"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

തസ്ലിമ നസ്രീനുമായി സുവോജിത്ത് ഭക്ഷി നടത്തിയ അഭിമുഖം


1994 ല്‍ ലജ്ജ എന്ന നോവല്‍ എഴുതിയതിന് മുസ്ലീം വര്‍ഗ്ഗീയ വാദികളുടെ വധഭീഷണിയാല്‍ ബംഗ്ലാദേശില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് പ്രശസ്ത ബംഗാളി നോവലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ തസ്ലിമ നസ്രിന്‍. തസ്ലീമയുടെ നാടുകടത്തലിന് ശേഷം രണ്ടു ദശാബ്ദ ങ്ങള്‍ക്കിപ്പറം ബംഗ്ലാദേശ് പോലുള്ള മുസ്ലീം രാജ്യങ്ങളില്‍ മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മതതീവ്രവാദികളാല്‍ നിഷ്ഠൂരമായി കൊല്ലപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥയാണ് ഇന്നും നിലവിലുള്ളത്. അഹമ്മദ് റജീബ് ഹൈദര്‍ എന്ന നിരീശ്വരവാദിയായ ബ്ലോഗറെ 2013 ലാണ് അവിടെ മതതീവ്ര വാദികള്‍ വെട്ടിക്കൊന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി മാസം നിരീശ്വരവാദിയായ മറ്റൊരു നവമാധ്യമ പ്രവര്‍ത്തകനായ അഭിജിത് റോയിയുടെ നിഷ്ഠൂരമായ കൊലപാതകം ഇതിനിട യില്‍ ത്തന്നെ ലോകത്താകമാനം മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായ ഒരു വിഷയമാണ്. ഈ വിഷയങ്ങളിലൊക്കെത്തന്നെ തന്റെ സ്വതന്ത്രവും സ്വതസിദ്ധവുമായ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയാണ് പ്രശസ്ത സാഹിത്യകാരി തസ്ലിമ നസ്രിന്‍. - കടപ്പാട് : ദ ഹിന്ദു


? അഭിജിത് റോയിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താമോ?

- എനിക്ക് അഭിജിത് റോയിയെ വളരെക്കാലങ്ങളായിട്ടറിയാം. അദ്ദേഹം 'മുക്ത-മോന' (സ്വതന്ത്ര മനസ്സ്) എന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതില്‍ മതനിരപേക്ഷ, ദൈവനിഷേധ, മാനവീകതയില്‍ അടിസ്ഥാനപ്പെടുത്തിയ എല്ലാ രചനകളും പ്രസിദ്ധീകരിക്കാനുള്ള ഒരു വേദിയാക്കി മാറ്റുകയും ചെയ്തു. കാരണം, ഇതുപോലുള്ള കൃതികളും ലേഖനങ്ങളും ബംഗ്ലാദേശില്‍ വ്യവസ്ഥാപിത മാധ്യമ മുതലാളിമാരുടെ പ്രസിദ്ധീകരണങ്ങളില്‍ ഇടംപിടിച്ചിരുന്നില്ല. അഭിജിത് സയന്‍സും സ്വതന്ത്രചിന്തയും ബ്ലോഗില്‍ക്കൂടി പ്രചരിപ്പിക്കുവാന്‍ എല്ലാ വെല്ലുവിളികളെയും നേരിട്ടാണ് മുന്നോട്ട് വന്നത്. ഇതിന് 'മുക്ത-മോന' എന്ന കൂട്ടായ്മ വളരെയധികം സഹായിച്ചിട്ടുണ്ട്. പിന്നീട് മുക്തമോനയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ മുഴുവനും സമാഹരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും അതിന് വന്‍ പ്രചാരം ലഭിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ 'മുക്തമോന' എന്ന കൂട്ടായ്മ ബംഗ്ലാദേശില്‍ സ്വതന്ത്ര മതേതര സാമൂഹ്യ പ്രവര്‍ത്തകരുടെ ഒത്തുചേരലിനും പരസ്പരം ആശയം കൈമാറുന്നതിനുമുള്ള ഒരു വേദിയായി കൂടി വികസിക്കുക യുണ്ടായി. ബംഗ്ലാദേശില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലമായി ഇതുപോലുള്ള കൂട്ടായ്മകള്‍ വളരെ വിരളമായിട്ടാണുണ്ടാ കാറുള്ളത്. അഭിജിത് റായിയുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു കൂട്ടായ്മയുടെ സാമൂഹ്യ ഇടപെടല്‍ മത തീവ്രവാദികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് അഭിജിത് റോയിയെ ഭീകരമായി കൊലപ്പെടുത്തുവാന്‍ മത വര്‍ഗ്ഗീയവാദി കള്‍ തീരുമാനിച്ചത്. 

