"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 16, വ്യാഴാഴ്‌ച

കിട്ടാക്കടത്തിന്റെ രാഷ്ട്രീയം - പി ജെ ജെയിംസ്കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ പേരില്‍ പൊതുമേഖല ബാങ്കു തലവന്മാരും രാഷ്ട്രീയ നേതൃത്വവുമായി ഗൂഢാലോചന നടത്തി പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ തട്ടിയെടുത്ത മദ്യരാജാവ് വിജയ് മല്യ ബിജെപി സര്‍ക്കാരിന്റെ ഒത്താശയോടെ രാജ്യം വിട്ടതാണ് 'കിട്ടാക്കടം' വീണ്ടും ചര്‍ച്ചയാകുന്നതിന്റെ പശ്ചാത്തലം. മല്യ രാജ്യം വിട്ടതിന്റെ പേരില്‍ ബിജെപിയും കോണ്‍ഗ്രസ്സും പരസ്പരം പഴിചാരുമ്പോള്‍ മല്യയെ വളര്‍ത്തിയ കോണ്‍ഗ്രസ്സും ഇന്ന് അയാളെ സംരക്ഷി ക്കുന്ന ബിജെപിയും ഒരേ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടെ പാദസേവക്കാരാണെന്ന വസ്തുതയാണ് വെളിവാകുന്നത്. ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്കും നേതാക്കന്മാര്‍ക്കും താന്‍ കട്ടെടുത്ത സമ്പത്തിന്റെ ഒരു ഭാഗം നിര്‍ലോഭം കൈമാറിയ മല്യയെ കര്‍ണാടകയില്‍ നിന്നും രണ്ടുപ്രാവശ്യം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കുന്നതില്‍ അവിടം മാറി മാറി ഭരിച്ച കോണ്‍ഗ്രസ്സും ബിജെപിയും പ്രാദേശിക കക്ഷിയായ ജെഡിഎസുമെല്ലാം ഒറ്റക്കെട്ടായിരുന്നു. അഴിമതിയും കള്ളപ്പണവും വെച്ചുപൊറുപ്പി ക്കില്ലെന്നു പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും കാവല്‍ നില്‍ക്കുന്നതാണ് വര്‍ത്തമാന യാഥാര്‍ത്ഥ്യം. മല്യ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ വിമാനത്താവളങ്ങള്‍ക്ക് സിബിഐ ലുക്കഔട്ട് നോട്ടീസ് നല്‍കിയിരിക്കുമ്പോഴാണ് അധികാരകേന്ദ്രങ്ങളുമായുള്ള ബാന്ധവമുപയോഗിച്ച് മല്യ കടന്നുകളഞ്ഞത്. 

എന്നാല്‍ കിട്ടാക്കടത്തെ സംബന്ധിച്ച് പറയുമ്പോള്‍ മല്യ മഞ്ഞുമലയുടെ മുകളറ്റത്തെ മാത്രമാണ് പ്രതിഫലിപ്പിക്കുന്നത്. മോദിയെ അധികാരത്തി ലെത്തിക്കാന്‍ വിമാനമടക്കം വിട്ടുകൊടുത്തു തെരഞ്ഞെടുപ്പു കാമ്പയിന്‍ നിയന്ത്രിച്ചു ഗൗതം അദാനി 65000 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ക്കു കുടിശ്ശിഖ വരുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അംബാനി, അദാനി, മല്യ തുടങ്ങിയ കോര്‍പ്പറേറ്റ് പട്ടിക അനാവരണം ചെയ്താല്‍ ഇവരെല്ലാവരും കൂടി വരുത്തിവെച്ചിട്ടുള്ള ബാങ്കുകളുടെ കിട്ടാക്കടം ഇപ്പോള്‍ 8.47 ലക്ഷം കോടി രൂപയായിരിക്കുന്നു. എന്നാല്‍ കമ്പനികളുടെ സാമ്പത്തിക കാര്യങ്ങലെപ്പറ്റി പഠനം നടത്തുന്ന ക്രെഡിറ്റ് റേറ്റിംങ്ങ് ഏജന്‍സിയായ ക്രിസില്‍ (ക്രെഡിറ്റ് റേറ്റിംങ്ങ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ഓഫ് ഇന്ത്യാ ലിമിറ്റഡ്) മുന്നോട്ടു വെക്കുന്നത് ഇതേക്കാള്‍ മിതമായ കണക്കാണ്. അതിന്‍പ്രകാരം, 2017 മാര്‍ച്ച് ആകുമ്പോള്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം (നോണ്‍പെര്‍ഫോമിങ്ങ് അസറ്റ്‌സ് NPAs) 7.1 ലക്ഷം കോടി രൂപയായിരിക്കും. 