"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 18, ശനിയാഴ്‌ച

ഗോമാംസ ഭക്ഷണം: മനു സ്മൃതി യുടേയും അശോക സ്തംഭ ത്തിന്റേയും താരതമ്യ പഠനം - സജി വള്ളോത്യാമല


മധുപര്‍ക്കെ യജ്ഞേച
പീതൃദൈവതെ കര്‍മ്മണി
അത്രൈവ പശവോ ഹിംസ്യാ
നാന്യതേന്യ ബ്രാവിന്‍ മനു:
(മനുസ്മ്യതി 5:41)

മധുപര്‍ക്കത്തിലും ജോതിഷ്‌ടോമാദിയാഗത്തിലും ശ്രാദ്ധകര്‍മ്മ ത്തിലും ദേവകാര്യത്തിലും മാത്രമേ പശുക്കളെ കൊല്ലാവൂ മറ്റൊന്നിലും കൊല്ലാന്‍ പാടില്ല എന്നു പറയുമ്പോള്‍ ബ്രാഹ്മണരാദിയടക്കമുള്ള ആര്യഹിന്ദുക്കള്‍ ഈ ജീവികളെ കൊല്ലുകയും അവയെ ഭക്ഷിക്കുകയും ചെയ്യുന്നതായി തന്നെ വേദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

മാംസഭക്ഷണത്തെക്കുറിച്ചുള്ള മനുവിന്റെയും ബുദ്ധമതാനുയായി ആയിരുന്ന അശോകന്റെയും നിയമങ്ങള്‍ നമ്മുക്കൊന്നു താര തമ്യം ചെയ്തുനോക്കാം.

ക്രവ്യാദാഞ്ഛ കുനാന്‍ സര്‍വ്വാം
സത്ഥാ ഗ്രാമാനിവാസിന:
അനിര്‍ദ്ദിഷാടാംശ്ചൈ്വകശ
ഫാംഷ്ടിട്ടിഭം ചഹവര്‍ജ്ജയേത്
(മനുസ്മ്യതി 5:11)

പച്ചമാംസം തിന്നുന്ന ശുദ്ധാദികളായ എല്ലാ പക്ഷികളെയും ഗ്രാമവാസികളായ പ്രാവ് മുതലായവയെയും പ്രത്യേകം അനുവദിച്ചിട്ടില്ലാത്ത ഒറ്റ കുളമ്പുള്ള മ്യഗങ്ങളും, കഴുത, പുഷ്ഠം കുലുക്കി പക്ഷി എന്നിവകളുടെ മാംസം വര്‍ജ്ജിക്കേണം.

കളവിങ്കം പ്ലവംഹംസം
ചക്രാഹ്യം ഗ്രാമക്കുക്കുടം
സാരസം രജ്ജവാലം
ദാത്യൂഹം ശുക സാരികെ

(മനുസ്മ്യതി 5:12) ചുണ്ടുകൊണ്ടുകുത്തിത്തുളയ്ക്കുന്ന പക്ഷികള്‍, വലപോലെ പാദമുള്ളവ, വെള്ളത്തില്‍ മുങ്ങി മീന്‍പിടിക്കുന്ന നീര്‍കാക്ക മുതലായവയുടെ മാംസം കശാപ്പുശാലയിലെ ഇറച്ചി, ഉണക്കമാംസവും അഭക്ഷ്യങ്ങളാണ്.

ബകം ചൈവ ബലാം ച
കാകോലം ഖഞ്ജരീടകം
മത്സ്യാദാന്‍ വിഡ്യരാഹാം ശ്ച
മത്സ്യാനേവ ചസര്‍വ്വശ:
(മനുസ്മ്യതി 5:14)

കൊക്ക്, വെള്ളില്‍പക്ഷി, കാവതി കാക്ക കുരികില്‍, എന്നീ പക്ഷികളെയും മാത്സ്യം തിന്നുന്ന മുതല തുടങ്ങിയവയെയും നാട്ടുപന്നികളെയും മത്സ്യങ്ങളെയും ഭക്ഷിക്കരുത്.

