"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 19, ഞായറാഴ്‌ച

ജൈന -ബുദ്ധ മതങ്ങള്‍; - ശശിക്കുട്ടന്‍ വാകത്താനം



വേദകാല മതത്തെ വൈദിക മതം എന്നാണു വിളിച്ചിരുന്നത്. വൈദിക മതം സ്വന്തം താല്‍പര്യങ്ങള്‍ക്കപ്പുറത്തേക്ക് വികസിക്കാതിരിക്കുകയും സാമൂ ഹ്യമായ ഇടപെടല്‍ ക്രൂരവും പൈശാചികവുമായി തുടരുകയും ചെയ്യുന്നിടത്തുനിന്നാണ് ജൈന- ബുദ്ധമതങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അക്കാലത്തെ സമ്പത്തായിരുന്ന പശുക്കളെ യാഗത്തിന്റെ പേരില്‍ അനിയന്ത്രിതമായി കൊല്ലുന്നതും കാടു ചുട്ടെരിക്കുന്നതും ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തകര്‍ത്തുകൊണ്ടിരുന്നു. ഇതിനെതിരെയായിരുന്നു ജൈന- ബുദ്ധമതങ്ങള്‍ അഹിംസാ സിദ്ധാന്തം മുന്നോട്ടുവച്ചത്. അത് ഇന്ത്യയിലും സമീപരാജ്യങ്ങളിലേക്കും വ്യാപിച്ചു. പുതിയ ഉല്‍പാദന ബന്ധങ്ങളിലൂടെ പുതിയ സാമൂഹിക ക്രമം രൂപംകൊണ്ടത് ജൈന- ബുദ്ധമതങ്ങളുടെ പ്രചാരം വര്‍ദ്ധിക്കാ നിടയായി. ഒരു മതം രൂപംകൊള്ളുന്നതിനു ദൈവത്തിന്റെ ആവശ്യമില്ലെന്നു ഇതു തെളിയിച്ചു. പരലോകത്തിലെ സുഖത്തെക്കുറിച്ചല്ല ഈ ലോകത്തിലെ കര്‍മ്മത്തെയാണ് അതു മുന്നോട്ടുവച്ചത്. അതുവഴി വര്‍ണ്ണാശ്രമ വ്യവസ്ഥയിലൂടെ വൈദികമതം മുന്നോട്ടുവച്ച എല്ലാത്തരം അന്ധവിശ്വാസങ്ങളേയും അധാര്‍മ്മികതയെയും ചോദ്യം ചെയ്യുകയും ദൈവത്തെ നിഷേധിക്കുകയും ചെയ്തു.

ഇത്തരത്തില്‍ പുരോഗമനാശയങ്ങള്‍ പ്രത്യക്ഷപ്പെട്ടതു മുതല്‍ക്കുതന്നെ മതനവീകരണ പ്രവണതയും മുന്നോട്ടു വന്നു. സമൂഹം പരിഷ്‌കരണത്തിനു വിധേയമാകുകയും സാമൂഹിക ബന്ധങ്ങള്‍ മാറ്റപ്പെടുകയും ചെയ്തുകൊണ്ടിരുന്നതിനാല്‍ പഴയവ ജീര്‍ണ്ണിക്കുകയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്തു. വേദങ്ങള്‍ ആരണ്യകങ്ങള്‍ ബ്രാഹ്മണങ്ങള്‍ ഇവയില്‍നിന്നും ഉപനിഷത്തിലേക്കുള്ള കടന്നുവരവ് കാലത്തിനൊത്തുള്ള മാറ്റത്തെയാണ് കാണിക്കുന്നത്. ഉപനിഷത്തുക്കളിലെ ജൈന-ബുദ്ധമത സ്വാധീനം പലയിടത്തും വ്യക്തമായിത്തന്നെ കാണാം. ഇതിനെ മറികടക്കുന്നതിന് വൈദികമതം പുതിയ അവതാരങ്ങളെ രംഗത്തിറക്കുകയും ചെയ്തു. സായണന്റെയും ശങ്കരന്റെയും ഭാഷ്യങ്ങള്‍ വൈദികമതത്തിന്റെ കെട്ടുപോയ ദീപങ്ങളെ കത്തിക്കാന്‍ അവര്‍ ഉപയോഗിച്ചു. വേദങ്ങളിലേക്കു മടങ്ങാന്‍ പറയുന്ന ദയാനന്ദനും വേദങ്ങളുടെയും ഉപനിഷത്തിന്റെയും അന്തഃസത്തയെക്കുറിച്ചു വാതോരാതെ പറയുന്ന വിവേകാനന്ദനും വൈദികമതത്തിന്റെ വക്താക്കള്‍ തന്നെയായിരുന്നു. വര്‍ണ്ണ വ്യവസ്ഥ നിലവിലില്ലാതിരുന്ന കേരളത്തില്‍ മനുസ്മൃതിയെ ആധാരമാക്കി ജാതിക്കു നിയമം നിര്‍മ്മിച്ചത് ശങ്കരാചാര്യര്‍ (ശാങ്കരസ്മൃതി)ആയിരുന്നു. ഈ ശങ്കരനെ ഹെഗലിനോടുപമിച്ച കമ്മ്യൂണിസ്റ്റാചാര്യനെന്നു ചിലരെങ്കിലും വിളിക്കുന്ന ഇ എം എസും ഇന്ത്യയിലെ അടിമത്തത്തിന്റെ തത്ത്വശാസ്ത്രമായി ക്കഴിഞ്ഞിരുന്ന ചാതുര്‍വര്‍ണ്ണ്യത്തെ പ്രതിരോധിക്കുകയായിരുന്നില്ല ചെയ്തത്.

രാമക്ഷേത്രവും സംവരണവും

സ്വാതന്ത്ര്യ സമരകാലത്തുതന്നെ മുസ്ലീങ്ങള്‍ക്കെതിരെ ഒരു ആയുധമെന്ന നിലയില്‍ ആര്‍ എസ്സ് എസ്സ് ഉയര്‍ത്തിക്കൊണ്ടു വന്നതായിരുന്നു ബാബറിമസ്ജിദ് വിഷയം. ബാബറിപള്ളി ഇരിക്കുന്നത് രാമക്ഷേത്രം നശിപ്പിച്ച് അതിനു മുകളില്‍ പണിതതാണെന്നും അതുപൊളിച്ച് അവിടെ രാമക്ഷേത്രം പണിയണമെന്നും ഹിന്ദുത്വ തീവ്രവാദികള്‍ തീരുമാനിച്ചിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും അവകാശവാദം ഉന്നയിച്ചിരുന്ന പള്ളി നെഹ്രുവിന്റെ കാലത്ത് അടച്ചിടുകയും അവിടേക്ക് ആരെയും കടത്തിവിടാതിരിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും കാലത്ത് ഹിന്ദുവോട്ടിനുവേണ്ടി ഉണ്ടാക്കിയ ചില നീക്കുപോക്കുകളിലൂടെ യാണ് ഹിന്ദുക്കള്‍ക്ക് അവിടെ ആരാധന നടത്താനുള്ള അനുവാദം കൊടുക്കുകയും അത് പള്ളിപൊളിക്കലില്‍ എത്തിയതും.

ഇന്ത്യന്‍ ജാതിവ്യവസ്ഥയെ നിലനിര്‍ത്താന്‍ സവര്‍ണ്ണാധിപത്യം ഒളിപ്പിച്ചുവച്ചിരുന്ന രണ്ടു മര്‍മ്മപ്രധാന രാഷ്ട്രീയ കാര്യങ്ങളില്‍ ഒന്ന് രാമക്ഷേത്രവും മറ്റൊന്ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു മായിരുന്നു. ഇതു രണ്ടും സവര്‍ണ്ണാധിപത്യത്തിന്റെ അടിത്തറയെ സ്ഥാപിച്ചെടുക്കാനും അതുവഴി അസ്പൃശ്യരുടെ കടന്നു വരവിനെ തടയിടാനുമുള്ള അജണ്ടയുടെ ഭാഗവുമായി. അതിനെവിടംവരെ പോകാന്‍ കഴിയുമോ അവിടംവരെ പോകാന്‍ ഹിന്ദുവിന്റെ പേരില്‍ നിലകൊള്ളുന്നവര്‍ തയ്യാറാണെന്നുള്ള താണ് ഇന്ത്യ നേരിടുന്ന ദുരന്തങ്ങളില്‍ പ്രധാനമായ ഒന്ന്. രാമന്‍ ദൈവമായിരുന്നോ, അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നോ എന്നതല്ല വിഷയം. ഹിന്ദു ദേശീയതയ്ക്കു വേണ്ടത് രാമക്ഷേത്രമായിരുന്നു. അതിന് ഏതറ്റംവരെപോകാനും അവര്‍ തയ്യാറാണ്. പ്രശ്‌നബാധിത സ്ഥലത്ത് ശിലാന്യാസം നടത്തി രാമക്ഷേത്രം പണിയാന്‍ കല്ലും കട്ടയുമായി അവര്‍ എത്തിക്ക ഴിഞ്ഞു. ക്ഷേത്രത്തിന്റെ പണി പുറത്തുവച്ച് ഏതാണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍. മസ്ജിദ് പൊളിച്ചതുപോലെ ഒരു കര്‍സേവയിലൂടെ രാമക്ഷേത്രം പണിയും. 

പിന്നോക്ക ദളിതു ജനവിഭാഗങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെങ്കില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം ലഭിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുന്നത് ഏതിന്റെ അടിസ്ഥാന ത്തിലാണ്. നൂറ്റാണ്ടുകളായി ജാതിയുടെ പേരില്‍ അടിച്ചമര്‍ത്ത പ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതു പാടില്ലന്നു പറയുന്നത് സവര്‍ണ്ണന്റെ പഴയ വ്യവസ്ഥയെ നിലനിര്‍ത്താനുള്ള വ്യഗ്രതയാണ്. സംവരണംവഴി മറ്റാരുടെയും അവകാശം കവര്‍ന്നെടുക്കുന്നില്ലന്ന് അറിയാവുന്ന സ്ഥിതിക്ക് സംവരണത്തിനെതിരായ സമരം സാമ്പത്തിക താല്‍പര്യം മാത്രമല്ല ജാതിയെ നിലനിര്‍ത്താനുള്ള വ്യഗ്രത കൂടിയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടു നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ബി ജെ പി നേതാവായ അദ്വാനി രാമജന്മഭൂമിപ്രശ്‌നം ഉയര്‍ത്തിക്കൊണ്ട് രഥയാത്രയിലൂടെ രാജ്യത്താകെ വര്‍ഗ്ഗീയ ദ്രുവീകരണം നടത്താന്‍ ശ്രമിച്ചത്. സംവരണം പുനഃപരിശോധിക്കണമെന്ന് ആര്‍ എസ്സ് എസ്സ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെടുകയുണ്ടായി. ഗുജറാത്തില്‍ 1981 ലും 1985ലും നടന്ന സംവരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ജനസംഖ്യയില്‍ പതിനഞ്ചുശതമാനം വരുന്ന പട്ടേലുകളായിരുന്നു. അവര്‍തന്നെ യാണ് സമീപകാലത്തും സംവരണ വിരുദ്ധ മുദ്രാവാക്യവുമായി രംഗത്തു വന്നത്. ഡല്‍ഹിയില്‍ നടന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത ആളാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന കെജെരിവാള്‍. സംവരണം നിര്‍ബന്ധമാണെങ്കില്‍ അതു സാമ്പത്തിക സംവരണം ആകട്ടെ എന്നാണ് ആര്‍ എസ്സ് എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തി ന്റെയും നിലപാട്. സംവരണം ജാതീയമായതിനാല്‍ സംവരണം ഇല്ലാതാക്കാന്‍ ജാതി ഇല്ലാതാക്കുകയാണ് വേണ്ടത്. അതിന് ഇവര്‍ തയ്യാറാകുന്നില്ല.