"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 20, തിങ്കളാഴ്‌ച

രോഹിത് വെമുല ജാതി ഉന്മൂലന പോരാട്ടത്തിലെ രക്തസാക്ഷിയാണ് കെ എന്‍ രാമചന്ദ്രന്‍


ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് തുടര്‍ച്ചയായ ജാതീയ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ പ്രേരിതനായത് രാജ്യത്തെയാകമാനം പിടിച്ചു കുലുക്കുകയുണ്ടായി. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മോദിയും കൂട്ടരും മനസ്സില്ലാ മനസ്സോടെ ഖേദം പ്രകടിപ്പിച്ചെങ്കിലും, കുറ്റവാളിയായ വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ അവധിക്കു വിട്ട് തല്‍സ്ഥാനത്ത് കൂടുതല്‍ ജാതിഭാന്തനായ ശ്രീവാസ്തവയെ പ്രതിഷ്ഠിച്ചത് വിദ്യാര്‍ത്ഥി കളുടെ പ്രക്ഷോഭം അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിച്ചിരി ക്കുകയാണ്. പുരോഗമനശക്തികളൊക്കെ, പൊതുവില്‍, പ്രക്ഷോഭം തുടരുന്ന വിദ്യാര്‍ത്ഥികളോട് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. മുംബൈയിലെ ധാരാവിയില്‍ 'ജയ്ഭിം' മുദ്രാവാക്യങ്ങളോടെ ദളിത് സംഘടനകളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തിയ പ്രകടനത്തെ ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമിച്ചതും, സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നോക്കി നിന്നതും പോലുള്ള സംഭവങ്ങള്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതിലേക്ക് എത്തുകയുണ്ടായി.

അധികാരകൈമാറ്റത്തെ തുടര്‍ന്നുള്ള കഴിഞ്ഞ ഏഴു പതിറ്റാ ണ്ടുകളുടെ അനുഭവം പരിശോധിച്ചാല്‍, മറ്റ് പല അടിസ്ഥാന പ്രശ്‌നങ്ങളിലും സംഭവിച്ചപോലെ, ജാതീയമായ പീഡനവും കുറയുകയല്ല, പുത്തന്‍ രീതികളില്‍ ശക്തിപ്പെട്ടുകൊണ്ടിരി ക്കുകയാണെന്ന് കാണാന്‍ കഴിയും. ആയിരക്കണക്കിനു വര്‍ഷങ്ങളായി ജാതീയ പീഡനം അനുഭവിക്കുന്ന ദളിതര്‍ക്ക് ഒരു ജനാധിപത്യാവകാശം എന്ന നിലയില്‍ സംവരണം നടപ്പാക്കി യെങ്കിലും, ഒരു ചെറിയ വിഭാഗത്തിന് ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയതല്ലാതെ, സംവരണം ദളിതരുടെയാകെ സാമൂഹ്യ സാംസ്‌കാരിക, സാമ്പത്തിക ഉന്നമനത്തിലേക്കോ, നവോത്ഥാന കാലത്ത് ഉയര്‍ന്നു വന്ന 'ജാതി വ്യവസ്ഥയുടെ ഉന്മൂലനം' എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കുന്നതിലേക്കോ എത്തിച്ചില്ല. മറിച്ച്, നിലവിലുള്ള തെരഞ്ഞെടുപ്പു വ്യവസ്ഥയില്‍ വോട്ടു ബാങ്ക് ഉറപ്പിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാതിവ്യവസ്ഥയെ ഉപയോഗിക്കുകയും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന കാലം മുതല്‍ സ്വത്വവാദത്തിന്റെ പിന്തുണയോടെ ജാതീയമായ വിഭജനം കൂടുതല്‍ സ്ഥാപന വല്‍ക്കരി ക്കപ്പെട്ടതും ജാതി വ്യവസ്ഥയെ നവംനവങ്ങളായ രൂപങ്ങളില്‍ കൂടുതല്‍ ബീഭത്സവും ശക്തവുമാക്കിയിരിക്കുന്നു. 

