"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 29, ബുധനാഴ്‌ച

ജിഷയുടെ കൊലപാതകം അടയാളപ്പെടുത്തുന്നത് - എം. പി ആന്റണികേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകം നിരവധിയായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പൊതുസമൂഹത്തിന്റെ മേല്‍ പല തലങ്ങളിലുള്ള പരിശോധനകളും ഈ സംഭവം നടത്തുകയും മലയാളിയുടെ അന്തസാരശൂന്യവും പുരുഷാധിപത്യപരവും അരാഷ്ട്രീയവുമായി ക്കൊണ്ടിരിക്കുന്ന സാമൂഹിക ജീവിതത്തിന്റെ കപട മുഖം അനാവൃതമാക്കുകയും ചെയ്യുന്നുണ്ട്. ദരിദ്രരോട് നിലാരംബരോട് കുട്ടികളോട്, സ്ത്രീകളോട,് ദളിതരോട്, ആദിവാസികളോട് എല്ലാം ഭരണകൂടവും പൊതുസമൂഹവും സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ ഇടയാക്കുന്നവ യാണ് സമീപകാലത്തായി കേരളത്തിലും ഇന്ത്യയിലാകമാനവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിച്ചിരുന്നു എന്നതിന് അടയാളങ്ങളില്ലാത്തവരുടെ സംഘടിത രാഷ്ട്രീയ വിലപേശല്‍ ശക്തികളല്ലാത്തവരുടെ നിലനില്‍പും അതിജീവനവും അപകടത്തിലാക്കുംവിധം നമ്മുടെ സാമൂഹികാവസ്ഥ മാറിയിരിക്കുന്നു. സാമൂഹ്യ സുരക്ഷയുടേയോ മനുഷ്യസ്‌നേഹ ത്തിന്റെയോ നീതിയുടേയോ യാതൊരു പരിഗണനക്കും അര്‍ഹരല്ലന്നവിധം പുറംപോക്ക് ജീവിതങ്ങളോടുള്ള സമീപനം മാറിയിരിക്കുന്നു. നവോത്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെട്ട് മതത്തിനും ജാതിയതക്കും മറ്റ് സാമൂഹ്യവിഭാഗീയതകള്‍ക്കും ആഴത്തില്‍ സ്വാധീനം ലഭിച്ചിരിക്കുന്നു. ഇത് കേവലം ഒരുനാളുകൊണ്ട് സംഭവിച്ചതല്ല. ദരിദ്രരും അരികുവല്‍ക്കരിക്കപ്പെട്ടവരും നീതിക്കുവേണ്ടി നിലയുറപ്പിക്കുന്നവരുമെല്ലാം എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന സ്ഥിതിയിലേക്ക് ഈ സാമൂഹ്യജീര്‍ണ്ണതകള്‍ എത്തിയിരിക്കുന്നു.

