"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 17, വെള്ളിയാഴ്‌ച

''ചരിത്രപരം'' ''വൈരുദ്ധ്യാല്‍മകം'' ഈ ബാന്ധവം! (സി.പി.എം കോണ്‍ഗ്രസ്) രവി പാലൂര്‍, കൊല്‍ക്കത്ത


ഈയിടെയായി വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് സി. പി. എം - കോണ്‍ഗ്രസ് ബാന്ധവം. ഒരു പുതിയ കാര്യം അവതരിപ്പിക്കുന്ന പോലെയാണ് ചര്‍ച്ചകള്‍ നീങ്ങുന്നത്. അസ്വാഭാവികമായ എന്തോ ആണെന്ന മട്ടില്‍! യഥാര്‍ത്ഥത്തില്‍ ഈ കാര്യത്തില്‍ അസ്വാഭാവികതയോ പുതുമയോ തീരെയില്ല. ഇത് സി. പി എം 1967 മുതല്‍ സ്വീകരിച്ചു വരുന്ന വലതുപക്ഷ നിലപാടുകളുടെ സ്വാഭാവിക മായ തുടര്‍ച്ചതന്നെയാണ്. ഇത്തവണ തീരെ വളച്ചുകെട്ടില്ലാതെ സി. പി. എം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്തോ മുതല്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധ വരെ പരസ്യമായി തന്നെയാണ് ബംഗാളില്‍ ജനാധിപത്യ ''പുനഃ സ്ഥാപനത്തിനായുള്ള'' തെരഞ്ഞെടുപ്പു യുദ്ധത്തില്‍ അണി ചേരാന്‍ ''മതേതര ജനാധിപത്യ'' കക്ഷിയെന്ന നിലക്ക് കോണ്‍ഗ്രസിനോട് അഹ്വാനം നടത്തിയത്. അത്രയെങ്കിലും സത്യസന്ധത ഇക്കാര്യത്തില്‍ അവര്‍ കാണിച്ചു. 

എങ്ങിനെയെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ കയറി കൂടണം. അധികാരത്തിന്റെ അപ്പക്കഷണങ്ങളുടെ പങ്കു പറ്റണം. ജനങ്ങളുടെ മേല്‍ കുതിര കയറണം. കോര്‍പ്പറേറ്റ് സാമ്രാജ്യങ്ങള്‍ക്ക് വിട് പണി ചെയ്യണം. ഏതൊരു ഭരണവര്‍ഗ്ഗ പാര്‍ട്ടികളുടെയും ആത്യന്തികമായ കര്‍മ്മ പദ്ധതി ഇത്രയൊക്കെയാണ്. അതിനനുസരിച്ച് അടവും നയവും പരിപാടിയും മാറ്റിക്കൊണ്ടിരിക്കും. ഈ ഗുണങ്ങള്‍ നേടിയെടു ത്തവരെ ബൂര്‍ഷ്വാ ഭരണ വര്‍ഗ്ഗ പാര്‍ട്ടികളുടെ ഗണത്തില്‍ പെടുത്തുന്നതില്‍ കമ്മ്യൂണിസ്റ്റ് വീക്ഷണം ഉള്‍ക്കൊള്ളുന്നവര്‍ക്ക് വിരോധമുണ്ടാകാന്‍ ഇടയില്ലല്ലോ. 

സി. പി. എമ്മിന്റെ കാര്യത്തില്‍ ഇത്തരം ഗുണഗണങ്ങളൊക്കെ അവര്‍ നേടിയെടുത്തിട്ടുണ്ടെന്ന വസ്തുത 1967 മുതലുള്ള അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ യുള്ളൂ. 