'മനുസ്മൃതി' പ്രകാരം മേല്‍ജാതിക്കാരുടെ അടിമകളായി ജീവിക്കാന്‍ ദളിതര്‍ നിര്‍ബന്ധിതരാകുന്ന, 'അപ്പാര്‍ത്തീഡി'നേക്കാള്‍ ഭീകരമായ ഒന്നാണ് ഇന്ത്യയില്‍ മാത്രമായി നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ. എട്ടാം ശതാബ്ദത്തില്‍ ആദിശങ്കരന്റെ നേതൃത്വത്തില്‍ ചാര്‍വാക - ലോകായത് ചിന്തകളേയും ബുദ്ധമതസ്ഥാപന ങ്ങളേയും ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തി ആധിപത്യത്തില്‍ തിരിച്ചെത്തിയ ബ്രാഹ്മണ ശക്തികള്‍ ഈ അമാനവിക വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തി. ഇതിനെതിരെ പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാടകയില്‍ ബസ്സവണ്ണ തുടക്കമിട്ട പ്രക്ഷോഭങ്ങള്‍ മുതല്‍ നാനാരൂപങ്ങളില്‍ നവോത്ഥാന പ്രസ്ഥാനം വളര്‍ന്നു വരികയുണ്ടായി. പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്ത്യയെ ഉപധിനി വേശത്തിന് അടിമപ്പെടുത്താന്‍ തുടങ്ങിയ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ ജന്മി - നാടുവാഴിത്തത്തിനൊപ്പം, മതങ്ങളും ജാതിവ്യവസ്ഥയും ഉപയോഗിച്ച് 'വിഭജിച്ചു ഭരിക്കുന്ന' നയം ശക്തിപ്പെടുത്തിയതോടെ ഈ പിന്തിരിപ്പന്‍ ആശയങ്ങളും അവയ്ക്കു കീഴിലെ ഉച്ചനീചത്വവും കൂടുതല്‍ ശക്തമായി. അതോടെ, പാശ്ചാത്യനവോത്ഥാന പ്രസ്ഥാനത്തില്‍ നിന്നും ജനാധിപത്യ വിപ്ലവത്തില്‍ നിന്നും 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന കാഴ്ചപ്പാടുകള്‍ സാംശീകരിച്ചുകൊണ്ട് ജാതിവ്യവസ്ഥക്കെതിരെ അംബേദ്ക്കറുടെ 1936 - ലെ ജാതി ഉന്മൂലനത്തിനുവേണ്ടിയുള്ള ആഹ്വാനവും, നാരായണഗരുവില്‍ നിന്നു തുടങ്ങി 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നതിലേക്കെത്തിയ സഹോദരന്‍ അയ്യപ്പന്റെ ആഹ്വാനവും വരെ നവോത്ഥാന പ്രസ്ഥാനം മുന്നോട്ടു പോയി. ജാതിരഹിതവും മതനിരപേക്ഷവുമായ ചിന്തകള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ശക്തിപ്പെടുകയും ചെയ്തു. സാമൂഹ്യ സാംസ്‌കാരിക കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിലൊക്കെ ഇവയുടെ സ്വാധീനം പ്രകടമായി. 

