"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 26, ഞായറാഴ്‌ച

ടിപ്പു സുല്‍ത്താന്‍ : ചരിത്രത്തില്‍ നിന്നും അവരെന്തിനു ഇരകളെ കണ്ടെത്തുന്നു.


നമ്മുടെ കഴിഞ്ഞ കാലത്തെ ചരിത്രങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സംഭവങ്ങളെ തങ്ങള്‍ക്കിഷ്ടപ്പെട്ടതുപോലെ തിരഞ്ഞെടുത്ത് അതിനെ വിഭാഗീയ രാഷ്ട്രീയ താല്പര്യത്തിനായി ഉപയോഗിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍ എല്ലാ കാലത്തും ചെയ്തു വന്നിരുന്നത്. ഓരോ പ്രത്യേക കാലത്തെ ചരിത്രത്തെയും നിര്‍ണ്ണയിച്ചിട്ടുള്ളത് ആ കാലത്തെ പ്രത്യേകമായ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ ബന്ധങ്ങളായിരിക്കും. ഇന്നത്തെ അറിവുകളും സംഘടനാ രൂപങ്ങളും അപ്രാപ്യമായ ആ കാലത്ത്, മനുഷ്യര്‍ ഏതു രീതിയില്‍ സംഘടിച്ചിരുന്നു അല്ലെങ്കില്‍ സാമൂഹ്യഘടനകളെ എന്നു നിശ്ചയിച്ചിരുന്നു എന്ന് മനസ്സിലാക്കുന്നതിന് നമ്മുക്ക് അന്നത്തെ സാമൂഹ്യ - സാമ്പത്തിക ബന്ധങ്ങളെ മനസ്സിലാക്കേ ണ്ടതുണ്ട്. ആയിരത്തി എഴുന്നൂറുകളുടെ അവസാനത്തില്‍ ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ അപ്പാടെ കീഴടക്കുന്ന സമയത്ത്, ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഏറ്റവും ശക്തമായ ചെറുത്തു നില്‍പ്പുകളില്‍ ഒന്ന് ടിപ്പുസുല്‍ത്താന്റെതായിരുന്നു. പക്ഷേ ഈ ചെറുത്തു നില്‍പ്പിന്റെ സ്വഭാവങ്ങള്‍ നിശ്ചയിച്ചിരുന്നത്, അന്ന് രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന ബന്ധങ്ങള്‍, ശത്രുക്കളും തമ്മിലുള്ള താല്ക്കാലിക കൂട്ടു കെട്ടുകള്‍, താല്ക്കാലിക ലാഭങ്ങള്‍, അങ്ങിനെ ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചായിരുന്നു. അതെല്ലാം ആധുനിക ലോകത്തെ പുതിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി കാണുന്നത് അശാസ്ത്രീയമെന്നു മാത്രമല്ല, മനുഷ്യ വിരുദ്ധവുമായി പോയേക്കൂം. 

ഇന്നു നടക്കുന്ന ടിപ്പു വിവാദങ്ങളെല്ലാം ഉയര്‍ന്നു വരുന്നത്, ഇന്നത്തെ രാഷ്ട്രീയ അജണ്ടക്കാവശ്യമായി മുദ്രാവാക്യങ്ങളെ രൂപപ്പെടുത്താനായിട്ടാണ്. അല്ലെങ്കില്‍, ടിപ്പു അവതരിക്കപ്പെടുക ഇങ്ങനെയാവില്ലായിരുന്നു. അതുമാത്രമല്ല, പൊതുവെ വലതുമതവിഭാഗങ്ങള്‍, നമ്മുടെ ചരിത്രത്തെ സമീപിക്കുന്നത്, കൊളോണിയല്‍ ചരിത്രധാരണയില്‍ നിന്നാണ്. ബ്രിട്ടീഷുകാര്‍ക്കെ തിരെയുള്ള അവസാനത്തെ ഏറ്റവും വലിയ യുദ്ധം ഇന്ത്യയില്‍ നടന്നത് ടിപ്പുവിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് ടിപ്പുവിനെ തോല്പ്പിച്ചത്, പിന്നീട് ഡ്യൂക്ക് വെല്ലിങ്ങ്ടന്‍ എന്ന പേരില്‍ അറിയപ്പെട്ട, 1815 ല്‍ വാട്ടര്‍ലൂവില്‍ വെച്ച് നെപ്പോളിയനെ തോല്‍പ്പിച്ച ആര്‍തര്‍ വെല്ലസ്ലിയായിരുന്നു. അന്ന്, ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ക്കൊപ്പം അണിനിരന്നത് ഹൈദരാ ബാദിലെ നിസാമും മറാത്ത സൈനികരുമായിരുന്നു എന്നുകൂടി അറിയേണ്ടതുണ്ട്. മറ്റൊന്നുമല്ല ഇത് സൂചിപ്പിക്കുന്നത്; മതം, ദേശം, ദേശീയബോധം ഇവയൊന്നും അന്ന് രാഷ്ട്രീയ ബന്ധങ്ങളില്‍ നിര്‍ണ്ണായകമായിരുന്നില്ല എന്നാണ്. 