യോ യസ്യമാംസമശ്‌നാനി
സ തത്വംസാദ ഉച്യതെ
മത്സ്യാന്ദ സര്‍വ്വ മാംസാ
ദസ്ത സ്മാന്യാല്‍സ്യാന്‍ വിവര്‍ജ്ജയേത്
(മനുസ്മ്യതി 5:15)

ഒന്നിന്റെ മാംസം മാത്രം തിന്നുന്നവനെ തന്‍മാംസാദന്‍ എന്നു പറയുന്നു. മത്സ്യാദനെ സര്‍വ്വമാംസദാന്‍ ആയാണു കണക്കാക്കു ന്നത്, അതിനാല്‍ മാംസം വര്‍ജ്ജിക്കേണം.

പാഠീന രോഹിതാവാദ്യാ
നിയുക്താ ഹവ്യകവ്യയോ:
രാജീവാന്‍ സിംവിതുണ്ഡാംശ്ചസ
ശല്‍ക്കാം ശ്ചൈവ സര്‍വ്വ ശ:
(മനുസ്മ്യതി 5:16)

ആയിരം പല്ലിമീന്‍, ചെങ്കൂവരമീന്‍ ഇവ രണ്ടും ഹോമശ്രാദ്ധ ങ്ങളില്‍ സമര്‍പ്പിക്കപ്പെട്ടതാണെങ്കില്‍ ഭക്ഷിക്കാം രാജീവമത്സ്യവും ചെതുമ്പലുള്ള മത്സ്യവും എല്ലാ അവസരത്തിലും ഭക്ഷിക്കാവു ന്നതാണ്.

ന ഭക്ഷയേഭദക ചരാ നജ്ഞാ
താംശ്ചാ മ്യഗ ദ്വിജാന്‍
ഭക്ഷ്യേഷ്യാപി സമുദിഷ്ഠാന്‍ സര്‍വ്വാന്‍
പഞ്ചനഖാം......... സ്തഥാ:
(മനുസ്മ്യതി 5:17)

ഏകാകിയായി സഞ്ചരിക്കുന്ന സര്‍പ്പാദികളെയും വിശേഷണ പേരും ഇനവും തിരിച്ചറിയാത്ത മ്യഗ, പക്ഷികളെയും ഭക്ഷിക്കരുത്. വിശേഷ നിഷേധമില്ലാത്ത ഭക്ഷ്യങ്ങളായി നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും എല്ലാ പഞ്ചനഖങ്ങളെയും ഭക്ഷിക്കരുത്.

ശ്വാ വിധം ശല്യകം ഗോധം
ഖണ്ഗം കുര്‍മ്മശശാം സ്തഥാ
ഭക്ഷ്യാന്‍ പഞ്ചനഖേഷ്യാഹുരാനു
ഷ്ടാംശ്ചൈകതോ ദത:
(മനുസ്മ്യതി 5:18)

മുള്ളന്‍പന്നി, ശല്യമ്യഗം, ഉടുമ്പ്, കാണ്ടാമ്യഗം, ആമ, മുയല്‍, എന്നിവ പഞ്ചനഖങ്ങളില്‍ ഭക്ഷ്യങ്ങളാണ്. അതുപോലെ ഒറ്റവരിമാത്രം പല്ലുള്ള വീട്ടുമ്യഗങ്ങളില്‍ ഒട്ടകം ഒഴിക്കെയുള്ള വയെ ഭക്ഷ്യയോഗ്യമാണ്.