ജിഷ കൊലചെയ്യപ്പെട്ടിട്ട് അഞ്ച് നാള്‍ വാര്‍ത്ത പുറം ലോകമറിയാതെ പോയി. തെരഞ്ഞെടുപ്പുകാലത്ത് ഒരു ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞാല്‍ അത് തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രതികൂലമായാലോ എന്ന ഭയം ഭരണവര്‍ഗ്ഗങ്ങളെ ഈ കൊലപാതകം പരമാവധി മൂടിവെക്കാന്‍ പ്രേരിപ്പിച്ചു എന്നു തന്നെയാണ് പോലീസിന്റെ നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു മൃഗത്തിന് ലഭിക്കേണ്ട പരിഗണനപോലും ജിഷയുടെ മൃതദേഹത്തിന് ലഭിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം അടക്കം തെളിവ് ശേഖരണത്തില്‍ പോലീസ് കുറ്റകരമായ അനാസ്തയാണ് കാണിച്ചത്. ജിഷയുടെ കുടുംബ ത്തിന്റെ സ്വകാര്യതക്ക് യാതൊരു വിലയും കല്‍പിക്കപ്പെട്ടില്ല. നിയമഭരണ സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനം എത്ര ഭീതിജനകമാണെന്ന് പോലീസ് ഇടപെടലുകളുടെ ഓരോ ഘട്ടത്തിലും വ്യക്തമായതാണ്. നിരാലംബയായ ഒരു ദളിത് അമ്മയുടെ പരാതികള്‍ - തന്റെ കുടുംബത്തിന് നേരിടേണ്ടി വരുന്ന പീഢനങ്ങളെക്കുറിച്ചും തന്റെ മകളുടെ സുരക്ഷയെ ക്കുറിച്ചുമെല്ലാം ഒരമ്മയുടെ ആവലാതികള്‍ പരിഗണിക്കാതെ പോലും ഭരണസംവിധാനങ്ങളും നടത്തിയ കുറ്റകരമായ വീഴ്ച്ചകള്‍ മറച്ചു വെക്കുന്നതിനു വേണ്ടി, ഇതില്‍ രാഷ്ട്രീയമില്ല, ഇത് ചര്‍ച്ച ചെയ്യരുത് എന്ന് നമ്മുടെ മുഖത്തു നോക്കി കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും പോലീസ് മന്ത്രിയും ഒരുപോലെ പറയുമ്പോള്‍ നിര്‍വികാരം കേട്ടുനില്‍ക്കുന്ന ഈ രാജ്യദ്രോഹി കള്‍ക്ക് വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്ന പൊതുസമൂഹവും ജിഷയുടെ മരണത്തിന് ഉത്തരവാദികളാണ്. മരണവേദനയില്‍ ഒരു യുവതിയുടെയും അതിക്രൂരമായി കൊല്ലപ്പെട്ട മകളുടെ മൃതശരീരം കാണേണ്ടിവന്ന ഒരമ്മയുടെയും നിലവിളി കേള്‍ക്കാനും തിരിച്ചറിയാനും കഴിയാതെ പോകുന്നത് ജിഷയുടെ അയല്‍ക്കാര്‍ക്ക് മാത്രമല്ല നമുക്കോരോരുത്തര്‍ക്കും കൂടിയാണ്. അതുകൊണ്ടാണ് ഏറ്റവും ഭീതിതമായ അരക്ഷിതമായ ജീവിതം നയിക്കേണ്ടിവരുന്നവരെക്കുറിച്ച്, ദലിതരെക്കുറിച്ച് ആദിവാസിക ളെക്കുറിച്ച് നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ആകുലതകളില്ലാത്തത്. ജിഷയുടെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാര്‍ലമെന്റില്‍ വെങ്കിടനായിഡുവും പറഞ്ഞത്. തങ്ങള്‍ ഇതില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്നില്ല, പോലീസ് അനാസ്തക്കെതി രെയാണ് സമരം എന്നാണ് എല്‍ഡിഎഫ് പറഞ്ഞത്. ഫലത്തില്‍ മൂന്ന് കൂട്ടരും ജിഷയുടെ കൊലപാതകത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വശങ്ങള്‍ ചര്‍ച്ച ചെയ്യരുത്.; അഥവാ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു എന്ന് തന്നെയാണ് വ്യക്തമാക്കിയത്. നമ്മുടെ പോലീസും ഭരണസംവിധാനങ്ങളും ദളിതരോട് എങ്ങിനെയാണ് പ്രതികരിക്കുന്നത് ? പോലീസ് സ്റ്റേഷനിലോ സര്‍ക്കാര്‍ ഓഫീസുകളിലോ ഒരു അഗതിയായ ദളിത് സ്ത്രീയോട് എങ്ങിനെയാണ് പെരുമാറുക ? കൊല്ലപ്പെടുന്നതിനു മുന്‍പ് ജീവനു ഭീഷണി ഉണ്ടെന്നു പോലീസിനു കൊടുത്ത പരാതികള്‍ക്ക് ആ ഏമാന്മാര്‍ എന്ത് വിലയാണ് നല്‍കിയത്. ഇപ്പോള്‍ അതിന്റെ വില ഒരു യുവതിയുടെ ജീവനാണെന്ന് നമുക്ക് മനസ്സിലാകുന്നു. പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത, പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യമില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന ജിഷയുടെ കുടുംബം എപിഎല്‍ ആണ്. എത്ര പദ്ധതികളാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭവനനിര്‍മ്മാണത്തിനായി പ്രഖ്യാപിക്കപ്പെട്ടത് ? അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി, സുരക്ഷിതമായ ഒരു ടോയ്‌ലെറ്റിനുവേണ്ടി എത്ര തവണയാണ് ഒരു വൃദ്ധ കയറിയി റങ്ങുക ? എന്നിട്ടോ? അതിക്രൂരമായി ........ ആന്തരികാവയ വങ്ങള്‍ പുറത്തുവന്ന് വികൃതമാക്കപ്പെട്ട നിലയില്‍ ..... ഒരു പെണ്‍കുട്ടി ........ തലയിണക്കടിയില്‍ വെട്ടുകത്തിയും വസ്ത്രത്തില്‍ പെന്‍ക്യാമറയും ദളിത് പെണ്‍കുട്ടികള്‍ക്ക് എത്രനാള്‍ പൊരുതി നില്‍ക്കാനാവും. 

ജിഷയുടെ അമ്മ മാത്രമല്ല കേരളത്തില്‍ മുപ്പത്തിഅഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ ഭവനരഹിതമാണ്. അവരെല്ലാം ഒന്ന് ചവിട്ടിയാല്‍ തകരുന്ന മണ്‍ഭിത്തികള്‍ക്കുള്ളിലോ, ചാക്ക് മറകള്‍ക്കുള്ളിലോ പീടികതിണ്ണകളിലോ ആണ.് ആറുപുറം പോക്കിലും റോഡുപുറംപോക്കിലുമായിരിക്കും. ഇപ്പോഴും നിരവധി അമ്മമാര്‍ തങ്ങളുടെ പെണ്‍മക്കളെ കഴുകന്റെ കണ്ണുകളില്‍ നിന്ന് മറച്ചു പിടിക്കാന്‍ ഉറപ്പുള്ള ഒരു വീടിനുവേണ്ടി ഒരു തുണ്ട് മണ്ണിനു വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നുണ്ട്. വാര്‍ഡ് മെമ്പര്‍ മുതല്‍ എംപി വരെ എത്രയെത്ര ജനപ്രതിനിധികള്‍, ഗ്രാമസേവകനും വില്ലേജോഫീസറും മുതല്‍ എത്രയെത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ആരും ജിഷയുടെ കുടുംബത്തെ 'അറിഞ്ഞിരുന്നില്ല.' നാനാതുറ കളില്‍ ജനാധിപത്യത്തിന്റെ ഭാഗമായിരിക്കേണ്ട ഈ സ്ഥാപനങ്ങള്‍ ജാതീയവും ദളിത് വിരുദ്ധവും ആയി തീര്‍ന്നതുകൊണ്ടാണ് നിഷ്ഠൂരമായ ഈ കൊലപാതകത്തിന് ഉത്തരവാദികള്‍ ആയി തീരുന്നത്. 

