"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 13, തിങ്കളാഴ്‌ച

മാഫിയാകളുടെ ഉത്സവാഘോഷം ഭക്തിയുടെ മരണച്ചുറ്റ് - ശശിക്കുട്ടന്‍ വാകത്താനം
ക്ഷേത്രം - പള്ളി ഉത്സവാഘോഷങ്ങള്‍ക്കു മുന്‍പു മുതല്‍ക്കു തന്നെ ജനങ്ങള്‍ ഉത്സവങ്ങള്‍ ആഘോഷിച്ചിരുന്നു. പ്രധാനമായും വിളവെടുപ്പുത്സവങ്ങളായിരുന്നു അത്. വെള്ളരിനാടകം മുതല്‍ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന വലിയ ജനകീയ ഉത്സവങ്ങള്‍ കേരളത്തില്‍ നടന്നിരുന്നു. കേരളത്തിലെ ഗോത്രവര്‍ഗ്ഗക്കാരുടെയും കുടികളിലെയും ആരാ ധനാ സ്ഥലങ്ങള്‍ നമ്പൂതിരിമാരുടെ സങ്കേതങ്ങളായി തീര്‍ന്നതോടെ ദേവദാസികളെ പാര്‍പ്പിക്കുന്ന തുള്‍പ്പെടെയുള്ള 'സുഖവാസകേന്ദ്ര'ങ്ങളായി ക്ഷേത്രങ്ങള്‍ മാറി. ഇവിടങ്ങളായിരുന്നു പ്രധാന കച്ചവടകേന്ദ്രങ്ങള്‍. ദേവദാസികളുടെ ഉത്സവമായ 'ചന്ദ്രോത്സവ'ത്തില്‍ കച്ചവടക്കാരും രാജാക്കന്മാരും എത്തുന്നതിന്റെ സൂചനകളുണ്ട്. ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ എന്നതിലുപരി ഇന്നും അത് കച്ചവടകേന്ദ്രങ്ങള്‍ തന്നെയാണ്. വയനാട്ടിലെ പള്ളിയൂര്‍ കാവില്‍ ഉത്സവത്തോടനുബ ന്ധിച്ചാ യിരുന്നു അടിമകളെ കച്ചവടം ചെയ്തിരുന്നത്. കോട്ടയം തിരുന ക്കരയും അത്തരം ഒരു കച്ചവടകേന്ദ്രമായിരുന്നു. യറുശലേം ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെയും 'വെള്ളതേച്ച ശവക്കല്ലറകളായ പുരോഹിതന്മാരെയും' യേശു ചാട്ടവാറിനടിച്ചു പുറത്താക്കുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. 

വിശ്വാസവും ആചാരവും മതവും തമ്മില്‍ ബന്ധമില്ലെങ്കിലും ഇതിനെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന ഘടകം എന്ന നിലയില്‍ കച്ചവടത്തിന് വലിയ പ്രാധാന്യമുണ്ട്. മതപ്രചരണം എല്ലാക്കാ ലത്തും കച്ചവടവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വികസിച്ചത്. മിഷനറി പ്രവര്‍ത്തനത്തിനാവശ്യമായി വരുന്ന പണം കച്ചവട ക്കാരാണു മുടക്കിയിരുന്നത്. അവര്‍ക്കൊപ്പമാണ് കച്ചവടക്കാരും സഞ്ചരിച്ചിരുന്നത്. കച്ചവടക്കാര്‍ക്ക് ആവശ്യമായി വരുന്ന തന്ത്ര പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിക്കൊടുക്കുന്നത് മിഷനറിമാരാ യിരുന്നു. ഇവര്‍ക്ക് രാജാക്കന്മാരുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബുദ്ധമതത്തെ ഔദ്യോഗിക മതമായി സ്വീകരിക്കുകയും തന്റെ മകനെയും മകളെയും ബുദ്ധമത പ്രചരണത്തിനായി അശോകന്‍ നിയോഗിക്കുകയും ചെയ്തു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതോടെയാണ് പീഢിതമതമായിരുന്ന ക്രിസ്തുമതത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. ഇത്തരത്തില്‍ മതവും ഭരണകൂടവും കച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പണ്ടു മുതല്‍ക്കേ തുടര്‍ന്നു പോന്നത്. അതിന്നും കൂടുതല്‍ ശക്തമായി തുടര്‍ന്നു പോരുകയും ചെയ്യുന്നു. പഴയ കാലത്തെ കുര്യാലകളായിരുന്ന സ്ഥലങ്ങള്‍ ഇന്ന് അന്തര്‍ദേശിയ തലത്തില്‍ പ്രശസ്തി നേടിയ ക്ഷേത്രങ്ങളായി മാറുന്നതും പള്ളികള്‍ ഉയര്‍ന്നു വരുന്നതും ക്ഷേത്രങ്ങള്‍ പൊന്നു പൂശുന്നതും കള്ളപ്പണക്കാരുടെയും മാഫിയകളുടെയും കടന്നുവര വോടെയാണ്. കേരളത്തില്‍ ഭരണത്തിലെത്താന്‍ മതത്തെ കൂട്ടുപി ടിച്ചേ മതിയാവൂ എന്ന അവസ്ഥയിലേക്ക് അത് സമൂഹത്തില്‍ ആധിപത്യം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു. വിമോചന സമരം മുതല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നടന്ന ഹിംസാത്മക സമരത്തിന്റെ മുന്നണിയില്‍ നിന്നത് കേരളത്തിലെ ക്രൈസ്തവ സഭയായിരുന്നു. ഇത്തരത്തിലുള്ള സമരങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ മൂലധനമാണ്. 9000 കോടി വെട്ടിച്ച ക്രിമിനലായ വിജയമല്യയാണ് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സ്വര്‍ണ്ണത്തകിടു പൊതിഞ്ഞുകൊടുത്തത്. ബിഷപ്പ് കെ. പി യോഹന്നാന്‍ മുതല്‍ സന്തോഷ് മാധവന്‍ വരെയുള്ള വരെ സേവിക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണ്. 

