"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 6, തിങ്കളാഴ്‌ച

അയ്യന്‍കാളിയെ അറിയുക - ദലിത് ബന്ധു എന്‍ കെ ജോസ്


അയ്യന്‍കാളിയുടെ ചരിത്രം ഒഴിവാക്കിക്കൊണ്ട് ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എഴുതുവാന്‍ തയ്യാറായ ആ പ്രഗത്ഭമതികളുടെ സാംസ്‌ക്കാരികാവബോധത്തെപ്പറ്റി പ്രത്യേക ഗവേഷണം നടത്തേണ്ടത് ആവശ്യമാണ്. അയ്യന്‍കാളിയെ ചരിത്രത്തില്‍ നിന്നും തൂത്തെറിയുവാന്‍ ബോധപൂര്‍വ്വമായ ഒരു ശ്രമംതന്നെ നടക്കുന്നുണ്ട് എന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നു. ആ പശ്ചാത്തലത്തിലാണ് അയ്യന്‍കാളിയെ അറിയുക എന്ന വിഷയം നവോത്ഥാനവേദിക്കാര്‍ തെരഞ്ഞെടുത്തത്; അതു സമുചിതവുമാണ്.

ക്രിസ്തു ഒരു ചരിത്രപുരുഷനാണ്. ക്രിസ്തുവിനെപ്പറ്റി ഇന്നും ലോകത്ത് എല്ലാ ഭാഷകളിലും ഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവുമധികം ഭാഷകളിലേയ്ക്ക് തര്‍ജ്ജിമ ചെയ്യപ്പെട്ട ഗ്രന്ഥം ബൈബിളാണ്. ഇരുപതു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ജനിച്ച ക്രിസ്തു ഇന്നും പഠനത്തിനു വിധേയനാണ്. പുതിയ പുതിയ ഗ്രന്ഥങ്ങള്‍ ആ വിഷയത്തില്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനികള്‍ ലോകത്തിലെ വളരെയേറെ രാഷ്ട്രങ്ങളിലെ പ്രധാന ശക്തിയാണ് എന്നതാണ് അതിന്റെ കാരണം. ക്രിസ്തുവിനെപ്പറ്റി പുതിയ വിവരങ്ങള്‍ ലഭിച്ചതു കൊണ്ടല്ല പുതിയ പുസ്തകങ്ങള്‍ എഴുതപ്പെടുന്നത്. മാര്‍ക്‌സി നെയും ഗാന്ധിയേയുംപറ്റി എല്ലാം അതുതന്നെ പറയാം. ശ്രീനാരായണഗുരു ഇന്നലത്തേക്കാളേറെ ഇന്നു ചര്‍ച്ചചെയ്യപ്പെടുന്ന തിന്റെ കാരണം നാരായണഗുരുവിനെ''ഉപയോഗിക്കുന്ന''ജനവിഭാ ഗത്തിന് ഇന്നലെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീന ശക്തി ഇന്നുണ്ട് എന്നതാണ്. അയ്യന്‍കാളിയെ ഉപയോഗിക്കാന്‍ അങ്ങനെ ഒരു ജനവിഭാഗമോ ആ ജനവിഭാഗത്തിന് എന്തെങ്കിലും സ്വാധീനതയോ ഇന്നും ഈ രാജ്യത്തില്ല. അതിനാല്‍ അയ്യന്‍കാളി ഇന്നുവിസ്മൃതനാകുന്നു എന്നുമാത്രം. ഈ രാജ്യത്തെ ദലിത് വര്‍ഗ്ഗങ്ങളി േലയ്ക്ക് അധികാരം കൈമാറുന്ന ഒരു കാലംവരും. അന്ന് അവരെ അതിനു പ്രാപ്തരാക്കിയ ഗോത്രപിതാവായി അയ്യന്‍കാളി അറിയപ്പെടും, ബഹുമാനിക്കപ്പെടും, പഠനവിധേ യമാക്കപ്പെടും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