പക്ഷേ, ഇന്ന് ഈ പുരോഗമന പ്രവാഹത്തിനു നേര്‍ വിപരീത മായി മതമൗലികവാദ, ജാതീയ ശക്തികള്‍ സമസ്തമേഖലകളേയും തീവ്രവലതുപക്ഷ നിലപാടുകളിലേക്ക് അധപതിപ്പിച്ചിരിക്കു കയാണ്. ന്യൂനപക്ഷ മതമൗലികവാദം, ഭൂരിപക്ഷ മതമൗലികവാദത്തോട് മത്സരിച്ച്, രണ്ടും ശക്തിപ്പെട്ടിരിക്കുന്നു. ജാതിവ്യവസ്ഥ ദുര്‍ബലമാകുന്നതിനുപകരം കൂടുതല്‍ ശക്തിപ്പെടു കയും, ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല എന്നു പറയുന്ന മതവിഭാഗങ്ങലിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തിരി ക്കുന്നു. ഈ പ്രതിവിപ്ലവപ്രവാഹം ഉത്തരാധുനിക സിദ്ധാന്ത ത്തിന്റെയും അതിന്റെ ഭാഗമായ സ്വത്വവാദത്തിന്റെയും അടിത്തറയിലാണ് അഭുതപൂര്‍വ്വമായ രീതിയില്‍, പുതിയ രൂപങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. 2014 - ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തി ലേറിയതോടെ ഒരു നൂറ്റാണ്ടായി ആര്‍എസ്എസ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാവിവല്‍ക്കരണവും ഹിന്ദുരാഷ്ട്രവാദവും നിലവിലുള്ള ജനാധിപത്യ മൂല്യങ്ങളെക്കൂടി തകര്‍ത്ത്, അസഹിഷ്ണുത വളര്‍ത്തി മുന്നേറുകയാണ്. ജാതി പീഡനം ഒരു തുടര്‍പ്രക്രിയയാണെങ്കിലും, രോഹിത്തിന്റെ ആത്മഹത്യയിലേക്കു നയിച്ച വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണമുള്‍പ്പെടെ സമസ്ത മേഖലകളിലും ശക്തിപ്പെടുന്ന അവസ്ഥയിലേക്ക് എന്തുകൊണ്ട് രാജ്യം എത്തി എന്ന് വളരെ ഗൗരവ്വപൂര്‍വ്വം എല്ലാ പുരോഗമന ശക്തികളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 

മുതലാളിത്ത വ്യവസ്ഥ സമൂഹത്തെയാകെ സ്വന്തം പ്രതിഛായ യില്‍ മാറ്റിത്തീര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്നു എന്ന് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വിശദീകരിക്കുന്നുണ്ട്. ഈ മാറ്റിത്തീര്‍ക്കലിനു സഹായകമായി അടിമവ്യവസ്ഥയിലേയും ജന്മി നാടുവാഴിത്ത വ്യവസ്ഥയിലെയും പിന്തിരിപ്പന്‍ ആശയങ്ങളെ വരെ അതുപയോഗപ്പെടുത്തുന്നു. അധിനിവേശകാലത്തു നിന്നു പുത്തന്‍ അധിനിവേശകാലത്തേക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ സാമ്രാജ്യത്വ വ്യവസ്ഥയുടെ രാക്ഷസരൂപം കൂടുതല്‍ പൈശാ ചികത കൈവരിച്ചിരിക്കുന്നു. അതനുസരിച്ച് സാമൂഹ്യ രാഷ്ട്രീയ മേഖലകള്‍ ഉള്‍പ്പെടെ സമസ്ത മേഖലകളെയും അത് അങ്ങേയറ്റം ഹീനവും പ്രതിവിപ്ലവകരവുമായ അവസ്ഥയില്‍ എത്തിച്ചിരി ക്കുന്നു. അതേസമയം സാമ്രാജ്യത്വ വ്യവസ്ഥയ്‌ക്കെതിരെ 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യില്‍ നിന്നു തുടങ്ങി 'ഒക്‌ടോബര്‍ വിപ്ലവ'ത്തിലൂടെ ലോകമെങ്ങും ശക്തിപ്പെട്ട സോഷ്യലിസ്റ്റു പ്രസ്ഥാനത്തിനു നേരിട്ട കനത്ത തിരിച്ചടികൂടി ഉപയോഗിച്ച് വിപ്ലവശക്തികളെ തകര്‍ക്കാനായി പുത്തന്‍ സൈദ്ധാന്തിക ആക്രമണങ്ങള്‍ അത് ശക്തിപ്പെടുത്തി. സാമൂഹ്യ വ്യവസ്ഥയെയും അതു മാറ്റിത്തീര്‍ക്കുന്നതിനുള്ള പോരാട്ടങ്ങളെയുംസമഗ്രതയില്‍ കാണാതെ, മുതലാളിത്ത വ്യവസ്ഥയെ തന്നെ സമ്പൂര്‍ണ്ണമായി മാറ്റി തീര്‍ക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാതെ, ഭരണവ്യവസ്ഥയുടെ ഭാഗമായി തീവ്രമാകുന്ന മത, ജാതി, വംശീയ, വിഭജനങ്ങളേയും ലിംഗപരമായ അസമത്വങ്ങളേയും പരിസ്ഥിതി വിനാശത്തേയും മറ്റും ഈ വ്യവസ്ഥിതിക്കുള്ളില്‍ തന്നെ വേറെ വേറെ പോരാടി ഇല്ലാതാക്കേണ്ടവയായി കാണുക - ഇതാണ് ഉത്തരാധുനികതയുടെ സിദ്ധാന്തം. 

