"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 17, വെള്ളിയാഴ്‌ച

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷവും - കെ എന്‍ രാമചന്ദ്രന്‍


ചോദ്യം

സഖാവെ, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണത്തിലിരിക്കുന്ന രാജ്യങ്ങളിലൊന്നും ഭരണത്തില്‍ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. പാര്‍ട്ടി ഇടതു വലതു വ്യതിയാനങ്ങള്‍ക്കു കീഴ്‌പ്പെട്ട് ജനവിരുദ്ധമാകുമ്പോള്‍ ന്യൂനപക്ഷമാകുന്ന ജനാധിപത്യശക്തി കളുടെ ശബ്ദം നേര്‍ത്തതാകുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യുകയാണ്. അവര്‍ക്ക് പിളര്‍പ്പ് മാത്രമാണ് പിന്നെ ഏകമാര്‍ഗ്ഗം. ഇങ്ങനെയുള്ളവര്‍ ജനവിരുദ്ധരായി മുദ്രകുത്ത പ്പെടുകയും ചെയ്യും. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ ഇന്നത്തെ നിലക്കല്ലാതെ പ്രതിപക്ഷ ധര്‍മ്മം സാധ്യമാകുന്ന വിധത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടികളുടെ നിലവിലുള്ള വാര്‍പ്പു മാതൃകയില്‍ മാറ്റം വരുത്തേണ്ടതല്ലേ ? - ആന്റണി എം പി

ഉത്തരം

1950 കളില്‍ സോഷ്യലിസത്തിന്റെ കിഴക്കന്‍ കാറ്റ് സാമ്രാജ്യത്വ ത്തിന്റെ പടിഞ്ഞാറന്‍ കാറ്റിനെ പരാജയപ്പെടുത്തു മെന്നു തോന്നിക്കുന്ന അവസ്ഥയായിരുന്നെങ്കില്‍ അര നൂറ്റാണ്ടു കഴിയുമ്പോഴേക്കും ഇടതു - വലതു സ്വാധീനങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ഇന്ന് സോഷ്യലിസ്റ്റ് ചേരി അത്യന്തം ദുര്‍ബലമായിരിക്കുന്നു. ആഗോളതലത്തില്‍ സാമ്രാജ്യത്വ വ്യവസ്ഥക്കും അതിന്റെ പുത്തന്‍ അധിനിവേശ ആക്രമണങ്ങള്‍ക്കും നിരന്തരം ഭീകരസ്വഭാവങ്ങള്‍ കൈവരിക്കുന്ന ചൂഷണ ക്രമങ്ങള്‍ക്കും സാംസ്‌കാരികാധപതന ത്തിനുമെതിരെ ഓരോ വര്‍ഷം കഴിയുംതോറും ജനകീയ സമരങ്ങള്‍ പലതലത്തില്‍ ശക്തിയാര്‍ജ്ജിക്കുമ്പോഴും ഇവയെ വ്യവസ്ഥാ പരിവര്‍ത്തനത്തിലേക്കു നയിക്കാന്‍ സൈദ്ധാന്തികവും രാഷ്ട്രീയവും സംഘടനാപരവുമായി കെല്‍പ്പുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒരു രാജ്യത്തും ഇല്ലാത്ത അവസ്ഥയിലേക്കു സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം എത്തിയിരിക്കുന്നു. ഈ ഗുരുതരമായ തിരിച്ചടികള്‍ക്ക് പല കാരണങ്ങളുണ്ട്. അവയില്‍ സുപ്രധാനമായ ഒന്നാണ് പാര്‍ട്ടിക്കുള്ളിലും അധികാരത്തില്‍ വരുന്ന രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യ പ്രക്രിയയോട് എടുക്കുന്ന സമീപനം എന്താണെന്നത്. ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോള്‍ സ. ആന്റണി എം പി യുടെ ചോദ്യത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

