"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 11, ശനിയാഴ്‌ച

'ആരാണ് ഹിന്ദു?' ഗ്രന്ഥത്തിനൊരു ആമുഖം - ശശിക്കുട്ടന്‍ വാകത്താനം


രാഷ്ട്രപിതാവായ ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിതാഭസ്മം കുടത്തിലടച്ച് സൂക്ഷിച്ചിരിക്കുന്നത്, ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകുമ്പോള്‍ മാത്രം ഗംഗയില്‍ ഒഴുക്കാനാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ എന്തു വിലകൊടുത്തും അത് നേടിയെടുക്കും എന്നതിന്റെ അടയാളം കൂടിയാണത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിക്കാതിരുന്ന വ്യക്തിയാണ് ഗോഡ്‌സെ. ഈ വ്യക്തിയെയാണ് ആര്‍ എസ് എസ്സുകാര്‍ മഹത്വവല്‍ക്കരി ക്കുകയും 'മിഷന്‍ ടു സേവ് ഹിന്ദുയിസം ആന്റ് ഹിന്ദു ടെമ്പിള്‍സ്' എന്ന വെബ്‌സൈറ്റില്‍ ഗോഡ്‌സെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി എന്നു തെറ്റായി പോസ്റ്റുചെയ്തത്. ഇത്തരത്തില്‍ ജനവഞ്ചന നടത്തുക എന്നത് ഹിന്ദുത്വ ഭ്രാന്തിന്റെ ഭാഗമാണ്. 

ഇന്ത്യക്കു പുറത്തുനിന്നു വന്നവര്‍ പുറത്തുപോകുകയോ അല്ലെങ്കില്‍ ഇവിടെയുള്ള സവര്‍ണ്ണര്‍ പറയുന്നതനുസരിച്ച് ജീവിക്കുകയോ ചെയ്തുകൊള്ളണം എന്നാണ് ആര്‍ എസ്സ് എസ്സിന്റെ സര്‍സംഘചാലകായിരുന്ന ഗോള്‍വല്‍ക്കര്‍ പറഞ്ഞത്. ഈ പറയുന്ന ആര്‍ എസ്സ് എസ്സി ന് ഇന്ത്യയില്‍ എന്തുകാര്യം എന്നു തിരിച്ചു ചോദിക്കാത്തത് മനുഷ്യത്വം എന്ന ഒരുതരം മാറാരോഗം ഇവിടുത്തെ പുരോഗമന കാരികള്‍ക്കുള്ള തുകൊണ്ടാണ്. മധ്യേഷ്യയില്‍ നിന്നു വന്ന ആര്യന്മാരാണ് ഇവിടുത്തെ വളരെ ചെറിയ ന്യൂനപക്ഷമായ സവര്‍ണ്ണര്‍ എന്ന ആര്യബ്രാഹ്മണര്‍. വേദകാലത്തിന്റെ അവസാനത്തോടെ ചാതുര്‍വര്‍ണ്ണ്യം സ്ഥാപിച്ചെടുത്തത്, മോദിയുടെ ഗുജറാത്തിലേതു പോലെ മനുഷ്യനെ കൊന്നുകൊണ്ടായിരുന്നു. പിന്നീടതിന് സിദ്ധാന്തം ഉണ്ടാക്കുകയും അതു നടപ്പിലാക്കാന്‍ ക്ഷത്രിയരെന്ന വിഭാഗത്തെ നിലനിര്‍ത്തുകയും ചെയ്തു. സ്വന്തം മാതാവിനെ കൊന്ന പരശുരാമനെയും മക്കളെയും സഹോദരങ്ങളെയും വിവാഹംകഴിക്കുന്ന അപ്പന്മാരുടെയും സംസ്‌കാരത്തില്‍നിന്നും ഉടലെടുത്ത ഇതിഹാസങ്ങളും പുരാണങ്ങളും ദൈവതുല്യം കൊണ്ടുനടക്കുന്ന ആര്‍ എസ്സ് എസ്സ് പശു ഇറച്ചിയുടെ പേരിലും അന്ധവിശ്വാസത്തിനെതിരെ പൊരുതുന്നതിന്റെ പേരിലും പച്ചമനുഷ്യനെ കൊല്ലുന്നതില്‍ രസം കണ്ടെത്തുകയാണ്. ഒരു കാലത്ത് അക്ഷരം വരെ നിഷേധിച്ചിരുന്ന ശൂദ്രനുതാഴെവരുന്നവര്‍ ഇന്ന് അക്ഷരം പഠിച്ച് മുന്നേറുമ്പോള്‍ അവരെ കൊന്നുതിന്നുന്ന ഹിന്ദുത്വത്തിന്റെ നരഭോജികള്‍ ഇതൊന്നും അറിയാത്തവരെ വലയില്‍ക്കുടുക്കി വന്‍തോതില്‍ പണം ഇറക്കുമതിചെയ്ത് ജനങ്ങളെ വിലയ്ക്കു വാങ്ങിക്കൊണ്ടിരിക്കുകയാണ്. സവര്‍ണ്ണനില്‍ നിന്ന് 64 അടിവരെ അകലം കല്‍പ്പിക്കപ്പെട്ടി രുന്നവര്‍ വരെ ഹിന്ദുത്വത്തിന്റെ 'ധൃതരാഷ്ട്രാലിംഗന' ത്തിന് വിധേയരായിക്കഴിഞ്ഞിരിക്കുന്നു. 