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടു വേണം കേരളത്തില്‍ നടക്കുന്ന ഉത്സവാഘോഷങ്ങളെയും വെടിക്കെട്ടിനെയും ആനയെഴു ന്നള്ളത്തിനെയും കാണാന്‍. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്സക്കമ്മറ്റി വീടുവീടാന്തരം കയറി പിരിവെടുത്തു നടത്തിയി രുന്ന ഉത്സവങ്ങള്‍ ഇന്ന് ഓരോരുത്തരും സ്‌പോണ്‍സര്‍ ചെയ്യുക യാണ്. കള്ളപ്പ ണക്കാരന്റെ പണക്കൊഴുപ്പിന നുസരി ച്ചാണ് ആഘോഷങ്ങളുടെ കൊഴുപ്പു കൂട്ടുന്നത്. ഒരു കാലത്ത് പൂരം തൃശൂരു മാത്രമായിരുന്നെങ്കില്‍ അതു മറ്റിടങ്ങളിലേക്ക് വ്യാപി ച്ചത് പ്രാദേശിക തലത്തിലെ സ്വര്‍ണക്കള്ളക്കടത്തുകാരന്റെയും ക്വാറി - മദ്യമാഫിയാകളുടെയും ഇഷ്ടത്തിനനുസരിച്ചാണ്. 

നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നോയമ്പുനോറ്റു കാവടിയും കുടവും എടുത്തിരുന്ന സ്ഥാനത്ത് ഇന്നു തമിഴ്‌നാട്ടില്‍ നിന്നും ആള്‍ക്കാരെ കൊണ്ടുവന്നാണ് ഉത്സവം കൊഴുപ്പിക്കുന്നത്. എസ്.എന്‍.ഡി.പി പ്രസ്ഥാനം നാരായണ ഗുരുവിനെ ദൈവമാക്കി 'ഗുരുദേവ ക്ഷേത്രങ്ങള്‍' സ്ഥാപിക്കാന്‍ തുടങ്ങിയതോടെ അവരില്‍ തൊണ്ണൂറു ശതമാനം പേരും ശബരിമലയില്‍ പോക്കു നിര്‍ത്തി യത് പ്രത്യക്ഷാനുഭവമാണ്. പഴയതുപോലെ ഇന്നിപ്പോള്‍ ശബരിമലയില്‍ മലയാളികള്‍ എത്താറില്ലെന്നതും വസ്തുതയായി നിലനില്‍ക്കുന്നു. അന്യസംസ്ഥാനങ്ങലില്‍ നിന്നുള്ള ടൂറിസ്റ്റു മാഫിയകളാണ് ശബരിമലയില്‍ ഭക്തരെ ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിന്റെ പിന്നില്‍ വന്‍തോതിലുള്ള കഞ്ചാവ്, ലഹരിമരുന്നു കള്ളക്കച്ചവടം നടക്കുന്നത് അന്വേഷി ക്കാറില്ല. ഭക്തിയുടെ മറവില്‍ ഇത് അനുവദിക്കപ്പെടുകയാണ്. കള്ളച്ചാരായവും വ്യാജമദ്യവും വില്‍ക്കാനുള്ള ഇടമായി ഇത്തരം ഉത്സവങ്ങളെ പോഷിപ്പിക്കുന്നത് മദ്യമാഫിയാകളാണ്. എല്ലാത്തരം നിയമങ്ങളെയും കാറ്റില്‍ പറത്തി നടക്കുന്ന ഉത്സവങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നത് ഇവിടുത്തെ നിയമപാല കരാണ് എന്നതാണ് മറ്റൊരു വൈരുദ്ധ്യം. കര്‍ണ കഠോരമായി ഇരുപത്തിനാലു മണിക്കൂറും മൈക്കു പ്രവര്‍ത്തിപ്പിക്കുന്നതിനും എത്ര ഡിഗ്രി ചൂടിലും എത്ര സമയം വേണമെങ്കിലും ആനയെ എഴുന്നള്ളിപ്പിക്കാനും യാതൊരു തടസ്സവുമില്ല. ഇത്തരത്തിലുള്ള നിയമലംഘനങ്ങളിലൂടെ സംഭവിച്ച നാളിതുവരെയുള്ള ദുരന്തങ്ങളുടെ ഒടുവിലത്തേതാണ് കൊല്ലം പറവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം.
 
