"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 27, തിങ്കളാഴ്‌ച

ജിഷ വധവും 'കേരള മോഡ'ലിന്റെ ദളിത്-സ്ത്രീവിരുദ്ധ അന്തര്‍ഗതങ്ങളും
ഡെല്‍ഹിയിലെ 'നിര്‍ഭയ' വിധേയമായതെക്കാള്‍ പൈശാചികവും ബീഭത്സവുമായ പീഡനങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ട പെരുമ്പാവൂരി ലെ ജിഷയുടെ ഘാതകരെ ഒരു മാസമായിട്ടും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പില്‍ ഈ വിഷയമുണ്ടാ ക്കിയ ലാഭ - നഷ്ടങ്ങളെ സംബന്ധിച്ച കൂട്ടലും കിഴിക്കലുമാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇപ്പോള്‍ നടത്തി വരുന്നത്. മാനവികതക്കെതിരായ ഈ കൊടുംക്രൂരകൃത്യം നടന്നിട്ട് അഞ്ചു ദിവസങ്ങളോളം ഇക്കാര്യം പുറത്തറിയാതെ ഒളിപ്പിച്ചുവെക്കാന്‍ ബന്ധപ്പെട്ട പോലീസും ഭരണ സംവിധാനങ്ങളും മുഖ്യധാര രാഷ്ട്രീയ നേതൃത്വങ്ങളും അവരുടെ പ്രാദേശിക മുഖ്യന്മാരും അയല്‍ക്കാരുമെല്ലാം ആസൂത്രിത ശ്രമം നടത്തിയെന്നതും വ്യക്തമായിരിക്കുന്നു. തീര്‍ച്ചയായും, ജിഷ നേരിട്ടതിനു സമാനമായ കൊടും ക്രൂരതകള്‍ കേരളത്തിലെയും ഇന്ത്യയിലെ യും ദളിതര്‍, ദളിത് സ്ത്രീകള്‍ വിശേഷിച്ചും നേരിടേണ്ടി വരികയെന്നത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ലെന്നും മറിച്ച് അതിനനുകൂലമായ ഭൗതിക സാഹചര്യങ്ങളാണ് നിലനില്‍ക്കു ന്നതെന്നും എടുത്തുപറയേണ്ടതില്ല. മുമ്പ് പത്തനംതിട്ടയിലും ആലപ്പുഴയിലും സമാന്തരമായ സംഭവങ്ങള്‍ നടന്നിട്ടും അന്വേഷണം വഴിമുട്ടുകയായിരുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയ ത്തില്‍ ആയുധങ്ങളും ഇതര വസ്തുക്കളും കുത്തിക്കയറ്റുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ യാദൃശ്ചിക സംഭവമേയല്ല. പോലീസ് സ്റ്റേഷനുകളില്‍ മാത്രമല്ല, കോണ്‍ഗ്രസ്സ് ഓഫീസുകളിലും നടക്കുന്ന കാര്യമാണത്. എന്നാല്‍ ഇത്തരം സാമാന്യവല്‍ക്ക രണത്തിനപ്പുറം പെരുമ്പാവൂരില്‍ സംഭവിച്ചത് കേരളീയ സാമൂഹ്യമനോഘടനയിലും അതിന് ആധാരമായിട്ടുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യാടിത്തറയിലും ആഴത്തില്‍ വേരോടിയി ട്ടുള്ള ദളിത് - സ്ത്രീ വിരുദ്ധതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ വരെ ഭ്രാന്താലയ മായിരുന്ന കേരളത്തില്‍ മഹാനായ അയ്യങ്കാളി നയിച്ച കര്‍ഷക തൊഴിലാളി സമരവും വില്ലുവണ്ടി സമരവുമെല്ലാമാണ് കുറഞ്ഞപക്ഷം മനുഷ്യപരിഗണനയെങ്കിലും ദളിതര്‍ക്കു ലഭിക്കുന്ന സാഹചര്യമൊരുക്കിയത്. ഇതടക്കം കേരളത്തെ ഉഴുതുമറിച്ച നവോത്ഥാന - ഇടതുമുന്നേറ്റങ്ങളുടെ ഉജ്ജ്വലധാരയാണ് 1956 ലെ സംസ്ഥാന രൂപീകരണത്തെ തുടര്‍ന്ന് 1957 ല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദികാരത്തിലെത്തുന്നതിന് കാരണമായത്. എന്നാല്‍, ഇന്ത്യയുടെ സാഹചര്യത്തില്‍ ജാതിയും ഭൂമിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചോ അതുമായി ബന്ധപ്പെട്ട് കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവരിലേക്ക് എത്തിക്കുന്ന തരത്തില്‍ ഭൂപരിഷ്‌കരണം നടപ്പാക്കുന്നതെ സംബന്ധിച്ചോ പ്രാഥമിക ധാരണ പോലുമില്ലാതിരുന്ന ഇ. എം. എസ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷത്തോടെ കൊണ്ടുവന്ന കാര്‍ഷിക ബന്ധ ബില്ലും തുടര്‍ന്നരങ്ങേറിയ ഭൂപരിഷ്‌കരണങ്ങളുമെല്ലാം മണ്ണില്‍ പണിയെടുത്തിരുന്ന ദളിതരെ 26000 ഓളം വരുന്ന കോളനികളി ലേക്കും പുറംപോക്കുകളിലേക്കും കനാല്‍ തീരങ്ങളിലേക്കും മറ്റും ആട്ടിപ്പായിക്കുകയാണുണ്ടായത്. ഇടതുമേലങ്കിയണിഞ്ഞ ഇവിടുത്തെ കപട ബുദ്ധിജീവികളും സാംസ്‌കാരിക മേലാളന്മാരും മാനവികതാവാദികളും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറല്ലെന്നു മാത്രമല്ല കേരളത്തിലെ ഉപരി - മധ്യവര്‍ഗ്ഗ വിഭാഗങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ദളിത് വിരുദ്ധതയെ മറച്ചുപിടിക്കുകയുമാണ്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാന ത്തെക്കാളും ദളിത് വിരുദ്ധത കേരളത്തില്‍ ശക്തമായിരിക്കു ന്നതിന്റെ ഭൗതികാടിത്തറ ഭൂമിയുമായി ബന്ധപ്പെട്ടതാണ്. 1957 ലെ സര്‍ക്കാര്‍ മുതല്‍ കേരളം മാറി മാറി ഭരിച്ച ഇടതു - വലതു മുന്നണികളും മതജാതി ശക്തികളും മാത്രമല്ല, കേരളത്തിലിപ്പോള്‍ മനുസ്മൃതിയുമായി താമരവിരിയിക്കുന്നവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. കേരള ചരിത്രത്തിലെ ഏറ്റവും നെറികെട്ട മാഫിയ - ക്രിമിനല്‍ ഭരണത്തിനു നേതൃത്വം നല്‍കിയ ഉമ്മന്‍ സര്‍ക്കാര്‍ ഏറ്റവും ഫലപ്രദമായി ഈ ഭൗതിക സാഹചര്യത്തെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്തിയതാണ് അഞ്ചുനാള്‍ ജിഷയുടെ കൊലപാതകം പുറം ലോകം അറിയാതെ പോയതിനു കാരണം. 

