"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 24, വെള്ളിയാഴ്‌ച

അവയവദാന കച്ചവടം - ആന്റണി എം. പി


മരണാനന്തര അവയവദാനം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളരെ പുരോഗമനപരമായ വികാസം നേടിയിട്ടുണ്ട്. പൊതുസമൂഹ ത്തിന് അവയവദാനത്തെക്കുറിച്ചുള്ള ധാരണകളില്‍ വലിയ തോതിലുള്ള മാറ്റം ഇക്കാലത്ത് ഉണ്ടായതിന്റെ ഫലമായി വളരെ വാര്‍ത്താ പ്രാധാന്യം നേടിയ പല ശസ്ത്രക്രിയകളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. തീര്‍ച്ചയായും മീഡിയയും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും ഈ മാറ്റത്തിന് കുറച്ചൊന്നുമല്ല സഹായിച്ചത്. മനുഷ്യാവയവ ങ്ങളുടെ കച്ചവടം തടയുന്നതിനും ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ അവയവങ്ങള്‍ ലഭ്യമാക്കുന്നതിനും മരണാനന്തര അവയവദാനം കാരണമാകുന്നുണ്ട്. മരിച്ചു പോകുന്നതോടെ ഇല്ലാതായി പോകുന്ന ശരീരത്തെ - ഒരു പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും കാണുകയോ അറിയുകയോ ചെയ്യാത്ത ആരുടെയൊക്കെയോ ജീവന്‍ നിലനിര്‍ത്താന്‍ പകുത്തു നല്‍കുക വഴി തീര്‍ച്ചയായും അവര്‍ അമരന്മാരായി തീരുന്നു. ചിലപ്പോള്‍ ഒരു പേരുപോലുമില്ലാതെ എങ്ങും അടയാളങ്ങള്‍ ഇല്ലാതെ പോകുന്ന ഏതൊരു സാധാരണ മനുഷ്യനെയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട് മരണാനന്തര അവയവദാനം. 

ശക്തമായ നിയമസംവിധാനങ്ങള്‍ ഇന്നത്തെ നിലയില്‍ പ്രാവര്‍ത്തികമാവുന്നതിന് മുന്‍പ് നമ്മുടെ നാട്ടിലും മനുഷ്യാവയവങ്ങളുടെ കച്ചവടം സ്വകാര്യ മേഖലയില്‍ നടന്നിരുന്നു. ജനാധിപത്യ ശക്തികളുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് ഇക്കൂട്ടര്‍ പിന്മാറിയതും ചരിത്രമാണ്. അടുത്ത കാലത്തായി സംഘടിത പ്രൈവറ്റ് ഹോസ്പിറ്റല്‍ ലോബി അവയവ കച്ചവടത്തിന് വര്‍ദ്ധിത വീര്യത്തോടെ ഒരുങ്ങുന്ന തിന്റെ സൂചനകളാണ് ലഭിക്കുന്നത്. നിയമപ്രകാരം തന്നെ ഇത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഇക്കൂട്ടര്‍. ഇതു തന്നെയായി രുന്നു രണ്ടു മാസം മുന്‍പ് കുമരകത്ത് വച്ച് നടന്ന ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരുടെ സമ്മേളനത്തിന്റെ പ്രധാന അജണ്ട. ഇതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങള്‍ മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി രഹസ്യമായി നിയമങ്ങളില്‍ മാറ്റം വരുത്തുനുള്ള ശ്രമമാണു നടക്കുന്നത്. അതുകൊണ്ടാണ് മസ്തിഷ്‌കമരണം സംഭവിക്കുന്നവരില്‍ നിന്നെടുക്കുന്ന അവയവങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഇപ്പോഴത്തെ സമ്പ്രദായം മാറ്റണമെന്ന് ചില നിക്ഷിപ്ത കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നത്. മരണാനന്തര അവയവദാന പദ്ധതി പ്രകാരം കേരളത്തെ സോണുകളായി - നോര്‍ത്ത്, സെന്‍ട്രല്‍, സൗത്ത് - എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവിടെ ഏതെങ്കിലും ഒരാശുപത്രിയില്‍ ഒരു മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ വൃക്കയെ സംബന്ധിച്ചിടത്തോളം ഒരെണ്ണം മരണം നടന്ന ആശുപത്രിക്കും മറ്റൊന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെക്കുമാണ് നല്‍കേണ്ടത്. അങ്ങിനെ വരുമ്പോള്‍ എവിടെ ഓര്‍ഗന്‍ ഹാര്‍വെസ്റ്റിങ്ങ് നടന്നാലും നിര്‍ബന്ധമായും ഒരു അവയവം സര്‍ക്കാര്‍ അശുപത്രിക്ക് ലഭിക്കും. ഇപ്രകാരം അവയവം ലഭിച്ചതുകൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മുപ്പത്തിയൊന്നോളം വൃക്ക മാറ്റിവക്കല്‍ (cadaver) നടത്താന്‍ സാധിച്ചത്. ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം ഏകദേശം ഇരുന്നൂറിലേറെ വൃക്കരോഗികള്‍ മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് - ജീവന്‍ നിലനിര്‍ത്തുവാന്‍ ഒരവയവത്തിനായി കാത്തിരിക്കുന്നു. കേരളത്തിലെ മറ്റു മെഡിക്കല്‍ കേളേജുകളിലും സമാനമായ തോതില്‍ രോഗികള്‍ കാത്തിരിക്കുന്നു. 