ക്രിസ്തു ഉന്നതങ്ങളായ ആദര്‍ശങ്ങള്‍ പ്രസംഗിച്ചുനടന്നു. 'കണ്ണുള്ളവര്‍ കാണട്ടെ', 'ചെവിയുള്ളവര്‍ കേള്‍ക്കട്ടെ' എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.1 എന്നാല്‍ ക്രിസ്തുവിന്റെ ആദര്‍ശങ്ങളെയും ക്രിസ്തുവിനെയും മുന്‍നിറുത്തിക്കൊണ്ട് സെന്റ് പോള്‍ ഒരു സംഘടന സ്ഥാപിച്ചു. അത് നിലനില്‍ക്കാന്‍ ആവശ്യമായ അസ്തിവാരങ്ങളും പണിതു. കണ്ണുണ്ടെങ്കിലും കാണാത്തവരെ കാണിക്കാനും ചെവിയുണ്ടെ ങ്കിലും കേള്‍ക്കാത്തവരെ കേള്‍പ്പിക്കാനും ശ്രമിച്ചുകൊണ്ടി രിക്കുന്നു. അതിനാല്‍ ക്രിസ്തു ഇന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നു. ലെനിന്‍ ഇല്ലായിരുന്നുവെങ്കില്‍ കാറല്‍മാര്‍ക്‌സിന്റെ സ്ഥിതി എന്താകുമായിരുന്നു? ലോകം മാര്‍ക്‌സിനെ അറിയുമായിരുന്നു വോ? ഒരുപക്ഷെ ബുദ്ധിജീവികളുടെ ഇടയിലെ ഒരു പ്രഭവകേന്ദ്രമായി മാത്രം മാര്‍ക്‌സ് അവശേഷിക്കുമായിരുന്നു. മറ്റൊരു പ്ലേറ്റോയോ അരിസ്റ്റോട്ടിലോ ആകുമായിരുന്നു.അയ്യന്‍കാളിക്ക് ഇതുവരെ ഒരു സെന്റ് പോളോ ലെനിനോ ഉണ്ടായില്ല. അതിനാല്‍ അയ്യന്‍കാളിക്ക് ഒരു ക്രിസ്തുവോ കാറല്‍മാര്‍ക്‌സോ ആകുവാന്‍ കഴിഞ്ഞില്ല. ശ്രീനാരായണഗുരുവിന് ഒരു ടി.കെ. മാധവനും ഒരു സഹോദരന്‍ അയ്യപ്പനും ഒരു കുമാരനാശാനും മറ്റുമുണ്ടായിരുന്നു. അതെല്ലാം കാലേകൂട്ടി കണ്ട അയ്യന്‍കാളി ഒരു സാധുജനപരിപാലനസംഘം രൂപീകരിച്ചു. ഒരു പ്രക്ഷോഭകാരിയും വിപ്ലവകാരിയുമായിരുന്ന അയ്യന്‍കാളിയും ഡോ.അംബേദ്ക്കറെപ്പോലെ തന്നെ ഒരു സംഘാടകനായിരുന്നില്ല. അതിനാല്‍ സാധുജനപരിപാലന സംഘം മുമ്പു സൂചിപ്പിച്ചതു പോലെ അയ്യന്‍കാളിയുടെ കാലത്തുതന്നെ ഏറെക്കുറെ അസ്തമിച്ചു. ടി.ടി. കേശവന്‍ശാസ്ത്രി അതിനൊരു നിമിത്തമായി എന്നു ചിലര്‍ പറയുന്നു. അതിനെ നിഷേധിക്കുന്നവരും ഉണ്ട്. ഇക്കാര്യത്തില്‍ പ്രത്യേകമായ ഒരു ഗവേഷണം നടത്തേണ്ടതുണ്ട്. ഏതായാലും സര്‍ സി.പി. രാമസ്വാമി അയ്യര്‍ എന്ന തിരുവി താംകൂര്‍ ദിവാനും ഗാന്ധി എന്ന പ്രഖ്യാപിത രാഷ്ട്രപിതാവും കൂടി ബോധപൂര്‍വ്വം ആ സംഘടനയെ നശിപ്പിച്ചു.