കേരളത്തിലുട നീളം ക്ഷേത്രങ്ങളിലും പള്ളികളിലും നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഓരോ വര്‍ഷവും മാറ്റു കൂടിക്കൊണ്ടിരിക്കു കയാണ്. ആഘോഷങ്ങള്‍ ഇന്നു മത്സരങ്ങളായി മാറുകയാണ്. രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ തെരുവുയോഗങ്ങളെ നിരോധിച്ച സ്ഥലങ്ങളിലാണ് പൂരവും ഉത്‌സവവും ആനയെഴുന്നള്ളത്തും പെരുന്നാള്‍ ഘോഷയാത്രകളും നടക്കുന്നത്. അവിടെ നടക്കുന്ന അഴിഞ്ഞാട്ടങ്ങളെയോ വെടിക്കെട്ടുകളെയോ നിയന്ത്രിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. 

1952 ല്‍ ശബരിമലയില്‍ 68 പേരും 1990 ല്‍ കൊല്ലത്തു ദുര്യോധന ക്ഷേത്രത്തില്‍ 330 പേരും 1978 ലും 1984 ഉം തൃശൂര്‍ പൂരത്തില്‍ 8 ഉം 15 ഉം പേരും 1987 ല്‍ തലശേരിയില്‍ 27 പേരും വെടിക്കെട്ടപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതു കൂടാതെ കരിമരുന്നു ശാലക്കു തീപിടിച്ചു കൊച്ചുകുഞ്ഞുങ്ങള്‍ അടക്കം നിരവധി പേരുടെ മരണം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. പലതും അനധികൃതമായിരുന്നു എന്നതാണ് വസ്തുത. പത്തോ പതിനഞ്ചോ കിലോ വെടിമരുന്നു ഉപയോഗിക്കാന്‍ അനുമതി കൊടുക്കുന്നിടത്താണ് ടണ്‍ കണക്കിന് വെടിമരുന്നുപയോഗി ക്കുന്നത്.

കൊല്ലം പറവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം ഇന്ത്യയെ ആകെ പിടിച്ചു കുലുക്കിയപ്പോഴും കുലുങ്ങാതെ നിന്ന കേരളത്തിലെ ഒരു വിഭാഗം ജനങ്ങളാണ് തൃശൂര്‍ പൂരത്തെ പഴയതിനെക്കാള്‍ ആഘോഷകരമാക്കിയത്. പുറ്റിങ്ങലിലെ അപകടം കണ്ട നിയമവൃത്തങ്ങള്‍ തൃശൂരില്‍ എന്തു പുതിയ സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. നിയമ വ്യവസ്ഥയെ അംഗീകരിക്കാന്‍ തയ്യാറല്ലാത്ത ഭക്തരെ സംരക്ഷിക്കാന്‍ ദൈവത്തിനും കഴിയുന്നില്ലെങ്കില്‍ ഇ. വി രാമസ്വാമി നായ്ക്കര്‍ പറഞ്ഞതു പോലെ ആ വിഗ്രഹങ്ങളെ അലക്കു കല്ലായി ഉപയോഗിക്കുന്നതാണ് നല്ലത്.
 
