"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 25, ശനിയാഴ്‌ച

ഫാസിസ്റ്റ് വിരുദ്ധ സമരവും സമീപനവും


1. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെ ത്തിയതോടെ അങ്ങേയറ്റം അപകടകരമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ക്ലാസിക്കല്‍ അര്‍ത്ഥത്തിലുള്ള ഒരു ഫാസിസ്റ്റ് ഭരണകൂടം നിലവില്‍ വന്നിട്ടില്ലെങ്കിലും ആ ദിശയിലുള്ള പ്രവണതകള്‍ ഊര്‍ജ്ജിതമായി രിക്കുന്നു. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതിയുളവാക്കുംവിധം പാര്‍ലമെന്ററി സംവിധാനങ്ങളും ജുഡീഷ്യറിയും അടക്കം ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ആടയാഭരണങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുമ്പോഴും പല പ്രവണതകളും ശുഭസൂചകമല്ല. അതേസമയം ഹിന്ദുമത രാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ് - ബിജെപി നയിക്കുന്ന ഭരണം എല്ലാ സാമൂഹ്യവ്യവസ്ഥാപനങ്ങളുടെയും മേല്‍ പിടിമുറുക്കി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സന്ദര്‍ഭത്തിലും ബീഹാറിലടക്കം കണ്ടതുപോലെ ഫാസിസ്റ്റു ശക്തികള്‍ തെരഞ്ഞെടുപ്പുകളില്‍ ജങ്ങളില്‍നിന്നും കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യവുമുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍, 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ മോദി അധികാരത്തില്‍ നിന്നു പുറത്തു പോകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. എന്നാല്‍, ദുര്‍ബലമാകുന്നതിനു പകരം, അധികാരക്കൈമാറ്റത്തിനു ശേഷമുള്ള ദീര്‍ഘകാല ചരിത്രം വ്യക്തമാക്കുന്നതുപോലെ, സവര്‍ണ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കൂടുതല്‍ ശക്തിപ്പെടാനുള്ള അനുകൂല പശ്ചാത്തലമാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതിന്റെ തുടര്‍ച്ചയായി രാമക്ഷേത്രനിര്‍മ്മാണ ത്തിനുള്ള കട്ടകളുമായി പരിവാര്‍ സംഘങ്ങള്‍ നീങ്ങിതുടങ്ങിയി രിക്കുന്നു. അതായത്, സവര്‍ണ ഹിന്ദുത്വ ഫാസിസം നിരന്തരം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സ്ഥിതി വിശേഷമാണ് ഇന്നു രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. 

2. 1920 കളില്‍ ഇറ്റലിയിലും ജര്‍മ്മനിയിലും യൂറോപ്യന്‍ ഫാസിസം ഉദയം ചെയ്ത കാലത്തു തന്നെയാണ് ഇന്ത്യയില്‍ ഫാസിസ്റ്റു സംഘടനയായ ആര്‍എസ്എസിനു തുടക്കമിട്ടതെങ്കിലും ഇവ രണ്ടും തമ്മില്‍ സാദൃശ്യങ്ങളുള്ളപ്പോള്‍ തന്നെ മൗലികമായ വൈജാത്യങ്ങളുമുണ്ട്. മുതലാളിത്തത്തില്‍ നിന്നു വ്യത്യസ്തമായ ഒരു സാമൂഹ്യ വ്യവസ്ഥയെന്നനിലയില്‍ ഒക്‌ടോബര്‍ വിപ്ലവ ത്തിലൂടെ സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്ന രാഷ്ട്രീയ ചരിത്ര സാഹചര്യത്തില്‍, 1920 കളിലും 30കളിലും യൂറോപ്യന്‍ മുതലാളിത്തം