"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2016, ജൂൺ 8, ബുധനാഴ്‌ച

അജ്ഞാതനായ അയ്യന്‍കാളി - ദലിത്ബന്ധു എന്‍ കെ ജോസ്ശ്രീ. അയ്യന്‍കാളി മണ്‍മറഞ്ഞിട്ട് ഇപ്പോള്‍ 68 വര്‍ഷം കഴിഞ്ഞതേയുള്ളൂ. എനിക്ക് വയസ്സ് 81 ഉണ്ട്. അയ്യന്‍കാളി കേരളത്തിലെ ഇന്നത്തെ ജനസംഖ്യയുടെ ഏതാണ്ട് ഇരുപതു ശതമാനം വരുന്ന അധ:സ്ഥിത വിഭാഗത്തിനു വേണ്ടി മുക്കാല്‍ നൂറ്റാണ്ടുകാലം വിശ്രമമെന്യേ പ്രയത്‌നിച്ച മഹാനാണ്. അതിന്റെ ഫലമായി ആ ജനവിഭാഗത്തില്‍ വലിയ മാറ്റം ഉണ്ടാകുകയും ചെയ്തു. ഇന്നു ഉത്തരേന്ത്യയിലെ ദലിത് ജനവിഭാഗത്തില്‍ നിന്നും കേരളത്തിലെ ദലിത് ജനതയ്ക്ക് സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാ ഭ്യാസ രംഗങ്ങളില്‍ കൂടുതല്‍ പുരോഗതി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെ ങ്കില്‍ അത് അയ്യന്‍കാളിയുടെ പ്രവര്‍ത്തനം മൂലം സംഭവിച്ചി ട്ടുള്ളതാണ് എന്ന കാര്യത്തില്‍ സംശയമില്ല. നാരായണഗുരുവിന് അക്കാര്യ ത്തിലുള്ള പങ്കാളിത്തം അയ്യന്‍കാളിയിലൂടെ സംഭവിച്ചി ട്ടുള്ളതാണ്. പിന്നെ പറയാവുന്നത് ഇവിടെ വന്ന യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനമാണ്. അയ്യന്‍കാളിക്ക് ശേഷം ആ രംഗത്ത് സംഭവിച്ചത് സാര്‍ത്ഥവാഹകസംഘത്തിന്റെ തിരിച്ചു പോക്കായിരുന്നു. 

അന്നൊരു അയ്യന്‍കാളി ഇവിടെ ജീവിച്ചിരുന്നതു കൊണ്ടാണ് ഇന്ന് ഇവിടത്തെ രണ്‍വീര്‍സേന പത്തിമടക്കി മാളത്തില്‍ ഒളിച്ചിരിക്കുന്നത്. അന്നവര്‍ ബാലരാമപുരത്തും നെടുമങ്ങാട്ടും ചാലിയതെരുവിലും കഴക്കൂട്ടത്തുമെല്ലാം തങ്ങളുടെ ശക്തി ഉപയോഗിച്ച് ദലിതരെ അടിച്ചമര്‍ത്താന്‍ നോക്കി പരാജയപ്പെട്ടു പിന്‍വാങ്ങി. പേര് രണ്‍വീര്‍സേന എന്നല്ലായിരുന്നു എന്നു മാത്രം. ആള്‍ ഒന്നുതന്നെ. സവര്‍ണ്ണരും അവരുടെ ഗുണ്ടകളും. അയ്യന്‍കാളിയുടെ ഒരു ശിഷ്യനായിരുന്ന കപ്യാരാശാന്റെ നേതൃത്വത്തില്‍ അന്ന് ഇരുപത്തഞ്ച് ദലിത് യുവാക്കളാണ് ഇരുനൂറ്റിയന്‍മ്പതോളം നായര്‍ ചട്ടമ്പിമാരെ അടിച്ച് പരാജയ പ്പെടുത്തി മടക്കി ഓടിച്ചത്. ദലിത്മാടങ്ങളിലെല്ലാം കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തിയും അവിടെയുള്ള ആട് കോഴി തുടങ്ങിയവയെല്ലാം കവര്‍ന്നെടുത്തും മുന്നേറിയ ചട്ടമ്പികളോട് അവസാനം ജീവന്‍കൊടു ത്തും ഏറ്റുമുട്ടാന്‍ തയ്യാറായി എത്തിയവരാണ് കപ്യാരാശാനും കൂട്ടരും. ജന്മി ഗുണ്ടകളുടെ തോക്കിനെ ഭയപ്പെടാതെ ഇന്ന് ദലിത് സ്ത്രീകള്‍ക്ക് സമാധാനമായി സ്വന്തം കുടിലുകളില്‍ കിടന്നുറങ്ങാന്‍ കഴിയുന്നത് അന്നു കപ്യാരാശാന്റെ നേതാവ് അയ്യന്‍കാളി നടത്തിയ സേവനത്തി ന്റെ ഫലമായിട്ടാണ്. അതെല്ലാം അനുസ്മരിക്കുന്ന എത്രപേര്‍ ഇന്നുണ്ട്? എത്ര ദലിത് യുവാക്കളുണ്ട്? ബീഹാറില്‍ ഇന്നെങ്കിലും ഒരു അയ്യന്‍കാളി ജനിച്ചിരുന്നൂവെങ്കില്‍ അവിടുത്തെ സഹോദരങ്ങള്‍ രക്ഷപ്പെടുമായിരുന്നു. 

ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലെയും ബീഹാറിലെയും മറ്റും സവര്‍ണ്ണരേക്കാള്‍ ഒട്ടും മോശക്കാരല്ല കേരളത്തിലെ സവര്‍ണ്ണര്‍. ഇന്ത്യയില്‍ മൊത്തം ജാതിവ്യവസ്ഥയും അയിത്തവും 64 അനാചാരങ്ങളും ഏര്‍പ്പെടുത്തികൊണ്ട് മഹത്തായ ബുദ്ധമതത്തെ വേരോടെ പിഴുതെറിഞ്ഞു എന്ന അവകാശവാദം പുറപ്പെടു വിക്കുന്ന ആദി ശങ്കരാചാര്യര്‍ ഈ കേരളത്തിന്റെ തന്നെ സന്തതിയാണ് എന്നാണ് പറയുന്നത്. ആ ശങ്കരാചാര്യര്‍ എന്ന ഗുരുവിനെ അവഗണിച്ചതിന്റെ ഫലമായിട്ടാണ് കേരളത്തില്‍ തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും നിഴല്‍വീണുകൂടായ്മയും ഇത്ര ശക്തമായി പ്രാബല്യത്തില്‍ വന്നത് എന്ന ഒരു വിചിത്രവാദം അടുത്തദിവസം ശ്രീ. പി.പരമേശ്വരന്‍ ഉന്നയിക്കു കയുണ്ടായി.7 ശങ്കരാചാര്യര്‍ തന്നെ ഒരു ഐതിഹ്യമാണ്. ആ ഐതിഹ്യമനുസരിച്ച് ആദിശങ്കരാചാര്യരെ അവഗണിക്കുകയും ചെയ്തത് ബ്രാഹ്മണരാണ്. അതിന്റെ ശിക്ഷ ചണ്ഡാലര്‍ക്കും. എന്തൊരു നീതി. എന്നാല്‍ അതേ ഐതിഹ്യമനുസരിച്ചുതന്നെ ശങ്കരാചാര്യര്‍ക്കുമുന്നേ ഇവിടെ അയിത്തമുണ്ടായിരുന്നുവെന്ന് പറയുന്നുണ്ട്. അദ്ദേഹം കുളിച്ചുവരുമ്പോള്‍ എതിരെ ഒരു ചണ്ഡാലന്‍ വരികയും അയാളോട് ശങ്കരാചാര്യര്‍ മാറിപോകാന്‍ പറയുകയും അപ്പോള്‍ ആരാണ് മാറേണ്ടത് എന്നിലെ ദേഹമോ ദേഹിയോ എന്ന് ചോദിക്കുകയും ചെയ്ത കഥ നിലവിലുണ്ടല്ലോ. ദേഹം മായയും ദേഹി ശങ്കരാചാര്യരിലും ചണ്ഡാലനിലും സ്ഥിതിചെയ്യുന്നത് ഒന്നുതന്നെയാണ് എന്ന് ചണ്ഡാലന്‍ അവിടെ വിശദീകരിച്ചുപോലും. തെളിവുകളൊന്നുമില്ലെങ്കിലും ആ ശങ്കരാചാര്യര്‍ കേരളീയനാണ് എന്നാണ് ഇപ്പോള്‍ അവകാശ പ്പെടുന്നത്. 'യുക്തിരഹിതമെന്നോ പക്ഷപാതപരമെന്നോ അതിനെ പുശ്ചിക്കാം' എന്നു പറഞ്ഞുകൊണ്ടാണെങ്കില്‍പ്പോലും ശ്രീ. പി.