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയിരുന്ന തിരുത്തല്‍ വാദ നിലപാടുകളോട് കലഹിച്ചു 1964 ല്‍ സി. പി. എം രൂപീകരിച്ചപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി കള്‍ ഏറെ ആഹ്ലാദം കൊണ്ടിരുന്നു. ആവേശം കൊണ്ടിരുന്നു. സമൂലമായ സാമൂഹിക പരിവര്‍ത്തനത്തിനായുള്ള പോരാട്ട ങ്ങള്‍ക്ക് ഇനി വേഗം കൂടുമെന്ന പ്രത്യാശയും വളരാനിടയാ യെന്നു മാത്രമല്ല, സി. പി. എമ്മിന്റെ കൊടിക്കീഴില്‍ അധ്വാന ശക്തി മാത്രം കൈമുതലുള്ളവര്‍ അണി നിരക്കാനും തുടങ്ങി. രാജ്യമൊട്ടുക്കുമുള്ള പുരോഗമന ശക്തികള്‍ക്ക് ദിശാബോധം പകരാനും സി. പി. എമ്മിന്റെ രൂപീകരണം സഹായകമായി. വലതുപക്ഷക്കാരോട് ചെങ്കൊടി താഴെവെക്കാനുള്ള സി. പി. എമ്മിന്റെ മുദ്രാവാക്യം വിപ്ലവകാരികളില്‍ വലിയ ആവേശം പകര്‍ന്നു. 

ദേശീയ ബൂര്‍ഷ്വാസിയും അവരുടെ വര്‍ഗ പാര്‍ടികളുമായും സഹകരിച്ചു ദേശീയ ജനാധിപത്യ വിപ്ലവം നടത്താനായിരുന്നു വലതുപക്ഷക്കാരുടെ പരിപാടി. അതെ സമയം ഇടതുപക്ഷം തൊഴിലാളികളുടെ നേതൃത്വത്തില്‍ കര്‍ഷകരെ മിത്രശക്തികളാക്കി ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിക്കുന്ന പാത സ്വീകരിച്ചു

അന്നത്തെ സി. പി. ഐ യുടെയും സി. പി. എമ്മിന്റെയും പരിപാടികളെ വിശകലനം സ: ബി. ടി രണദിവേയുടെ 'ഠണഛ ജഞഛഏഞഅങട ങഅഞതകടഠ അചഉ ഞഋഢകടകഛചകടഠ' എന്നതലക്കെട്ടുള്ള ലേഖനത്തില്‍ സി. പി. എമ്മിന്റെ പരിപാടി യെ മാര്‍ക്‌സിസ്റ്റെന്നും സി. പി. ഐയുടെതിനെ തിരുത്തല്‍ വാദപരമെന്നും വിശേഷിപ്പിച്ചു. പാര്‍ട്ടി പിളരാനുണ്ടായ ആശയപരമായ കാരണങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു പ്രസ്തുത ലേഖനം. (ഇപ്പോഴത്തെ സി. പി. എം നേതാക്കന്മാര്‍ ഈ ലേഖനത്തെ സമയോചിതമല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞേ ക്കാം) സി. പി. എം പിളര്‍പ്പാന്മാരുടെ പാര്‍ട്ടിയാണെന്ന സി. പി. ഐ യുടെ അധിക്ഷേപത്തെ അവജ്ഞയോടെ തള്ളിക്കളഞ്ഞു. 

പരിപാടി പുതുക്കി ശരിയായ വിപ്ലവ പാതയിലൂടെ പാര്‍ട്ടിയെ നയിക്കാനുള്ള ചര്‍ച്ചകളുമായി മുന്നോട്ടു പോകുന്നതിനു പകരം അത്തരം ചര്‍ച്ചകള്‍ പോലും പാര്‍ട്ടിക്കുള്ളില്‍ നിരുല്‍സാഹ പ്പെടുത്തുക യായിരുന്നു പിന്നീടുള്ള സി. പി എം നേതൃത്വവും. അങ്ങനെ സി.പി.എമ്മിനെയും ഭരണ വര്‍ഗ്ഗ കാഴ്ചപ്പാടുകളി ലേക്ക് തന്നെ നയിക്കുകയും ചെയ്തു. പാര്‍ട്ടി പരിപാടി വിപ്ലവാല്‍മകമാക്കാനും സന്നദ്ധരാക്കാനുമുള്ള നിറവേറ്റുന്നതില്‍ നിന്നും 1967 ഓടെ പിന്തിരിഞ്ഞു എന്നതാണ് വാസ്തവം.