ബൗദ്ധിക ജനതയുടെ ധാര്‍മ്മിഷ്ംനായ ആശോക ചക്രവര്‍ത്തി തന്റെ പ്രസിദ്ധമായ സ്തംഭശാസനത്തില്‍ ഇപ്രകാരം പറയുന്നു. ഇതു വായിക്കുമ്പോള്‍ ഇവിടുത്തെ അടിസ്ഥാന ജനതയായ പറയനും, പുലയനും, മഹറും, ചാമറും, മഡിഗ അടക്കമുള്ള ജനതയാണ് ബൗദ്ധികജനതയെന്ന് അറിയപ്പെടുന്നതും അവര്‍ ബുദ്ധമതാനുയായികള്‍ ആയിരുന്നെന്നും മനസ്സിലാക്കണം.

ഒന്നാം നമ്പര്‍ സ്തംഭശാസനം

' 'ധര്‍മ്മിഷ്ഠമായ ഈ ശാസനം എഴുതപ്പെട്ടിരിക്കുന്നത് മഹാ മഹിമ ദിവ്യശ്രീമാനായ മഹാ രാജാവ് തിരുമനസ്സിലെ കല്‍പ്പന പ്രകാരമാണ്. ഇവിടെ രാജധാനിയില്‍ ബലിയ്ക്കുവേണ്ടി ഒരു മ്യഗത്തെയും കശാപ്പുചെയ്യുവാന്‍ പാടുള്ളതല്ല. അതുപോലെ തന്നെ ഉത്സവസദ്യകള്‍ നടത്തുവാനും പാടുള്ളതല്ല . എന്തുകൊ ണ്ടെന്നാല്‍ മഹാമഹിമ ദിവ്യത്രീമാനായ മഹാരാജാവ് തിരുമന സ്സിലെ ദൃഷ്ടിയില്‍, ചില സ്ഥലങ്ങളിലെ ഉത്സവസദ്യകള്‍ അത്യുത്തമമാണെങ്കിലും ഉത്സവസദ്യകളില്‍ മഹാമഹിമ ദിവ്യത്രീമാനായ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഏറെ കുറ്റങ്ങള്‍ കാണുന്നു. 

മുമ്പ് മഹാമഹിമ ദിവ്യശ്രകമാനായ മഹാരാജാവ് തിരുമനസ്സിലെ മടപ്പള്ളിയില്‍ ഉപദംശങ്ങളുണ്ടാക്കുന്നതിനായി ദിവസവും ലക്ഷ്യക്കണക്കിനു ജീവജന്തുക്കളെ കശാപ്പു ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ ധര്‍മമിഷ്ഠയോടുകൂടിയ ഈ ശാസനം എഴുതുമ്പോള്‍ ഉപദംശങ്ങള്‍ക്കുവേണ്ടി ദിവസവും മൂന്നു ജീവജന്തുക്കളെ - രണ്ടു മയിലുകളെ ഒരു കൃഷ്ണമ്യഗത്തെയും മാത്രമാണ് കശാപ്പു ചെയ്യുന്നത്. എന്നാല്‍ കൃഷ്ണമ്യഗം സ്ഥീരമായി കശാപ്പുചെയ്യ പ്പെടുന്നില്ല. ഇനിമേലില്‍ ആ മുന്നു ജീവജന്തുക്കളെപ്പോലും കശാപ്പുചെയ്യുന്നതല്ല. '

രണ്ടാം നമ്പര്‍ സ്തംഭശാസനം പറയുന്നു.