ലോകാരോഗ്യ സംഘടനയുടെ ഒരു രേഖ വ്യക്തമാക്കുന്നതു പ്രകാരം മാറിയ സാമ്പത്തിക നയങ്ങള്‍ മൂലം ആരോഗ്യ മേഖലയിലെ വൈദേശിക സ്വകാര്യ മൂലധനം ഈ രംഗത്തെ മത്സരാധിഷ്ടിതമാക്കുകയും സാധാരണ ജനങ്ങള്‍ക്ക് ചികിത്സ അപ്രാപ്യമാക്കുകയും ചെയ്യുന്നു. ഇത് ആരോഗ്യം ഒരു ആഡംബരമാക്കി തീര്‍ക്കുന്നുണ്ട്. ഈ സമ്പ്രദായം ജനങ്ങളെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്തവരാക്കുകയും സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ചികിത്സ നിഷേധിക്കു കയും ചെയ്യുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് വളരെ തുച്ചമായ തുക ചിലവഴിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ നിരീക്ഷണം വളരെ പ്രസക്തമാണ്. സ്വകാര്യ ആശുപത്രി കളിലെ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്ത സാമ്പത്തി കമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരായ രോഗികള്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അവയവ മാറ്റ ശസ്ത്രക്രിയ നടത്തി ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യതയാണ് ലാഭക്കൊതി യന്മാരായ സ്വകാര്യ ലോബി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സ്വകാര്യ മേഖലയില്‍ ലൈവ് ഡോണര്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് (live donor kidney transplantation) ആറു മുതല്‍ പത്ത് ലക്ഷം വരെ ഫീസീടാക്കുമ്പോള്‍ കടാവര്‍ ശസ്ത്രക്രിയക്ക് (മസ്തിഷ്‌ക്ക മരണം സംഭവിച്ചവരില്‍നിന്നും അവയവം മാറ്റിവയ്ക്കുന്നത്)കുറഞ്ഞത് പതിനാറു - പതിനെട്ടു ലക്ഷം രൂപയെങ്കിലും നല്‍കണം. ഒരു രൂപപോലും മുടക്കില്ലാതെ സമൂഹ നന്മക്കായി സ്വകാര്യ മേഖലയില്‍ എത്തിച്ചേരുന്ന മരണാനന്തര അവയവങ്ങള്‍ എത്ര ഭീമമായ തുകക്കാണ് വില്‍ക്കപ്പെടുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാള്‍ക്കും എത്തിപ്പെടാനാകാത്ത വിധം ഭീമമായ തുകക്ക് സമ്പന്നര്‍ക്ക് മാത്രം ഇവ പ്രാപ്യമാക്കുന്നതിലൂടെ മരണാനന്തര അവയവദാനത്തിന്റെ മഹത്വത്തെ അപമാനിക്കുകയാണ്. 

കടാവര്‍ ശസ്ത്രക്രിയക്കും, ലൈവ് ഡോണര്‍ ശസ്ത്രക്രിയക്കും ഫീസിനത്തില്‍ എന്തുകൊണ്ട് ഇത്ര വലിയ അന്തരം എന്ന അന്വേഷണം വിരല്‍ ചൂണ്ടുന്നത് സ്വകാര്യമേഖലയില്‍ ഇന്നും നടക്കുന്ന മനുഷ്യാവയവ കച്ചവടത്തിലേക്കാണ്. രോഗി സ്വന്തം നിലക്ക് പരസ്യത്തിലൂടെയോ അല്ലാതെയോ ഒരു ലൈവ് ഡോണറെ (live donor) കണ്ടെത്തുകയാണെങ്കില്‍ ഏജന്റിനും അവയവദാതാവിനും കൊടുക്കേണ്ടി വരുന്ന തുക കൂടി ചേര്‍ത്താണ് മരണാനന്തര അവയവങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. കാരണം മരണാന്തര അവയവ ങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ നേരിട്ട് വില്‍ക്കുന്ന സ്വകാര്യ സ്വത്തായി മാറുന്നു. എന്നാല്‍ കാരുണ്യ ചികിത്സാ പദ്ധതിയും മൃതസഞ്ജീവനിയും സമൂഹത്തിലെ മനുഷ്യസ്‌നേഹികളായ ഉദാരമതികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഏറെക്കുറെ തികച്ചും സൗജന്യമായാണ് പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വൃക്കമാറ്റിവയ്ക്കല്‍ നടക്കുന്നത്. ഇത് അട്ടിമറിച്ച് സര്‍ക്കാര്‍ ആസുപത്രികളില്‍ ലഭിക്കുന്ന അവയവ ങ്ങളുടെ എണ്ണം കുറക്കുന്നതിന് നിലവിലുള്ള കടാവര്‍ ഓര്‍ഗന്‍ ഡിസ്ട്രിബ്യൂഷന്‍ രീതിയില്‍ മാറ്റം വരുത്തി റൊട്ടേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നാണ് ചുരുക്കം ചില ജനാധിപത്യ വാദികളായ ഡോക്ടര്‍മാരൊഴികെ, ഈ നിക്ഷിപ്ത താല്‍പര്യക്കാരുടെ ആവശ്യം. 

ഇതിനായുള്ള ശ്രമങ്ങളെ ഇപ്പോള്‍ പരാജയപ്പെടുത്തിയത് ആരോഗ്യ മേഖലയിലെ ജനാധിപത്യ ശക്തികളുടെ തക്കസമയ ത്തിലുള്ള ഇടപെടലാണ്. പ്രവര്‍ത്തനങ്ങളാണ് എന്നത് ഏറെ അഭിമാനാര്‍ഹവുമാണ്. സെന്‍ട്രല്‍ സോണില്‍ കടാവര്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് നടത്താന്‍ അനുവാദമുള്ള ഏഴു സാഥാപനങ്ങളാണ് ഉള്ളത്. ഓരോ കടാവര്‍ ഓര്‍ഗന്‍ ഡൊണേഷനിലൂടെയും (cadaver organ donation) ലഭിക്കുന്ന അവയവങ്ങളില്‍ ഒന്ന് മരണം നടന്ന ആശുപത്രിക്കും മറ്റൊന്ന് റൊട്ടേഷന്‍ രീതിയിലും പോയാല്‍ ഫലത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിക്കുന്ന വിഹിതം ഏഴിലൊന്നായി - ഒരു വര്‍ഷം കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടോ മൂന്നോ കടാവര്‍ ശസ്ത്രക്രിയകള്‍ മാത്രമായി ചുരുങ്ങും. ഓരോ വര്‍ഷവും വൃക്ക രോഗികളുടെ എണ്ണം ഭീതിജനകമായ തോതില്‍ വര്‍ദ്ധിക്കുകയാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്ന രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുവാനും ആരോഗ്യത്തോടെ സാധാരണ ജീവിതം നയിക്കുവാനും ഉള്ള ഏക മാര്‍ഗ്ഗം വൃക്ക മാറ്റിവയ്ക്കലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തു പ്രതീക്ഷ യോടെ കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികളെയും ഇനിയും വരാനിരിക്കുന്നവരെയും വേട്ടയാടിപ്പിടിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അവയവ ലഭ്യത കുറക്കുന്നതിനുള്ള തന്ത്ര ങ്ങള്‍ക്ക് സ്വകാര്യ ഹോസ്പിറ്റല്‍ മാഫിയ രൂപം കൊടുക്കുന്നത്. 

