചതും നാട്ടിന്‍ പുറത്തെ ഏതോ ഒരു നായര്‍ അവരെ പളുങ്കുമാല ധരിക്കാന്‍ നിര്‍ബന്ധിച്ചതും രണ്ടുകൂട്ടരുടെയും വിവരക്കേടും വാശിയും കൊണ്ട് അത് അടിപിടിയിലും തീവയ്പിലും കലാശിച്ചതും അന്നത്തെ നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍പ്പെട്ട വസ്തുതക ളാണ്. ഏതാനും മാസം തുടര്‍ച്ചയായി നടന്ന ഈ ക്രൂരസംഭവ ങ്ങളുടെ പരിഹാരത്തിനായി ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എന്താണ് ചെയ്തത് എന്നാണു നമുക്കു നോക്കുവാനുള്ളത്. ഇരു കക്ഷികളും ഒരുവിധം തളര്‍ന്നപ്പോള്‍ കൊല്ലത്തുവച്ച് അയ്യന്‍കാളിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും മുഖാന്തിരം പുലയരുടെയും നായരുടെയും ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടി. ചങ്ങനാശ്ശേരി ആ യോഗത്തില്‍ അദ്ധ്യക്ഷനായി. പുരയ്ക്കു തീവച്ചതും പുലയരെ അടിച്ചതും അക്രമമാണെന്നും കഴുത്തില്‍ കിടക്കുന്ന മാലകളെല്ലാം ഇപ്പോള്‍ തന്റെ മുമ്പാകെ കൂട്ടണ മെന്നും പ്രസംഗിച്ചു.'7

നാട്ടിന്‍പുറത്തെ ഏതോ ഒരു നായര്‍ പളുങ്കുമാല ധരിക്കുവാന്‍ അവരെ നിര്‍ബന്ധിച്ചതുമൂലം ക്രൂരമായ സംഭവങ്ങള്‍ ഏതാനും മാസക്കലാം നടന്നു. ചരിത്രത്തെ എത്ര ഹീനമായി കൈകാര്യം ചെയ്യുന്നു എന്നു ശ്രദ്ധിച്ചാലും. അതിന്റെ അടിസ്ഥാനത്തില്‍ പുലയരെ നായര്‍ അടിച്ചത് അക്രമമാണെന്ന് ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള പ്രസംഗിച്ചതാണ് അക്രമമെന്ന ധ്വനി അതിലുണ്ടല്ലൊ. അതുപോലെ പളുങ്കുമാല പൊട്ടിക്കുവാന്‍ ചങ്ങനാശ്ശേരി അനുവാദം കൊടുത്തതുംതെറ്റായിപ്പോയിപോലും.

ഈ മന്നത്തു പത്മനാഭപിള്ളതന്നെയാണ് 9 വര്‍ഷത്തിനു ശേഷം പുലയരുള്‍പ്പെടെയുള്ളവര്‍ക്കു വഴിനടക്കാനുള്ള അനുവാദ ത്തിനായി വൈക്കത്തു നിന്നും തിരുവനന്തപുരം വരെ ഒരു സവര്‍ണ്ണജാഥ കാല്‍നടയായി നയിച്ചത്. അതിനും ശേഷമാണ് അദ്ദേഹം 'ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള: ഒരു ലഘുവിമര്‍ശനം' എന്ന ഗ്രന്ഥം രചിച്ചത്‌