ജാതി വ്യവസ്ഥയുടെ കാര്യം തന്നെ എടുക്കുക. നവോത്ഥാന പ്രസ്ഥാനം ഊന്നല്‍ നല്‍കിയത് ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തി നാണ്. 1930 - കളില്‍ ജാതി ഉന്മൂലന സിദ്ധാന്തം ശക്തമായി ഉയര്‍ന്നു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ) നേതൃത്വം പോലും അത് അംഗീകരിക്കാന്‍ തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അംബേദ്കര്‍ രൂപീകരിച്ച ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയുമായി മുന്നണി രൂപീകരിക്കാന്‍ അത് തയ്യാറായില്ല. അന്ന് തൊട്ട് ഇന്ന് വരെ സിപിഐ, സിപിഐ(എം), സിപിഐ (എംഎല്‍) ലിബറേഷന്‍ ഉള്‍പ്പെടെ യാന്ത്രിക ഭൗതികവാദത്തി നടിപ്പെട്ട പാര്‍ട്ടികളൊന്നും തന്നെ ജാതി ഉന്മൂലനത്തെ അവയുടെ പരിപാടികളുടെ ഭാഗമായി അംഗീകരിച്ചിട്ടില്ല. ഒരിക്കല്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തിലുണ്ടായിരുന്നതിനുശേഷം, അതിന്റെ ജാതി വ്യവസ്ഥയോടുള്ള പരിഷ്‌കരണവാദപരമായ സമീപനത്തെ എതിര്‍ത്ത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസി യേഷന് രൂപം നല്‍കിയ രോഹിത് ചൂണ്ടിക്കാട്ടിയതുപോലെ ''നാസ്തികത്വവും ദൈവ - മത നിഷേധവും വരെ സ്വന്തം സിദ്ധാന്തമായി അംഗീകരിക്കുന്ന കമ്മ്യൂണിസ്റ്റ്കാര്‍ക്ക് എന്തുകൊണ്ട് ജാതി ഉന്മൂലന സിദ്ധാന്തം അംഗീകരിക്കാനും സ്വന്തം ജീവിതചര്യകള്‍ ജാതിവ്യവസ്ഥയ്ക്കുപരിയായി മാറ്റാനും കഴിയുന്നില്ല?''. അവയുടെ പ്രവര്‍ത്തനം ജാതിപീഡനത്തി നെതിരായ പരിഷ്‌കരണവാദസമീപനങ്ങള്‍ക്കപ്പുറത്തേക്കു പോകുന്നില്ല. ഫലത്തില്‍ ഈ വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജാതിവ്യവസ്ഥക്കടിപ്പെട്ടിരിക്കുകയാണ്. പേരിലും വിവാഹത്തിലും ജീവിതരീതികളിലും അവര്‍ (അപവാദങ്ങളു ണ്ടെങ്കിലും) പൊതുവില്‍ ജാതിക്കുള്ളിലാണ്.