നാഷണല്‍ ക്രൈം റികോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷം എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. 2014 ല്‍ മൂന്നു വര്‍ഷത്തെക്കാള്‍ 20 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ തീര്‍പ്പാകുന്നത് 16 ശതമാനം മാത്രവും. കഴിഞ്ഞ 25 വര്‍ഷത്തെ ലഭ്യമായ കണക്കുകള്‍പ്രകാരം കേരളത്തില്‍ 13756 കൊലപാതകങ്ങള്‍ 270174 മാനഭംഗം 674619 ലൈംഗീകാതിക്രമങ്ങള്‍ 76860 പേര്‍ക്ക് അക്രമങ്ങളിലെ പരിക്ക് എന്നിങ്ങനെ ദളിതര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിച്ചതാകട്ടെ വെറും മൂന്നു ശതമാനം. പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പാക്കി വിടുന്ന കേസുകളിലേറെയും ദളിതര്‍ക്കെതിരായ സവര്‍ണ്ണര്‍ പ്രതികളാകുന്ന കേസുകളാണ്. ദളിതര്‍ നല്‍കുന്ന പരാതികളില്‍ അന്വേഷണത്തില്‍ കാലതാമസം വരുത്തുകയോ കഴമ്പില്ലാത്തത് എന്ന പേരില്‍ എഴിതുതള്ളപ്പെടുകയോ ചെയ്യുന്നു. ബിഹാറില്‍ 12.1 ശതമാനം മഹാരാഷ്ട്ര 10 ശതമാനം, കേരളം 11.7 ശതമാനം, ഗുജറാത്ത് 10.2 ശതമാനം, ഹിമാചല്‍ പ്രദേശ് 17.6 ശതമാനം, കര്‍ണ്ണാടക 21.8 ശതമാനം എന്നിങ്ങനെ കേസുകള്‍ എഴുതിത ള്ളുന്നു. എല്ലാ ജില്ലകളിലും എസ് സി എസ് ടി അട്രോസിടീസ് പ്രിവെന്‍ഷന്‍ ആക്റ്റ് പ്രകാരമുള്ള കേസുകള്‍ അന്വേഷിക്കു ന്നതിന് പ്രത്യേകം പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ച ആദ്യ സംസ്ഥാനം മധ്യപ്രദേശും ഇത്തരം കേസുകള്‍ മാത്രം വിചാരണ ചെയ്യുന്നതിന് ഏറ്റവും കൂടുതല്‍ പ്രത്യേക കോടതികള്‍ ആരംഭിച്ചത് ബിഹാറിലാണ്. കേരളത്തില്‍ ഇത്തരം രണ്ടു കോടതികള്‍ ഈ അടുത്തകാലത്ത് രൂപീകൃതമായിട്ടുണ്ടെങ്കിലും പ്രത്യേക അന്വേഷണ വിഭാഗങ്ങള്‍ ഒന്നും നിലവില്‍ വന്നിട്ടില്ല. ഈ സ്ഥിതി വിവര കണക്കുകള്‍ നിയമപാലന സംവിധാനങ്ങളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനം എത്ര രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ വേണം ജിഷയുടെ അമ്മ കൊടുത്ത പരാതികളോടുള്ള പോലീസിന്റെ പ്രതികരണങ്ങളെ വിലയിരുത്താന്‍. 

ജിഷയുടെതടക്കം കേരളത്തിലും ഇന്ത്യയിലാകമാനവും ദളിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്ന തരത്തില്‍ പെരുമ്പാവൂര്‍ സംഭവത്തിന്റെ ചര്‍ച്ചകള്‍ വളരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കേസന്വേഷണത്തിലെ പാളിച്ചകളും മറ്റുമായി അതിനെ ലഘൂകരിച്ചു. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന ജാതീയതയും ദളിതരുടെയും ആദിവാസി കളുടെയും ഭൂരാഹിത്യവും ചര്‍ച്ചയായില്ല. കേരളത്തില്‍ 26000 കോളനികളും പുറംപോക്കുകളിലും വഴിയോരങ്ങളിലുമായി 35 ലക്ഷത്തോളം ദളിതര്‍ ജീവിക്കുന്നു. ഇതില്‍ മഹാഭൂരിപക്ഷവും ഒറ്റമുറി കുടിലുകളിലോ ഭവനരഹിതരോ ആണ്. കോളനികളില്‍ നിന്നും കോളനികളിലേക്കോ പുറംപോക്കുകളിലേക്കോ ആണ് ഇവരുടെ ജീവിതം കരുപിടിപ്പിക്കുന്നത്. കേരളത്തിലെ ദളിത് ജീവിതത്തിന്റെ യഥാര്‍ത്ഥമുഖം സര്‍ക്കാര്‍ കണക്കുകളില്‍ നിന്നുതന്നെ വ്യക്തമാണ്. 2011 ലെ സെന്‍സസ് പ്രകാരം മൊത്തം ദളിത് ജനസംഖ്യാനുപാതം 2001 ല്‍ 9.8 ശതമാനത്തില്‍ നിന്നും 2011 ല്‍ 9.1 ആയി. അതേ സമയം കേരളത്തിലെ മൊത്തം ജനസംഖ്യാ വളര്‍ച്ച 4.9 ശതമാനമായിരുന്നു. 18 ശതമാനം ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പത്താം ക്ലാസ്സ് വരെ പഠിക്കുവാന്‍ സാധിക്കുന്നുള്ളൂ. ബിരുദധാരികള്‍ രണ്ടു ശതമാനവും. 33 ശതമാനവും കര്‍ഷകത്തൊഴിലാളികള്‍ ആയിരിക്കുമ്പോള്‍ 1.7 ശതമാനം മാത്രമാണ് കര്‍ഷകര്‍. 2.8 ശതമാനവും ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും 61 ശതമാനം പേര്‍ അവ്ദഗ്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടുമിരിക്കുന്നു. സംസ്ഥാനത്തെ 81 ശതമാനം ദളിതരും ഗ്രാമീണ മേഖലകളില്‍ ജീവിക്കുന്നവരാണ്. വ്യവസായി ഉല്‍പാദനത്തിന്റെയും വിതരണത്തിന്റെയും മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വരെ ജാതിവിവേചനം വളരെ ശക്തമാണ്. അഖിലേന്ത്യാതലത്തില്‍ വര്‍ഷത്തില്‍ 90 ദിവസം പോലും തൊഴില്‍ ലഭിക്കാത്തവരാണ് മഹാഭൂരിപക്ഷം ആദിവാസികളും ദളിത് വിഭാഗങ്ങളും. 90 ശതമാനം അധഃസ്ഥിത ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. ഉയര്‍ന്ന ശിശുമരണ നിരക്ക്, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസ മില്ലായ്മ, തൊഴിലില്ലായ്മ, ഭൂരാഹിത്യം, പാര്‍പ്പിട രാഹിത്യം തുടങ്ങി ഇന്ത്യയില്‍ ഈ ജനസമൂഹം അതിജീവനത്തിനായി നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. കേരളത്തെ പോലെ വളരെ വേഗം നഗരവല്‍കൃതമാകുന്ന സാമൂഹ്യജീവിതത്തില്‍ വളരെ താണ സാമൂഹ്യ സാമ്പത്തിക സൂചികകള്‍ ഉള്ള ദളിത് ജീവിതങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പൊതുസാമൂഹ്യരംഗത്ത് നിന്നും അപ്രത്യക്ഷമാകുകയാണ്. ജിഷയുടെ കൊലപാതക ത്തെക്കുറിച്ച് 'ഇങ്ങനെ ഒരാള്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു എന്നറിയാന്‍ ഇവര്‍ കൊല്ലപ്പെടേണ്ടി വന്നു' എന്നാണ് കേരളത്തിലെ ഒരു ജസ്റ്റീസ് പ്രതികരിച്ചത്. 