മേല്‍ സൂചിപ്പിച്ചതുപോലെ, 26000 ലധികം കോളനികളിലും പുറമ്പോക്കുകളിലും വഴിയോരങ്ങളിലും കനാല്‍ തീരങ്ങളിലും മറ്റുമായി 35 ലക്ഷത്തോളം പട്ടികജാതി വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍ കേരളത്തില്‍ കഴിയുന്നു. പ്രധാനമായും സവര്‍ണ ക്രിസ്ത്യന്‍ കയ്യേറ്റമാഫിയയുടെ കടന്നാക്രമണങ്ങളിലൂടെ ഭൂമി അന്യാധീനപ്പെട്ടുപോയ ആദിവാസികള്‍ ഈ കണക്കില്‍ പെടുന്നില്ല. ജന്മിത്വ ഭൂബന്ധങ്ങള്‍ നിലനിന്ന കാലത്ത് വിശാലമായ പാടങ്ങളിലും ഭൂപ്രദേശങ്ങളിലും കൂരകള്‍ വെച്ചു താമസിച്ചിരുന്ന ദളിതര്‍ അഥവാ പട്ടികജാതിക്കാര്‍ ഇ. എം. എസ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച ഭൂപരിഷ്‌കരണം സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലുള്ള പാട്ടക്കുടിയാന്മാരുടെയും കൈവശക്കുടി യാന്മാരുടെയും ഉടമസ്ഥതയിലേക്കു ഭൂമി കൈമാറിയതോടെ മണ്ണില്‍ പണിയെടുത്തിരുന്ന, യഥാര്‍ത്ഥ ഭൂവുടമകളാകേണ്ടിയിരുന്ന ദളിതര്‍ പുറമ്പോക്കുകളിലേക്കും കോളനികളിലേക്കും തള്ളപ്പെട്ടു. ഏഴര ലക്ഷത്തോളം ഏക്കര്‍ മിച്ചഭൂമിയായി കണ്ടെത്തിയെങ്കിലും അതിന്റെ പത്തു ശതമാനം മാത്രമാണ് കേരളം മാറിമാറി ഭരിച്ചവര്‍ വിതരണം ചെയ്തുവെന്ന് അവകാശപ്പെടുന്നത്. അതേസമയം, എസ്റ്റേറ്റുകളും തോട്ടവിളകളുമടങ്ങുന്ന കേരള ത്തിലെ റവന്യൂഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും ഭൂപരിഷ്‌ക രണത്തില്‍ നിന്നൊഴിവാക്കിയിരുന്നു. കൊളോണിയല്‍ കാലത്ത് വിദേശികളും അവരുടെ ബിനാമികളും കൈവശപ്പെടുത്തിയിരുന്ന ലക്ഷക്കണക്കിനു ഏക്കര്‍ ഭൂമി 1947 ലെ അധികാരക്കൈമാറ്റ ത്തോടെ നിയമപരമായി സ്ഥാപിക്കപ്പെട്ട കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലേക്കു വരേണ്ടതായിരുന്നു. എന്നാല്‍ ആ ഭൂമി പിടിച്ചെടുക്കാന്‍ പോലും തയ്യാറാകാതെ, ഏകദേശം അഞ്ചേകാല്‍ ലക്ഷത്തോളം ഏക്കര്‍ തുടര്‍ന്നും കൈവശം വെക്കാന്‍ ഈ ദേശവിരുദ്ധ ശക്തികള്‍ക്ക് ഇ. എം. എസിന്റെ കാലം മുതലുള്ള ഇടതു - വലതു സര്‍ക്കാരുകള്‍ ഒത്താശ ചെയ്തു പോന്നു. ഇതെങ്കിലും പിടിച്ചെടുത്ത് ദളിതര്‍ക്കു വിതരണം ചെയ്തിരുന്നെങ്കില്‍ 'പെരുമ്പാവൂരുകള്‍' സംഭവിക്കുമായിരുന്നില്ല. 