കേരളത്തിലും ബംഗാളിലും 1967 ലെ തെരഞ്ഞെടുപ്പുകളില്‍ ഭരണ വര്‍ഗ ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്നും പങ്കു വെക്കുന്ന കാര്യത്തില്‍ മാത്രം കലഹിച്ചു പുറത്തുവന്നവരെയും ഇരു സംസ്ഥാനങ്ങളിലും പാര്‍ട്ടി മുന്നണിയില്‍ ഭരണം പങ്കു വെച്ചതും. 1967 ല്‍ ഭരണത്തിലേറിയ പാര്‍ട്ടി തങ്ങളുടെ തന്നെ നയത്തിന്റെ ഭാഗമായ മിച്ച ഭൂമി പിടിച്ചെടുക്കാനുള്ള സമരവുമായി മുന്നോട്ടു പോയ കിസാന്‍ സഭാ പ്രവര്‍ത്തനത്തെ തള്ളിപ്പറയുകയും സമരം നയിച്ച നക്‌സല്‍ ബാരിയിലെ കര്‍ഷകരെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയുമായിരുന്നു. 

പിന്നീടങ്ങോട്ട് കേരളത്തില്‍ ജാതി മത കോമരങ്ങളടക്കമുള്ള വരുമായി മാറി മാറി കൂട്ട് ചേര്‍ന്ന് ഭരണം പങ്കു വെക്കുകയാ യിരുന്നു. ബംഗാളില്‍ പക്ഷെ ഇടതു മുന്നണി എന്ന പേരില്‍ തന്നെ തുടരുകയായിരുന്നു. കേന്ദ്രത്തിലാകട്ടെ വിവിധ സമയങ്ങളില്‍ കോണ്‍ഗ്രസിന്റെയും ജനതാ പാര്‍ട്ടിയുടെയും ബി. ജെ. പി പിന്തുണച്ച വി. പി സിങ്ങിന്റെയും സര്‍ക്കാരുകളെ താങ്ങി നിര്‍ത്തുന്നതില്‍ സി. പി. എം വഹിച്ച പങ്ക് സുവിദിദ മാണ ല്ലോ. നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിങ്ങി ന്റെയും ജനവിരുദ്ധ സര്‍ക്കാരുകളെ പിന്തുണച്ചതും സി. പി എമ്മിന്റെ ബംഗാള്‍ ഘടകത്തിന്റെ മാത്രം തീരുമാനമായിരുന്നി ല്ലല്ലോ. സി. പി. എം കേന്ദ്ര കമ്മറ്റി ചേര്‍ന്ന് തീരുമാനിച്ചതായിരു ന്നില്ലേ. ബംഗാളില്‍ ദീര്‍ഘകാലം കൊടികുത്തിവാണിരുന്ന ജ്യോതി ബാസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ ''ചരിത്ര പരമായ വിഡ്ഢിത്തം'' മാത്രമാണ് സി. പി. എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വ്യതിയാനം. തമിഴ്‌നാട്ടില്‍ അഴിമതിക്ക് പേര് കേട്ട ഡി. എം. കെയും എ. ഐ. എ. ഡി. എം. കെയുമായി മാറി മാറി മുന്നണി ബന്ധങ്ങളുണ്ടാക്കിയതും സി. പി. എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങളാണ്. ബീഹാര്‍, ഒഡീഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നയങ്ങള്‍ തന്നെ പിന്തുടരുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളുമായി സഖ്യം ചെയ്യുന്നതില്‍ ഒരു കുഴപ്പവും കേന്ദ്ര കമ്മറ്റി കണ്ടിരുന്നില്ല. 

ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടായിരിക്കണം ബംഗാളില്‍ കോണ്‍ഗ്രസ് ബാന്ധവത്തിനു നേതൃത്വത്തിന്റെ പച്ചക്കൊടി വീശല്‍ പരിശോധിക്കേണ്ടത്. 

