"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 30, വ്യാഴാഴ്‌ച

'മനുഷ്യജീനോം പദ്ധതി മനുഷ്യവിരുദ്ധമാണ്.' - അന്‍സര്‍. എ


ജീന്‍ പ്രവചനങ്ങള്‍ ജ്യോതിഷ പ്രവചനങ്ങളെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. യാന്ത്രിക ഭൗതികവാദം ആത്മീയവാദത്തില്‍ തലകുത്തി വീഴും എന്ന് പറയുന്ന അവസ്തയിലാണ് നമ്മുടെ ശാസ്ത്രീയ നിര്‍ണ്ണയ വാദങ്ങള്‍ നമ്മെ എത്തിച്ചിരിക്കുന്നത്. ജീന്‍ പ്രവചനങ്ങളും ജ്യോതിഷ പ്രവചനങ്ങളും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. നമ്മുടെ ശരീരത്തിലെ ചില തന്മാത്രകള്‍ നമ്മുടെ ഭാവിയെ രൂപപ്പെടുത്തും എന്ന് പറയുന്നതും ജനനസമയത്തുള്ള ചില ആകാശ ഗോളങ്ങളുടെ സ്വാധീനം നിങ്ങളുടെ ഭാവിയെ രൂപപ്പെടു ത്തുമെന്ന് പറയുന്നതും തമ്മില്‍ യാതൊരു വ്യത്യാസമില്ല. ജനനദോഷങ്ങള്‍ക്ക് ചില പരിഹാര ക്രിയകളുണ്ടെന്ന് പറയുന്നത് പോലെ ജീന്‍ ദോഷങ്ങള്‍ക്ക് ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും ചില പരിഹാര ങ്ങളുണ്ടാ ക്കാമെന്നാണ് പറയുന്നത്.

ജീന്‍ നിങ്ങളുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നു എന്ന പ്രത്യയ ശാസ്ത്രത്തിന് പ്രചാരം വര്‍ദ്ധിച്ച് വരുന്നതാണ് ജീന്‍ പ്രവചനങ്ങളുടെ ക്ലിനിക്കു കള്‍ നല്കുന്ന സൂചന. ഇന്ത്യയില്‍ കുറേ കമ്പനികള്‍ പരീക്ഷണങ്ങള്‍ നടത്തുന്നു. അവയെ കുറിച്ചുള്ള കവര്‍‌സ്റ്റോറിയാണ് (പരസ്യമാണ്) ഏപ്രില്‍ മാസത്തെ വീക്ക് മാസികയുടെ ആരോഗ്യപതിപ്പിലുള്ളത്. ഭാവിയിലെന്ത് രോഗങ്ങളാണ് വരാന്‍ സാധ്യതയുള്ളതെന്ന് (ക്യാന്‍സര്‍, ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം...) കണ്ടുപിടിക്കാമെന്ന് ജീന്‍ ടെസ്റ്റിംഗ് സ്ഥാപനങ്ങള്‍ പരസ്യപ്പെടു ത്തുന്നു. ഒപ്പം ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും രോഗസാധ്യത കുറയ്ക്കാമെന്നും പറയുന്നു. അറിവ് ആയുധമായത് കൊണ്ട് നേരത്തേ അറിയുന്നതാണ് നല്ലത് അത് നിങ്ങളെ ഭീതിയില്‍ ജീവിക്കാന്‍ പ്രേരിപ്പി ക്കുകയല്ല ജീവിതത്തെ ചിട്ടയായി നോക്കി കാണാന്‍ പഠിപ്പിക്കുകയായിരിക്കും ചെയ്യുകയെന്നും ഇവര്‍ വാദിക്കുന്നു. ജ്യോതിഷ പ്രവചനങ്ങളിലൂടെ ഭയപ്പെടു ത്തുന്നതിന്റെ പുതിയ രൂപമാണിത്. കുട്ടികള്‍ക്ക് കളികളില്‍ താത്പര്യമുണ്ടോ ഉണ്ടെങ്കില്‍ തന്നെ ഏത് കളിയാണ് അവരെ പരിശീലിപ്പിക്കേണ്ടത് എന്നൊക്കെ സ്‌പോര്‍ട്‌സ് ജീനിന്റെ കണ്ടെത്തലിലൂടെ സാധ്യമായി എന്ന് അവര്‍ വാദിക്കുന്നു. ചുരുക്കത്തില്‍ ഏത് സാമൂഹ്യ പെരുമാറ്റങ്ങള്‍ക്കും കാരണമായ ജീനുകളു ണ്ടെന്ന വാദമാണ് നമ്മെകാത്തിരി ക്കുന്നത്! 