18-ാം നൂറ്റാണ്ടിന്റെ പകുതിയോടെ, മുഗള്‍രാജവംശം ദുര്‍ബലമാ യതോടുകൂടി പുതിയ പല രാജ്യങ്ങളും ഉയര്‍ന്നുവന്നു. മറാത്ത ശക്തിപ്പെട്ടു. ഹൈദരാബാദിലെ നൈസാം ശക്തമായി. പല ചെറിയ രാജ്യങ്ങളും പുതിയ സ്വതന്ത്രശക്തിയായി മാറുന്നതിനും അവരുടെ സ്വന്തം മേല്‍ കൈയ്യില്‍ വിശാല സാമ്രാജ്യം കെട്ടിപ്പടു ക്കുന്നതിനും ശ്രമമാരംഭിച്ചു. മറാത്ത, ലക്‌നോ, ബംഗാള്‍, പഞ്ചാബ് നൈസാം അങ്ങിനെ അങ്ങിനെ ഒട്ടനവധി രാജ്യങ്ങള്‍ ഉയര്‍ന്നു വന്ന ആകാലത്ത്, വലിയ സാമ്രാജ്യമായി മാറാനായി ഇവര്‍ പലപ്പോഴും പരസ്പരം ഏറ്റുമുട്ടി. ബ്രിട്ടീഷുകാരെ കൂട്ടുപിടിച്ച് മറ്റു രാജ്യങ്ങളുമായി ഏറ്റുമുട്ടി. മറ്റു രാജ്യങ്ങളെ കൂട്ടുപിടിച്ച് ബ്രിട്ടീഷുകാരുമായും ഏറ്റുമുട്ടി. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ന് നാം പറയുന്ന ഇന്ത്യന്‍ ദേശീയത, ഒരു ഭ്രൂണാവസ്ഥയില്‍ പോലും അന്ന് നിലനിന്നിരുന്നില്ല. അതുകൊണ്ടു കൂടിയാകുമല്ലോ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യ ത്തോട് ഏറ്റവും ശക്തമായി ഏറ്റുമുട്ടിയ മൈസൂര്‍ രാജാവ് ടിപ്പുസുല്‍ത്താനെതിരെ, നിസാമും മറാത്തായുമെല്ലാം ബ്രിട്ടീഷു കാര്‍ക്കൊപ്പം ഒരുമിക്കുന്നത്. 

ആ രീതിയില്‍ നോക്കുമ്പോള്‍, തന്റെ കാലത്തെ ഏറ്റവും ആധുനികമായ രാഷ്ട്രീയ നേതൃത്വമായിരുന്നു ടിപ്പുവിന്റെത്. ബ്രിട്ടീഷികാരെ മനസ്സിലാക്കുന്നതിനും, അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍, ഇന്ത്യയില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കാനുള്ള സാദ്ധ്യത വിരളമാണെന്ന് മനസ്സിലാക്കുന്നതിനും ടിപ്പുവിന് കഴിഞ്ഞു. ഇന്ത്യക്ക് പുറത്ത് നിന്ന് സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള വിദേശബന്ധങ്ങള്‍ ടിപ്പു ശക്തമാക്കി. ഓട്ടോമ രാജ്യവുമായും, അഫ്ഗാനിസ്ഥാനുമായും, പേഴ്‌സ്യയുമായും പരസ്പരബന്ധങ്ങളും വ്യാപാരബന്ധങ്ങളും ശക്തമാക്കി. ഏറ്റവും നിര്‍ണ്ണായകമായ ബന്ധം ടിപ്പു വികസിപ്പിച്ചത് ഫ്രാന്‍സിലെ നെപ്പോളിയനുമായുള്ള ബന്ധമായിരുന്നു. വിപ്ലവാനന്തര ഫ്രാന്‍സിന്റെ രാഷ്ട്രീയ ദൗത്യവുമായി ഇന്ത്യ ലക്ഷ്യം വെച്ചുകൊണ്ട് ഈജിപ്തുവരേക്കും എത്തുന്നതിന് നെപ്പോളിയന്‍ ശ്രമിച്ചു. പിന്നീട് ഒരാള്‍വശം ടിപ്പുവിന് കൊടുത്തയച്ച കത്ത്, ഒമാനില്‍ വെച്ച് ഒരു ബ്രിട്ടീഷ് ഏജന്റ് കൈവശപ്പെടുത്തി എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ടിപ്പുവിന്റെ ഫ്രഞ്ചുബന്ധം അവിടെകൊണ്ടും അവസാനിക്കുന്നില്ല. ഫ്രഞ്ച് ഭരണഘടനയ്ക്കനുസൃതമായി നിയമങ്ങള്‍  കൊണ്ടു വരുന്നതിന് ജോക്കോബിന്‍ ക്ലബ് മൈസൂരില്‍ ആരംഭിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും സ്വയം സിറ്റിസണ്‍ ടിപ്പു എന്നു വിളിക്കുകയും ചെയ്തു. അതുമാത്രമല്ല, ശ്രീരംഗപട്ടണത്ത് ''സ്വാതന്ത്ര്യത്തിന്റെ മരം'' നടുകയും ചെയ്തു. ടിപ്പു സുല്‍ത്താന്‍ ഇതെല്ലാം സൂചിപ്പിക്കുന്നത്, തന്റെ കാലത്ത് ലോകത്ത് നടക്കുന്ന സാമൂഹ്യ - രാഷ്ട്രീയ മാറ്റങ്ങളെ ചെറിയ അളവിലെങ്കിലും മനസ്സിലാക്കുന്നതിനു ശ്രമിച്ച ഒരാളായിരുന്നു ടിപ്പു സുല്‍ത്താന്‍ എന്നാണ്. 

അതേ ടിപ്പുസുല്‍ത്താന്‍, മറ്റേതൊരു പ്രാദേശിക രാജാക്കന്മാ രെയും പോലെ, അന്യരാജ്യങ്ങള്‍ കീഴ്‌പെടുത്തി തന്റെ രാജ്യ വിസ്തൃതി വലുതാക്കാന്‍ നിരന്തരം ശ്രമിച്ച ഒരാള്‍ കൂടിയാ യിരുന്നു. ഒരു പക്ഷേ തന്റെ പതിനാറാം വയസ്സില്‍ ആരംഭിച്ച ആ ശ്രമങ്ങള്‍ അവസാനിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തോടെ മാത്രമായിരിക്കും. അത്തരം ശ്രമങ്ങളില്‍, യുദ്ധങ്ങളില്‍, യുദ്ധത്തിനു ശേഷമെല്ലാം, അന്നത്തെ കാലത്ത് എല്ലാ പട്ടാളങ്ങളും ചെയ്യുന്ന ക്രൂരതകള്‍ ടിപ്പുവും അദ്ദേഹത്തിന്റെ സൈന്യവും ചെയ്തിട്ടുണ്ടായിരിക്കാം. ആ കാലത്തെ രാജക്കന്മാരുടെ ശിക്ഷാവിധികള്‍ എന്തൊക്കെയായിരുന്നുവെന്ന്, നമ്മുക്ക് തിരുവിതാംകൂര്‍ രാജവംശത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാവു ന്നതാണ്. അതിന്റെയൊന്നും മാനദണ്ഡങ്ങള്‍ മതപരമായിരുന്നില്ല. തികച്ചും അന്യരാജ്യത്തെ കീഴടക്കുമ്പോള്‍, മറ്റേതൊരു രാജ്യവും അവലംബിക്കുന്ന രീതിയായിരുന്നു അത്. മറാത്ത രാജ്യം ശൃംഗേരി മഠം കീഴടക്കി കൊള്ള ചെയ്തപ്പോള്‍, മഠത്തിനാവശ്യ മായ സഹായങ്ങള്‍ ചെയ്തത് ടിപ്പുവായിരുന്നു. അതുമാത്രമല്ല, മൈസൂരിലെ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്കും മഠത്തിനുമെല്ലാം ടിപ്പു നല്‍കിയ വാര്‍ഷിക സംഭാവനയുടെ തെളിവുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ്. മറ്റൊരു പ്രധാന കാര്യം, ഹിന്ദുവായ മറാത്ത സൈന്യത്തിന് ശൃംഗേരി മഠം കീഴടക്കുന്നതിനും കൊള്ളചെയ്യു ന്നതിനും ഒരു മടിയുമുണ്ടായിരുന്നില്ല എന്നതില്‍നിന്നുതന്നെ, കീഴടക്കലിന്റെയും കൊള്ളയടിയുടെയും പൊതുസ്വഭാവം നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ടിപ്പുവും ഈ രീതിയില്‍ കുടക് കീഴടക്കിയപ്പോഴും ദക്ഷിണ കന്നട കീഴടക്കിയപ്പോഴും ഒരു രാജാവെന്ന രീതിയില്‍ പല അതിക്രമങ്ങളും കാണിക്കാനുള്ള സാദ്ധ്യതയെ, ചരിത്രപരമായാണു നാം കാണേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം, ടിപ്പു നടത്തിയതായി പറയപ്പെടുന്ന മതം മാറ്റങ്ങളുടെയും അക്രമണങ്ങളുടെയും നിജസ്ഥിതിയാണ്. ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്, പൊതുവെ ഇന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ടിപ്പുകഥക ളൊക്കെ, മൈസൂര്‍ - ബ്രിട്ടീഷ് യുദ്ധത്തില്‍ പങ്കെടുത്ത ബ്രിട്ടീഷുകാരുടെ ആഖ്യാനങ്ങളാണെന്നാണ്. ക്രിക് പാട്രിക്കി ന്റെയും എം വില്‍ക്കസിന്റെയും വിവരണങ്ങള്‍, ആ കാലത്ത് ബ്രിട്ടീഷുകാര്‍, ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും ശക്തനായ എതിരാളിക്കെതിരെ പറഞ്ഞുണ്ടാക്കിയ അര്‍ദ്ധസത്യങ്ങളാ വാനാണു സാദ്ധ്യത. ബ്രിട്ടീഷ് കൊളോണിയലിസം പടച്ചുണ്ടാക്കിയ വ്യാജചരിത്രങ്ങളുടെ ഭാരം ഇന്നും പേറുന്ന ഇന്ത്യയിലേക്കു തന്നെയാണ് കൊളോണിയല്‍ ചരിത്രം ഉപയോഗിച്ചുകൊണ്ട് സംഘികള്‍ ജനങ്ങളെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