1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വര്‍ഗ്ഗാടിത്തറ കേരളത്തിലെ തൊഴിലാളികളും ദളിതരും ദരിദ്രഭൂരഹിതരും പിന്നോക്ക ജനവിഭാഗങ്ങളുമായിരുന്നു. എന്നാല്‍ ആ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂപരിഷ്‌കരണാകട്ടെ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെപോലുള്ള അന്നത്തെ ഇടത്തട്ടു വിഭാഗങ്ങള്‍ക്ക് വന്‍നേട്ടമുണ്ടാക്കികൊടുത്തു. ക്രമേണ വന്‍ഭൂസമ്പത്തിന്റെ പിന്‍ബലത്തില്‍ കേരളത്തിലെ പുത്തന്‍ ഭൂവുടമാവര്‍ഗ്ഗമായി വളര്‍ന്ന ഈ വിഭാഗം രാഷ്ട്രീയ വിദ്യാഭ്യാസ ആരോഗ്യ ചികിത്സാദി മണ്ഡലങ്ങളിലെല്ലാം ആധിപത്യം നേടുകയും ചെയ്തു. 1964 ലെ കേരള കോണ്‍ഗ്രസ് രൂപീകരണം ഈ പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്കുള്ള വളര്‍ച്ചയുടെ സൂചനയായിരുന്നു. 1959 ലെ വിമോചന സമരത്തില്‍ 'തമ്പ്രാനെന്നു വിളിപ്പിക്കും പാളയില്‍ കഞ്ഞി കുടിപ്പിക്കും' എന്ന മുദ്രാവാക്യവുമായി ദളിതരുടെ കേരളത്തിലെ മുഖ്യശത്രുവായി രംഗത്തു വന്ന കുറുവടിക്കാരുടെയും തൊപ്പിപ്പാളക്കാരുടെയും നേതൃത്വം പില്‍ക്കാലത്ത് കേരളജനത യുടെ നികുതിപ്പണവും പൊതുവിഭവങ്ങളും ഉപയോഗപ്പെടുത്തി നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ സിംഹഭാഗവും നിയന്ത്രിച്ചപ്പോഴും ഒരു ദളിതനെപ്പോലും ഇവര്‍ നിയന്ത്രിച്ച സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകരായി നിയമിക്കാതെ ഭരണഘടനാ സംവരണതത്വങ്ങള്‍ തന്നെ അട്ടിമറിച്ചിട്ടും കേരളം മാറിമാറി ഭരിച്ച ഇടതുവലതു മുന്നണികള്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല, അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മതശക്തികളുടെ തിണ്ണനിരങ്ങുകയാണു ചെയ്തത്. 

ഇതിനിടയിലാണ് കൊട്ടിഘോഷിക്കപ്പെട്ട 'കേരളമോഡല്‍' 1970 കള്‍ മുതല്‍ ഇവിടെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നത്. തീര്‍ച്ചയായും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി, നവോത്ഥാന - സാമൂഹ്യ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ജനാധിപത്യവല്‍ക്കരണത്തിന്റെയും ഇടതു മുന്നേറ്റങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അവകാശബോധത്തിന്റെയും എല്ലാം തുടര്‍ച്ചയായി 1957 ലെ ഇ. എം. എസ് സര്‍ക്കാര്‍ നടപ്പാക്കാനാരംഭിച്ച വിവിധ പരിഷ്‌കരണ പരിപാടികള്‍ തുടരാന്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ബാധ്യസ്ഥമായതു നിമിത്തം അഖിലേന്ത്യാതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട നെഹ്രുവിയന്‍ ക്ഷേമരാഷ്ട്രത്തിന്റെ മെച്ചപ്പെട്ട പരിഛേദം കേരളത്തില്‍ സൃഷ്ടിക്കുകയുണ്ടായി. സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ 'കേരളമോഡല്‍' എന്നു വിശേഷിപ്പിച്ച ഈ പ്രതിഭാസത്തിന്റെ പ്രത്യേകത ഉല്പാദനമേഖലകള്‍ മുരടിച്ചു നില്‍ക്കുമ്പോഴും പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പൊതുവിതരണം എന്നീ രംഗങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ രൂപം കൊണ്ട ഉയര്‍ന്ന സാമൂഹ്യ വികസന സൂചികയായിരുന്നു. 1970 കള്‍ മുതല്‍ ശക്തിപ്പെട്ട ഗള്‍ഫ് കുടിയേറ്റം കേരളത്തിലേ ക്കൊഴുക്കിയ വിദേശ നാണ്യവും അതുമായി ബന്ധപ്പെട്ട് ഉപഭോഗ, കച്ചവട, പണമിടപാട്, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ വളര്‍ന്നതും മറ്റും ഈ 'കേരളമോഡലി'ന്റെ സവിശേഷതകളാണ്. ഇതിന്റെയെല്ലാം ഫലമായി ഉല്പാദന മേഖലകളെ അപേക്ഷിച്ച് സേവന മേഖല സമ്പദ്ഘടനയുടെ മുക്കാല്‍ ഭാഗത്തെയും ഉള്‍ക്കൊള്ളുന്ന സാഹചര്യവും രൂപപ്പെട്ടു. മുമ്പു സൂചിപ്പിച്ച ഭൂപരിഷ്‌കരണത്തിന്റെ മുഖ്യഗുണഭോക്താക്കളടക്കം പുത്തന്‍ പണക്കാരും ഭൂമാഫിയകളും കയ്യേറ്റ - ക്വാറി - റിയല്‍ എസ്റ്റേറ്റ് മാഫിയകളും വിദ്യാഭ്യാസ ആശുപത്രി മാഫിയകളും തോട്ടമാഫിയകളും അവരുടെ ബിനാമികളും എല്ലാമായി ബന്ധപ്പെട്ട് ഇന്ത്യയിലേറ്റവും വികസിച്ച മധ്യ വര്‍ഗ്ഗം കേരളത്തില്‍ രൂപം കൊണ്ടു. ഇതിനു അനുസൃതമായ ഒരു സാമൂഹ്യ ഘടനയും മധ്യവര്‍ഗ്ഗ മനോഘടനയും സംസ്‌കാരവുമെല്ലാം കേരളത്തില്‍ ആധിപത്യം നേടി. കാറ്റിനൊത്തു തൂറ്റുന്ന ഇടതു മുന്നണിയും വലതുമുന്നണിയും ഇതിന്റെ ഉപാസകരായി മാറി. രാഷ്ട്രീയ മണ്ഡലത്തില്‍ മാത്രമല്ല, കലാസാഹിത്യ രംഗങ്ങളിലെല്ലാം ഇതു പ്രതിഫലിച്ചു. 