മാര്‍ക്‌സും എംഗല്‍സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ രചിക്കുകയും, തൊഴിലാളിവര്‍ഗ്ഗ മോചനത്തിന്റെ പാത വര്‍ഗ്ഗസമരത്തിലൂടെ മുതലാളിത്തവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ് സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലൂടെ കമ്യൂണിസത്തിലേക്ക് മുന്നേറുകയാണെന്നും പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച, തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണിപടയെന്നു വിശേഷിപ്പിക്കപ്പെട്ട, പാര്‍ട്ടികള്‍ എല്ലാ അര്‍ത്ഥത്തിലും ബഹുജനസംഘടനകള്‍ ആയിരുന്നു. അക്കാലത്തു തന്നെ തൊഴിലാളിവര്‍ഗ്ഗത്തിനിടയില്‍ സ്വാധീമനുണ്ടായിരുന്ന പരിഷ്‌കരണവാദ, തീവ്രവാദ, അരാജകവാദ പ്രവണതകളെല്ലാം നയിച്ച ആശയസമരത്തില്‍ ഏര്‍പ്പെടുമ്പോഴും ഈ ബഹുജന പാര്‍ട്ടി സംഘടനക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘടനയെന്നതിനെക്കാള്‍ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനം എന്ന പേരാണ് ഇവയ്ക്ക് കൂടുതല്‍ യോജിക്കുമായി രുന്നത്. ഈ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനമാണ് പാരീസിലെ തൊഴിലാളി വര്‍ഗ്ഗത്തിന് 1871 ല്‍ അധികാരം പിടിച്ചെടുത്ത് 'പാരീസ് കമ്യൂണ്‍' സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയത്. 'ഫ്രാന്‍സിലെ വര്‍ഗ്ഗ സമരം' എന്ന കൃതിയില്‍ മാര്‍ക്‌സ് പ്രസ്ഥാനത്തിനുള്ളിലെ വിവിധ ധാരകളെ ക്കുറിച്ചും, അധികാരം പിടിച്ചെടുക്കുകയും പിടിച്ചെടുത്ത അധികരത്തെ വിപ്ലവത്തിന്റെ ദിശയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഇവയ്ക്കിടയില്‍ നടന്ന ആശയസമരത്തെക്കുറിച്ചും വിശദീകരി ക്കുന്നത്. പിടിച്ചെടുത്ത അധികാരം ജനങ്ങളുടെ അധികാരമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഉണ്ടായ കോട്ടങ്ങളും പ്രതിപാദിക്കു ന്നുണ്ട്. അതേസമയം പിടിച്ചെടുത്ത അധികാരം വളരെപ്പെട്ടന്ന് നഷ്ടമായത്, അധികാരത്തിനു വേണ്ടിയുള്ള സമരത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയാതിരുന്നതുകൊണ്ടും കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളുടെ അഭാവത്തിലും ആണെന്നു മാര്‍ക്‌സ് ചൂണ്ടികാട്ടി.