അയ്യന്‍കാളിക്ക് അനുയായികളില്ലാതെ പോയത് ഒരു പരിധിവരെ അദ്ദേഹത്തിന്റെ ഭാഗ്യമാണ് എന്നു പറയാം. നാരായണഗുരുവിന് തന്റെ അന്ത്യകാലത്ത് അനുയായികളില്‍ നിന്നും ഓടി ഒളിക്കേണ്ടി വന്നു.2 അദ്ദേഹത്തിന്റെ ആശയങ്ങള്‍ വികൃതമാ ക്കപ്പെട്ടു. മദ്യം ഉല്‍പ്പാദിപ്പിക്ക രുത്, വില്‍ക്കരുത്, ഉപയോഗി ക്കരുത് എന്ന് അനുശാസിച്ച അദ്ദേഹ ത്തെയും അദ്ദേഹം സ്ഥാപിച്ച സംഘടനയെയുമാണ് ഇന്ന് ചിലര്‍ മദ്യ വ്യവസാ യത്തിന്റെ കുത്തക കൈവശപ്പെടുത്താന്‍ വേണ്ടി ഉപയോഗിക്കു ന്നത്. മറ്റുചിലര്‍ ഇന്ന് അദ്ദേഹത്തെ ഹൈന്ദവവത്ക്കരിക്കുകയും ഹിന്ദുമത പരിഷ്‌കര്‍ത്താവാക്കുകയും മറ്റും ചെയ്യുന്നുണ്ട്. നാരായണഗുരു വിന്റെ യാഥാര്‍ത്ഥമുഖം എന്നേ നഷ്ടമായി.3 അയ്യന്‍കാളിക്ക് ആ ദൗര്‍ഭാഗ്യം ഇന്നുവരെ സംഭവിച്ചിട്ടില്ല. ഇപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ.4 അയ്യന്‍കാളിയുടെ യഥാര്‍ത്ഥമുഖം ഇന്നുവരെ സ്‌റ്റേജില്‍ തെളിഞ്ഞില്ലെ ങ്കിലും അത് വികൃതമാ ക്കാതെ അണിയറയില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.

ചരിത്രകാരന്‍മാരുടെ ഇടയില്‍ അംഗീകരിക്കപ്പെടേണ്ട ഒരു വ്യക്തിയായി അയ്യന്‍കാളി ഇനിയും വളര്‍ന്നിട്ടില്ലായിരിക്കാം. ചരിത്രം രാജാക്കന്‍മാരുടെ കഥകളാകുമ്പോള്‍ ചരിത്രപുരുഷന്‍മാര്‍ രാജര്‍ഷികളാ യിരിക്കണം. അയ്യന്‍കാളിയുടെ വംശത്തില്‍ രാജക്കന്‍മാരുണ്ടായിരുന്നു. അത് നൂറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു. അന്നവര്‍ രാജാക്കന്‍മാര്‍ എന്ന പേരിലല്ല അറിയപ്പെട്ടിരുന്നത്. മൂപ്പന്‍മാരും ഗോത്രതലവന്‍മാരുമാ യിരുന്നു. ഇന്ന് ആ രാജാക്കന്‍മാരുടെ പിന്‍ഗാമികള്‍ വെറും പുലയരും പറയരും മറ്റുമാണ്. അവര്‍ ചരിത്രം സൃഷ്ടിക്കുന്നു എന്നത് തന്നെ പ്രകൃതി വിരുദ്ധമാണ് എന്നതാണ് നമ്മുടെ ചരിത്രബോധം. അയ്യന്‍കാളി യജമാനനായിരുന്നു. പക്ഷെ അത് അയ്യന്‍കാളിയുടെ അനുയായികളുടെ മാത്രം.

ഒന്നോ രണ്ടോ പുലയ യുവാക്കള്‍ അയ്യന്‍കാളിയെ പറ്റി ചില കുറിപ്പുകള്‍ എഴുതിയിട്ടിണ്ട് എന്നു മാത്രം. എന്റെ സ്‌നേഹിതനായ ശ്രീ.ടി.എച്ച്.പി. ചെന്താരശ്ശേരി അയ്യന്‍കാളിയുടെ ഒരു ജീവചരിത്ര ഗ്രന്ഥവും തയ്യാറാക്കിയിട്ടുണ്ട്.5 ശ്രി.സി. അഭിമന്യുവും ഈ അടുത്തകാലത്ത് അയ്യന്‍കാളിയുടെ മറ്റൊരു ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.6 അയ്യന്‍കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിച്ചകാലത്ത് ഒന്ന് രണ്ട് പത്രങ്ങള്‍ ചില പരാമര്‍ശനങ്ങളും അതേ പറ്റി നടത്തി. അതിനു പത്തുവര്‍ഷം മുന്‍പു ഞാന്‍ രചിച്ച പുലയലഹള എന്ന ഗ്രന്ഥത്തിലും അയ്യന്‍കാളിയെപ്പറ്റി ഒരു പഠനം ഉള്‍പ്പെടുത്തി. 1989 ല്‍ ഞാനും അയ്യന്‍കാളിയുടെ ഒരു ജീവചരിത്ര ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു. വിശദാംശങ്ങളിലും വീക്ഷണത്തിലും പല വ്യത്യാസങ്ങളും ഈ മൂന്ന് ഗ്രന്ഥങ്ങള്‍ തമ്മിലുണ്ട്. പിന്നീട് ഇപ്പോള്‍പല ഗ്രന്ഥങ്ങളും വന്നിട്ടുണ്ട്. മുന്‍പു സൂചിപ്പിച്ച ചെറായി രാംദാസിന്റെ പുസ്തകത്തില്‍ അതെല്ലാം കാണാം.

