"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 29, ബുധനാഴ്‌ച

പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പുഫലം നല്‍കുന്ന സൂചനകള്‍ - പി. ജെ ജയിംസ്ആമുഖം

അടിസ്ഥാന നയങ്ങളില്‍ മൗലികമായ വിയോജിപ്പുകളില്ലാത്ത എല്‍ഡിഎഫും യുഡിഎഫും ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും മാറിമാറി അധികാരത്തില്‍ വരുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഒരു മുന്നണി അഞ്ചു വര്‍ഷം ഭരിച്ച് ജനജീവിതം ദുസ്സഹമാകുമ്പോള്‍, മറ്റേ മുന്നണിക്ക് വോട്ടു ചെയ്യുകയല്ലാതെ ജനങ്ങള്‍ക്ക് നിര്‍വാഹമില്ലാത്ത സ്ഥിതി വിശേഷം കേരളത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി തുടരുകയാണ്. എന്നാലതേ സമയം, മുന്‍കാലങ്ങലില്‍ നിന്ന് വ്യത്യസ്തമായി, സവിശേഷമായ ചില ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രധാന പങ്കു വഹിച്ചുവെന്നു കാണാം. അതിലേറ്റവും പ്രധാനപ്പെട്ടത്, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്തവിധം ഭരണസംവിധാനമപ്പാടെ ക്രിമിനല്‍ - മാഫിയ കൂട്ടുകെട്ടാക്കി ഉമ്മന്‍ ഭരണം അധഃപതിച്ചുവെന്നതാണ്. ഏറ്റവുമൊടുവില്‍, ജിഷകൊലപാതകത്തിലൂടെ വെളിപ്പെട്ടതുപ്രകാരം സംസ്ഥാനത്തെ പോലീസ് തന്നെ ക്രിമിനല്‍ സംഘമായി ഉമ്മന്‍ ഭരണത്തില്‍ ജീര്‍ണ്ണിച്ചു. സോളാര്‍, ബാര്‍ കുംഭകോണങ്ങളടക്കം മുഖ്യമന്ത്രി തന്നെ നേരിട്ട് വിചാരണ ചെയ്യപ്പെടുകയും ബജറ്റ് തയ്യാറാക്കല്‍ പോലും സമ്പത്തു സമാഹരണത്തിനുള്ള പ്രക്രിയയാക്കി ധനമന്ത്രി മാണി എന്ന മാന്യന്‍ മാറ്റുകയും ചെയ്ത നാണം കെട്ട ഏര്‍പ്പാടാണ് അരങ്ങേറിയത്. ചുരുക്കത്തില്‍, പൊതുഖജനാവു പോലും നേരിട്ട് കൊള്ളയടിച്ചും അഴിമതിയും കെടുകാര്യസ്ഥ തയും മൂലം പുഴുത്തു നാറിയും തരംതാണ ഉമ്മന്‍ ഭരണത്തി നെതിരെയുള്ള സ്വാഭാവിക രോഷമാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കിയത്.

രണ്ടാമതായി, സഹസ്രകോടികള്‍ വാരിയെറിഞ്ഞും പ്രചണ്ഡമായ പ്രചരണ കോലാഹലത്തോടെയും സംസ്ഥാനത്ത് നിര്‍ണായക ശക്തിയാകാന്‍ ശ്രമിച്ച ഹിന്ദുത്വ ഫാസിസ്റ്റ് മുന്നണിയായ എന്‍ഡിഎ സൃഷ്ടിച്ച അരക്ഷിതാവസ്ഥയും ഭയാശങ്കകളും ജനങ്ങളെ ബാധിച്ചതും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു. വെള്ളാപ്പള്ളിയും ഇതര ഹിന്ദുത്വ സംഘടനകളുമായി മാത്രമല്ല, ദളിത് - ആദിവാസി നേതാക്കളുമായിപ്പോലും അവിഹിത ബാന്ധവത്തിലേര്‍പ്പെട്ടും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയു മടക്കമുള്ള കോണ്‍ഗ്രസ്സ് നേത്വത്തിന്റെ പരിലാളനകള്‍ ആസ്വദിച്ചും മധ്യതിരുവിതാംകൂറിലെ കുടിയേറ്റ - കയ്യേറ്റ മേഖലകളിലെയും സവര്‍ണ്ണ ക്രിസ്ത്യന്‍ വിഭാഗവുമായി ഡീലുറപ്പിച്ചും നേട്ടമുണ്ടാക്കാന്‍ ചതുരുപായങ്ങളും പയറ്റിയ ബിജെപിക്കെതിരെ നിലപാടെടുക്കാന്‍ വിശാല ജനവിഭാഗങ്ങള്‍ നിര്‍ബന്ധിതരായതും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്തു. നവഉദാര നയങ്ങളുടെ കാര്യത്തില്‍, ഒരേ തൂവല്‍പക്ഷി കളായ ബിജെപിക്കും യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ ഫലപ്രദമായ ഒരു ജനപക്ഷ മുന്നണി വളര്‍ന്നുവന്നിട്ടില്ലാത്തതും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു നേട്ടമുണ്ടാക്കി.