നേരിട്ട അതീവ ഗുരുതരമായ പ്രതിസന്ധിയെയും തൊഴിലാളി പ്രസ്ഥാനം ഉയര്‍ത്തിയ വെല്ലുവിളിയെയും അതിജീവി ക്കാനാണ് ഫാസിസം ആവിര്‍ഭവിച്ചത്. നവോത്ഥാ നത്തി ന്റെയും മതനവീകരണത്തിന്റെയും ആധുനികതയുടെയും മുതലാളിത്തവികാസത്തിന്റെയുമെല്ലാം ഭാഗമായി നിലവില്‍ വന്ന ബൂര്‍ഷ്വാ ജനാധിപത്യഭരണസംവിധാനങ്ങളെ അട്ടിമറിച്ച് ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെയും ഇറ്റലിയില്‍ മുസ്സോളിനിയുടെയും നേതൃത്വത്തില്‍ സാമ്രാജ്യത്വവാദികളായ മൂലധനശക്തികള്‍ തൊഴിലാളിവര്‍ഗ്ഗത്തിനും വിശാല ജനവിഭാഗങ്ങള്‍ക്കും മേല്‍ അടിച്ചേല്‍പിച്ച ഫിനാല്‍സ് മൂലധനത്തിന്റെ ഭീകര സ്വേച്ഛാധി പത്യമായിരുന്നു ഫാസിസം. അങ്ങേയറ്റം കേന്ദ്രീകൃതമായ ഫിനാന്‍സ് കുത്തക മൂലധനവും മുതലാളിത്ത ഭരണകൂടവും ഇഴുകിച്ചേര്‍ന്ന് രാഷ്ട്രീയസമ്പദ്ഘടനയുടെയും സംസ്‌കാരത്തി ന്റെയും സാമൂഹ്യജീവിതത്തിന്റെയും സമസ്ത മണ്ഡലങ്ങളെയും വരുതിയിലാക്കി ലോകാധിപത്യത്തിന് ശ്രമിച്ച ഫാസിസത്തിനെ തിരെ ആഭ്യന്തരമായ ചെറുത്തുനില്പുകള്‍ അസാധ്യമായ സന്ദര്‍ഭത്തില്‍ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വ ത്തില്‍ രൂപം കൊണ്ട ഫാസിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയോ ടൊപ്പം ഇതര മുതലാളിത്ത രാജ്യങ്ങളും സഹകരിച്ചാണ് ഫാസിസത്തെ പരാജയപ്പെടുത്തിയത്. രണ്ടാം ലോകയുദ്ധാനന്ത രമാകട്ടെ സാമ്രാജ്യത്വരാജ്യങ്ങളില്‍ രംഗപ്രവേശനം നവഫാസിസ ത്തോടൊപ്പം മതം, വംശീയത, നവഗോത്രവാദം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളില്‍ നിലനിര്‍ത്താന്‍ അമേരിക്കന്‍ നേതൃത്വത്തില്‍ മൂലധന ശക്തികള്‍ ശ്രമം നടത്തിവരികയും ചെയ്തു.

3. നവോത്ഥാനം, ജ്ഞാനോദയചിന്ത, ഫ്രഞ്ചുവിപ്ലവം തുടങ്ങിയ സാമൂഹ്യ വികാസപരിണാമങ്ങളിലൂടെ മതം ഏറെക്കുറെ സ്വകാര്യവിഷയമായിക്കഴിഞ്ഞിരുന്ന യൂറോപ്പില്‍ മതത്തെക്കാളു പരി തീവ്രവംശീയതയെ ഉപാധിയാക്കിയ സൈനികവല്‍ക്ക രണത്തിലും യുദ്ധഭ്രാന്തിലും അധിഷ്ഠിതമായിരുന്നു ഫാസിസം. എന്നാല്‍ ഇന്ത്യയില്‍ ആര്‍എസ്എസിന്റെ ആവിര്‍ഭാവം മുതല്‍ അതു ഹിന്ദുമതരാഷ്ട്രവാദത്തില്‍ അധിഷ്ഠിതമാണ്. കൊളോണി യല്‍ വിരുദ്ധ സമരത്തിലൂടെ രൂപം കൊള്ളേണ്ട ദേശീയമൂലധന സംരക്ഷണവവമായി ബന്ധപ്പെട്ടസാമ്പത്തിക താല്പര്യങ്ങളുടെയോ ദേശാഭിമാനത്തിന്റെയോ പക്ഷത്ത് ആര്‍എസ്എസ് ഒരിക്കലും നിലയുറപ്പിച്ചിരുന്നില്ല. വാസ്തവത്തില്‍, കൊളോണിയല്‍ കാലത്തും രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണി യല്‍ കാലത്തും ആഫ്രോ - ഏഷ്യന്‍ - ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയതയും ദേശാഭിമാനവും അര്‍ത്ഥവത്താകുന്നത് സാമ്രാജ്യത്വവിരുദ്ധതയുമായി ബന്ധപ്പെട്ടു മാത്രമാണ്. എന്നാല്‍ അധികാരക്കൈമാറ്റത്തിനു മുമ്പ് സവര്‍ക്ക റുടെ കാലം മുതല്‍ ബ്രിട്ടീഷ് കൊളോണിയല്‍ മേധാവികള്‍ക്കും 