മനുഷ്യജീനോം പദ്ധതിയുടെ ഭാഗമായി ക്യാന്‍സറിനും ഹൃദ്രോഗത്തിനും സ്‌കിസോഫ്രീനിയയ്ക്കുമൊക്കെ കാരണമായ ജീനിനെ കണ്ടെത്തിയിരിക്കുന്നു. ഇനി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രോഗങ്ങളില്ലാത്ത തലമുറയെ പ്രതീക്ഷിക്കാം. ഹിന്ദുവില്‍ വന്ന അഭിമുഖത്തില്‍ മനുഷ്യജീനോം പദ്ധതിയുടെ പ്രധാന വക്താവായ എറിക്.എസ്.ലാന്‍ഡര്‍ അഭിമാനത്തോടെ പറഞ്ഞു. മൂന്ന് ബില്ല്യണ്‍ രൂപചെലവഴിച്ച് 13 വര്‍ഷം കൊണ്ടാണ് ഈ പദ്ധതി ഈ ഘട്ടത്തിലേക്കെത്തിയത്. ഒപ്പം ശാസ്ത്രത്തിന്റെ പക്ഷപാതരാഹിത്യത്തെ കുറിച്ചും മനുഷ്യനന്മയ്ക്കായുള്ള അതിന്റെ അന്വേഷണങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി.

സാമൂഹ്യപെരുമാറ്റങ്ങള്‍ക്കും രോഗങ്ങള്‍ക്കും ജീനാണ് കാരണംഎന്ന് പറയുന്നത് നമ്മള്‍ സമ്മതിച്ച് കൊടുക്കുക യാണെങ്കില്‍ ചൂഷണം നിറഞ്ഞ ഈ വ്യവസ്ഥയെ മാറ്റി ത്തീര്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പിക്കുകയാ യിരിക്കുംചെയ്യുന്നത്. പരിഹാരം വ്യക്തിയിലാണെന്നും ജീനിലാണെന്നും പറയുന്ന ഒരു ശാസ്ത്രപദ്ധതി അംഗീകരിക്കുന്നതിലൂടെ എല്ലാതരത്തിലുമുള്ള വിപ്ലവപ്രവര്‍ത്തനങ്ങളും വേണ്ടെന്ന് വച്ചിട്ട് മാര്‍ക്കറ്റിന് കീഴടങ്ങുകയായിരിക്കും ചെയ്യുക. വ്യക്തിയുടെ സ്വഭാവമാണ് സമൂഹസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതെന്ന് പറയുന്നത് മുതലാളിത്ത വിപ്ലവങ്ങളോളം വേരുകളുള്ള ഒരു പ്രത്യയശാസ്ത്ര പദ്ധതിയാണ്. ഇവിടെ നാം അതിന്റെ ചരിത്രം പരിശോധിക്കു കയും രാഷ്ട്രീയമെന്താണെന്ന് അന്വേഷിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യജീനോം പദ്ധതി (Human Genome Project) ജൈവനിര്‍ണ്ണയ വാദത്തിന്റെ പ്രയോഗപദ്ധതി യായിതന്നെ കാണണം.

ന്യൂനീകരണവും ജൈവനിര്‍ണ്ണയ വാദവും(Reductionism and biological determinism) 

നാമിന്ന് കാണുന്ന മുതലാളിത്തത്തിന്റെ തത്വശാസ്ത്രപരമായ അടിത്തറയെന്നത് വ്യക്തിവാദമാണ് (Individualism). ഫ്യൂഡല്‍ അധികാര ക്രമങ്ങളെ ജയിച്ച് കയറിയ ബൂര്‍ഷ്വാപ്രത്യയ ശാസ്ത്രമാണീ വ്യക്തിവാദം. അത് റിഡക്ടീവാണ് ഒപ്പം ജൈവനിര്‍ണ്ണയവാദമാണ് (Biological determinism). റിഡക്ടീവാ ണെന്ന് പറയാന്‍ കാരണം മനുഷ്യസമൂഹത്തെ അല്ലെങ്കില്‍ സങ്കീര്‍ണ്ണമായ കാര്യത്തെ അത് ഘടകപദാര്‍ത്ഥത്തിന്റെ സ്വഭാവ മായി ചുരുക്കുന്നു. സമൂഹത്തെ വ്യക്തിയെ ഉപയോഗിച്ചും പ്രോട്ടീനിനെ ആറ്റങ്ങളു പയോഗിച്ചും വിശദീകരിക്കാം. ജൈവനിര്‍ണ്ണയവാദത്തിലേക്ക് വരുമ്പോള്‍ വ്യക്തി എന്നത് ജീവശാസ്ത്രമാണ്, ജീനാണ് എന്നി സ്ഥാപിക്കുന്നു. റിഡക്ഷനി സത്തിന്റെ ഒരു വകഭേദമാണിത്. സമൂഹത്തെ നിര്‍ണ്ണയിക്കുന്നത് വ്യക്തിയാണെങ്കില്‍ വ്യക്തിയെ നിര്‍ണ്ണയിക്കുന്നത് ശരീരത്തിലെ രാസ പ്രവര്‍ത്തനങ്ങളാണ് ഇത് ഒന്നിനൊന്ന് പ്രവര്‍ത്തിക്കുന്ന ശൃംഖലാ പ്രവര്‍ത്തനങ്ങളാണ്.

ജൈവപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റമില്ലാത്തത് കൊണ്ട് അതിനാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന സാമൂഹ്യാവസ്ഥകള്‍ക്കും മാറ്റമുണ്ടാകില്ല! ദൈവ വിശ്വാസത്തിലും മതവിശ്വാസത്തിലും എല്ലാം മാറ്റമില്ലാതെ കൃത്യമായി നിര്‍ണ്ണയിക്കുന്ന പ്രവര്‍ത്തനങ്ങളായി നിലനില്‍ക്കുന്നത് ഒരു അതിഭൗതിക ശക്തിയുടെ പ്രവര്‍ത്തനഫലമായിട്ടാണെങ്കില്‍, മാറ്റമാണ് ശരിയെന്ന് പറയുന്നമുതലാളിത്ത പ്രത്യയശാസ്ത്ര ത്തിന്റേയും അടിസ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കുന്ന ജൈവപ്രവര്‍ത്തനങ്ങളാണ്. പദവിയും സമ്പത്തും അധികാരവു മൊക്കെ സ്വഭാവികമാണെന്നും (natural) അതൊന്നും മാറ്റാന്‍ കഴിയാത്തതാ ണെന്നും മനുഷ്യന്‍ പാരമ്പര്യമായിത്തന്നെ മൃഗീയവാസനകളുള്ള വനാണെന്നും അത് കൊണ്ട് തന്നെ കഴിവിന് പ്രാധാന്യം കൊടുക്കുന്ന മുതലാളിത്തവ്യവസ്ഥ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞ ഏറ്റവും സുന്ദരമായ ലോക സംവിധാനമാണെന്നും സ്ഥാപിക്കാം. സ്വാഭാവികമായി കിട്ടിയ ഇത്തരം സാമൂഹ്യാവസ്ഥകളെ നശിപ്പി ക്കുന്നത് അസ്വാഭാവി കമായ പ്രവര്‍ത്തികളാ ണെന്നും അത് അനുവദിക്കാന്‍ പാടില്ലെന്നും സ്ഥാപിക്കാവുന്നതാണ്.

അസമത്വത്തിന് നിയമപരിരക്ഷ നല്‍കല്‍

മനുഷ്യന്റെ സാമൂഹ്യമായ ഏത് പ്രതിഭാസവും വ്യക്തികളുടെ പെരുമാറ്റങ്ങളുടെ പൊതു ഉല്പന്നമാണ് എങ്കില്‍ വ്യക്തികളുടെ പെരുമാറ്റം അവരുടെ ജൈവരാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതായിരിക്കും അങ്ങനെയെങ്കില്‍ അവ സ്ഥിരമാണെന്നും ഒരു ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയും അത് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ലെന്നും പറയാം. All are equal but some more equal than others. മനുഷ്യസ്വഭാവം ജീവശാസ്ത്രമാണ് നിര്‍ണ്ണയിക്കുന്നത് എങ്കില്‍ അത് ഹോര്‍മോണ്‍ മൂലമാണെന്നോ, തലച്ചോറിന്റെ പ്രവര്‍ത്തനഫലമാണെന്നോ, ജീനിന്റെ പ്രവര്‍ത്തനത്തിലൂടെ യാണെന്നോ എന്ത് വേണമെങ്കിലും പറയാം. എന്തായാലും സാമൂഹ്യമായതെന്തും ജീവിശാസ്ത്രമാണ് നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ അത് നിങ്ങള്‍ക്ക് ഒരിക്കലും മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. ജനിതക എന്‍ജിനീയറിംഗ്, യൂജെനിക്‌സ്(Eugenics) തുടങ്ങിയ 'രാഷ്ട്രീയ' മാര്‍ഗ്ഗ ങ്ങളിലൂടെയല്ലാതെ. നിങ്ങള്‍ക്ക് സമരം ചെയ്യാം, നിയമങ്ങളുണ്ടാക്കാം വിപ്ലവം വരെ നടത്താം പക്ഷേ അതെല്ലാം വെറുതെയാകും. ജീവശാസ്ത്രം സ്വാഭാവിക മാണ് അത് മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല.

സ്ത്രീപുരുഷ അസമത്വവും കറുത്തവരും വെളുത്തവരും തമ്മിലുള്ള ഭേദവ്യത്യാസങ്ങളും, വെളുത്തവര്‍ക്കുള്ള സാമൂഹ്യമായ മേല്‍ക്കയ്യും ഒക്കെപ്രകൃതിപരമാണ്. ചൂഷണം അനുഭവിക്കുന്നവരും പട്ടിണികിടക്കുന്ന വരുമൊക്കെ ജീവശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് അതനുഭവിക്കു ന്നത് അത് കൊണ്ട് ഇത്തരം അസമത്വങ്ങളൊന്നും തന്നെ മാറ്റിത്തീര്‍ക്കാന്‍ കഴിയില്ല. ഇനി അങ്ങനെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രകൃതിവിരുദ്ധമായ പ്രവര്‍ത്തന മായിരിക്കും.