എന്നാലതേസമയം, ആദിവാസികളും ദളിതരുമടക്കം പാര്‍ശ്വവല്‍കൃതരും മര്‍ദ്ദിതരുമായ ജനവിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മാത്രമല്ല അവര്‍ക്കുമേല്‍ ശക്തിപ്പെട്ട നാനാരൂപങ്ങളിലുള്ള അടിച്ചമര്‍ത്തലുകളും വളരെ വിദഗ്ധമായി മൂടിവെക്കുകയാണ് മധ്യവര്‍ഗ്ഗാഭിമുഖ്യമുള്ള കേരള മോഡല്‍ ചെയ്തത്. വാസ്തവത്തില്‍, പഴയ ജന്മിത്വം അവസാനിച്ചതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ആധിപത്യത്തിലേക്കു വന്ന പുത്തന്‍ ഭൂവുടമകളുടെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും കയ്യേറ്റക്കാരുടെയും മറ്റും താല്പര്യങ്ങള്‍ സംരക്ഷിച്ച രാഷ്ട്രീയ - സാമ്പത്തിക സമവാക്യങ്ങള്‍ കോളനികളിലും പുറമ്പോക്കുക ളിലുമായി അരികുവല്‍ക്കരിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്ത മണ്ണിന്റെ മക്കളെ വര്‍ദ്ധിതമായ ജാതി വിവേചനത്തിന് വിധേയമാക്കുകയാണ് ചെയ്തത്. പൊതു ഇടങ്ങളില്‍ ഇതു വളരെ പ്രകടമാകാത്ത വിധം മാധ്യമങ്ങളും മറ്റും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. പുത്തന്‍ ഭൂവുടമാവര്‍ഗ്ഗങ്ങളും അവരുമായി ബന്ധപ്പെട്ട മതശക്തികളും ഇടത്തട്ടു ജാതികളുമാണ് ഒട്ടുമിക്കപ്പോഴും ഈ പ്രക്രിയക്കു നേതൃത്വം നല്‍കിയത്. ദളിതര്‍ക്കുമേല്‍ ജന്മിത്വകാലത്തെ അനുസ്മരിപ്പിക്കുന്ന കടന്നാക്രമണങ്ങള്‍ക്കാണ് ''നിരണം ബേബി''മാരും മധ്യതിരുവി താംകൂറിലേയും മറ്റും സവര്‍ണക്രിസ്ത്യന്‍ വിഭാഗങ്ങളും തയ്യാറായതെന്നത് നിഷേധിക്കാനാവില്ല. ജിഷയുടെ കേസന്വേഷ ണത്തോടും മറ്റും അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് സമീപത്തെ സവര്‍ണ ക്രിസ്ത്യാനികള്‍ കൈക്കൊണ്ടതെന്നത് ദളിതര്‍ക്ക് മനുഷ്യപരിഗണന നില്‍കാന്‍ പോലും ഇവര്‍ തയ്യാറല്ലെന്നതിന്റെ ഉദാഹരണമാണ്. 

വാസ്തവത്തില്‍ കേരള മോഡലുമായി ഇഴുകിച്ചേര്‍ന്ന കേരളത്തിലെ 'സിവില്‍സമൂഹ'ത്തില്‍ ഭൂരഹിതരായ, കോളനിവാസികളായ ദളിതര്‍ക്ക്, ദളിത് സ്ത്രീകള്‍ക്ക് ഒരു സ്ഥാനവുമില്ല. വികസന സൂചികകളില്‍ അവര്‍ കയറികൂടുന്നില്ല. ഏറ്റവും പിന്തിരിപ്പനായ ഒരു മധ്യവര്‍ഗ്ഗ - ദളിത് വിരുദ്ധ ബോധമാണ് ഇവിടുത്തെ സിവില്‍ സമൂഹത്തിന്റേത്. കേരളത്തിനെ സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട സൂചികകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 2011 ലെ സെന്‍സസ് പ്രകാരം 2001 നും 2011 നുമിടയില്‍ കേരള കേരളത്തിലെ ദളിത് ജനസംഖ്യ 9.8 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായി ഇടിയുകയാണുണ്ടായത്. അതായത്, ഔദ്യോഗിക കണക്കു പ്രകാരം, പത്തു വര്‍ഷത്തിനുള്ളില്‍ ദളിത് ജനസംഖ്യ 31.2 ലക്ഷത്തില്‍ നിന്നും 30.4 ലക്ഷമായി ഇടിഞ്ഞു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രാഥമിക ഘടകങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ടാണിതെന്നു മാത്രം സെന്‍സസ് പറയുന്നില്ല. സെന്‍സസ് അനുസരിച്ച്, ദളിതരില്‍ 18 ശതമാനത്തിനു മാത്രമാണ് പത്താം ക്ലാസ് യോഗ്യതയുള്ളത്. ഡിഗ്രിക്കാര്‍ 2 ശതമാനം മാത്രം. കര്‍ഷകരെന്നു പറയാവുന്നവര്‍ 1.7 ശതമാനം, കര്‍ഷക തൊഴിലാളികള്‍ 33 ശതമാനം, വീട്ടുജോലിക്കാര്‍ 2.8 ശതമാനം, 61 ശതമാനം പേരും തൊഴിലവകാശങ്ങളില്ലാത്ത അവിദഗ്ധ, അനൗപചാരിക, അസംഘടിത തൊഴിലാളികള്‍ എന്നിങ്ങനെ പോകുന്നു ഞെട്ടിപ്പിക്കുന്ന കണക്കുകള്‍. കേരളത്തിലെ ദളിതരുടെ 81 ശതമാനം ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ടുമാത്രം ജീവിക്കുന്നു. നഗരജീവിതം വ്യാപകമായ കേരളത്തിലെ പട്ടണങ്ങളില്‍ ദളിതര്‍ വിരളമാണ്. വ്യത്യസ്തമെങ്കിലും സമാനമായ ജീവിതസാഹചര്യമാണ് ആദിവാസികളുടേതും. മൂന്നു സെന്റു ഭൂമിയുള്ളവരെ ഭൂവുടമകളായി നിര്‍വചിക്കുന്ന കേരള സര്‍ക്കാരിന്റെ കണക്കുകള്‍വെച്ചുപോലും ഗ്രാമീണ തൊഴിലാളി കളുടെ 65 ശതമാനത്തോളം ഇതുപോലുമില്ലാത്ത ഭൂരഹിതരാണ്. എന്നാല്‍ ഈ മാനദണ്ഡപ്രകാരം ദളിതരുടെ കാര്യത്തില്‍ ഭൂരാഹിത്യം 99 ശതമാനത്തോളം വരുമെന്ന് കണക്കാക്കാം. 