? എപ്പോള്‍ മുതലാണ് സ്വതന്ത്ര ചിന്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ബംഗ്ലാദേശില്‍ ചുരുങ്ങിത്തുടങ്ങിയത്?

- സ്വതന്ത്ര ബംഗ്ലാദേശിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭങ്ങളും സ്വാതന്ത്ര്യ സമരങ്ങളും കണ്ട് വളര്‍ന്നതാണ് ഞാന്‍. 1970 സ്വതന്ത്ര ബംഗ്ലാദേശ് രൂപപ്പെടുമ്പോള്‍ രാജ്യത്തിന്റെ ഭരണഘടന മതേതരത്വത്തിലധിഷ്ഠിതമായിരുന്നു. സ്ത്രീപുരുഷഭേദമന്യേ ജനങ്ങള്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കു വാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അന്ന് സ്ത്രീകള്‍ അവിടെ പര്‍ദ്ദ ധരിക്കുന്നത് സര്‍വസാധാരണമായിരുന്നില്ല. എന്തിനധികം 1980 കളില്‍ മുസ്ലീം മതത്തിനെതിരെ ഞാനെഴുതിയ ലേഖനങ്ങളൊക്കെ അവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ യാതൊരു മടിയും കൂടാതെ പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ 1980 ന്റെ പകുതിയാകുമ്പോ ഴേക്കും ജനറല്‍ ഹുസൈന്‍ എര്‍ഷാദ് അധികാരം പിടിച്ചട ക്കുകയും മതേതരമായ ഭരണഘടനയ്ക്കുപകരം രാജ്യത്തിന്റെ ഔദ്യോഗിക മതമായി ഇസ്ലാമിസത്തെ അവരോധിക്കുക യുമാണുണ്ടായത്. അതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ക്രമേണ വഷളാകാന്‍ തുടങ്ങുന്നതും ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചേ രുന്നതും. 

? എന്തുകൊണ്ടാണ് ഇങ്ങനെയൊരു പുറകോട്ടു നടത്തം സംഭവിച്ചത്?
കാര്യങ്ങള്‍ ഇത്രകണ്ട് വഷളാകാന്‍ ഒരു പ്രധാനകാരണം ബംഗ്ലാദേശിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. 1994 ല്‍ എന്നെ നാടുകടത്തിയപ്പോള്‍ ശക്തമായി പ്രക്ഷോഭം നടത്തേണ്ടിയിരുന്ന പുരോഗമന ജനാധിപത്യ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാര്യമായി ഒരു പ്രക്ഷോഭ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നില്ല. അന്ന് അവര്‍ മറിച്ചൊരു തീരുമാനമെടുത്തി രുന്നെങ്കില്‍ ഇന്ന് അഭിജിത് റോയി, ഹുമയൂണ്‍ ആസാദ്, അഹമ്മദ് റജീബ് ഹൈദര്‍ എന്നിവര്‍ ഇസ്ലാമിനെ വിമര്‍ശിച്ചു എന്ന പേരില്‍ കൊല്ലപ്പെടുകയില്ലായിരുന്നു. ഒരുപക്ഷേ, ബംഗ്ലാദേശ് ഒരു ഭാഷയെ അടിസ്ഥാനപ്പെടുത്തിയ രാജ്യമാണോ അതോ മതത്തെ അടിസ്ഥാനപ്പെടുത്തിയ രാജ്യമാണോ എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.

? ഇത് എങ്ങനെ പരിഹരിക്കപ്പെടുമെന്നാണ്?

