"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 13, തിങ്കളാഴ്‌ച

തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കേണ്ട ജനപക്ഷ സമീപനത്തെക്കുറിച്ച് - കെ എന്‍ രാമചന്ദ്രന്‍


കേരളമാകെ ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത, വരും വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ രൂക്ഷമാകുമെന്ന് ഭീഷണി ഉയര്‍ത്തുന്ന കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. കായലുകളും നദികളും വനങ്ങളും കുളങ്ങളും തോടുകളും എല്ലാം നശിപ്പിക്കുന്ന, മലകള്‍ വെട്ടിനിരത്തുന്ന കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലെ യുഡിഎഫ് - എല്‍ഡിഎഫ് ഭരണങ്ങളുടെ ബാക്കി പത്രമാണ് ഇന്ന് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചിരിക്കുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പിന് ചുരുക്കം ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ സന്ദര്‍ഭത്തിലും യുഡിഎഫ് നേതൃത്വം പറയുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കൂടുതല്‍ 'ഫലപ്രദമായി' നടപ്പാക്കാന്‍ തങ്ങളെ ജയിപ്പിക്കണമെന്നാണ്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയും പറയുന്നത് യുഡിഎഫ് തുടങ്ങിവെച്ച വിഴിഞ്ഞം പദ്ധതിയും അതിരപ്പള്ളി പദ്ധതിയും അതിവേഗ റയില്‍ കോറിഡോറും കൂടുതല്‍ എക്‌സ്പ്രസ് ഹൈവേകളും സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് വോട്ടുചെയ്ത് വിജയിപ്പിക്കണെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളെപ്പോല, കഴിഞ്ഞ 40 കൊല്ലം ചെയ്തു കൂട്ടിയതിനെക്കുറിച്ച് ഒരു കുറ്റബോധവു മില്ലാതെയാണ് രണ്ടു മുന്നണികളും കുത്തക മാധ്യമങ്ങളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പു രംഗത്തു നിറഞ്ഞു നില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ പിന്തുണയോടെ, വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നിയമസഭയില്‍ ഇത്തവണ അക്കൗണ്ടു തുറക്കാന്‍ ശ്രമിക്കുന്ന ബിജെപി മുന്നണിയും 'വികസന'ത്തിന്റെ കാര്യം വരുമ്പോള്‍ യുഡിഎഫ് - എല്‍ഡിഎഫ് വല്യേട്ടന്മാര്‍ക്ക് ഒപ്പമാണ്. അഷ്ടമുടിക്കായലിലെ ഒരുഭാഗം മുങ്ങിപ്പോകുന്ന തുള്‍പ്പെടെ, പാലക്കാട് ചൂട് 45 ഡിഗ്രിയായി ഉയരുന്നതുള്‍പ്പെടെ ആഗോളതാപനത്തിന്റേയും പരിസ്ഥിതി വിനാശം സൃഷ്ടിച്ച മാരക ഫലങ്ങളുടെയും പ്രശ്‌നങ്ങള്‍ മുന്നു കൂട്ടരും മാധ്യമങ്ങളും ചേര്‍ന്ന് തമസ്‌ക്കരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സ്ഥാനാര്‍ത്ഥികള്‍ ജനപക്ഷ, പരിസ്ഥിതി പുനസ്ഥാപനത്തില്‍ ഊന്നുന്ന ഒരു വികസന കാഴ്ചപ്പാട് വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രകൃതി വിനാശത്തിലേക്കും കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലേക്കും ഉപഭോക്തൃ സംസ്‌കാരത്തിലേക്കും ബഹുഭൂരിപക്ഷത്തിന്റെ ദാരിദ്ര്യവല്‍ക്കരണത്തിലേക്കും നയിക്കുന്ന മൂന്നു മുന്നണികളു ടെയും വികസന കാഴ്ച്ചപ്പാട് അറേബ്യന്‍ കാലില്‍ വലിച്ചെറിഞ്ഞ് പരിസ്ഥിതി പുനസ്ഥാപനവും കുടിവെള്ളം - ഭക്ഷണം - പാര്‍പ്പിടം - വിദ്യാഭ്യാസം - ചികിത്സ - തൊഴില്‍ ഇവ എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ജനപക്ഷ വികസനത്തിനും ജനാധിപത്യ വല്‍ക്കരണം അടി മുതല്‍ മുകള്‍ വരെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പു വിഷയങ്ങളായി അവതരിപ്പിച്ച് ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുന്ന ഒരു രാഷ്ട്രീയ സമര വേദിയായി ഈ നിയമസഭാ തെരഞ്ഞെടുപ്പു രംഗം മാറുമെന്നാണ്, മാറണം എന്നാണ് കേരളത്തിന്റെ ആരോഗ്യ കരമായ ഭാവി ആഗ്രഹിക്കുന്ന എല്ലാവരും ആശിക്കുക. പക്ഷേ പ്രധാന പത്രങ്ങളും വാര്‍ത്താ ചാനലുകളും അവതരിപ്പിക്കുന്ന തെരഞ്ഞെടുപ്പു രംഗം തീര്‍ത്തും വ്യത്യസ്തമാണ്. ഒരാഴ്ച കേരളത്തിലെ ഏഴു ജില്ലകള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുകയും പത്രസമ്മേളനങ്ങള്‍ നടത്തുകയും പരിചയമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരായി മറ്റും സംസാരിക്കുകയും ചെയ്തപ്പോള്‍ എനിക്കു കിട്ടിയ അനുഭവങ്ങള്‍ വ്യത്യ സ്തമാണ്. പത്രസമ്മേളനങ്ങളില്‍ വളരെ ഗൗരവമുള്ള സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരു ബദല്‍ വികസന നയത്തിന്റെ ആവശ്യകതയും ഊന്നി സംസാരിച്ചിട്ടും എന്തെങ്കിലും ഗൗരവമുള്ള ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരു പത്ര പ്രതിനിധിയും മുന്‍കൈ എടുത്തില്ല. അഥവാ ആരും ഒന്നും ചോദിക്കാതെ എന്നെപ്പോലുള്ളവരെ ഒഴിവാക്കുന്ന അവസ്ഥ. അതായത്, പ്രചാരണം നടത്താന്‍ തങ്ങള്‍ അച്ചാരം വാങ്ങിയി ട്ടുള്ള മൂന്നു മുന്നണികള്‍ക്കു പുറത്തേക്കു ചര്‍ച്ച എത്താതിരി ക്കാനും അച്ചാരം വാങ്ങിയിട്ടുള്ളപോലത്തെ അവസ്ഥ. ഇനി അഥവാ യുഡിഎഫ് - എല്‍ഡിഎഫ് - ബിജെപി ത്രയത്തില്‍ നിന്നു വ്യത്യസ്തമായ എന്തെങ്കിലും വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ തന്നെ അതിനു വിളിക്കുന്നതു എന്‍ജിഒ സംഘടനകളെ എന്നപോലെ ആയിരിക്കണമെന്ന നിര്‍ബന്ധം. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞാല്‍, ഒന്നുകില്‍ സിപിഐഎം - സിപിഐ അല്ലെങ്കില്‍ മാവോയിസ്റ്റ് ആയി ചുരുക്കണമെന്ന നിര്‍ബന്ധം. വളരെ ആസൂത്രിതമായാണ് ബദല്‍ നയങ്ങളെ തീര്‍ത്തും തമസ്‌ക്കരിക്കുന്ന സമീപനം നടപ്പാക്കുന്നത്. 'നവഉദാരനയങ്ങള്‍ക്ക് ബദലില്ല' എന്ന സാമ്രാജ്യത്വ പ്രചാരണമാണ് കുത്തക മാധ്യമങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പാക്കുന്നത്. 