' ' മഹാ മഹിമ ദിവ്യത്രീമാനായ മഹാരാജാവ് തിരുമനസ്സു കൊണ്ട് അരുളിചെയ്യുന്നു.ധര്‍മ്മിഷ്ഠതയുടെ നിയമാ അത്യുത്തമ മാകുന്നു. പക്ഷേ ധര്‍മ്മിഷ്ഠതയുടെ നിയമം എതിലാണ് അടങ്ങിയിരിക്കുന്നത്? ദൈവശക്തി, ഒട്ടറെ സല്‍പ്രവര്‍ത്തികള്‍, കാരുണ്യം, ഔദാര്യം, സത്യം, പരിശുദ്ധി എന്നീ കാര്യത്തിലാ ക്കുന്നു. ആത്മീയമായ അന്തര്‍ബോധത്തിന്റെ ദാനം ഞാന്‍ പല മാര്‍ഗ്ഗങ്ങളുലുടെ നല്‍കിയിട്ടുണ്ട്. മനുഷ്യര്‍ക്കും, മ്യഗങ്ങള്‍ക്കും , പറവകള്‍ക്കും ജലജിവികള്‍ക്കും ഞാന്‍ വിവിധതരം ആനുകൂ ല്യങ്ങള്‍ - ജീവന്റെ അനുഗ്രഹം പോലും ചെയ്തുകൊടുത്തു. അനേകം സല്‍പ്രവ്യത്തി ഞാന്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മിഷ്ഠമായ ഈ ശാസനം ഞാന്‍ എഴുതിയിരിക്കുന്നത് മനുഷ്യര്‍ ഈ ഉപദേശം പിന്‍തുടര്‍ന്നാണ് ദീര്‍ഘകാലം നിലനില്‍ക്കുന്നതിനു വേണ്ടിയാണ്. ഈ ഉപദേശം പിന്‍തുടരുന്നവന് നന്‍മയുണ്ടാക്കും'

അഞ്ചാം നമ്പര്‍ സ്തംഭശാസനം

'മഹാമഹിമ ദിവ്യത്രീമാനായ മഹാരാജാവ് തിരുമനസ്സുകൊണ്ട് അരുളിചെയ്യുന്നു. എന്റെ സ്ഥാനാരോഹണത്തിന്റെ 25 -ാം വാര്‍ഷികത്തില്‍ താഴെപ്പറയുന്ന ജാതിയില്‍പ്പെട്ട ജിവികളെ കൊല്ലുന്നതില്‍നിന്ന് ഒഴിവാക്കിയതായി ഞാന്‍ പ്രഖ്യാപിച്ചിരി ക്കുന്നു. തത്ത, കിളി, കൊക്ക്, ചക്രവാകം, പാത്ത, പന്തിമുഖം, ഗെലാതം, വാവല്‍, പിപ്പീലിക, പെണ്‍ ആമ, അനസ്ഥിക മാത്സ്യം, വേദഗേയകം,ഗംഗാ പൂതകം, തിരണ്ടിമത്സ്യം, നദിയിലെ ആമ, മുള്ളന്‍ പന്നി, അണ്ണാന്‍, ബാരാസിംഗ, കലമാന്‍, ബ്രാഹ്മണികാള, കുരങ്ങ്, കണ്ടാമ്യഗം, ചാരനിറമുള്ള പ്രാവ്, മാടപ്രാവ് ഉപയോഗിക്കുകയും ഭക്ഷിക്കുകയും ചെയ്യാത്ത നാലിക്കാലി മ്യഗങ്ങളെല്ലാം

പെണ്‍കോലാട്, പെണ്‍ ചെമ്മരിയാട്, കിടാവുള്ളതോ പാല്‍തരു ന്നതോ ആയ പശു, ആറുമാസം പ്രായമെത്താത്ത അതിന്റെ കുട്ടികള്‍ എന്നിവയെ കൊല്ലുന്നതില്‍നിന്ന് ഒഴിവാക്കായിരിക്കുന്നു. പൂവന്‍ കോഴിയുടെ ഉത്പാദനശേഷി നശിപ്പിക്കാന്‍ പാടില്ല, ഉമ്മി അതിലുള്ള ജീവികളോടൊപ്പം അഗ്നിക്കിരയാക്കുവാന്‍ പാടില്ല. നേരംമ്പോക്കിനു വേണ്ടിയോ, ജീവ ജന്തുക്കളെ നശിപ്പി ക്കുന്നതിനു വേണ്ടിയോ കാടിനു തീയിടരുത് ജീവനുള്ളവ ജീവനുള്ളവരുടെ ആഹാരമായി കൂടാ, ചാതുര്‍മാസ പൗര്‍ണ്ണമി കളിലും തിഷ്യമാസ പൗര്‍ണ്ണമിയിലും മൂന്നു ദിവസത്തേയ്ക്കു അതായത് ആദ്യപക്ഷത്തിന്റെ പതിനാലും പതിനഞ്ചും ദിവസങ്ങളില്‍ രണ്ടാം പക്ഷത്തിന്റെ ആദ്യ ദിവസവും, ആണ്ടു മുഴുവനും, ആദ്യ ദിവസങ്ങളിലും മത്സ്യങ്ങളെ കൊല്ലുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു ഈ ദിവസങ്ങളില്‍ മത്സ്യം വില്‍ക്കുവാനും പാടില്ല.