വാര്‍ത്താ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുപോലെയുള്ള അസ്വാഭാ വികതയൊന്നും ഈ സംഭവ വികാസത്തിന് അവകാശപ്പെടാനില്ല. സി. പി. എം 1967 മുതല്‍ സ്വീകരിച്ച വലതുപക്ഷ അവസരവാദ നിലപാടുകളുടെ സ്വാഭാവികമായ തുടര്‍ച്ച തന്നെയാണ് ഇപ്പോ ഴത്തെ കോണ്‍ഗ്രസ് ബാന്ധവം. കാരാട്ടിന്റെയും സംഘത്തി ന്റെയും പറയപ്പെടുന്ന എതിര്‍പ്പുകളൊന്നും ബംഗാളിലെ പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് മുന്നില്‍ വിലപ്പോകി ല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി തങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് സംസ്ഥാന നേതൃത്വം തങ്ങളുടെ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന കാര്യത്തില്‍ സംശയത്തിനു കാരണമില്ല. 

1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു രാജ്യത്ത് അര്‍ദ്ധ ഫാസിസ്റ്റ് ഭീകരത അഴിച്ചു വിട്ട കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ഇന്നത്തെ ബി. ജെ. പിയുടെ പിതാമഹന്മാരായ ജനസംഘം ഉള്‍ക്കൊണ്ട ജനതാപാര്‍ട്ടിയുമായി സഖ്യമുണ്ടാക്കേണ്ടി വന്നതു സി. പി. എമ്മിന് ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ സമയമില്ല. കോണ്‍ ഗ്രസ് - സി. പി. എം ബാന്ധവത്തെ എതിര്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ തന്നെയാണ് നരസിംഹറാവു വിനെയും മന്‍മോഹന്‍സിങ്ങിനെ യുമൊക്കെ താങ്ങി നിര്‍ത്തിയത്. ഇപ്പോള്‍ ഇക്കൂട്ടര്‍ കാണിക്കുന്നത് പാര്‍ട്ടിയുടെ കേരളഘടകത്തെ പ്രീണിപ്പിക്കാന്‍ മാത്രമുള്ള പ്രഹസനമാണെന്ന്‌വാ യിക്കേണ്ടി യിരിക്കുന്നു. മറ്റൊരു കാര്യം സംസ്ഥാനത്ത് തങ്ങളുടെ മുഖ്യശത്രു കോണ്‍ഗ്രസ്സായിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എം. പിമാര്‍ 2004 മുതല്‍ നാലര വര്‍ഷക്കാലം മന്‍മോഹന്‍ സിങ്ങിനുവേണ്ടി കൈപൊക്കിയത്. തെരഞ്ഞെടുപ്പു സമയത്തു മാത്രമുള്ള കോണ്‍ഗ്രസ് വിരോധമായിരുന്നു സി പി എമ്മിന് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അതും ബംഗാളിന്റെ കാര്യത്തോടെ അപ്രത്യക്ഷമായി എന്നതാണ് മുന്‍കാലങ്ങളെ അപേക്ഷിച്ചുള്ള വ്യതിയാനം. 

കേരളഘടകത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കുക എന്ന ഏക അജണ്ടയാണ് മുന്നിലുള്ളത്. തങ്ങള്‍ കോണ്‍ഗ്രസ്സുമായുള്ള ഏതു തരത്തിലുള്ള കൂട്ടുകെട്ടിനും എതിരാണെന്ന് സംസ്ഥാനത്തെ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനുള്ള നാടകം കളി മാത്രമാണ് കാരാട്ടിന്റെ നേതൃത്വത്തി ലുള്ള കേരള ബ്രിഗേടിന്റെ കോണ്‍ഗ്രസ് ബാന്ധവത്തോടുള്ള എതിര്‍പ്പ് കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക മാത്രമാണ് ഈ എതിര്‍പ്പിന്റെ ഉദ്ദേശ്യം. ഇവിടെ കൊട്ടിഘോഷി ക്കപ്പെടുന്ന ആദര്‍ശപരമോ ആശയപരമോ ആയ ഭിന്നതകളൊന്നും തന്നെയില്ലെന്നതാണ് വാസ്തവം. കൂടാതെ കേന്ദ്ര നേതാക്കള്‍ക്ക് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ബംഗാള്‍ ഘടകത്തെയോ കേരള ഘടകത്തെയോ അലോസരപ്പെടുത്തി മുന്‌ന്നോട്ടു പോകാനുമാകില്ല. കൂടാതെ അംഗ ബലവും സാമ്പത്തിക ബലവുമുള്ള ഈ ഘടകങ്ങളിലൊന്നിനെ ആശ്രയിച്ചേ പറ്റൂ. 

