"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 5, ഞായറാഴ്‌ച

കേരളചരിത്രത്തിലെ അയ്യന്‍കാളി - ദലിത്ബന്ധു എന്‍ കെ ജോസ്

കേരളചരിത്രത്തില്‍ അയ്യന്‍കാളി എവിടെയാണ്? രാജാക്കന്‍ മാരുടെയും ദളവാമാരുടെയും വീരകഥകളും അപദാനങ്ങളും കൈകാര്യം ചെയ്യുന്ന കേരളചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ആധുനികകാലത്തെ മറ്റൊരു സാമൂഹ്യപ്രവര്‍ത്തകനാണ് അയ്യന്‍കാളി. 'അയിത്തത്തി നെതിരെ നടത്തിയ പ്രക്ഷോഭണത്തില്‍ അദ്ദേഹം അനുഷ്ഠിച്ച സേവനങ്ങളെ അനുസ്മരിക്കേണ്ടതാണ്'1 എന്ന പരാമര്‍ശനത്തിനു മാത്രം അര്‍ഹനാണ് അയ്യന്‍കാളി എന്നുകരുതുന്ന ചരിത്രകാരന്മാരാണ് ഇന്നുള്ളത്. അയിത്തം ഇന്ന് ഭരണഘടനാപ്രകാരം തന്നെ നിരോധിച്ചിട്ടുണ്ട്. അത് അയ്യന്‍കാളി യുടെയും അയ്യന്‍കാളിയെ പ്പോലുള്ളവരുടെയും ശ്രമഫലമാണ് എന്ന് ആരും പറയാന്‍ തയ്യാറില്ല. സവര്‍ണ്ണരുടെ സന്‍മനോഭാവ ത്തിന്റെ ഫലമായി സമയമായപ്പോള്‍ അവര്‍ണ്ണര്‍ക്കു അനുവദിച്ചുതന്ന ഒരു അനുഗ്രഹമായിട്ടാണ് പലരും അതിനെ കാണിക്കുന്നത്. എന്നാല്‍ അയിത്തത്തിന്റെ സ്രോതസ്സ് ആയ ജാതി ഇന്നും നിരോധിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല അംഗീകരിക്കപ്പെട്ടി ട്ടുമുണ്ട്. പല അപേക്ഷ ഫാറങ്ങളിലും ജാതി ഏത് എന്ന ചോദ്യമുണ്ട്. ജാതി അടിസ്ഥാനത്തിലും മതത്തിന്റെ അടിസ്ഥാന ത്തിലുമാണല്ലോ ഇന്ന് സംവരണം നിലനില്‍ക്കുന്നത്. കേരളാ ഹിസ്റ്ററി അസോസിയേഷന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രസിദ്ധീകരിച്ച 2500 പേജുള്ള 'കേരളചരിത്രം''എന്ന ഗ്രന്ഥത്തില്‍ രണ്ടര പേജ് അയ്യന്‍കാളിക്കായി നീക്കിവച്ചിണ്ട്. 0.01 ശതമാനം.

1970 ലും 1972 ലുമായി കേരള സര്‍ക്കാരിന്റെ റീജനല്‍ സര്‍വ്വെ കമ്മറ്റി കണ്‍വീനര്‍ എന്നനിലയില്‍ പ്രൊ.പി.കെ.കെ. മേനോന്‍ എഴുതി സര്‍ക്കാരില്‍നിന്നും പ്രസിദ്ധീകരിച്ച The History of the Freedom Movement in Kerala എന്ന രണ്ടുവാല്യങ്ങളായി 600 പേജുള്ള ഗ്രന്ഥത്തില്‍ അയ്യന്‍കാളിയുടെ പേരുപോലുമില്ല. ഏ.ഡി. 1600 മുതല്‍ 1938 വരെയുള്ള കേരളത്തിലെ സ്വാതന്ത്ര്യ സമരചരിത്രമാണ് ആഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്തിട്ടുള്ളത് എന്നതും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. അയ്യന്‍കാളിയുടെ നിര്യാണത്തിന് മൂന്നുവര്‍ഷം മുമ്പുവരെയുള്ള കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രമാണ് അതിലുള്ളതുപോലും. ശേഷിച്ച ആ മൂന്നുവര്‍ഷം അയ്യന്‍കാളി പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ച് സ്വന്തം