ഇതേ ദിവസത്തില്‍ ഗജസംരക്ഷണ കേന്ദ്രങ്ങളിലോ, മീന്‍ വളര്‍ത്തല്‍ കുളങ്ങളില്‍ വച്ചോ മറ്റിനം ജന്തുക്കളെ നശിപ്പിച്ചു കുടാ. ഓരോ പക്ഷത്തിന്റെ എട്ടാം ദിവസവും പതിനാലാം ദിവസവും പതിനഞ്ചാം ദിവസവും പൂയം,പുണര്‍തം, നാളുക ളിലും ഉത്സവദിനങ്ങളിലും കാളയുടെ വരിയുടയ്ക്കാരുത്. അതുപോലെ ഈ പ്രക്രിയയ്ക്കു വിധേയമാകാനിടയുള്ള ആണ്‍കോലാട്, മുട്ടാട്, പന്നി തുടങ്ങിയ മ്യഗങ്ങളുടെയും വരിയുടയ്ക്കുവാന്‍ പാടില്ല.

പൂയം, പുണര്‍തം,നാളുകളിലും ചതുര്‍മാസ പൗര്‍ണ്ണമി ദിനങ്ങ ളിലും ചതുര്‍മാസ പൗര്‍ണ്ണമി പക്ഷങ്ങളിലും കുതിരകളെയും കാളകളെയും പഴുപ്പിച്ച ലോകദണ്ഡുപയോഗിച്ചു മുദ്രകുത്താന്‍ പാടില്ല.

എന്റെ സ്ഥാനരോഹണത്തിന്റെ 26-ാം വാര്‍ഷികം വരെയുള്ള കാലത്തിനുള്ളില്‍ 25 ജയില്‍ വിമോചനങ്ങള്‍ നടത്തിയിട്ടുണ്ട്.
(ഡോ. അബേദ്ക്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, വാല്യം 14, അദ്ധ്യായം 12, ജ99100)

മേല്‍വിവരിച്ചതിനു വിരുദ്ധമായി അശോകശാസനത്തില്‍ ഗോവധം നിരോധിച്ചില്ല എന്ന് പ്രൊഫസര്‍. വിന്‍സെന്റ് സ്മിത്ത് അഭിപ്രായപ്പെടുന്നു.

' അശോകന്‍ നിയമം മൂലം ഗോവധം നിരോധിക്കുന്നില്ല എന്നുള്ളത് ശ്രദ്ധയമാണ്. അപ്പോള്‍ അതു നിയമവിധേയമായി തുടരുന്നു.'
(പ്രൊഫസര്‍. വിന്‍സെന്റ് സ്മിത്ത് 
അശോക, P58)

ഈ വാദമുഖങ്ങളെ ഖണ്ഡിച്ചുകൊണ്ട് പ്രൊഫസര്‍ രാധാകുമുദ് മുഖര്‍ജി അശോകന്റെ അഞ്ചാംനമ്പര്‍ സ്തംഭശാസനത്തില്‍ ' നാലുകാലുള്ള എല്ലാ മ്യഗത്തെയും കൊല്ലുന്നതില്‍ നിന്നൊഴി വാക്കി യുള്ള കല്പന ഗോവിന്റെ കാര്യത്തിലും ബാധകമാ ണെന്ന് അഭിപ്രായപ്പെടുന്നു.