കമ്പക്കെട്ടിന് എത്ര കിലോ വെടിമരുന്നാണ് ഉപയോഗിച്ചതെന്ന് അറിയിക്കുകയോ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പൊതുജന ങ്ങള്‍ക്കു കടന്നു വരാന്‍ കഴിയാത്ത വിധം ബാരിക്കേടുകള്‍ നിര്‍മ്മിക്കുകയോ ചെയ്തിരുന്നില്ല. വെടിക്കെട്ടു നടക്കുന്നത് സുരക്ഷിതമായല്ല എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ അനുമദി നിഷേധിച്ച വെടിക്കെട്ട് എങ്ങനെയാണ് നടന്നത് എന്ന ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കമ്പക്കെട്ടു നടക്കുന്ന സ്ഥലത്തിനു സമീപത്തു നിന്നും മൂന്നു കാറുകളില്‍ (അതിലൊന്നിലെ രജിസ്റ്റര്‍ നമ്പര്‍ വ്യാജമായിരുന്നു) 2000 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് ആരുടേതായിരുന്നു എന്നതിനെക്കുറിച്ചുള്ള വാര്‍ത്ത തമസ്‌ക്കരിക്കപ്പെട്ടു. 

അമിതമായി ചൂടേറ്റാല്‍ പോലും പൊട്ടുന്ന പൊട്ടാസ്യം ക്ലോറേറ്റ് നിരോധിച്ചിരുന്ന വസ്തുവാണ്. ഇതാണ് പുറ്റിങ്ങലില്‍ വെടി ക്കെട്ടിനുപയോഗിച്ചിരുന്നത്. വെടിക്കെട്ടു നടത്തുന്ന സ്ഥലത്തു നിന്നും 100 മീറ്റര്‍ ചുറ്റളവില്‍ വാര്‍ക്കകെട്ടിടങ്ങള്‍ ഉണ്ടാകരുത്. 9 മണിക്കു ശേഷം രാവിലെ 6 മണിവരെ വെടിക്കെട്ടു നടത്തരുത്. മുന്‍കരുതല്‍ പാലിക്കണം എന്നിങ്ങനെയുള്ള 2008 ലെ സ്‌ഫോട കവസ്തു ചട്ടങ്ങളില്‍ പറയുന്നു. ഈ നിയമങ്ങല്‍ പുറ്റിങ്ങലില്‍ ലംഘിക്കപ്പെട്ടു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊട്ടിത്തെറിച്ച് അതിന്റെ ചീള് വീണാണ് ഏറ്റവും അധികം ആള്‍ക്കാര്‍ മരിച്ചത്. 

കമ്പക്കെട്ടിനെ സംബന്ധിച്ച ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു. 2014 ല്‍ കമ്പക്കെട്ടു നടന്നപ്പോള്‍ പോലീസിനു നേരെ കല്ലേറുണ്ടായെന്നും കല്ലേറിനും ലാത്തി ച്ചാര്‍ജ്ജിനും ശേഷം കമ്പക്കെട്ടു നടക്കുകയുണ്ടായെന്നും റിപ്പോര്‍ട്ടു കൊടുത്തിരുന്നു. 

കേരളത്തിലെ ക്വാറി മാഫിയകളാണ് കമ്പക്കെട്ടു മത്സരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ മന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭരണ വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടിക്കാരും അടങ്ങുന്ന മാഫിയ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തി ക്കുന്നത്. പൊട്ടാസ്യം ക്ലോറേറ്റ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ക്വാറികളില്‍ ഉപയോഗിക്കുന്നത്. യാതൊരു സുരക്ഷിതത്വമോ ലൈസന്‍സോ ഇല്ലാതെ പാറമടകളില്‍ നടത്തുന്ന സ്‌ഫോടനങ്ങളുടെ ശബ്ദങ്ങള്‍ അധികാരികള്‍ക്കു മുന്‍പില്‍ വയ്ക്കുന്ന നോട്ടുകെട്ടു കള്‍ക്കു മുന്നില്‍ നിശബ്ദമാക്കപ്പെടുകയാണ് എന്നാര്‍ക്കാണ് അറിയാത്തത്. പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ട പകടത്തിനു കാരണക്കാരായവരെ അറസ്റ്റു ചെയ്യുമ്പോള്‍ നിയമ വിരുദ്ധപ്രവര്‍ത്തനത്തിന് മൗനാനുവാദം കൊടുത്ത എത്ര ഉദ്യോഗസ്ഥന്മാര്‍ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ ജില്ലാ പോലീസ് മേധാവിയുടെ ഗുരുതരമായ വീഴ്ചയെന്നു കളക്ടര്‍ പറയുമ്പോഴും അതിനെ ഗൗരവത്തില്‍ കാണാന്‍ പോലീസ് കമ്മീഷണര്‍ക്ക് കഴിയുന്നില്ലെന്നതു തന്നെ ഇദ്ദേഹം ആരെയൊക്കെയോ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്.