2015 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇത് നാല് ലക്ഷം കോടി രൂപയിലധികമായിരുന്നു. മോദി ഭരണത്തില്‍ മുന്‍ യുപിഎ കാലത്തെ അപേക്ഷിച്ച് പലമടങ്ങ് വേഗത്തിലാണ് കിട്ടാക്കടം പെരുകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. ബിജെപിയു മായി ബാന്ധവം പുലര്‍ത്തുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വെറും 'ഗുഡ്‌വില്ലി'ന്റെ അടിസ്ഥാനത്തില്‍ സഹസ്രകോടികള്‍ വായ്പകള്‍ കൊടുക്കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ബ്യൂറോക്രറ്റുകളും പൊതുമേഖലാ ബാങ്കു ഡയറക്ടര്‍ മാരും ബിജെപി നേതൃത്വവും ഇതിന്റെ ചുക്കാന്‍ പിടിക്കുന്നു. നരേന്ദ്രമോഡി ആസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ അദാനിയോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അനുഗമിച്ചതും അവിടുത്തെ കല്‍ക്കരി പദ്ധതിക്ക് 6000 കോടി രൂപ ഒരു ഈടുമില്ലാതെ വായ്പ അനുവദിച്ചതും വാര്‍ത്തയായിരുന്നല്ലോ?

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിവിധ കോര്‍പ്പറേറ്റ് നികുതിയിളവുകളിലൂടെ 40 ലക്ഷം കോടി രൂപയോളം നേടിയെടുക്കുകയും 2016 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 4 ലക്ഷത്തിലധികം കോടിരൂപയുടെ നികുതി കുടിശ്ശിഖ വരുത്തിവെക്കുകയും ചെയ്തതിനു പുറമെയാണ് കിട്ടാക്കടമെന്ന നിര്‍വചനത്തില്‍ പെടുന്ന 7 - 8 ലക്ഷം കോടി രൂപയോളം ഇതേ കോര്‍പ്പറേറ്റ് കുത്തകകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നടിച്ചുമാററിയിരിക്കുന്നത്. തുച്ഛമായ തുകകള്‍ കാര്‍ഷിക വായ്പയായി എടുത്ത ദരിദ്ര കര്‍ഷകരും വിദ്യാഭ്യാസ വായ്പ എടുത്ത കുട്ടികളും അവരുടെ മാതാപിതാക്കളും ബാങ്കുകളുടെ ജപ്തി ഭീഷണിയെതുടര്‍ന്ന് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ രാജ്യത്തിന്റെ സമ്പത്തും പൊതുപണവും അടിച്ചു മാറ്റുന്ന കോര്‍പ്പറേറ്റ് മേലങ്കിയുള്ള സാമൂഹ്യ വിരുദ്ധന്മാരുടെ പേരുകള്‍ പുറത്തുവിട്ടാല്‍ മൂലധനനിക്ഷേപം നടത്താനുള്ള കുത്തകകളുടെ ഉത്തേജനം നഷ്ടമാകുമെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്. വിജയ് മല്യയെപ്പോലുള്ള ഒറ്റപ്പെട്ട കേസുകളിലും കോര്‍പ്പറേറ്റ്കള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളുടെ ഫലമായും മാത്രമാണ് ചില പേരുകള്‍ പുറത്തു വരാറുള്ളത്. 