(പ്രൊഫസര്‍ രാധാകുമുദ് മുഖര്‍ജി, അശോക അദ്ധ്യായം 21, P-181184)

മേല്‍പ്പറഞ്ഞ രണ്ടു വാദഗതികളെയും കണക്കിലെടുക്കുമ്പോള്‍ അശോകന്‍ ഗോവധം നിരോധിച്ചോ ഇല്ലയോ എന്നുള്ളതല്ല പ്രധാന പ്രശ്‌നമെന്നും മനുഷ്യരുടെതിനു തുല്യമാണ് എല്ലാ ജീവികള്‍ക്കും പ്രാണനന്നും നമ്മുക്കു കൊടുക്കുവാന്‍പറ്റാത്ത പ്രാണന്‍ നമുക്കെടുക്കുവാന്‍ അവകാശമില്ല എന്നസാമാന്യത ത്ത്വമാണ് ഈ ശാസനകളിലൂടെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. 

വര്‍ണ്ണവ്യവസ്ഥയ്ക്കുള്ളില്‍ നില്‍ക്കുന്നവര്‍ക്കു മാംസ ഭക്ഷണ ത്തിന്റെ ആവശ്യകതയെക്കുറിച്ച് മനുസ്മൃതി ബോധ്യപ്പെടു ത്തുമ്പോള്‍ വര്‍ണ്ണവ്യവസ്ഥയുടെ പുറത്തുള്ള അടിസ്ഥാന ജനത മാംസഭക്ഷണത്തെ ഉപേക്ഷിച്ചിരുന്ന കാലഘട്ടമായിരുന്നുഅത് എന്നുള്ളതും ഒരു സുപ്രധാന വസ്തുതയാണ്, വിശദീകരിച്ചു പറഞ്ഞാല്‍ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ മഹറും, ചാമറും, മസ്സിഗ്ഗയും, പറയനും, ബകുടുയും, ജംബുവുലുവും, പൈസിയും, ചെമ്മാനും, വേട്ടുവനും അംബോഡിയും ബകഡ്‌വും ഭാംഗിയും ചെനാ-ദാസരുവും കോലി-ധേരും, ബഹെലിയും, മുസഹരും, താഗേസിയയും, ഹസിയും, ബജനിയയും,ഘാസിയയും മാംസം ഭക്ഷണം കഴിക്കാത്തവരും അവയെ തിരുത്സാഹപ്പെടുത്തുന്നവരുമായിരുന്നു.

പിന്നെ എങ്ങിനെയാണ് ബ്രാഹ്മണര്‍ മാംസഭക്ഷണശീലം നിര്‍ത്തി സസ്യഭക്ഷണം ശീലീച്ചു തുടങ്ങിയത്. ഫ്രഞ്ചുചിന്തക്കനും ഗ്രന്ഥകാരനുമായ ഗബ്രിയേല്‍ താര്‍ദ്ദേ വിശദീകരിച്ചിട്ടു ള്ളതു പ്രകാരം ' വര്‍ഗ്ഗഘടനയില്‍ താഴെയുള്ള വര്‍ഗ്ഗം ഉയര്‍ന്നവര്‍ഗ്ഗ ക്കാരെ അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ക്രമബന്ധി തമായിട്ടുള്ള ഈ അനുകരണം പ്രകൃതി നിയമത്തിന്റെ പ്രവര്‍ത്തനം പോലെതന്നെ യാന്ത്രികമാണ്. ഈ അനുകരണ സ്വഭാവം താഴ്ന്ന വര്‍ഗ്ഗം കാണിക്കുമ്പോള്‍ ഈസ്വഭാവ സവിശേ ഷതയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന പ്രവണത ഉയര്‍ന്നവര്‍ഗ്ഗ ഘടനയില്‍ ഉണ്ടാവാറുണ്ട്.'