ഭൂവുടമസ്ഥത രാഷ്ട്രീയാധികാരം കൂടിയാണ്. ദാരിദ്ര്യം തുടങ്ങിയ സാമൂഹ്യാസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു മുന്‍ ഉപാധിയുമാണ്. ഇന്ത്യയില്‍ ഭൂവുടമസ്ഥത ജാതിവ്യവസ്ഥയുമായി വേര്‍പിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തില്‍ 26000 കോളനികളിലും പുറംപോക്കുകളിലുമായി ആദിവാസി കളും അധഃസ്ഥിതരുമടങ്ങുന്ന ജനങ്ങള്‍ അടിസ്ഥാനസൗകര്യ ങ്ങളൊന്നുമില്ലാതെ ഏറ്റവും പരിതാപകരമായ ജിവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എങ്ങനെയാണ് ദളിതര്‍, ആദിവാസികള്‍, കര്‍ഷകത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എല്ലാം കോളനികളിലും പുറംപോക്കുകളിലുമായി എന്നു പരിശോധിക്കപെടേണ്ടത് കേരളത്തിന്റെ ജനാധിപത്യ വികാസത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. മരിച്ചാല്‍ ശവമടക്കാന്‍ വീടിന്റെ തറ മാന്തേണ്ട ഗതികേടിലാണിവര്‍. സര്‍ക്കാര്‍ കണക്കുപ്രകാരം ഭൂവുടമകളായി കണക്കാക്കുന്ന മുന്നുസെന്റുള്ളവരെകൂടി പരിഗണിച്ചാല്‍ മൊത്തം ജനസംഖ്യയുടെ 72 ശതമാനം കുടുംബങ്ങള്‍ക്കും കൃഷി ചെയ്യാന്‍ ഭൂമി ഇല്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌ക്കരണം യഥാര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു. കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമിയില്‍ മാത്രമാണ് ഭൂപരിഷ്‌ക്കരണത്തിന്റെ പരിധിയില്‍ വന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂകേന്ദ്രീകരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ ഭൂമിയുടെ 58 ശതമാനം ഭൂമിയും വിരലിലെണ്ണാവുന്ന ഏതാനും കുത്തകകള്‍ നിയമവിരുദ്ധമായി കൈയടക്കിവെച്ചിരിക്കുമ്പോഴാണ് ഭൂരഹിതരില്ലാത്ത കേരളം എന്ന മൂന്ന് സെന്റ് തട്ടിപ്പുപദ്ധതി ക്കുപോലും ഭൂമി കണ്ടെത്താന്‍ കഴിയുന്നില്ല എന്ന് സര്‍ക്കാര്‍ പറയുന്നത്. ഭൂപരിഷ്‌ക്കരണ നടപടികളുടെ തുടക്കത്തില്‍ കണ്ടെത്തിയ ഏഴര ലക്ഷം ഏക്കര്‍ മിച്ചഭൂമി എന്തുകൊണ്ട് വിതരണം ചെയ്തില്ല എന്നും ഈ ഭൂമി എങ്ങനെ തിരിമറി നടന്നു എന്നും പരിശോധിക്കുമ്പോഴാണ് കേരളത്തില്‍ മാറിമാറി ഭരിച്ച മുന്നണികള്‍ ഭൂരഹിത കര്‍ഷകരോടും കര്‍ഷകത്തൊഴി ലാളികളോടും ദളിത് ആദിവാസികളോടും ചെയ്ത വഞ്ചനയുടെ ആഴം ബോധ്യമാകൂ. 1957 ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഭൂപരിഷ്‌ക്കരണം മണ്ണില്‍ പണിയെടുത്ത് ജന്മിമാരുടെ പാടത്തും പറമ്പിലും താമസിച്ചിരുന്ന കുടിയാന്മാരെ പുറംപോക്കുകളിലേക്കും കോളനികളിലേക്കും ആട്ടിയേടിച്ചപ്പോള്‍ കൈവശക്കാരും പാട്ടക്കുടിയാന്മാരുമായിരുന്ന സവര്‍ണ്ണ ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കും മറ്റ് മതങ്ങളിലെ സവര്‍ണ്ണജാതി കള്‍ക്കും മുന്നോക്കക്കാര്‍ക്കും ഭൂമി എത്തിക്കുകയായിരുന്നു. ഈ പുതിയ ഭൂവുടമാ വര്‍ഗ്ഗം ഏറ്റവും അശ്ലീലമായ ഒരു പുതിയ രാഷ്ട്രീയ ശക്തിയായി തീരുകയും വിമോചന സമരത്തിനടക്കം നേതൃത്വം കൊടുക്കുന്ന തരത്തില്‍ കേരളത്തിന്റെ ജനാധിപത്യ വികാസങ്ങള്‍ക്ക് എന്നും എതിരുനില്‍ക്കുകയുമാണ്. രാഷ്ട്രീയ വിലപേശല്‍ ശക്തികളായ ഈ വിഭാഗങ്ങള്‍ക്കാണ് ഇപ്പോഴും സര്‍ക്കാരുകള്‍ അനകൃതമായി ഭൂമി പതിച്ചു നല്‍കുന്നത്. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന നാളുകളില്‍ ഇത്തരം ഭൂമി കൈമാറ്റങ്ങള്‍ ഏറെ വിവാദവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ജിഷയുടെ അമ്മയെപോലെ നിരാലംബരായ നിരവധി അമ്മമാര്‍ തലചായ്ക്കാന്‍ ഒരു കൂരക്കുവേണ്ടി, ചത്താല്‍ കുഴിച്ചിടാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി സര്‍ക്കാര്‍ ആഫീസുകള്‍ കയറി ഇറങ്ങുന്നത്. 