എന്നാല്‍ ഇന്ന് അയ്യന്‍കാളിയുടെ ജന്മദിനം ആഘോഷിക്കുന്ന പതിവുണ്ടായിട്ടുണ്ട്. അന്ന് അയ്യന്‍കാളിയെപ്പറ്റി ചില ചര്‍ച്ചകളും നടക്കു ന്നുണ്ട്. ഏതായാലും നാളെ അതു വളരുകയല്ലാതെ തളരുകയില്ല. പക്ഷെ ഇന്നും അതെല്ലാം ചില പ്രത്യേക വൃത്തത്തിനുള്ളില്‍ ഒതുങ്ങിനില്‍ ക്കുന്നു എന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ആ വൃത്തത്തിന്റെ പരിധിക്കപ്പുറത്ത് ഇനിയും അയ്യന്‍കാളിക്കു വികസിക്കാന്‍ കഴിഞ്ഞിട്ടില്ല. അവിടെ കനത്ത മതിലുകളാണ് കെട്ടിഉറപ്പിച്ചിരിക്കുന്നത്. അയ്യന്‍ കാളിയെ ഗൗരവമായ ഒരു വിഷയമായി എടുത്തു പഠനം നടത്തിയിട്ടുള്ള പട്ടികജാതിക്കാരനല്ലാത്ത ഒരാളുടെ പേര് ഇനിയും കണ്ടെത്തേണ്ടി #േയിരിക്കുന്നു. 