ഈ വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് അതുവരെ തൊഴിലാളി വര്‍ഗ്ഗ സംഘടനകളോ പ്രസ്ഥാനങ്ങളോ ആയി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് മാര്‍ക്‌സ് നിലപാടുകള്‍ അംഗീകരി ക്കുന്ന വിഭാഗങ്ങള്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ക്ക് രൂപം നല്‍കിയത്. സത്തയില്‍ ഇവയും പരമാവധി ഉള്‍പാര്‍ട്ടി ജനാധിപത്യം അംഗീകരിക്കുന്ന വിവിധ ആശയധാരകള്‍ക്ക് നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യം അനുവദിക്കുന്ന സംഘടനാ തലങ്ങളാ യിരുന്നു. ഇവയുടെ കൂട്ടായ്മയായിട്ടാണ് രണ്ടാം ഇന്റര്‍നാഷണല്‍ രൂപീകരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും യൂറോപ്യന്‍ രാജ്യങ്ങളിലെ വര്‍ഗ്ഗസമരത്തിന് ഇവയാണ് നേതൃത്വം നല്കിയത്. പക്ഷേ ഇക്കാലത്ത് മുതലാളിത്തത്തിന്റെ സാമ്രാജ്യത്വത്തിലേക്കുള്ള പരിവര്‍ത്തനവും, ഇത് സമൂര്‍ത്ത സാഹചര്യങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും, അവയ്ക്കനുസരിച്ച് മാര്‍ക്‌സിസ്റ്റ് നിലപാടുകള്‍ വികസിപ്പിക്കുന്ന പ്രശ്‌നവും ശരിയായി വിശകലനം ചെയ്ത് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മുന്നേറാനും കഴിയാതിരിക്കുന്നതുമൂലം രണ്ടാം ഇന്റര്‍നാഷണല്‍ തന്നെ കാലഹരണപ്പെട്ട് ശിഥിലമാകുകയും, അതിന്റെ ഭാഗമായി രുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ ബഹുഭൂരിപക്ഷ വും മുതലാളിത്ത പാതയിലേക്കോ, മുതലാളിത്തത്തിന്റെ മാപ്പുസാക്ഷികളായിട്ടോ അധപതിക്കുകയും ചെയ്തു. സംഘടനാ പരമായി ഇവ മുതലാളിത്ത പാര്‍ട്ടികളുടെ രൂപം കൈവരിച്ചു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോക തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനം നേരിട്ട ഈ കടുത്ത പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ലെനിന്‍ സാമ്രാജ്യത്വ കാലഘട്ടത്തിനനുസൃതമായി മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടുകളെ സൈദ്ധാന്തികവും രാഷ്ട്രീയവും സംഘടനാപരവുമായി വികസിപ്പിച്ചത്. അതിലൂടെ പ്രസ്ഥാന ത്തിന്റെ പുതിയ കുതിച്ചു ചാട്ടത്തിനു വഴി തെളിയിച്ചത്. മുതലാളിത്തം സാമ്രാജ്യത്വവുമായി പരിവര്‍ത്തിച്ചതിനെ ശാസ്ത്രീയ മായി വിശകലനം ചെയ്ത് അതിനനുസരിച്ച് ലോകതൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ തന്ത്രവും, അതിനനുസരിച്ച് സാറിസ്റ്റ് റഷ്യയില്‍ പാര്‍ട്ടി പിന്തുടരേണ്ട വിപ്ലവ അടവുകളും വികസിപ്പിക്കുക മാത്രമല്ല, മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന്റെ പ്രശ്‌നവും 'ജനാധിപത്യകേന്ദ്രീകരണം' അടിസ്ഥാനമാക്കി സംഘടനാ പ്രവര്‍ത്തന രീതികളും നിര്‍ദ്ദേശിച്ച് നടപ്പിലാക്കുകയും ചെയ്തു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ വിജയവും സോവിയറ്റ് യൂണിയന്റെ രൂപീകരണവും മൂന്നാം ഇന്റര്‍നാഷണല്‍ അഥവാ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രൂപീകരണവും, തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന് ആഗോളതല ത്തിലുണ്ടായ മുന്നേറ്റവുമെല്ലാം അതിന്റെ സംഭാവനകളായിരുന്നു. അതേ സമയം സമരസംഘടനകളില്‍ നിന്ന് അധികാരം കയ്യാളുന്ന പാര്‍ട്ടിയായി സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി മാറിയത് പാര്‍ട്ടിക്കകത്തുംഭരണവ്യവസ്ഥയിലും ജനാധിപത്യ വല്‍ക്കരണം എങ്ങനെ ശക്തിപ്പെടുത്തുമെന്ന പ്രശ്‌നം ലെനിനെ തുടര്‍ന്ന് അദികാരമേറ്റ നേതൃത്വമേറ്റവരുടെ മുന്നില്‍ പുതിയ വെല്ലുവിളി കള്‍ ഉയര്‍ത്തി.