1947 മുതല്‍ ഗോള്‍വല്‍ക്കറുടെ നേതൃത്വത്തിലടക്കം അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പാദസേവ ചെയ്ത ദേശീയാടിമത്തത്തിന്റെ അപമാനകരമായ ചരിത്രമാണ് ആര്‍എസ്എസിനുള്ളത്. അതായത് സാമ്രാജ്യത്വദാസ്യം ഉള്ളടങ്ങിയ കപടദേശീയതയാണ് ആര്‍എസ്എസി ന്റേത്. ഉദാഹരണത്തിന്, ബഹുരാഷ്ട്ര - കോര്‍പ്പറേറ്റ് മൂലധനത്തിന് പാതയൊരുക്കാന്‍ മോദിഭരണത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും തീവ്ര വലതു നവ ഉദാരനയങ്ങള്‍ക്കും മറയിടുകയെന്നതാണ് കാവിവല്‍ക്കരണത്തിന്റെ പ്രഥമവും പ്രധാനവുമായ അജണ്ട. അതായത് ആത്യന്തികമായി കോര്‍പ്പറേറ്റ് മൂലധന സേവയാണ് സവര്‍ണ ഹിന്ദു ഫാസിസത്തിന്റെ രാഷ്ട്രീയ ലക്ഷ്യം.

4. ഹിന്ദുത്വത്തിന്റെ മാത്രം സവിശേഷതയല്ല ഇത്. നിര്‍ദ്ദിഷ്ട ചരിത്രകാലങ്ങളില്‍ പുരോഗമനപരമായ പങ്ക് വഹിച്ചിട്ടുള്ള ബുദ്ധ, ക്രൈസ്തവ, ഇസ്ലാം മതങ്ങളും ഇന്നു ജീര്‍ണ്ണിച്ചിരിക്കുന്നു. ഈ മതാധിപത്യങ്ങളെല്ലാം സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനു സൃതമായി ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് മൂലധനത്തിനും ഭരണവ്യവസ്ഥക്കും വിടുപണി ചെയ്തുകൊണ്ടിരിക്കുന്നു. നാനാരൂപങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മതങ്ങളുടെ പുനരുജ്ജീവന ശ്രമങ്ങളും അവക്കു വിമോചക പരിവേഷം നല്‍കിവരുന്നള്ള ഉത്തരാധുനിക വീക്ഷണങ്ങളും നവഉദാരീകരണ ത്തിന്റെ താല്പര്യങ്ങളില്‍ നിന്നാണ് ഉരുത്തിരിയുന്നത്. ഇന്ത്യയില്‍ സവര്‍ണ ഹിന്ദുത്വശക്തികള്‍ നടത്തുന്ന സാമ്രാജ്യത്വ - കോര്‍പ്പറേറ്റ് പാദസേവക്കു സമാനമായ ധര്‍മ്മമാണ് പശ്ചിമേഷ്യയില്‍ ഇസ്ലാമിസ്റ്റുകളും ശ്രീലങ്കയിലും മ്യാന്‍മറിലും ബുദ്ധിസ്റ്റുകളും ഏറ്റെടുത്തിരിക്കുന്നത്. ഇപ്രകാരമുള്ള വ്യവസ്ഥാ സംരക്ഷണത്തിന്റെ ഭാഗമായാണ് ആധുനികകാലത്ത് സ്ത്രീകള്‍ക്കും, മതരഹിതര്‍ക്കും ഇതരമതസ്ഥര്‍ക്കും നാസ്തികര്‍ക്കു മെതിരെ മതശക്തികള്‍ കടന്നാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കോര്‍പ്പറേറ്റ് കേന്ദ്രങ്ങളില്‍ നിന്നും നിര്‍ലോഭമായ ഫണ്ടിങ്ങും മതശക്തികള്‍ക്കു ലഭിക്കുന്നു. ഈ സാഹചര്യത്തില്‍ കോര്‍പ്പറേറ്റ് വല്‍ക്കരണ ത്തിനെതിരെയും ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുമുള്ള മുന്നേറ്റങ്ങളുടെ, അതായത് ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ മുന്നുപാധി യും അടിസ്ഥാനവും മതേതരവും മതനിരപേക്ഷ വുമായ അഥവാ മതനിരപേക്ഷമായ ജനകീയ ഐക്യമാണ്. രാഷ്ട്രീയ സമ്പദ്ഘടനയില്‍ നിന്നും സാമൂഹ്യ സാംസ്‌കാരിക ജീവിതത്തില്‍ നിന്നും മതശക്തികളെ അകറ്റി നിര്‍ത്തുന്ന മതേതര - ജനാധിപത്യ ഐക്യത്തിലൂന്നുന്ന നിലപാടില്‍ നിന്നു കൊണ്ടു മാത്രമെ, ഫാസിസത്തിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടു പോകാനാകൂ. 