- ബംഗാളി ഭാഷ സംസാരിക്കുകയും അതേ സമയത്ത്മതങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. നിയമം തുല്യതയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കണം അല്ലാതെ മതാധിഷ്ഠിതമായിരിക്കരുത്. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ ഉടമസ്ഥാവകാശം, സ്വത്ത് പിന്തുടര്‍ച്ചാ വകാശം, തുടങ്ങിയവയിലൊക്കെ സ്ത്രീകള്‍ക്കും പുരുഷനും തുല്യ പങ്കാളിത്തം വേണമെന്നാണ് എന്റെ അഭിപ്രായം. സ്ത്രീകളെ കല്ലെറിഞ്ഞുകൊല്ലുന്നത് ഏതു മതത്തിന്റെ പേരിലായാലും എനിക്ക് സ്വീകാര്യമല്ല. ഇങ്ങനെയൊക്കെ പറയുന്നത് പ്രകോപനപരമാണോ? എല്ലാ ആധുനിക സംസ്‌കാരങ്ങളും ഭരണകൂടത്തെയും മതത്തെയും കൂട്ടിയോജി പ്പിക്കുന്നതിന് എതിരാണ്. രണ്ടും രണ്ടായിത്തന്നെ നിലനില്‍ക്കു കയും വേണം. മുസ്ലീം മതവും ഒരു കാരണവശാലും വിമര്‍ശ നാതീതമല്ല. ഒരു നിരീശ്വരവാദിയെന്ന നിലയിലും മനുഷ്യസ്‌നേഹി എന്ന നിലയിലും എന്റെ ഇത്തരം നിലപാടുകള്‍ തുറന്നു പറയുന്നത് വിമര്‍ശനത്തിലെ തീവ്രവാദമാണെങ്കില്‍ അത് അങ്ങനെയാവാനേ തരമുള്ളൂ. 

? മറ്റൊരാക്ഷേപം ഇത്തരത്തിലുള്ള നിങ്ങളുടെ പ്രവര്‍ത്തി തീവ്രവാദത്തെ ബലപ്പെടുത്തുവാന്‍ മാത്രമാണ് സഹായിക്കുന്നത് എന്നുള്ളതാണ്. 

മതതീവ്രവാദത്തെ വളര്‍ത്തുന്നത് ഗവണ്മെന്റാണ്; ഞാനല്ല. മതതീവ്രവാദികള്‍ എന്റെ തലയ്ക്ക് വിലയിട്ടപ്പോള്‍ ഗവണ്മെന്റ് അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം എന്നെയാണ് ലക്ഷ്യം വച്ചത്. അവാമി ലീഗും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും രാഷ്ട്രീയപരമായി എതിര്‍ ചേരിയിലാണെങ്കിലും എന്നെ നാടുകടത്തുവാന്‍ അവര്‍ ഭീകരവാദികളുമായിട്ട് കൈകോര്‍ക്കുകയായിരുന്നു. എന്തിനധികം, സി.പി.ഐ(എം) നേതൃത്വം കൊടുത്തിരുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കല്‍ക്കട്ടയില്‍നിന്നും എന്നെ പുറത്താക്കുകപോലും ചെയ്തിട്ടുണ്ട്. എന്റെ തലയ്ക്ക് വിലയിട്ട ടിപ്പുസുല്‍ത്താന്‍ പള്ളിയിലെ ഇമാം ബര്‍ക്കത്തി മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ആരാധ്യപുരുഷനായിരുന്നു. അധികാരത്തില്‍ വന്നതിനുശേഷം മമതാ ബാനര്‍ജിക്കും ഇമാമിനോട് അതേ നിലപാടുതന്നെയാണ്. 

? മുസ്ലീം മതത്തിനെതിരെ താങ്കളുടെ കടുത്ത വിമര്‍ശനങ്ങള്‍ ഇന്ത്യയില്‍ വലതുപക്ഷ വര്‍ഗ്ഗീയധ്രുവീകരണത്തിന് ആക്കം കൂട്ടുന്നു എന്ന വിലയിരുത്തലും കൂടിയുണ്ട്.