അഞ്ചുവര്‍ഷക്കാലം കേരളചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധ ഭരണം കാഴ്ചവെച്ച ഉമ്മന്‍ സര്‍ക്കാരിനെതിരെ തങ്ങളുടെ സംഘടനാശേഷി പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുന്നതിന്റെ ഭാഗമായിപോലും സിപിഐ(എം) മുന്നണി വിന്യസിച്ചില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റ് വളയല്‍ നടത്തി ഉമ്മനുമായി സിപിഐ(എം) നേതൃത്വം ധാരണയിലെത്തുക യായിരുന്നു. അഞ്ചുവര്‍ഷം അധികാരത്തിലിരുന്ന ഉമ്മന്‍ സര്‍ക്കാര്‍ അഴുകിനാറുമ്പോള്‍ ചട്ടപ്പടി പ്രസ്താവനകളും പ്രതിഷേധപരിപാടികളുമായി ഊഴവും കാത്തുകഴിയുക യായിരുന്നു എല്‍ഡിഎഫ്. അരുവിക്കര ഉപതെരഞ്ഞെടുപ്പു സമയത്തുപോലും ഇതേ സമീപനമായിരുന്നു സിപിഐ(എം) മുന്നണിയുടേത്. എന്നാല്‍, അവിടെ ബിജെപി നേടിയ അപ്രതീക്ഷിത വോട്ടുവിജയമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വിഎസിനെ മുന്നില്‍ നിര്‍ത്തി ഹിന്ദുത്വവിരുദ്ധ കാമ്പയിന്‍ നടത്താന്‍ എല്‍ഡിഎഫിനെ നിര്‍ബന്ധിതമാക്കിയത്. വിഴിഞ്ഞവും അതിരപ്പിള്ളിയുമടക്കമുള്ള ഉമ്മന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ - പരിസ്ഥിതി വിരുദ്ധ, കോര്‍പ്പറേറ്റ് ആഭിമുഖ്യ നയങ്ങളോട് സിപിഐ(എം) ന് ഒരു വിയോജിപ്പുമില്ലെന്നറിഞ്ഞിട്ടും യുഡിഎഫിന്റെ അഴിമതിക്കും കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഉയര്‍ത്തിയ വെല്ലുവിളിക്കുമെതിരെ, എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 

തെരഞ്ഞെടുപ്പുഫലത്തിലെ പ്രവണതകള്‍
ഉമ്മന്‍ഭരണത്തിനെതിരായ ജനരോഷത്തെ മുതലാക്കി തെരഞ്ഞെടു പ്പില്‍ കഷ്ടിച്ച് കടന്നുകൂടിയേക്കാമെന്ന പ്രതീക്ഷക്കപ്പുറം 91 സീറ്റുകള്‍ നേടി നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ഒരു കണക്കുകൂട്ടലും എല്‍ഡിഎഫിനില്ലായിരുന്നു. യുഡിഎഫിന് ഫലപ്രദമായി നടപ്പാനാക്കാനാവാത്ത 'വികസനം' കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുമെന്നതിനപ്പുറം ഒരു ബദല്‍ പരിപാടിയും അതിന് മുന്നോട്ടുവെക്കാനില്ലായിരുന്നുവെന്നതു തന്നെകാരണം. എന്നാല്‍ ഭൂമാഫിയടക്കം വിദ്യാഭ്യാസ ക്കച്ചവടക്കാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും മദ്യനിരോധനമെന്ന പുകമറക്കുള്ളില്‍ മദ്യമാഫിയക്കും സ്ത്രീപിഡകര്‍ക്കുമെല്ലാം സൗകര്യമൊരുക്കിയ ഉമ്മന്‍ സര്‍ക്കാരിനെ ജനങ്ങള്‍ അങ്ങേയറ്റം വെറുത്തുകഴിഞ്ഞിരുന്നു. ഇതിനെതിരായ നിഷേധവോട്ടുകളാണ് എല്‍ഡിഎഫിന് ഗുണകരമായത്. അതേസമയം, ബംഗാളില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ ഐക്യത്തിലൂടെ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ഏതാനും സീറ്റുകള്‍ നേട്ടമുണ്ടായപ്പോള്‍ മുമ്പുണ്ടായിരുന്ന സീറ്റുകള്‍ പോലും സിപിഐ(എം) ന് നഷ്ടപ്പെടുകയാണുണ്ടായത്. തമിഴ്‌നാട്ടിലാകട്ടെ മുമ്പുണ്ടായിരുന്ന ഒരു ഡസനോളം സീറ്റുകള്‍ പൂര്‍ണ്ണമായും നഷ്ടമായി. അപ്രകാരം അഖിലേന്ത്യാതലത്തില്‍ ദേശീയപാര്‍ട്ടിയെന്ന പദവിപോലും വെല്ലുവിളിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലുണ്ടായ സിപിഐ(എം) വിജയം അതുമുന്നോട്ടുവെച്ച ഏതെങ്കിലും പുരോഗമന നിലപാടുകളുടെ പേരിലായിരുന്നില്ല. അതോടൊപ്പം മുമ്പുസൂചിപ്പിച്ചതുപോലെ സ്വയം ചീഞ്ഞഴുകി ബിജെപിക്ക് ഇന്ത്യയിലെല്ലായിടത്തും വളമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിനെ നമ്പിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ ആകുലരായ മതന്യൂനപക്ഷ ജനതയിലൊരുഭാഗവും എല്‍ഡിഎഫിന് വോട്ടുചെയ്യുകയുണ്ടായി. മലപ്പുറത്തെയും മലബാര്‍ മേഖലയിലെയും മാത്രമല്ല മധ്യ -ദക്ഷിണ കേരളത്തിലെ അസംഘടിത മുസ്ലീം വോട്ടുകളിലും ഇത് പ്രകടമായി. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിനെ ഏറ്റവും ശ്രദ്ധേയമാക്കിയ ഘടകം, അവകാശപ്പെട്ടതുപോലെ സീറ്റുകള്‍ നേടാനായില്ലെങ്കിലും ചരിത്രത്തിലാദ്യമായി നിയമസഭയില്‍ നേമം സീറ്റില്‍ വിജയിച്ച് അക്കൗണ്ട് തുറക്കാനും ഏഴുമണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും അവയില്‍ മൂന്നു മണ്ഡലങ്ങളില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ നേടാനും മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 15.01 ശതമാനം കൈവശപ്പെടുത്താനും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിക്കു കഴിഞ്ഞു വെന്നതാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ബിജെപി മുന്നണിക്ക് 2016 ല്‍ ഉണ്ടായിട്ടുള്ളത് 9 ശതമാനത്തിലധികം വോട്ടു വര്‍ദ്ധനവാണ്. 2011 ല്‍ സംസ്ഥാനത്ത് ബിജെപി തനിച്ചാണ് മത്സരിച്ചത്. പതിവുപോലെ നല്ല വോട്ടു കച്ചവടവും നടത്തിയിരുന്നു. അന്ന് 6.06 ശതമാനം വോട്ടാണ് ബിജെപി കരസ്ഥമാക്കിയത്. ഇന്നാകട്ടെ, ബിജെപി ഒറ്റക്ക് 10.53 ശതമാനവും ബിഡിജെസ് 3.93 ശതമാനവും ഇതര ജാതി സംഘടനകള്‍ 0.16 ശതമാനവും ഉള്‍പ്പെടെ എന്‍ഡിഎ 15.01 ശതമാനം വോട്ടു നേടിയിരിക്കുക യാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നേടിയ 14.6 ശതമാനം വോട്ടില്‍ നിന്നും ഒരു ശതമാനത്തിന്റെ വര്‍ദ്ധനവ് പോലും ഉണ്ടാക്കാനായില്ലെന്നത് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ബിഡിജെഎസും ഇതര ജാതി സംഘടനകളും ചേര്‍ന്നുള്ള ഔപചാരിക എന്‍ഡിഎ നിലവില്‍ വരുന്നത് ഈ നിയമസഭാ തെരഞ്ഞെടുപ്പിലാണ്. അപ്രകാരം സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണത്തിലധിഷ്ഠിതമായി എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ മറ്റൊരു മൂന്നാം മുന്നണി ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കുന്നതില്‍ പതിനാലാം നിയമസഭ തെരഞ്ഞെടുപ്പു സാക്ഷ്യം വഹിച്ചു. 