5. തീര്‍ച്ചയായും ഫാസിസത്തിനെതിരായ സമരം അമൂര്‍ത്തമായ പൊതു പ്രസ്താവങ്ങളില്‍ ഒതുക്കാവുന്നതല്ല. രാജ്യങ്ങളുടെയും ജനതകളുടെയും സവിശേഷ, സമൂര്‍ത്ത സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണത്. ഇന്ത്യയില്‍ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെയും ജനാധിപത്യാവകാശനിഷേധത്തിന്റെയും പ്രത്യയശാസ്ത്രം ഹിന്ദുത്വരാഷ്ട്രവാദമാണെങ്കില്‍ മുമ്പു സൂചിപ്പിച്ചതുപോലെ, പശ്ചിമേഷ്യയില്‍ അത് ഇസ്ലാമിക രാഷ്ട്രവാദവും ശ്രീലങ്കയില്‍ ബുദ്ധമതമൗലികവാദവും ആഫ്രിക്കയില്‍ ഗോത്രവാദവും മറ്റുമാണ്. ഇതര മതസ്ഥരുടെയും മതന്യൂനപക്ഷങ്ങളുടെയും മതരഹിതരുടെയും മറ്റും പൗരത്വനിഷേധവും ജനാധിപത്യ അവകാശ നിഷേധവും മതരാഷ്ട്രവാദത്തിന്റെ പൊതുസവിശേഷ തയാണ്. വംശീയവാദത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ജനസംഖ്യയില്‍ 14 ശതമാനത്തോളം വരുന്ന ഇസ്ലാം മത വിശ്വാസികളെയും (ഇസ്ലാമിക മതരാഷ്ട്രവാദത്തിലധി ഷ്ഠിതമായ ഒരു ഫാസിസ്റ്റ് ഭരണംരൂപം കൊള്ളാനുള്ള വസ്തുനിഷ്ട സാഹചര്യം ഇന്ത്യയിലില്ല.) സൂക്ഷ്മന്യൂനപക്ഷമായ ഇതര മതവിശ്വാസികളെയും പൗരത്വത്തിന് അവകാശികളായി കാണാന്‍ ഗോള്‍വല്‍ക്കറുടെ നിര്‍വചനപ്രകാരം സവര്‍ണ ഹിന്ദുത്വവാദികള്‍ക്കാവില്ല. ഇസ്ലാമിക മതരാഷ്ട്രങ്ങളിലാകട്ടെ നേരെതിരിച്ചും. തന്നിമിത്തം ഫാസിസത്തിനും ജനാധിപത്യനിഷേ ധത്തിനുമെതിരായ സമരം ഓരോ രാജ്യത്തിന്റെയും സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസൃതമാകാതെ തരമില്ല. 

6. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും മതരഹിതരായി രിക്കാനും ജനാധിപത്യത്തില്‍ അവകാശമുണ്ട്. മതവിശ്വാസിയാ യിരിക്കുമ്പോള്‍ തന്നെ മതം സാമൂഹ്യജീവിതത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നതിനെ എതിര്‍ക്കുമ്പോഴാണ് ഒരാള്‍ മതേതരവാദിയാകുന്നത്. ഇപ്രകാരം ആസ്തികര്‍ക്കും നാസ്തികര്‍ക്കും മതവിശ്വാസികള്‍ക്കും മതരഹിതര്‍ക്കും എല്ലാവരെയും ബാധിക്കുന്ന പൊതു രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക വിഷയങ്ങളില്‍ സഹവര്‍ത്തിക്കാനും സംവദിക്കാനും കഴിയുന്നതാണ് ജനാധിപത്യ മതേതര മണ്ഡലം. ഫാസിസത്തിനെതിരായ ജനകീയ മുന്നണി ഈ മണ്ഡലത്തിലാണ് നിലയുറപ്പിക്കേണ്ടത്. കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരെ ജനാധിപത്യത്തിലും മതേതരത്വത്തിലും ഊന്നുന്ന ഈ പൊതുമണ്ഡലത്തിന്റെ നിരന്തര വികാസത്തിലൂടെയേ ഫാസിസത്തെ ഫലപ്രദമായി ചെറുക്കാനാകൂ. മൂലധനാധിപത്യ ത്തിന്റെയും മതത്തിന്റെയും ജാതിയുടെയും ലിംഗവ്യത്യാസ ത്തിന്റെയും പരിസ്ഥിതി വിനാശത്തിന്റെയും മറ്റും പേരില്‍ മര്‍ദ്ദനമനുഭവിക്കുന്ന തൊഴിലാളികളും അദ്ധ്വാനിക്കുന്നവരും മര്‍ദ്ദിതരുമായ മഹാഭൂരിപക്ഷവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി അപ്രകാര മാണു രൂപം കൊള്ളുക. 