മൃതസഞ്ജീവനിയുടെയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ, പ്രത്യേകിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിന്റെ ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങളു ടെയും ഫലമായി കേരളത്തില്‍ മരണാനന്തര അവയവദാനം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം പ്രചാരണ ബോധവല്‍ക്ക രണ പ്രവര്‍ത്തനങ്ങളും നടത്താത്ത സ്വകാര്യ ലോബി, ഉദാത്ത മായ മനുഷ്യസ്‌നേഹത്താല്‍ ഉജ്ജ്വലമായ രക്തസാക്ഷിത്വം പോലെ മഹനീയമായ അവയവദാനത്തെ ലാഭക്കൊതിയുടെ അശ്ലീലതയാല്‍ മലിനമാക്കുകയാണ്. ''അഴുകുന്ന ശവത്തില്‍ അന്നം തേടുന്ന കഴുകന്‍'' എന്ന വിശേഷണം ഇക്കൂട്ടര്‍ക്ക് മതിയാവാതെ വരുന്നു. 

സ്വകാര്യ ആശുപത്രികളില്‍ നാളിതുവരെ നടത്തിയ കടാവര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനില്‍ എത്ര രോഗികള്‍ ജീവിച്ചിരി ക്കുന്നു എന്നതിന്റെ സ്ഥിതിവിവര കണക്കുകള്‍ മറച്ചുവച്ചു കൊണ്ട് ഈ അടുത്ത കാലത്തായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന അവയവ മാറ്റ ശസ്ത്രക്രിയകള്‍ പരാജയമാണെന്ന് കള്ളപ്രചരണം നടത്തുകയാണ് സ്വകാര്യ മാഫിയ. സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍ അവയവമാറ്റ ശസ്ത്രക്രിയക്ക് യോഗ്യമല്ലെന്ന് കണ്ട് തിരസ്‌കരിക്കുന്ന അവയവങ്ങള്‍ പോലും ലാഭം മാത്രം മാനദണ്ഡമാക്കുന്നവര്‍ ശസ്ത്രക്രിയകള്‍ ക്ക് ഉപയോഗിക്കുകയാണ്. . (ഇത്തരം അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികളുടെ വിശദാംശങ്ങള്‍ പുറത്തുവിടുന്നത് അവരോടുള്ള അനീതിയാകു മെന്നതിനാല്‍ ഉദാഹരണങ്ങള്‍ നല്‍കുന്നില്ല) ജീവന്റെ സുരക്ഷയല്ല ശസ്ത്രക്രിയയിലൂടെ ലഭിക്കുന്ന ലക്ഷങ്ങളാണ്‌സ്വകാര്യ മേഖല യിലെ ആശുപത്രികളുടെ ലക്ഷ്യം. 