അതേസമയം 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും നേടിയ വോട്ടുകളില്‍ ശതമാനാടിസ്ഥാനത്തില്‍ കുറവ് സംഭവിക്കുകയും അധികം പോള്‍ ചെയ്ത വോട്ടിന്റെ സിംഹഭാഗവും എന്‍ഡിഎ കരസ്ഥമാക്കുക യും ചെയ്തിരിക്കുന്നു. 2011 നേക്കാള്‍ 26.63 ലക്ഷം അധിക വോട്ടുകള്‍ 2016 ല്‍ പോള്‍ ചെയ്തതില്‍ 19.62 ലക്ഷം വോട്ടുകള്‍ ബിജെപി മുന്നണിയിലേക്കാണ് പോയത്. എല്‍ഡിഎഫിന് 8.82 ലക്ഷം അധികം കിട്ടിയപ്പോള്‍ യുഡിഎഫിന് കിട്ടിയത് 1.94 ലക്ഷം മാത്രമാണ്. കേരളത്തില്‍ ഇത്തവണ സിപിഎം മുന്നണി തകര്‍പ്പന്‍ വിജയം നേടിയെന്ന് പ്രചരണം നടക്കുമ്പോള്‍ സീറ്റുകളുടെ എണ്ണത്തിലാണ് അത് പ്രകടമാകുന്നതെന്നും ശതമാനാടിസ്ഥാനത്തില്‍ ലഭിച്ച അതിന്റെ വോട്ടു വിഹിതത്തില്‍ കുറവു സംഭവിച്ചിരി ക്കുന്നുവെന്നും കാണേണ്ടതുണ്ട്. അതായത്, 8.82 ലക്ഷം അധികം വോട്ടുകള്‍ നേടിയിട്ടും ഇടതുമുന്നണിയുടെ വോട്ട് ശതമാനം 2011 ലെ 44.94 ശതമാനത്തില്‍ നിന്നും ഇത്തവണ 43.37 ശതമാനമായി ഇടിയുകയാണുണ്ടായിരിക്കുന്നത്. യുഡിഎഫിന്റേതാകട്ടെ യഥാക്രമം 45.83 ശതമാനത്തില്‍ നിന്നും 38.80 ശതമാനമായി കുറഞ്ഞു. എന്നുവെച്ചാല്‍, സംസ്ഥാനത്ത് 9 ശതമാനത്തിലധികം വോട്ട് വര്‍ദ്ധിപ്പിച്ച എന്‍ഡിഎ (2011 ലെ 6.06 ശതമാനത്തില്‍ നിന്നും 2016 ല്‍ 15.01 ശതമാനത്തിലേക്ക്) ഈ പ്രക്രീയയില്‍ രണ്ടു മുന്നണികളുടെയും വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിയിരി ക്കുന്നുവെന്നും എന്നാല്‍ ഏറ്റവുമധികം ശോഷിപ്പിച്ചത് യുഡിഎഫിനെയാണെന്നും കാണാം. ഇന്ത്യയില്‍ ഭരണ വര്‍ഗ്ഗങ്ങളുടെ ഒന്നാമത്തെ പാര്‍ട്ടിയായി അഖിലേന്ത്യാടിസ്ഥാ നത്തില്‍ ബിജെപി വളര്‍ന്നുകൊണ്ടിരിക്കുന്നത് ചീഞ്ഞഴുകുന്ന കോണ്‍ഗ്രസ്സിനെ വളമാക്കിക്കൊണ്ടാണെന്ന് അംഗീകരിക്കപ്പെട്ടി രിക്കുന്നു. അതേ പ്രവണത കേരളത്തിലും ശക്തമാണെന്ന് 14-ാം നിയമസഭാ തെരഞ്ഞെടുപ്പു കാണിക്കുന്നു. എന്നാല്‍, ബംഗാളില്‍ സിപിഐ(എം) അണികള്‍ അഴുകിയില്ലാതാകുന്ന കോണ്‍ഗ്രസ്സി ലേക്കും ബിജെപിയിലേക്കും തൃണമൂലിലേക്കുമാണ് പോകുന്നതെങ്കില്‍ കേരളത്തില്‍ അതിന്റെ അരാഷ്ട്രീയ സമീപനം ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പു വിശകലനം സൂചിപ്പിക്കുന്നു. 