ഏതൊരു സാമൂഹ്യാവസ്ഥയിലും അധികാരം കയ്യടക്കി വച്ചിരുന്നവര്‍ (സമ്പത്ത് കയ്യടക്കിവച്ചിരുന്നവര്‍)നിലനില്ക്കുന്ന വ്യവസ്ഥ ഏറ്റവും നല്ലതാണെന്നും ഇതിനേക്കാള്‍ നല്ലതൊന്ന് ഉണ്ടാവുക സാധ്യമല്ലെന്നും പ്രചരിപ്പിച്ചു പോന്നു. സമാധാനവും സാമൂഹ്യക്രമവും കൈവെടിയരുത്എന്നും പറഞ്ഞ്‌പോന്നു. അക്രമം നടത്തുന്നത് സാമൂഹ്യവിരുദ്ധരാണ്, അതടിച്ചമര്‍ത്താന്‍ കാലത്തിനനുസ്സരിച്ച് പ്രത്യയശാസ്ത്രങ്ങളും രൂപപ്പെടുത്തിയിരുന്നു. മുതലാളി ത്തത്തിന് മുന്‍പുള്ള കാലം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ശ്രേണിക്രമ മായിരുന്നു.അത് മനുഷ്യര്‍ക്ക് ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ടാക്കി. ഓരോ അധികാരവ്യവസ്ഥ ചോദ്യം ചെയ്യുന്ന വിപ്ലവകാരി കളും പുതിയ പ്രത്യയശാസ്ത്ര ങ്ങള്‍ അധികാരവ്യവസ്ഥയ്‌ക്കെതിരെ സൃഷ്ടിക്കു കയും അത് പിന്നീട് ചിലപ്പോള്‍ അധികാരിവര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്ര മായി മാറുകയും ചെയ്യും. ഫ്യൂഡലിസത്തെ തകര്‍ക്കാനും ബൂര്‍ഷ്വാസിയുടെ ഉദയത്തിനായും ഉണ്ടാക്കിയ പ്രത്യയശാസ്ത്ര ത്തിന്റെ രണ്ട് തത്വങ്ങള്‍ സമത്വവും സ്വാതന്ത്ര്യവു മായിരുന്നു. പക്ഷേ ആ തത്വങ്ങള്‍ എല്ലാവര്‍ക്കും ഗുണം ചെയ്തില്ല. സ്ത്രീക ള്‍ക്കും അടിമകള്‍ക്കും സമത്വത്തിലും സ്വാതന്ത്ര്യത്തിലും പങ്കുണ്ടായി രുന്നില്ല.All are equal but some more equal than others 

ബൂര്‍ഷ്വാസി യുടെ വിപ്ലവം വര്‍ഗ്ഗങ്ങളും പിതൃഅധികാര വ്യവസ്ഥയും ഇല്ലാതാക്കിയില്ല. അത് വില്ക്കുന്നതിലും വാങ്ങുന്നതിനുമുള്ള സ്വതന്ത്ര്യമായിരുന്നു. സമത്വത്തിന്റെയും സ്വാതന്ത്ര്യന്റേയും വക്താക്ക ളായെത്തിയ ബൂര്‍ഷ്വാസിയ്ക്ക് നിലനില്ക്കുന്ന അസമത്വങ്ങള്‍ക്ക് ന്യായീക രണം കണ്ടെത്തേണ്ട തുണ്ടായിരുന്നു. അതിനുള്ള ശക്തമായ ഉപകരണമായി ത്തീര്‍ന്നു ജൈവനിര്‍ണ്ണയവാദം. വിജയവും പരാജയവും സമ്പത്തും ദാരിദ്ര്യവും അധികാര വ്യത്യാസവുമൊക്കെ വ്യക്തിയുടെ ആന്തരികമായ കഴിവുകളുമായി ബന്ധപ്പെടുത്തുകയും അത് ജീനിലൂടെ കൈമാറുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്തപ്പോള്‍ അത് ശക്തമായ പ്രത്യയശാസ്ത്രമായി മാറി. അസമത്വത്തിന് കാരണം സമൂഹത്തിന്റെഘടനയില്‍ നിന്ന് വ്യക്തിയുടെ സ്വഭാവത്തിലേക്ക് മാറി.

ഐ.ക്യൂ. (I Q): ബുദ്ധിയുടെ പേരില്‍ മനുഷ്യരെ കള്ളികളിലാക്കുക.

പദവിയിലും സമ്പത്തിലും അധികാരത്തിലും മനുഷ്യര്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഈ അന്തരം വ്യക്തികളുടെ ആന്തരികമായ കഴിവുകള്‍ മൂലമാണ് ഉണ്ടാകുന്നത്. പ്രധാനമായും ബുദ്ധിയാണ് (intelligence) അത് നിര്‍ണ്ണയിക്കുന്നത്. ഐ.ക്യൂ ടെസ്റ്റുകള്‍ ഈ ആന്തരികമായ കഴിവുകള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങളാണ്. ബുദ്ധിശക്തിയിലുണ്ടാകുന്ന വ്യത്യാസം ജനിതക ഘടനയുടെ വ്യത്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് കൊണ്ട് അത് സ്ഥിരവും മാറ്റമില്ലാത്തതുമായിരിക്കും. വ്യക്തികള്‍ തമ്മിലുള്ള കഴിവുകള്‍ക്ക് കാരണം ജനിതകമായത് കൊണ്ട് തന്നെ വംശത്തി ന്റേയും വര്‍ഗ്ഗത്തിന്റേയും കഴിവുകളും നിര്‍ണ്ണയിക്കുന്നത് ജീനുകളാണ്.