കേരളത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ നടത്തുന്നത് കുടുംബ ബന്ധത്തിലുള്ളവര്‍ തമ്മിലാണ്. എന്നാല്‍ കുടുംബ ബന്ധത്തിനു പുറത്തുള്ള വ്യക്തിയുടെ അവയവം സ്വീകരിച്ചുള്ള ശസ്ത്രക്രിയ സ്വകാര്യ മേഖലയില്‍ മാത്രമേ നടക്കുന്നുള്ളൂ. ഈ അടുത്ത കാലത്ത് ഇടുക്കി ജില്ലയിലെ പൂമല ട്രൈബല്‍ സെറ്റില്‍മെന്റ് കോളനിയില്‍ നിന്നും നാല്‍പത്തിയഞ്ച് ആദിവാസികള്‍ വൃക്ക വിറ്റതായും മുപ്പതോളം പേര്‍ അഡ്വാന്‍സ് വാങ്ങിയതായുമുള്ള ഞെട്ടിക്കുന്ന വാര്‍ത്ത നാം കണ്ടതാണ്. ജീവിച്ചിരിക്കുന്ന അവയവ ദാതാ ക്കളില്‍ നിന്ന് കേരളത്തില്‍ ഓരോ മാസവും 20 - 80 വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നതില്‍ ഏറിയ പങ്കും സ്വകാര്യ ആശുപത്രികളാലാണ്. മാധ്യമങ്ങളുടെയും രാഷ്ട്രീയ, ആരോഗ്യ പ്രവര്‍ത്തകരുടെയും ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി സര്‍ക്കാര്‍ നാമമാത്രമായ അന്വേഷണം പ്രഖ്യാപിച്ചെ ങ്കിലും കുറ്റാരോപിതരായ ആശുപത്രികള്‍ക്ക് പോലീസ് നല്‍കിയ ക്ലീന്‍ ചീട്ടിന്റെഅടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് തുടര്‍ നടപടികള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ജീവന്‍ നിലനിര്‍ത്തു വാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും തീവ്ര അഭിലാഷത്തെ അവയവ മാറ്റത്തിന്റെ മഹാ പ്രത്യാശ നല്‍കി തങ്ങളുടെ ലാഭവര്‍ദ്ധ നക്കുള്ള മാര്‍ഗ്ഗമാക്കുകയാണ് മാഫിയാകള്‍. ഇങ്ങനെ നടക്കുന്ന ശസ്ത്രക്രിയകളിലടക്കം മൊത്തം അവയവമാറ്റ ശസ്ത്രക്രിയ കളിലെയും അവയവ സ്വീകര്‍ത്താക്കളുടെ ആരോഗ്യ സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സ്വകാര്യ മേഖല തയ്യാറാവുമോ? എങ്കില്‍ മാത്രമേ - ഡയാലിസിസി ലൂടെയും മറ്റ് ജീവന്‍ രക്ഷാ മാര്‍ഗങ്ങളിലൂടെയും ഇനിയു മേറെക്കാലം ജീവിച്ചിരിക്കുമായിരുന്ന എത്രപേര്‍ - ലാഭം മാത്രം ലക്ഷ്യം വച്ച് ഈ മാഫിയാ സംഘങ്ങള്‍ നടത്തിയ ശസ്ത്രക്രി യയിലൂടെ മരണമടഞ്ഞൂ എന്ന് വ്യക്തമാവൂ. ഒരു മനുഷ്യ ശരീരത്തില്‍ നിന്നെടുക്കുന്ന അവയവങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ ഒന്നരക്കോടി രൂപയുടെ ബിസിനസ് ആണ് നടക്കുന്നത്. അതുകൊണ്ടു തന്നെ ഈ ലാഭത്തിനുവേണ്ടി ഏതറ്റം വരെയും പോകാനും ആശുപത്രി മാഫിയ തയ്യാറാവുമെന്നുള്ള തില്‍ തര്‍ക്കമില്ല.

*സഖാവ് മാസിക 2016 ജനുവരി ലക്കം.