പക്ഷേ, കേരളത്തിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്ന തുപോലുള്ള വിജയം ബിജെപിക്കുണ്ടായില്ലെന്നും പ്രത്യേകം കാണേണ്ടതുണ്ട്. ആറുമാസം മുമ്പു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നിന്ന് കാര്യമായ വോട്ടു വിഹിതം അതിനുണ്ടായിട്ടില്ല. പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ ഒരു ഡസനിലധികം കേന്ദ്രമന്ത്രിമാരും അമിത്ഷായുടെ നേതൃത്വത്തില്‍ പാര്‍ട്ടിസംവിധാനവും ആര്‍എസ്എസ് നേതൃത്വവും കണക്കറ്റ പണമൊഴുക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിലിടപെട്ടത്. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുമ്പ് തെക്കന്‍ കര്‍ണാടകയിലെ 5 ദേശസാല്‍കൃതബാങ്കുകളടക്കം 25 ബാങ്കുകളില്‍ നിന്നായി ഒരു ലക്ഷം കോടി രൂപയോളം പിന്‍വലിക്കപ്പെട്ടതായി റിസര്‍വ് ബാങ്ക് കണ്ടെത്തുകയും പ്രസ്തുത ബാങ്ക് മേധാവികളോട് വിശദീകരണം തേടാന്‍ നിര്‍ബന്ധിതമാകുകയും ചെയ്ത സംഭവം ഇത്തരുണത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കേന്ദ്രഭരണത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും പിന്‍ബലത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പണമൊഴു ക്കിയത് ബിജെപിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പു നിരീക്ഷിച്ച ആര്‍ക്കും ബോധ്യമാകും. പണക്കൊഴുപ്പിനൊപ്പം പരമാവധി വര്‍ഗീയവല്‍ക്കരണവും ജാതീയതയും ഉപയോഗപ്പെടുത്തി ഹിന്ദുത്വ വോട്ടുകള്‍ ചിട്ടയായി സമാഹരിച്ചിട്ടും (ഇക്കാര്യത്തില്‍ ബിഡിജെഎസിന്റെ പങ്കാളിത്തം നിര്‍ണായകമായിരുന്നു) നേമത്തുമാത്രമാണ് താമര വിരിഞ്ഞത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍, അതായത് മോദി അധികാരത്തിലെത്തുന്നതിനു മുമ്പ് നാലു അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നുവെന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, നേമത്തു മാത്രം വിജയിക്കാനായത് അതിനെ സംബന്ധിച്ചിട ത്തോളം 'മഹത്തല്ല' എന്നു ചൂണ്ടിക്കാട്ടേണ്ടതുണ്ട്. തിരുവനന്ത പുരത്തെ എല്ലാ മണ്ഡലങ്ങളിലും ലോകസഭാ തെരഞ്ഞെടു പ്പിനെക്കാള്‍ കുറവ് വോട്ട് കിട്ടിയപ്പോള്‍ നേമത്ത് 67813 വോട്ടുനേടി രാജഗോപാല്‍ വിജയിച്ചത് ഇന്ത്യയില്‍ കണ്ടുവരുന്ന പൊതുപ്രവണതയ്ക്കനുസൃതമായി, കോണ്‍ഗ്രസ് സ്വയം ചീഞ്ഞഴുകി ബിജെപിക്കു വളമായി മാറിയതുകൊണ്ടാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഈ മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി 13860 വോട്ടു മാത്രമാണ് പിടിച്ചത്. നിരവധി വര്‍ഷങ്ങളിലൂടെ മൃദുഹിന്ദുത്വം പ്രയോഗിച്ച് ബിജെപിയുമായി മത്സരിച്ചും സഹകരിച്ചും സ്വയം ഇല്ലാതായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സി ന്റെ കേരളത്തിലെ നടത്തിപ്പുകാരായ ഉമ്മന്‍ - ചെന്നിത്തല നേതൃത്വം ഹിന്ദുത്വഫാസിസ്റ്റുകളുമായി ഒളിഞ്ഞും തെളിഞ്ഞും ഉറപ്പിച്ച ബാന്ധവം ഏറ്റവും പ്രകടമായ തെരഞ്ഞെടുപ്പുകൂടി യായിരുന്നു ഇത്. 