പരമേശ്വരനെപ്പോലുള്ള ഒരു തത്വജ്ഞാനിയില്‍ നിന്നും അപ്രകാരം ഒരഭിപ്രായം വന്നതില്‍ അല്‍ഭുതപ്പെടുകയോ ഖേദിക്കുകയോ എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞുകൂട. അതുകൊണ്ട് തന്നെ വ്യക്തമാണ് കേരളത്തിന്റെ ആ രംഗത്തെ കഴിവ്. വേലുത്തമ്പിയും പാലിയത്തച്ഛനും പഴശ്ശിരാജയുമെല്ലാം ചെയ്തത് അറിയാമല്ലോ.8 പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിക്ക് എത്രപ്രാവശ്യമാണ് മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെടേണ്ടി വന്നത്.9 കല്ലറ സുകുമാരന്റെ അമ്മ മരിച്ചപ്പോള്‍ കുഴിച്ചിടാന്‍ ആറടി മണ്ണ് ലഭിക്കാതെ കരിങ്കല്‍കെട്ടി കായലിന്റെ നടുക്ക് താഴ്‌ത്തേണ്ടി വന്നത് അത്ര പണ്ടൊന്നുമല്ല. അയ്യന്‍കാളി യുടെ പ്രേതത്തെ പേടിച്ചാണ് ഇന്ന് ഈ സവര്‍ണ്ണ തമ്പുരാക്കന്‍ മാരുടെ പടനായകന്മാര്‍ കുറച്ചെങ്കിലും പത്തിമടക്കിയിരിക്കുന്നത്. അല്ലെങ്കില്‍ കേരളത്തിലും സിന്ദൂരും നാഗപ്പൂരും ബല്‍ചിയും പിപ്രിയുമെല്ലാം ആവര്‍ത്തിക്കുമായിരുന്നു. ലക്ഷമണ്‍പൂരും ശങ്കരബിഹായും ദലേല്‍ചൗക്കും ഇവിടെയും ഉണ്ടാകുമായിരുന്നു എന്നത് ഒരു സത്യം മാത്രമാണ്.

കേരളത്തിലെ ദലിത് ജനതയുടെ മാത്രമല്ല കേരളത്തിലെ മൊത്തം ജനസമൂഹത്തിന്റെ ജീവിതത്തില്‍ തന്നെ കഴിഞ്ഞ ഒരു സഹസ്രാബ്ദത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാറ്റം വരുത്തിയിട്ടു ള്ള വ്യക്തി അയ്യന്‍കാളിയാണ്. അടിമകളിലുണ്ടായ മാറ്റത്തിന്റെ പ്രത്യാഘാതം ഉടമകളെയും ബാധിച്ചു എന്നതാണ് അതിന്റെ കാരണം. അതിന്റെ ഫലമായി അത് മുഴുവന്‍ ജനതയേയും ഉള്‍ക്കൊണ്ടു. കുളത്തിന്റെ ഏറ്റവും അടിയില്‍ ഒരു സ്‌ഫോടനം ഉണ്ടായാല്‍ അത് കുളത്തിലെ മുഴുവന്‍ വെള്ളത്തെയും ബാധിക്കും. പക്ഷെ അതൊന്നും അംഗീകരിക്കാന്‍ ഇന്നും സവര്‍ണ്ണര്‍ തയ്യാറായിട്ടില്ല. അവര്‍ണ്ണര്‍ക്ക് അതൊട്ട് അറിഞ്ഞും കൂടാ.