ഭവനത്തില്‍ ശാന്തനായി കഴിയുകയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പൊതുപ്രവര്‍ത്തിന്റെയും കാലത്തെ ചരിത്രത്തില്‍നിന്നാണ് അദ്ദേഹം തൂത്തുമാറ്റപ്പെട്ടത്. അതും കേരളസര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍! സ്വാതന്ത്ര്യം ലഭിച്ചു കാല്‍നൂറ്റാണ്ടുകഴിഞ്ഞിട്ടും കേരളസര്‍ക്കാര്‍ അയ്യന്‍കാളിയെ അറിഞ്ഞിട്ടില്ല എന്നാണല്ലോ അതിന്റെ അര്‍ത്ഥം.2 1980ല്‍ അദ്ദേഹത്തിന്റെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത് അദ്ദേഹത്തെ ആദരിക്കുന്ന ജനങ്ങളെ കബളിപ്പിക്കാനായിരുന്നു എന്നുമാണല്ലോ അതിന്റെ അര്‍ത്ഥം. സ്വാതന്ത്ര്യത്തിന്റെ ചരിത്രമാണ് ആ ഗ്രന്ഥത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നതുപോലും അയ്യന്‍കാളി ഇല്ലാത്ത എന്തു സ്വാതന്ത്ര്യ സമരമാണ് കേരളത്തില്‍ നടന്നത്? പാരതന്ത്ര്യം ഉള്ളവര്‍ക്കാണ് സ്വാതന്ത്ര്യം വേണ്ടത്. പാരതന്ത്ര്യം കൂടുതല്‍ ഉള്ളവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണം. അയ്യന്‍കാളിക്കും അദ്ദേഹത്തിന്റെ ജനത്തിനും ഉണ്ടായിരുന്നത്ര പാരതന്ത്ര്യം അന്നിവിടെ വേറെ ആര്‍ക്കാണ് ഉണ്ടായിരുന്നത്? ഇന്നും ഒരു പരിധിവരെ സ്ഥിതി അതല്ലേ? അവര്‍ അന്ന് അതനുഭവിച്ചു കൊണ്ട് അടങ്ങിയിരിക്കുകയായിരുന്നില്ല. അവരിലെ അപൂര്‍വം ചിലരെങ്കിലും അതിനോട് അമര്‍ഷം പ്രകടിപ്പിച്ചിട്ടുണ്ട്. അയ്യന്‍കാളി പൊതുരംഗത്ത് പ്രവേശിച്ച 1893 ലെ തിരുവിതാം കൂറിലെ ദലിതരും അദ്ദേഹം പൊതുരംഗത്തുനിന്നും വിരമിച്ച 1938 ലെ തിരുവിതാംകൂറിലെ ദലിതരും തമ്മിലുള്ള വ്യത്യാസ മാണ് ആ 45 വര്‍ഷക്കാലം അയ്യന്‍കാളിയും അനുയായികളും ഇവിടെ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുകയായിരുന്നു എന്നതിന് തെളിവ്.തിരുവിതാംകൂറിനെ ഇംഗ്ലീഷുകാര്‍ക്കു തീറെഴുതിയിട്ടും സ്വന്തം കാര്യം നേടാതെവന്നപ്പോള്‍ അവരുടെ ഇവിടുത്തെ ഉദ്യോഗസ്ഥ ന്മാരു മായി പിണങ്ങി വഴക്കടിച്ചു പരാജയപ്പെട്ട് ആത്മഹത്യ ചെയ്ത വേലുത്തമ്പി ദളവായെപ്പറ്റി ആ ഗ്രന്ഥത്തില്‍ ഒരു അധ്യായം തന്നെയുണ്ട്.3 ആ ഗ്രന്ഥം സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തവര്‍ക്ക് സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ബോധം ശ്രദ്ധിക്കപ്പെണ്ടേ താണ്. ഇംഗ്ലീഷുകാര്‍ക്കെതിരെ മാത്രമല്ല മൈലാപ്പൂര്‍കാരനായ സര്‍ സി.പി.രാമസ്വാമിഅയ്യര്‍ എന്ന തിരുവിതാംകൂര്‍ ദിവാനെതിരെയും മുഷ്ടിചുരുട്ടുന്നത് ആ ഗ്രന്ഥത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ പെടും.