സമ്പദ് ഘടനയിലെ ഇതര പ്രവണതകളുടെ കാര്യത്തിലെന്ന പോലെ അളവറ്റ പണം സമാഹരിക്കപ്പെട്ടിട്ടുള്ള രാജ്യത്തെ ബാങ്കുകളില്‍ നിന്നും കോര്‍പ്പറേറ്റുകള്‍ അതു തട്ടിയെടുക്കുന്ന തിന്റെ തോതിലുള്ള അത്ഭുതപൂര്‍വ്വമായ വര്‍ദ്ധനവ് രണ്ടര ദശാബ്ദക്കാലമായി രാജ്യത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവഉദാരനയങ്ങളുടെ ഭാഗമാണ്. 1990 കള്‍വരെ പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപത്തിന്റെ 40 ശതമാനത്തോളം കൃഷിക്കും ഗ്രാമവികസനത്തിനും ചെറുകിട മേഖലകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മാറ്റിവെക്കുകയെന്നതായിരുന്നു ഔപചാരിക മായെങ്കിലും തുടര്‍ന്നുപോന്ന സമീപനം. ഇപ്രകാരം ''മുന്‍ഗണനാ മേഖലകള്‍''ക്ക് വായ്പകള്‍ നല്‍കിയിരിക്കണമെന്ന നിബന്ധന മന്‍മോഹന്റെ ധനമന്ത്രികാലത്തു തന്നെ അട്ടിമറിക്കപ്പെട്ടു. തല്‍ഫലമായി കോര്‍പ്പറേറ്റുകള്‍ക്ക് ദ്രുതഗതിയില്‍ സമ്പത്തു സമാഹരിക്കാനാകും വിധം ബാങ്കു നിക്ഷേപങ്ങള്‍ ഉല്പാദന മേഖലകളെ കയ്യൊഴിച്ച് റിയല്‍ എസ്റ്റേറ്റ് ഓഹരി നാണയ വിപണികള്‍, അവധിവ്യാപാരം തുടങ്ങിയ ഊഹമേഖലകളി ലേക്കു തിരിച്ചുവിടപ്പെട്ടു. ഇതുവഴി കോര്‍പ്പറേറ്റ് ശതകോടീശ്വര ന്മാരുടെ എണ്ണവും സമ്പത്തും ഊഹാതീതമായി പെരുകി. രാജ്യത്തിന്റെ ഉല്‍പാദനമേഖലകളും തൊഴിലവസരങ്ങളും ബഹുഭൂരിപക്ഷത്തിന്റെ അതിജീവന സാധ്യതകളും തകര്‍ന്നടി ഞ്ഞപ്പോള്‍ രാഷ്ട്രീയ - ബ്യൂറോ ക്രറ്റിക് നേതൃത്വത്തിന്റെയും ബാങ്കു മേധാവികളുടെയും അറിവോടെ കള്ളക്കണക്കുകളും മറ്റുമുണ്ടാക്കി തിരിച്ചടക്കാന്‍ കഴിവില്ലെന്നു വരുത്തി ലക്ഷക്കണ ക്കിനു കോടികള്‍ കിട്ടാക്കടമെന്ന പേരില്‍ എഴുതിത്തള്ളുന്ന ഏര്‍പ്പാട് സ്ഥിരപ്രതിഷ്ഠ നേടി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 1.14 ലക്ഷം കോടി രൂപ കിട്ടാക്കടമെന്ന പേരില്‍ മോദി സര്‍ക്കാര്‍ എഴുതിതള്ളി. 