7. മതരാഷ്ട്രവാദികള്‍ക്കും മതം രാഷ്ട്രീയത്തിലും സംസ്‌കാര ത്തിലും സാമ്പത്തിക ജീവിതത്തിലും ഇടപെടണമെന്നു വാദിക്കുന്ന വര്‍ഗ്ഗീയവാദികള്‍ക്കും അപ്രകാരമുള്ള സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവ മതേതരവാദികള്‍ അല്ലാത്തതുകൊണ്ടു തന്നെ ഇപ്രകാരമൊരു ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണി അസ്വീകാര്യമായിരിക്കും. പ്രത്യേകിച്ചും കോര്‍പ്പറേറ്റ് മൂലധനകേന്ദ്രങ്ങളും വ്യവസ്ഥയുമായുള്ള ഇഴുകിച്ചേരല്‍ നിമിത്തം മതശക്തികള്‍ മുമ്പേതൊരു കാലത്തെക്കാളും നവഉദാരഘട്ടത്തില്‍ ജീര്‍ണ്ണിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഇതിനു വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയെ സംബന്ധിച്ചു പറയുകയാണെങ്കില്‍, മതന്യൂനപക്ഷ ങ്ങള്‍ക്കെതിരായ ഫാസിസ്റ്റു ശക്തികളുടെ കടന്നാക്രമണത്തെ നേരിടാന്‍ ന്യൂനപക്ഷ മേലങ്കി അണിയുന്ന മതരാഷ്ട്രവാദികളുടെ ശ്രമങ്ങള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളെ സഹായിക്കുകയാകും ചെയ്യുക. മര്‍ദ്ദിതര്‍ മതാടിസ്ഥാനത്തിലും ജാതി അടിസ്ഥാനത്തിലും സംഘടിക്കണമെന്ന ഉത്തരാധുനിക - സ്വത്വവാദവീക്ഷണങ്ങള്‍ നവഉദാരവാദത്തിന്റെ സൃഷ്ടികളാണെന്ന് തെളിയിക്കപ്പെട്ടതാണ്. അതോടൊപ്പം ചരിത്രത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ മണ്ഡലം വികസിപ്പിക്കുകയാണ് സുപ്രധാനമെന്നു കാണാതെ സാമൂഹ്യമാറ്റത്തിന് സൈനിക പരിഹാരം നിര്‍ദ്ദേശിക്കുന്ന അരാജകവാദികള്‍ക്കും ജനാധിപത്യ നിഷേധികള്‍ക്കും ഫാസിസത്തിനെതിരെ പോരാടാനാവില്ല. 

8. ഇന്ത്യയിലെ ഫാസിസവല്‍ക്കരണത്തെ യൂറോപ്യന്‍ ഫാസിസ ത്തില്‍ നിന്നു വ്യത്യസ്തമാക്കുന്ന സുപ്രധാന ഘടകങ്ങളിലൊന്ന് ഹിന്ദുത്വവാദികള്‍ ആധാരമാക്കുന്ന ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതിവ്യവസ്ഥയാണ്. ചാതുര്‍വര്‍ണ്യ- ബ്രാഹ്മണ്യത്തിന്റെയും വര്‍ണാശ്രമധര്‍മ്മത്തിന്റെയും മാര്‍ഗ്ഗരേഖയായിട്ടുള്ള മനുസ്മൃ തിയാകട്ടെ 'ഹിന്ദുമത'ത്തിനു പുറത്തു നില്‍ക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത - ആദിവാസിവിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും മൃഗപരിഗണനപോലും നല്‍കുന്നില്ല. ഇന്ത്യയിലെ ജാതിവ്യവസ്ഥ ജനാധിപത്യത്തിന്റെ സമ്പൂര്‍ണ്ണ നിഷേധമാണെന്ന് തിരിച്ചറിഞ്ഞ് ജാതി ഉന്മൂലനത്തിനു വേണ്ടി നിലകൊണ്ട ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിക്കൊണ്ടിരുന്നപ്പോള്‍ അതിനുപകരം മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയായി അംഗീകരിക്കണമെന്നു വാദിക്കുകയായിരുന്നു ആര്‍എസ്എസ് ചെയ്തത്. രാഷ്ട്രീയാ ധികാരം പോയിട്ട് വഴിനടക്കുന്നതടക്കം പ്രാഥമിക മനുഷ്യാവ കാശങ്ങളും ഭൂമിയടക്കമുള്ള ഉല്പാദനോപാധികളും വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ട് സവര്‍ണഹിന്ദുത്വത്തിന്റെ ചവിട്ടടികളില്‍ ആയിരത്താണ്ടുകളായി കഴിയേണ്ടിവന്ന ഇന്ത്യയിലെ മര്‍ദ്ദിത ജനകോടികളെ 'വിശാലഹിന്ദുത്വ'ത്തില്‍ കുരുക്കി കോര്‍പ്പറേറ്റ് സേവ നടത്താനാണ് നവഉദാരകാലത്ത് സംഘപരിവാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത്. ഈ സാഹചര്യ ത്തില്‍, ജാതിവോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്ന കോര്‍പ്പറേറ്റ് താല്പര്യങ്ങളെ പരാജയപ്പെടുത്തിയും നവഉദാര പ്രത്യയശാസ്ത്ര മായസ്വത്വരാഷ്ട്രീയത്തെ തുറന്നു കാട്ടിയും വര്‍ണാശ്രമ ധര്‍മ്മത്തെയും ജാതിവ്യവസ്ഥയെയും പൊളിച്ചടുക്കുംവിധം ജാതി ഉന്മൂലനം ലക്ഷ്യം വെക്കുന്ന വിശാല ജനാധിപത്യ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകേണ്ടതും സവര്‍ണ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. അതായത്, ദേശവ്യാപകമായ കോര്‍പ്പറേറ്റ് വിരുദ്ധ മതേതര - ജനാധിപത്യ പ്രസ്ഥാനത്തോ ടൊപ്പം ജാതി ഉന്മൂലന പ്രസ്ഥാനവും സവര്‍ണ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണിയിലെ പരമ പ്രധാന ഘടകമാണ്. 

9. ഫാസിസത്തിനെതിരായ സമരം കോര്‍പ്പറേറ്റ് - ഭരണവ്യവസ്ഥ ക്കെതിരായ രാഷ്ട്രീയ സമരമാണ്. തീര്‍ച്ചയായും ഭക്ഷണശീല ങ്ങളും, വസ്ത്രധാരണവും മുതല്‍ വിദ്യാഭ്യാസവും കലാസാഹി ത്യാദികളും വരെ സാമൂഹ്യജീവിതത്തിന്റെയും സംസ്‌കാര ത്തിന്റെയും മണ്ഡലത്തിലാണ് ജനങ്ങള്‍ക്ക് ഹിന്ദുത്വ ഫാസിസം കൂടുതല്‍ അനുഭവവേദ്യമാകുന്നത്. എന്നുമാത്രമല്ല, സംസ്‌കാര ത്തിന്റെ മണ്ഡലം മുമ്പേതൊരു ചരിത്രകാലഘട്ടത്തെക്കാളും പ്രകടമായി മുന്നോട്ടു വന്നിരിക്കുന്ന നവഉദാരകാലത്ത് ഫാസിസത്തിനെതിരായ സാംസ്‌കാരിക ഇടപെടലുകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ സാംസ്‌കാരിക മണ്ഡലത്തില്‍ അനുഭവപ്പെടുന്ന, നേരില്‍ കാണുന്ന ഫാസിസ്റ്റ് കടന്നാക്രമണ ങ്ങള്‍ക്ക് രാഷ്ട്രീയ സമ്പദ്ഘടനയിലെ അടിയൊഴുക്കുകളുമായി ബന്ധപ്പെട്ട് സവര്‍ണ ഹിന്ദുത്വശക്തികള്‍ നിറവേറ്റുന്ന പുത്തന്‍ കൊളോണിയല്‍ മൂലധനതാല്പര്യങ്ങളില്‍ നിന്നും ഭരണകൂടന യങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുകയെന്ന ഒരു വ്യതിചലനതന്ത്രം കൂടിയുണ്ട്. ഹിന്ദുത്വശക്തികളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഫാസിസവല്‍ക്കരണത്തിനു പിന്നിലെ നവഉദാര - കോര്‍പ്പറേറ്റ് അജണ്ട കാണാതിരിക്കുകയും അനുദിനം ശക്തിപ്പെടുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനെതിരായി രാഷ്ട്രീയ പരിഹാരമൊന്നും നിര്‍ദ്ദേശിക്കാനില്ലാതിരിക്കുകയും ചെയ്യുന്ന ഉത്തരാധുനികന്മാര്‍ 'രാഷ്ട്രീയഭരണകൂടം' 'സാംസ്‌കാരിക ഭരണകൂട'മായി മാറിയെന്നുള്ള ഭാഷ്യങ്ങള്‍ ചമക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കാണേണ്ടതുണ്ട്. കഴിഞ്ഞ രണ്ടര ദശാബ്ദക്കാലമായി നിരന്തരം ഊര്‍ജ്ജിതമാകുന്ന നവഉദാരനയങ്ങള്‍ ക്കെതിരെ ഒരു ബദല്‍ പരിപാടിയും മുന്നോട്ടുവെക്കാനില്ലാതെ അതിന്റെ നടത്തിപ്പുകാരായി മാറിയ ഇടതു മേലങ്കിയണിയുന്ന വരും കോര്‍പ്പറേറ്റ് ഫാസിസത്തിനെതിരെ ഒരു രാഷ്ട്രീയ ബദല്‍ മുന്നോട്ടു വെക്കാതെ അതിനെ കേവലമൊരു 'സാംസ്‌കാരിക' വിഷയമാക്കി ചുരുക്കുന്നതില്‍ പങ്കുവഹിക്കുന്നു. 

10. ഈ സാഹചര്യത്തില്‍ രാഷ്ട്രീയമെന്നും സംസ്‌കാരമെന്നുമുള്ള അറകളിലൊതുക്കാതെ ഫാസിസത്തിനെതിരെ സര്‍വതല സ്പര്‍ശിയായ വിശാല ജനകീയമുന്നണി കെട്ടിപ്പടിക്കുകയാ ണാവശ്യം. ഒട്ടുമിക്കപ്പോഴും ഇതരമതസ്ഥരെക്കാളും മതരഹിത രെക്കാളും വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ കടന്നാക്രമണത്തിന് വിധേയരാകുന്നത് അതാതു മതങ്ങളിലെ മതനവീകരണവാദികളും മതഭ്രാന്തിനെയും മതാധിപത്യത്തെയും വിമര്‍ശിക്കുന്ന മതവിശ്വാ സികളുമാണ്. മതത്തിനു പുറത്തു നിന്ന് അതിനെവിമര്‍ശിക്കു ന്നവരെക്കാള്‍ പീഢനങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും എളുപ്പം വിധേയരാകുന്നത് മതത്തിനുള്ളില്‍ നിന്നുകൊണ്ട് അതിനെ നവീകരിക്കാന്‍ ശ്രമിക്കുന്നവരാണെന്നതിന് ചേകന്നൂര്‍ മൗലവിയു ടേതടക്കം നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. മധ്യകാലഘട്ടത്തിലെ ക്രിസ്ത്യന്‍ മതാന്ധതക്കെതിരായ പോരാട്ടത്തില്‍ 'മതനവീകരണ പ്രസ്ഥാനം' വഹിച്ച പങ്ക് തിരിച്ചറിയണം. ജനകീയ സാംസ്‌ക്കാരി പ്രവര്‍ത്തകര്‍ക്കുമുന്നേറാനാവില്ല.തന്നിമിത്തം മതവിരുദ്ധമോ മതത്തെ ഫാസിസവുമായി സമീകരിക്കുന്നതോ ആയ സമീപനങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയാകും ചെയ്യുക. ഉദാഹരണത്തിന്, ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിന്റെ ഹിന്ദുമതവിശ്വാസത്തില്‍ നിന്നും ഒരു സൂക്ഷ്മ ന്യൂനപക്ഷത്തി ന്റെ സവര്‍ണഹിന്ദുത്വ വാദത്തെ വേര്‍തിരിച്ചറിയേണ്ടത് ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ നിര്‍ണായകമാണ്. ആയതിനാല്‍, മതത്തെയും ഈശ്വരവിശ്വാസത്തെയും സംബന്ധിച്ചെല്ലാമുള്ള ആശയസംവാദങ്ങളും ശാസ്ത്രീയവിലയിരുത്തലുകളും ജനാധിപത്യത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ മതത്തോടുള്ള കേവല യുക്തി സമീപനങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതിന് അവസരമുണ്ടകരുത്. 