സര്‍ സി.പി. ഇന്ത്യക്കാരനായിരുന്നു. തിരുവിതാംകൂര്‍ രാജാവാണ് അദ്ദേഹത്തെ ഇവിടത്തെ ദിവാനായി നിയമിച്ചത്. ആ രാജാവിനെതിരെ യാതൊരു സമരവുമുണ്ടായിരുന്നില്ല. സര്‍.സി.പി.യ്‌ക്കെതിരയുള്ള പ്രക്ഷോഭണത്തിന്റെ ഭാഗമായി ചേര്‍ന്ന പ്രതിഷേധയോഗങ്ങളിലും ഒന്നാമത്തേതു രാജഭക്തി പ്രമേയമായിരുന്നു. സര്‍.സി.പി.എന്ന ദിവാനെതിരെ പത്തു വര്‍ഷക്കാലം നിരന്തരമായി തിരുവിതാംകൂറിലെ എണ്‍പതു ശതമാനം ആളുകളും പ്രതിഷേധിക്കുകയും പലരും ജീവത്യാഗം ചെയ്യുകയും ചെയ്തിട്ടും അയാളെ പിരിച്ചുവിടാതെ അവിടെ ത്തന്നെ ആ രാജാവ് പിടിച്ചിരുത്തി. അവസാനം അയാള്‍ സ്വയം പിരിഞ്ഞുപോകാന്‍ തയ്യാറായപ്പോള്‍ അതിനെ തടയാന്‍ ശ്രമിക്കുകയാണ് ആ രാജാവ് ചെയ്തത്. ആ രാജാവിനോടുള്ള ഭക്തിയാണ് ഇവിടുത്തെ സ്വാതന്ത്ര്യദാഹക്കാരുടെ മുഖമുദ്ര. നടത്തുകാരനോട് തെറിപറയാതെ നേരേ ചെന്ന് ജന്മിയോടു കാര്യം ചോദിക്കാന്‍ കഴിവും നട്ടെല്ലുമില്ലാത്തവരുടെ വീരഅപദാനങ്ങളാണ് ഇന്നും ഇവിടുത്തെ സ്വാതന്ത്ര്യസമര ചരിത്രം. എന്നാല്‍ ആ സര്‍ സി.പി അദ്ദേഹത്തിനെതിരെ സമരം നടത്തിയവരുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ നിഷേധിച്ചിരുന്നില്ല. അവര്‍ക്കെല്ലാം അന്നും വഴി നടക്കാമായിരുന്നു, തുണിയുടുക്കാ മായിരുന്നു, (മുണ്ടും ജുബ്ബയും ഗാന്ധിതൊപ്പിയും വച്ചായിരുന്നു സമരം നടത്തിയത്) അക്ഷരം പഠിക്കാമായിരുന്നു. അര്‍ഹമായ അസംബ്ലി സ്ഥാനങ്ങളും സര്‍ക്കാര്‍ ഉദ്യോഗങ്ങളും മറ്റുമാണ് അദ്ദേഹം നിഷേധിച്ചത്. അത് പിടിച്ച് വാങ്ങിക്കാന്‍ നടത്തിയ സമരം സ്വാതന്ത്ര്യ സമരമാണ്. വഴിനടക്കുക, തുണിയുടുക്കുക, അക്ഷരം പഠിക്കുക തുടങ്ങിയവ നിഷേധിക്കപ്പെട്ടവര്‍ അത് പിടിച്ചുവാങ്ങിക്കാന്‍ നടത്തിയ ശ്രമം സ്വാതന്ത്ര്യ സമരത്തില്‍ പ്പെടുകയില്ല. എന്തൊരു സ്വാതന്ത്ര്യബോധം? ആ സ്വാതന്ത്ര്യ സമരം നടത്തിയ സംഘടന സ്ഥാപിതമായതിന്റെ സപ്തതി വര്‍ഷമാണ് 2009. ആ വിവരം അതിന്റെ പിന്‍ഗാമികള്‍ മറന്നുവെന്നു തോന്നുന്നു. (എന്നാലവര്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചിരുന്നു)

മനുഷ്യന്റെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ ജീവത്യാഗസമരങ്ങള്‍ വെറും ലഹളകളാണ്. ചാന്നാര്‍ലഹള, പുലയലഹള, ഈഴവലഹള, മാപ്പിളലഹള, വയലാര്‍ലഹള തുടങ്ങിയവ. 1857 ല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിലെ ശിപായികളില്‍ ഒരു വിഭാഗം ഇംഗ്ലീഷ് സര്‍ക്കാരിനെതിരായി നയിച്ച സമരം പരാജയപ്പെട്ടതിനാല്‍ ലഹളയായി (ശിപായി ലഹള) ചിത്രീകരിച്ച4 ഇംഗ്ലീഷ് ചരിത്രകാരന്‍മാര്‍ തന്നെയാണ്, അല്ലെങ്കില്‍ അവരുടെ പ്രേതങ്ങള്‍ തന്നെയാണ്, ഇന്നും കേരളസര്‍ക്കാരിന്റെ ചരിത്രരംഗങ്ങളെല്ലാം കയ്യടക്കിയിരിക്കുന്നത്. അന്ന് പരാജയപ്പെട്ട സമരങ്ങളെയാണ് ലഹളയായി ചിത്രീകരിച്ചതെങ്കില്‍ ഇന്ന് വിജയിച്ച സമരങ്ങളും ലഹളകളാണ്. പക്ഷെ അവയും നടത്തിയത് ഇന്ത്യാക്കാരാണ്. ഇന്ത്യയിലെ ദലിതരാണ്. മാറുമറയ്ക്കുന്നതിനുള്ള അവകാശ ത്തിനുവേണ്ടി സമരംചെയ്തു വിജയിച്ചു. മാറുമറച്ചു. ഇന്നും മറച്ചുകൊണ്ടിരിക്കുന്നു. പക്ഷെ അതിനുവേണ്ടി നടന്ന സമരം ചന്നാര്‍ ലഹളയാണ്. അക്ഷരം പഠിക്കാനുള്ള അവകാശ ത്തിനുവേണ്ടി സമരം ചെയ്തു വിജയിച്ചു. ഇന്ന് മലയാള അക്ഷരമെങ്കിലും പഠിക്കുന്നു. പക്ഷെ സമരം പുലയ ലഹളയാണ്. സമരങ്ങള്‍ വിജയിച്ചൂവെങ്കിലും അധികാരം പിന്നെയും പരാജിതരുടെ കൈകളില്‍ തന്നെയായിരുന്നു. സമരം അധികാര ത്തിനു വേണ്ടിയുള്ളതായിരുന്നില്ല; പ്രാഥമിക ജീവിതാവശ്യ ങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നു. അഥവാ അന്തിമസമരവും അന്തിമവിജയവും ഇനിയും നടക്കേണ്ടതായിട്ടാണ് ഇരിക്കുന്നത് എന്നാണിതിന്റെ അര്‍ത്ഥം. അന്തിമവിജയം വരെയും നടത്തുന്ന സമരങ്ങളെല്ലാം ലഹളകളാണ്. കാരണം അവയുടെ ചരിത്രം എഴുതുന്നത് സവര്‍ണ്ണരാണ്. (അന്തിമവിജയം ലഭിച്ചുകഴിഞ്ഞിട്ടു വേണം ഈ ചരിത്രം പൂര്‍ണ്ണമായും മാറ്റി എഴുതേണ്ടത്.)

ചാന്നാര്‍ സ്ത്രീകള്‍ റവുക്ക ധരിച്ചപ്പോള്‍ അത് നായര്‍ യുവാക്കള്‍ ബലമായി വലിച്ചുകീറി മുലഞെട്ടില്‍ ചിരട്ട ഘടിപ്പിച്ചത് ലഹളയല്ല, അവര്‍ റവുക്ക ധരിച്ചതാണ് ലഹള. അല്ലെങ്കില്‍ അതിനു നായര്‍ലഹള എന്നല്ലേ പേരിടേണ്ടിയിരുന്നത്? ചാന്നാര്‍ സ്ത്രീകള്‍ മാറുമറയ്ക്കാനാരംഭിച്ചിട്ടും നായര്‍ സ്ത്രീകള്‍ അന്നും മാറുമറയ്ക്കാനാരംഭിക്കാത്തതില്‍ ലഹളക്കാരായ നായര്‍ യുവാക്കള്‍ക്ക് പരാതിയില്ലായിരുന്നുവെന്നതാണ് ലജ്ജാകരമായ വിരോധാഭാസം. അതോ അക്കാര്യം നായര്‍ സ്ത്രീകളോട് ആവശ്യപ്പെടാനുള്ള നായര്‍ യുവാക്കളുടെ ഭീതിയോ? സര്‍ക്കാരിന്റെ അനുവാദത്തോടെ പുലയ കുട്ടികള്‍ പള്ളിക്കൂട ത്തില്‍ ചേര്‍ന്ന് പഠിച്ചതാണ് പുലയ ലഹള. അതിന്റെ പേരില്‍ അവരുടെ മാതാപിതാ ക്കളെ മര്‍ദ്ദിക്കുകയും അവരുടെ കുടിലുകള്‍ കൊള്ള ചെയ്യുകയും സ്‌കൂളുകള്‍ക്ക് തീ വയ്ക്കുകയും സര്‍ക്കാര്‍ ജീപ്പ് കത്തിക്കുകയും മറ്റും ചെയ്തത് ലഹളയല്ല. ആയിരുന്നുവെങ്കില്‍ നായര്‍ ലഹള നമ്പര്‍ രണ്ട് എന്നാണ് അതിന് പേരിടേണ്ടിയിരുന്നത്.