ഭൂമിക്കുവേണ്ടി യുള്ള സമരം ജാതിക്കെതിരായ സമരവുമാണ്. ജാതിവ്യവസ്ഥയാണ് ദളിതുകള്‍ക്ക് ഭൂമിയിലുള്ള അവകാശം തടഞ്ഞത്. സംഘകാലം മുതല്‍ കേരളത്തില്‍ അദിനിവേശം ഉറപ്പിച്ച ബ്രാഹ്മണരായിരുന്നു ഭൂമിയുടെ ഉടമകള്‍. പ്രധാനമായും അമ്പലങ്ങളുമായി ബന്ധപ്പെട്ടാണ് ഭൂകേന്ദ്രീകരണം നടത്തിയതും അത് തങ്ങളില്‍ തന്നെ നിലനിര്‍ത്തിയതും. ബ്രഹ്മസ്വം, ദേവസ്വം തുടങ്ങിയ പദങ്ങള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് രൂപംകൊണ്ടതാണ്. ജന്മിത്ത സമ്പ്രദായത്തിന്റെ അടിസ്ഥാനം തന്നെ ജാതിവിഭജിത സാമൂഹ്യ ഘടനയായിരുന്നു. ജന്മിത്ത വ്യവസ്ഥയില്‍ അടിമജീവിതം നയിക്കേണ്ടി വന്ന അധഃസ്ഥിത ജനങ്ങള്‍ക്ക് ഭൂമിയുടെ ഉടമാവകാശം എന്നല്ല വഴിനടക്കുവാന്‍ പോലും സാധ്യമായിരുന്നില്ല. ജാതിവ്യവസ്ഥ ഒരു ജനസമൂഹ ത്തിന്റെ ആകെ ജനാധിപത്യാവകാശങ്ങളെ തടയുക മാത്രമല്ല നിര്‍ബന്ധിത വംശഹത്യയിലേക്ക് നയിക്കും വിധം അതിജീവന സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു. ഇന്ത്യയെപോലെ കാര്‍ഷികാധിഷ്ഠിതമായ ഒരു സമൂഹത്തില്‍ ഭൂരഹിതര്‍ക്ക് കൃഷി ഭൂമി ലഭ്യമാക്കികൊണ്ട് മാത്രമേ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.

അതുകൊണ്ടാണ് ജാതിവ്യവസ്ഥക്കെതിരായ നിലപാട് എന്നാല്‍ പ്രാഥമികമായും ഭൂമിക്കുവേണ്ടിയുള്ള സമരമായി മാറുന്നത്. ഭൂവിഷയത്തില്‍ ജാതിശക്തികളുടേതില്‍ നിന്നും വ്യത്യസ്തമായ നിലപാടുകള്‍ ഇന്ത്യയിലെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജിഷയുടെ കൊലപാതകവും അതുയര്‍ത്തിയ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളോടും വ്യവസ്ഥാ പിത രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വ്യത്യസ്തമായി രുന്നില്ല. 