വി.ടി ഭട്ടതിരിപ്പാടിന്റെ അനുജത്തി, ഭാര്യാ സഹോദരി, വിധവയായപ്പോള്‍ എം.ആര്‍.ബി. അവരെ വിവാഹം ചെയ്തു. നമ്പൂതിരിസമുദായത്തില്‍ വിധവകളുടെ പുനര്‍വിവാഹം നിരോധിച്ചിരുന്ന പ്പോഴാണ് അത് നടന്നത്. അത് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമാണെന്ന് വിശേഷിപ്പിച്ച് മാതൃഭൂമി ദിനപത്രം അതേപറ്റി ഒരു മുഖപ്രസംഗം എഴുതുകകൂടി ചെയ്തു. അവരൊന്നും അയ്യന്‍കാളിയെ അറിഞ്ഞിരുന്നില്ല, ഇന്നും അറിയുന്നില്ല. ഒരു മുഖപ്രസംഗവും ഇന്നുവരെ അയ്യന്‍കാളിയെ പറ്റി അവര്‍ എഴുതിയിട്ടില്ല. അത് മാതൃഭൂമിയുടെ മാത്രം സ്വഭാവവിശേഷമല്ല. മലയാളത്തിലെ അതിലേറെ പാരമ്പര്യം അവകാശപ്പെടുന്ന മറ്റ് മുത്തശ്ശി പത്രങ്ങളും അക്കാര്യത്തില്‍ സ്വീകരിച്ച നയം അതുതന്നെയാണ്. വിധവയുടെ വിവാഹം ആ ബ്രാഹ്മണന്റെ ഇല്ലത്തെ അടിയാളര്‍ പോലും അറിഞ്ഞിരിക്കുകയില്ല, അറിഞ്ഞാല്‍ തന്നെ അവരുടെ ജീവിതത്തെ ഒരുവിധത്തിലും അത് ബാധിക്കുന്നതല്ല. പല ബ്രാഹ്മണഇല്ലങ്ങളും ആ സംഭവത്തെ കലികാലവിശേഷം'എന്നുപറഞ്ഞ് പുച്ഛിച്ചു. എന്നാല്‍ അയ്യന്‍കാളി വില്ലുവണ്ടിയില്‍ കയറി ബാലരാമപുരത്തേയ്ക്കും ചാലിയ തെരുവിലേയ്ക്കും ജൈത്രയാത്ര നടത്തിയപ്പോള്‍ അയ്യന്‍കാളിയുടെ വംശജരായ ദലിതര്‍ അതിലഭിമാനിച്ചു. അയ്യന്‍കാളിയോടൊത്ത് പൊതുനിരത്തിലൂടെ നടക്കാന്‍ അവര്‍ ഓടിയെത്തി. സവര്‍ണ്ണ വംശജര്‍ അതില്‍ രോക്ഷാകുലരായി. പിന്നെ വര്‍ഷങ്ങളോളം തിരുവനന്തപുര ത്തേയും മറ്റും പോറ്റിമാരുടെ അന്തര്‍ജനങ്ങളും മറ്റും വീടിനുപുറത്തിറ ങ്ങിയില്ല. അയ്യന്‍കാളിപട തീണ്ടും എന്ന ഭയമാണ് അവര്‍ക്കുണ്ടായിരു ന്നത്. അങ്ങനെ അവരുടെ ജീവിതത്തിലെ പല മാറ്റങ്ങള്‍ക്കും അയ്യന്‍കാളി കാരണക്കാര നായി. പക്ഷെ അതൊന്നും സവര്‍ണ്ണര്‍ക്ക് വാര്‍ത്തയല്ല. ചരിത്ര സംഭവമല്ല. അയ്യന്‍കാളിയെ അവര്‍ തമസ്‌ക്കരിച്ചു. അന്നത്തെ ചരിത്രകാരന്‍മാര്‍ മാത്രമല്ല ഇന്നത്തെ ചരിത്രകാരന്‍മാരും അയ്യന്‍കാളിയെ തമസ്‌ക്കരിക്കുകയാണ്. കേരളം മലയാളികളുടെ മാതൃഭൂമിയാണ് എന്നുപറയുമ്പോള്‍ കേരളത്തിലെ ആദ്യത്തെ മലയാളി ആരെണെന്ന് അവര്‍ പറയുന്നില്ല. അവരുടെ ഇന്നത്തെ നേതാവിനെ അറിയുന്നില്ല. അവരുടെ ഇന്നത്തെ നില അറിയുന്നില്ല. അസുരന്‍മാരു ടെയും കാട്ടാളന്‍മാരുടെയും