1947ല്‍ ഇവിടെ നിന്നും കെട്ടുകെട്ടിയത് ഇംഗ്ലീഷുകാരായിരുന്നില്ല. ഇവിടെ തുടര്‍ന്നു താമസിച്ചിരുന്നുവെങ്കില്‍ ഇവിടെ വച്ചു തന്നെ മരിച്ചു മണ്ണായി ഈ കാര്‍ഷിക ഭൂമിക്ക് വളമാകേണ്ട അവരുടെ ഭൗതികശരീരമാണ് ഇവിടെനിന്നും ഒഴിഞ്ഞുമാറിയത്. അവരുടെ മാനസികവും ബുദ്ധിപരവുമായ നേതൃത്വം 1947 നു മുമ്പത്തെ പോലെതന്നെ ഇപ്പോഴും നമ്മുടെ സെക്രട്ടറിയേറ്റിലും ഉദ്യോഗസ്ഥ മേധാവികളിലും രാഷ്ട്രീയ നേതാക്കന്‍മാരിലും പ്രേതാവേശം പോലെ ബാധിച്ചിട്ടുണ്ട്. അവരാണ് അയ്യന്‍കാളിയെയും മറ്റും ഇന്നും പുറംകാല്‍ കൊണ്ട് തട്ടിയെറിയുവാന്‍ ശ്രമിക്കുന്നത്. പൊതുമുതലുപയോഗിച്ച് സവര്‍ണ്ണ മേധാവിത്വം നിലനിര്‍ത്തു വാന്‍ ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ആവിധ ഗ്രന്ഥങ്ങള്‍. സ്വാതന്ത്ര്യ സമരം എന്നത് ബ്രിട്ടീഷ് മേധാവിത്വത്തിനെ തിരായ സമരമാണ് എന്ന് വ്യാഖ്യാനിച്ചാല്‍ പോലും തിരുവിതാംകൂറില്‍ ആരാണ് ബ്രിട്ടീഷുകാര്‍ക്കെതിരായി സമരം ചെയ്തത്? എന്നാണ് സമരം ചെയ്തത്? 1947 ആഗസ്റ്റ് 15 ന് മുമ്പ് ഒരു തിരുവിതാംകൂര്‍കാരന്‍ പോലും തിരുവിതാംകൂറിന്റെ മണ്ണില്‍ നിന്നുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരായി ഒരു വാക്ക് ഉച്ചരിച്ചിട്ടുണ്ടോ? അവസാനത്തെ ഇംഗ്ലീഷുകാരന്‍ പോലും ഇംഗ്ലണ്ടിലെത്തി എന്ന് ബോധ്യപ്പെട്ടതിനുശേഷമാണ് ഇവിടത്തെ സ്വാതന്ത്ര്യ സമര സംഘടന എന്ന് അവകാശപ്പെടുന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചത്.5 തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് സമരം ചെയ്തത് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ആണ്ടുതോറും എട്ടു ലക്ഷംരൂപ കപ്പമായി (നികുതിയായി) കൊടുത്തുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിനെ അധീശശക്തിയായി അംഗീകരിക്കുന്ന തിരുവിതാംകൂര്‍ രാജാവിന്റെ സര്‍ക്കാരില്‍ ചില ഉദ്യോഗങ്ങള്‍ ലഭിക്കാനും ആ രാജാവിന്റെ ആലോചന സമിതിയില്‍ അംഗത്വം ലഭിക്കാനുമാണ്. അതിനെ സ്വാതന്ത്ര്യസമരം എന്ന് വിളിക്കുന്നത് കുഴിയാനയും ആനയാണ് എന്ന് പറയുന്നതിന് തുല്യമാണ്. 

