"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

ഭരണഘടനാ ദിനാചരണത്തിനു പിന്നിലെ ഹിന്ദുത്വ അജണ്ടഇന്ത്യന്‍ ഭരണ ഘടനാ ശില്പി ഡോ. അംബേദ്കറുടെ 125 -ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ഭരണഘടനാ ദിനം ആചരിക്കാന്‍ മോദി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിനു പിന്നില്‍ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണു ള്ളത്. ഒന്ന്, ഭരണഘടനയില്‍ പറയുന്ന മതനിരപേക്ഷത എന്ന ആശയത്തെ ഹിന്ദുത്വ അജണ്ട പ്രകാരം ദുര്‍വ്യാഖ്യാനം ചെയ്ത് സ്വന്തം രാഷ്ട്രീയ ലക്ഷ്യത്തിനുപയോഗപ്പെടുത്തുക, രണ്ട്, കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ കൂടി ഭാഗമായ ഭരണഘടനാ രൂപീകരണത്തില്‍ ആര്‍ എസ് എസി നും പങ്കുണ്ടെന്ന പ്രതീതി സൃഷ്ടിക്കുക. അതായത്, മതനിരപേക്ഷതക്കു കടക വിരുദ്ധമായി രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന ഹീനകൃത്യങ്ങള്‍ക്കും കൊടും പാതകങ്ങള്‍ക്കും നീതീകരണം കണ്ടെത്തുക എന്നതിനപ്പുറം ഭരണഘടനാശില്പിയായ അംബേദ്കറുടെ ജന്മദിനാചരണം ഒരു പുകമറമാത്രമായിരുന്നു മോദി സര്‍ക്കാരിന്. 

വാസ്തവത്തില്‍, ഡോ. അംബേദ്ക്കര്‍ മുന്നോട്ടു വച്ച ഭൂമി ദേശസാല്‍ക്കരണം, ജാതി ഉന്മൂലനം പോലുള്ള മഹനീയമായ ആശയങ്ങളൊന്നും ഭരണഘടനയില്‍ കടന്നുകൂടുകയുണ്ടായില്ല. ഭൂവുടമസ്ഥതയുടെയും സ്വകാര്യ സ്വത്തിന്റെയും അലംഘനീയത ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ചാതുര്‍വര്‍ണ്യവും ജാതി വ്യവസ്ഥയും അംഗീകരിക്കുന്നതുമാണ് 1952 - ല്‍ നിലവില്‍ വന്ന ഭരണഘടന. എങ്കിലും കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി മതേതരത്വത്തേയും ജനാധിപത്യാവകാശങ്ങളെയും സംബന്ധിക്കുന്ന പല ലിബറല്‍ തത്വങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ അധികാരി വര്‍ഗ്ഗം നിര്‍ബന്ധിതമാകുക യായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ഒരു തുള്ളി വിയര്‍പ്പുപോലും ഒഴുക്കാത്ത ആര്‍ എസ് എസ് മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയായി അംഗീകരിക്കണമെന്ന നിലപാടാണെടുത്തത്. 1949 അവസാനവും 1950 ആദ്യവും പുറത്തിറങ്ങിയ ആര്‍എസ്എസിന്റെ മുഖപത്രമായ 'ഓര്‍ഗനൈസര്‍' ഈ ആവശ്യം മുന്നോട്ടു വെക്കുകയുണ്ടായി. അതായത്, ബഹുഭൂരിപക്ഷം മനുഷ്യര്‍ക്ക് മൃഗപരിഗണനപോലും നല്‍കാത്ത വര്‍ണാശ്രമ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ദര്‍ശന സംഹിതയെ ഭരണഘടനയായി അംഗീകരിക്കണമെന്ന്. അന്ന് പറഞ്ഞതില്‍ നിന്നും ഹിന്ദുത്വ ശക്തികള്‍ അണുവിട പോലും ഇന്നും മാറിയിട്ടില്ലെന്ന് അവരുടെ വര്‍ത്തമാന കാല ചെയ്തികള്‍ കാണിക്കുന്നു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് യാദൃശ്ചികമായിരുന്നില്ലെന്നും ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭീകരസംഘടനയാണ് ആര്‍ എസ് എസ് എന്നും കൂടുതല്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു.