ഉദാഹരണത്തിന്, അഴിമതി - ലൈംഗിക -മാഫിയ ആരോപണ ങ്ങള്‍ക്കു വിധേയരായ സവര്‍ണ്ണ ക്രിസ്ത്യന്‍ ബെല്‍റ്റിലെ യുഡിഎഫ് മാന്യന്‍മാര്‍ക്ക് നിര്‍ലോഭം വോട്ട് മറിച്ച് അവരുടെ വിജയം സുനിശ്ചിതമാക്കുന്നതില്‍ ബിജെപിയുടെ രാഷ്ട്രീയ അധാര്‍മ്മികത ഏറ്റവും പ്രകടമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1000 ല്‍ താഴെ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇത്തവണ 33632 വോട്ട് ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ കോട്ടയത്തെ ബിജെപി സ്ഥാനാര്‍ത്ഥി പിടിച്ചത് 12582 വോട്ടുകള്‍ മാത്രമാണ്. കോട്ടയത്തെ ബിജെപിയില്‍ ഈ വോട്ടുകച്ചവടം വലിയ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുന്നു. പുതുപ്പള്ളിയില്‍ യുഡിഎഫ് തലവന് വന്‍വിജയം ഉറപ്പാക്കാന്‍ 15993 വോട്ടു മാത്രമാണ് ബിജെപി നേതാവ് പിടിച്ചത്. പാലായില്‍ പള്ളിയുടെ ഭദ്രമായ അടിത്തറക്കൊപ്പം വെള്ളാപ്പള്ളി കൂടി സഹായിച്ചാണ് മാണി കരകയറിയത്. കോന്നിയില്‍ ഭൂമാഫിയായുടെ ഉറ്റ തോഴനായ മറ്റൊരു യുഡിഎഫ് പ്രമാണിയെ വിജയിപ്പിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥി പിടിച്ചതി 16713 വോട്ടുകള്‍ മാത്രമാണ്. പത്തനംതിട്ടയിലെ മറ്റു നാലു മണ്ഡലങ്ങളിലും ശരാശരി 30000 ഓളം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിടിച്ചിരുന്നു. നേരെമറിച്ച്, യുഡിഎഫ് ചീഫ് വിപ്പ് ഉണ്ണിയാടന്‍ തോറ്റ ഇരിങ്ങാലക്കുടയില്‍ 30420 വോട്ടുകളാണ് ബിജെപി നേടിയത്. ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് വിജയിച്ച ഏക സീറ്റായ ഹരിപ്പാട് മണ്ഡലത്തില്‍ ചെന്നിത്തലയെ വിജയിപ്പിച്ചെടുക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിടിച്ചത് 12985 വോട്ടുകള്‍ മാത്രമാണ്. ആലപ്പുഴയിലെ മറ്റു മണ്ഡലങ്ങള്‍ കണക്കിലെടുത്താല്‍ ശരാശരി 30000 ലധികം വോട്ടുകള്‍ ബിജെപി മുന്നണി പിടിച്ചു. യുഡിഎഫിലെ പ്രമാണിമാര്‍ കടന്നുകൂടിയ സീറ്റുകള്‍ പരിശോധിച്ചാല്‍ ഈ ബാന്ധവം പ്രധാന പ്രവണതകളിലൊന്നായിരുന്നു. 

പൊതുവെ പറഞ്ഞാല്‍, മധ്യതിരുവിതാംകൂറിലെ സവര്‍ണ ക്രിസ്ത്യന്‍ മേഖലകളില്‍ കത്തോലിക്കാ മതമേധാവിത്വവും മറ്റും എടുത്തു പോരുന്ന മോദിയാഭിമുഖ്യവുമായി ബന്ധപ്പെട്ട് കാവിവല്‍ക്കരണത്തോട് ദയാശങ്കളൊന്നും പ്രകടമാകാതിരുന്ന പ്പോള്‍ (ഈ മണ്ഡലങ്ങളിലെ യുഡിഎഫ് വിജയം ഇതുമായി ബന്ധപ്പെട്ടതുകൂടിയാണെന്ന് മുമ്പു സൂചിപ്പിച്ചുവല്ലോ) മുസ്ലിം ജനവിഭാഗങ്ങളില്‍ അഖിലേന്ത്യതലത്തിലെന്നപോലെ ഇവിടെയും കടുത്ത അരക്ഷിതാവസ്ഥയും ഭയാശങ്കകളുമാണ് അത് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍, ഇതിന്റെ സ്വാഭാവിക ഗുണഭോക്താക്കളാകാന്‍ സിപിഐ(എം) മുന്നണിക്കു കഴിഞ്ഞുവെന്നതാണ് തെരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിന്റെ വോട്ടുബാങ്കുകളില്‍ ഇതു കാര്യമായ വിള്ളലുണ്ടാ ക്കുകയും കേരളത്തിലാകെമാനമുള്ള അസംഘടിത മുസ്ലീം വിഭാഗങ്ങളുടെ വോട്ടുകള്‍ എല്‍ഡിഎഫിലേക്കു തിരിയുകയും ചെയ്തു. സര്‍വോപരി അടിസ്ഥാന സാമ്പത്തിക നയങ്ങളില്‍ യുഡിഎഫിനും ബിജെപിക്കും ബദലായി ഒരു നിലപാടും സിപിഐ(എം)നില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഒരു ജനപക്ഷബദല്‍ മുന്‍നിരയിലേക്കു വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ കേരളത്തെ ഭ്രാന്താലയമാക്കാനുള്ള പരിവാര്‍ അജണ്ടക്കെതിരെ നിലപാടുള്ള മതേതരവോട്ടുകള്‍ ഇക്കുറി എല്‍ഡിഎഫിനു ലഭിച്ചു.

എന്നാലതേസമയം, യുഡിഎഫിന്റെ കൊടിയ അഴിമതിക്കും ബിജെപിയുടെ കാവിഭീഷണിക്കുമെതിരെ കേവലമായ കാമ്പയിന്‍ നടത്തിയതൊഴിച്ചാല്‍, ഇവയെ രാജ്യമാകെ ശക്തിപ്പെട്ടുകൊണ്ടി രിക്കുന്ന നവഉദാരനയങ്ങളും കോര്‍പ്പറേറ്റ്‌വല്‍ക്കരണവുമായി ബന്ധപ്പെടുത്തുന്ന ഒരു രാഷ്ട്രീയ കാമ്പയിന് നേതൃത്വം കൊടുക്കാന്‍ സിപിഐ(എം) മുന്നണിക്ക് കഴിയുമായിരുന്നില്ല. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി പ്രതിപക്ഷ നേതൃത്വസ്ഥാനം പോലും നഷ്ടമായത് ഈ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്. ജനജീവിതം ദുസ്സഹമാക്കുന്ന നവഉദാരനയങ്ങള്‍, തൊഴിലില്ലായ്മ, ദളിത് - ആദിവാസി ജനവിഭാഗങ്ങളുടെ മേലുള്ള അടിച്ചമര്‍ത്തലും വര്‍ദ്ധമാനമാകുന്ന അവരുടെ പാര്‍ശ്വവല്‍ക്കരണവും, ഭൂപ്രശ്‌നം, പരിസ്ഥിതി വിനാശം, ജനാദിപത്യാവകാശനിഷേധം (ഭീകരകരിനിയമമായ യുഎപിഎക്കെതിരെപോലും സിപിഐ(എം)ന് നിലപാടില്ലെ ന്നോര്‍ക്കുക) എന്നിത്യാദി കാര്യങ്ങളിലൊന്നും ഒരു ജനപക്ഷ നിലപാടും മുന്നോട്ടു വെക്കാത്ത ഇടതുമുന്നണിക്കു കിട്ടിയത് യുഡിഎഫിനും ബിജെപിക്കുമെതിരായ നിഷേധ വോട്ടുകളാണ്. വാസ്തവത്തില്‍ യുഡിഎഫിനെതിരായ ജനരോഷവും ബിജെപിയുടെ കടന്നുവരവിനെതിരായ ഭയാശങ്കകളും വ്യാപകവും ആഴത്തിലുള്ളതുമാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാ ത്തവിധം വ്യക്തമാക്കുന്നതാണ് നിയമസഭയില്‍ 91 സീറ്റുകള്‍ നേടിക്കൊണ്ടുള്ള എല്‍ഡിഎഫ് വിജയം. 

ഉപസംഹാരം

തീര്‍ച്ചയായും ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും ഇടതു വലതു മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വരികയെന്ന ആവര്‍ത്തന പ്രക്രിയ ഇത്തവണയും അരങ്ങേറിയിട്ടുള്ളപ്പോള്‍ തന്നെ മുന്‍കാലങ്ങളിലേതില്‍ നിന്നു തികച്ചും വ്യത്യസ്തമായ സന്ദര്‍ഭമാണിത്. ഒന്നാമതായി, ബംഗാളില്‍ പ്രതിപക്ഷ നേതൃത്വ സ്ഥാനം പോലും നഷ്ടമായി ഒരു പ്രാദേശിക പാര്‍ട്ടിയായി സിപിഐ(എം) ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തില്‍ അത് അധികാരത്തിലെത്തുന്നത്. നവഉദാര വ്യവസ്ഥ മുന്നോട്ടു വെക്കുന്ന കോര്‍പ്പറേറ്റു വികസനത്തില്‍ നിന്നു വ്യത്യസ്തമായ ഒരു കാഴ്ചപ്പാടും അതിനില്ലാതിരിക്കെ, 'വര്‍ഗീയ ഫാസിസ'ത്തിനെതിരായ അതിന്റെ കേവല വാചാടോപങ്ങള്‍ അഖിലേന്ത്യാതലത്തില്‍ അതിനുണ്ടാക്കിയിട്ടുള്ള തിരിച്ചടികള്‍ ആ പാര്‍ട്ടിയിലും കേരളത്തിലുമുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാ തങ്ങള്‍ വരും ദിനങ്ങളില്‍ പ്രകടമാകും. നിലവിലുള്ള അധികാരഘടനയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍പോലും അതിനു നിറവേറ്റാനാവില്ല. ഉദാഹരണത്തിന്, പെരുമ്പാവൂരില്‍ തെളിവു നശിപ്പിച്ചതു വഴി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ട പോലീസ് സംഘത്തെ അറസ്റ്റ് ചെയ്യാന്‍ പോലും അതു തയ്യാറായിട്ടില്ല. 

രണ്ടാമതായി, മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തിരുന്ന് തിരിച്ച് അധികാരത്തില്‍ വന്നിട്ടുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ കോണ്‍ഗ്രസ്സ് അഭിമുഖീകരിക്കുന്നത്. ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളുടെ ഒന്നാമത്തെ പാര്‍ട്ടിയായിരുന്ന അത് അഖിലേന്ത്യാടിസ്ഥാനത്തില്‍ ബിജെപിയായി പരിവര്‍ത്തിക്കപ്പെടുകയോ ക്ഷയിച്ചില്ലാതാകുക യോ ചെയ്തുകൊണ്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ ആസ്സാമില്‍ നിന്നുപോലും അതു വേരറ്റുകഴിഞ്ഞു. വരും ദിനങ്ങളില്‍ ഈ പ്രവണതയുടെ അനുരണനങ്ങള്‍ കേരളത്തിലും പ്രകടമാകാന്‍ പോകുകയാണ്. 

മൂന്നാമതായി, എല്‍ഡിഎഫ് ഭരണം അനിവാര്യമായും നേരിടാന്‍ പോകുന്ന വെല്ലുവിളികളെയും ജനകീയ രോഷത്തെയും മുതലാക്കി കേരളത്തിലെ പ്രതിപക്ഷ വേഷം കെട്ടാനും സ്വാധീനം വര്‍ദ്ധിപ്പിക്കാനും ബിജെപി മുന്നോട്ടു വരുമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഇക്കാര്യത്തില്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഷണ്ഡത്വം അവര്‍ കേന്ദ്രഭരണത്തിന്റെ കൂടെ തണലില്‍ വിദഗ്ധമായി ഉപയോഗപ്പെടുത്തും. തെരഞ്ഞെ ടുപ്പിനു ശേഷം ആരംഭിച്ചിട്ടുള്ള ആര്‍എസ്എസ് - സിപിഐ(എം) സംഘട്ടനങ്ങള്‍ ഇതിന്റെ സൂചനയാണ്. 

ഈ സാഹചര്യത്തില്‍ നവഉദാരനയങ്ങള്‍ക്കും കോര്‍പ്പറേറ്റ് വ്യവസ്ഥക്കുമെതിരെ തൊഴിലാളികളും മര്‍ദ്ദിതതരും പാര്‍ശ്വവല്‍കൃതരുമായ ദളിത് - ആദിവാസി വിഭാഗങ്ങളും കര്‍ഷകജനതയുമടക്കം എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങ ലുടെയും പക്ഷത്തു നില്‍ക്കുന്ന, ഒരു ജനപക്ഷ, പരിസ്ഥിതി, സ്ത്രീ സൗഹൃദ വികസനം കാംക്ഷിക്കുന്ന പുരോഗമന - ജനാധിപത്യ ശക്തികളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും മുമ്പില്‍ ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. ഇതിന്‍പ്രകാരം ഒരു ജനപക്ഷബദല്‍ മുന്നോട്ടുവെക്കുന്ന മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലാണ് ഏതാനും സീറ്റുകളില്‍ മത്സരിക്കാനും കാമ്പയിന്‍ നടത്താനും സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ മുന്‍കൈ എടുത്തത്. വരുംദിനങ്ങളില്‍ ഈ മുന്‍കൈ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. 

