"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 25, ശനിയാഴ്‌ച

നേപ്പാളിന്റെ ദുരന്തം ഇന്ത്യയുടെ സൃഷ്ടി


കഴിഞ്ഞ ഏപ്രിലില്‍ ആണ് നേപ്പാളില്‍ രണ്ടു തവണ ഭൂകമ്പം ഉണ്ടായത്. അവ വന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. 20,000 ത്തോളം ആളുകള്‍ മരിച്ചു. ആ ദുരന്തത്തില്‍ നിന്ന് രക്ഷപെടാന്‍, നഷ്ടപ്പെട്ട വീടുകളും റോഡുകളും വീണ്ടും നിര്‍മ്മിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭൂകമ്പത്തേക്കാള്‍ ഭീകരമായ മറ്റൊരു ദുരന്തം അവര്‍ നേരിടുന്നത്. നേപ്പാളിന്റെ അതിര്‍ത്തി യില്‍ തെരായ്പ്രദേശത്തെ മധേശി വിഭാഗത്തിന്റെസമരത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അപ്രഖ്യാപിത, എന്നാല്‍ പൂര്‍ണമായ, സാമ്പത്തിക ഉപരോധത്തിന്റെ ഫലമാണ് ഈ ദുരന്തം. 

കടല്‍ബന്ധമില്ലാത്ത ഈ ഹിമാലയന്‍ രാജ്യത്തിന് വടക്ക് ചൈനയും തെക്കും പടിഞ്ഞാറും കിഴക്കും ഇന്ത്യയുമാണ്. ചൈനയുമായുള്ള അതിര്‍ത്തി എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ എപ്പോഴും മഞ്ഞു മൂടിക്കിടക്കുന്ന അത്യന്തം ഉയരമുള്ള ദുര്‍ഘടമായ പ്രദേശമാണ്. കാഠ്മണ്ഡുവിലേക്ക് ഒരു റോഡു ണ്ടെങ്കിലും അതിലൂടെ വന്‍തോതില്‍ ചരക്കുകള്‍ കൊണ്ടുവരാന്‍ കഴിയില്ല. അതിര്‍ത്തിക്ക് വടക്ക് അപ്രാപ്യമായ ടിബറ്റന്‍ പ്രദേശങ്ങളുമാണ്. അപ്പോള്‍ പെട്രോളും ഡീസലും പാചകവാത കവും മരുന്നുകളും ഉള്‍പ്പെടെ അത്യാവശ്യസാധനങ്ങള്‍ക്ക് ഇന്ത്യയിലൂടെയുള്ള വഴികളേ ആശ്രയമുള്ളൂ. 

ഇന്ത്യാ - നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാളിലെ തെരായ് പ്രദേശവും ഇന്ത്യയിലെ തെരായ് പ്രദേശവും ഒരു പോലെയാണ്. യുപി, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്ത, മധേശികള്‍ എന്നു വിളിക്കപ്പെടുന്നവരാണ് നേപ്പാള്‍ തെരായ് പ്രദേശത്തെ ഭൂരിപക്ഷം. ഇപ്പോള്‍ നേപ്പാള്‍ ജനസംഖ്യയില്‍ പകുതിയില്‍ താഴെ ഇവരാണ്. 

ഇന്ത്യാ - നീപ്പാള്‍ അതിര്‍ത്തിയിലൂടെ ഗതാഗതത്തിനും ചരക്കു കള്‍ കൊണ്ടുപോകുന്നതിനും 15 റോഡുകള്‍ ഉണ്ട്. സാര്‍വദേശിയ ഉടമ്പടി പ്രകാരം നേപ്പാളിനു വേണ്ട അത്യാവശ്യ സാധനങ്ങള്‍ ഈ റോഡുകളിലൂടെ കൊണ്ടുപോകാന്‍ അനുവദിക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്വമാണ്. നേപ്പാളിന്റെ 78 ശതമാനം വ്യാപാരവും ഇന്ത്യയിലൂടെയാണ്. 

200 വര്‍ഷത്തെ രാജഭരണത്തിന് അന്ത്യം കുറിച്ചത് 10 വര്‍ഷം ആയുധസമരത്തില്‍ ഏര്‍പ്പെട്ടിരുന്ന യുസിപിഎന്‍ (മാവോയിസ്റ്റ്) ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നു നടത്തിയ ജനകീയ പ്രക്ഷോഭത്തിലൂടെയാണ്. ഒരു റിപ്പബ്ലിക്കന്‍ ഭരണഘടന ഉണ്ടാക്കാന്‍ തെരഞ്ഞെടുത്ത കോണ്‍സ്റ്റിറ്റുവന്റ് സഭ ആറു വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടന ഉണ്ടാക്കുന്നതില്‍ വിജയിച്ചില്ല. ഇതിലൊരു പ്രധാന പ്രശ്‌നം മധേശികളുടെ നിലപാടായിരുന്നു. മധേശികള്‍ക്ക് ഒരു പ്രോവിന്‍സ്, അതിന് സ്വയം നിര്‍ണ്ണയാവ കാശം എന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഹിന്ദുത്വവാദികള്‍ പുറത്താക്കപ്പെട്ട രാജാവിന്റെ പിന്തുണയോടെ ഇന്ത്യയിലേക്ക് ചേരണമെന്ന പക്ഷക്കാരാണ്. നേപ്പാളിന്റെ ഭദ്രതയെ തകര്‍ക്കാത്ത ഒരു കരാറിന് മറ്റു പാര്‍ട്ടികള്‍ തയ്യാറാണെങ്കിലും മധേശി പാര്‍ട്ടികള്‍ അതിനു തയ്യാറല്ല. 