ഇന്ത്യ എന്ന ദേശീയബോധം സംഘടിതമായി ഉയരാതിരുന്ന ആ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലത്ത്, വേലുത്തമ്പി ദളവയെ പോലെ, പഴശ്ശിരാജയെപ്പോലെ, ബ്രിട്ടീഷ് സാമ്രാജ്യ ത്വത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ പോരാട്ടമായിരുന്നു ടിപ്പുവിന്റെത്. 

ഇന്നത്തെ നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍, ഇരുന്നൂറില്‍പരം കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ക്ക് പകരം ചോദിക്കണ മെന്നും അതിന്റെ പക തീര്‍ക്കണമെന്നും പറയുന്നത് വിഭാഗീയ താല്പര്യങ്ങള്‍ക്കല്ലാതെ പിന്നെ മറ്റെന്തിനാണു? വര്‍ത്തമാനകാല രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമാണ് നാം ചരിത്രത്തെ തേടി പോകുന്നത്. ഇന്നവര്‍, എന്തിനാണ് ടിപ്പുവിന്റെ ദേശീയ പാരമ്പര്യമെല്ലാം ഉപേക്ഷിച്ച്, സെലക്റ്റീവ് ആയ കൊളോണിയല്‍ ചരിത്രത്തെ വികസിപ്പിക്കുന്നത് ? എല്ലാവര്‍ക്കും അറിയുന്നതു പോലെ, ഇന്നത്തെ രാഷ്ട്രീയ അജണ്ടക്കാവശ്യമായ ഇരകളെയാണ് സംഘികള്‍ ചരിത്രത്തില്‍ നിന്ന് കണ്ടെത്തുന്നത്. ഒരുപക്ഷേ, ഇന്ത്യയെ കുറിച്ചുള്ള കൊളോണിയല്‍ ചരിത്രത്തില്‍ ഇനിയും അവര്‍ക്ക് കുറേ ഇരകളെ കണ്ടെത്താനായേക്കും. 

ബ്രിട്ടീഷ് കൊളോണിയലിസത്തോട് ദാസ്യം പേറുന്ന, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പലപ്പോഴും ഒറ്റു കൊടുത്ത ചരിത്രമുള്ള സംഘികള്‍ക്കറിയില്ല, ദേശാഭിമാനമെന്നാല്‍, കീഴടങ്ങലും മാപ്പപേക്ഷിക്കലുമല്ല, ടിപ്പു ജീവിച്ചു കാണിച്ചപോലെ, പോര്‍ക്കളത്തിലെ മരണവും കൂടിയാണെന്ന്!! ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് മരിച്ചു വീണ നമ്മുടെ ആദ്യകാല സ്വാതന്ത്ര്യ സമര പോരാളിയാണു ടിപ്പു സുല്‍ത്താന്‍ !!

- സലിം ദിവാകരന്‍