മോദി ഭരണം മൂന്നാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍

കോണ്‍ഗ്രസ്സ് നയിച്ച യുപിഎ ഭരണത്തിനെതിരായ ജനരോഷം മുതലാക്കിയും രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ച് ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിച്ചും പോള്‍ ചെയ്ത വോട്ടുകളുടെ 31 ശതമാനം മാത്രം നേടി അധികാരത്തിലെത്തിയ മോദിയുടെ രണ്ടുവര്‍ഷത്തെ ഭരണം കോര്‍പ്പറേറ്റുകള്‍ക്കും വിദേശ കുത്തകകള്‍ക്കും ചാകരയായപ്പോള്‍ രാജ്യത്തെ അദ്ധ്വാനിക്കുന്ന മഹാഭൂരിപക്ഷത്തിനും വറചട്ടിയില്‍ നിന്നും എരിതീയിലേക്കു വീണാലുള്ള അവസ്ഥയാണ് പ്രദാനം ചെയ്തത്. ആയിരം കോടി പരസ്യ പ്രചരണങ്ങള്‍ക്കു ചെലവുചെയ്ത് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചത് മഹാമാമാങ്കമായി മോദിയും സംഘവും കൊണ്ടാടുമ്പോള്‍ പരിപാടികളുടെ മുഖ്യ അവതാരകനായി വേഷം കെട്ടിയിരിക്കുന്നത് പനാമ പേപ്പേഴ്‌സിലെ പുറത്തറിവായ കള്ളപ്പണ നിക്ഷേപങ്ങളുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിയാക്കിയിട്ടുള്ള അമിതാഭ് ബച്ചന്‍ തന്നെയാണ്. അധികാരത്തിലെത്തിയാല്‍ 100 ദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് ഓരോ ഇന്ത്യാക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞതടക്കം പലതും ഗീര്‍വാണങ്ങള്‍ മാത്രമായിരുന്നു. കുപ്രസിദ്ധരായ നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ലളിത് മോദിയെയും വിജയ് മല്യയെയും പോലുള്ളവര്‍ വിദേശത്ത് മോദി സര്‍ക്കാരിന്റെ പരിലാളനകളോടെ സുഖവാസം നടത്തുമ്പോള്‍ കോര്‍പ്പറേറ്റ് കുത്തകകളില്‍ നിന്നും പിരിച്ചെടു ക്കാനുള്ള നികുതികുടിശ്ശിഖ നാലരലക്ഷം കോടി രൂപയും 'കിട്ടാക്കടം' എട്ടുലക്ഷം കോടി രൂപയുമായി വളര്‍ന്നിരിക്കുന്നു. 

'ദേശസ്‌നേഹം ഏതൊരു തെമ്മാടിയുടെയും അവസാനത്തെ അഭയമാണെ'ന്ന മഹദ്വചനത്തെ അന്വര്‍ത്ഥമാക്കുമാറ്, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൊന്ന കടല്‍ക്കൊലയാളികളായ ഇറ്റാലിയന്‍ സൈനികരോട് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച മൃദു സമീപനം ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ച ദേഹമാണ് ഗുജറാത്ത് മുഖ്യമന്ത്രിയാ യിരുന്ന നരേന്ദ്രമോദി. എന്നാല്‍ പ്രധാനമന്ത്രിയായി മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇറ്റാലിയന്‍ ഭരണവുമായി ഡീലുറപ്പിച്ച് കടല്‍ കൊലയാളികളെ ഇറ്റലിയിലേക്കു വിടുകയാണ് മോദി ചെയ്തിരിക്കുന്നത്. ഇന്ത്യയെപ്പോലെ സാമ്രാജ്യത്വ ദാസന്മാരായ ഭരണാധികാരികള്‍ അധികാരം കയ്യാളുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവിടുത്തെ ദല്ലാള്‍ ഭരണത്തിന് കഴിയില്ലെന്നത് അസന്നിഗ്ധമായി മോദി തെളിയിച്ചിരിക്കുന്നു. ദേശസ്‌നേഹ ത്തിന്റെ പേരില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങളെയും മര്‍ദ്ദിത ജനതകളെയും മറ്റും അടിച്ചൊതുക്കുന്ന മോദിയുടെ സര്‍ക്കാര്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കുന്ന നാണം കെട്ട സ്ഥിതിയിലാണ്. അതേസമയം, ഭക്ഷണത്തിന്റെ പേരില്‍ ന്യൂനപക്ഷ - ദളിത് വിഭാഗത്തില്‍ പെട്ടവരെ കൊന്നൊടുക്കുകയും കാലിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന യുവാക്കളെ കൊന്നു കെട്ടിത്തൂക്കുകയും സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തുന്ന ബുദ്ധിജീവികളെയും കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് പരിപാടി നിര്‍ബാധം തുടരുന്നു. കലാലയങ്ങളെ കാവിവല്‍ക്കരിക്കുന്നതിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തി തുറുങ്കിലടക്കുകയോ മരണത്തി ലഭയം തേടാന്‍ നിര്‍ബന്ധിതരാക്കുകയോ ചെയ്യുന്നതിനൊപ്പം വര്‍ഗ്ഗീയ കലാപങ്ങള്‍ കോപ്പുകൂട്ടാന്‍ കാവിപ്പടയുടെ നേതൃത്വ ത്തില്‍ സായുധ സംഘങ്ങള്‍ക്കും സായുധ പരിശീലനങ്ങള്‍ക്കും രാജ്യമാസകലം അവസരമൊരുക്കുന്നു. 