അയ്യന്‍കാളി സമരം ചെയ്തത് മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയാണ്. ആ ജനങ്ങളെ കേരളത്തിലെ ജനങ്ങളുടെ ഒരു ഭാഗമായി കാണുവാന്‍ ഇന്നും മടിക്കുന്നവരാണ് ഇവിടെ ചരിത്രം എഴുതുന്നത്. നാരായണഗുരുവിനെയും വൈകുണ്ഠസ്വാമികളെയും അയ്യന്‍കാളി യേയും പോലുള്ള മഹാത്മാക്കളുടേതല്ലാത്ത എന്തു സ്വാതന്ത്ര്യസമര മാണ് തിരുവിതാംകൂറിലും കൊച്ചിയിലും മറ്റും ആ കാലഘട്ടത്തില്‍ നടന്നത്? സ്വാതന്ത്ര്യസമരപെന്‍ഷന് അയ്യന്‍കാളിയോ മക്കളോ ആവശ്യപ്പെട്ടില്ലായിരിക്കാം. സ്വാതന്ത്ര്യസമരപെന്‍ഷന്‍ കൈക്കൂലിയും ശുപാര്‍ശയും കൊണ്ട് നേടുവാന്‍ കഴിഞ്ഞ ഏതാനും കൂലിഗുണ്ടകളുടെ ജീവചരിത്ര വിവരണങ്ങളാണ് ഇന്ന് ഇവിടെ സ്വാതന്ത്ര്യസമര ചരിത്രമായി കൊണ്ട് നടക്കുന്നത്. അക്കൂട്ടത്തില്‍ അയ്യന്‍കാളിപെടുകയില്ല. 

തങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പങ്കാളിത്തം വേണമെന്നും ഒരു ബില്‍ അവതരിപ്പിക്കാന്‍ പോലും അവകാശമില്ലാത്ത നിയമസഭ സ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തം വേണമെന്നും ഇവിടെ സാമ്പത്തികസൗകര്യവും ചൂഷണസൗകര്യ ങ്ങളുമുള്ള ചില സ്ഥാപിത താല്‍പര്യക്കാര്‍ ആവശ്യപ്പെട്ടതാണ് അക്കാലത്ത് സ്വാതന്ത്ര്യ സമരമായി ചിലര്‍ കൊട്ടിഘോഷിക്കുന്നത്. '...Important men like the Zamorin of Calicut, the Senior Raja of Nilambur and the Raja of Kollamgod played a leading part at some of these political conferences...'6 '...the middle class yarned for freedom from foreign yoke and for a social structure guaranteeing equality of economic oppertunity. They suffered not in vain, beyond the ring stood the masses almost on the brink, anxious excited and ready to jump into the vertex of struggle...'7 മലബാറിലെ മുന്‍രാജാക്കന്‍മാര്‍ നഷ്ടപ്പെട്ടുപോയ രാജസ്ഥാനത്തിന്റെ മോഹനസ്മരണകള്‍ക്കിടയില്‍ ചില സമ്മേളനങ്ങ ളില്‍ പങ്കെടുത്തതും തിരുവിതാംകൂറിലെ ഇടത്തരക്കാര്‍ സമ്രാജ്യ ശക്തികളുടെ സഹായത്തോടെ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ എന്ന മൈലാപ്പൂര്‍ പട്ടരുടെ നുകത്തെ വലിച്ചെറിയാന്‍ ശ്രമിച്ചതും മാത്രമാണ് ഇവിടെ സ്വാതന്ത്ര്യസമരം. ഇംഗ്ലീഷുകാര്‍ ഇന്ത്യവിട്ടു പോകുന്നതുവരെ അവര്‍ പോകണമെന്ന ആഗ്രഹം തിരുവി താംകൂറിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുണ്ടായിരുന്നില്ല. അവര്‍ വിദേശികളായി കണ്ടത് തമിഴ്‌നാട്ടിലെയും തെലുങ്ക് ദേശത്തെയും മഹാരാഷ്ട്രയിലെയും ഇംഗ്ലീഷ് പഠിച്ച ചില ബ്രാഹ്മണരെയാണ്. ഇവിടെ കുടിയേറി പാര്‍ത്ത അവരെ ഓടിക്കാനുള്ള ശ്രമമാണ് 1891 ല്‍ മലയാളി മെമ്മേറിയല്‍ സമര്‍പ്പിക്കപ്പെട്ട തോടുകൂടി ഇവിടെ ആരംഭിച്ചത്. ഒരുതരം മണ്ണിന്റെമക്കള്‍ വാദം. ഇന്ന് മഹാരാഷ്ട്രയിലെ ശിവസേനക്കാര്‍ നടത്തുന്നത് പോലുള്ളത്. അത്തരത്തിലുള്ള ദേശീയോദ്ഗ്രഥ നക്കാരാണ് ഈ ചരിത്രകാരന്‍മാര്‍ എന്നത് മറ്റൊരു കഥയാണ്.