ജാതീയമായ അസമത്വം നിലനിര്‍ത്തുകയും ജാതിയും ഭൂമിയു മായുള്ള ബന്ധം മറച്ചുവയ്ക്കുകയും പുത്തന്‍ കോളനീകരണ ത്തിന്റെ കൊള്ളയെ ഇവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അടിമത്വം പുതിയ രൂപത്തില്‍ ഇവര്‍ക്കുമേല്‍ പറന്നിറങ്ങുകയാണ്. ഇതിനെ ന്യായീകരിക്കുന്ന സ്വത്വവാദികള്‍ അറിഞ്ഞുകൊണ്ടുതന്നെ ഹിന്ദുത്വത്തിന്റെ പിന്നാമ്പുറത്തു പോയിനിന്നു കൈനീട്ടുകയാണു ചെയ്യുന്നത്. ഇത്തരം ചെയ്തി കളെ ആദര്‍ശവല്‍ക്കരിക്കുന്ന പോസ്റ്റ്‌മോഡേണ്‍ ചിന്തകരും സ്വത്വവാദികളും എഴുത്തുകാരും സാധാരണ ജനങ്ങളെ ഒറ്റുകൊടുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ അജണ്ടയെ ഫാസിസമായി കാണുന്നതിനെ സി പി ഐ (എം) സൈദ്ധാന്തികര്‍ ലാഘവത്തോടെയാണ് കാണുന്നത്. ഇന്ത്യയില്‍ ഒരു ക്ലാസിക് ഫാസിസ്റ്റു ഭരണകൂടം നിലവില്‍ വന്നിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയോട് വളരെ വേഗത്തില്‍ ഹിന്ദുത്വ അജണ്ടയെ ഉദ്ഗ്രഥിക്കാന്‍ കഴിയുന്ന തരത്തില്‍ അത് വഴക്കമുള്ള തായി തീര്‍ന്നിരിക്കുന്നു. കാരണം, നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന ജാതിവ്യവസ്ഥയുടെ അടിത്തറയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലന്നതാണ് വസ്തുത. ഗുജറാത്ത് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് പ്രസിദ്ധീകരിച്ച 'കര്‍മ്മയോഗ' എന്ന മോദിയുടെ പുസ്തകത്തില്‍ പിന്നോക്ക ജാതിക്കാരോടുള്ള സമീപനം രേഖപ്പെടുത്തിയിട്ടുണ്ട്. ''തോട്ടിപ്പണി വാല്‍മീകി ജാതിയില്‍പ്പെട്ടവര്‍ക്ക് ആത്മീയാനുഭവമാകേണ്ടതാണ്. ചരിത്ര ത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഈ ജാതിയിലെ ഒരാള്‍ക്ക് മൊത്തം സമൂഹത്തിന്റെയും ദൈവത്തിന്റെയും സന്തോഷത്തിനു വേണ്ടി ഈ ജോലി ചെയ്യേണ്ടത് തങ്ങളുടെ കടമയാണ് എന്ന ജ്ഞാനോദയം സിദ്ധിച്ചിരിക്കാം. അതിനാല്‍ ദൈവം തങ്ങള്‍ക്കു നല്‍കിയ ജോലി അവര്‍ ഏറ്റെടുത്തു. ഈ ശുചീകരണജോലി ഒരു ആത്മീയവൃത്തിയായി നൂറ്റാണ്ടുകളോളം തുടര്‍ന്നു വന്നു. ഇത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവരുടെ മുന്‍ഗാമികള്‍ക്ക് മറ്റെന്തെങ്കിലും ജോലികളോ കച്ചവടമോ തെരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നില്ല എന്നു വിശ്വസിക്കാന്‍ സാധിക്കില്ല.'' ഇത്തരത്തിലാണ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ 

ശ്രമിക്കുന്ന ഒരു ചായക്കച്ചവടക്കാരനായ പിന്നോക്കക്കാരന്‍ ചിന്തിക്കുന്നതെങ്കില്‍ വരേണ്യന്റെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളു. 