തൊഴിലാളി വര്‍ഗ്ഗ വിപ്ലവ സിദ്ധാന്തങ്ങളും അത് പ്രയോഗത്തില്‍ വരുത്തേണ്ട പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളും തമ്മിലുള്ള ഒരു സമ്മേളനം എന്ന രീതിയിലാണ് ലെനിന്‍ ജനാധിപത്യ കേന്ദ്രീക രണം, അഥവാ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകരണ തത്വം മന്നോട്ടുവച്ചത്. പാര്‍ട്ടിയുടെ വിശാല വിപ്ലവപ്രസ്ഥാനം എന്ന രീതിയിലുള്ള പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നതായിരുന്നില്ല മറിച്ച് അതിനെ പരിപോഷിപ്പിക്കുന്ന തായിരുന്നു ലെനിന്റെ കാലത്ത് ഈ സമീപനം. അതുകൊണ്ടാണ് ഒക്‌ടോബര്‍ വിപ്ലവത്തെ വിജയിക്കുന്നതിലേക്കു നയിക്കുന്നതിലും, സോവിയറ്റ് യൂണിയന് രൂപം നല്‍കുന്നതിനും സോഷ്യലിസ്റ്റ് പരിവര്‍ത്തന പ്രക്രിയയ്ക്ക് തുടക്കമിടുന്നതിലും, ലെനിന്‍ പ്രവര്‍ത്തന സമയത്ത് സജീവമായിരുന്ന 1922 വരെയുള്ള കാലത്ത് സൈദ്ധാന്തികവും രാഷ്ട്രീയവുമായി വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായിരുന്നവരെകൂടി സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിലുണ്ടായ വിജയം. 

സംഘടനക്കുള്ളില്‍ ജനാധിപത്യം ഉണ്ടാകണമെങ്കില്‍ ഉള്‍പാര്‍ട്ടി സമരത്തിനു വിഘാതം ഉണ്ടാകാതിരിക്കണമെങ്കില്‍, സംഘടനയെ നയിക്കുന്ന രാഷ്ട്രീയവും സമൂഹത്തിന്റെ നിരന്തരമായ ജനാധിപത്യ വല്‍ക്കരണത്തില്‍ ഊന്നുന്നതായിരിക്കണം. ലെനിന്‍ ഊന്നിപ്പറഞ്ഞത് 'എല്ലാ അധികാരവും സോവിയറ്റുകള്‍ക്ക്' എന്ന തത്വമായിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള, 'അയല്‍ക്കൂട്ട'ങ്ങളെ പോലെയുള്ള ജനകീയ സമിതികളായിരുന്നു സോവിയറ്റുകള്‍ എന്ന രഷ്യന്‍ വിപ്ലവ പ്രക്രിയക്കിടയില്‍ രൂപം കൊണ്ട സംഘടനാരൂപം. ഇവയുമായി ബന്ധപ്പെടുത്തി 'ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്' എന്ന അടിസ്ഥാനത്തില്‍ കാര്‍ഷിക പരിഷ്‌കരണവും വ്യവസായ സേവന യൂണിറ്റുകളുടെ നിയന്ത്ര ണവും തൊഴിലാളി സോവിയറ്റുകളിലേക്കുള്ള കൈമാറ്റവും നടപ്പിലാക്കി. ഒരു ഭാഗത്ത് സാര്‍വദേശീയതയ്ക്ക് ഊന്നല്‍ നല്‍കി ലോകവിപ്ലവത്തിന്റെ താവളപ്രദേശമായി സോവിയറ്റ് യൂണി യനെ വികസിപ്പിക്കുകയും, മറുഭാഗത്ത് എല്ലാ അധികാരവും ജനങ്ങളിലേക്ക് കൈമാറുന്നതിനുള്ള ജനാധിപത്യവല്‍ക്കരണ പ്രക്രീയയും എന്നതായിരുന്നു സമീപനം. 