''ഇന്ത്യന്‍ ജനത വച്ചു പുലര്‍ത്തുന്ന വിവേചനങ്ങളും മുന്‍വിധികളും മൂലമുള്ള പ്രശ്‌നങ്ങളുമായി മല്ലടിക്കാതെ ഒരു നിമിഷം പോലും ഒരു സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. സോഷ്യലിസം ഒരു യാഥാര്‍ത്ഥ്യമാകണ മെങ്കില്‍ സാമൂഹ്യ നവോത്ഥാനത്തെ ഒരു പ്രാഥമിക പ്രശ്‌നമായി പരിഗണിക്കാന്‍ തയ്യാറാകണം. അതില്‍നിന്ന് ഒളിച്ചോടാന്‍ നമുക്ക് സാധിക്കില്ല. ഇന്ത്യന്‍ സാമൂഹ്യാവസ്ഥ കൈകാര്യം ചെയ്യാതെ വിപ്ലവം എന്ന യാഥാര്‍ത്ഥ്യം സാക്ഷാത്കൃതമാക്കാന്‍ സാധിക്കില്ല എന്നതും സാധ്യമായാല്‍ തന്നെ ആ ഭാഗ്യത്തെ ശരിയാം വണ്ണം വിനിയോഗിക്കാന്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ സാധ്യമല്ല എന്നതും തര്‍ക്കമറ്റ സംഗതിയാണ്. വിപ്ലവത്തിന് മുമ്പ് ഇത് പരിഹരിച്ചില്ലെങ്കില്‍ അതിനു ശേഷം ഈ പ്രശ്‌നങ്ങളെ നേരിടാന്‍ നിര്‍ബന്ധിതരാകും; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എങ്ങോട്ട് തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കിനില്‍ക്കുന്ന ദുര്‍ഭൂതമാണ് ജാതീയത. ഈ ഭീകര സത്വത്തെ നശിപ്പിക്കാതെ രാഷ്ട്രീയ നവീകരണമാകട്ടെ, സാമ്പത്തിക നവീകരണമാകട്ടെ സാധ്യമല്ല.'' (അംബേദ്കര്‍ - ജാതി ഉന്മൂലനം) ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യ വല്‍ക്കരണത്തില്‍ പരമപ്രധാനമായ ജാതിഉന്മൂല നത്തെ സംബന്ധിച്ച് ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നും ജാതിയെ സംബന്ധിച്ച് പൊള്ളയായ ''അടിത്തറ -മേല്‍ക്കൂര'' സിദ്ധാന്തം വച്ച് പുലര്‍ത്തുന്ന സിപിഐ, സിപിഎം തുടങ്ങിയ ഭരണവര്‍ഗ്ഗപാര്‍ട്ടികള്‍ക്കുള്ളത്. ജാതി ഉന്മൂലനത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ ഉള്‍ക്കൊള്ളനോ ഭൂവിതരണ വിഷയത്തില്‍ കൃഷിഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യത്തോട് ഐക്യപ്പെടാനോ സാധിക്കാത്ത വണ്ണം ഈ പാര്‍ട്ടികള്‍ വ്യവസ്ഥാ സംരക്ഷകരായി തീര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ജിഷയുടെ കൊലപാതക ത്തിലേക്ക് നയിച്ച സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നതും പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവര്‍ക്ക് സാധിക്കാത്തതും. നീതിനിഷേധിക്കപ്പെട്ടവരുടെ പക്ഷം ചേര്‍ന്ന നില്‍ക്കാന്‍ സാധിക്കാത്ത വണ്ണം ജനവിരുദ്ധശക്തി കളുമായി സന്ധിചെയ്തിരിക്കുന്നതിനാലാണ് ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരെ ''ഊരുംപേരും ഇല്ലാത്തവര്‍'' എന്ന് നിര്‍ലജ്ജം വിളിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സാധിക്കുന്നത്. ഈ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും വ്യവസ്ഥാപിത ദളിത് സംഘടനകളും മാധ്യമങ്ങളുടെ സെന്‍സേഷണലിസത്തിനു ഭാഗമാകുന്നതിനപ്പുറത്തേക്ക് വളരാന്‍ സാധിക്കാത്തവണ്ണം സാമൂഹ്യമുന്നേറ്റത്തിന്റെയും ജനാധിപത്യ വികാസത്തിന്റെയും പാതയില്‍ തങ്ങള്‍ അപ്രസക്തരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
Courtesy for image;Link