രാക്ഷസന്‍മാരുടെയും വാനരന്‍മാരുടെയും കഥ മലയാളികളുടെ മാതൃഭൂമിയില്‍ പറയേണ്ടതില്ലല്ലോ, അതാണ് ചെയ്തിരിക്കുന്നത്. മലയാളി എന്നാല്‍ നായര്‍ എന്നാണ് അവര്‍ അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. പുറത്ത് നിന്നും കടന്ന് കയറിവന്ന ബ്രാഹ്മണര്‍ക്ക് സ്വന്തം സ്ത്രീകളെ സമര്‍പ്പിക്കുന്നവര്‍ മാത്രമാണ് മലയാളികള്‍. ഉദയംപേരൂര്‍ സുനഹദോസിന്റെ (1599) കാനോനകളില്‍ പോലും കൊടുത്തിരിക്കുന്ന അര്‍ത്ഥം അതാണ്.10 നമ്പൂതിരിമാര്‍ക്ക് പെണ്ണ് കൊടുക്കാത്തവര്‍ക്കു നാടില്ലപോലും. അവര്‍ക്കു നാടുമായി ബന്ധമില്ല പോലും. നമ്പൂതിരി പുറത്ത് നിന്ന് കയറിവന്നപ്പോള്‍ അവരുടെ കൂടെ സ്ത്രീകള്‍ വളരെ കുറവായിരുന്നു. എല്ലാകുടിയേറ്റങ്ങളും അങ്ങനെയാ ണല്ലോ. ആ കുറവ് പരിഹരിക്കാന്‍ ഇവിടെ അവരെ സ്വീകരിച്ചവരെ നമ്പൂതിരി ഉപയോഗിച്ചു. അവന്‍ പറഞ്ഞു നിങ്ങളാരും മേലില്‍ വിവാഹം കഴിക്കേണ്ട. നിങ്ങളുടെ സ്ത്രീകളെ സംബന്ധത്തിനായി ഞങ്ങള്‍ക്ക് വിട്ടുതരിക. നിങ്ങളും അവരെ സംബന്ധം ചെയ്തു കൊള്ളുക. അങ്ങനെയാണ് മലയാളി സംബന്ധക്കാരനായത്.

ഇന്ന് കൊടുങ്ങല്ലൂരിനടുത്തുള്ള പട്ടണം എന്ന പ്രദേശത്തു നടത്തിയ ഗവേഷണങ്ങളുടെ ഫലമായി കേരളചരിത്രത്തെപ്പറ്റി പല പുതിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഭൂനിരപ്പില്‍ നിന്നും മൂന്നു മീറ്റര്‍ താഴെ ഒറ്റത്തടി വഞ്ചിയും കടവും വഞ്ചി കെട്ടാനുള്ള തേക്കിന്‍കുറ്റിയും വടം, കുരുമുളക്, ഏലം, കുന്തിരിക്കം,അരി അങ്ങിനെ പലതും കണ്ടുകിട്ടി. അത് ഒരു വലിയ വാണിജ്യ കേന്ദ്രമായിരുന്നു. അതിന്റെ പഴക്കം രണ്ടായിരം വര്‍ഷത്തില ധികമാണ് എന്ന് ജോര്‍ജ്ജിയ സര്‍വ്വകലാശാലയില്‍ നടന്ന പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. അന്ന് ഇങ്ങനെയൊരു വാണിജ്യകേന്ദ്രം കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍ റോമാക്കാ രോ ഗ്രീക്കുകാരോ അതുപോലുള്ള വിദേശികളോ മാത്രം വിചാരിച്ചാല്‍ നടക്കുമോ? അവരോടു സഹകരിക്കുവാന്‍ നാട്ടുകാരും വേണമല്ലോ. ആരായിരുന്നു ആ നാട്ടുകാര്‍? ആ വിദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിവുള്ള ആ നാട്ടുകാര്‍ ആരായിരുന്നു? അവരുടെ പിന്‍ഗാമികള്‍ ആരെങ്കിലും ഇന്ന് ഇവിടെ ഉണ്ടോ? അവിടെ ഗവേഷണം നടത്തുന്നവരും ആ ഗവേഷണഫലം പൊക്കിപ്പിടിച്ചുകൊണ്ടു നടക്കുന്നവരും ഉപേക്ഷിച്ച വിഷയമാണിത്. അത് ബോധപൂര്‍വ്വമുള്ള ഒരു തമസ്‌ക്കരണമാണ്. ഏതായാലും ഇന്നത്തെ ബ്രാഹ്മണരുടെയോ തത്തുല്യരായവരുടെയോ മുന്‍ഗാമികളാരും അന്ന് ഇവിടെ ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ക്ക് കടല്‍ അയിത്തമാണ്. വ്യാപാരം നിഷിധമാണ്. ഉണ്ടായിരുന്നത് ഇന്നത്തെ ഇവിടുത്തെ ദലിതരുടെ മുന്‍ഗാമികളാണ്. അതാണ് അയ്യന്‍കാളിയുടെ പൂര്‍വ്വികര്‍. അവരെ എത്ര ബോധപൂര്‍വ്വമാണ് ചരിത്രത്തില്‍ നിന്നും തമസ്‌ക്കരിക്കുന്നത്. ഇന്നും തമസ്‌ക്കരിക്കുന്നത്. ഏ.ഡി. ആദ്യനൂറ്റാണ്ടുകളിലെ കേരളീയര്‍ വെറും പെറുക്കിത്തീനിക ളായിരുന്നുവെന്നും അന്ന് കേരളം നാഗാലാന്റിനെപ്പോലെയും മേഘാലയെപ്പോലെയും വെറും വന്യപ്രദേശമായിരുന്നു വെന്നുമെല്ലാം വാദിച്ച പി.കെ.ബാലകൃഷ്ണനെ പൊക്കിപ്പിടി ച്ചവര്‍11 തങ്ങള്‍ക്കു സംഭവിച്ച അമളി ഇന്നും തിരുത്തുവാന്‍ തയ്യാറല്ല. സത്യം അംഗീകരിക്കുവാന്‍ മടിയാണ്.

അയ്യന്‍കാളി തന്റെ ജീവിതകാലം മുഴുവനും ആര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവോ അവര്‍ക്കുപോലും ഇന്നും അദ്ദേഹത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അദ്ദേഹത്തെപ്പറ്റി അനുയായികള്‍ അറിയണമെന്ന് താല്‍പര്യ പ്പെടുന്നത് അദ്ദേഹത്തിന്റെ പേരിനും പ്രതാപത്തിനും വേണ്ടിയല്ല. അദ്ദേഹം മൂലം തങ്ങള്‍ക്ക് ലഭിച്ചത് എന്തെല്ലാമാണ് എന്നറിഞ്ഞാല്‍ മാത്രമേ അത് കൈകാര്യം ചെയ്യുവാ നുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകുകയുള്ളൂ. ആ കാരണ ത്താലെങ്കിലും അദ്ദേഹത്തെപ്പറ്റിയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ങ്ങളെപ്പറ്റിയും വിശദമായി അറിയേണ്ട ബാധ്യത ദലിതര്‍ക്കുണ്ട്. അയ്യന്‍കാളി സ്ഥാപിച്ച സ്‌കൂളിന്റെ പ്രാധാന്യം അറിഞ്ഞപ്പോഴാണ് ഒരു നൂറ്റാണ്ടിന് ശേഷം 2009 ജൂണ്‍ 1-ാം തീയതി അതിനെ വിപുലീ കരിച്ച് ആധുനിക രീതിയിലാക്കാന്‍ കെ.പി.എം. എസുകാര്‍ തയ്യാറായത്. ദലിതര്‍ക്ക് ഒരു നല്ല സ്‌ക്കൂള്‍ ഉണ്ടാകുക എന്നത് സ്‌ക്കൂളിന്റെ കുത്തകക്കാരായ ജാതി-മത മേധാവികള്‍ക്ക് ദോഷം ചെയ്യന്നതാണ്. അതവരുടെ വ്യവസായത്തിന് ക്ഷീണമാണ്.