സാമ്രാജ്യത്വ ശക്തികളുടെയും അവയുടെ പിണിയാളരുടെയും ചുറ്റിവളയലുകളേയും ഇടപെടലുകളേയും പരാജയപ്പെടുത്തി ദേശീയ സുരക്ഷ എങ്ങനെ ഉറപ്പാക്കാം പാര്‍ട്ടിക്കുള്ളിലും സമൂഹത്തിലുമുള്ള വിരുദ്ധാഭിപ്രായക്കാരോട് ആശയസമരം നടത്തി ഉല്‍പ്പാദന ശക്തികളെ എങ്ങനെ വികസിപ്പിക്കാം ജനങ്ങള്‍ക്കിടയിലും ജനങ്ങളും ശത്രുക്കളും തമ്മിലുമുള്ള വൈരുദ്ധങ്ങളെ എങ്ങനെ വേര്‍തിരിച്ചറിയും, ജനങ്ങള്‍ക്കിടയിലെ വൈരുദ്ധ്യങ്ങളേയും ജനങ്ങളും ജനകീയാധികാരമായ സോവിയറ്റ് ഭരണവും തമ്മിലുമുള്ള വൈരുദ്ധ്യങ്ങളേയും എങ്ങനെ മിത്ര താപരമായി പരിഹരിക്കാം സാമ്രാജ്യത്വ വികസന പാതയില്‍ നിന്നും അതിന്റെ സംഘടനയില്‍ നിന്നും വ്യത്യസ്തമായി ജനകീയ വികസന പാത എങ്ങനെ രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യും, എല്ലാ മേഖലകളിലും തലങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വ പ്രവണതകള്‍ വളര്‍ന്നു വരാതെ എങ്ങിനെ അതിനെ തടയും, സാരാംശത്തില്‍ കേന്ദ്രീകരണം എപ്പോഴും എങ്ങനെ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലെന്ന് ഉറപ്പ് വരുത്തും തുടങ്ങിയ പ്രശ്‌നങ്ങള്‍ സോവിയറ്റ് യൂണിയനിലെ പാര്‍ട്ടിയും ഭരണവ്യവസ്ഥയും നേരിട്ട വന്‍ വെല്ലു വിളികളായിരുന്നു. 

ലെനിന്‍ തുടക്കമിട്ട ജനാധിപത്യ വല്‍ക്കരണ പ്രക്രിയ തുടരാനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ക്രമേണ ഘനവ്യവസായങ്ങളിലും കൂട്ടുകൃഷിസ്ഥലങ്ങളിലും ഊന്നുന്നതും, സാമ്രാജ്യത്വ രാജ്യങ്ങളുടെ ഉല്‍പാദന വളര്‍ച്ചയെ കവച്ചു വയ്ക്കുന്ന ഉല്‍പ്പാദന നേട്ടങ്ങളില്‍ ഊന്നുന്നതും, സാമ്രാജ്യത്വ സൈനികശേഷിയെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള വിധം ചുവപ്പു സേനയെ 'പ്രൊഫഷണല്‍' ആക്കി മാറ്റുന്നതില്‍ ഊന്നുന്നതുമായ നീക്കങ്ങള്‍ ശക്തിപ്പെട്ടതോടെ എല്ലാ മണ്ഡലങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വ പ്രവണതകള്‍ ക്രമേണ നാമ്പെടുക്കുകയും വളര്‍ന്നു വരാന്‍ തുടങ്ങുകയും ചെയ്തു. ഈ പ്രവണത പാര്‍ട്ടിക്കുള്ളിലും ഭരണമണ്ഡലത്തിലും സൈന്യത്തിലും ശക്തിപ്പെടുമ്പോള്‍ ഇതിനെ വെല്ലുവിളിക്കാന്‍ കഴിയുംവിധം സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചും ജനാധിപത്യ വല്‍ക്കരണത്തെക്കുറിച്ചുമുള്ള രാഷ്ട്രീയത്തിന്റെ വികസനമുണ്ടാ യില്ല.