മുന്‍ മഹാരാഷ്ട്ര പോലീസ് ഐജി ആയിരുന്ന മുഷ്‌റിഫ് ഈയിടെ പുറത്തു വിട്ട വിവരങ്ങള്‍ ഇക്കാര്യം അടിവരയിടുന്നു. 2006 ലെയും 2008 ലെയും മലേഗാവ് സ്‌ഫോടനങ്ങള്‍, 2007 ലെ മക്ക - മസ്ജിദ് സ്‌ഫോടനം, 2007 ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനം എന്നിവ ആര്‍ എസ് എസ് നേരിട്ട് ഏറ്റെടുത്ത് നടത്തിയവയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഭീകരവാദക്കേ സ്സുകള്‍ അന്വേഷിച്ചിരുന്ന മുന്‍ മഹാരാഷ്ട്ര പോലീസ് മേധാവി കര്‍ക്കരെ ഇക്കാര്യങ്ങള്‍ കണ്ടെത്തുകയും ആര്‍ എസ് എസ് കുടുങ്ങുകയും ചെയ്യുമെന്ന് വന്നപ്പോഴാണ് പോലീസ് സേനയിലെ ബ്രാഹ്മണ്യ വിഭാഗങ്ങളും ഐജിയും സഹകരിച്ച് കര്‍ക്കരയെ ഇല്ലാതാക്കിയതെന്ന് മുഷ്‌റിഫ് ചൂണ്ടിക്കാട്ടുന്നു. ഭീകര കൃത്യങ്ങള്‍ നടത്തി അവ മുസ്ലീം ചെറുപ്പക്കാരുടെ തലയില്‍ കെട്ടിവെക്കുക യെന്ന കുടിലതന്ത്രമാണ് ഹിന്ദുത്വ ശക്തികള്‍ നടപ്പാക്കിപ്പോന്നത്. ബജ്‌രംഗദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട ഇപ്രകാരം 17 സംഭവങ്ങള്‍ മുഷ്‌റിഫ് അക്കമിട്ടു നിരത്തുന്നു. 

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള സുവര്‍ണാവസരമാണ് മോദി ഭരണമെന്ന ധ്വനിയിലാണ് രാജനാഥ് സിങ്ങ് മുതല്‍ ജയ്റ്റ്‌ലി വരെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ലോകസഭയിലും രാജ്യസഭയിലും പ്രസംഗിച്ചത്. അതിനായി മതേതരത്വത്തിന് അവര്‍ ഹിന്ദുത്വ ഭാഷ്യം നല്‍കി. രാജ്യസഭയില്‍ കൂടി ആവശ്യമായ ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍, മതേതരത്വം ഭരണഘടനയില്‍ നിന്ന് എടുത്തു കളയുന്ന നിയമനടപടികള്‍ക്ക് ബിജെപി തുടക്കമിടുമായിരുന്നു എന്ന കാര്യത്തില്‍ മറിച്ചൊ ന്നാലോ ചിക്കേണ്ടതില്ല. എന്നാല്‍ രാജ്യത്ത് വര്‍ഗീയ കലാപവും അസമാധാനവുമുണ്ടായാല്‍ തങ്ങള്‍ നിക്ഷേപത്തിന് തയ്യാറല്ലെന്ന് കോര്‍പ്പറേറ്റ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതെ തുടര്‍ന്ന് ഭരണഘടന മഹാശ്ചര്യമെന്നു പറഞ്ഞ് നമവായത്തിന്റെ കുപ്പായമിടാനാണ് മോദി തയ്യാറായിരിക്കുന്നത്. ഒട്ടുമൊത്തത്തില്‍ തങ്ങള്‍ക്കു ഹിതകരമല്ലാത്ത മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ ആശയങ്ങളെ അപഹസിക്കുകയും എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തങ്ങള്‍ക്കെതിരാണെന്ന് തിരിച്ചറിഞ്ഞ് തല്‍ക്കാലം പത്തിയൊതുക്കുകയും ചെയ്യുന്ന അവസരവാദ സമീപനമാണ് പാര്‍ലമെന്റില്‍ ബിജെപി സ്വീകരിച്ചത്.