34 വര്‍ഷം ബംഗാള്‍ അടക്കി വാണ സി. പി. എമ്മിന്റെ ഇന്നത്തെ സംഘടനാ സ്ഥിതി അതി ദയനാീയമാണ്. മഹാഭൂരി പക്ഷം നേടിയ 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പഞ്ചായത്തു മുതല്‍ പാര്‍ലമെന്റുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ സി. പി. എമ്മിന്റെ ജനസ്വാധീനം കീഴോട്ടു പോയിക്കൊണ്ടിരുന്നു. 2011 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പോടുകൂടി സി. പി. എം നിലംപരിശാകു കയായിരുന്നു. തങ്ങളുടേതെന്നു വിശ്വസിച്ചിരുന്ന കോട്ടകള്‍ മുഴുവന്‍ തകര്‍ന്നു തരിപ്പണമാകുകയായിരുന്നു. തങ്ങള്‍ക്കുണ്ടാ യിരുന്നു എന്ന് കരുതപ്പെട്ടിരുന്ന ജനപിന്തുണ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണത് സംഘടനയുടെ നിലനില്‍പ്പുപോലും അപകടത്തിലാക്കി. നേതാക്കളും അണികളും പാര്‍ട്ടിയോട് കൂറുണ്ടായിരുന്ന ബുദ്ധിജീവികളും കൂട്ടത്തോടെ കൂട് മാറി. തങ്ങളുടെ കൂടെയുണ്ടായിരുന്ന ഗുണ്ടാ സംഘവും കയ്യൊഴിഞ്ഞ തോടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടാ ആക്രമണങ്ങളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും ഓഫീസുകള്‍ ഭരണകക്ഷിക്കാര്‍ കയ്യേറു മ്പോഴും അവശേഷിച്ച പാര്‍ട്ടി അനുഭാവികളെ കൂട്ടത്തോടെ ഗ്രമങ്ങളില്‍ നിന്ന് അടിച്ചോടിക്കുമ്പോഴും അതിനെതിരെ വ്യാപകമായ ചെറുത്തു നില്‍പ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിയാതെ പാര്‍ട്ടി നേതൃത്വം മിഴിച്ചു നില്‍ക്കുകയാണ്. തങ്ങള്‍ ജയിച്ച പഞ്ചായത്തുകളിലോ നിയമസഭാ / ലോകസഭാ മണ്ഡലങ്ങളിലോ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമായിരിക്കുക യാണ് സംഘടന. ജയിച്ച ജനപ്രതിനിധികളില്‍ പലരും ഭരണകക്ഷിയിലേക്കോ ബി. ജെ. പിയിലേക്കോ ചേക്കേറുകയാണ്. മൂന്നു പതിറ്റാണ്ടിലേറെ ക്കാലം ജനകീയ സമരങ്ങള്‍ക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചിരുന്നത് കൊണ്ടും ഭരണ ശീതളിമയില്‍ മത്തരായിരുന്നതുകൊണ്ടും ഭരണമില്ലാത്ത അവസ്ഥയെ നേതൃത്വത്തിന് തരണം ചെയ്യാന്‍ കഴിയുന്നില്ല. 

ഭരണ കക്ഷിയുടെ നെറികേടുകള്‍ക്കെതിരെയോ, ആക്രമണ ങ്ങള്‍ക്കെതിരെയോ, അഴിമതിക്കെതിരേയോ മുഖം രക്ഷിക്കാനുള്ള സമരങ്ങള്‍ പോലും നടത്താന്‍ പാര്‍ട്ടി മെനക്കെടുന്നില്ല. തൃണമൂല്‍ സര്‍ക്കാരിന്റെ ദുര്‍ഭരണം മടുക്കുമ്പോള്‍ കേരളത്തിലെ പോലെ തങ്ങളെ തന്നെ വീണ്ടും ഭരണത്തിലെത്തിക്കുമെന്ന വിശ്വാസ ത്തിലാണ് പാര്‍ട്ടി നേതൃത്വം. അതുകൊണ്ട് മേലനക്കി അടി വാങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. സ്വന്തം സംഘടനാ ശക്തികൊണ്ടോ ജനകീയ സമരങ്ങളിലൂടെയോ ഭരണത്തില്‍ തിരിച്ചെത്താനുള്ള ശ്രമം പാര്‍ട്ടി നേതൃത്വം ഉപേക്ഷിച്ചിരിക്കയാണ്. 