സാമ്രാജ്യത്വരാജ്യങ്ങളിലും അവയെ അനുകരിച്ച് മറ്റ് രാജ്യങ്ങ ളിലും നിലനില്‍ക്കുന്ന ബൂര്‍ഷ്വാ ജനാധിപത്യം ഫലത്തില്‍ ബൂര്‍ഷ്വാസിയുടെ സര്‍വ്വാധിപത്യമാണ്. സാമ്രാജ്യത്വ വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ത്ത് കമ്യൂണിസത്തിലേക്ക് എത്തുമ്പോഴേക്കും ഭരണകൂടങ്ങള്‍ തന്നെ അപ്രത്യക്ഷമാകുന്ന, ജനങ്ങളിലേക്ക് അധികാരം എല്ലാ അര്‍ത്ഥത്തിലും കൈമാറപ്പെടുന്ന, ജനകീയാധി കാര വ്യവസ്ഥയിലേക്ക് മനുഷ്യസമൂഹം എത്തും. ഇതിനുരണ്ടി ലുമിടയിലുള്ള ദീര്‍ഘമായ അന്തരാളഘട്ടത്തില്‍ ബൂര്‍ഷ്വാ സര്‍വ്വാധിപത്യത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ അപ്രത്യക്ഷമാകുന്ന ജനകീയാധികാരവ്യവസ്ഥയിലേക്കെത്തുന്നതിനു മുമ്പുള്ള സോഷ്യലിസ്റ്റ് പരിവര്‍ത്തന ഘട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗം അധികാരം പിടിച്ചെടുത്ത രാജ്യങ്ങളിലെ ഭരണകൂട രൂപമായി ട്ടാണ് 'തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യ'ത്തെ മാര്‍ക്‌സിസം വിവക്ഷിക്കുന്നത്. ചെറിയന്യൂനപക്ഷത്തിന് അധികാരകുത്തക യുള്ളിടത്ത് നിന്ന് ബഹുഭൂരിപക്ഷത്തിന്റെ അധികാരത്തിലേ ക്കുള്ള മാറ്റം. സത്തയില്‍ ബൂര്‍ഷ്വാ ജനാധിപത്യത്തേക്കാള്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം പലമടങ്ങ് ജനാധിപത്യ പരമായി രിക്കുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികളെ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കും വിധം സാര്‍വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യം വികസിപ്പിക്കാന്‍ കഴിയാത്തിടത്തോളം കാലം ഉദ്യോഗസ്ഥ മേധാവിത്വ പ്രവണതകള്‍ ശക്തിപ്പെടുന്നതോടൊപ്പം ഇത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വലതുപക്ഷ മുതലാളിത്ത പ്രവണതകള്‍ വളര്‍ന്നുവരാന്‍ ഇടം നല്‍കും. രണ്ടാം ലോകയുദ്ധകാലത്ത് ഫാസിസ്റ്റ് ജര്‍മ്മനിയുടെ ആക്രമണത്തെ നേരിടാന്‍ എല്ലാ മേഖലകളിലുമുണ്ടാക്കിയ കേന്ദ്രീകരണത്തോടെ സോവിയറ്റ് യൂണിയനില്‍ ഉദ്യോഗസ്ഥ മേധാവിത്വ സര്‍വാധിപത്യ (യൗൃീരൃമശേര റശരമേീേൃവെശു) പ്രവണതകള്‍ പൂര്‍വ്വാധികം ശക്തിപ്പെട്ടു. 1956 ലെ സോവിയറ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ആകുമ്പോഴേക്കും പാര്‍ട്ടിയിലും ഭരണമണ്ഡലത്തിലും സൈന്യത്തിലും ആധിപത്യത്തിലേക്കു വന്നിരുന്ന നേരത്തേ തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തിപ്പെട്ടിരുന്ന മുതലാളിത്ത പാതകള്‍ക്ക് വലിയ എതിര്‍പ്പൊന്നും നേരിടാതെ അധികാരം പിടിച്ചെടുക്കാനും സോവിയറ്റ് യൂണിയനെ ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്ത സര്‍വാധിപത്യമാക്കി മാറ്റിത്തീര്‍ക്കാനും കഴിഞ്ഞു. 

സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും പിന്തുടര്‍ന്ന നയങ്ങളെ കുറിച്ച് സാമ്രാജ്യത്വ കേന്ദ്രങ്ങളില്‍ നിന്നുള്ള അതിശക്തമായ പ്രതിവിപ്ലവ പ്രചാരണ ങ്ങള്‍ നടന്നിരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അവിടെ നിലനിന്നിരുന്ന സോഷ്യലിസ്റ്റ് പ്രവണതകളെ പ്രതിലോമകരമായ ആക്രമണങ്ങളിലൂടെ നശിപ്പിക്കാനായിരുന്നു സാമ്രാജ്യത്വ ശ്രമങ്ങള്‍. പക്ഷേ യഥാര്‍ത്ഥത്തില്‍ നടക്കേണ്ടിയിരുന്ന, സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചും ജനാധിപത്യവല്‍ക്കരണത്തിലെ പുറകോട്ടു പോക്കുകളെക്കുറിച്ചും മറ്റുമുള്ള മാര്‍ക്‌സിസ്റ്റ് നിലപാടുകളില്‍ നിന്നുള്ള ഇടതുപക്ഷ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ ജനാധിപത്യകേന്ദ്രീകരണം ലോപിച്ച് ഏകപക്ഷീയമായ കേന്ദ്രീകരണമാകാന്‍ തുടങ്ങിയതുമൂലം വളര്‍ന്നുവന്നില്ല. അതുപോലെ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭാവത്തില്‍ ഉദ്യോഗസ്ഥമേധാവിത്വ വല്‍ക്കരണത്തിനെതിരായ വിമര്‍ശനങ്ങളും വളരാന്‍ ഇടമുണ്ടായിരുന്നില്ല. ആഗോള തലത്തില്‍, ഏറെക്കുറെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും യാന്ത്രികമായി 'സോവിയറ്റ് മോഡല്‍' പിന്തുടര്‍ന്നിരുന്നതു മൂലം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ നിന്നോ അല്ലാതെയോ ഒരു വിവരണങ്ങളും സോവിയറ്റ് വികസന മോഡലിനെക്കുറിച്ചോ, ജനാധിപത്യ പ്രക്രിയയെക്കുറിച്ചോ ഉണ്ടായില്ല. പുറത്തുനിന്നുള്ള വിമര്‍ശനങ്ങളെ, അവ തൊഴിലാളിവര്‍ഗ്ഗ സുഹൃത്തുക്കളില്‍ നിന്നായിരിക്കുമ്പോള്‍ പോലും ശത്രുതാപരമായി കണ്ട് തിരസ്‌ക രിച്ചു. ഫലത്തില്‍ ബഹുഭൂരിപക്ഷം പാര്‍ട്ടികളും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനകളായി അധപതിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് സോവിയറ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ വര്‍ഗ്ഗ സമരത്തിന്റെ പാത ഉപേക്ഷിച്ച് വര്‍ഗ്ഗസഹകരണത്തിന്റെ പാതയിലേക്കെത്തുകയും പുത്തന്‍ അധിനിവേശത്തിന്റെ ആരോഹണത്തെ തിരിച്ചറിയുന്നതിനു പകരം അതിന്റെ മാപ്പുസാക്ഷികളായി മാറുകയും ചെയ്യുന്നതി ലേക്കു ഈ പാര്‍ട്ടികളും എത്തി. 

ഗൗരവത്തോടെ സോവിയറ്റ് മോഡലിനെതിരെ വിമര്‍ശനം ഉന്നയിച്ചത് മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഈ വിമര്‍ശനങ്ങള്‍ പ്രയോഗത്തില്‍ ജനകീയ കമ്മ്യൂണുകളുടെയും സോഷ്യലിസ്റ്റ് തെറ്റുതിരുത്തല്‍ പ്രക്രിയയി ലൂടെയും സാംസ്‌കാരിക വിപ്ലവം വരെ മുന്നോട്ടു പോയെങ്കിലും സോവിയറ്റ് മോഡലില്‍ നിന്ന് അടിസ്ഥാന പരമായി വ്യത്യസ്ത മായ ഒരു ജനാധിപത്യ പ്രക്രിയ വികസിപ്പിക്കുന്നതിലേക്ക് അവിടെയും എത്തിയില്ല. മാവോയുടെ നേതൃത്വത്തിലുള്ള രണ്ടു ലൈന്‍ സമരത്തിന് പാര്‍ട്ടിക്കുള്ളിലും ഭരണകൂടത്തിലും സൈന്യത്തിലും ആധിപത്യത്തിലേക്കു വന്നിരുന്ന മുതലാളിത്ത പാതക്കാര്‍ക്കെതിരെ ഒരു തുറന്ന സമരമായി മാറിയില്ല. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആ സമരത്തെ ഒതുക്കി, ദുര്‍ബലപ്പെടുത്തി തകര്‍ക്കാന്‍ മുതലാളിത്തപാതക്കാര്‍ക്ക് കഴിഞ്ഞു. മാവോയുടെ മരണത്തോടെ അധികാരം പൂര്‍ണ്ണമായി പിടിച്ചെടുക്കാനും ചൈനയേയും ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്ത സര്‍വാധി പത്യമാക്കി മാറ്റാനും അവര്‍ക്കു കഴിഞ്ഞു. 