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍, കേരളം മാറിമാറി ഭരിച്ച, അടിസ്ഥാന നയങ്ങളില്‍ അതിര്‍വരമ്പില്ലാത്ത ഇടതു - വലതു മുന്നണികളുടെ സര്‍ക്കാരുകള്‍ ആയിരക്കണക്കിനു കോടി രൂപ പട്ടികവര്‍ഗ്ഗ, പട്ടികജാതി വികസനത്തിനായി ഒഴുക്കിയെങ്കിലും ആദിവാസികളുടെ കാര്യത്തിലെന്നപോലെ, ദളിതരുടെ കാര്യത്തിലും ഒരു മെച്ചപ്പെടലും അതു സൃഷ്ടിച്ചില്ല. ആഗോള ഫണ്ടിങ് ഏജന്‍സികളും എന്‍ജിഒകളും കുടുംബശ്രീയും (ഉദാഹരണത്തിന് അട്ടപ്പാടിയിലെ ന്യൂട്രമീല്‍ പദ്ധതി) മറ്റും ഇടപെട്ടെങ്കിലും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇന്ത്യയിലേറ്റവുമധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനസാന്ദ്രതയേറിയ കേരളത്തിലാണ് ഏറ്റവുമധികം ഭൂകേന്ദ്രീകരണം നിലനില്‍ക്കുന്നത്. തന്നിമിത്തം ഭൂരാഹിത്യം കേരളത്തില്‍ വളരെ കൂടുതലാണ്. പ്രത്യേകിച്ചും നവഉദാരവല്‍ക്കരണവും ആഗോളീകരണവും കോര്‍പ്പറേറ്റ്‌വല്‍ക്ക രണവുമെല്ലാം ഊര്‍ജ്ജിതമായ അടുത്തകാലത്ത്, മുമ്പേതന്നെ കോളനികളിലും പുറമ്പോക്കുകളിലും കനാല്‍ തീരങ്ങളിലും റോഡുവക്കിലുമായി ഒതുങ്ങിക്കൂടേണ്ടിവന്ന ദളിതര്‍ കൂടുതല്‍ കൂടുതലായി അന്യവല്‍ക്കരിക്കപ്പെടുകയും പുറമ്പോക്കിലേക്ക് തള്ളപ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇവിടുത്തെ ദളിത് കോളനികളെല്ലാം അടച്ചുപൂട്ടില്ലാത്ത, മറകളില്ലാത്ത ഒരു മുറി കൂരകളാണ്. ജനനവും മരണവും അവിടെത്തന്നെ. മരിച്ചാല്‍ കുഴിച്ചിടുന്നതാകട്ടെ വീടിന്റെ തറ മാന്തിയും. ഭരണാവസാന ത്തില്‍ കടുംവെട്ടു നടത്തി സന്തോഷ് മാധവനെപ്പോലുള്ള ക്രിമിനലുകള്‍ക്കും സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന മാഫിയകള്‍ക്കും ആയിരക്കണക്കിനേക്കര്‍ ഭൂമി കൈമാറിയ സാമൂഹ്യ വിരുദ്ധന്മാരായ മന്ത്രി പുംഗവന്മാര്‍ക്ക് ഇതറിയാ ത്തതല്ല. മറിച്ച്, കോളനികളിലും പുറമ്പോക്കുകളിലും കഴിയുന്ന ദളിതരെ മനുഷ്യരായി പരിഗണിക്കാന്‍ തയ്യാറില്ലാത്തവരാണിവര്‍. ഇതേ ദളിത് വിരുദ്ധ - അരാഷ്ട്രീയ മനോഘടനയാണ് മധ്യവര്‍ഗ്ഗ മലയാളിയുടേതും. 'വികസനവാദി'കളും സുഖഭോഗികളും സുരക്ഷിതത്വകാംക്ഷികളുമായ മധ്യ - ഉപരിവര്‍ഗ്ഗ യുവാക്കളെ കോര്‍പ്പറേറ്റ് - മാഫിയക്കാവശ്യമായ ക്വട്ടേഷന്‍ പ്രവര്‍ത്തന ങ്ങള്‍ക്കു കിട്ടാത്ത സാഹചര്യമുണ്ട്. ഇതു മറികടക്കാന്‍ ഇവിടുത്തെ മാഫിയകള്‍ അവര്‍ക്കാവശ്യമായ 'ക്വട്ടേഷന്‍ ഗാങ്ങുക'ളെ റിക്രൂട്ട് ചെയ്യുന്നതിന് ദളിത് കോളനികളെ ലക്ഷ്യമിടുന്ന പ്രവണതയും ശക്തമാണ്. 