ഇതിന്റെ പെട്ടെന്നുള്ള പ്രതിഫലനം രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അതീവ ഗുരുതരമായ പ്രതിസന്ധിയിലെത്തി യിരിക്കുന്നുവെന്നാണ്. സ്റ്റേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, യൂക്കോബാങ്ക്, ദേനാ ബാങ്ക്, ഐഡിബിഐ തുടങ്ങിയ 13 പൊതുമേഖലാ ബാങ്കുകള്‍ 'നിഷ്‌ക്രിയ ആസ്തികള്‍' അഥവാ കിട്ടാക്കടത്തിന്റെ പേരില്‍ പ്രതിസന്ധിയിലാണ്. ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആന്ധ്ര ബാങ്ക് തുടങ്ങിയവയുടെ വായ്പാ ശേഷി നഷ്ടപ്പെട്ടുകഴിഞ്ഞു വെന്നാണ് ആമുഖമായി സൂചിപ്പിച്ച ക്രിസില്‍ എന്ന ഏജന്‍സിയുടെ പഠനം ചൂണ്ടിക്കാട്ടു ന്നത്. കോര്‍പ്പറേറ്റുകള്‍ പണം തിരിച്ചടക്കാതെ തൊടു ന്യായം പറഞ്ഞ് വായ്പകള്‍ തിരിച്ചടക്കാതിരിക്കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് ദോഷകരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉല്‍കണ്ഠപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കുന്നതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് നഷ്ടത്തിലായ പൊതുമേഖലാ ബാങ്കുകള്‍ അടച്ചുപൂട്ടു കയോ സ്വകാര്യവല്‍ക്കരിക്കുകയോ ചെയ്യണമെന്ന അഭിപ്രായ മാണ് ധനമന്ത്രി ജെയ്റ്റ്‌ലി മുന്നോട്ടു വെക്കുന്നത്. അതേസമയം, സാധാരണക്കാര്‍ വരുത്തിയിട്ടുള്ള കുടിശ്ശിഖകള്‍ തുച്ഛമായ തുകയ്ക്ക് ലക്ഷക്കണക്കിനു കോടികളുടെ കിട്ടാക്കടത്തിനു കാരണക്കാരായ കോര്‍പ്പറേറ്റുകളെ ഏല്പിച്ച് ബലപ്രയോഗത്തി ലൂടെ പിരിച്ചെടുക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. അപ്രകാരം 'സ്വകാര്യ മുതല്‍ ഈടാക്കല്‍ കമ്പനികള്‍' എന്ന ലേബലില്‍ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് സാധാരണ ക്കാരില്‍ നിന്നും മുതലും പലിശയും പലിശയുടെ പലിശയും വസൂലാക്കുന്ന ഏര്‍പ്പാട് നടന്നുവരുന്നു. കേരളത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇതിനായി അംബാനിക്കു ക്വട്ടേഷന്‍ നല്‍കിയ കാര്യം ഇതോടകം ചര്‍ച്ചചെയ്തിട്ടുള്ളതാണ്. 

ഇപ്രകാരം അദ്ധ്വാനിക്കുന്നവരും നാനാരൂപങ്ങളില്‍ അടിച്ചമര്‍ത്ത പ്പെടുന്നവരുമായ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കെതിരെ കോര്‍പ്പറേറ്റുകള്‍ക്ക് പാദസേവ ചെയ്യാന്‍ ഏതു നീചമാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ബിജെപി ഭരണത്തിനു കീഴില്‍ കിട്ടാക്കടം പെരുകുന്നതിനുള്ള ഒരു അടിയന്തിര കാരണം കൂടിയുണ്ട്. അതു 'മേക്ക് ഇന്‍ ഇന്ത്യ' പരിപാടിയുടെ പ്രില്‍ രാജ്യത്ത് ഊര്‍ജ്ജിതമായിട്ടുള്ള പിപിപി (പൊതു സ്വകാര്യ പങ്കാളിത്ത) പദ്ധതികളാണ്. അടിസ്ഥാന സൗകര്യമേഖലകളും ദീര്‍ഘകാല നിക്ഷേപമാവശ്യമുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പദ്ധതികളും സര്‍ക്കാര്‍ ആ രംഗത്തു നിന്നും പിന്‍വാങ്ങിയ സന്ദര്‍ഭത്തില്‍, കെട്ടിപ്പടുക്കുന്നത് പിപിപി അടിസ്ഥാനത്തിലാണ്. മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പിപിപി കമ്പോളമാക്കിയിരിക്കുന്നു. പിപിപിയില്‍ പൊതു പങ്കാളിത്തം അഥവാ സര്‍ക്കാരിന്റെ വിഹിതം ഒട്ടുമിക്കപ്പോഴും 40 ശതമാനം വരെ ഗ്രാന്റായി കോര്‍പ്പറേറ്റ് - സ്വകാര്യ കുത്തകകളിലേക്ക് പൊതു ഖജനാവില്‍ നിന്നു കൈമാറുന്നു. പദ്ധതിക്കാവശ്യമായ ചെലവുകള്‍ ഊതിപ്പെരുപ്പിച്ച് കാണിക്കുന്നതുനിമിത്തം ഈ 40 ശതമാനം ഗ്രാന്റുപയോഗിച്ച് പദ്ധതി പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ ഇതിന്റെ പേരില്‍ 60 ശതമാനം തുകയും ബാങ്കുകളില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ യാതൊരു ഈടുമില്ലാതെ വായ്പ എടുക്കാ റാണ് പതിവ്. വിജയ് മല്യയുടെ ഉദാഹരണം വ്യക്തമാക്കുന്നതു പോലെ ഈ പണം മറ്റു ചാലുകളിലേക്കു തിരിച്ച് തങ്ങളുടെ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുകയാണ് കോര്‍പ്പറേറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അധികാര കേന്ദ്രങ്ങളും ബാങ്കു മേധാവികളും കോര്‍പ്പറേറ്റുകളും തമ്മിലുള്ള ധാരണപ്രകാരം കോര്‍പ്പറേറ്റുകളെടുക്കുന്ന വായ്പകളൊന്നും തിരിച്ചടക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ല. അതായത്, അടുത്തകാലത്ത് പിപിപി പദ്ധതികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവും കോര്‍പ്പറേറ്റ് സമ്പത്തു സമാഹരണത്തിലെ മുഖ്യ ഇനമായി അതു മാറിയതും ബിജെപി ഭരണത്തില്‍ ബാങ്കുകളുടെ കിട്ടാക്കടം അഥവാ നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നതിനുള്ള മുഖ്യകാരണമായി മാറിയിരിക്കുന്നു. അടുത്തകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് റോഡുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയടക്കമുള്ള അടിസ്ഥാന സൗകര്യമേഖല, റിയല്‍ എസ്റ്റേറ്റ്, വ്യോമയാനം തുടങ്ങിയ രംഗങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന കോര്‍പ്പറേ ററുകളാണ് കിട്ടാക്കടം വരുത്തിവെക്കുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നതെന്നാണ്. 

കോര്‍പ്പറേറ്റുകള്‍ക്ക് സഹസ്രകോടികള്‍ വായ്പ കൊടുക്കുമ്പോള്‍ അതു തിരിച്ചു പിടിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും അതു നടപ്പാക്കുകയും ചെയ്താല്‍ അനായാസം ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാവുന്നതേയുള്ളൂ. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ഭരണത്തില്‍ കോര്‍പ്പറേറ്റ് താല്‍പര്യത്തിനു വിരുദ്ധമായി പൊതുമേഖലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയില്ലെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. എന്തിന ധികം ജനങ്ങള്‍ക്കവകാശപ്പെട്ട ലക്ഷക്കണക്കിനു കോടി രൂപ കട്ടെടുക്കുന്ന കോര്‍പ്പറേറ്റുകളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലും ബാങ്കുകളോ സര്‍ക്കാരോ തയ്യാറല്ല. ഇതിന്റെ ഫലമായി സമ്പദ്ഘടനയുടെ ജീവനാഡിയും ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ പൊതുമേഖലാ ബാങ്കുകള്‍ തന്നെ തകര്‍ച്ചയുടെ വക്കിലാണ്. ഈ വിടവിലേക്ക് സ്വകാര്യ പുത്തന്‍ തലമുറ കഴുത്തറപ്പന്‍ പണമിടപാടു സ്ഥാപനങ്ങളെയും വിദേശബാങ്കുകളെയും കയറൂരി വിടാനുള്ള ഗൂഢനീക്കത്തിലാണ് മോദി സര്‍ക്കാര്‍. ഇതിലടങ്ങിയ ജനവഞ്ചനയും കോര്‍പ്പറേറ്റ് ദാസ്യവും മറച്ചു പിടിക്കുന്നതിനു വേണ്ടിയുള്ളതാണ് 'ഭാരത് മാതാ കി ജയ്' വിളികള്‍.