യുഡിഎഫ് - എല്‍ഡിഎഫ് - ബിജെപി ത്രയങ്ങളും കുത്തക മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്ന തെരഞ്ഞെടുപ്പുകളെ അരാഷ്ട്രീയ വല്‍ക്കരിക്കുന്ന ഈ പദ്ധതിയുടെ ഫലമോ? അവരെല്ലാം ആഗ്രഹിക്കുന്നതുപോലെ തന്നെ, ഈ അരാഷ്ട്രീയ വല്‍ക്കരണം എത്തിച്ചിരിക്കുന്നത് സാമ്രാജ്യത്വ ആഗോളീകരണ - നവ ഉദാര - കോര്‍പ്പറേറ്റ് വല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഇവയില്‍ ഏതെങ്കിലും മുന്നണി വര്‍ഗ്ഗീയ - ജാതീയ വോട്ടു ബാങ്കുകളുടെ അടിസ്ഥാനത്തില്‍, ബിഹാറിനേക്കാള്‍ അധഃപതിച്ച രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന അവസ്ഥ. ഈ വര്‍ഗ്ഗീയ - ജാതീയ സമവായം എവിടെയാണ് എത്തിച്ചിരിക്കു ന്നത്? 

ആര്‍എസ്എസ് അതിന്റെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിനനുസരിച്ച് അങ്ങേയറ്റം ആസൂത്രിതമായാണ് കരുക്കള്‍ നീക്കിയിരിക്കുന്നത്. സവര്‍ണ്ണര്‍, എണ്ണത്തില്‍ കുറവെങ്കിലും അവരാകെ ഹിന്ദുത്വ പക്ഷത്തേക്കു മാറി. എന്‍എസ്എസ് നേതൃത്വം 'സമദൂരസിദ്ധാന്തം' എടുത്താലും നായര്‍കരയോഗങ്ങളിലൂടെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനാണ് ബിജെപി ശ്രമം. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയിലൂടെ എത്രമാത്രം ഈഴവവോട്ട് ബിജെപിക്കു പോകും എന്നതായിരിക്കും ആത്യന്തികമായി മൊത്തം തംരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കുക. മറ്റ് പിന്നോക്ക ഹിന്ദുക്കളിലും സ്വത്വരാഷ്ട്രീയം പിന്തുടരുന്ന ദളിത് സംഘടനകള്‍ക്കിടയിലും ആദിവാസി ഗോത്ര സഭയില്‍ പോലും ഹിന്ദുത്വ വല്‍ക്കരണ ത്തിന്റെ സ്വാധീനം എത്തിയിരിക്കുന്നു. ഈ പ്രവണത ബിഎസ്പിയെ പോലൊരുപാര്‍ട്ടിയെ നാമാവശേഷമാക്കി. നവോത്ഥാന പ്രസ്ഥാനത്തിന്റെ നേട്ടങ്ങളും മുന്നേറ്റം തകര്‍ത്തു തരിപ്പണമാക്കിയ വ്യവസ്ഥാപിത വലത്, ഇടത് ര3ഷ്ട്രീയത്തിന്റെ പിടിമുറികിയാല്‍ ആത്യന്തികമായി അത് അത് ആര്‍എസ്എസ് പരിവാറിനെ ശക്തിപ്പെടുത്തും എന്നതിന്റെ നല്ല ചിത്രമാണ് ഇന്നത്തെ കേരള രാഷ്ട്രീയം. 

ഉമ്മന്‍ചാണ്ടി ഭരണത്തിലൂടെ പുഴുത്തു നാറിയിട്ടും തങ്ങള്‍ക്കു വലിയ കേടൊന്നും സംഭവിക്കില്ലെന്ന് യുഡിഎഫ് കരുതുന്നതും ക്രിസ്ത്യന്‍ വോട്ടും മുസ്ലീം വോട്ടും വര്‍ഗ്ഗീയമായി തിരിഞ്ഞ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നുള്ള ഉറപ്പുകൊണ്ടാണ്. അതേപോലെ ജാതീയ സമവായത്തിലൂടെ 'ഹിന്ദു' വോട്ടുകളുടെ ഒരു ഭാഗവും ലഭിക്കുമെന്ന പ്രതീക്ഷയും. യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണെന്ന് കൂടുതല്‍ കൂടുതലാളുകള്‍ മനസ്സിലാക്കി വരുന്ന സാഹചര്യത്തില്‍, ബദല്‍ കാഴ്ച്ചപ്പാടുകളൊന്നും ഇല്ലാത്തവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്യു മെന്നും അവര്‍ കരുതുന്നു. അതുകൊണ്ട് യുഡിഎഫിനെതിരായ വലിയ കുത്തൊഴുക്കൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥ. 