1905-ല്‍ ആദ്യ ബുദ്ധിപരീക്ഷ ആല്‍ഫ്രഡ് ബിനേ(Alfred Binet) പ്രസിദ്ധീകരിച്ചു. പല കുട്ടികളുടെയും ബൗദ്ധിക നിലവാരം മോശമായിരുന്നു. അത് തിരിച്ചറിയുന്നതിനും അങ്ങനെയുള്ള വര്‍ക്ക് പ്രത്യേക ട്രെയ്‌നിംഗ് കൊടുത്ത് ബുദ്ധി ശക്തി വളര്‍ത്തുകയുമായിരുന്നു ഉദ്ദേശ്യം അദ്ദേഹം ബുദ്ധി എന്നത് സ്ഥിരമാണെന്നും മാറ്റമില്ലാത്തതാണെന്നും കരുതിയിരുന്നില്ല. ബുദ്ധിസ്ഥിരമല്ലേ എന്ന് ചോദിച്ചവരോട് 'നമ്മള്‍ അത്തരം ക്രൂരമായ അശുഭാപ്തി വിശ്വാസത്തിനെതിരെ പ്രതികരിക്കണം' എന്ന് വാദിച്ചു.

പക്ഷേ ബിനേയുടെ കാലശേഷം ബുദ്ധിപരീക്ഷ തീര്‍ത്തും രാഷ്ട്രീയമായ ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടത്. കറുത്തവര്‍ ബൗദ്ധികമായി പിന്നോക്കമാണെന്നും സ്ത്രീകള്‍ ബുദ്ധി ശക്തികുറഞ്ഞ വരാണെന്ന് വരുത്തിത്തീര്‍ക്കാനും അവര്‍ വെളുത്തവരേക്കാളും പുരുഷന്മാരേ ക്കാളും ജീവശാസ്ത്ര പരമായി താഴ്ന്നവരാണെന്ന് സ്ഥാപിക്കാനും ഉപയോഗിച്ച് തുടങ്ങി. അങ്ങനെ താഴ്ന്നവര്‍ക്ക് ഒരുപാട് കുട്ടികളുണ്ടായാല്‍ അത് സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടു. ബുദ്ധിപരീക്ഷ സ്ഥിരവും പാരമ്പര്യവുമായ ഘടകങ്ങളെ കണ്ടെത്തുന്നതിന് ഉപയോഗിക്കപ്പെട്ടു. അക്രമവാസനയും ബുദ്ധിയുമൊക്കെ പ്രക്രിയയായിട്ടല്ല, ഒരു സാഹചര്യവുമായി വ്യക്തിയ്ക്കുണ്ടാകുന്ന പരസ്പര ബന്ധത്തിന്റെ ഫലമല്ല, ഉള്ളില്‍ കരുതി വച്ചിരിക്കുന്ന എന്തോ ഒന്നാണെന്ന ധാരണ ശക്തമായി. അങ്ങനെയാണെങ്കില്‍ അത് ഇല്ലാതെയാക്കാന്‍ ആ സ്രോതസ്സ് തന്നെ ഇല്ലാതാക്കേണ്ടിവരും. ഒരാളുടെ പൊക്കം പോലെ അക്രമാസക്തി യും ബുദ്ധിയുമൊക്കെ എത്ര അളവിലുണ്ടെന്ന് തീരുമാനിക്കാന്‍ കഴിയുമോ?

ഐ.ക്യുവിന്റെ കാര്യത്തില്‍ മാത്രമല്ല ഒരു മനുഷ്യപെരുമാറ്റ ത്തിന്റെ കാര്യത്തിലും ജീനാണ് ജീവിയെനിര്‍ണ്ണയിക്കുന്നത് എന്ന് പറയാന്‍ കഴിയില്ല. It is the genotype not the phenotype, that is inherited: The genotype is fixed the phenotype develops and changes constantly. Individuals with same genes still differ from each other in phenotype.* 

മനസ്സിനെ പരുവപ്പടുത്തിയാല്‍ സമൂഹത്തെ പരുവപ്പെടുത്താം.
വീട്ടിനുള്ളില്‍ പ്രശ്‌നമുണ്ടാക്കുന്ന കുട്ടികള്‍ , തെരുവുകളില്‍ സമരം ചെയ്യുന്നവര്‍, ഇവര്‍ക്കൊക്കെ ഭ്രാന്താണെന്നാണ് പൊതുബോധം വിലയിരുത്താറുള്ളത്. മന: ശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോകണമെന്നും നാം ആവശ്യപ്പെടാറുണ്ട്. ഇതൊരു പ്രത്യയശാസ്ത്ര പ്രയോഗമാണ്. എല്ലാ സമൂഹത്തിലും അധികാര കേന്ദ്രങ്ങള്‍ അവിടുള്ള ജനങ്ങളോട് ഇത്തരം മന:ശാസ്ത്ര അക്രമം നടത്താറുണ്ട്. സോവിയറ്റ് യൂണിയനില്‍ ബുദ്ധി ജീവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കുമാണ് അത്തരം അക്രമങ്ങള്‍ നേരിടേണ്ടി വന്നതെങ്കില്‍ പാശ്ചാത്യരാജ്യങ്ങളില്‍ തൊഴിലാളികളും കറുത്തവരും സ്ത്രീകളു മാണ് അതിന് വിധേയരായത്. തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യമാണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കാരണം അത് കൊണ്ട് തലച്ചോറിലെ ചില വൈകാരിക കേന്ദ്രങ്ങളെ നീക്കം ചെയ്താല്‍ പല അക്രമ പ്രവര്‍ത്തനങ്ങളും ഇല്ലാതെയാക്കാം. സാമൂഹ്യ രോഗങ്ങള്‍ എന്ന് പറയപ്പെടുന്ന അക്രമങ്ങള്‍, വിദ്യാര്‍ത്ഥികളിലെ പഠന വൈകല്യങ്ങള്‍, സ്ത്രീകള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ ഒക്കെ തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തന തകരാറായി കാണുകയും ആ ഭാഗം നീക്കം ചെയ്താല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് വാദിക്കുകയും ചെയ്യുന്നു.