ആധുനിക ദലിത് തലമുറ അയ്യന്‍കാളിയെപ്പറ്റി കൂടുതല്‍ അറിയുന്നതുകൊണ്ട് അപകടം സംഭവിക്കുന്ന തല്‍പ്പരകക്ഷികള്‍ ഇന്നും ഈ രാജ്യത്തുണ്ട്. അയ്യന്‍കാളിയെപറ്റിയുള്ള അറിവ് ദലിതര്‍ക്കുണ്ടാ കുന്നത് ഇന്നും ദലിതരെ ചൂഷണം ചെയ്തു കൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് ആ ചൂഷണം നിലനിര്‍ത്തു ന്നതിനും തുടരുന്നതിനും ഹാനികരമാണ്. ഈ രാജ്യത്ത് പത്ത് കൊച്ച് അയ്യന്‍കാളിമാരുണ്ടായാല്‍ പിന്നെ സവര്‍ണ്ണരുടെ ചൂഷണ ഓഫീസ് പൂട്ടേണ്ടിവരും എന്ന് തീര്‍ച്ചയാണ്. അതിനാല്‍ അവര്‍ ഒളിഞ്ഞും തെളിഞ്ഞും ഗൂഢോദ്ദേശം നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. അയ്യന്‍കാളിയെ ബോധപൂര്‍വ്വം തമസ്‌ക്കരിക്കുന്നുണ്ട്. പത്ത് ബി.എക്കാരെ കണ്ടുമരിച്ചാല്‍ മതിയെന്നാണ് 1937 ജനുവരി 14-ാം തീയതി അയ്യന്‍കാളി പറഞ്ഞത്. തന്റെ സമുദായത്തില്‍പെട്ട പത്തുപേര്‍ക്ക് ബി.എയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനെ പറ്റിയല്ല; പത്ത് കൊച്ച് അയ്യന്‍കാളികളെപ്പറ്റിയാണ് അദ്ദേഹം അപ്പോള്‍ ചിന്തിച്ചത് എന്ന് ആ സന്ദര്‍ഭം പഠിച്ചാല്‍ വ്യക്തമാണ്. 

അന്ന് അയ്യന്‍കാളി എന്തിനെല്ലാം ആഹ്വാനം ചെയ്തുവോ അതെല്ലാം നടപ്പാക്കാന്‍ ഇന്നത്തെ ദലിത് യുവാക്കള്‍ തയ്യാറാ യാല്‍ പിന്നെ ഇവിടെ ജാതിവ്യവസ്ഥിതിയുടെ ക്രൂരതകള്‍ ഒന്നും നിലനില്‍ക്കുകയില്ല; ഉച്ചനീചത്വങ്ങള്‍ അവസാനിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ദലിത് ഉദ്യോഗസ്ഥന്‍മാരുടെമേല്‍ സവര്‍ണ്ണര്‍ നടത്തുന്ന ക്രൂരവിനോദങ്ങള്‍ക്ക് മതിയായ തിരിച്ചടി ലഭിക്കും. അധികാരത്തിന്റെ ന്യായമായ പങ്കാളിത്തം ദലിതര്‍ക്ക് തിരിച്ചു ലഭിക്കും. പലരുടെയും ഏകശാസനം അവസാനിക്കും, പലര്‍ക്കും പലതും നഷ്ടപ്പെടും.

അതിനാല്‍ അയ്യന്‍കാളി അജ്ഞാതനായിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. അഥവാ അയ്യന്‍കാളിയെപറ്റി അറിയുകയാണെങ്കില്‍ ഹിന്ദുവായ അയ്യന്‍കാളിയെ പരിചയപ്പെടുക, ഹിന്ദുമത പരിഷ്‌ക്കരണവാദിയായ അയ്യന്‍കാളിയെ മാത്രം അറിയുക. അയ്യന്‍കാളിയെപറ്റി ഇന്ന് ഒട്ടേറെ കിംവദന്തികള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട് അഥവാ പ്രചരിപ്പിക്കുന്നുണ്ട്. മണ്‍മറഞ്ഞ ഒരോ നേതാവിനെ പറ്റിയും ഒട്ടേറെ ഐതീഹ്യങ്ങള്‍ നാട്ടില്‍ രൂപം കൊള്ളാറുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ മഹത്വത്തെയും അമാനുഷികതയേയും എടുത്തു കാണിക്കുന്നതാണ്. എന്നാല്‍ ഒരു ദലിത് നേതാവായ അയ്യന്‍കാളിയെ പറ്റി പ്രചരിക്കുന്ന കഥകള്‍ തികച്ചും ഹീനവും അരോചകവുമാണ് എന്നതു കൊണ്ട് തന്നെ അതെല്ലാം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാണ്. 