ശ്രീ. പി.കെ.ഗോപാലകൃഷ്ണന്റെ 'കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം','ശ്രീ.ഇടമറുകിന്റെ 'കേരള സംസ്‌ക്കാരം''തുടങ്ങിയ ഗ്രന്ഥങ്ങളിലും അയ്യന്‍കാളി പരാമര്‍ശിതനല്ല. ശ്രീ.പി.കെ.ഗോപാല കൃഷ്ണന്റെ 600 പേജുള്ള ഗ്രന്ഥത്തില്‍ അയ്യന്‍കാളി തീരെ പരാമര്‍ശിത നല്ല എന്നു പറയാവുന്നതല്ല. കേരളസംസ്‌കാരം വളര്‍ന്നുവികസിച്ചതിന്റെ ചരിത്രം പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിനു വേണ്ടി ഒന്നിലധികം അധ്യായങ്ങള്‍തന്നെ മാറ്റിവെച്ച അദ്ദേഹം പുലയനായ അയ്യന്‍കാളിയെ തീരെ ഉപേക്ഷിച്ചിട്ടില്ല. ശ്രീ.ഗോപാലകൃഷ്ണന്‍ ഒരു വാചകം മുഴുവന്‍ അയ്യന്‍കാളിക്കു വേണ്ടി ഹോമിച്ചിട്ടുണ്ട്. '1905 ല്‍ പുലയനായ അയ്യന്‍കാളി തിരുവിതാംകൂറില്‍ സാധുജനപരിപാലനസംഘം സ്ഥാപിച്ചു.'8 അതുതന്നെ പിശകാണ്. സാധുജനപരിപാലനസംഘം സ്ഥാപിക്ക പ്പെടുന്നത് 1907 ഫെബ്രുവരി യിലാണ്.9 1905 ല്‍ സദാനന്ദ സ്വാമികള്‍ ബ്രഹ്മവിദ്യാമഠത്തിന്റെ ചില്‍ സഭയാണ് അവിടെ സ്ഥാപിച്ചത്. അതില്‍നിന്നും തന്റെ അനുയായികളെയും സഹപ്രവര്‍ത്തകരെയും പിന്തിരിപ്പിക്കാന്‍ കൂടി വേണ്ടിയാണ് സാധുജനപരിപാലനസംഘം സ്ഥാപിക്കപ്പെട്ടത്. 1910 ലാണ് അതു രജിസ്റ്റര്‍ ചെയ്തത്. ശ്രീ.പി.കെ. ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ എത്ര ലാഘവത്തോടെയാണ് അയ്യന്‍കാളിയെ കൈകാര്യം ചെയ്യുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

അയിത്തത്തിനും അനാചാരങ്ങള്‍ക്കും സ്വാതന്ത്ര്യനിഷേധ ങ്ങള്‍ക്കും എതിരായി അയ്യന്‍കാളി നടത്തിയ നൂറുകണക്കിനു സമരങ്ങളേക്കാള്‍ ഗോപാലകൃഷ്ണന് പ്രിയങ്കരമായി തോന്നിയത് സാധുജനപരിപാലന സംഘമാണ്. അയ്യന്‍കാളിയുടെ മറ്റെല്ലാ സംരംഭങ്ങളും വിജയശ്രീലാളിതമായപ്പോള്‍ സാധുജനപരിപാലന സംഘം അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ നിര്‍ജ്ജീവമായി. അതുകൊണ്ടായിരിക്കാം അയ്യന്‍കാളിയുടെ നേട്ടത്തിന്റെ സാമ്പിളായി ശ്രീ.ഗോപാലകൃഷ്ണന്‍ വായനക്കാരുടെ മുമ്പില്‍ അതുതന്നെ അവതരിപ്പിച്ചത്. 