ജൈവ നിര്‍ണ്ണയവാദം സാമൂഹ്യരോഗങ്ങള്‍ക്ക് പലതരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കുന്നു. അത് ഒന്നുകില്‍ ഒരു മരുന്നിലൂടെ യാകാം ഒരു ജീനിലൂടെയാകാം അല്ലെങ്കില്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ മാറ്റിവച്ചിട്ടാകാം. എന്തായാലും പരിഹാരം വ്യക്തിയിലാണ്.ഇത്തരം പരിഹാര ങ്ങള്‍ പക്ഷേ ലളിതവും പ്രയാസരഹിതവുമായി തോന്നുകയും അത് അംഗീകരിക്കാന്‍ നാം തയ്യാറാകുകയും ചെയ്യും. എന്നാല്‍ അത് ഒരു പ്രത്യയ ശാസ്ത്രപ്രയോഗമാണ് നടത്തുന്നത് എന്ന്‌നാം അറിയാതെ പോകുന്നു. ആ പ്രത്യയശാസ്ത്രമാണ് ജൈവ നിര്‍ണ്ണയവാദം.

സ്‌കിസോഫ്രീനിയ : നിര്‍ണ്ണായവാദങ്ങളുടെ സങ്കര്‍ഷം

സ്‌കിസോഫ്രീനിയ രണ്ട് തരം നിര്‍ണ്ണായ വാദങ്ങളുടേയും പ്രധാന കേന്ദ്രമായിരുന്നു. ജൈവനിര്‍ണ്ണയവാദത്തിന്റെ വക്തിക്കാള്‍ ഇത്‌ന് ചില തന്‍മാത്രകളോ ജീന്‍ തന്നെയോ കാരണമായി പറയുന്നു.എന്നാല്‍ R.D.Laing നെ പോലെ ആന്റിസൈക്യാട്രിയുടെ വക്താക്കളും ഫൂക്കോ(എമൗരമൗഹ)േ ഉള്‍പ്പെടെയുള്ള സാംസകാരിക നിര്‍ണ്ണയവാദികളും (Cultural determinist) അത് സമൂഹം ആരോപിക്കുന്നതാണെന്നും ഇങ്ങനെ ഒരു രോഗം തന്നെയി ല്ലെന്നും വാദിക്കുന്നവരാണ്.

ജൈവനിര്‍ണ്ണയ വാദത്തിന്റെ അടിസ്ഥാനത്തില്‍ പല തരത്തിലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകള്‍(നാഡീകോശങ്ങള്‍ക്കിടയ്ക്ക് ആവേഗ ങ്ങളുടെ സഞ്ചാരം സാധ്യമാക്കുന്ന ചില ഹോര്‍മോണുകള്‍) സ്‌കിസോഫ്രീനിയ യ്ക്ക് കാരണമായി പറഞ്ഞിരുന്നു. അതി നൊപ്പം ജീന്‍ പ്രധാന കാരണമായി വന്നു. അതിന്റെ ഭാഗമായി ഈ രോഗമുള്ളവരെ വന്ധീകരിക്കണം എന്ന കാഴ്ചപ്പാടുണ്ടായി. സ്‌കിസോഫ്രീനിയയ്ക്ക് ഉണ്ട് എന്ന് ആരോപിച്ച ഒരു കാരണവും പക്ഷേ കൃത്യമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ ജീവ ശാസ്ത്രത്തെ കുറിച്ച് നമുക്കൊന്നുമറിയില്ല എന്നതാണ് സത്യം.

സംസ്‌കാര നിര്‍ണ്ണയവാദികളില്‍ ഫൂക്കോയുടെ അഭിപ്രായത്തില്‍ സ്‌കിസോഫ്രീനിയ ഒരു കുടുംബത്തിലുണ്ടാകുന്ന ക്രമരാഹിത്യ മാണ്. കുടുംബത്തിനകത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും പ്രതീക്ഷക ളില്‍ നിന്നും രക്ഷപ്പെ ടാനായി അതിലെ അംഗം ഉണ്ടാക്കുന്ന മാനസ്സിക ലോകമാണ് ഭ്രാന്തിന്റേത്. എന്നാല്‍ വ്യക്തി വളരുന്ന കുടുംബപരിസ്ഥിതി മാനസിക രോഗത്തെ സംബന്ധി ച്ചിടത്തോളം പ്രധാനമാണ് അത്രത്തോളം തന്നെ പ്രധാന മാണ് സമൂഹവും. സാംസ്‌കാരികമായ കാരണങ്ങള്‍ നിരത്തുമ്പോള്‍ തന്നെ രോഗി അനുഭവിക്കുന്ന ക്രൂരമായ ഒറ്റപ്പെടലും ഭീതിയും നമുക്കവഗണി ക്കാന്‍ കഴിയില്ല.

