"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 16, വ്യാഴാഴ്‌ച

ഹിന്ദുമതത്തിന്റെ ആധികാരികത - ശശിക്കുട്ടന്‍ വാകത്താനം


ഹിന്ദുമതം എന്നൊരു മതത്തെക്കുറിച്ച് ആധികാരികമെന്നു പറയാവുന്ന പ്രസ്താവന ഉള്ളത് സര്‍ക്കാര്‍ രേഖകളില്‍ മാത്രമാണ്. സര്‍ക്കാര്‍ രേഖകളിലാകട്ടെ ജാതി എന്ന കോളത്തില്‍ നമ്പൂതിരി, നായര്‍, ഈഴവര്‍, വിശ്വകര്‍മ്മജര്‍, സാംമ്പവര്‍, ചേരമര്‍ എന്നിങ്ങനെ എഴുതി ചേര്‍ക്കേണ്ടിയും വരുന്നു. മതം എന്ന് എഴുതുന്നിടത്ത് ഹിന്ദു എന്നെഴുതാന്‍ നിര്‍ബന്ധിതനാകുന്നു. ഇതിന്റെ അടിസ്ഥാനം എന്താണെന്ന് ഇന്നും അവ്യക്തമായിരി ക്കുന്നു. ചുരുക്കത്തില്‍ മുസ്ലീം, ക്രിസ്ത്യാനി, സിഖ്, ബുദ്ധ, ജൈന, പാഴ്‌സിയും കഴിഞ്ഞു വരുന്ന എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് ഹിന്ദുവാക്കുക വഴി സംഭവവിച്ചത് ഹിന്ദുവിന്റെ അവകാശമെല്ലാം 15 ശതമാനം മാത്രം വരുന്ന ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും(ത്രൈവര്‍ണ്ണികര്‍) അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇവിടുത്തെ ഭൂരിപക്ഷം വരുന്ന പിന്നോക്കക്കാരും പട്ടികജാതിക്കാരും ആദിവാസിയും എല്ലാം ഹിന്ദുക്കളായി മുദ്രകുത്തപ്പെട്ടത് അവരുടെ ആരുടെയെങ്കിലും അനുവാദം വാങ്ങിക്കൊണ്ടായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഇതില്‍ പാലി ച്ചിരുന്നുമില്ല. അതുവഴി സംഭവിച്ചതാകട്ടെ ഹിന്ദുക്കള്‍ എന്നഭിമാനിച്ചു നടക്കുന്നവര്‍ നിരന്തരം സവര്‍ണ്ണന്റെ ചവിട്ടടിയിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ന്യൂനപക്ഷമെന്ന പേരില്‍ മറ്റുള്ളവര്‍ അനുഭവിക്കുന്ന ആനുകൂല്യം ഒറ്റയ്‌ക്കെടു ത്താല്‍ ഇവര്‍ക്കും കിട്ടേണ്ടതാണ്. ജാതിപ്രകാരം നിലനില്‍ക്കുന്ന സംവരണ തത്ത്വം പലപ്പോഴും പാലിക്കപ്പെടുന്നുമില്ല. എന്നു മാത്രമല്ല സംവരണം പാലിക്കുന്നതില്‍ സവര്‍ണ്ണര്‍ എതിരുമാണ്. സമീപകാലത്ത് ഗുജറാത്തില്‍ സംവരണത്തിനുവേണ്ടി പട്ടേല്‍മാര്‍ നടത്തിയ സമരവും ആന്ധ്രയിലെ കാപ്പു വിഭാഗക്കാര്‍ നടത്തിയ സമരവും വിചിത്രമായ ഒന്നായിരുന്നു. ഇവര്‍ രണ്ടു വിഭാഗങ്ങളും സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാവുന്ന വിഭാഗത്തിനു പുറത്തുള്ളവരായിരുന്നു. ഇവരെ ഒ ബി സി പട്ടികയില്‍ പെടുത്തണമെന്നായിരുന്നു അവര്‍ മുന്നോട്ടുവച്ച മുദ്രാവാക്യം. സംവരണംതന്നെ അട്ടിമറിക്കുകയാണ് ഇത്തരം സമരത്തിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ജാതിവ്യവസ്ഥ എന്ന അടിമത്വം ചരിത്രകാലം മുതല്‍ ഇന്നും തുടര്‍ന്നു പോരുന്നു എന്നതുതന്നെയാണ് നാം അനുഭവിക്കുന്ന ദുരന്തം. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയും ശാസ്ത്ര- സാങ്കേതിക രംഗങ്ങള്‍ വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴും പതിനാറാം നൂറ്റാണ്ടിനു പുറകിലേക്ക് ഇന്ത്യയെ നയിക്കാനുമാണ് സവര്‍ണ്ണത്വത്തെ ചുമക്കുന്നവര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ പേരില്‍ വരേണ്യതയെ സ്ഥാപിച്ചെടുക്കാന്‍ മറപിടിച്ചുകൊണ്ട് അധികാരത്തില്‍ മോദി തുടരുകയും ചെയ്യുന്ന സാഹചര്യം സാമ്രാജ്യത്വമൂലധനത്തിന്റെ ആധിപത്യത്തിന് വളം വച്ചുകൊടുക്കുകയും ചെയ്യുന്നു. ലോകത്തെവിടെയും വംശീയ വാദവും ഗോത്രവാദവും ഉയര്‍ത്തിക്കൊണ്ടു വരുന്നതിനൊപ്പം ഇന്ത്യയില്‍ മത-ജാതി വാദം ഉയര്‍ത്തി സാമ്രാജ്യത്വത്തെ ശക്തിപ്പെടുത്തുകയും അതുവഴി വരേണ്യതയെ സ്ഥാപിക്കാനു മാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഉപകരണം മാത്രമാണ് മോദി. ഇന്ന് കോര്‍പ്പറേറ്റ് മൂലധനാധി പത്യം ജാതികളെയും ഉപജാതികളെയും ചെറിയഗ്രൂപ്പുകളാക്കി ക്കൊണ്ട് നിലനില്‍ക്കുന്ന ഐക്യത്തെപ്പോലും തകര്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കേ ണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങളല്ല അവകാശങ്ങളാണ് കൊടുക്കേണ്ടത്. ഹിന്ദുത്വത്തിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാത്തരം കൊള്ളകളും ആത്യന്തിക മായും ചെന്നുചേരുന്നത് ഇവിടുത്തെ അവര്‍ണ്ണ പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങളുടെ മേലാണ്. എല്ലാക്കാലത്തും അവരും മുസ്ലീങ്ങള്‍ക്കൊപ്പം സവര്‍ണ്ണവിഭാഗത്തിന്റെ ശത്രുക്കളായിരുന്നു.