- ശുദ്ധ അസംബന്ധം. ഞാന്‍ ഹിന്ദുത്വം അടക്കമുള്ള എല്ലാ മതങ്ങളെയും വിമര്‍ശിക്കുന്ന ആളാണ്. ഇന്ത്യയിലെ എല്ലാ വിഭാഗത്തിലും പെട്ട ആള്‍ദൈവങ്ങളുടെ കടുത്ത വിമര്‍ശകയാണ് ഞാന്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദു സ്ത്രീകള്‍ അനുഷ്ഠിക്കുന്ന 'ഗര്‍ഭചൗത്ത്', 'ശിവരാത്രി' പോലുള്ള ആചാരങ്ങളെ ഞാന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതുപോലെ തന്നെ മുസ്ലീം സ്ത്രീകള്‍ക്കെതിരെയുള്ള ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന കടുത്ത കടന്നാക്രമണങ്ങളെയും ഞാന്‍ വിമര്‍ശിക്കാറുണ്ട്. ഇരകളാക്കപ്പെട്ട ഗുജറാത്തിലെ മുസ്ലീം വനിതകളുടെ പുനരധിവാസത്തിനുവേണ്ടി കവി ശംഘഘോ ഷിന്റെ നേതൃത്വത്തില്‍ നടന്ന ധനശേഖരണത്തില്‍ പതിനായിരം രൂപ ഞാനും സംഭാവന കൊടുത്തിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദു സ്ത്രീകളുടെ നേര്‍ക്കു നടത്തുന്ന കടന്നാക്രമണത്തിന് ഞാനെതി രാണ്. നാസി ജര്‍മ്മനി, ബോസ്‌നിയ, പാലസ്തീന്‍ എന്നിവിട ങ്ങളില്‍ ജൂതസ്ത്രീകളെ അടിമകളാക്കുന്നതിനെയും ഞാനെതിര്‍ ക്കുന്നു. പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ കടന്നാക്രമി ക്കുന്നതിനും ഞാനെതിരാണ്. അതുപോലെതന്നെ 'പി.കെ.', 'വാട്ടര്‍', 'ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്നീ സിനിമകളെ വര്‍ഗ്ഗീയവാദികള്‍ എതിര്‍ത്തപ്പോള്‍ അവയെ കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ച ഒരാളും കൂടിയാണ് ഞാന്‍. അതുകൊണ്ട് എന്നെ ഒരിക്കലും ഒരു മുസ്ലീം എന്ന് വിളിക്കരുത്. ഞാന്‍ ഒരു ഉത്തമ നിരീശ്വരവാദിയാണ്. 

? ഈയടുത്തകാലത്ത് യുക്തിചിന്തകനായ നരേന്ദ്ര ധബോല്‍ക്കറും സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടപ്പോള്‍ താങ്കളുടെ നിശബ്ദത പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. 
- ഞാന്‍ നിശബ്ദയായിരുന്നുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? എന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സി ലാകും ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ഈ കൊലപാതക ങ്ങള്‍ക്കെ തിരെ ഞാനെങ്ങനെയാണ് പ്രതികരിച്ചതെന്നും അതുകൊണ്ടുതന്നെ ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എങ്ങനെയൊക്കെയാണ് എന്നെ അധിക്ഷേപിച്ചതെന്നും. പക്ഷെ, മുസ്ലീം ഭീകരത ഹിന്ദു വര്‍ഗ്ഗീയത യെക്കാള്‍ കടുത്ത വിപത്താണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. 

? അങ്ങനെതന്നെയാണ് പാശ്ചാത്യ ലോകവും അതിനെ കാണുന്നത്

- ആരാണ് അങ്ങനെ പറഞ്ഞത്? സത്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. പാശ്ചാത്യ രാജ്യങ്ങളാണ് മുസ്ലീം തീവ്രവാദികള്‍ക്ക് എല്ലാ അര്‍ഥത്തിലും പ്രോത്സാഹനം നല്‍കുന്നത്. 

? ബംഗ്ലാദേശിന്റെ ഭാവി എന്താണെന്നാണ് താങ്കളുടെ അഭിപ്രായം
- ഇസ്ലാമിക തീവ്രവാദികള്‍ നിയമപരമായി ശിക്ഷിക്കപ്പെടുന്നി ല്ലെങ്കില്‍ ബംഗ്ലാദേശിന്റെ ഭാവി അതീവ ഗുരുതരമായിതന്നെ തുടരും. പക്ഷെ, ബംഗ്ലാദേശിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ അങ്ങനെയൊരു നടപടിക്ക് തീരെ സാധ്യത കാണുന്നില്ല. അതുകൊണ്ടുതന്നെ വരും കാലങ്ങളിലും വര്‍ഗ്ഗീയ പ്രീണന നിലപാടുകള്‍ തുടരും എന്നുതന്നെയാണ് കരുതേണ്ടത്. കാരണം അത് അവിടുത്തെ അധികാര വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതുകൊണ്ടുതന്നെ.