രണ്ട് നിര്‍ണണയവാദികളും പല കാരണങ്ങളും പറയുന്നുണ്ടെ ങ്കിലും കൃത്യമായി എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരു പാട് മരുന്നുകള്‍ കാലങ്ങളായി മാര്‍ക്കറ്റിലു ണ്ടെങ്കിലും കൃത്യമായ ഒരു സിദ്ധാന്തത്തിന്റെ അഭാവത്തില്‍ ഇതൊരു കച്ചവടം മാത്രമായി മാറുകയാണ് ചെയ്യുന്നത്. രോഗിക്ക് ഒരാശ്വാസവും ലഭിക്കുന്നില്ല. രണ്ട് നിര്‍ണ്ണായവാദ ങ്ങളും ഇനി മറ്റൊരു തരം ദ്വൈത അജ്ഞയവാദവും കൊണ്ടൊന്നും ഒരു ശരിയായ സിദ്ധാന്തം രൂപപ്പെടുത്തുക സാധ്യമാണെന്ന് തോന്നുന്നില്ല. ജീവശാസ്ത്രവും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തെ തിരിച്ചറിഞ്ഞ്‌കൊണ്ട് മാത്രമേ അത്തരം ഒരു സിദ്ധാന്തം രൂപപ്പെടുത്താന്‍ കഴിയൂ.

സോഷ്യോബയോളജി :

മനുഷ്യന്റെ നിലനില്പുമായി ബന്ധപ്പെട്ട ജൈവനിര്‍ണ്ണയ വാദപരമായ വിശദീകരണമാണ് സോഷ്യോബയോളജി. മനുഷ്യ സമൂഹവുമായി ബന്ധപ്പെട്ട എല്ലാം ജനിതകപരമായി വിശദീകരിക്കാന്‍കഴിയും എന്നാണ് സോഷ്യോബയോളജിയുടെ വക്താക്കള്‍ മുന്നോട്ട് വയ്ക്കുന്ന വാദം. 'എല്ലാ സാമൂഹ്യ സ്വഭാവങ്ങളുടേയും ജൈവഅടിത്തറയെക്കുറിച്ചുള്ള കൃത്യമായ പഠനം' എന്നാണ് സോഷ്യോബയോളജിയെ നിര്‍വ്വചിക്കുന്നത്.

സോഷ്യോബയോളജി , യൂറോപ്യന്‍ ബൂര്‍ഷ്വസമൂഹത്തിന്റെ സ്വഭാവത്തെ എല്ലാം സാംസ്‌കാരങ്ങളിലേക്കുമായി ആരോപി ക്കുന്നു. മനുഷ്യപെരുമാറ്റങ്ങള്‍ ജീവികളുടെ പെരുമാറ്റങ്ങളുമായി സാമ്യപ്പെടുത്തുന്നു. ദേശാഭിമാനവും സ്വകാര്യസ്വത്തിനുള്ള ആഗ്രഹം പോലും ആന്തരികമാണ് എന്ന് മാത്രമല്ല അത് മൃഗസ്വഭാവങ്ങളുടെ തുടര്‍ച്ചയാണെന്നും അവര്‍ വാദിക്കുന്നു. വ്യവസായ സാമ്രാജ്യത്തില്‍ ഒരു വ്യക്തിയെ മറ്റൊരു വ്യക്തി അടിച്ചമര്‍ത്തുന്നതും ഒരു വംശത്തെ മറ്റൊരു വംശം അടിച്ചമര്‍ത്തു ന്നതും മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്. അത് ആതിജീവനത്തിന്റ നിയമവുമാണ്. ഇങ്ങനെ മനുഷ്യസമൂഹ വുമായി ബന്ധപ്പെട്ട എല്ലാം പ്രകൃതിനിയമമാക്കുകയും മാറ്റമില്ലാത്തതാക്കുകയും ചെയ്ത് കൊണ്ട് ബൂര്‍ഷ്വാവ്യവസ്ഥയെ സ്ഥായിയാക്കി മാറ്റുന്നു. 

ശരിയായ കാഴ്ചപ്പാട് ഉണ്ടാകണം.