അതുകൊണ്ട് തന്നെ ആദര്‍ശത്തിന്റെ പൊയ്മുഖം പോലും ഇനി അണിയാന്‍ കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യമായി രിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സുമായി ചങ്ങാത്തം കൂടാന്‍ തീരുമാനിച്ചത്. ജനാധിപത്യ പുനഃസ്ഥാപനമാണ് തങ്ങളുടെ കോണ്‍ഗ്രസ്സ് ബാന്ധവത്തിനുള്ള പ്രധാന ന്യായീകരണം. പക്ഷെ സംസ്ഥാനത്തെ ജനങ്ങള്‍ സി. പി എമ്മിന്റെ ഈ ന്യായീകരണത്തെ ഏറ്റവും വലിയ തമാശയായി തള്ളിക്കളയാ നാണ് സാധ്യത. 1967 ലെ നക്‌സല്‍ ബാരി കര്‍ഷകരുടെ ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍ മുതല്‍ സിംഗൂര്‍ നന്ദിഗ്രാം കര്‍ഷക സമരങ്ങള്‍ വരെ പോലീസിനെയും പാര്‍ട്ടി ഗുണ്ടക ളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തിയ സി. പി. എമ്മിന്റെ ജനാധിപത്യ പ്രേമം ജനങ്ങള്‍ക്ക് നന്നായറിയാം. തൊഴിലാളി സമരങ്ങളെ ഭരണ യന്ത്രവും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് അടിച്ചമര്‍ത്തിയതും ജനങ്ങള്‍ മറക്കാന്‍ സാധ്യതയില്ല. സിദ്ധാര്‍ത്ഥ ശങ്കര്‍ റായിയുടെ നേതൃത്വത്തില്‍ നടന്ന അര്‍ദ്ധ ഫാസിസ്റ്റ് ഭീകര വാഴ്ച്ചക്കെതിരെയുള്ള ജനരോഷമായിരുന്നു സി. പി. എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണിയെ ഭരണത്തിലെത്തിച്ചത്. 1977 ലെ തെരഞ്ഞെടുപ്പു പ്രകടന പത്രിക പ്രകാരമുള്ള ജനാധിപത്യ പുനഃസ്ഥാപനമടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന ജനങ്ങളുടെ പ്രതീക്ഷകളെയാണ് പിന്നീടങ്ങോട്ടുള്ള സി. പി. എമ്മിന്റെ സര്‍ക്കാര്‍ നടപടികള്‍ തുരങ്കം വെച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ കുപ്രസിദ്ധരായ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന വാഗ്ദാനം പാലിച്ചി ല്ലെന്ന് മാത്രമല്ല തങ്ങളുടെ ഭരണകാലത്തെ ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന മര്‍ദ്ദക വീരന്മാരാക്കി പുനഃപ്രതിഷ്ഠിക്കുക യായിരുന്നു. അതുപോലെ തന്നെ കേന്ദ്രത്തില്‍ ഭരണത്തിലുണ്ടാ യിരുന്ന കോണ്‍ഗ്രസ്സിന്റെ സാമ്പത്തിക നയങ്ങളെ നടപ്പാക്കുന്ന തിലും സി. പി. എം സര്‍ക്കാരുകള്‍ മത്സരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ജനാധിപത്യ ധ്വംസനത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കും മറ്റേതു പാര്‍ട്ടിയെക്കാള്‍ കുപ്രസിദ്ധി നേടിയ കോണ്‍ഗ്രസ് സി. പി. എമ്മിന്റെ സ്വാഭാവിക സഖ്യ ശക്തി ആയെങ്കില്‍ ആരും അത്ഭുതപ്പെടേണ്ട കാര്യമില്ല.