11. വളരെ ചുതുക്കത്തില്‍ കോര്‍പ്പറേറ്റ് മൂലധനാധിപത്യത്തെ അവഗണിക്കുന്ന ഫാസിസ്റ്റു വിരുദ്ധ നാട്യങ്ങള്‍ നിഴലിലോടു യുദ്ധം ചെയ്യുന്നതുപോലെയാണ്. 1920 കളിലും 30 കളിലും മുതലാളിത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചതിന്റെയും അന്തര്‍ സാമ്രാജ്യത്വ വൈരുദ്ധ്യങ്ങളുടെയും ജര്‍മ്മന്‍ - ഇറ്റാലിയന്‍ ബൂര്‍ഷ്വാസിയുടെ സാമ്രാജ്യത്വ അതിമോഹങ്ങളു ടെയുമെല്ലാം പരിണതിയെന്നോണം രൂപം കൊണ്ടതാണ് യൂറോപ്യന്‍ ഫാസിസമെങ്കില്‍, സാമ്രാജ്യത്വത്തിന് ദാസ്യവൃത്തി ചെയ്യുന്നതില്‍ അധിഷ്ഠിതമാണ് ഇന്ത്യയിലെ സവര്‍ണഹിന്ദുത്വ ഫാസിസം. ഹിന്ദുത്വവാദത്തിലധിഷ്ഠിതമായ ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകളെ സജീവമാക്കി നിര്‍ത്തുന്നതില്‍ സാമ്രാജ്യത്വ - കോര്‍പ്പറേറ്റ് കേന്ദ്രങ്ങള്‍ക്കുള്ള അതീവതാല്പര്യ വും സവിശേഷ പങ്കും സുവ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. എന്നാലതേസമയം, കഴിഞ്ഞ രണ്ടര ദശാബ്ദകാലത്തെ നവഉദാര - ആഗോളീകരണ നയങ്ങളിലൂടെ രൂപം കൊണ്ട നഗര കേന്ദ്രിത മധ്യവര്‍ഗ്ഗങ്ങളെയും 1920കളില്‍യൂറോപ്പില്‍ കണ്ടതുപോലെ ലുമ്പന്‍ വിഭാഗങ്ങളെയും പരസ്പര വിരുദ്ധവും കപടവുമായ വാചാടോപങ്ങളിലൂടെ വ്യാമോഹങ്ങളില്‍ കുടുക്കി ആകര്‍ഷിച്ച് തീവ്ര വര്‍ഗ്ഗീയ വല്‍ക്കരണത്തിലൂടെ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയാധികാരം ഉറപ്പിക്കുകയാണ് ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസ്റ്റ് പരിപാടി. ഒരു പിടി കോര്‍പ്പറേറ്റുകളുടെയും സമ്പന്ന - സവര്‍ണ്ണ വിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്ന ഈ അജണ്ട രാജ്യത്തെ തൊഴിലാളികളും കര്‍ഷകജനതയും സ്ത്രീകളും ദളിത്, ആദിവാസി, മത - ലൈംഗികന്യൂനപക്ഷങ്ങളെല്ലാമടക്കമുള്ള മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മേല്‍ തീവ്ര വലതു സാമ്പത്തിക നയങ്ങളുടെയും പിന്തിരിപ്പന്‍ കമ്പോള - ഫ്യൂഡല്‍ സംസ്‌കാരത്തിന്റെയും രൂപത്തിലാണ് കെട്ടഴിച്ചു വിട്ടിരിക്കുന്നത്. ഈ പ്രക്രീയയുടെ പരസ്പര ബന്ധിതമായ രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മാനങ്ങള്‍ തിരിച്ചറിഞ്ഞ് എല്ലാത്തരം വര്‍ഗീയ വല്‍ക്കരണത്തെയും ജാതീയമായ അടിച്ചമര്‍ത്തലിനെയും ചെറുത്തു തോല്പിച്ച് ഏറ്റവും വിശാലമായ കോര്‍പ്പറേറ്റ് വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ ജനകീയ ഐക്യം നേടിയെടുക്കുക യെന്നതാണ് പുരോഗമന - ജനാധിപത്യ - മതേതരവാദികളുടെ അടിയന്തര കടമ.