ജാതീയത ആഴത്തില്‍ വേരോടിയിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും അതിന്റെ വേരുകളെ പിഴുതെറിയാന്‍ കഴിയാതെ പോയത് അരികുവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമായിട്ടില്ലെന്നതുതന്നെയാണ്. അവര്‍ക്കു പ്രാഥമികമായും ഭൂമിക്കുമേല്‍ അവകാശം ഉണ്ടാകണം. ഇന്നു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിലൂടെ ഭൂമി കുത്തകകളില്‍ കേന്ദ്രീകരിക്കുന്നതിനാലും വികസനത്തിന്റെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതിനാലും ഈ വിഭാഗങ്ങള്‍ കൂടുതല്‍ ദൂരത്തേക്ക് ആട്ടി അകറ്റപ്പെട്ടിരിക്കുകയാണ്. ജാതി ഇന്ന് ഈ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെയാണ് 
ഇവിടെ ഫാസിസമായി കാണേണ്ടത്. 

ഇത്തരം ഒരു വീക്ഷണ വിസ്തൃതിയിലാണ്  'ആരാണ് ഹിന്ദു' എന്ന പുസ്തകം പരിചയപ്പെടുത്തുന്നത്. ഹിന്ദുമതത്തിന്റെ പേരില്‍ സവര്‍ണ്ണര്‍ക്കുവേണ്ടി കൊള്ളയും കൊലയും നടത്തിക്കൊണ്ടിരിക്കുന്നത് മോദിയെപ്പോലുള്ള പിന്നോക്കക്കാരാണ് എന്നതാണ് ഏറ്റവും ദയനീയമായ വസ്തുത. അധികാരത്തി ലെത്താന്‍ ഏതു കുത്സിതമാര്‍ഗ്ഗവും സ്വീകരിക്കുന്ന രാഷ്ട്രീയം ഇനിയും തിരിച്ചറിവില്‍ എത്തുന്നില്ലെങ്കില്‍ ജനങ്ങളെ വര്‍ഗ്ഗ ശത്രുവായി കാണുന്ന നിലപാടിലേക്കായിരിക്കും അധഃപതിക്കുക. 

ഇന്ത്യയില്‍ ജാതി ഒരു യാഥാര്‍ത്ഥ്യമാണ്. ജാതിക്കെതിരായ പോരാട്ടം അതുകൊണ്ടുതന്നെ അനസ്യൂതം തുടരേണ്ടതുമാണ്. അധികാരം സവര്‍ണ്ണ പ്രത്യയശാസ്ത്രമായി നിലനില്‍ക്കുന്ന കാലത്തോളം ജാതിക്കെതിരായ സമരം വികസിപ്പിച്ചേ മതിയാകൂ. ഗോഡ്‌സേയുടെ ചിതാഭസ്മം നമ്മെ പിന്‍തുടരുവോളം അത് അനിവാര്യവും ആകുന്നു. 

ഇന്ത്യയിലെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെപ്പോലെ ബഹുജനങ്ങളുടെ ഒരു പാര്‍ട്ടിയല്ല ബി ജെ പി. പ്രത്യക്ഷത്തില്‍ അത് അങ്ങനെ ആണെന്നു പറയുമ്പോഴും അതിനു നേതൃത്വം കൊടുക്കുന്ന ആര്‍ എസ്സ് എസ്സ് മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജണ്ട സവര്‍ണ്ണ ഹിന്ദുക്കളും അവര്‍ക്കടിമപ്പണി ചെയ്യുന്നവരും ഒഴികെയുള്ളവരെ പുറത്താക്കുക എന്നതുതന്നെയാണ് അവരുടെ ലക്ഷ്യം. അതിനായി വിവിധ രാജ്യങ്ങളില്‍നിന്നും വന്‍തോതി ലുള്ള ഫണ്ടും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനകളും നിരവധിയാണ്. അവയില്‍ ചിലതു മാത്രമാണ് താഴെ കൊടുത്തിരിക്കുന്നത്.

ബി ജെ പിയുടെയും ആര്‍ എസ്സ് എസ്സിന്റെയും നേതൃത്വം അംഗീകരിക്കുന്ന വിവിധ സംഘടനകള്‍

1 പൂര്‍വ്വ സൈനിക് സേവാസമിതി (എക്‌സ്- സര്‍വീസ് മെന്‍)
2 രാഷ്ട്രീയ സിഖ് സംഖ് (ഹിന്ദു- സിഖ്)
3 ഭാരത് വികാസ് പരിഷത് (വ്യവസായം)
4 വിവേകാനന്ദകേന്ദ്രം
5 വിശ്വഹിന്ദു പരിഷത്
6 ബജറങ്ങ് ദള്‍ (മതം, മതംമാറ്റം)
7 സാമാജിക് സംരക്ഷണ മഞ്ച് (ജാതി സംയോജനം)
8 വിജ്ഞാന്‍ ഭാരതി (ശാസ്ത്രം)
9 ആകാശ് ഭാരതീയ ഗൃഹണി പ്രകാശന്‍ (പ്രസിദ്ധീകരണങ്ങള്‍)
10 അഖില രാഷ്‌ട്രോത്തന്‍ സാഹിത്യ ('')
11 സാധന പുസ്തക പ്രകാശന്‍ ('')
12 ജ്ഞാനഗംഗാപ്രകാശന്‍ ('')
13 അര്‍ച്ചന പ്രകാശന്‍ ('')
14 ഭാരതീയ വിചാരസാധന ('')
15 ഭാരത് പ്രകാശന്‍ ('')
16 സുരുയി പ്രകാശന്‍ ('')
17 ലോഷഹിത് പ്രകാശന്‍ ('') 
18 അഖിലഭാരതീയ ഗൃഹ പഞ്ചായത്ത് (ഉപഭോഗം)
19 സഹകാര്‍ ഭാരതി (സഹകരണം)
20 ഭാരതീയ കുഷ്ഠ നിവാരണ സംഘ് (കുഷ്ടരോഗ നിവാരണം)
21 സേവാഭാരതി (സേവനപ്രവര്‍ത്തനം)
22 ഹിന്ദുസേവാ പ്രതിഷ്ഠാന്‍ ('')
23 സംസ്‌കൃതി ഭാരതി (ഭാഷ, സംസ്‌കാരം)
24 മഹാസംഗ് (അദ്ധ്യാപകര്‍)
25 ഭാരതീയ ശിക്ഷക് മണ്ഡല്‍ ('')
26 അഖില ഭാരതീയ രാഷ്ട്രീയ ശിക്ഷക് ('')
27 ബുദ്ധിജീവി ഭാരതീയ 
ഇതിഹാസ് സങ്കലന്‍ യോജന (ചരിത്രം)
28 പ്രജ്ഞാഭാരതി
39 ദീനദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഗവേഷണം)
30 അഖിലഭാരതീയ പരിഷത് (സാഹിത്യം)
31 വനവാസികല്യാണ്‍ ആശ്രമം (വനവാസി സംഘടന)
32 ക്ഷേത്രസംരക്ഷണ സമിതി
തുടങ്ങിയ സംഘടനകളിലൂടെയാണ് സംഘപരിവാര്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്തുവില കൊടുത്തും ഹിന്ദുവിന്റെ പേരുപറഞ്ഞ് ജനങ്ങളെ വാങ്ങി അവര്‍ക്കുതന്നെ എതിരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിശാസ്ത്രമാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും എതിരായി നില്‍ക്കുന്ന ഒരു പ്രസ്ഥാനം എക്കാലവും ജനങ്ങള്‍ക്കും രാഷ്ട്രത്തിനും ഭീഷണിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു വിടുപണിചെയ്ത സംസ്‌കാരമുള്ള ആര്‍ എസ്സ് എസ്സിന് ഇന്ന് അമേരിക്കക്കുവേണ്ടി തോട്ടിപ്പണി ചെയ്യാന്‍ ഒട്ടും മടിയില്ല. ഇതിന്റെ വിവിധ വശങ്ങളെ വിശകലനം ചെയ്യുകയാണ് ആരാണ് ഹിന്ദു എന്ന പുസ്തകത്തിലൂടെ. വളരെ ആസൂത്രിതമായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളെ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഈ പുസ്തകം ഊന്നുന്നുണ്ട ്. അതു സാര്‍ത്ഥകമാക്കിത്തീര്‍ക്കേണ്ടത് വായനക്കാരാണ്. 
പ്രസാധകര്‍