യുഡിഎഫില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളൊന്നും ഇല്ലാത്ത, നവഉദാരനയങ്ങള്‍ വിശ്വസ്തയോടെ നടപ്പാക്കുന്ന എല്‍ഡിഎഫും ഇത്തവണത്തെ വര്‍ഗ്ഗീയ - ജാതീയ സമവായം തങ്ങള്‍ക്കനുകൂലമായി തിരിഞ്ഞ്, തങ്ങളെ വിജയിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കുന്ന തെന്നു കരുതുന്ന കാര്യങ്ങള്‍ ബോധപൂര്‍വ്വം നിറച്ച ഒരു പ്രകടനപത്രിക അവതരിപ്പിച്ചതും തങ്ങളെ സഹായിക്കും എന്നവര്‍ കരുതുന്നു. വര്‍ഗ്ഗീയ വോട്ടു പിടിക്കാന്‍ യുഡിഎഫിന് മുസ്ലീം ലീഗുണ്ടെങ്കില്‍ എല്‍ഡിഎഫിന് ഐഎന്‍എല്‍ ഉണ്ട്. യുഡിഎഫിന് കേരള കോണ്‍ഗ്രസ് ഉണ്ടെങ്കില്‍ എല്‍ഡിഎഫിന് വിവിത കേരള കോണ്‍ഗ്രസ് ഉണ്ട്. ജാതീയമായി വോട്ടുകള്‍ സ്വാധീനിക്കാന്‍ അതനുസരിച്ചുള്ള സ്ഥാനാര്‍ത്ഥികളെയാണ് യുഡിഎഫിനെപ്പോലെ എല്‍ഡിഎഫും നിറുത്തിയിരിക്കുന്നത്. ഇവയെല്ലാംകൂടി കൂട്ടിവായിച്ചാല്‍ ബീഹാറും യുപിയും പോലെ കേരളം മാറി എന്നു വിലയിരുത്തിയാല്‍ അതു തെറ്റാകില്ല. ആത്യന്തികമായി ഈ തെരഞ്ഞെടുപ്പിന്റെ ഫലത്തെ നിര്‍ണ്ണയി ക്കാന്‍ പോകുന്നതും വര്‍ഗ്ഗീയ - ജാതീയ വോട്ടു ബാങ്കുകളായിരി ക്കുമെന്നു വിലയിരുത്തിയാല്‍ അതു തെറ്റാകില്ല. 

കേരളീയ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പുറകോട്ടു പോകലാണ്. 19-ാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തെ വിവേകാനന്ദന്‍ വിലയിരുത്തിയത് ഒരു ഭ്രാന്താലയ മായിട്ടാണ്. അത്രമാത്രമായിരുന്നു ജാതീയമായ അയിത്തവും അനാചാരങ്ങളും അക്രമങ്ങളും. ബ്രാഹ്മണ്യത്വത്തിനടിപ്പെട്ട ഒരു സമൂഹം നവോത്ഥാനത്തിന്റെ കൊടുങ്കാറ്റാണ് ഈ അവസ്ഥയെ വെല്ലുവിളിച്ചത്. അയ്യങ്കാളിയും നാരായണ ഗുരുവും സഹോദര നയ്യപ്പനും വിടിയും മറ്റും ഉയര്‍ത്തിയ പ്രക്ഷോഭങ്ങള്‍ ''ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട'' എന്നു പറയുന്നിടം വരെ കേരളീയ സമൂഹത്തെ എത്തിച്ചു. നവോത്ഥാന പ്രസ്ഥാനം ഉഴുതു മറിച്ച മണ്ണിലാണ് സാമ്രാജ്യത്വ വിരുദ്ധ, ദേശീയ വിമോചന പ്രസ്ഥാനം ശക്തി പ്രാപിച്ചത്. ഇവ രണ്ടും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വളക്കൂറുള്ള മണ്ണ് പ്രദാനം ചെയ്തു. 1956 ല്‍ കേരളം രൂപീകരിച്ച ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം നേടി സംസ്ഥാനത്ത് അധികാരത്തില്‍ വന്നത് ഈ സാഹചര്യത്തിലാണ്. പക്ഷേ പിന്നീടുള്ള ചരിത്രമോ?