അംബേദ്കര്‍ രൂപീകരിച്ച മഹാരാഷ്ട്രയിലെ റിപ്പബ്ലിക്കല്‍ പാര്‍ട്ടി സ്വത്വവാദത്തിനടിപ്പെട്ടതോടെ ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമായിത്തീരാനും, നിരവധി കഷണങ്ങളായി ഭിന്നിച്ച് ഓരോ വിഭാഗവും കോണ്‍ഗ്രസ് ഉള്‍പ്പെടെ പിന്തിരിപ്പന്‍ പാര്‍ട്ടികളു ടേയോ ശിവസേനാ - ബിജെപി തുടങ്ങിയ വര്‍ഗ്ഗീയ പാര്‍ട്ടിക ളുടേയോ ഭാഗമാകാനും അധികസമയം എടുത്തില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതോടെ പിന്നോക്കവിഭാഗ നേതൃത്വ ത്തിലുള്ള പാര്‍ട്ടികളൊക്കെ സ്വത്വവാദികളായി, ജാതീയപാര്‍ട്ടി കളായി. അപ്പോഴേക്കും അംബേദ്കറെ ആരാധനാ പുരുഷനായി അവതരിപ്പിക്കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള 'അംബേദ്കറിസ്റ്റ്' പാര്‍ട്ടികളും സ്വത്വവാദത്തിനടിപ്പെട്ട് ഭരണവര്‍ഗ്ഗവ്യവസ്ഥയുടെ ഭാഗമായി. മുമ്പേ തന്നെ ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യവസ്ഥക്കു കീഴില്‍ ഭരണവര്‍ഗ്ഗപാര്‍ട്ടികളൊക്കെ സ്വന്തം വോട്ടു ബാങ്കുകള്‍ക്കായി മതപ്രീണനത്തെയും ജാതിവ്യ വസ്ഥയെയും ആശ്രയിക്കാന്‍ തുടങ്ങിയപോലെ, ഏറിയും കുറഞ്ഞും വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ ഇതേ അവസരവാദനയം പിന്തുടരാന്‍ തുടങ്ങി. പുത്തന്‍ ഉദാരവാദ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിനുശേഷമുള്ള രണ്ടരദശാബ്ദങ്ങളില്‍ ഈ ജീര്‍ണ്ണത പരമാവധി രൂക്ഷമായി. പണക്കൊഴുപ്പിനൊപ്പം മത, ജാതി പ്രീണനവും ഉപയോഗിച്ചാണ് ഈ പാര്‍ട്ടികളുടെയെല്ലാം വോട്ടുപിടുത്തം. പിന്തിരിപ്പന്‍പാര്‍ട്ടികള്‍ മത - ജാതി പ്രീണന ങ്ങള്‍ പിന്തുടരുന്നു എന്ന് വിമര്‍ശിക്കുന്ന വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ അതിനു കീഴടങ്ങിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. രോഹിത്തിന്റെ ആത്മഹത്യയെ ത്തുടര്‍ന്ന് ഇന്ത്യയിലാകമാനം ശക്തിപ്പെട്ട ജനകീയ പ്രതിഷേധങ്ങള്‍ മുപ്പത്തിനാലുവര്‍ഷം ഇടതുമുന്നണി തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ ശ്രദ്ധേയമായ രീതിയില്‍ സംഭവിച്ചില്ല എന്നത് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. 