ജീവശാസ്ത്രമാണ്, ജീനാണ് മനുഷ്യപെരുമാറ്റങ്ങള്‍, രോഗങ്ങള്‍ ഇവയുണ്ടാക്കുന്നത് എന്ന വാദം പുതിയതല്ലെന്നും അത് മുതലാളിത്ത അധികാരരാഷ്ട്രീയത്തിന്റെ വ്യക്തിവാദത്തോളം പഴക്കമുള്ള വീക്ഷണമാണെന്നുമാണ് നാം പറഞ്ഞ് വന്നത്. സാമൂഹ്യപ്രതിഭാസങ്ങള്‍ ജീന്‍ നിര്‍ണ്ണയിക്കുന്നതാണ് എന്ന് പറയുമ്പോള്‍ അത് ലളിതമായ ഒരു വിശദീകരമാണ്. അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും സ്വീകാര്യമാവുകയും അത് വിശദമാക്കുന്ന പുസ്തകങ്ങള്‍ക്ക് കൂടുതല്‍ പതിപ്പുകളുണ്ടാ വുകയും അതിനെ ഉപയോഗിച്ച് കോളമെഴുതുന്നവരെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ ജീന്‍-ജീവി-പരിസ്ഥിതി തുടങ്ങിയവ സങ്കീര്‍ണ്ണമായ ബന്ധങ്ങളാണെന്നും അതിനെ ഇങ്ങനെ ലളിതവത്കരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞാല്‍ അതത്ര സ്വീകാര്യമാവില്ല . പക്ഷേ യാഥാര്‍ത്ഥ്യം അതാണ്. ഒരു രോഗത്തിന് കാരണം ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലോ ചില ശാരീരികതന്മാത്രകളുടെ ക്രമരാഹിത്യമോ ആണെന്ന് സിദ്ധാന്തമുണ്ടാക്കിയാല്‍ അതിന് യോജിച്ച ചികിത്സാ രീതികള്‍ ഉണ്ടാക്കി കച്ചവടം ഭംഗിയാക്കാം (പക്ഷേ അപ്പോഴും രോഗം മാറണമെന്നില്ല) എന്നാല്‍ രോഗത്തിന് കാരണം നിലനില്ക്കുന്ന വ്യവസ്ഥയാണെന്ന് പറഞ്ഞാല്‍ അതത്ര ലളിതമായിതോന്നില്ല. അത് സങ്കീര്‍ണ്ണമാണെന്ന് മാത്രമല്ല അധികാരത്തിന്റെ വ്യവസ്ഥയുടെ സുഖത്തില്‍ പെട്ട് കഴിയുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ കഴിയില്ല. കോളറ, ടീബി തുടങ്ങിയ രോഗങ്ങള്‍ കുറയാന്‍ കാരണം ചികിത്സാമേഘലയിലെ മികവല്ല മറിച്ച് സാമൂഹ്യവും സാമ്പത്തികവുമായ മാറ്റങ്ങളാണ്. ഒരു മരുന്ന് ശരീരത്തില്‍ ഒരു പ്രത്യേക ലക്ഷ്യസ്ഥാനത്തായി രിക്കും എത്തിപ്പെടുക എന്നത് ചികിത്സാമേഖലയിലെ ഒരന്ധ  വി ശ്വാസമാണ് . ഒരു മരുന്നും അങ്ങനെയല്ല പ്രവര്‍ത്തിക്കുക ശരീരത്തിലെ പല രാസപ്രവര്‍ത്തനങ്ങളേയും മരുന്നു സ്വാധീനിക്കുകയും നമ്മുടെ പെരുമാറ്റത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും . ഒരു രോഗത്തിന് ഒരു മരുന്ന് എന്നത് എളുപ്പമാണെങ്കിലും ശരിയാകണമെന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മനുഷ്യനെ നിര്‍ണ്ണയിക്കുന്നത് ജീവശാസ്ത്രമാണെന്നും ജനനത്തി ലൂടെ അതിന്റെ സ്വാധീനം കുറയുകയും സംസ്‌കാരം ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുമെന്ന് സംസ്‌കാരനിര്‍ണ്ണയ വാദികള്‍ വ്യക്തമാക്കുന്നു. സംസ്‌കാരം പലപ്പോളും നിര്‍ണ്ണായ കമാണെങ്കിലും അത്യന്തികമായി മനുഷ്യസ്വഭാവത്തെ നിര്‍ണ്ണയി ക്കുന്നത് ജീവശാസ്ത്രമാണെന്നാണ് ജൈവനിര്‍ണ്ണയവാദം പറയുന്നത്. എന്നാല്‍ വൈരുദ്ധ്യാത്മകത (dialectics) ഈ രണ്ട് യാന്ത്രികവാദങ്ങളും തള്ളിക്കളയുകയും പ്രകൃതിയുടേയും (nature) സമൂഹത്തിന്റേയും(nurture) പരസ്പര പ്രവേശത്തിന് (interpenetration) പ്രാധാന്യം കൊടുക്കുകയും , ഘടകങ്ങളുടെ ആകെത്തുകയല്ല പൂര്‍ണ്ണമെന്നും പൂര്‍ണ്ണത്തിന്റെ ഭാഗമാകുമ്പോള്‍ ഘടകങ്ങള്‍ക്ക് പുതിയ സ്വഭാവമുണ്ടാവുകയാണ് ചെയ്യുന്നതെന്നും വാദിക്കുന്നു. അത് സ്ഥിരമായ മനുഷ്യസ്വഭാവത്തെ (human nature) തള്ളിക്കളയുകയും ചെയ്യുന്നു. 

* Not in our genes- Rose, Lewontin & Kamin