ഒന്നര വര്‍ഷം മുമ്പു നടന്ന തെരഞ്ഞെടുപ്പിലൂടെ നീപ്പാളി കോണ്‍ഗ്രസ് ഭരണംവരുകയും ഈ സെപ്തംബര്‍ 20 ന് പാര്‍ലമെന്റിലെ 75 ശതമാനത്തിലേറെ പേരുടെ പിന്തുണയോടെ നേപ്പാളിനെ മതേതര ജനാധിപത്യ റിപ്പബ്ലിക് ആക്കി പ്രഖ്യാപി ക്കുന്ന ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ ആറു മാസമായി പാര്‍ലമെന്റ് ബഹിഷ്‌ക്കരിക്കുന്ന മധേശി കള്‍ക്ക് ഇതിലെ പല വകുപ്പുകളോടും എതിര്‍പ്പുണ്ടായിരുന്നു. നേപ്പാളിനെ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആഗ്രഹിച്ചിരുന്ന മോദി സര്‍ക്കാര്‍ മധേശികളുടെ എതിര്‍പ്പ് മറയാക്കി ഭരണഘടന പ്രഖ്യാപനത്തെ എതിര്‍ത്തു എന്നു മാത്രമല്ല, അതംശീകരിക്ക പ്പെട്ടശേഷം നേപ്പാളിനെതിരെ ശത്രുതാപരമായ നിലപാടെടുത്ത് മധേശികളുടെ എതിര്‍പ്പിനെ മറയാക്കി നേപ്പാളിലേക്കുള്ള ചരക്കു നീക്കങ്ങള്‍ തടഞ്ഞിരിക്കുകയാണ് സെപ്തംബര്‍ 21 മുതല്‍. 

ഇതിന്റെ ഫലമായി ഡീസലിനും പെട്രോളിനും പാചകവാതക ത്തിനും മരുന്നുകള്‍ക്കും മറ്റും പൊതുവേ വില കൂടുതലായ നേപ്പാളില്‍ അവയിപ്പോള്‍ കരിഞ്ചന്തയില്‍ മാത്രമേ ലഭിക്കൂ. പലമടങ്ങാണ് അധികവില. അതും വിരളമായി മാത്രമേ ലഭിക്കൂ. അതുമൂലം ഗതാഗതം അടക്കം എല്ലാം മുടങ്ങി. ചരക്കുനീക്കം ഏറെക്കുറെ പൂര്‍ണ്ണമായും മൂടങ്ങി. ഭൂകമ്പമുണ്ടാക്കിയ ദുരന്തത്തേക്കാള്‍ വലിയ നരകവേദനയിലാണ് നേപ്പാളിലെ ജനങ്ങള്‍. 

രാജഭരണത്തിനെതിരായ പ്രക്ഷോഭം ഉള്‍പ്പെടെ നേപ്പാളി ജനതയുടെ മുന്നേറ്റത്തെ പൂര്‍ണ്ണമായി സിപിഐ (എം എല്‍) റെഡ്സ്റ്റാര്‍ പിന്തുണച്ചിട്ടുണ്ട്. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും ഒരു മതേതര ഭരണഘടന അംഗീകരിച്ചതില്‍ പാര്‍ട്ടി നേപ്പാളി ജനതയെ അഭിനന്ദിച്ചു. അതേ സമയം ഇന്ത്യാ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധത്തെ നിശിതമായി വിമര്‍ശി ക്കുകയും എതിര്‍ക്കുകയും ചെയ്യുന്നു പാര്‍ട്ടി. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ പാര്‍ട്ടി സജീവമായി പങ്കെടുത്തു. ഇന്ത്യാ സര്‍ക്കാരിന്റെ കിരാത നടപടിയെ എതിര്‍ത്ത് പ്രസ്താ വന പുറപ്പെടുവിച്ചു. 

മധേശികളുടെ പ്രശ്‌നം നേപ്പാളിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ നേപ്പാളിലെ പാര്‍ട്ടികളാണ് മുന്‍കൈ എടുക്കേണ്ടതെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്. 

1947 തൊട്ട് ബ്രിട്ടീഷുകാരുടെ ചുവടുപിടിച്ച് നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ് ഇന്ത്യ. സിക്കിമിനെ ബലം പ്രയോഗിച്ച് ഇന്ത്യയുടെ ഭാഗമാക്കിയ പോ ലെ നേപ്പാളിനേയും കീഴ്‌പ്പെടുത്തുന്ന അതിക്രമത്തിന്റെ രീതിയിലാണ് ഇന്ത്യാ സര്‍ക്കാരുകള്‍ പെരുമാറിയത്. ഇതിന്റെ തുടര്‍ച്ചയാണ് മോദി സര്‍ക്കാരിന്റെ നയവും. പാര്‍ട്ടി ഇതിനെ ശക്തമായി എതിര്‍ക്കുന്നു. നേപ്പാളിന്റെ ഭാവി നിയന്ത്രിക്കേണ്ടത് നേപ്പാളി ജനതയാണെന്നും അതില്‍ ഇന്ത്യ ഇടപെടരുതെന്നും ഇന്ത്യയുടെ നേപ്പാളില്‍ ഇടപെടുന്ന നയം അവസാനിപ്പിക്കാനും സാമ്പത്തിക ഉപരോധം അടിയന്തിരമായി അവസാനിപ്പിക്കാനും പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി ഉള്‍പ്പെടെ ഒപ്പു വെച്ച പ്രസ്താവന വിപ്ലവ പാര്‍ട്ടികളുടെ സാര്‍വദേശീയ വേദി (ICOR) യും പ്രസിദ്ധീകരിച്ചിട്ടുണ്ട്.