വര്‍ഗ്ഗസമരത്തെ സാമ്പത്തികമാത്ര സമരമാക്കി ചുരുക്കിയതു പോലെ ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനെതിരായ സമരത്തേയും ജാതീയപീഡനത്തിനെതിരായ പരിഷ്‌കരണവാദപരിപാടികളായി ചുരുക്കി എന്നതാണ് വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തെറ്റ്. അതുകൊണ്ട് തന്നെ ഒരിക്കല്‍ അവയുടെ വോട്ടുബാങ്കുകള്‍ ആയിവന്ന ദളിത്, ആദിവാസി വിഭാഗങ്ങള്‍ അവയില്‍ നിന്നകന്നു. രാഷ്ട്രീയവല്‍ക്കരണത്തിന്റെ അഭാവത്തില്‍ ദളിത് സംഘടനകളില്‍ പലതും ബ്രാഹ്മണവാദ ശക്തികള്‍ക്കൊപ്പം ചേര്‍ന്നു. ജാതി ഉന്മൂലനമെന്ന വാക്കുപോലും ക്രമേണ സാമൂഹ്യ - രാഷ്ട്രീയ നിഘണ്ടുവില്‍ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയി ലായി. സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ ഉള്‍പ്പെടെ വിപ്ലവ ശക്തികളും ജനാധിപത്യപ്രസ്ഥാനങ്ങളും മുന്‍കൈ എടുത്ത് രൂപീകരിച്ച 'ജാതി ഉന്മൂലന പ്രസ്ഥാന'ത്തിന്റെയും അതിന്റെ പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യം ഈ പശ്ചാത്തലത്തിലാണ് നോക്കികാണേണ്ടത്. ജാതി ഉന്മൂലനത്തിനായുള്ള പോരാട്ടത്തെ വര്‍ഗ്ഗസമരത്തിന്റെ അവിഭാജ്യ ഭാഗമായി വികസിപ്പിക്കാതെ വര്‍ത്തമാന പിന്തിരിപ്പന്‍ ഭരണവ്യവസ്ഥയെ തൂത്തെറിയാനും ജനകീയ ജനാധിപത്യത്തിലേക്ക് മുന്നേറുവാനുമുള്ള പോരാട്ടം വികസിപ്പിക്കാനും കഴിയില്ല. 

രോഹിത് എന്ന ഗവേഷണ വിദ്യാര്‍ത്ഥി ഇടതുപക്ഷത്തിന്റെ യാന്ത്രികവാദസമീപനങ്ങള്‍ക്കെതിരെ കലാപം ചെയ്ത് പുറത്തു വന്ന് ജാതി ഉന്മൂലനത്തിനുള്ള പോരാട്ടത്തില്‍ പങ്കാളിയാവുകയാ യിരുന്നു. രോഹിത്തിന്റെ പോരാട്ടം നിലവിലുള്ള പിന്തിരിപ്പന്‍ വ്യവസ്ഥയോടും ബ്രാഹ്മണവാദത്തിന്റെ സന്തതിയായ ജാതിവ്യ വസ്ഥയോടും ആയിരുന്നു. രോഹിത്തിന്റെത് ഒരു ആത്മഹത്യ യായിരുന്നില്ല. മറിച്ച് ജാതിവ്യവസ്ഥക്കെതിരായ പോരാട്ടത്തിലെ രക്തസാക്ഷിയാണ് രോഹിത്. രോഹിത്തിന്റെ വിയോഗത്തെ തുടര്‍ന്ന് രാജ്യമെങ്ങും വ്യാപിച്ച പ്രക്ഷോഭങ്ങള്‍ തെളിയിക്കുന്നത് ആര്‍എസ്എസ് പരിവാറിന്റെ പ്രചാരണങ്ങളില്‍ നിന്നു വ്യതിരിക്തമായി ബഹുഭൂരിഭാഗം ജനങ്ങളും രോഹിത്തിനെ ആത്മഹത്യയിലേക്കു നയിച്ച വര്‍ത്തമാന വ്യവസ്ഥയെ വെറുക്കുന്നു എന്നതാണ്. ഈ വെറുപ്പിനെ മറ്റെല്ലാ ചെറുത്തു നില്‍പ്പുകള്‍ക്കും ഒപ്പം ചേര്‍ത്ത് ഒരു കൊടുങ്കാറ്റായി മാറ്റാനാണ് യഥാര്‍ത്ഥ ഇടതുപക്ഷ ശക്തികള്‍ ശ്രമിക്കേണ്ടത്.