തുടക്കത്തിലേ താളം തെറ്റി. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി സമരപാത ഉള്‍പ്പെടെ എല്ലാ സമര രീതികളും ഉപയോഗിച്ച് വര്‍ഗ്ഗസമരം വികസിപ്പിക്കുകയും സാമൂഹ്യ വിപ്ലവത്തിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നാണ് ലെനിന്‍ വിശദീ കരിച്ചത്. 1957 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ ഇഎംഎസ് മന്ത്രിസഭ വാദിച്ചത് തങ്ങള്‍ ജനോപകാര പ്രദമായ നയങ്ങളില്‍ ഉന്നംവെക്കുമെന്നാണ്. ഈ അവസരവാദം കാര്‍ഷികബന്ധ ബില്ലിലും കാലഹരണപ്പെട്ട കരാറുകള്‍ ഒഴിവാ ക്കി തോട്ടങ്ങളെ ഏറ്റെടുക്കാതിരുന്നതിലും മറ്റും വ്യക്തമായി. 1967 ആകുമ്പോഴേക്കും വര്‍ഗ്ഗീയ പാര്‍ട്ടി മുസ്ലീം ലീഗിനേയും ഭരണവര്‍ഗ്ഗ ഗ്രൂപ്പുകളേയും മറ്റും ചേര്‍ത്ത് സപ്ത കക്ഷി മുന്നണി ഉണ്ടാക്കുന്നതില്‍ എത്തി. കൃഷി ഭൂമി, മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന മുദ്രാവാക്യവും ജാതി ഉന്മൂലന നിലപാടും മതനിരപേക്ഷതയും കയ്യൊഴിഞ്ഞു. പിന്നെ, അധികം താമസിയാതെ യുഡിഎഫിന്റെ പര്യായമായി മാറി. അഖിലേ ന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ബി ടീമാക്കി.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ബോധം പാര്‍ട്ടി ഗ്രാമങ്ങള്‍ക്കും പാര്‍ട്ടി കൂറിനും വഴിമാറി. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടായി. പാര്‍ട്ടി സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. നവോത്ഥാന മൂല്യങ്ങളും കമ്മ്യൂണിസ്റ്റ് ബോധവും വര്‍ഗ്ഗസമര പാതയും നഷ്ടപ്പെട്ട് വര്‍ഗ്ഗസഹകരണ പാതയിലെത്തി. വ്യവസ്ഥാപിത വല്‍ക്കരിക്കപ്പെട്ട കമ്മ്യൂമിസ്റ്റ് പ്രസ്ഥാനത്തിന്റെ അധഃപതനത്തിന്റെ തുടര്‍ച്ചയായി ഒരു ബദല്‍ രാഷ്ട്രീയം നഷ്ടപ്പെട്ട്, യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയ ത്തിന്റെ രണ്ടു വശങ്ങളായി മാറുന്ന അവസ്ഥ സൃഷ്ടിച്ചത്. രാഷ്ട്രീയമായ അധപതനം സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങ ളിലും സ്വാധീനം ചെലുത്തി. സിപിഐയും, സിപിഐഎമും കമ്മ്യൂണിസ്റ്റ് പേരുള്ള കോണ്‍ഗ്രസ് പാര്‍ട്ടികളായി. 

ഇന്ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ എന്ന പോലെ കേരളത്തിലും കമ്യൂണിസ്റ്റുകാര്‍ നേരിടുന്ന വെല്ലുവിളി ഈ വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളും അരാജകവാദികളായ മാവോയിസ്റ്റുകളും ആത്യന്തികമായി ഭരണവര്‍ഗ്ഗരാഷ്ട്രീയത്തെ സഹായിക്കുന്ന ദിശയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരസ്‌കരിച്ച് വിപ്ലവ പാതയില്‍ പ്രസ്ഥാനത്തെ പുനസംഘടിപ്പിക്കുകയാണ്. തെരഞ്ഞെടു പ്പുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ മത്സരിക്കുന്നതും ഈ കാഴ്ച്ചപ്പാ ടോടെ യാണ്. ഈ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രസിദ്ധീകരിച്ചി രിക്കുന്ന പ്രകട പത്രികയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രചാരണവും ......ബോധത്തോടെയാണ്. ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയം ജനങ്ങളിലെത്തിക്കാന്‍ മുഴുവന്‍ സഖാക്കളും മുന്നിട്ടിറങ്ങണം. 

'സഖാവ് മാസിക' 2016 മെയ്‌ ലക്കം.