'മെയ്ക് ഇന്‍ ഇന്ത്യ' 'സ്റ്റാര്‍ട്ട് അപ് ഇന്ത്യ', 'സ്‌കില്‍ ഇന്ത്യ' 'സ്വച്ഛ് ഭാരത്, 'ബേഠി പഠാവോ ബേഠി ബചാവോ' തുടങ്ങിയ കോര്‍പ്പറേറ്റ് മാധ്യമ പിന്‍ബലത്തോടെ നടത്തിയ പ്രഖ്യാപനങ്ങള്‍ പ്രചരണത്തിനു കോടികള്‍ തുലച്ചതല്ലാതെ പച്ച തൊട്ടില്ല. വിദേശ മൂലധനത്തിന് തൊഴില്‍ - നികുതി - പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചുകൊണ്ട് ചുവപ്പു പരവതാനി വിരിച്ചിട്ടും രണ്ടും വര്‍ഷം പിന്നിടുമ്പോള്‍ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പേരില്‍ നിക്ഷേപ രംഗത്ത് കാര്യമായൊന്നും സംഭവിച്ചില്ല. മാന്ദ്യത്തിനടിപ്പെട്ട് സാമ്രാജ്യത്വ മൂലധനവുമായി രാജ്യത്തെ വീണ്ടും ഉദ്ഗ്രഥിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിരിക്കുന്നു. കടന്നുവരുന്ന വിദേശ മൂലധനമാകട്ടെ ഊഹ - റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കാണ് കടക്കുന്നത്. 1953 കാലത്തിനുശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ കയറ്റുമതി ഇടിവിനാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തൊഴിലില്ലായ്മ അതീവ ഗുരുതരമായി തുടരുന്നു. കാര്‍ഷിക, വ്യാവസായിക ബാങ്കിങ്ങ് മേഖലകളെല്ലാം വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷിക മേഖല തകര്‍ന്നുവെന്നു മാത്രമല്ല, 2015 ല്‍ മാത്രം ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായത് 3000 - ഓളം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുപ്പിവെള്ളത്തിന്റെ വിലയേക്കാള്‍ താഴ്ന്നിട്ടും അതിന്റെ നേട്ടം ഉല്പാദന - സേവന മേഖലകളിലോ വിലക്കുറവിന്റെ പേരില്‍ ജനങ്ങളിലോ എത്തിക്കാതെ, ലക്ഷക്കണക്കിനു കോടി രൂപയാണ് ജനങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മോദി ഭരണം കവര്‍ന്നെടുത്തത്. 

ലോകസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ അതില്ലാ ത്തതിനാല്‍ നിയമനിര്‍മ്മാണങ്ങളെല്ലാം സ്തംഭനാവസ്ഥയിലാ ണെന്നുമാത്രമല്ല, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടീവ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തുകൊണ്ടി രിക്കുന്നു. ഇതിനിടയില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക, ചരിത്ര ഗവേഷണ, ശാസ്ത്രമേഖലകളെല്ലാം കാവിവല്‍ക്കരിക്ക പ്പെട്ടുകഴിഞ്ഞു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരം നയതീരുമാനങ്ങള്‍ രൂപം കൊള്ളുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഭൂമിയും ഭക്ഷണവും തൊഴിലും പാര്‍പ്പിടവും വിദ്യാഭ്യാസ - ആരോഗ്യാദികളും നഷ്ടപ്പെട്ട ജനകോടികള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ കരിഞ്ചന്തക്കാരെയും ഊഹക്കച്ചവടക്കാരെയും കയറൂരി വിട്ടിരിക്കുന്നു. എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും സബ്‌സിഡികളും നവഉദാര - കോര്‍പ്പറേറ്റ് നയങ്ങളുടെ പേരില്‍ വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു. നികുതിഭാരം മുഴുവനും ജിഎസ്ടി പോലുള്ള കോര്‍പ്പറേറ്റ് പരിഷ്‌ക്കരണങ്ങളിലൂടെ സാധാരണ ജനങ്ങല്‍ക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമം നടക്കുമ്പോള്‍, 2016 ലെ ബജറ്റില്‍ മാത്രം അനുവദിക്കപ്പെട്ട കോര്‍പ്പറേറ്റ് നികുതിയിളവുകള്‍ 6 ലക്ഷം കോടി രൂപയിലധികമാണ്.

ചുരുക്കത്തില്‍, രാജ്യം അതീവ ഗുരുതരമായ രാഷ്ട്രീയ സാമ്പത്തിക, സാംസ്‌കാരിക, സാമൂഹ്യ പ്രതിസന്ധിയിലേക്കു നീങ്ങുന്നതിനാണ് കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ മോദി ഭരണം വഴിവെച്ചിരിക്കുന്നത്. കാവിവല്‍ക്കരണത്തിന്റെ മറവില്‍ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സേവയാണ് അരങ്ങേറുന്നത്. മോദി മുന്നോട്ടുവെക്കുന്ന നവഉദാരനയങ്ങളും കാവിവല്‍ക്ക രണവും തമ്മിലുള്ള ബന്ധം ശരിയായി മനസ്സിലാക്കാതെ സാമ്പത്തിക നയങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ലാത്ത പ്രതിപക്ഷ കക്ഷികള്‍ വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ക്ലച്ച് പിടിക്കാത്ത അമൂര്‍ത്ത പ്രതികരണങ്ങളായി പോകുന്നു. സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു നിലപാടെടുക്കുന്ന ഒരു ദേശവ്യാപക ജനപക്ഷ മുന്നണി ഉയര്‍ന്നു വരുന്നതിലൂടെയേ ഈ ദുരവസ്ഥയെ മറികടക്കാനാവൂ.

*സഖാവ് മാസിക 2016 ജൂണ്‍ ലക്കം.