ഇന്ന് ഈ രാജ്യത്ത് ഏതൊരു ജനനേതാവിനെക്കാളും നേട്ടങ്ങള്‍ കൊണ്ട് ഉയര്‍ന്ന് നില്‍ക്കുന്ന അയ്യന്‍കാളിക്ക് ഇവിടെത്തെ മാധ്യമങ്ങള്‍ നല്‍കുന്ന അവഗണന അയ്യന്‍കാളിയേയും അദ്ദേഹ ത്തിന്റെ ആശയങ്ങളെയും അവര്‍ എത്രമാത്രം ഭയപ്പെടുന്നു എന്നതിന് തെളിവാണ്. ഈ കേരളത്തിലെ ഇരുപതു ശതമാനം വരുന്ന ദലിതരുടെ ഏറ്റവും ആരാധ്യനായ നേതാവും മഹാനു മാണ് അദ്ദേഹം. അദ്ദേഹത്തെ തള്ളി പറയുന്ന ഒരു ദലിതനും കേരളത്തിലില്ല. ദലിതര്‍ക്ക് കേരളത്തില്‍ നൂറായിരം സംഘടന കളുണ്ട്. പക്ഷെ അയ്യന്‍കാളിയെ അംഗീകരിക്കു കയും ബഹുമാ നിക്കുകയും ചെയ്യാത്ത ഒരു സംഘടനയുമില്ല. അഞ്ചിലൊന്ന് ജനത്തിന്റെ നേതാവാണദ്ദേഹമെങ്കില്‍ മറ്റു അഞ്ചില്‍ നാലു ഭാഗത്തിന്റെയും ജീവിതത്തില്‍ സ്വാധീനത ചെലുത്തിയിട്ടുള്ള ചരിത്രപുരുഷനാണദ്ദേഹം.

അയ്യന്‍കാളിയുടെ ജീവിതത്തെപ്പറ്റി ഇന്ന് നമുക്കുപോലും വ്യക്തതയില്ല. അദ്ദേഹത്തിന്റെ ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം നടത്തിയത് ഏതു വര്‍ഷത്തിലാണ്? 1907 ലോ 1914ലോ? ഇന്ത്യയിലെ ദലിതരില്‍ ആദ്യമായി ഒരു വിദ്യാലയം സ്ഥാപിച്ചത് അയ്യന്‍കാളിയാണ്. വെങ്ങാനൂരില്‍. അത് ഏത് വര്‍ഷത്തിലാണ്? സാധുജനപരിപാലന സംഘം സ്ഥാപിച്ചത് എന്നാണ്? 1905 ലോ അതോ 1907 ലോ? വില്ലുവണ്ടി സമരം നടത്തിയത് എന്നാണ്? 1893 ലോ 1898 ലോ. അതെല്ലാം ഇന്ന് കൃത്യമായി പറയുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇവിടെ ചരിത്രം എഴുതിയത് സവര്‍ണ്ണരാണ്. അതിലെങ്ങും അവര്‍ണ്ണരുടെ ചരിത്രമില്ല. അവര്‍ അറിയാതെ വന്നു പോയ ചില പരാമര്‍ശ ങ്ങള്‍ മാത്രം. അതിലൊന്നാണ് ടി.കെ. വേലുപിള്ള എഴുതിയ സ്‌റ്റേറ്റ് മാനുവലില്‍ 707-ാം പേജില്‍ പുലയലഹളയെ പറ്റിയുള്ള പരാമര്‍ശനങ്ങള്‍. അത് വേലുപ്പിള്ളക്ക് വന്ന ഒരു കൈയബദ്ധ മാണ്. മറ്റൊന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1910 മാര്‍ച്ച് 2-ാം തീയതി എഴുതിയ മുഖപ്രസംഗം. ദലിത് വിദ്യാര്‍ത്ഥികളെ ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവാദം കൊടുത്തതിനെതിരെയാണ് അദ്ദേഹം എഴുതിയത്. ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ വേണം അയ്യന്‍കാളിയെ അറിയാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനും.