"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 16, വ്യാഴാഴ്‌ച

കാര്‍ഷികമേഖലയിലെ കോര്‍പ്പറേറ്റ് കള്ളപ്പണ കേന്ദ്രീകരണം


കാര്‍ഷികാദായം ആദായ നികുതിക്കോ അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കോ വിധേയമല്ലാത്ത ഇന്ത്യയില്‍ കാര്‍ഷിക മേഖല വമ്പിച്ച കള്ളപ്പണ നിക്ഷേപ രംഗമായി മാറിക്കൊണ്ടി രിക്കുന്നു. പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനമുള്ള രാജ്യത്തെ ദരിദ്രജനകോടികളും വായ്പ തിരിച്ചടക്കാന്‍ നിര്‍വ്വാഹമില്ലാത്തതിനാലും കാര്‍ഷിക തകര്‍ച്ചമൂലവും ആത്മഹത്യ ചെയ്യുന്ന കര്‍ഷകരും നിരന്തരം മുരടിച്ച് വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെയായിക്കൊണ്ടിരിക്കുന്ന കൃഷിയു മെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ ഒരു വശം മാത്രമാണ്. എന്നാല്‍ വിവരാവകാശനിയമപ്രകാരം ആദായനികുതിവകുപ്പ് പുറത്തുവിട്ട കണക്കുകളനുസരിച്ച് നികുതി വലയില്‍ പെടാത്ത ഏറ്റവുമധികം സമ്പത്തു സമാഹരണം നടന്നുകൊണ്ടിരിക്കുന്ന മേഖലയായി കൃഷി മാറിക്കഴിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ചും 21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ശക്തിപ്പെട്ട കൃഷിയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണം ഊഹാതീതമായ തോതില്‍ കള്ളപ്പണം കേന്ദ്രീകരിക്കുന്ന ഒന്നാക്കി കാര്‍ഷിക മേഖലയെ മാറ്റിക്കഴിഞ്ഞു. ഒരു കോടി രൂപയിലേറെ കാര്‍ഷിക വരുമാനമുള്ളവര്‍ അതു ആദായനികുതിവകുപ്പിനെ അറിയിക്കണമെന്നാണ് ചട്ടം. 2005 വരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇപ്രകാരം ചെയ്തിരുന്നത്. എന്നാല്‍ 2006 ല്‍ 85 പേര്‍ ഇപ്രകാരം കണക്കുകള്‍ കൊടുത്തുവെങ്കില്‍ 2013 ആകുമ്പോള്‍ 9 ലക്ഷത്തി ലധികം പേര്‍ കാര്‍ഷാകാദായം വെളിപ്പെടുത്തുന്ന തരത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. ഇതാകട്ടെ, അനധികൃതവും നിയമവിരുദ്ധവും കണക്കില്‍ പെടാത്തതുമായ കള്ളപ്പണം വെളിപ്പിച്ചെടുക്കുന്നതിനായി കാര്‍ഷികാദായമായി പരിവര്‍ത്തിപ്പിക്കുന്നതാണെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.


ഉദാഹരണത്തിന് ആദായനികുതി വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2011 ല്‍ കാര്‍ഷികാദായമുണ്ടെന്ന് കാട്ടി 6.57 ലക്ഷം കോടീശ്വരന്മാരാണ് റിട്ടേണുകള്‍ ഫയല്‍ ചെയ്തത്. ഇവര്‍ കാണിച്ചിരിക്കുന്ന വരുമാനം ഏകദേശം 2000 ലക്ഷം കോടി രൂപയാണ്. 2011 ല്‍ ഇന്ത്യയുടെ ദേശീയ വരുമാനം (ഏഉജ) 84 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ 20 ഇരട്ടിയായിരുന്നു ആ വര്‍ഷത്തെ കാര്‍ഷിക വരുമാനമായി 6.57 ലക്ഷം പേര്‍ സ്വയം കണക്കാക്കിയിരിക്കുന്നതെന്ന് ചുരുക്കം. തീര്‍ച്ചയായും ഇത്രയും വരുമാനം കൃഷിയില്‍ നിന്നു വര്‍ത്തമാന സാഹചര്യത്തില്‍ കണ്ടെത്തുക അസാധ്യമാണെന്നിരിക്കെ, വെളുപ്പിച്ചെടുക്കുന്നതിനുവേണ്ടി രാജ്യത്തെ സമ്പന്നവര്‍ഗ്ഗം ഇത്രയും പണം കൃഷിയില്‍ നിന്നും ഉത്ഭവിക്കുന്നതാണെന്ന് വരുത്തിത്തീര്‍ത്തിരിക്കുകയാണ്. അതായത്, കണക്കുകള്‍ കാണിക്കുന്നതുപോലെ കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോഴും കൃഷിയുടെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തെ കള്ളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ഉപാധിയാക്കി കോര്‍പ്പറേറ്റുകള്‍ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നു വെന്ന് സാരം. 

2015 ഏപ്രില്‍ മാസം വിജയ് ശര്‍മ്മയെന്ന വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷയിന്മേല്‍ ആദായ നികുതിവകുപ്പു നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ട് മറ്റു ചില വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. 2014 - 15 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ കാര്‍ഷിക വരുമാനമുള്ള 2746 പേരുടെ വിശദാംശങ്ങളെപ്പറ്റി ആദായ നികുതിവകുപ്പ് ചില അന്വേഷണങ്ങള്‍ നടത്തുകയുണ്ടായി. ഇതില്‍ 321 പേര്‍ ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഡെല്‍ഹിയിലും കല്‍ക്കത്തായിലും യഥാക്രമം 275 പേരും 239 പേരും കേന്ദ്രീകരിച്ചിരുന്നു. അത്ഭുതകരമെന്നു പറയട്ടെ ധനമന്ത്രിയോട് ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോള്‍ കാര്‍ഷിക മേഖലയെ കള്ളപ്പണം വെളുപ്പിക്കാനുള്ള താവളമാക്കുന്ന കാര്യം സര്‍ക്കാരിനു അറിയാമെന്നതു മാത്രമായിരുന്നു പ്രതികരണം. കള്ളപ്പണത്തിനെതിരെ ഗീര്‍വാണപ്രസംഗവുമായി വന്ന ബിജെപിയുടെ ഭരണവും അതിന് കാവല്‍ നില്‍ക്കുന്ന അപമാനകരമായ സ്ഥിതിയാണ് ഇന്നത്തേത്. 

ബിജെപിയും കോണ്‍ഗ്രസ്സും ഇതര ഭരണവര്‍ഗ്ഗ പാര്‍ട്ടികളു മെല്ലാമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ഈ കള്ളപ്പണക്കാരുടെ പേരുകള്‍ പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷക്കാലം ഇപ്രകാരം കാര്‍ഷിക മേഖലയെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെടുത്ത ഏറ്റവും മുകള്‍ത്തട്ടി ലുള്ള 100 പേരുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന വിജയ് ശര്‍മ്മയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ആദായനികുതി വകുപ്പ് തള്ളിയിരിക്കുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ നിയമപരമായി ബുദ്ധിമുട്ടുണ്ടെന്നാണ് മറുപടി. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തു വന്നാല്‍ തങ്ങള്‍ക്കും ദോഷമാണെന്നു കരുതുന്ന പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും ഇക്കാര്യത്തില്‍ പാലിക്കുന്ന നിശ്ശബ്ദതയെ വിദഗ്ധമായി മുതലെടുത്തുകൊണ്ടാണ് മോദി ഭരണം കോര്‍പ്പറേറ്റ് സേവ ഊര്‍ജ്ജിതമാക്കുന്നത്.