ബ്രാഹ്മണരടക്കമുള്ള വര്‍ണ്ണജനതയെ അടിസ്ഥാനവര്‍ഗ്ഗം അനുകരിച്ചപ്പോള്‍ വര്‍ണ്ണജനത അവരുടെ തനത ഭക്ഷണശീലം ഉപേക്ഷിച്ചു സസ്യാഹാരിയായിമാറി. സംസ്‌ക്കാരങ്ങളുടെ രൂപഘടനയില്‍ പടിപടി യായുള്ള പ്രവണത ഒരു വിഭാഗത്തെ മാംസാഹാരികളും മറ്റൊരു വിഭാഗത്തെ സസ്യാഹാരികളു മാക്കിതീര്‍ത്തു ഒരു പക്ഷേ അടിസ്ഥാന ജനതകളുടെ ജീവിത സാഹചര്യങ്ങളുടെ പരിമിതി മാംസാഹാരം പ്രേത്യകിച്ച് ചത്ത പശുക്കളെതിന്നുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നതിന്റെ ഒരു കാരണവുമാകാം. 'പറയരെക്കൊണ്ടു പണിചെയ്യിപ്പിച്ചിട്ട് വെറും തുശ്ചമായ പ്രതിഫലമെ നല്‍കു. മാസം ഒരു രൂപയാണ് മൊത്തം കിട്ടുക. കൊയ്ത്തുകാലത്ത് നെല്ലു ശേഖരിച്ചുവച്ച് അവര്‍ ഒരു രൂപ കൂടി ഉണ്ടാക്കുന്നു.'

(കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം P26)

'ഭക്ഷണം ലഭിക്കുന്നതിന്റെ അനിശ്ചിതത്വം കാരണം ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നത് അവര്‍ (പറയ, പുലയര്‍) ശീലമാക്കി. രാത്രിയിലാണ് അവര്‍ ആഹാരം പാകം ചെയ്തു കഴിയ്ക്കുന്നത്.' (കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം P- 28)

'പറയര്‍ ചത്ത പശുവിന്റെ ഇറച്ചി തിന്നും '
(കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം )

'പറയര്‍ ചെയ്യുന്ന സാധാരണകുറ്റമെന്നു പറയുന്നത് പശുവിനെ കൊല്ലുന്നതാണ് '

(കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം P- 27)

മനുസ്മൃതി 10 : 55 ല്‍ പറഞ്ഞ പ്രകാരം ശവം ചുമക്കുകയും മനുസ്മൃതി 10:56 ല്‍ പറയുന്ന പ്രകാരം രാജാജ്ഞായനുസരിച്ച് ശുലാരോഹണാധികള്‍ ചെയ്തു കുറ്റവാളികളെ വധിക്കുകയും - ശ്മശാനത്തിനു കാവല്‍ നില്‍ക്കുകയും ചെയ്യുന്ന വെറുക്കപ്പെട്ട പ്രവര്‍ത്തികള്‍ (തൊഴില്‍) ചെയ്യുന്നതുകൊണ്ടാണോ ഈ ജനതയെ ഒറ്റപ്പെടുത്തുന്നതിനും തൊട്ടുകൂട്ടായ്മ ഉള്ളവരാക്കുന്നതിനും കാരണം. അതോ അവന്‍ വസിക്കുന്ന സമൂഹത്തില്‍ നിലനില നില്‍ക്കുന്ന മതവും മതപരമായുള്ള അനുഷ്ഠാനവും മാത്രമല്ല ഇന്‍ഡ്യയില്‍ മുഖ്യധാരയെ സ്വാധീനിക്കുന്ന പ്രത്യയശാസ്ത്രങ്ങളും ഇവയെക്കുറിച്ച് എന്തു പറയുന്നു.