സാധുജനപരിപാലനസംഘത്തോടൊപ്പം മരിച്ചു മണ്ണടിഞ്ഞ പുലയനേതാവാണ് അയ്യന്‍കാളി എന്ന സൂചനയും അതിലുണ്ട ല്ലോ. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരു തന്റെ ജീവിതകാലത്ത് ദു:ഖിക്കുകയും ലജ്ജിക്കുകയും അവസാനം ഈ രാജ്യം വിട്ടുപോകുകയും ചെയ്തത് ഈദൃശ ശ്രീനാരായണ ഭക്തരെ ഓര്‍ത്താണ്. ചരിത്രരംഗത്തെ അവരുടെ പ്രതിനിധി കളാണ് ഇന്ന് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എഴുതി ക്കൊണ്ടിരിക്കുന്നത്.10 അതാണ് ഇവിടുത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും പ്രസിദ്ധീകരി ക്കുകയും ചെയ്തത്. അപ്പോള്‍ പിന്നെ കേരളത്തിന്റെ സംസ്‌കാരം ഈ വിധത്തിലായതില്‍ എന്തത്ഭുതം? 'ആയിരത്തിലേറെ പേജുകളിലായി 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന സുദീര്‍ഘമായ ചരിത്രഗ്രന്ഥം എഴുതിയ അദ്ദേഹം (ഇ.എം.എസ്) ശ്രീനാരായണഗുരു, കുമാര നാശാന്‍, സഹോദരന്‍ അയ്യപ്പന്‍ എന്നിവരുടെ എല്ലാ സാമൂഹ്യ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളെ ചിത്രീകരിച്ചിട്ടും, ഇന്ത്യയിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് ഈ.കെ.നയനാര്‍ വിശേഷിപ്പിച്ചിട്ടും മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, നെഹ്‌റു, ടാഗോര്‍ തുടങ്ങിയവരാല്‍ വാനോളം പ്രശംസിതനായ അയ്യന്‍കാളി യുടെ പേരുമാത്രം വിട്ടുകളഞ്ഞത് യാദൃശ്ചികമല്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം എന്ന ഗ്രന്ഥത്തിലും ഈ.എം.എസ് ഇതേ അഭ്യാസം പ്രകടിപ്പിക്കുന്നുണ്ട്. 1142 പേജുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ 200 പേജുകള്‍ അയിത്തക്കാരുടെ വോട്ടവകാശ സമരത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കഥാനായകനായ ഡോ: അംബേദ്ക്കറുടെ പേര് വട്ടമേശ സമ്മേളനങ്ങളുടെ വിവരണങ്ങളില്‍പോലും ഉള്‍പ്പെടുത്താതെ അദ്ദേഹം വളരെ ക്ലേശിക്കുന്നതുകാണാം.'11

കുറിപ്പുകള്‍
1 ശ്രീധരമേനോന്‍ ഏ. കേരളചരിത്രം, പേജ് 484
2 അന്നാണ് ആ ഗ്രന്ഥം രചിച്ചത്.
3 ദലിത്ബന്ധു, വേലുത്തമ്പി, കാണുക.
4 ദലിത്ബന്ധു, ശിപായി ലഹള, കാണുക.
5 നായര്‍ കെ.എന്‍, കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം, പേജ് 273. 1948 ഒക്‌ടോബര്‍ 9-#ാ#ം തീയതി കൂടിയ അഖില തിരുവിതാംകൂര്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗത്തില്‍ വച്ചാണ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ തീരുമാനിച്ചത്. 
6 Menon P.K.K, Prof, The History of the Freedom Movement in Kerala, Part II,p.1 
7 ibid,p.10 
8 ഗോപാലകൃഷ്ണന്‍ പി.കെ, കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രം, പേജ് 509
9 ചെന്താരശ്ശേരി റ്റി.എച്ച്.പി, അയ്യന്‍കാളി (രണ്ടാംപതിപ്പ്) പേജ് 25, അഭിമന്യു സി, അയ്യന്‍കാളി പേജ് 79, ശ്രീധരമേനോന്‍ എ, കേരളചരിത്രം പേജ് 484
10 ജോസ് എന്‍.കെ ദലിത്ബന്ധു, അരുവിപ്പുറം പ്രതിഷ്ഠ, സാമൂഹ്യ നവോത്ഥാനം:19-ാം നൂറ്റാണ്ടിലെ കേരളത്തില്‍, കാണുക.
11 സുകുമാരന്‍ കല്ലറ എം.ഏ. ജാതി ഒരഭിശാപം, പേജ് 76