അയ്യന്‍കാളി ജനിച്ചത് പുലയ സമുദായത്തിലാണ്. കേരളത്തിന്റെ മണ്ണിലാണ്; സ്വന്തം മണ്ണിലാണ്. അയ്യന്‍കാളിയെയും അദ്ദേഹ ത്തിന്റെ സമുദായത്തെയുംപോലെ ഈ മണ്ണ് അവകാശപ്പെടാ വുന്നവര്‍ വേറെ ആരുമില്ല. അയ്യന്‍കാളിയുടെ പ്രവര്‍ത്തനം കേരളത്തിലായിരുന്നു. പ്രധാനമായും തിരുവിതാംകൂറിലായിരുന്നു. അതു ഇവിടുത്തെ അടിസ്ഥാന ജനവര്‍ഗ്ഗങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നുവെങ്കിലും അതിന്റെ പ്രത്യാഘാതം ഇവിടുത്തെ വരേണ്യവര്‍ഗ്ഗത്തേയും ബാധിച്ചു. അയ്യന്‍കാളിയുടെ പ്രവര്‍ത്തനത്തിന്റെ ഗുണമോ ദോഷമോ പ്രത്യക്ഷ മായോ പരോക്ഷമായോ അനുഭവിച്ചറിഞ്ഞി ട്ടില്ലാത്ത സമുദായങ്ങ െളാന്നും അന്നും ഇന്നും ഇവിടെയില്ല. അടിമകളെപ്പോലെ കഴിഞ്ഞിരുന്ന ഇവിടുത്തെ അടിയാളര്‍വര്‍ഗ്ഗം മോചിക്കപ്പെട്ടപ്പോള്‍ അത് അവരെ മാത്രമല്ല ബാധിച്ചത്. അവരെ അത്രയുംനാള്‍ അടിമകളാക്കി വച്ചു കൊണ്ടിരുന്നവരെയും ബാധിച്ചു. സ്വന്തം കുടുംബത്തില്‍ അന്നുവരെയുണ്ടായിരുന്ന ഏതാനും അടിയാളര്‍ സ്വതന്ത്രരായി നടന്നു പോയപ്പോള്‍ താളം തെറ്റാത്ത ഏതു ജന്മികുടുംബമാണ് ഇവിടെയുള്ളത്? അവരെല്ലാം താളം മാറ്റി ചവിട്ടേണ്ടി വന്നു. അതിനാല്‍ തന്റെ പ്രവൃത്തികൊണ്ട് കേരളത്തിലെ മുഴുവന്‍ ജനസമൂഹത്തോടും ദൃഢമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ ചരിത്രത്തില്‍ നിന്നും ബോധപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ ശ്രമം നടത്തുന്നത് കുറ്റകരമായ ഒരു പ്രവൃത്തി മാത്രമല്ല, ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ചിന്താഗതിയും കൂടിയാണ്. അതാണ് ഇന്നത്തെ ചരിത്രകാരന്മാര്‍ എന്നവകാശ പ്പെടുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നതും. മന്നത്തു പദ്മനാഭനും വി.ടി.ഭട്ടതിരിപ്പാടും അവരവരുടെ സമുദായ ത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചവരാണ്. അവരുടെ പ്രവര്‍ത്തനം ഇവിടുത്തെ അടിയാളരിലും പിന്നോക്കക്കാരിലും കാര്യമായ യാതൊരു പ്രത്യാഘാതവും ഉളവാക്കിയിട്ടില്ല. എങ്കിലും അവരെല്ലാം നാടിന്റെ നായകന്‍മാരാണ്. നിരോധിക്കപ്പെട്ട നിരത്തുകളിലൂടെ അയ്യന്‍കാളി ബലമായി നടന്നപ്പോള്‍ തീണ്ടലാക്കപ്പെടുമെന്നു ഭയമുള്ള സവര്‍ണ്ണരും അവരുടെ അന്തര്‍ജനങ്ങളും പുറത്തിറ ങ്ങാന്‍ ഭയപ്പെട്ട് അകത്തുതന്നെ വാസമുറപ്പിച്ചു. ഏതാനും വര്‍ഷം തിരുവന ന്തപുരത്ത് സവര്‍ണ്ണ സ്ത്രീകളില്‍ റോഡില്‍ കുടി നടക്കാന്‍ ഭയപ്പെട്ടു. എപ്പോഴാണ് അയിത്തജാതിക്കാര്‍ വന്നു തീണ്ടുന്ന തെന്നറിയാതെ അവര്‍ ഭയപ്പെട്ടു. ശ്രീ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴാന്‍ വന്നു കൊണ്ടിരുന്ന സ്ത്രികളുടെ എണ്ണം കുറഞ്ഞു. അത് അയ്യന്‍കാളി മൂലമാണ്. എന്നാല്‍ ചട്ടമ്പിസ്വാ മികളുടെയും വി.ടി.ഭട്ടതിരിപ്പാടിന്റെയും മന്നത്തുപദ്മനാഭ ന്റെയും പ്രവര്‍ത്തനഫലമായി ഇവിടുത്തെ അയിത്തജാതി ക്കാരില്‍ എന്തുമാറ്റമാണുണ്ടായത്?

അയ്യന്‍കാളി ഗവേഷകരുടെയും സാമൂഹ്യ പഠിതാക്കളുടെയും ദൃഷ്ടിയില്‍ ഇനിയും എത്തപ്പെട്ടിട്ടില്ലാ എന്നാണ് അവര്‍ അഭിനയിക്കുന്നത്. എന്നാല്‍ ആ കുറവ് പരിഹരിക്കാനുദ്ദേശി ച്ചുള്ളതല്ല ഈ ഗ്രന്ഥം. 

ഇവിടെ ഞാനുദ്ദേശിക്കുന്നത് അയ്യന്‍കാളിയെപറ്റിയും അദ്ദേഹ ത്തിന്റെ ദര്‍ശനത്തെപറ്റിയും പ്രവര്‍ത്തനങ്ങളെപറ്റിയും അതുമൂലം സമൂഹത്തിലുണ്ടായ മാറ്റങ്ങളെപറ്റിയും പ്രാഥമി കമായ ഒരു ജ്ഞാനം വായനക്കാര്‍ക്കു നല്‍കുക എന്നത് മാത്രമാണ്. അദ്ദേഹത്തെ പ്പറ്റി കൂടുതല്‍ പഠിക്കുവാന്‍ ഇത് ആരെയെങ്കിലും പ്രോത്സാഹിപ്പിക്കു കയാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. എന്റെ യത്‌നം സഫലമായി എന്ന് സമാശ്വസിക്കാം.