കേരളത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ ജനതയെ വംശഹത്യ യിലേക്ക് ഇവിടുത്തെ ഭരണവര്‍ഗ്ഗങ്ങള്‍ തള്ളിവിടുന്നത് വളരെ ആസൂത്രിതമായല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാഴ്ത്തപ്പെട്ട കേരളമോഡലിന്റെ അടിസ്ഥാനം പൊതുവിതരണ - പൊതു വിദ്യാഭ്യാസ - പൊതുജനാരോഗ്യ സംവിധാനങ്ങളാണെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ. രസകരമായ കാര്യം സര്‍ക്കാര്‍ ജീവനക്കാരും കാര്‍ഷിക വരുമാനവും കച്ചവടവൃത്തിയും മറ്റുമുള്ള പല മധ്യവര്‍ഗ്ഗ കുടുംബങ്ങളും ബിപിഎല്‍ കാര്‍ഡുള്ളവയാണെന്നതാണ്. പ്രാദേശിക ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഭരണത്തെയുമൊക്കെ സ്വാധീനിക്കാവുന്നതുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. എന്നാല്‍, അടുത്ത കാലത്തെ ചില വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നതുപ്രകാരം കേരളത്തിലെ നിസ്വരായ ഭൂരഹിതരും പരമദരിദ്രരും പട്ടിണിക്കാരുമായ പല ആദിവാസി - ദളിത് കുടുംബങ്ങളും എപിഎല്‍ കാര്‍ഡുകാരാണ്. തന്നിമിത്തം, പൊതുവിതരണസംവിധാനത്തില്‍ നിന്നും ഇവര്‍ പുറത്താണ്. ബിപിഎല്‍ ലിസ്റ്റില്‍ പെടുന്നതിനും സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ബന്ധപ്പെട്ട ഇടതു - വലതു മുന്നണികളില്‍പെട്ട പ്രാദേശിക - രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വിഭാഗങ്ങളും ദളിതര്‍ക്കും ആദിവാസികള്‍ക്കും അപ്രാപ്യമാണ്. മധ്യവര്‍ഗ്ഗവല്‍ക്കരിക്കപ്പെട്ട, ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ മനോഘടന ബാധിച്ച ജാഗ്രതാസമിതികളും അയല്‍ക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും കുടുംബശ്രീയു മെല്ലാം തഥൈവ. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങളും പീഡനങ്ങളും കൈകാര്യം ചെയ്യാന്‍ ആദിവാസികളുടെ കാര്യത്തിലെന്നപോലെ നിയമങ്ങളും വകുപ്പുകളുമെല്ലാം സജീവമാണെന്നാണല്ലോ അവകാശവാദം. എന്നാല്‍ തന്റെ കുഞ്ഞി നെയും തന്നെയും അക്രമികളില്‍ നിന്നു രക്ഷിക്കാനാവശ്യപ്പെട്ട് ജിഷയുടെ അമ്മ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ നിരവധി തവണ കയറിയിറങ്ങീട്ടും 'യൂണിഫോമിട്ട കുറ്റവാളികളുടെ സംഘ'മെന്ന് പ്രശസ്തനായ ഒരു ന്യായാധിപന്‍ വിശേഷിപ്പിച്ച പോലീസ് അവരെ 'മനോവിഭ്രാന്തി'ക്കാരിയായി മുദ്രകുത്തുക യാണ് ചെയ്തത്. തീര്‍ച്ചയായും ഇവിടുത്തെ പോലീസ് സംവിധാനം ജിഷയ്ക്ക്, ദളിതര്‍ക്ക്, സ്ത്രീകള്‍ക്ക് എതിരാണെന്ന് തിരിച്ചറിയാനുള്ള ബോധമാണ് നമുക്ക് പ്രാഥമികമായുണ്ടാ കേണ്ടത്. 

രാഷ്ട്രീയവും സാമ്പത്തികവുമായ ഈ അന്യവല്‍ക്കരണം അതീവ ഗുരുതരമായ സാമൂഹ്യ - സാംസ്‌കാരിക പ്രശ്‌നങ്ങളാണ് ദളിത് ജനതയുടെ ജീവിതത്തില്‍ സംജാതമാക്കുന്നത്. കോളനികളിലും പുറമ്പോക്കുകളിലും താമസിക്കുന്നവരുടെ വിവാഹമടക്കം സകലബന്ധങ്ങളും അപ്രകാരമുള്ള കോളനിവാസികളുമായി മാത്രമാണ്. ശിഥിലമായ കുടുംബ - വൈവാഹിക ബന്ധങ്ങളാണ് ഇവിടെ പൊതുവെ കാണാനാകുക. കുടുംബനാഥന്മാര്‍ സ്ഥിരം മദ്യപാനികളോ സ്ഥലത്തില്ലാത്തവരോ ബന്ധം വിട്ടുപോയവരോ ഒക്കെ ആകുന്ന അവസ്ഥ; പലരും കുടുംബത്തിന് ബാധ്യതയാകുന്ന സ്ഥിതി. കുടുംബം നിലനിര്‍ത്തേണ്ടതും കുട്ടികളെ വളര്‍ത്തേണ്ടും ഉപജീവനം കണ്ടെത്തേണ്ടതും സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ടാണ് മനോരോഗികളും സദാചാരവാദികളും ഒളിഞ്ഞുനോട്ടക്കാരും സാമൂഹ്യവിരു ദ്ധരുമായ മധ്യ - ഉപരിവര്‍ഗ്ഗത്തില്‍ നിന്നുള്ളവര്‍ ദളിത് പെണ്‍കുട്ടികളെയും സ്ത്രീകതളെയും ലക്ഷ്യമിടുന്നത്. അതേസമയം കോളനിയില്‍ കഴിയുന്നവരോടുള്ള ഈ കപടമാന്യന്മാരുടെ സമീപനം പുച്ഛവും വെറുപ്പും കലര്‍ന്നതായിരിക്കും. നിരാലംബരായ ദളിത്കുട്ടികള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ കണ്ടുപിടിച്ച് അവസാനിപ്പിക്കുന്നതിനോ അവരുടെ പ്രാഥമിക ജീവിതാവശ്യങ്ങള്‍ പരിഗണിക്കുന്നതിനോ പൊതുസമൂഹവുമായി അവരെ ഉദ്ഗ്രഥിക്കുന്നതിനോ ഫലപ്രദമായ ഒരു സംവിധാനവും നിലനില്‍ക്കുന്നില്ല. തൊണ്ണൂറുകള്‍ മുതല്‍ പഞ്ചായത്തുകളുടെ അധികാരങ്ങള്‍ വര്‍ധിക്കുകയും ജനകീയാസൂത്രണവും മറ്റും പൊടിപൊടിക്കുകയും ചെയ്തതോടെ അഴിമതി കൂടുതല്‍ സ്ഥാപനവല്‍ക്കരിച്ചതല്ലാതെ ദളിതര്‍ക്കോ ആദിവാസികള്‍ക്കോ ഒരു ഗുണവും ഉണ്ടായില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്കു തിരിച്ചു നല്‍കാനായി ആവിഷ്‌ക്കരിച്ച നിയമം വലതുമുന്നണിയുടെ സഹായത്തോടെ മതമേലങ്കിയണിഞ്ഞ കയ്യേറ്റമാഫിയക്കു വേണ്ടി അട്ടിമറിച്ചത് ഇടതുമുന്നണി സര്‍ക്കാരായിരുന്നല്ലോ? ഇതിന്റെയെല്ലാം തുടര്‍ച്ചയായി, ഇന്ന് കമ്പോള സംസ്‌കാരം വികസിപ്പിച്ചെടുത്ത മധ്യവര്‍ഗ്ഗ ഉപഭോഗതൃഷ്ണയുടെയും സുഖലോലുപതയുടെയും രതിവൈകൃതങ്ങളുടെയും മയക്കുമരുന്നിന്റെയും മറ്റും പിന്‍ബലമുള്ള നരാധമത്വത്തിന്റെയും കടന്നാക്രമണങ്ങളുടെയും ഇരകളായി ദളിത് - ആദിവാസി കുട്ടികളും സ്ത്രീകളും വിധേയരായിക്കൊണ്ടിരിക്കുന്നു. 

ചുരുക്കത്തില്‍, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു സമാനമായി, എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമപിന്‍ബലത്തില്‍ ഗോപ്യമായി, കേരളത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ സാമ്പത്തിക ഘടനയും സംസ്‌കാരവുമെല്ലാം ഉള്‍ച്ചേര്‍ന്ന് സംജാതമാകുന്ന ദളിത് വിരുദ്ധ മനോഘടനയും നെറികെട്ട ജാതി വിവേചനവുമാണ് താരതമ്യങ്ങളില്ലാത്ത കൊടുംക്രൂരതകള്‍ക്കും കൊലപാതകത്തിനും ജിഷ വിധേയമാകുന്ന ഭൗതിക പരിസരം സൃഷ്ടിച്ചിട്ടുള്ളത്. കൊലപാതകത്തിനു ശേഷമുള്ള അനന്തര സംഭവങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വീണ്ടും വീണ്ടും അടിവരയിടുന്നു. 

ജിഷ വധത്തിനു ശേഷം പുറംലോകമറിയുന്നതുവരെയുള്ള അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ഘാതകരിലേക്കെത്തുമായിരുന്ന എല്ലാ തെളിവുകളും പോലീസ് ചിട്ടയായി നശിപ്പിച്ചു. കോളനിവാ സിയായ ഈ ദളിത് പെണ്‍കുട്ടിയുടെ ജീവിതത്തിലും കൊലപാതകത്തിലും പോലീസും ഉമ്മന്‍ഭരണവും കേരളത്തിലെ ദളിത് - സ്ത്രീവിരുദ്ധ പൊതുബോധത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തി. കുറ്റവാളിയും(കളും) പോലീസും ഭരണക്കാരും മാഫിയകളും തമ്മില്‍ അവിഹിതബന്ധവു മുണ്ടായിരുന്നു എന്ന് സംശയിക്കാവുന്ന തരത്തിലാണ് തുടക്കം മുതല്‍ പോലീസ് പെരുമാറിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊടുംക്രൂരതയാണ് നടന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായിട്ടും പട്ടികജാതി നിയമപ്രകാരം കേസ് എടുത്തില്ല; ഇന്‍ക്വസ്റ്റ് തയ്യാറാക്കല്‍, പോസ്റ്റമോര്‍ട്ടം, മൃതദേഹം ദഹിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ചട്ടങ്ങള്‍ ലംഘിച്ചു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്ന സംശയപ്രകടനം, കുറ്റവാളി മനോരോഗി യാണെന്ന വ്യാഖ്യാനം, ഒരാള്‍ മാത്രമാണെന്ന വിശകലനം, മലയാളി മാന്യമാണെന്ന് വരുത്തിതീര്‍ക്കുന്ന വിധത്തില്‍ കുറ്റവാളി അന്യസംസ്ഥാനക്കാരനാണെന്ന അഭിപ്രായ പ്രകടനം തുടങ്ങിയ പോലീസ് ഭാഷ്യങ്ങള്‍ ഇവിടെ ഉണ്ടെന്നു പറയുന്ന നിയമവ്യവസ്ഥക്കു തന്നെ ഭീഷണിയാണ്. ദളിത് പീഡന നിരോധന നിയമ പ്രകാരവും കുറ്റവാളികളെ രക്ഷപെടുത്തുംവിധം തെളിവു നശിപ്പിച്ചതിന്റെ പേരിലും ബന്ധപ്പെട്ട പോലീസിനെ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതാണ്. കുറുപ്പംപടിയിലേയും പെരുമ്പാവൂരിലേയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാരെ അറസ്റ്റുചെയ്തു ചോദ്യംചെയ്താല്‍ എല്ലാ തെളിവുകളും പുറത്തുവരും. മാഫിയഭരണത്തലവനായിരുന്ന ഉമ്മന്‍ചാണ്ടി അതു ചെയ്യാതി രുന്നതു മറയാക്കി ഇപ്പോള്‍ അധികാരമേറ്റിട്ടുള്ള പിണറായി ഭരണം പോലീസുകാരെ സ്ഥലംമാറ്റി രക്ഷപെടുത്തു ന്നത് അംഗീകരിക്കാനാവില്ല.