ഈ തിക്ത നയഅനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചുകൊണ്ടേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്നത്തെ ദൗര്‍ബല്യങ്ങള്‍ മറികടക്കാനും മുന്നേറാനും കഴിയൂ. ഒന്നാമതായി, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബഹുജന ലൈന്‍ അംഗീകരിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് മാത്രമായില്ല എല്ലാ അര്‍ത്ഥത്തിലും തുറന്ന, സുതാര്യമായ പ്രവര്‍ത്തന രീതികളും സംഘടനാ രീതികളും വളര്‍ത്തണം. സൈദ്ധാന്തിക - രാഷ്ട്രീയ തലത്തില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ തുറന്നു പറയാനും അതിനുവേണ്ടി വാദിക്കാനു മുള്ള അധികാരം ഉണ്ടായിരിക്കണം. അത്തരം തുറന്ന ചര്‍ച്ചകളി ലൂടെ പാര്‍ട്ടി ലൈന്‍ രൂപപ്പെടുത്തുന്ന പ്രക്രിയ നടപ്പാക്കണം. ജനാധിപത്യ കേന്ദ്രീകരണം എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരസ്യമായി ചര്‍ച്ചചെയ്യുന്നതിനുള്ള പൂര്‍ണ്ണമായ ജനാധിപത്യാ വകാശം അതിന്റെ അടിസ്ഥാനത്തിലുള്ള ഭൂരിപക്ഷതീരുമാനം എന്ന അര്‍ത്ഥത്തില്‍ നടപ്പാക്കണം.

അതേപോലെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തൊഴിലാളി വര്‍ഗ്ഗവും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും അധികാരം പിടിച്ചെടുത്ത രാജ്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തെ സാര്‍വത്രികമായ ജനാധിപത്യ വല്‍ക്കരണ മായി നടപ്പാക്കണം. പ്രതിപക്ഷ പാര്‍ട്ടികളെകൂടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സ്ഥിതി സൃഷ്ടിക്കണം. ഈ പ്രക്രിയയെ സമസ്ത മേഖലകളിലും അധികാരം ജനങ്ങളിലേക്കു പകരുന്ന പ്രക്രിയയു മായി കണ്ണിചേര്‍ക്കണം.

ബൂര്‍ഷ്വാ ജനാധിപത്യം തന്നെ ലോപിച്ച്, മത - വംശീയ - ജാതി ശക്തികളെ വളര്‍ത്തി ഫാസിസവല്‍ക്കരണം ആധിപത്യത്തിലേക്കു വരുന്ന സാഹചര്യത്തില്‍ സാമ്രാജ്യത്വമായ, സോഷ്യലിസമാണ് മനുഷ്യസമൂഹത്തിന്റെ മോചന പാത എന്നു സ്ഥാപിക്കാന്‍ കഴിയണമെങ്കില്‍ വരട്ടുതത്വവാദപരമായ മുന്‍കാല വീക്ഷണങ്ങള്‍ പരിത്യജിച്ച് ജനാധിപത്യത്തിന്റെ സാര്‍വത്രികമായ വികസന ത്തില്‍ ഊന്നുന്ന പാത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സാംശീകരി ക്കാനും നടപ്പാക്കാനും കഴിയണം. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പരിപോഷിപ്പിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിക്കണം.