കുറുപ്പംപടിയിലെയും പെരുമ്പാവൂരിലെയും പോലീസുകാരുടെ സ്വഭാവദൂഷ്യം കൊണ്ടുണ്ടായതാണ് വിഷയമെന്നു കരുതാന്‍ വിഡ്ഢികളല്ല നമ്മള്‍. കോളനികളിലും പുറമ്പോക്കുകളിലും കനാല്‍കരയിലും കഴിയുന്ന ദളിത് സ്ത്രീയുടെ കാര്യത്തില്‍ ഇന്നു ഏതു പോലീസ് സ്റ്റേഷനിലും സംഭവിക്കാവുന്നതാണിത്. കൊട്ടിഘോഷിക്കുന്ന കേരളമോഡലിന്റെ കാപട്യത്തെ, അതു മറച്ചുപിടിക്കുന്ന ദളിത് - സ്ത്രീവിരുദ്ധതയെ അമാനവീകതയെ, കേരളത്തിന്റെ കൊണ്ടാടപ്പെടുന്ന രാഷ്ട്രീയബോധത്തിന്റെയും സാക്ഷരതയുടെയും സ്ത്രീശാക്തീകരണത്തിന്റെയും അന്തഃസാര ശൂന്യതയെ തുറന്നു കാട്ടുന്നതാണ് പെരുമ്പാവൂര്‍ സംഭവം. രണ്ടു ദിവസമായി പട്ടിണി കിടന്നിരുന്ന ദരിദ്രനായ ഒരു ആസ്സാം തൊഴിലാളി ചിങ്ങവനത്തെ മധ്യവര്‍ഗ്ഗകുടുംഭബങ്ങളില്‍ നിന്നുള്ള മാന്യദേഹങ്ങള്‍ കെട്ടിയിട്ടു തല്ലിക്കൊന്നത് പെരുമ്പാവൂരിന്റെ പശ്ചാത്തലത്തിലാണ്. തീര്‍ച്ചയായും, ഈ ജനവിരുദ്ധവ്യവസ്ഥയും അതിന്റെ നെടുംതൂണുകളും തച്ചുതകര്‍ക്കപ്പെടണം. 

തെരഞ്ഞെടുപ്പിലൂടെ വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറിയതുകൊണ്ട് ഈ ദുരവസ്ഥ പരിഹരിച്ചുകളയാമെന്ന വ്യാമോഹമൊന്നും നമുക്കുവേണ്ട. പെരുമ്പാവൂരിലെ പോലീസ് സ്റ്റേഷനുകളെല്ലാം നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ആരോപണവി ധേയനായ കോണ്‍ഗ്രസ് പ്രമാണിയും സ്ഥലത്തെ മുന്‍ സി പി ഐ (എം) എം എല്‍ എ യുമെല്ലാം ദളിത് വിരുദ്ധതയുടെ കാര്യത്തില്‍ ഒരേ വര്‍ഗ്ഗ നിലപാടുകള്‍ ഉള്ളവരാണെന്ന് ഇതോടകം വ്യക്തമായതാണല്ലോ. എന്നു മാത്രമല്ല കേരളത്തിലെ ഒന്നാം നമ്പര്‍ ക്വാറിമാഫിയകൂടിയായ ഈ സവര്‍ണ ക്രിസ്ത്യന്‍ കോണ്‍ഗ്രസ് പ്രമാണിയുമായി സിപി ഐ (എം)ന് നാളുകളായു ള്ള ബാന്ധവത്തിന്റെ പശ്ചാത്തലത്തില്‍, ജിഷവധത്തില്‍ ആരോപണവിധേയനായ ഈ മാന്യനെതിരെ അന്വേഷണം നടത്താനുള്ള ദളിതുവര്‍ഗ്ഗപക്ഷപാതിത്വം പുതിയ സര്‍ക്കാര്‍ പ്രകടമാക്കുമെന്നു കരുതുക യുക്തിസഹമായിരിക്കുകയില്ല. ഭൂമിയും സമ്പത്തുമെല്ലാം ഒരു മാഫിയ കോര്‍പ്പറേറ്റ് സംഘത്തിന്റെ നിയന്ത്രണത്തില്‍ വെച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മായാജാലമൊന്നും നടക്കില്ല. തൃശംസമായ ഈ വ്യവസ്ഥക്കെതിരെ ജനങ്ങള്‍ ഉയിര്‍ത്തെഴു ന്നേല്‍ക്കുക തന്നെ വേണം. ബ്രെഹത് പറഞ്ഞതിനെ പിന്‍പറ്റി യാല്‍, പെരുമ്പാവൂരില്‍ മാനവികതക്കെതിരായ ഇത്രഹീനകൃത്യം നടന്നിട്ടും നമ്മുടെ നഗരങ്ങള്‍ കത്തിച്ചാമ്പലാകാതിരിക്കുന്നതാണ് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടത്. 

*സഖാവ്‌ മാസിക 2016 ജൂണ്‍ ലക്കം